Slider

പ്രണയത്തിന്റെ പര്യായങ്ങൾ

0

പ്രണയത്തിന്റെ പര്യായങ്ങൾ
കഥ
" നിയ്യ് ഈ മിണ്ടാപ്രാണികളെ ങ്ങ്നെ തല്ലണതെന്തിനാ വേലായുധാ?" കന്നുപൂട്ടലിന്റെ ഇടവേളയിൽ പ്രാതലിനെത്തിയ പണിക്കാരന് കഞ്ഞി വിളമ്പിക്കൊടുക്കുന്നതിനടയിൽ സാവിത്രി ചോദിച്ചു. ക്ഷേത്ര ദർശനം, അന്തിത്തിരി കാട്ടൽ, രാമായണ പാരായണം, ഗോപൂജ, ഭർത്താവിനെ ഉപചാരപൂർവ്വം വിളമ്പിയൂട്ടൽ എന്നിങ്ങനെ കുടുംബിനികൾക്ക് വിധിച്ച ജീവിതം നയിക്കുന്ന ആ വീട്ടമ്മയ്ക്ക് വേലായുധൻ ആവേശത്തോടെ തുടരൂന്ന കന്നുകാലി പീഡനം ദിനം തോറും അസഹ്യമാവുകയായിരുന്നു.
"അങ്ങനെ ചോദിക്കൂ കൊച്ചമ്മേ" വേലായുധന്റെ പെണ്ണ് സുമതി തന്റെ പരാതികളുടെ കെട്ടഴിച്ചു . " യ്യാള് മൂര്യേ തല്ലണതല്ലേ കൊച്ചമ്മ കണ്ടട്ടുള്ളു! രാത്രി ഷാപ്പ്ന്ന് വന്നാ പിന്നെ ന്റെ മേത്താ അടീം തൊഴീം. പച്ചപ്പാവം പോലെ ഇരിക്കണതൊന്നോം കൂട്ടണ്ട. ഇന്നലെ ദാ ഇടിച്ച പാട് നോക്കൂ കൊച്ചമ്മേ" കവിളത്തും കണ്ണിനു താഴെയും കരിവാളിച്ചു കിടന്ന പാടുകൾ കാട്ടിക്കൊണ്ട് അവൾ കണ്ണു തുടച്ചു.
" ന്താ വേലായുധാ നിയ്യ് ങ്ങനയൊക്കെ?"കുട്ടിക്കാലം മുതൽ തന്റെ പാടംപണിക്കാരനായ വേലായുധനെ വാത്സല്യത്തിന്റെ ഭാഷയിൽ ശാസിക്കുക സുമതിയുടെ പതിവാണ്. "നിനക്ക് നേരാനേരത്തന് വെച്ച് തര്ണ്ല്യേ ഇവള്? അവൾക്കെന്തെങ്കിലും പറ്റ്യാ പിന്നെ ആരാ നിന്റെ കാര്യങ്ങള് നോക്കിനടത്താൻ?"
" വ്വള് വെറുതെ ഓരോന്ന് പറയാ ന്റെ കൊച്ചമ്മേ!" സുമതിയുടെ മുമ്പിൽ കൊച്ചുകുട്ടിയുടെ പോലെ നിഷ്കളങ്കനായി വേലായുധൻ." കൊച്ചമ്മ കണ്ടട്ടില്യേ ഉഴവു കഴിഞ്ഞ് കുളിപ്പിക്കുമ്പോ മൂരിക്കുട്ടന്മാര് ന്റെ പൊറം നക്കണത്? അത്രക്ക് സ്നേഹാ അവക്ക് എന്നോട്. ഇവളും അങ്ങനെത്തന്നെ.അടീം തൊഴീം കൊറെ തെറി വീളീം അത്താഴോം കഴിഞ്ഞ് കെടക്കുമ്പോ ഇവൾക്ക് എന്നോട് വല്ലാത്ത സ്നേഹാ"
"ദേ കൊച്ചമ്മേടെ മുമ്പിലായതോണ്ട് ഞാനൊന്നും പറയ്ണില്യ" തോളത്ത് ഒന്നു കുത്തിക്കൊണ്ട് സുമതി വേലായുധനെ ശാസിക്കുന്നതു കണ്ട സാവിത്രി ചുണ്ടുകടിച്ചുകൊണ്ട് പെട്ടന്ന് എഴുനേറ്റു നിന്നു പോയി. വേലായുധന്റെ മുമ്പിൽ താൻ നഗ്നയായെന്ന തോന്നലുകൊണ്ടോ എന്തോ, അവൾ ബ്ലൗസിനിടയിലെ വിടവ് വേഷ്ടികൊണ്ട് മറക്കാൻ പണിപ്പെട്ടു.
കഞ്ഞിയും കറിയും വിളമ്പിയ പാത്രങ്ങളുമായി വീട്ടിലേക്ക് കയറുമ്പോൾ , ശാന്തമായി അത്താഴം കഴിച്ച് നിശ്ശബ്ദം പുറം തിരിഞ്ഞുകിടന്നുറങ്ങുന്ന തന്റെ ദാമ്പത്യ ജീവിതത്തോട് ആദ്യമായി സാവിത്രിക്ക് വെറുപ്പു തോന്നി. അടിയും തൊഴിയൂം പുലഭ്യവും കൈമെയ് മറന്നുള്ള കൂടിപ്പിണയലൂം ചേർന്ന പ്രണയത്തിന്റെ ഉന്മാദം തനിക്ക് നിഷിദ്ധമായതോർത്ത് അവൾ കുണ്ഠിതപ്പെട്ടു.

By Rajan P
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo