സ്കൂളിൽ പഠിക്കുന്ന കാലം ക്ലാസ്സിൽ ഗൾഫുകാരുടെ മക്കൾ കുറെ ഏറെ ഉണ്ടായിരുന്നു.എന്റെ അടുത്ത കൂട്ടുകാരികളിൽ ചിലരുടെ അച്ചന്മാരും പ്രവാസികളായിരുന്നു.അവർക്കു ക്ലാസ്സിൽ ഒരു പ്രേത്യേക പവർ ആയിരുന്നു.അച്ഛനെ വിളിക്കാൻ എയർപോർട്ടിൽ പോകണ കാര്യവും,എയർപോർട്ടിന്റെ ഭംഗിയും വിസ്തരിച്ചു അവർ പറയുമ്പോൾ കുടുംബത്തു പേരിനു പോലുമൊരു ഗൾഫ്കാരൻ ഇല്ലാത്ത ഞാൻ ഞാൻ കണ്ണും മിഴിച്ചു അങ്ങനെ കേട്ടിരിക്കും.ഗൾഫിൽ ഉള്ള അച്ചന്മാർ വന്നു കഴിഞ്ഞാൽ അവർക്കു ക്ലാസ്സിൽ വരുമ്പോൾ ഇച്ചിരി പവർ കൂടും.ചോക്ലേറ്റ്സ്,പെർഫ്യൂംസ്,പേനകൾ,പെന്സില് ഇത്യാദി ഐറ്റംസ് ഒക്കെ അവർ ക്ലാസ്സിൽ കൊണ്ട് വരും.എന്റെ അടുത്ത സുഹൃത്തുക്കൾ എനിക്കും പങ്കു തരാറുണ്ടായിരുന്നു.അന്നൊക്കെ എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്റെ അച്ഛനെ ഒന്ന് ഗൾഫിൽ പറഞ്ഞു വിടണം എന്നുള്ളത്.അച്ഛനെ എയർപോർട്ടിൽ കൊണ്ട് വിടാനും വിളിക്കാനും പോകുന്ന കഥ കൂട്ടുകാരോട് വിളമ്പുക,അച്ഛൻ കൊണ്ട് വരുന്ന ഗൾഫ് ഐറ്റംസ് ഇച്ചിരി ഗമയിൽ ക്ലാസ്സിൽ കൊണ്ടൂവുക അതായിരുന്നു എന്റെ പ്രധാന ഉദ്ദേശ്യം.ഒരിക്കൽ അത് അച്ഛനോട് പറയുകയും ചെയ്തു.നാട്ടിൽ സാമാന്യം തെറ്റില്ലാതെ നടത്തി വന്നിരുന്ന സ്റ്റേഷനറി കട പൂട്ടി വീട്ടിൽ വന്നു രാത്രി ഭക്ഷണം കഴിക്കുവാരുന്നു അച്ഛൻ."അച്ഛാ,അച്ഛന് ഒന്ന് ഗൾഫിൽ പൊയ്ക്കൂടേ" അടുത്ത മാർക്കറ്റിൽ പോവാൻ പറയുന്ന ലാഘവത്തോടെ ആണ് ഞാൻ അത് ചോദിച്ചത്.അച്ഛൻ അന്തംവിട്ടു എന്നെ നോക്കി ഇതിപ്പോ എന്താ കഥ എന്ന മട്ടിൽ,"അച്ഛാ ഗൾഫ് നല്ല സ്ഥലാ അവിടെ ജോലി ചെയ്താ കൊറേ പൈസ കിട്ടും,അവിടന്ന് കൊറേ സാധനകളൊക്കെ വാങ്ങാം നമ്മുടെ നാട്ടിൽ കിട്ടാത്തെ, പിന്നെ ഫ്ലൈറ്റിലൊക്കെ കേറുകേം ചെയ്യാം. ഞാൻ ഗൾഫിന്റെ ഗുണഗണങ്ങൾ വര്ണ്ണിക്കുകയാണ്,അച്ഛൻ ചോറിന്റെ ഒരുരുള എന്റെ വായിൽ വെച്ച് തന്നിട്ട് പറഞ്ഞു "നമുക്കിവിടെ നന്നായിട്ട് ജീവിക്കാൻ അച്ഛനൊരു കടയില്ലേ,അതിന്റെ വരുമാനം മതിയല്ലോ പിന്നെ ഗൾഫിൽ ഒക്കെ പോയാ എനിക്ക് നിന്നേം ചേട്ടനേം അമ്മേം ഒക്കെ കാണണം ന്നു തോന്നിയ അങ്ങനെ ഓടി വരാനൊന്നും പറ്റൂല്ല,അത് കൊണ്ട് നമുക്ക് നാട് മതി അഞ്ചു,അതല്ലേ നല്ലത്. അങ്ങനെ അച്ഛനിലുള്ള എന്റെ ഗൾഫ് സ്വപ്നങ്ങൾ കരിഞ്ഞു പോയി .കുറച്ചു വർഷങ്ങൾ കഴിഞ്ഞു അച്ഛൻ പോയി ഗൾഫിലേക്കല്ല ഞങ്ങളെ തനിച്ചാക്കി മറ്റേതോ ലോകത്തേക്ക്.
അങ്ങനെ ഇരിക്കുമ്പോൾ ഞാൻ പ്ലസ്ടുവിന് പഠിക്കുമ്പോളാണ് എന്റെ ചേട്ടൻ കടല് കടക്കുന്നത്.അങ്ങനെ എന്നിലെ ഗൾഫ് മോഹം വീണ്ടും ഉണർന്നു ഉഷാറായി.പോയ പിന്നെ രണ്ടു വര്ഷം കഴിയാണ്ട് തിരിച്ചു വരാൻ പറ്റൂല്ലാത്രേ.എന്നാലുമെന്താ ചേട്ടനൊരു ഗൾഫുകാരൻ ആവൂല്ലൊ എന്നാണു എന്റെ മനസിലെ ചിന്ത.അങ്ങനെ ആഘോഷപൂർവം ചേട്ടനെ എയർപോർട്ടിൽ കൊണ്ട് പോയി.ജീവിതത്തിൽ ആദ്യമായിട്ട് എയർപോർട്ട് കാണുന്ന തിരക്കിൽ മതിമറന്നു നിന്നതു കൊണ്ട് ചേട്ടൻ നിറഞ്ഞ കണ്ണുകൾ കൊണ്ട് അമ്മയോട് യാത്ര പറയുന്നതൊന്നും ഞാൻ കണ്ടില്ല.ചേട്ടൻ ഇടയ്ക്കൊക്കെ വിളിക്കും അവിടെ സുഖമാണെന്ന് പറയും ഭക്ഷണം എങ്ങനെ എന്ന് 'അമ്മ ചോതിക്കുമ്പോളും പറയും നല്ലതാ എല്ലാം കിട്ടും എന്നൊക്കെ.അങ്ങനെ ചേട്ടനെവിടെ പരമ സുഖമാണെന്ന ധാരണയിൽ ഇരിക്കുമ്പോളാണ് കൂടെ ജോലി ചെയ്തിരുന്ന ഒരു സുഹൃത്ത് വീട്ടിൽ വരുന്നത് അവിടുത്തെ കാര്യങ്ങൾ അയാളാണ് പറയുന്നത്.ഭക്ഷണം ഒക്കെ മോശമാണ് കിട്ടുന്നത് രുചി നോക്കാതെ കഴിക്കുകയെ നിവൃത്തി ഉള്ളു,ജോലി ഭാരവും വല്ലാണ്ട് കൂടുതൽ ആണ് .ഞാൻ ഇവിടെ 'അമ്മ ഉണ്ടാക്കുന്ന ഭക്ഷണം ചിലപ്പോളെങ്കിലും രുചി പോരാ എന്ന് പറഞ്ഞു കഴിക്കാണ്ട് കളയുമ്പോളാണ് ചേട്ടൻ ഏതോ നാട്ടിൽ ആരോ ഉണ്ടാക്കുന്ന രുചിയില്ലാത്ത ഭക്ഷണം കഴിച്ചു വിശപ്പ് മാറ്റുന്നത്. അന്ന് ആദ്യമായി എനിക്ക് തോന്നി ചേട്ടൻ ഗൾഫിലേക്ക് പോകേണ്ടിയിരുന്നില്ല എന്ന്.
ഇന്നു പ്രാവാസികളോട് എനിക്ക് ബഹുമാനമാണ് എത്രയൊക്കെ സുഖ സൗകര്യങ്ങൾ ഉണ്ട് എന്ന് പറഞ്ഞാലും സ്വന്തം കുടുംബത്തെ ഓർത്തു വിഷമിക്കുന്നവരാണ് പലരും, ജീവിക്കുവാൻ വേണ്ടി തങ്ങൾക്കു പ്രിയ്യപ്പെട്ട പലതും ത്യജിച്ചവരാണ് അവർ.ഈ അടുത്ത് ഗൾഫിൽ നിന്ന് നാട്ടിലേക്ക് ലീവ് നു വന്ന എന്റെ ഒരു സുഹൃത്ത് പറഞ്ഞതാണ് "തിരിച്ചു പോവുന്നതിന്റെ തലേന്ന് പാക്കിങ് ഒക്കെ കഴിഞ്ഞു അമ്മയുടെ മടിയിൽ ഒന്ന് തല വെച്ച് കിടന്നതാ രണ്ടു മിനിറ്റ് കഴിഞ്ഞു ഞാൻ പെട്ടെന്ന് എഴുനേറ്റത് കൊണ്ട് 'അമ്മ എന്താന്നു ചോദിച്ചു,അമ്മയുടെ മടിയിൽ ഇങ്ങനെ അധിക നേരം കിടന്നാൽ നാളെ എനിക്ക് പോവാൻ തോന്നുല്ല 'അമ്മ " അവനതു പറയുമ്പോൾ ആ ശബ്ദം ഇടറിയിരുന്നു.ഗൾഫിൽ നിന്നും ഭാരം കണക്കാക്കി അവർ കൊണ്ട് വരുന്ന എല്ലാ സാധനകൾക്കും അവരുടെ കണ്ണീരിന്റെയും വിയർപ്പിന്റെയും ഭാരം കൂടിയുണ്ട്.ഒരു ത്രാസിനും നിർണയിക്കാൻ കഴിയാത്ര അത്ര ഭാരം...
By Anjali Kini
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക