എട്ടുവര്‍ഷം മുന്‍പ് ആദ്യമായി സുപ്രു ഗള്‍ഫിന് പോകുമ്പോള്‍ "എന്നാലും ഞാനീ മാനത്തൂടെ കുരിശുപോലെ പോകുന്ന വിമാനത്തേലാണല്ലോ കേറാന്‍പോകുന്നത്" എന്നോര്‍ത്തുകൊണ്ട് ആകെപ്പാടെ ടെന്‍ഷനടിച്ചായിരുന്നു എയര്‍പോര്‍ട്ടിലേക്ക് യാത്ര തിരിച്ചത്, കമ്പനിയിലേക്കുള്ള ഇന്‍റര്‍വ്യൂനു പോയപ്പോള്‍ അങ്ങോട്ടേക്കുള്ള ഒന്നുരണ്ടാള്‍ക്കാരെ സുപ്രു പരിചയപ്പെട്ടെങ്കിലും അവരൊക്കെ കൂടെയുണ്ടാകുമോന്നുള്ള ഉറപ്പുമില്ല
വീട്ടിലെല്ലാവരോടും യാത്ര പറഞ്ഞ് എയര്‍പോര്‍ട്ടിനുള്ളിലേക്ക് കടക്കുമ്പോള്‍ എല്ലാരേം വിട്ടുപിരിയുന്ന ദു:ഖമൊന്നും ആ സമയത്ത് സുപ്രൂനു തോന്നിയില്ല, വിമാനത്തേല്‍ എത്തിപ്പെടുന്നേനു മുന്‍പുള്ള ചടങ്ങുകള്‍ എങ്ങനെയൊപ്പിക്കുമെന്ന വെപ്രാളത്തില്‍ ആധികേറി കണ്ണും തലയും കറങ്ങി പെട്ടിയും തൂക്കി നൂറേലൊരു പോക്കായിരുന്നു സുപ്രു....
കുറേ മുന്‍പില്‍ ചെന്നപ്പോളാണ് ഒരു റ്റാ റ്റാ യുടെ കുറവുണ്ടല്ലോന്നു തോന്നിയത്, തിരിഞ്ഞു നോക്കിയതും ഒരു പരിചയോമില്ലാത്ത പത്തു നൂറ്റമ്പതെണ്ണം നിരന്നു നിന്ന് റ്റാറ്റാ കാണിച്ചു പേടിപ്പിക്കുന്നു, ആ കൂട്ടത്തില്‍ സുപ്രൂനുള്ള റ്റാ റ്റാ ഏതുഭാഗത്താ നില്‍ക്കുന്നതെന്ന് ഒരു പിടീം കിട്ടിയില്ല,
നാട്ടിലുള്ള ഒരു ഗള്‍ഫുകാരന്‍ പറഞ്ഞുതന്നത് "നീ മുന്‍പേ പോകുന്നവരുടെ കൂടെങ്ങ് പോയാല്‍മതി"യെന്നാണ്, തനിക്കു മുന്‍പേ നടന്നുപോയ രണ്ടുപേരുടെ കൂടെ സുപ്രൂം വെച്ചുപിടിച്ചു, അവര് ടോയിലെറ്റിലേക്കായിരുന്നു. അതെന്തായാലും നന്നായി, പേടികാരണം തോന്നിയ മൂത്രശങ്കയ്ക്ക് ആ പോക്കിനൊരു പരിഹാരവും കണ്ടു , അവിടെവെച്ചുതന്നെ ടിക്കറ്റെടുത്ത് അവരെ കാണിച്ചപ്പോള്‍ ചൂണ്ടിക്കാണിച്ച ക്യൂവില്‍ ബിവറേജിന്‍റെ മുന്നിലെ അനുസരണയുള്ള കുടിയനെപ്പോലെ സുപ്രൂം പോയിനിന്നു... പന്നെല്ലാം ആട്ടോമാറ്റിക്കായിരുന്നു
ഒരു ഇടനാഴിയില്‍ക്കൂടി നടന്നുനീങ്ങി വേറൊരു മുറിയുടെ വാതില്‍ക്കല്‍ ചെന്നതും തുണിക്കടയുടെ മുന്നില്‍ നില്‍ക്കുന്ന പ്രതിമപോലൊരു ചേച്ചി ചുണ്ടേല്‍ ചുവന്ന കളറൊക്കെയടിച്ച് വെളുക്കെ ചിരിച്ചിട്ട് "ഗുഡ്മോര്‍ണിംഗ് സാര്‍" ന്നു പറഞ്ഞതും സുപ്രുവൊന്നു തിരിഞ്ഞുനോക്കി,
"പ്ലീസ് വെല്‍ക്കം സാര്‍"ന്നു പിന്നേം പറഞ്ഞപ്പോളാണ് ഉദ്ദേശിച്ചതവനെയാണെന്ന് മനസ്സിലായത്
ഇതിപ്പം രണ്ടാമത്തെ തവണയാണ് സാറേ വിളി കേള്‍ക്കുന്നത്, ഐഡിയയുടെ സിം ബ്ലോക്കായി കസ്റ്റമര്‍കെയറില്‍ വിളിച്ചപ്പോളാണ് ആദ്യത്തെ സാറേവിളിക്ക് സുപ്രു അർഹനാവുന്നത്
കര്‍ണ്ണപടങ്ങളില്‍ പ്രകമ്പനംകൊണ്ട രണ്ടാമത്തെ സാറേവിളിയുമേറ്റുവാങ്ങിക്കൊണ്ട് അവര് ചൂണ്ടിക്കാണിച്ച വരിയിലേക്ക് പെട്ടിയുംതൂക്കി സുപ്രു നടന്നു, അങ്ങേയറ്റംചെന്നിട്ട് വീണ്ടും തിരിച്ചു നടക്കുന്നത് കണ്ടിട്ട് ഫാഷന്‍ പരേഡില്‍ പങ്കെടുക്കാന്‍ വരുന്നപോലെ വേറൊരു ചേച്ചി സുപ്രൂന്‍റെ നേരെ നടന്നുതുള്ളി വന്നു, ടിക്കറ്റുവാങ്ങി നോക്കിയിട്ട് ഒരു സീറ്റു ചൂണ്ടിക്കാണിച്ചിട്ട് പറഞ്ഞു "പ്ലീസ് സാര്‍"ന്ന്...( ഇതുംകൂടെ കൂട്ടി മൂന്നാമത്തെ)
അവിടിരുന്ന് ചുറ്റുവട്ടംകണ്ണോടിച്ച് പത്തുമിനിറ്റു കഴിഞ്ഞപ്പോളാണ് ഇരിക്കുന്നത് വിമാനത്തിലാണെന്ന് സുപ്രൂന് മനസ്സിലായത്,
സ്ഥലകാലബോധം നഷ്ട്ടപ്പെട്ടതുകൊണ്ടായിരിക്കാം അടുത്തിരിക്കുന്നവനോട് ചോദിച്ചു മലയാളിയാണോന്ന്... അങ്ങേരു മസ്സിലുംപിടിച്ചോണ്ട് പുച്ഛമാവശ്യത്തിനിട്ടോണ്ട് "പിന്നല്ലാതെ" ന്നു പറഞ്ഞതും സുപ്രു ഒരു വളിച്ച ചിരി ചിരിച്ചു, അത് കണ്ടഭാവം കാണിക്കാതെ ആ പരിഷ്ക്കാരി സീറ്റിലേക്ക് ചാഞ്ഞു
അനൌണ്സ്മെന്‍റ് പറഞ്ഞു തുടങ്ങിയപ്പോളേക്കും എല്ലാരുമിരുന്നോണ്ട് ടക് ടക് എന്നു ശബ്ദം കേള്‍പ്പിക്കുന്നു, നാലു ഭാഗത്തേക്കും നോക്കുമ്പോള്‍ സീറ്റ് ബെല്‍റ്റിടുകയാണ്, വലിച്ചോണ്ടു വന്ന ബെല്‍റ്റ് രണ്ടു മിനിറ്റോളമിട്ടു കുത്തിക്കുത്തി ഏറ്റവുമൊടുവില്‍ കേട്ട ഒറ്റതിരിഞ്ഞ ടക് ശബ്ദം സുപ്രുവിന്റേതായിരുന്നു
വിമാനമനങ്ങിയുരുണ്ട് വിറയലോടെ ഒടുക്കത്തെ സ്പീഡില്‍ നിലത്തൂടെ പാഞ്ഞപ്പോള്‍ ചെറിയ പേടിയോടെ അടുത്തിരിക്കുന്ന പുള്ളിയേ നോക്കി, സുപ്രൂന്‍റെ നോട്ടത്തിന്‍റെ അര്‍ത്ഥം മനസ്സിലാക്കിയിട്ട് ഞാനിതെത്രകണ്ടേക്കുന്നു എന്ന ഭാവം വരുത്തി ഒരു കൂസലുമില്ലാതെ ഇരിക്കുകയാണ്, പിറകിലേക്കുള്ള ചെറിയ ചരിവോടെ ടയറിന്‍റെ ശബ്ദംനിലച്ച് വയറ്റിലാന്തലുമായി വിമാനം നിശബ്ദനായി മാറിയപ്പോള്‍ അടുത്തിരുന്ന പരിഷ്ക്കാരിയുടെ അടുത്തേക്ക് ചേര്‍ന്നിരുന്നു പുറത്തെ കാഴ്ച്ചകാണാന്‍ സുപ്രു ഏന്തിവലിഞ്ഞൊന്നു നോക്കി....... തന്‍റെ മുഖത്തേക്ക് നോക്കിക്കൊണ്ട് അങ്ങേര് "കണ്ട്രി ഫെല്ലോ" എന്ന് പറയാതെപറഞ്ഞു
പരിഷ്ക്കാരി അടുത്തിരുന്ന് എന്തൊക്കെ ചെയ്യുന്നോ അതെല്ലാം ഇറുകണ്ണിട്ടുനോക്കി സുപ്രൂം ചെയ്തോണ്ടിരുന്നു, ഹെഡ്സെറ്റെടുത്തു ചെവീല്‍ തിരുകിയപ്പോള്‍ സുപ്രൂം തിരുകി, അങ്ങേരതിന്‍റെ അറ്റം എവിടെക്കൊണ്ടുക്കുത്തിയെന്നു കാണാഞ്ഞതുകൊണ്ട് സുപ്രുവത് ചുരുട്ടിക്കൂട്ടി എടുത്തിടത്തുതന്നെ വെച്ചു,
ഫുഡ് വന്നു സ്പൂണും ഫോര്‍ക്കുമെടുത്തപ്പോള്‍ സുപ്രൂമെടുത്തെങ്കിലും ചിക്കന്‍പീസു കുത്തി അങ്ങേരുടെ പ്ലേറ്റില്‍ കൊണ്ടിട്ടു തല്ലുംകൂടി വാങ്ങണ്ടാന്നുകരുതി സ്പൂണുകൊണ്ടു മാത്രമാക്കി പ്രയോഗം....
ഫുഡിന്‍റെ ട്രോളിക്കു പിറകില്‍ മറ്റൊരു ട്രോളിയുരുണ്ടുവന്നപ്പോള്‍ അടുത്തിരുന്ന പരിഷ്ക്കാരി സുപ്രൂനേ നോക്കി ഒന്നു പുഞ്ചിരിച്ചിട്ട് ചോദിച്ചു " നാട്ടില്‍ എവിടെ " ?
"നൂറനാട്"
"കഴിക്കുവോ"?
"കഴിച്ചോണ്ടിരിക്കുവല്ലിയോ"
"അതല്ല... ലിക്വറ് കഴിക്കുവോന്നാ ചോദിച്ചത്?
"കഴിക്കുവോ"?
"കഴിച്ചോണ്ടിരിക്കുവല്ലിയോ"
"അതല്ല... ലിക്വറ് കഴിക്കുവോന്നാ ചോദിച്ചത്?
" ഏയ് ഇല്ല".......അങ്ങേരങ്ങനെ ചോദിച്ചപ്പോള്‍ സുപ്രുവങ്ങ് നല്ലകുഞ്ഞായി....
എന്നാലത് വാങ്ങിച്ചിട്ട് എനിക്കിങ്ങ് തന്നേക്കണേ....
സുപ്രൂനുള്ളതുംകൂടി ചേര്‍ത്ത് അങ്ങേര് പടക്കോ പടക്കോന്നു പിടിപ്പിച്ചിട്ട് രണ്ടുഗ്ലാസ്സും കാലിയാക്കിയതിനു ശേഷം ഒരു പെഗ്ഗ് പിന്നേം വാങ്ങിച്ചു കുടിച്ചു. ഇതെല്ലാം കണ്ടോണ്ട് തലേന്ന് വാറ്റടിക്കാന്‍ പോയപ്പോള്‍ കാലേല്‍ ഉപ്പനച്ചത്തിന്‍റെ മുള്ളുകൊണ്ട് വരഞ്ഞുപൊടിഞ്ഞ ഭാഗത്തെ പൊറ്റയും ചൊറിഞ്ഞിളക്കിക്കൊണ്ട് സുപ്രു അയാള്‍ടെ വായിലും നോക്കിയിരുന്നു,
കള്ളിന്‍റെ കെട്ട് മൂത്ത് പച്ചയ്ക്കു കുത്തിയിരുന്ന സുപ്രൂനേ തോണ്ടിതോണ്ടി കഥ പറയാന്‍ തുടങ്ങിയപ്പോള്‍ അങ്ങേര് സുപ്രൂനേക്കാൾ തറയാണെന്നു മനസ്സിലായി
കൂര്‍ക്കം വലിച്ചുകൊണ്ടൊരുറക്കോം കഴിഞ്ഞ് അങ്ങേര് ടോയിലെറ്റില്‍ പോയി ഫ്രഷ് ആയി വന്നപ്പോള്‍ പഴയ കമ്പനിവെച്ച് സുപ്രുവൊന്നു വെളുക്കെചിരിച്ചെങ്കിലും ഒരു കോണുകൊണ്ട് ചെറുതായിട്ടൊരു ചിരി പ്രയാസപ്പെട്ടു വരുത്തിക്കാണിച്ച് വീണ്ടും പരിഷ്ക്കാരിയായി മാറി
സുപ്രൂന്റെയൊരു സ്വഭാവം വെച്ച് "എവിടുന്നു കുറ്റീംപറിച്ചു വന്നതാടോ"ന്ന് ചോദിക്കണമെന്നുണ്ടായിരുന്നു" എയര്‍പോര്‍ട്ടിലിറങ്ങുമ്പോള്‍ കമ്പനിയുടെ ആള് കയ്യില്‍ ബോര്‍ഡുംതൂക്കി കാത്തുനില്‍ക്കുമെന്നാണ് പറഞ്ഞത്. ഒരുപക്ഷെ അങ്ങനെയൊരാളിനെ കണ്ടില്ലങ്കില്‍ സുപ്രുവെങ്ങോട്ടുപോകുമെന്നുള്ള ടെന്‍ഷനിലായതുകൊണ്ട് പരിഷ്ക്കാരിയേ തല്‍ക്കാലം വെറുതേവിട്ടു....
ഞാന്‍ പല്ലുതേക്കാറില്ലന്നു തെളിയിക്കുന്ന ഫസ്റ്റാംക്ലാസ്സു ചിരിയുമായി കമ്പനിയുടെ ബോര്‍ഡും പൊക്കിപ്പിടിച്ചുനിന്ന മസ്സിരിയേ കണ്ടപ്പോളാണ് സുപ്രൂന്റെ ശ്വാസം നേരെ വീണത്,
വന്നിറങ്ങി സുപ്രു ആദ്യമായി കേള്‍ക്കുന്ന അറബിഭാഷ അവന്‍റെ വായില്‍നിന്നായിരുന്നു, തുപ്പലും തെറിപ്പിച്ച് തല്ലാന്‍വരുന്നപോലെ അവനെന്തൊക്കയോ പറഞ്ഞപ്പോള്‍ പാസ്പോര്‍ട്ടെടുത്ത് കയ്യിലേക്ക് വെച്ചുകൊടുക്കുമ്പോള്‍ സുപ്രൂന് തൊട്ടു പിറകില്‍ പാസ്പോര്‍ട്ടുംകൊണ്ടു നില്‍ക്കുന്നു "കുറ്റീംപറിച്ചു വന്ന സുപ്രൂന്റെ സഹയാത്രികനായ പരിഷ്ക്കാരി"
:-P
:-D


-------------------------------------------------------------
സന്തോഷ് നൂറനാട്
സന്തോഷ് നൂറനാട്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക