നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കൊഴിയുമൊരു നിലാവിന്റെ മോഹം (കഥ)


കൊഴിയുമൊരു നിലാവിന്റെ മോഹം (കഥ)
ഒന്നുകൂടി ഞാൻ ലക്ഷ്മി അയച്ച മെസേജ് വായിച്ചു. " ഉണ്ണിയേട്ടാ അരുതെന്നു പറയരുത്. എനിക്കത് താങ്ങാനാവില്ല. ഏട്ടന് എന്നെ ഇഷ്ടമല്ലാഞ്ഞിട്ടാണ് അങ്ങനെ പറയുന്നതെങ്കിൽ ഞാൻ സഹിച്ചേനെ. ആ മനസ്സ് എനിക്ക് അറിയാം. ഉണ്ണിയേട്ടൻ ഇല്ലാത്ത ഒരു ജീവിതം ഇനി എനിക്ക് സങ്കൽപിക്കാൻ കൂടിവയ്യ. എന്തും സഹിക്കാൻ ഞാൻ തയ്യാറാണ്. എന്നെ കൈവിടരുത്.''. അറിയാതെ കണ്ണിൽ ഒരു നീർമണി പുഞ്ചിരിച്ചു. അവൾ പറഞ്ഞതു ശരിയാണ്. ഒരിക്കലും അവളെ ഇഷ്ടമല്ലാ എന്നു പറയാൻ കഴിയില്ല. അവൾ അങ്ങനെ ഒരു ഇഷ്ടം തോന്നാൻ പകുതി കാരണവും ഞാൻ തന്നെയാണ്. ഉള്ളിൽ ഒന്നും മറച്ചു പിടിക്കാതെ കുറച്ച് അടുത്തിടപഴകിപ്പോയി.പേരുകേട്ട തറവാട്ടിലെ സമ്പന്നതയിൽ ജീവിച്ചു വളർന്നവൾ. അവൾ തന്റെ ഒറ്റമുറി വീട്ടിൽ എങ്ങനെ ജീവിക്കും എന്നാണ് അറിയാൻ കഴിയാത്തത്. എന്നോട് ഉള്ള ഇഷ്ടം കൊണ്ട് അവളെല്ലാം സഹിച്ച് സന്തോഷം അഭിനയിക്കുന്നത് ഞാൻ കാണേണ്ടി വരും. പിന്തിരിപ്പിക്കാൻ പരമാവധി ശ്രമിച്ചതാണ്. ഉണ്ണിയേട്ടൻ നല്ലവനാണ്.നിക്ക് അതേ അറിയൂ. അതു മാത്രമേ വേണ്ടൂ.. എന്നാണ് അവൾ പറയുന്നത്. സത്യത്തിൽ ഞാൻ നല്ല വനാണോ അല്ല കുട്ടി... ഒരിക്കലുമല്ല. മനസ്സ് മറക്കാൻ ഇഷ്ടപ്പെടുന്ന ആ ഓർമകളിലേക്ക് പായാൻ തുടങ്ങി.
പത്താം ക്ലാസ് വരെ എല്ലാവരുടെയും കണ്ണിലുണ്ണി ആയിരുന്നു .പത്താം ക്ലാസിൽ ഉയർന്ന മാർക്കുണ്ടായിട്ടും പ്ലസ് ടു തോറ്റു. പകുതി തന്റെ കുഴപ്പവും പകുതി കാലം ചെയ്ത കുസൃതിയും. അവിടെ നിന്നും ജീവിതം മാറുകയായിരുന്നു.എങ്ങനെയെങ്കിലും പൈസ ഉണ്ടാക്കണമെന്ന ചിന്തയിൽ ചെയ്യാത്ത ജോലികളില്ല. ഒരു കുടുംബത്തിന്റെ പ്രതീക്ഷകളെല്ലാം ഇല്ലാതാക്കിയവൻ എന്നൊരു ചിന്ത എന്നും മനസ്സിലുണ്ടായിരുന്നു.കൂടെ പഠിച്ച സുഹൃത്തുക്കളെയും പഠിപ്പുമാഷ് മാരെയും കാണുമ്പോൾ ഓടിയൊളിക്കൽ പതിവായി. ജീവിതം നശിച്ചു എന്ന തോന്നൽ ശക്തമായപ്പോൾ എല്ലാവരെയും പോലെ തന്നെ അഭയം കണ്ടെത്തിയത് മദ്യത്തിലും മറ്റു ലഹരി വസ്തുക്കളിലും.
ചെയ്യുന്നത് തെറ്റാണെന്ന് മനസ്സു പറയുമ്പോഴും അത് വേറെ ആർക്കും ദ്രോഹമാകുന്നില്ല എന്ന ചിന്ത തെറ്റുകൾ ആവർത്തിക്കാൻ പിന്നെയും പ്രേരകമായ്.പക്ഷേ അതൊക്കെ തന്നെ മാത്രം ആശ്രയിച്ചു കഴിയുന്ന കുടുംബത്തോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം ആണെന്നു തിരിച്ചറിയുമ്പോഴേക്കും വൈകിപ്പോയിരുന്നു. സഹോദരങ്ങൾ അന്യ രോട് പെരുമാറുന്ന പോലെ തോന്നിയിട്ടും മനസ്സ് മാറാൻ തയ്യാറായില്ല. ഒരു നിരാശയുടെ പേരിൽ മദ്യപാനം തുടങ്ങി അവസാനം മദ്യപിക്കാൻ വേണ്ടി മാത്രം നിരാശകൾ സ്വയം സൃഷ്ടിച്ചു തുടങ്ങി. അമ്മയുടെയും അച്ഛന്റെയും കണ്ണിൽ നിന്നും അടർന്നു വീഴുന്ന കണ്ണീരിന് വെറും വെള്ളത്തിന്റെ വില മാത്രം നൽകാൻ എന്നിലെ മദ്യപാനിക്ക് കഴിഞ്ഞു.ഒരിക്കൽ അവനെ കണ്ടു പഠിക്ക് എന്ന പറഞ്ഞ നാട്ടുകാരൊക്കെ അവന്റെ കൂടെ നടക്കരുത് എന്നു പറയാൻ തുടങ്ങി. പലപ്പോഴും പലരുടെയും മുന്നിൽ ലഹരിക്കു വേണ്ടി യാചക വേഷം അണിയേണ്ടിവന്നു.എന്നിലെ മനുഷ്യത്വത്തെ മുഴുവൻ ലഹരി എന്ന വൈറസ് ഇല്ലാതാക്കി കളഞ്ഞു. മദ്യം കിട്ടാത്ത ദിവസങ്ങളിൽ എന്റെ മാനസികനില തെറ്റുകയായിരുന്നു.
അന്നു സംഭവിച്ചത് എന്താണെന്ന് ഇപ്പോഴും അറിയില്ല. പിന്നീട് ബോധം വരുമ്പോൾ ഏതോ ഒരു ഹോസ്പിറ്റലിൽ ആണ്.അരികിൽ ഏങ്ങിക്കരഞ്ഞു കൊണ്ട് അമ്മ.ജനാലയിൽ കൂടി പുറത്തേക്ക് നോക്കി തോർത്തു കൊണ്ട് ഇടക്ക് കണ്ണുകൾ തുടക്കുന്ന അച്ഛൻ. ഒരാളുപോലും വേറെ തിരിഞ്ഞു നോക്കിയില്ല. ബോധമില്ലാത്ത ദിവസങ്ങളിൽ ചെയ്തു കൂട്ടിയ പ്രവർത്തികൾ നേഴ്സുമാർ പറയുമ്പോൾ അപമാനം കൊണ്ട് തൊലി ഉരിയുകയായിരുന്നു. ഉടുത്തിരിക്കുന്ന മുണ്ടു പോലും അവരുടെ നേരെ വലിച്ചെറിഞ്ഞ കാര്യം പറഞ്ഞപ്പോൾ മരിക്കാൻ ആഗ്രഹിച്ചു പോയി.
അവിടെ നിന്നും ഒരു കാര്യം മനസ്സിലായ്. എന്തൊക്കെ ചെയ്താലും മാതാപിതാക്കൾ മക്കളെ ഒരിക്കലും ഉപേക്ഷിക്കില്ല എന്ന സത്യം .പതുക്കെ ഞാൻ മാറുകയായിരുന്നു. കുടുംബം മൊത്തം കൂടെ നിന്നപ്പോൾ ഒറ്റക്കല്ല എന്ന തോന്നലുണ്ടായത്.പണ്ടെങ്ങോ ഉപേക്ഷിച്ച ചിരിയും തമാശയും മെല്ലെ മെല്ലെ തിരിച്ചു വന്നു. സന്തോഷവും സങ്കടങ്ങളും മദ്യത്തിന്റെ സഹായമില്ലാതെ സമീപിക്കാൻ ശീലിച്ചു. നല്ല വരെന്നു തോന്നിയവരോട് മാത്രം സമയം ചിലവഴിക്കാൻ തുടങ്ങി. മനസ്സിനെ അലട്ടുന്ന എന്തു പ്രശ്നവും വീട്ടുകാരോട് മറച്ചു പിടിക്കാതെ പറയാൻ തുടങ്ങിയപ്പോൾ തന്നെ മദ്യത്തെ ഞാൻ പൂർണ്ണമായും മറന്നു.അന്ന് ആശുപത്രിയിൽ കിടക്കുമ്പോൾ നേർന്ന നേർച്ചകളൊക്കെ ഇന്ന് അമ്മയോടൊപ്പം ചെയ്തു മടങ്ങുമ്പോൾ മനസ്സിൽ ശാന്തത നിറയുന്നു. ഒരു സ്ഥിരം ജോലി അതു കിട്ടിയപ്പോഴാണ് ലക്ഷ്മിയെ ഞാൻ പരിചയപ്പെട്ടത്.
അവൾക്ക് എന്നോടുള്ള സ്നേഹം അതിന്റെ ആത്മാർത്ഥത എനിക്കു നന്നായി അറിയാൻ കഴിയുന്നുണ്ട്. ജീവിതകാലം മുഴുവൻ അവളോടൊപ്പം ജീവിക്കാനും ആഗ്രഹുണ്ട്. പക്ഷേവയ്യാ.. ഇത്രയൊക്കെ ചെയ്തു കൂട്ടിയ എനിക്ക് അവളെ ഒന്നു ആഗ്രഹിക്കാൻ കൂടി അർഹതയില്ല. നിന്നെ പോലെ ഒരു വൈഡൂര്യം പ്രകാശിക്കേണ്ടത് ഒരിക്കലും കുപ്പത്തൊട്ടിയില്ല. ഒരു പാട് കാലം ഞാൻ കരയിപ്പിച്ച എന്റെ കുടുംബത്തെ എനിക്ക് സന്തോഷിപ്പിക്കണം. എന്നോട് അവൾക്ക് പൊറുക്കുവാൻ കഴിയട്ടെ. അവളുടെ മനസ്സിന്റെ പരിശുദ്ധി അവൾക്ക് നല്ലതേ വരുത്തു. ഇനിയൊരിക്കൽ കൂടി ആഗ്രഹിച്ച് ജീവിതം വിഷമിപ്പിക്കാൻ എനിക്കാവില്ല. ഇങ്ങനെ ചിന്തകൾ മനസ്സിനെ കൊത്തിവലിക്കുന്നതിനിടയിൽ ഫോണിന്റെ ഡിസ്പ്ലേയിൽ തെളിഞ്ഞ ലക്ഷിയുടെ ഫോട്ടോ യിൽ രണ്ടു കണ്ണീർ പുഷ്പങ്ങൾ ഉമ്മ വെച്ചു.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot