Slider

വിവാഹ സങ്കൽപം

0
വിവാഹ സങ്കൽപം
********************
കല്യാണാലോചനകൾ തകൃതിയായി നടക്കുന്ന സമയത്താണ് എന്റെ ഭാവി വരനെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ വീട്ടുകാരോട് പറയേണ്ടിവന്നത്...
പെണ്ണു കാണാൻ വരുന്നവർക്കു മുന്നിൽ ഒരു കാഴ്ചപ്പണ്ടമായി ഞാൻ നിൽക്കില്ല എന്ന എന്റെ ഉറച്ചതീരുമാനത്തിൽ വീട്ടുകാർ ഒന്നു പതറിയെങ്കിലും എന്റെ സങ്കൽപത്തിലെ ചെക്കനെ കുറിച്ചറിയാൻ തന്നെ അവരും തീരുമാനിച്ചു...
ഉമ്മച്ചിയേയും ഉപ്പാനേയും 4 അനിയത്തിമാരും കേൾക്കേ ഞാനും പറഞ്ഞു തുടങ്ങി...
ഞാൻ കല്യാണം കഴിക്കാനാഗ്രഹിക്കുന്ന എന്റെ ഭർത്താവ് 5 ആൺകുട്ടികളുള്ള വീട്ടിലെ മൂത്തമകനായിരിക്കണം...
ആ വീട്ടിലെ ആദ്യ പെൺകുട്ടി ഞാനായിരിക്കണം...
ആ വീട്ടിലെ ഉമ്മാക്കും ഉപ്പാക്കും ഞാനൊരു മൂത്ത മകളായി മാറണം...
അവരുടെ സ്വന്തം മകളോടുള്ള സ്നേഹ വാൽസല്യം മതിവരുവോളം എനിക്കനുഭവിച്ചറിയണം...
അവന്റെ താഴേയുള്ള നാല് അനിയൻമാർക്കും ഞാൻ സ്നേഹ നിധിയായ ഒരു ഇത്താത്ത ആവണം...
എന്റെ സ്വന്തം അനിയത്തിമാരോട് ഞാൻ കാണിക്കുന്ന കളങ്കമില്ലാത്ത സ്നേഹവും കുസൃതികളും കളിയും ചിരിയും നിറഞ്ഞ നല്ല കൂട്ടുകാരിയായും എനിക്ക് അവരോട് പെരുമാറണം...
അവരുടെ എല്ലാ കാര്യങ്ങളും അവർ ആവശ്യപ്പെടാതെ തന്നെ ഉമ്മ അവർക്ക് ചെയ്തു കൊടുത്തിരുന്നതു പോലെ മുന്നിൽ നിന്ന് എനിക്ക് ചെയ്തു കൊടുക്കണം...
ഇത്താത്ത എന്ന സ്നേഹത്തോടേയുള്ള അവരുടെ വിളിയിൽ ആ വീട് നിറഞ്ഞു കവിഞ്ഞൊഴുകുന്ന ഒരു പുഴയാവണം....
ആ വീട്ടിലെ ജോലികളെല്ലാം ഒരു മടിയും കൂടാതെ ഒറ്റയ്ക്ക് ചെയ്തിരുന്ന ആ വീട്ടിലെ ഉമ്മയെന്ന വിളക്കിന് ഒരു താങ്ങും തണലുമാവണം...
ആ സ്നേഹ നിധിയായ ഉമ്മയ്ക്ക് പകരമാവണം എനിക്ക്...
ഗവൺമെന്റ് ജോലിക്കാരനല്ലേലും അദ്ധ്വാനിച്ച് കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ ഒരു മടിയും കൂടാതെ ചെയ്യാൻ കൽപ്പുള്ളവനാവണം....
കല്യാണം കഴിഞ്ഞ് ആദ്യ ദിനങ്ങൾ മുതൽ തന്നെ തന്റെ ഇല്ലായ്മകൾ പൊരുത്തപ്പെട്ട് ജീവിക്കാൻ പഠിപ്പിക്കുന്നവനാവണം...
വലിയ വീടും,, കാറും ഒന്നും ഇല്ലേലും ഒരു ഒാട് മേഞ്ഞ കുഞ്ഞു വീടാണേലും ആ വീട് കണ്ടാൽ അറിയണം ആ വീട്ടിലെ ആൾക്കാരുടെ ശുദ്ധ മനസ്സ്...
ഇല്ലായ്മകളും പോരമായ്കളും ഉണ്ടെങ്കിലും ആരുടെ മുന്നിലും അഭിമാനം അടിയറവ് വെക്കാത്തവനാവണം....
കല്യാണം കഴിഞ്ഞ് ഹണിമൂൺ ഊട്ടിയിലും,, മെെസൂരിലും,, ഗോവയിലും ഒക്കെ അടിച്ചു പൊളിച്ച് ആർമാദിക്കുന്നതിന് പകരം കുടുംബത്തോടൊപ്പം കോഴിക്കോട് ബീച്ചാണ് നമ്മുടെ മെെസൂർ കൊട്ടാരം എന്ന് ഒരു കള്ളച്ചിരിയോടെ പറയാനുള്ള നല്ല മനസ്സിന്റെ ഉടമയാവണം....
മുഖത്തിന് മൊഞ്ചില്ലേലും മനസ്സിന് പതിനാലാം രാവിന്റെ തിളക്കമുണ്ടാവണം...
ഖാദറിക്കാന്റെ തട്ടുകടയിലെ ചൂട് മസാല ദോശ കൊണ്ട് വന്ന്
ഫെെവ് സ്റ്റാർ ഹോട്ടലിലെ കോഴി ബിരിയാണ് എന്നു കരുതി കഴിച്ചോ എന്ന് പറഞ്ഞ് സ്നേഹത്താൽ ഒരു പുഞ്ചിരി സമ്മാനിക്കുന്നവനാവണം...
ആ ഓട് മേഞ്ഞ കുഞ്ഞു വീട്ടിലെ രാജകുമാരിയായി എനിക്ക് വാഴണം...
നാല് അനിയൻമാരുടെ ഇത്താത്തയായി ആ ഉമ്മയുടെ വലം കയ്യായി ആ ഉപ്പയുടെ സ്വന്തം മകളായി
തന്റെ നല്ല പാതിയുടെ ജീവന്റെ ജീവനായി ആ സ്വർഗ്ഗ വീടിന്റെ പടികടന്ന് ചെല്ലണം...
എല്ലാം കേട്ട് കഴിഞ്ഞ എന്റെ ഉപ്പയുടെ കണ്ണിൽ നിന്ന് എന്റെ കെെത്തടത്തിലേക്ക് ഒരു തുള്ളി കണ്ണുനീർ ഇറ്റി വീണു...
ഉമ്മ ഷാൾ കൊണ്ട് മുഖം പൊത്തി തേങ്ങിക്കരയുന്നു...
നാല് അനിയത്തിമാരും താത്തപ്പെണ്ണേ ഇജ്ജ്,ഞങ്ങളുടെ റോൾ മോഡലാടീ എന്ന് കരച്ചിൽ കടിച്ചമർത്തി ചിരിക്കാൻ ശ്രമിച്ചു എന്നെ കെട്ടിപ്പിടിക്കുന്നു...
തന്റെ കല്യാണപ്രായമെത്തിയ മകൾക്ക് നല്ല സാമ്പത്തികമുള്ള ഒരു പയ്യനെ മതിയെന്ന് ഇന്നലെ കൂടി ബ്രോക്കറോട് പറഞ്ഞേൽപിച്ച താൻ എന്ത് മനസാക്ഷിയില്ലാത്തവനാണ് എന്ന് സ്വയം വിലയിരുത്തിയതിന്റെ ലക്ഷണമാണ് എന്റെ കെെത്തടത്തിൽ വീണ ആ ഒരു തുള്ളി കണ്ണുനീർ...
ഇത്രയും കുടുംബത്തെ സ്നേഹിക്കാൻ കഴിയുന്ന മകളേ തന്ന പടച്ചവനോട് കരഞ്ഞു കൊണ്ട് സ്തുതിച്ചതാണ് ഷാൾ കൊണ്ട് മുഖം പൊത്തിയുള്ള ഉമ്മയുടെ ആ തേങ്ങിക്കരച്ചിൽ...
താത്തപ്പെണ്ണിന് ഞങ്ങളെ പോലെ കൂടപ്പിറപ്പുകളെ സ്നേഹിക്കുന്ന ആ വലിയ മനസ്സാണ് താത്തപ്പെണ്ണിന്റെ വിജയം എന്ന് മനസ്സാൽ നാല് പേരും പറഞ്ഞതാണ് ഞങ്ങൾക്ക് താത്തപ്പെണ്ണിന്റെ റോൾമോഡൽ ആയാൽ മതിയെന്നുള്ളത്.....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo