നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രണയത്തിന്റെ നാളുകൾ...


പ്രണയത്തിന്റെ നാളുകൾ...
***************************
"എടാ അത്താബേ... നിനക്ക് കേൾക്കേണോ ബാപ്പാന്റേം ഉമ്മാന്റേം പഴയ പ്രണയകഥ."
ഒരു ദിവസം ഇത്താത്തയുടെ വീട്ടിൽ പോയി മടങ്ങുമ്പോൾ, കോളേജിനടുത്തുള്ള ബസ്‌റ്റോപ്പിൽ നിൽക്കുമ്പോഴാണ് അവളെ ആദ്യമായി കാണുന്നത്.
ആദ്യമായി കണ്ട നിമിഷം തന്നെ അവളെന്റെ മനസ്സിലേക്കൊരു വെള്ളരിപ്രാവായി ചിറകുകൾ വിടർത്തി പറന്നു കയറി. അവളുടെ മുഖം കാണുന്നതിനുമുമ്പ് എത്രയോ പെൺകുട്ടികളുടെ മുഖങ്ങൾ കണ്ടിരിക്കുന്നു. അവയെല്ലാം പൊയ്മുഖങ്ങളായിരുന്നു. എത്രയോ സ്വപ്നങ്ങൾ കണ്ടിരിക്കുന്നു. അവയെല്ലാം വിരസങ്ങളായിരുന്നു.
പിന്നീട് ഇത്താത്തയുടെ വീട്ടിൽ വരാറ് പതിവായി. ഇത്താന്റെ വീട്ടിലേക്കെന്ന വ്യാജേന അവളെ കാണാൻ.
വരിക, കാണുക, പോവുക എന്നല്ലാതെ എന്തെങ്കിലും ചോദിക്കാനോ പറയാനോ പേടിയായിരുന്നു.
ഓരോ ദിവസവും ഇന്നെന്തെങ്കിലും ചോദിക്കണമെന്ന് കരുതിയാണ് വരിക. പക്ഷേ അവളെ കാണുമ്പോൾ ഒന്നിനും കഴിയില്ല. പ്രതേക കാരണം, അവളുടെ കൂടെ കൂട്ടുകാരികളും ബസ് റ്റോപ്പിൽ യാത്രക്കാരുമുണ്ടാവും.
Every dog has his day. എന്നത് പോലെ എനിക്കുമുണ്ടായി ഒരു ദിവസം.
ഇന്നലെ ബസ്റ്റോപ്പിൽ ഞാനും അവളും മാത്രമായ സമയം. പേടിയോടെ തൊണ്ട ഇടറിയാണ് ചോദിച്ചത്.
"എന്താ...കുട്ടീടെ പേര്...?"
പ്രതികരണമില്ല വിറയലോടെ അൽപം ശബ്ദം കൂട്ടി ഞാൻ.
"ഹലോ...കേട്ടില്ലേ... പേരെന്താന്ന്...?"
അവൾ തിരിഞ്ഞ് തറപ്പിച്ചൊരു നോട്ടം. എന്റെ ഭയം ഇരട്ടിച്ചു. ഞാൻ വളിച്ച മുഖത്തോടെ പാദങ്ങൾ നിരക്കി, അവളിൽ നിന്നും അൽപം വിട്ടുനിന്ന് മറ്റെങ്ങോ ദൃഷ്ടിയൂന്നി. അപ്പോൾ പതിഞ്ഞ ശബ്ദത്തിൽ അവളുടെ സ്വരം കാതിലെത്തി.
"സജ്ന.. "
ഞാൻ സാവധാനം മുഖം തിരിച്ച് അവളുടെ മുഖത്തേക്ക് നോക്കി.
അവൾ വളരെ മനോഹരമായ ഒരു ചിരി സമ്മാനിച്ചു.മനസ്സിനുള്ളിലേക്ക് ഒരു മഞ്ഞുതുള്ളി ഊർന്നു വീണ സുഖം.എന്റെ പേടി എങ്ങോ പോയി മറഞ്ഞു. ഞാൻ പഴയ സ്ഥാനത്തേക്ക് നീങ്ങി നിന്നു.
"എന്റെ പേര്...." പൂർത്തിയാക്കും മുമ്പേ അവളുടെ സ്വരത്തിന്റെ വീണക്കമ്പി വീണ്ടും മൃദുവായി ചലിച്ചു.
"വേണ്ട... അറിയാം... ഷാനവാസ്.. അല്ലേ..?"
"എങ്ങിനെ അറിഞ്ഞു...?" ഞാൻ അത്ഭുതം കൊണ്ടു.
"അതൊക്കെ അറിഞ്ഞു..."
"എങ്ങിനെ..?"
"കുറെ നാളായിട്ട് എന്നെ ശ്രദ്ധിച്ച് നടക്കുന്ന ആളല്ലേ... അത് കൊണ്ട് അന്വേഷിച്ചറിഞ്ഞു..."
"ഓ.. അതു ശരി... അല്ല ,സജ്നാക്ക് ആങ്ങളമാരുണ്ടോ..?"
വെറുതെ ഒരു തമാശയ്ക്കു വേണ്ടിയാണ് ഞാനങ്ങിനെ ചോദിച്ചത്.
"എന്തേ ചോദിച്ചത്..?"
"ഒന്നൂല്ല, തടി കേടാവ്യോന്ന് അറിയാനായിരുന്നു... "
"ഇത്ര പേടിയാണെങ്കിൽ പിന്നെന്തിനാ ഇങ്ങനെ പിന്നാലെ നടക്കുന്നത്..?"
"എനിക്കോ... പേടിയോ... ചുമ്മാ ഒരു തമാശക്ക് ചോദിച്ചതല്ലേ... അല്ലെങ്കിൽ ആരാ പിന്നാലെ നടക്കുന്നെ...?"
"ഓ... എനിക്കു തെറ്റി... പിന്നില് നിക്ക്യാണല്ലോ...ല്ലേ... ആരും ഒന്നും അറിയുന്നില്ലെന്നാ ഭാവം.. ഇത്താത്തന്റെ പേരും പറഞ്ഞ് ആരെക്കാണാനാ ഇവിടെ വരുന്നതെന്ന്..."
അവളുടെ മുഖത്ത് നാണത്തിന്റെ കടൽ തിരതല്ലി.
"ആരെക്കാണാനാ..?"
ഞാൻ ഒരു കുസൃതിച്ചിരിയോടെ.
നാണത്തിൽ വിരിഞ്ഞ ആ മനോഹര പുഞ്ചിരി മാത്രം ഉത്തരം.
"ഞാനൊരു കാര്യം ചോദിച്ചാ സത്യം പറയോ..?"
"ഞാൻ കള്ളം പറയാറില്ല... "
"അത് ശെരി... അപ്പോൾ ഇയാളാണല്ലേ... സത്യവാൻ സാവിത്രി...?"
"വേണ്ട... വേണ്ട... തമാശ വേണ്ട... എന്താ ചോദിക്കാനുണ്ടെന്നു പറഞ്ഞത്. എനിക്കിപ്പോ ബസ്സ് വരും... "
അപ്പോൾ ഒരു ബസ്റ്റ് ഹോണടിച്ചുകൊണ്ട് കുറച്ചകലെയുള്ള വളവ് തിരിഞ്ഞ് വരുന്നത് കാണായി.
"ഇഷ്ടാണോ... എന്നെ...?"
കേട്ട ഭാവം ഇല്ല. ബസ്സ് സ്റ്റോപ്പിനോടടുക്കുകയാണ്.
"നിന്നെ ഒരുപാടിഷ്ടാ... എനിക്ക്... എന്നെ...?"
ഞാൻ വീണ്ടും ചോദിച്ചു.
സാവധാനം ആ മുഖത്ത് ആ പുഞ്ചിരി വിരിഞ്ഞു.
"ഇഷ്ടാണ്... ഒരുപാട്..."
വളരെ പതിഞ്ഞ ശബ്ദത്തിലാണ് അവളതു പറഞ്ഞത്.
തറയിൽ നിന്നും മുകളിലേക്കുയരുന്നതായി തോന്നി എനിക്ക്. ഭൂമിയിലെ ഏറ്റവും വലിയ ഭാഗ്യവാൻ ഞാൻ തന്നെ.
"സ്വർഗ്ഗം ഇനിയെനിക്കു സ്വന്തം
കുറുമ്പിപെണ്ണേ....
സ്വപ്നം പറന്നു വന്നെൻ നെഞ്ചിൽ
കുടിയെറുന്നേ.... "
ആ ഗാനവും പാടി അവളെയും പിടിച്ചിറക്കി, മെയ് മാസത്തിൽ പൂത്തുലഞ്ഞു നിൽക്കുന്ന ഊട്ടിയിലെ ബൊട്ടാണിക്കൽ ഗാർഡനിലേക്ക് പായാൻ തോന്നി എനിക്കപ്പോൾ.
എന്റെ ചിന്തകളെ മുറിച്ച് അവളുടെ സ്വരം വീണ്ടും കാതിലെത്തി.
"പിന്നേയ്... പേടിക്കണ്ട... ആങ്ങളമാരൊന്നുമില്ല ഞാനൊറ്റക്കാ..."
അതും പറഞ്ഞ് അവൾ സ്റ്റോപ്പിനടുത്ത് നിർത്തിയ ബസ്സിന്റെ മുന്നിലെ ഡോറിനടുത്തേക്ക് പാഞ്ഞു.
"നിനക്കിനി നൂറ് ആങ്ങളമാരുണ്ടെങ്കിലും അവരൊന്നിച്ചെതിർത്താലും നിന്നെ ഞാൻ സ്വന്തമാക്കുമെടീ... മാലാഖപ്പെണ്ണേ... "
എന്നെന്റെ മനസ്സപ്പോൾ മന്ത്രിച്ചു.
ഭൂമി സ്വർഗ്ഗമായി. പ്രണയത്തിന്റെ നാളുകൾ വിരിഞ്ഞു. സൂര്യൻ ഞങ്ങൾക്കു വേണ്ടി മാത്രം ഉദിക്കുകയും അസ്തമിക്കുകയും ചെയ്തു. ചന്ദ്രനും നക്ഷത്രങ്ങളും എല്ലാം എല്ലാം ഞങ്ങൾക്കു വേണ്ടി മാത്രം..
മഴ പെയ്യുന്നു..മഞ്ഞു ചൊരിയുന്നു...
പഴയ ഡയറിയുടെ താളുകളിൽ നിന്നും പൊടി തട്ടി, അനിയന്റെ മുന്നിൽ ഇപ്പോൾ ഇത് വായിച്ച മൂത്ത മകനോട് ആ ഡയറി വാങ്ങി ഞാൻ, അടുക്കളയിൽ നോമ്പുതുറവിഭവങ്ങളൊരുക്കുന്ന അവളുടെ അരികിലേക്ക് നടന്നു.
"""""""""""""""""'"'''''''"""""""""
ഷാനവാസ്‌.എൻ, കൊളത്തൂർ.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot