Slider

അമ്മ

0

മൊബൈൽ തുടരെ തുടരെ ശബ്ദിച്ചുകൊണ്ടിരുന്നു.. അവധിദിവസമായതിനാൽ ഊണുകഴിഞ്ഞു എ സി യുടെ തണുപ്പിൽ മൂടിപ്പുതച്ചുറങ്ങുകയായിരുന്നു രാജീവ്., ഉറക്കത്തിനു ഭംഗം വന്ന നീരസത്തോടെ അയാൾ ഫോണെടുത്തു.. അങ്ങേത്തലക്കൽ ഒരു പുരുഷ ശബ്ദം, ഹലോ രാജീവല്ലേ, ഇത് കരുണാലയത്തിൽ നിന്നുമാണ്..
പറയു എന്താ വിശേഷിച്ചു രാജീവ് ചോദിച്ചു.. അത് നിങ്ങളുടെയമ്മ കുറച്ചുമുൻപൊന്നു കുഴഞ്ഞുവീണു, ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ തന്നെ നിങ്ങളെ വിളിച്ചിരുന്നു, ആരും ഫോണെടുത്തില്ല.. ഇപ്പോൾ ബോധം തെളിഞ്ഞു, ആദ്യം നിങ്ങളെയാണ് അന്വേഷിച്ചത്, എത്രയും വേഗം സിറ്റി ഹോസ്പിറ്റൽ വരെയൊന്നു വരണം അയാൾ പറഞ്ഞുനിർത്തി,ഞാനിപ്പോൾ തന്നെ വരാമെന്നുപറഞ്ഞു രാജീവ് ഫോൺ വച്ചു..
രാജീവ് എവിടേയ്ക്കോ പോകാൻ തയ്യാറെടുക്കുന്നത് കണ്ടുകൊണ്ടാണ് അയാളുടെ ഭാര്യ ശ്രീദേവി അവിടേക്ക് വന്നത്... രാജീവ് എങ്ങോട്ടാ ഈ പോണേ അവൾ ചോദിച്ചു. അമ്മക്കു നല്ല സുഖമില്ല ഹോസ്പിറ്റലിലാണ് അവിടെനിന്നും ഫോൺ വന്നിരുന്നു അയാൾ മറുപടിപറഞ്ഞു.. രാജീവ് പറയുന്നത്കൊണ്ടൊന്നും തോന്നരുത്, ഇതൊക്കെ നിങ്ങടമ്മേടെ അടവാണ്, സിമ്പതി പിടിച്ചുപറ്റി വീണ്ടും ഇവിടെ കേറിക്കൂടാനുള്ള ബുദ്ധി.. അല്ലാതെ അവർക്കൊരു കുഴപ്പോം കാണില്ല.. ശ്രീദേവി പറഞ്ഞു.. ന്തായാലും പോയിനോക്കാം.. അമ്മയെ അവിടെകൊണ്ടുചെന്നാക്കിയിട്ട്, ഒരുതവണപോലും ഞാനോ നീയോ പോയിട്ടില്ല, വയ്യാന്നുപറയുമ്പോഴെങ്കിലും പോകണ്ടേ ശ്രീ.. ഒന്നുമില്ലെങ്കിലും എന്നെ പെറ്റുവളർത്തിയതല്ലേ രാജീവിന്റെ ഈ മറുപടി അവൾക്കത്ര രസിച്ചില്ല, എന്നിരുന്നാലും അവൾ കൂടെച്ചെല്ലാൻ തയ്യാറെടുത്തു, പോകുംവഴി ഷോപ്പിംഗിനു പോകാമെന്ന ചിന്തയാണ് അവളെ അതിനു പ്രേരിപ്പിച്ചതെന്ന് അവനൊട്ടു മനസ്സിലായതുമില്ല..
പോകുംവഴി ഒരുസാരി വാങ്ങാനുണ്ടെന്നു പറഞ്ഞു അവൾ വഴിയിലിറങ്ങി, രാജീവ് ഒന്നു വെയിറ്റ് ചെയ്യ് ഒരഞ്ചുമിനുട്ട് ഞാനിപ്പോ വരാം.. മിസിസ് മേനോന്റെ മകളുടെ കല്യാണത്തിനുടുക്കാനുള്ളതാ തിരികെ വരുമ്പോൾ ലേറ്റ് ആകും, അവൾ പറഞ്ഞു.. ശരി പെട്ടെന്ന് വരണം ഞാൻ വെയിറ്റ് ചെയ്യാം രാജീവ് കാർ അരികുചേര്ന്നു പാർക്ക് ചെയ്തു.. കുറേ നേരമായിട്ടും ശ്രീദേവിയെ കാണാതായപ്പോൾ വിളിക്കാൻ ഫോൺ പരതിയപ്പോഴാണ്, താൻ ഫോണെടുത്തിട്ടില്ലെന്നു അയാളോർത്തത്.. ഒരു പത്തുമിനിറ്റ് കൂടി കഴിഞ്ഞപ്പോൾ ഒരുതുണിക്കട മുഴുവൻ വാങ്ങി ശ്രീദേവി തിരികെ വന്നു.. എന്താ ശ്രീയിത് എത്ര സമയമായി പോയിട്ടു, ഇപ്പോൾത്തന്നെ ഒരുപാട് ലേറ്റ് ആയി.. രാജീവ് ദേഷ്യപ്പെട്ടു.. ഹോസ്പിറ്റലിലെത്തിയപ്പോഴേക്കും നേരം നന്നായി ഇരുട്ടിയിരുന്നു.. റിസപ്ഷനിൽ തിരക്കിയപ്പോൾ സുമതിയെന്ന പേഷ്യന്റ് ഐ. സി. യു വിലാണെന്നറിയാൻകഴിഞ്ഞു.. രണ്ടാം നിലയിലുള്ള ഐ. സി. യു വിലേക്ക്‌, ലിഫ്റ്റിൽ ചെന്നിറങ്ങുമ്പോൾ, കരുണാലയത്തിന്റെ മാനേജർ ഉണ്ണി അവിടെ നില്പുണ്ടായിരുന്നു.. രാജീവ് ഉണ്ണിക്കടുത്തെത്തി.. അമ്മയ്ക്കെങ്ങനെയുണ്ടെന്നു ചോദിച്ചു,ഞാൻ നിങ്ങളെ ഫോണിൽ ഒരുപാട് ട്രൈ ചെയ്തു രാജീവ്.. അയാൾ പറഞ്ഞു.. ഫോൺ വീട്ടിൽവച്ചു മറന്നു,അമ്മയ്ക്ക് പേടിക്കാനൊന്നുമില്ലല്ലോ അല്ലെ രാജീവ് ചോദിച്ചു..
നിങ്ങൾ കുറച്ചു വൈകിപ്പോയി രാജീവ്.. സുമതിയമ്മ കുറച്ചു മുൻപ് നമ്മളെവിട്ടു പോയി..ഉണ്ണിയുടെ മറുപടികേട്ട് ഒരു നിമിഷം രാജീവിനു നിന്നിടത്തുനിന്നും അനങ്ങാൻ പോലും പറ്റിയില്ല, കാലുകൾ തറയിലാണ്ടുപോയപോലെ .. അതയാളൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.. അവസാനമായി നിങ്ങളെ കാണണമെന്ന് പറഞ്ഞുന്നു ഡ്യൂട്ടി നഴ്‌സ്‌ പറഞ്ഞു, എന്റെ മോൻ വരില്ലേ സിസ്റ്ററെ എന്നാണമ്മ അവസാനം ചോദിച്ചതത്രേ.. അവരുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു, മരിച്ചുകഴിഞ്ഞു ഞാൻ കാണുമ്പോഴും അവരുടെ കൺകോണുകളിൽ കണ്ണുനീർ തളം കെട്ടി നില്പുണ്ടായിരുന്നു.. പാവം സ്ത്രീ എന്നും രാവന്തിയോളം കരുണാലയത്തിന്റെ പൂമുഖത്തു ഗേറ്റിലേക്കും നോക്കിയൊരു നിൽപാ.. അത് നിങ്ങളെ കാത്തായിരുന്നു രാജീവ്.. പക്ഷെ ഒരിക്കൽപോലും നിങ്ങളൊന്നു വന്നില്ലല്ലോ,അവസാനം മരണക്കിടക്കയിൽ കിടന്നപ്പോൾപോലും അവരുടെ മകനെ അവസാനമായൊന്നു കാണാൻ അവർക്കു ഭാഗ്യമുണ്ടായില്ല, ഈ ശാപമൊക്കെ എവിടെ കൊണ്ട് കഴുകിക്കളയും നിങ്ങൾ..
ഉണ്ണിയുടെ ഓരോ വാക്കുകളും ഓരോ ശരങ്ങളായി രാജീവിന്റെ നെഞ്ചുതുളച്ചു പുറത്തേക്കുപോയി... തന്നെ പ്രസവിച്ചു വളർത്തിയ അമ്മയാണ്,ഇനി മോനേന്നു വിളിക്കാൻ അമ്മയൊരിക്കലും വരില്ല അതെ താൻ പാപിയാണ് കൊടും പാപി.. ഭാര്യയുടെ സന്തോഷത്തിനു വേണ്ടി അമ്മയെ ഉപേക്ഷിച്ച നീചനായ മകൻ, കരുണാലയത്തിൽ കൊണ്ടുചെന്നാക്കിയപ്പോഴും മറുത്തൊന്നും പറയാതെ അമ്മ സമ്മതിച്ചു. ഇടക്ക് അമ്മെകാണാൻ വരണേ മോനെയെന്നു മാത്രമാണ് പറഞ്ഞത്.. അമ്മക്കുകൊടുത്ത ആ ചെറിയ വാക്കുപോലും തനിക്കു പാലിക്കാൻ കഴിഞ്ഞില്ലെന്നോർത്ത് അവന്റെ നെഞ്ചു വിങ്ങി.. കണ്ണിൽ നനവുപടർന്നു..
സുമതിയമ്മയുടെ അടക്കം കഴിഞ്ഞു എല്ലാരും പിരിഞ്ഞുപോയിതുടങ്ങിയപ്പോഴാണ് കരുണാലയത്തിലുണ്ടായിരുന്ന അവരുടെ വസ്ത്രങ്ങളും മറ്റുസാധനങ്ങളുമായി ഉണ്ണി അവിടേക്കു വന്നത്.. രാജീവിനെ കണ്ട് അതൊക്കെ ഏല്പിക്കുന്നതിനോടൊപ്പം മരിക്കും മുൻപ് സുമതിയമ്മ മകനുകൊടുക്കാനായി പറഞ്ഞേല്പിച്ച ഒരു കവറും ഉണ്ണി രാജീവിനെ ഏല്പിച്ചു..
രാത്രി കിടന്നിട്ട് രാജീവിന് ഉറക്കം വന്നില്ല, കണ്ണടക്കുമ്പോൾ അമ്മയുടെ മുഖമാണ് ഓർമ്മവരുന്നത്, അയാൾ എഴുനേറ്റു വെളിയിലേക്കിറങ്ങി.. അപ്പോഴാണ് ഉണ്ണിക്കൊടുത്ത കവറിനെപ്പറ്റി ഓർമവന്നത് റൂമിലേക്ക് പോയി അതെടുത്തു തുറന്നു,, ഏതാനും മുദ്രപത്രങ്ങൾ കൂടെയൊരു കത്ത്.. അയാളത് തുറന്നു നോക്കി.. അമ്മയുടെ കൈപ്പട.
പ്രീയപ്പെട്ട മോനുവിന്....
മോനെ ഒരുനോക്കു കാണാൻ വേണ്ടി അമ്മ എന്നും കാത്തിരുന്നു.. പക്ഷെ ഈ അമ്മയ്ക്കു അതിനുള്ള ഭാഗ്യമില്ലാതായിപ്പോയി.. വഴിയരികിലെ ചപ്പുകൂനയിൽ, ജനിച്ചു മണിക്കൂറുകൾ ആയ പിഞ്ചു കുഞ്ഞിനെ കണ്ടെത്തിയപ്പോൾ ദൈവം മക്കളില്ലാത്ത എനിക്കും ശങ്കരേട്ടനും തന്ന നിധിയാണെന്നു കരുതി പൊന്നുപോലെയാ നോക്കി വളർത്തിയത് ഒരുകുറവുകളും അറിയിച്ചിട്ടില്ല.. എല്ലാം അറിഞ്ഞുതന്നെ അവൻ വളരട്ടെയെന്നു ശങ്കരേട്ടൻ പറഞ്ഞപ്പോൾ ഞാനാണ് പറഞ്ഞത് ഞാൻ മരിക്കുവോളം എന്റെമോനത് അറിയരുതെന്ന്.. ഈ എഴുത്തു എന്റെ മരണശേഷം മാത്രമേ മോന് കിട്ടു.. നീയെനിക്കെന്നുമെന്റെ പൊന്നുമോനാണ്.. പെറ്റതല്ലെങ്കിലും ഞാനൊരിക്കലും അങ്ങനെ ചിന്തിച്ചിട്ടില്ല.. ഞാൻ പ്രസവിച്ച എന്റെ മകനായിട്ടാണ് നിന്നെ വളർത്തിയത്.. എനിക്കുള്ളതെല്ലാം എന്റെ മോനുള്ളതാ.. എന്റെയെല്ലാസ്വത്തുക്കളും മോന്റെ പേരിലേക്ക് മാറ്റിയെഴുതിയിട്ടുണ്ട്.. നിനക്കൊരിക്കലും ഒരുകുറവും വരാൻ പാടില്ല.. ഒരൊറ്റ അപേക്ഷയെ അമ്മയ്ക്കു മോനോടുളളു, ഈ അമ്മയെ മോനൊരിക്കലും വെറുക്കരുത്.. എന്റെമോന് എല്ലാ നന്മകളും ഈശ്വരൻ തരട്ടെയെന്നു പ്രാർത്ഥിക്കുന്നു
സ്നേഹപൂർവ്വം അമ്മ
രാജീവിന്റെ കയ്യിലിരുന്നു ആ കത്ത് വിറച്ചു.. ഒരിക്കൽകൂടി അമ്മയെ കാണാൻ അവന്റെ മനസ്സുവെമ്പി, ആ കാലിൽ പിടിച്ചു മാപ്പിരക്കണം.. എന്നോ എവിടെയോ അവസാനിക്കണ്ട ഈ അനാഥന് പുനർജന്മം തന്നതിന് മകനെപ്പോലെ സ്നേഹിച്ചു വളർത്തിയതിനു... പകരം തനിക്കൊന്നും കൊടുക്കാൻ കഴിഞ്ഞില്ല, ഒരിറ്റു സ്നേഹം പോലും.. അമ്മേ മാപ്പ്.. അവന്റെ കണ്ണിൽ പശ്ചാത്താപത്തിന്റെ കണ്ണുനീർ ധാരയായി പ്രവഹിച്ചുകൊണ്ടിരുന്നു...

By
Dhanya

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo