നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അച്ഛൻ


"എനിക്ക്‌ പേടിയാ അച്ഛാ... എനിക്കങ്ങോട്ടു പോവാൻ വയ്യ..
എനിക്ക് പേടിയാ... അവരെന്നെ കുത്തും... വേദനയെടുക്കും.. എനിക്ക് വയ്യ.. ഞാൻ പോവില്ല അച്ഛാ... എനിക്ക് പേടിയാ...."
നിറഞ്ഞു തുളമ്പുന്ന കണ്ണുകളുമായി ആ പിഞ്ചു ബാലൻ നിന്ന് കരയുകയാണ്.. സ്വന്തം അച്ഛനെയും കെട്ടിപിടിച്ചുകൊണ്ട്... ആ നിഷ്കളങ്കതയ്ക്കു മുന്നിൽ ഹൃദയം കല്ല് അല്ലാത്തെവരെല്ലാം ഒന്ന് അലിഞ്ഞുപോവും... അത്രയ്ക്കുണ്ട് ആ നിലവിളി..
മൂകമായ ആശുപത്രി വരാന്തയിലെ ഡ്രസ്സിംഗ് റൂമിനു മുന്നിൽ കൂട്ടുകാരനായ അരുണിനെയും കാത്തുനിൽക്കുകയായിരുന്നു ഞാൻ.. വണ്ടിയിൽ നിന്ന് വീണ് അരുണിന്റെ കാൽ മുറിഞ്ഞിരിക്കുന്നു... അതൊന്നു വെച്ചുകെട്ടാനാണ് വന്നത്.. അപ്പോഴാണ് തൊട്ടടുത്ത ഇരുന്ന ഈ കുഞ്ഞിന്റെ കരച്ചിൽ ഞാൻ കേൾക്കുന്നത്...
ഒരു അഞ്ചോ ആറോ വയസ്സുകാണും.. ഒരു നിക്കർ മാത്രം ഇട്ടിരിക്കുന്നു.. അധികം വണ്ണം ഒന്നുമില്ല. ഒരു അസ്ഥികൂടരൂപം..കൈ ഒടിഞ്ഞിട്ടുണ്ടെന്നു തോന്നുന്നു... ആ കൈ നെഞ്ചിനോട് ചാരിവെച്ചിട്ടാണ് ഈ കരയുന്നത്...അമ്മയും അനിയന് അടുത്ത് നിൽപ്പുണ്ട്.. ചേട്ടന്റെ കരച്ചിൽ സഹിക്കാൻ വയ്യാതെ അനിയനും കരയുന്നുണ്ട്...
"എന്ത് പറ്റിയതാണ്... "
മോന്റെ അനുസരണകേടിന്റെ എല്ല ദേഷ്യവും കണ്ണിലൂടെ പ്രകടിപ്പിച്ചുകൊണ്ടിരുന്ന അമ്മയോട് ഞാൻ കാര്യം തിരക്കി...
"ഓ.. എന്തു പറയനാണ് മോനെ.. മരത്തിൽ നിന്ന് വീണതാണ്.... "
"മരത്തിൽ നിന്നോ.. "
"അതെ മോനെ.. വീടിന്റെ മുറ്റത്തു ഒരു ചെറിയ മാവു നില്പുണ്ട്.. നേരം വെളുത്താൽ ചേട്ടനും അനിയനും അതിന്റെ മുകളിൽ ആണ്.. എത്ര പറഞ്ഞാലും കേൾക്കില്ല... വെക്കേഷൻ ആയതു കൊണ്ട് പിന്നെ പറയുകയും വേണ്ട..."
പല്ലുകടിച്ചു പിടിച്ചു കൊണ്ടുള്ള ആ സംസാരത്തിന്റൊടുവിലും അമ്മ അവനിലേക്ക് കണ്ണ് ഉരുട്ടുന്നത് കണ്ടു... അമ്മയുടെ കണ്ണൂരുട്ടൽ പിന്നെയും അവന്റെ കണ്ണ് നീരിനെ ഇളക്കിവിട്ടു...
" സാരമില്ലടാ.. മോൻ വിഷമിക്കേണ്ട... വേദനയൊന്നും കാണില്ല... അത് മോന് തോന്നുന്നതാ... അച്ഛനില്ലേ കൂടെ.."
ഒരു നേർത്ത ആശ്വാസം പോലെ അച്ഛൻ അവനിലേക്ക് അടുത്തു...
"ഇല്ല അച്ഛാ.. നമുക്ക് വീട്ടിൽ പോവാം... വാ... വേദനയെടുക്കുന്നു .. "
"അതെങ്ങനെ.. വീട്ടിൽ പോയാൽ വേദന എങ്ങനെ മാറും.. ഇതിപ്പോൾ നമുക്ക് ശരിയാക്കാം.. മോൻ പേടിക്കാതെ.."
ഇനിയൊരു കുരുത്തകേടും കാണിക്കാതിരിക്കാൻ വേണ്ടി മകനോടുള്ള സ്നേഹം ഉള്ളിലൊതുക്കി അവനെ ശകാരിച്ചുകൊണ്ടിരിക്കുന്ന അമ്മയിൽ നിന്നും എന്റെ കണ്ണുകൾ അവനെ സ്വന്തനവുമായി തലോടുന്ന അച്ഛനിലേക്കു നീങ്ങി...
പാവം.. ഒരു കുത്തുവാക്കു പോലും പറയാതെ ആശ്വസിപ്പിക്കുകയാണ് തന്റെ മകനെ.. ഒരുപക്ഷെ അവനെക്കാൾ ഏറെ കുരുത്തുകേടുകൾ കുഞ്ഞുനാളിൽ കാണിച്ചു അതിന്റെ പരീക്ഷയും പാസ്സായിട്ടായിരിക്കണം അച്ഛന്റെ വരവ്..
അടർന്നുവീഴുന്ന അവന്റെ ഓരോ കണ്ണ് തുള്ളിയെയും തുടച്ചുമാറ്റി ഒരു പുഞ്ചിരിയുമായി അവനിലേക്ക് അടുക്കുന്ന അച്ഛനെ കണ്ടപ്പോൾ ഞാൻ പരിധിയില്ലാത്തൊരു ചിന്തയിലേക്ക് വഴുതി വീണു പോയി...
അതങ്ങനെയാണ്... അമ്മയെക്കാൾ ചിലർക്കേറെ ആത്മബന്ധം അച്ഛനോടായിരിക്കും.. അമ്മയോടുള്ള സ്നേഹകുറവുകൊണ്ടൊന്നുമല്ല. ചിലപ്പോൾ അമ്മയ്ക്കും അതാകും ഇഷ്ടം..
പരിചയം ഇല്ലാത്തൊരു മുഖമായി വീട്ടിൽ ഉണ്ടാകുമെമെങ്കിലും അധികനാൾ ഒളിപ്പിച്ചു വെക്കാൻ കഴിയാത്തൊരു സ്നേഹത്തിൻെറ മൂർത്തിഭാവമാണ് അച്ഛൻ . സ്വന്തം കുടുംബത്തിന്റെ തണലിനായി ഒരു ആയുസ്സ്‌ മുഴുവൻ വെയിലുകൊള്ളുന്ന ഒരു പടുവൃക്ഷമാണ് അദ്ദേഹം... പ്രായമേറെ ഓടി കഴിഞ്ഞിട്ടും ആനയായും കുരങ്ങാനായും കുതിരിയായും ഒരു കോമാളിയായും വേഷം കെട്ടുന്ന, സ്നേഹം പുറത്തുകാട്ടാൻ അറിയാത്ത കള്ളൻ അച്ഛൻ...
"അതെ, കുട്ടിയെ അകത്തേയ്ക്കു കൊണ്ടുവന്നോളു.."
ചിന്തകളെ കീറിമുറിച്ചുകൊണ്ടൊരു വിളി... കരഞ്ഞു തെളിഞ്ഞ കണ്ണുകളുമായി അവൻ അകത്തേയ്ക്കു കയറിയപ്പോഴും അവന്റെ കൈയ്യുടെ മറ്റേ അറ്റത്തു അച്ഛൻ ചേർന്നു നിൽക്കുന്നുണ്ടായിരുന്നു...
ആഗ്രഹമില്ലങ്കിലും തെല്ലും ഭയത്തോടെ ഞാൻ ഒരു നിലവിളിക്കായി കാതോർത്തിരുന്നു...
ഇല്ല.. പ്രതീക്ഷിച്ചത്‌ പോലെ ഒന്നും അകത്തു സംഭവിച്ചില്ല... ഒരു മൂളൽ പോലും കേട്ടതുമില്ല... കേൾക്കില്ല.. അതെനിക്ക് ഉറപ്പുണ്ട്.. അച്ഛൻ എന്ന മരുന്നുമായി ആണ് അവൻ അകത്തേയ്ക്കു കയറിയത്... പിന്നെ എങ്ങനെ വേദനെയെടുക്കും...
നനഞ്ഞ കൺപീലികളുമായി അകത്തേയ്ക്കു കയറിയവൻ കുറെയേറെ നേരത്തിനു ശേഷം നാണത്തോടെയുള്ള ഒരു ചെറിയ പുഞ്ചിരിയുമായാണ്‌ തിരികെ ആ വരാന്തയിലേക്ക് ഇറങ്ങി വന്നതു.. ഇത്രേ ഉണ്ടായിരുന്നുള്ളു . അതിനാണ് കുറെ നിലവിളിച്ചത് എന്നാകാം ആ നാണത്തിന്റെ അർത്ഥം... അച്ഛന്റെ കൈയും പിടിച്ചു ആരുടെയും മുഖത്ത് നോക്കാതെ അവൻ ആ വരാന്തയിലൂടെ നടന്നകന്നപ്പോൾ ഞാൻ പോലും അറിയാതെ എന്റെ മനസ്സ് മന്ത്രിക്കുകയായിരുന്നു..
"അച്ഛൻ.. ഒരുപാട് അർത്ഥമുണ്ട് ആ വാക്കിന്.. വായിച്ചെടുക്കാൻ കഴിയാത്ത ഒരുപാട് ഒരുപാട് അർത്ഥം...."

By
Midhun

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot