കല്യാണാലോചന
*****************
*****************
ഞാൻ ഇരുപതിന്റെ പടിവാതിൽക്കൽ പുഞ്ചിരി തൂകി നിൽക്കുന്ന കാലം. ചേച്ചിമാരുടെ കല്യാണമൊക്കെ കഴിഞ്ഞു. ഇനി എന്റെ ഊഴമാണ്.... സിനിമയിൽ കാണുന്ന കാവ്യ യും നവ്യയും ഭാമയും ഒക്കെ നമ്മളാണെന്നു വിശ്വസിച്ചു പോരുന്ന സമയം.. ആയിടക്കാണ് ഒരു വേനൽക്കാലത്ത് ഒട്ടും ആഗ്രഹിക്കാത്ത ഒരതിഥി എന്നെ തേടി വന്നത്. ചിക്കൻ പോക്സ്.... അധികമൊന്നും ഉണ്ടായില്ലെങ്കിലും ഈയുള്ളവളുടെ കാലക്കേടിനു ഉണ്ടായതുമുഴുവൻ മുഖത്താണ്. കുളിയും കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ആരും പറയാതിരുന്ന ആ സത്യം കണ്ണാടിയാണ് എന്നോടു പറഞ്ഞത്.... "മോളെ, നിന്റെ മുഖം അത്യാവശ്യം നല്ല ബോറായിട്ടുണ്ട് "എന്ന്. ഞാൻ ഞെട്ടിപ്പോയി.....
വനിതയും മഹിളാരത്നവും ഉള്ളിടത്താണോ നമുക്കു സൗന്ദര്യപ്രശ്‍നം.... ഞാൻ എന്നെത്തന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.... വീട്ടിൽ വേറെ ആർക്കും ഇതൊരു വിഷയമല്ല എന്നും ഞാനൊരു ഞെട്ടലോടെ തിരിച്ചറിഞ്ഞു.
അങ്ങനിരിക്കെ 'രക്തചന്ദനം' എന്നൊരു സംഭവം ഉണ്ടെന്ന് ഞാൻ അറിയുന്നത്. സംഭവം സിംപിളാ ബട്ട്..... Powerful !!!!!പിറ്റേന്ന് ഞാൻ ഇത്തിരി കാര്യായിട്ടുതന്നെ രക്തചന്ദനം ഇടാൻ തീരുമാനിച്ചു. ഗുരുവായൂർ അമ്പലത്തിലെ ചന്ദന അരവു കാരെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് ചന്ദനമരക്കാൻ തുടങ്ങി. കാണുന്ന പോലെ എളുപ്പല്ല എന്ന സത്യം ഞാൻ ഞെട്ടലോടെ മനസ്സിലാക്കി.... !!!!.
അവസാനം ആയതു മതി എന്ന് നിശ്ചയിച്ചു കൊണ്ടു എടുത്തു മുഖത്തു പുരട്ടി. ഉള്ളത് പറയണമല്ലോ മുഖത്തു നല്ല കുളിർമ.... നല്ല മയം.... അരക്കാനേ ബുദ്ധിമുട്ടുള്ളൂ.... പുരട്ടാൻ ഈസിയാണ്.... ഞാൻ കയ്യൊക്കെ കഴുകി വൃത്തിയാക്കി വന്നു ഒരു ബുക്കെടുത്തു. ഒരു നോവലെറ്റ് വായിക്കാൻ തുടങ്ങി.... ചന്ദനത്തിന്റെ കുളിർമയിൽ അറിയാതെ കണ്ണുകൾ അടഞ്ഞു പോയി.....
നിർത്താതെയുള്ള കാളിങ് ബെല്ലടി കേട്ട് ഞെട്ടി കണ്ണുതുറന്നപ്പോൾ വായിച്ചിരുന്ന പുസ്‌തകം കയ്യിൽ തന്നെ ഉണ്ട്. അതു മാറ്റിവെച്ചു കൊണ്ടു പോയി വാതിൽ തുറന്നു. ഒരു ചെറുപ്പക്കാരനും അല്പം തല നരച്ച ഒരു മധ്യവയസ്കനും.... ഞാൻ മുൻപ് കണ്ടിട്ടില്ല.... "ഇരിക്കൂ അമ്മയെ വിളിക്കാം" എന്ന് പറഞ്ഞു കൊണ്ടു ഞാൻ അകത്തേക്ക് പോന്നു. അമ്മയെ അവിടൊന്നും കാണാനില്ല. ഞാൻ അമ്മയെ പതിയെ വിളിച്ചു... അത്താഴത്തിനു തോരൻ വെക്കാൻ ചുവന്നചീര അരിഞ്ഞതും ഒതുക്കിപ്പിടിച്ചു കൊണ്ട് അമ്മ പറമ്പിൽ നിന്നും കേറിവന്നു... " അമ്മേ, അവിടെ രണ്ടാളുകൾ വന്നിട്ടുണ്ട് അങ്ങോട്ട് ചെല്ലൂ " ഞാൻ പറഞ്ഞു... നീ ഒരു കാര്യം ചെയ്യ് രണ്ടു ഗ്ലാസ് ചായക്ക് വെള്ളം വെക്ക്.... ചീര എന്റെ കയ്യിൽ തന്ന് അമ്മ ഉമ്മറത്തേക്ക് നടന്നു... ചായ വെച്ചു ഞാൻ അവിടിരുന്നു ഉറക്കം തൂങ്ങി. തിളച്ചു വരുന്ന പാൽ എന്നെ ശീ... ശീ... എന്ന് മെല്ലെ വിളിച്ചുണർത്തി. ചായ ആയാൽ എടുത്തോളാൻ പറഞ്ഞ് അമ്മ വിളിച്ചപ്പോ.. പെട്ടെന്നു രണ്ടു കപ്പിലൊഴിച്ചു ഉമ്മറത്തേക്കോടി... അവിടെ ഉള്ള ടീപ്പോയിൽ ചായ വെച്ചു. "എന്താ പേര് "? പ്രതീക്ഷിക്കാത്ത ചോദ്യം കേട്ട് ഞാൻ തിരിഞ്ഞു നോക്കി പേരും പറഞ്ഞു കൊടുത്ത് തിരികെപ്പോന്നു. അമ്മ മേശ തുറന്നു എന്റെ ജാതകക്കുറിപ്പിന്റെ ഒരു കോപ്പി എടുത്തു കൊടുക്കുന്ന കണ്ടപ്പോഴാണ് വന്നത് കല്യാണാലോചനക്കാർ ആണെന്ന് മനസിലായത്.... അവർ പോയതും ഞാൻ വാതിലടച്ച് അടുക്കളയിലേക്ക് അമ്മയുടെ പിന്നാലെ പോന്നു. പോരുന്നവഴിക്കാണ് ഞാൻ പെട്ടെന്ന് ആ കാഴ്ച കണ്ടത്... ചുവരിലെ കണ്ണാടിയിൽ എന്റെ മുഖം !!!!!!! കറുത്ത് നല്ല ഒരു ഭീകരലുക്ക്..... ചന്ദനം അരച്ചിട്ട് കുറേ സമയം ആയതിനാൽ ആകെ കറുത്ത് അത്യാവശ്യം നല്ല വൃത്തികെട്ട രൂപം. ഞാൻ ഓടിപോയി മുഖം കഴുകി വൃത്തിയാക്കി..
വൈകിട്ട് വിളക്ക് വെക്കാനായി മുറിയൊക്കെ അടിച്ചുവാരാനായി ചൂലുമായി ഞാൻ ഓരോ മുറിയും ചുറ്റിത്തിരിഞ്ഞ് ഉമ്മറത്തെത്തിയ ഞാൻ കണ്ടു..... കസേരക്ക് താഴെ ഒരു കടലാസ്, എടുത്തു നോക്കിയപ്പോ മറ്റൊന്നുമല്ല ; എന്റെ ജാതകകുറിപ്പാണ്.... എന്റെ സൗന്ദര്യത്തിൽ മതിമറന്ന ആ യുവകോമളൻ ആ പേപ്പർ അവിടെ ഉപേക്ഷിച്ചു ജീവനും കൊണ്ടോടിപ്പോയതാണെന്നു മനസ്സിലാക്കിയപ്പോ...... ആശ്വാസമായി ആ ചേട്ടൻ പോയ വഴിയിലെങ്കിലും ഇനി പുല്ലുവലിക്കേണ്ടല്ലോ.... ആ പേപ്പർ തിരിച്ചു മേശയിലേക്കു വെച്ചിട്ട് തെളിവ് നശിപ്പിച്ചു..... ചുറ്റും നോക്കി.... ഇല്ലാ ആരും അറിഞ്ഞിട്ടില്ലാ.... ആ രഹസ്യം എന്നോടൊപ്പം ഇരിക്കട്ടെ.... മരണം വരെ.....
*ബിനി ഭരതൻ*
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക