Slider

മോഹനന്‍ മുതലാളിയും

0

കൃത്യം അഞ്ചരക്ക് കമ്പനിയുടെ ബസ്സ്‌ പുറപ്പെടും... മോഹനന്‍റെ മൊബൈലില്‍ നാലരയ്ക്കാണ് ആദ്യത്തെ അലാറം ചിലയ്ക്കുന്നത്,
അപ്പോള്‍ വൈക്ലബ്യത്തോടെ വിരിയിക്കുന്ന കണ്ണുകള്‍ മനസ്സറിയാതെ വീണ്ടുമടയുന്നതൊരു പതിവാണ്,
കുറച്ചു കഴിയുമ്പോള്‍ "നീയിന്നു പണിക്കുപോകുന്നോ ഇല്ലിയോ എന്നിപ്പം പറഞ്ഞോണമെന്നുള്ള" നാലേമുക്കാലിന്‍റെ ഭീഷണിയലാറത്തെ ഞെട്ടലോടെ
കേട്ട് ബ്ലാങ്കെറ്റിനുള്ളില്‍നിന്നു പുറത്തേക്കു ചാടി കൈലിമുണ്ടും വാരിച്ചുറ്റിയോടുമെങ്കിലും 
ബാത്ത്റൂമിന്‍റെ വാതുക്കല്‍ ചെന്ന് തല ഭിത്തിയിലേക്ക്‌ താങ്ങി വീണ്ടും ഉറക്കത്തിലേക്കു പോകുന്നതു കാണാം. ബാത്ത്റൂമിന്‍റെ കൊളുത്തു നീങ്ങുന്ന ശബ്ദം ഞെട്ടിയുണര്‍ത്തിച്ച് അകത്തോട്ടെടുത്താല്‍ തിരിച്ചിറങ്ങുന്ന മോഹനന് പിന്നെ കാര്യങ്ങള്‍ ചടപടേന്നാണ്....
ഇതിനിടയ്ക്ക് തലചരിച്ചുപിടിച്ച് തോളില്‍ മൊബൈല്‍ഫോണ്‍ വെച്ച് നാട്ടിലേക്ക് വിളിച്ചുകൊണ്ട് തിടുക്കത്തില്‍ ഡ്യൂട്ടിക്കുപോകാനുള്ള ഒരുക്കം .....
കഴിഞ്ഞദിവസം മോഹനന്‍ വിളിക്കുമ്പോള്‍ സഹമുറിയന്‍മാര്‍ ഞെട്ടലോടെയാണതു കേട്ടുനിന്നത് :-
"കൊച്ചുമക്കളുടെ ആഗ്രഹവാണെന്നുംപറഞ്ഞ് അമ്മാവന്‍ വന്ന് ആനയെ കൊണ്ടുപോയെങ്കില്‍ കൊണ്ടുപൊക്കോട്ടെ .....നിനക്ക് തടയാന്‍പറ്റുവോ ???
ഇല്ലല്ലോ ??
അമ്മ തടയില്ലന്നെന്നിക്കറിയാം...... പുന്നാരയാങ്ങളയല്ലിയോ ?? ലോറിഎടുത്തോളാനല്ലേ അളിയനോട് ഞാന്‍ പറഞ്ഞത്?? എന്നിട്ട് കാറുംകൂടെ കൊണ്ടുപോയെന്നോ?? എന്നാപ്പിന്നെ ആ ജെ സീ ബീം കൂടെ അങ്ങ് കൊണ്ടുപോകാന്‍ പറയടീ ആ നാശത്തിനോട്...... എല്ലാംകൂടെ വേണവന്നുള്ള ആര്‍ത്തിയല്ല്യോ എല്ലാത്തിനും....ഇതൊന്നും ദൈവം പൊറുക്കില്ലകേട്ടോ... പറഞ്ഞേര് "
എനിക്ക് നിന്‍റെ ഒരു വിശദീകരണോം കേള്‍ക്കണ്ട.... പറയുമ്പോ എല്ലാർക്കും ഞാൻ ഗൾഫുകാരനാ, നാടും വീടും വിട്ട് ഇവിടെ വന്നു കിടക്കുന്നവർക്കേ ദണ്ണം മനസ്സിലാവത്തൊള്ള്....,എല്ലാരോടുമൊന്നു പറഞ്ഞേര് വളര്‍ന്നുവരുന്ന രണ്ടുപിള്ളാര് നമുക്കുമുണ്ടെന്ന്...
വെക്കുവാ..... പണിക്കുപോകാന്‍ സമയവായി......കാര്യങ്ങളൊക്കെ എന്തുചെയ്യണവെന്നു വന്നിട്ട് ഞാന്‍ പറയാം.....
ഇതെല്ലാം കേട്ട് ഞെട്ടിക്കൊണ്ട് പുറത്തേക്കുതള്ളിയ കണ്ണുമായി സഹമുറിയന്‍ ചോദിച്ചു :-
"ഡാ മോഹനാ, നീയാള് കൊള്ളാവല്ലോ ?? ഇത്രെയൊക്കെ മൊതലുണ്ടായിട്ടാണോ ഈ മൂട്ടകടീംകൊണ്ട് ഇവിടെവന്നു കിടക്കുന്നത് ? "
"ഒള്ളവന് പിന്നേം ആര്‍ത്തിയല്ലിയോ "... പിറകെ വേറൊരുത്തന്‍റെ പഞ്ച് ഡയലോഗ്......
മോഹനന്‍ കാലില്‍ സോക്സ് വലിച്ചുകയറ്റിക്കൊണ്ട് രണ്ടുപെരേം മാറിമാറിയൊന്നു നോക്കി.... :-/
"ഏത് മൊതലിന്‍റെ കാര്യവാ" ?? കഴിഞ്ഞാഴ്ച്ച നാട്ടിലോട്ടുപോയ ഹരിയുടെകയ്യില്‍ ഞാന്‍ സാധനം കൊടുത്തുവിട്ടതില്‍ കുറച്ചു കളിപ്പാട്ടോവില്ലാരുന്നോ??
അതിന്‍റടി നടക്കുവാ അവിടെ ".....‍ വന്നിട്ട് വേണം അതിനൊരു തീരുമാനമുണ്ടാക്കികൊടുക്കാന്‍....
--------------------------------------------------------------
കതകുംപൂട്ടി അഞ്ചരക്കുള്ള ബസ്സു പിടിക്കാനായി ആ ഗള്‍ഫുകാര്‍ ഓടുകയാണ്....ചിരി സഹിക്കാന്‍ വയ്യാതെ കൂട്ടുകാരും, കലിപ്പ് തീരാതെ മോന്തായം ഗൌരവത്തിലാക്കി ''മോഹനന്‍ മുതലാളിയും" ....... :-D
---------------------------------------------------------------
സന്തോഷ്‌ നൂറനാട്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo