Slider

രെജനീഗന്ധി......

0

മെയ്മാസത്തിലെത്തുന്ന മരണം. അവനോട് എനിക്ക് വെറുപ്പാണ്.എന്റെ ഇരുപത്തിനാലു വർഷത്തെ സൗഹൃദത്തെ ഒരു ഇരുപത്തിനാലിന് കൂട്ടിക്കൊണ്ടുപോയതും എന്നിലൊരു
ചങ്ങലക്കിലുക്കം ബാക്കിയാക്കിയതും മെയ് മാസമാണ്.
കൂട്ടമായി നിൽക്കുന്ന കാപ്പിത്തോട്ടത്തിന്റെ നടുവിൽ പെരുംമഴയിൽ കനംതേടുന്ന ഇരുട്ടിൽ
അന്ന് അവളെ തനിച്ചാക്കി ഇടവഴിയിലുടെ വീട്ടിലേക്ക് നടക്കുമ്പോൾ ആ മൺകൂനയുടെ അരുകിൽ നിന്നും ഒരു മഞ്ചാടിമണി കിട്ടിയത് ഞാനെന്റെ കയ്യിൽ മുറുകെ പിടിച്ചിരുന്നു. കാരണം നിന്നെയുമെന്നെയും എന്നും ചേർത്ത് വെച്ചത് മഞ്ചാടിമണിയും കുന്നിക്കുരുവും അപ്പൂപ്പൻതാടിയും മാമ്പഴവും അണ്ണാരക്കണ്ണനും,...ഇതൊക്കെ തന്നെയായിരുന്നല്ലോ....
ഭ്രാന്തെടുക്കുന്ന ചിന്തകളിൽ ഞാനെന്നും തൊട്ടു തഴുകിയ അവളുടെ മുട്ടറ്റമുള്ള മുടിയിഴകൾ...വാഴയിലയിൽ
ഒരു ബോളുപോലെ മറ്റൊരു തല പോലെ അവളുടെ ദേഹത്തിനരികെ ആരോ ചുരുട്ടി ഉരുട്ടി വെച്ചിരുന്നു.
മിശുമിശുന്ന് ഇറങ്ങി വരുന്ന പേനുകൾ
എന്നെ നോക്കി പരിഹസിച്ചു ചിരിച്ചപ്പോൾ ഞാനവയെ ഭ്രാന്തമായിത്തന്നെ ക്രൂരമായി രണ്ടു നഖങ്ങൾ കൊണ്ടു ഞെരടിക്കൊന്നു.വയറിനുമേലെ ചേർന്നിരുന്ന വിരലുകളിൽ അവളൊരിക്കലും പേടിക്കാതിരിക്കാൻ ഞാനിട്ടുകൊടുത്ത കന്നുംകൊമ്പിന്റെ
എന്റെ പേരെഴുതിയ മോതിരവും തണുത്തു വിറങ്ങലിച്ചു കിടന്നു.
എന്തിനാണ് ഞാനതപ്പോൾ ഊരിയെടുത്ത് എന്റെ വിരലിലിട്ടത്...
ഒന്നിനുമല്ല..
പിണങ്ങിയിട്ടു തന്നെയാണ്.
മൂന്ന് മാസം മുൻപും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ക്യാമ്പസിലൂടെ സിപ്പപ്പും തിന്ന് പൊറോട്ടയും ബീഫും കഴിച്ച്. .വിരലുകളിൽ വിരൽ ചേർത്ത്
ചേർന്ന് നടന്നപ്പോൾ നീ പറഞ്ഞിരുന്നു.
ഞാൻ തിരികെ വരും നീ വിഷമിക്കേണ്ട. ഒരു ജോലി വേണ്ടേ ജീവിക്കാൻ. എല്ലാവരെയും നോക്കാനെന്ന്.
അതു വിശ്വസിച്ചു പോയി ഞാൻ.
മൂന്നു മാസം നിന്റെ കത്തുകൾ നോക്കി വായിച്ചു. .. നിന്റെ വീട്ടിൽ നിന്റെ പുസ്തകങ്ങളുമായി ഞാൻ കഴിച്ചു കൂട്ടി.
ഇതിനുവേണ്ടി ആയിരുന്നോ എന്നോർത്തപ്പോ ഞാൻ പിണങ്ങി. അതാ മോതിരം ഊരിയെടുത്തത്.
പക്ഷേ രാത്രിയിൽ നിനക്ക് പേടിയാണെന്ന് പറഞ്ഞു നീയെന്തിനാ മുറ്റത്ത് വന്നു കരഞ്ഞത്.
മോതിരം ഊരിയെടുക്കേണ്ടായിരുന്നു.
ഒരു കത്തി എടുത്തുകൊണ്ടു വാ നമുക്ക് രണ്ടു പേർക്കുംവാഴയിലയിൽ കിടക്കാമെന്നു പറഞ്ഞപ്പോൾ . ...
ഞാൻ പേടിച്ചില്ല.വരാൻ തുടങ്ങിയതുമാണ്.
പക്ഷേ അവരു പേടിച്ചു..
നീയവിടെ തനിച്ചാണെന്നു പറഞ്ഞു ഞാൻ ചങ്കു പൊട്ടി കരഞ്ഞു പറഞ്ഞിട്ടും
അവരാണ് അവരാണ് എന്നെ തടഞ്ഞത്.
എല്ലാ ദിവസവും പതിവ് തെറ്റിക്കാതെ നേരം വെളക്കുമ്പോൾ ഞാൻ നിന്റെ വീട്ടിൽ എന്നും വന്നിരുന്നു.
നിന്റെ ജൂലിയസ് സീസറും മാഗ്ബത്തും
ഒഥല്ലോയും...
കുമാരനാശാന്റെ കരുണയും.. ലിറ്റ്രറേച്ചറിന്റെ ഒട്ടുമുക്കാൽ ബുക്കുകളും ഞാൻ ഭ്രാന്തെടുത്ത് എടുത്തു കൊണ്ട് പോയി എന്റെ വീട്ടിൽ ഒളിപ്പിച്ചു... നീ പറഞ്ഞു തന്ന കഥകൾ ചൂണ്ടുവിരൽകൊണ്ട് തൊട്ടു കാണിച്ച വരികൾ. ..
മറ്റാരും എടുക്കാതിരിക്കാൻ..
മഴമൂടിയ... ഇരുട്ടുറങ്ങുന്ന ..പകലുകൾ
നിർത്താതെ പെയ്യുകയാണ് മഴ...
ഇന്ന് വീണ്ടും മെയ് മാസം. ..... ഞാൻ വെറുക്കുന്ന മെയ്.
ഒരിക്കലും എനിക്ക് സ്നേഹിക്കാനാവില്ല.... എന്റെ പ്രിയപ്പെട്ടതൊക്കെ നീ കവർന്നെടുത്തു.
മരണമേ...... വിജയിച്ചു രസിക്കുന്ന നിന്റെ കഴുത്തിൽ എനിക്കും ഒരു കുരുക്കിടണം.നോവ് നിന്നെയും അറിയിക്കണം.
ന്നിട്ട് എനിക്കും മരിക്കണം.
ന്റെ പ്രിയപ്പെട്ട നിനക്ക് ......ഞാനോർമിക്കുന്നില്ല എന്ന് അഭിനയിച്ചു ജയിച്ചു എന്റെ മനസ്സ്.
അതെന്നോടുതന്നെകള്ളം പറയുന്നു.
എന്റെ നിറമുള്ള ഇരുപത്തിനാലു വർഷങ്ങൾ ഇന്ന് പറയുന്നുണ്ട്.....
സൗഹൃദം അതു പ്രണയം പോലെ തന്നെ മനോഹരമായിരുന്നു.
ലിൻസി അരുൺ. 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo