നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇങ്ങളൊക്കെത്തന്നെ പറ!


തെക്കേലെ ആമുക്കാന്റെ വാടകവീട്ടിൽ പുതിയ സിദ്ധൻ വന്നിട്ടുണ്ടെന്നറിഞ്ഞപ്പോ തൊട്ടു ഉമ്മ പറയാൻ തുടങ്ങിയതാ ചെന്നൊന്നു കാണാൻ..
പെണ്ണൊന്നും ശരിയാവാണ്ട് തെക്കു വടക്കു നടക്കുന്നതു എന്തൊ ഭാഗ്യദോഷം കൊണ്ടാന്നും സിദ്ധന്റെ അടുത്തുചെന്നു കാര്യംപറഞ്ഞാ അതൊക്കെ ശരിയാവുന്നതും പറഞ്ഞു ഉമ്മാനെ പിരികേറ്റിയതു ആമിനുമ്മയാരുന്നു..
പെണ്ണു ശരിയാവാഞ്ഞത് എന്റെ കയ്യിലിരിപ്പ് കൊണ്ടാണെന്നു നാട്ടുകാരും നിന്റെ കൂടെ കഴിയേണ്ട അവസ്ഥയോർത്തു പേടിച്ചിട്ടാവും അവസാനം കണ്ടിഷ്ടമായ പെണ്ണു ഏതോ മഹാപാപിയുടെ കൂടെ ഒളിച്ചോടിയതെന്നു കൂട്ടുകാരിൽ ചിലരും പറഞ്ഞു തുടങ്ങിയതൊടെ ഒരു പെണ്ണുകെട്ടണമെന്നുള്ള വാശി എന്നിലും വളർന്നു തുടങ്ങീരുന്നു..
പക്ഷെ അതീ കള്ള സിദ്ധന്മാരുടെ ചരട് ജപിച്ചിട്ടു വേണ്ടാന്നുള്ള തീരുമാനമാരുന്നു ആദ്യമേ എനിക്കുണ്ടായിരുന്നത്..
പക്ഷെ ആമിനുമ്മയുടെ ഉപജാപക തന്ത്രങ്ങളിൽ കുടുങ്ങിയ ഉമ്മയുടെ നിർബന്ധത്തിനു വഴങ്ങി അയാളെ കണ്ടോളാമെന്നു തീരുമാനിക്കേണ്ടി വന്നു എനിക്കു..
അങ്ങിനെ ഒരു തിങ്കളാഴ്ച ദിവസം ഞാനും എന്റൊരു കൂട്ടുകാരനും ആമിനുമ്മയോടൊപ്പം അയാളുടെ അടുത്തേക്കു യാത്രയായി..
അയാളെന്തു ചോദിച്ചാലും തർക്കുത്തരം പറഞ്ഞു അയാളുടെ കൊമ്പൊടിക്കണമെന്നൊക്കെ മനസ്സിലുറപ്പിച്ചാരുന്നു യാത്ര..
അവിടെത്തിയപ്പോ മുറ്റം നിറയെ ആൾക്കാരാണ്..
അതങ്ങിനാണല്ലോ ഇപ്പൊ നാട്ടിലെ അവസ്ഥ..
എവിടെലും എന്തേലുമുണ്ടെന്നു കേട്ടാൽ അപ്പൊതന്നെ അങ്ങോട്ടേക്കൊഴുക്കാണ്..
ആശ്വാസം തേടിയുള്ള ഒഴുക്ക്..
അത്രമാത്രം അസ്വസ്ഥവും ആത്മവിശ്വാസക്കുറവുമാണെന്നു തോന്നുന്നു ആളുകൾക്കു..
വിദ്യാഭ്യാസം കൂടുകയും പ്രായോഗിക ബുദ്ധി കുറയുകയും ചെയ്യുന്ന അവസ്ഥാ വിശേഷമാണിന്നു..
ആ എന്തേലുമാവട്ടെ..
എന്നെയും കൂട്ടുകാരനെയും പുറത്തിരുത്തി ആമിനുമ്മ അകത്തേക്കു പോയി..
ആ സമയം കൊണ്ടു ഞാൻ ചുറ്റുപാടുമൊന്നു കണ്ണോടിച്ചു..
വിശാലമായ മുറ്റത്തേക്കു ആലസ്യത്തോടെ ചാഞ്ഞു കിടക്കുന്ന തെങ്ങുകളിൽ ചിലതിൽ അഴിഞ്ഞു വീഴാറായ മുടിക്കെട്ടു പോലേ ഒണക്ക മടലുകൾ വീഴാറായി നിപ്പുണ്ട്‌...
ഇന്നോനാളെയോ അതു ഭാവി അറിയാൻ വന്നിരിക്കുന്ന ഏതെങ്കിലുമൊരുത്തന്റെ തലയിലോട്ടു വീഴുമെന്നുറപ്പാണ്..
ചില തെങ്ങുകളുടെ തലയറ്റു ഫ്രീക്കന്മാരുടെ സ്റ്റൈലായിട്ടുണ്ട്..
ഇയാക്കിത്രയൊക്കെ കഴിവുണ്ടെൽ ഈ ഉണക്കതെങ്ങേൽ അഞ്ചാറു തേങ്ങ ഉണ്ടാക്കിക്കൂടെന്നു മനസ്സിലോർത്തതും മോളീന്നൊരു മടൽ എന്റെ തൊട്ടുമുന്നിലായി വന്നുവീണതും ഒരുമിച്ചാരുന്നു..
പടച്ചോനെ പണിപാളിയാ..
കൂടെവന്നോൻ സംശയത്തോടെ എന്നെയും തെങ്ങിന്റെ മോളിലോട്ടും മാറിമാറി നോക്കി..
എന്നിട്ട് പറഞ്ഞു..
"നീ അയാളെപ്പറ്റി എന്തെലും ആവശ്യമില്ലാത്തതു ചിന്തിച്ചു കാണും..
അതാ മടല് തലയ്ക്കു വീഴാൻ പോയതു.."
ദുഷ്ടൻ..
കൂടെനടന്ന എന്നെക്കാളും വിശ്വാസം അയാളെയാ..
നീ പോടാതെണ്ടി എന്നുമനസ്സിൽ പറഞ്ഞു ഞാൻ കുറച്ചപ്പുറത്തേക്കു മാറിയിരുന്നു..
തൊട്ടപ്പുറത്തു തന്നെ മധ്യവസ്കനായ ഒരാളും കൂടെ പതിനെട്ടു പത്തൊമ്പതു പ്രായം മതിക്കുന്നൊരു പെൺകുട്ടിയുമിരിപ്പുണ്ടായിരുന്നു..
ഞാനയാളെ നോക്കിയൊന്നു ചിരിച്ചുന്നു വരുത്തിയതും അയാൾ കസേരയൊന്നുടെ അടുപ്പിച്ചിട്ടു സംസാരിക്കാനാരംഭിച്ചു..
ഇടക്കെപ്പോഴോ എനിക്കൊരു വാക്കു മിണ്ടാൻ കിട്ടിയ അവസരം മുതലെടുത്തു ഞാൻ അയാളോട് ആഗമനോദ്യേശം ചോദിച്ചു..
മോളുടെ നിക്കാഹ് കഴിഞ്ഞിട്ടു നാലു വർഷായെന്നും ഇതിനിടെൽ കുട്ടികളൊന്നും ആയില്ലെന്നും സിദ്ധനോട് പറഞ്ഞു എന്തേലും മാർഗ്ഗമുണ്ടോന്നു നോക്കാനെന്നുമൊക്കെ പറഞപ്പോ ഞാനവളുടെ ഭർത്താവിനെ പറ്റി അന്വേഷിച്ചു..
നാലുവർഷത്തെ വിവാഹ ജീവിതത്തിനിടയിൽ പുള്ളിക്കാരൻ കൂടെക്കഴിഞ്ഞതു ആകെ രണ്ടുമാസമാണത്രെ..
പിന്നെങ്ങിനെ കുട്ടികളുണ്ടാവാനാ..
ഒക്കെ കേട്ടതും ഞാനയാളോട് പറഞ്ഞു..
"നിങ്ങളുടെ പ്രശ്നത്തിനു സിദ്ധനെക്കാൾ കൂടുതൽ ചെയ്യാൻ പറ്റുന്ന മറ്റൊരാളുണ്ട്..
നിങ്ങളുടെ മകളുടെ ഭർത്താവിന്റെ അർബാബ്..
അയാളോട് പറഞ്ഞു ഇവളുടെ കെട്ട്യോന് ഒരു നാലുമാസമെങ്കിലും ഇവൾക്കൊപ്പം കഴിയാനുള്ള അവസരമൊരുക്കുമെങ്കിൽ തീരവുന്ന പ്രശ്നമേയുള്ളൂന്നു..
അല്ലെങ്കിൽഇവളെ അങ്ങോട്ടു കൂട്ടാൻപറ..
അല്ലാണ്ടിക്കാര്യത്തിൽ സിദ്ധനെന്തു ചെയ്യാനാ.."
ആപറഞ്ഞതു അയാൾക്കിഷ്ടായില്ലെങ്കിലും മകൾക്കിഷ്ടമായെന്നുള്ളത് ആ മുഖഭാവത്തിൽനിന്നു തന്നെ വ്യക്തമായിരുന്നു..
അപ്പൊഴേക്കും ആമിനുമ്മ വന്നു എന്നെ അകത്തേക്കു കൂട്ടിക്കൊണ്ടു പോയി..
കൂട്ടുകാരൻ തെണ്ടിയെ കൂടെവിളിച്ചെങ്കിലും അവൻവന്നില്ല..
വിശാലമായ ഒരു ഹാളിൽ വിരിച്ചിട്ടുള്ള പേർഷ്യൻ പരവതാനിക്കു നടുവിലായൊരു മുസല്ലയിൽ (നിസ്കരിക്കാൻ ഉപയോഗിക്കുന്ന പരവതാനിപോലുള്ളൊരു വിരിപ്പ്..)ചമ്രം പടിഞ്ഞിരിക്കുകയാണ് അയാൾ..
ഊദിന്റെയും കുന്തിരിക്കത്തിന്റെയുമൊക്കെ കൂടിക്കലർന്നൊരു സുഗന്ധം കൊണ്ടു വല്ലാത്തൊരു ദൈവികഭാവം ഉണ്ടാക്കിയെടുത്തിട്ടുണ്ട് ചുറ്റിനും..
സകലതട്ടിപ്പുകാരുടെയും പ്രധാന തുരുപ്പുചീട്ടാണ് ഈ കത്തിച്ചു പുകയുണ്ടാക്കുന്നതു..
എന്നെക്കണ്ടതും അയാളൊന്നു ചൂഴ്ന്നു നോക്കി..
എന്തോ വലിയ കാര്യം ചെയ്തമട്ടിൽ ഊറിച്ചിരിച്ചു കൊണ്ടു തൊട്ടടുത്തു നിപ്പുണ്ട് ആമിനുമ്മ..
"ഇരിക്ക്.."
എന്തൊക്കെയൊ മന്ത്രിക്കുന്നതിനിടയിൽ അയാൾ പറഞ്ഞു..
ഞാനിരുന്നു..
അയാൾ പ്രതിജ്ഞ ചൊല്ലാൻനീട്ടുന്ന പോലേ വലതുകൈനീട്ടി എന്റെതലയിൽ വെച്ചു കണ്ണടച്ചു വീണ്ടും എന്തൊക്കെയൊ മന്ത്രിക്കാൻ തുടങി..
ശേഷം കണ്ണുതുറന്നു ആമിനുമ്മയോടായി പറഞ്ഞു..
"ഇതു മറ്റേതാണ്‌..
ചില്ലറ കർമ്മങ്ങൾ വേണ്ടിവരും.."
അതുതന്നെ കേക്കാൻ കൊതിച്ചപോലെ ആമിനുമ്മയുടെ മുഖം വെട്ടിത്തിളങ്ങി..
ഇതേതുവരെ പോവുന്നറിയാനായി ഞാനും കാത്തിരുന്നു..
അയാളെന്നോട് എഴുന്നേറ്റു നിക്കാൻ പറഞ്ഞു..
എന്നിട്ടു തൊട്ടടുത്തായി വിരിച്ചിരുന്ന മുസല്ലയിലേക്കു മാറിനിക്കാൻ ആജ്ഞാപിച്ചു..
ഞാനൊന്നുമറിയാത്ത പോലേ അനുസരിച്ചു..
"ഇങ്ങള് നോക്കിക്കോളീ നിന്ന നിപ്പിൽ ഞാനവനെ പറത്തുന്നത്.."
സിദ്ധനങ്ങനെ പറഞ്ഞപ്പോൾ കിലുകിൽപമ്പരത്തിലെ ജയറാമിന്റെ രൂപമാണ് ആമിനുമ്മക്കപ്പോഴെന്നു തോന്നിയെനിക്കു..
ഞാൻ ജഗതിയെപ്പോലെയും..
ബാധയുണ്ടെങ്കിൽ അയാളുടെ മന്ത്രോച്ചാരണം കഴിയുമ്പോഴേക്കും ഞാനിടതു വശത്തേക്ക് ചെരിഞ്ഞു വീഴുമെന്നും അപ്പൊൾ താങ്ങിക്കോണമെന്നും അയാളാമിനുമ്മയെ പറഞ്ഞേൽപ്പിച്ചു മന്ത്രോച്ചാരണം ആരംഭിച്ചു..
അതു തീരും മുമ്പേ വലതുവശത്തേക്കു ചെരിഞ്ഞു വീണു അയാളെപ്പറ്റിക്കണമെന്നു മനസ്സിലുറപ്പിച്ചു ഞാനും നിന്നു..
മന്ത്രോച്ചാരണം കഴിഞ്ഞയുടനെ ഞാൻ വലതുവശത്തേക്കു ചെരിഞ്ഞു വീഴാൻ ഭാവിച്ചതും ചൂരലോണ്ടുള്ള അടിവീണതും ഒരുമിച്ചാരുന്നു..
"ഇതല്പം കൂടി ഇനമാണെന്നും പറഞ്ഞു പൊരിഞ്ഞ അടിതുടങ്ങിയതോടെ ഗത്യന്തരമില്ലാതെ ഞാൻ ഇടത്തോട്ടെക്ക് ചെരിഞ്ഞു ആമിനുമ്മയുടെ കൈകളിലേക്ക് വീണു..
ഇവനെയല്ല ഇവന്റെ വല്യുപ്പാനെ വരെ അനുസരിപ്പിച്ചിട്ടുള്ള എന്നോടാ കളിയെന്നു പറഞ്ഞു തിരികെ മുസല്ലയിലേക്കിരിക്കുന്ന സിദ്ധന്റെ മുഖമാരുന്നു ബോധം പോവുന്നതിനു മുന്നെ അവസാനമായി മനസ്സിൽപതിഞ്ഞതു...
അന്നെനിക്കൊരു കാര്യം ബോധ്യമായി..
മേല് നൊന്താൽ അറിയാതെ അനുസരിച്ചു പോവുന്ന ശരാശരി മനുഷ്യമനസ്സിന്റെ ദൗർബല്യത്തെ മുതലെടുത്താണ് ഈ ദുനിയാവിലെ സകല കപടന്മാരും അവരുടെ ശിങ്കിടികളും അരങ്ങുവാഴുന്നതെന്നുള്ള കാര്യം..
അതിനെതിരെ കൃത്യമായ രീതിയിൽ കൃത്യസമയത്തു പ്രതികരിക്കാനാവാതെ പോവുന്നതാണ് നമ്മുടെ നാടിന്റെ ശാപമെന്നും..
സ്വന്തം വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോയാൽ കണ്ടുപിടിക്കാൻ പൊലീസ് സഹായം തേടുന്ന സിദ്ധന്മാരുടെ അടുത്തേക്കു കാണാതായ മക്കളുടെ കാര്യവും കന്നുകാലികളെ പറ്റിയും അന്വേഷിച്ച പോവുന്ന വിരോധാഭാസത്തെ എന്തുപേരിട്ടു വിളിക്കണം സൂർത്തുക്കളെ..
ഇങ്ങളൊക്കെത്തന്നെ പറ!
വാൽക്കഷണം:
(മന്ത്രിച്ചൂതിയ ചരടിന്റെതല്ല..)
സിദ്ധന്റെ അടികൊണ്ടപ്പോ ആ ചൂരലുവാങ്ങി അയാളെത്തന്നെ തിരിച്ചടിച്ചൂടേ എന്നുചോദിക്കരുത് ട്ടാ..
അപ്പൊ കഥയുടെ ട്വിസ്റ്റ് മാറൂല്ലേ 😁😁😁

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot