Slider

കഴുകന്‍

0
Image may contain: 1 person, beard, selfie and closeup 

രമ്യ എന്ന പെണ്‍കുട്ടിയെ ഒരു വികലാംഗൻ പരസഹായമില്ലാതെ ഓടുന്ന ട്രെയിനിൽ വെച്ച് ബലാത്സംഗം ചെയ്തു കൊന്നു എന്ന് പറയുന്നത് യുക്തിക്ക് നിരക്കാത്ത ഒരു കാര്യമാണ്. അതുകൊണ്ട് തന്നെ എന്റെ പ്രതി പൊന്നുചാമിയെ നിരുപാധികം വിട്ടയക്കണമെന്ന് ഈ കോടതിയോട് ഞാന്‍ താഴ്മയായി അപേക്ഷിക്കുന്നു"
കോടതിയില്‍ വക്കീലിന്റെ വാദം തകര്‍ത്തു. പൊന്നുചാമി എന്ന പക്ക ക്രിമിനലെ പുഷ്പം പോലെ അയാള്‍ രക്ഷപ്പെടുത്തി.
പൊന്നുചാമിയെ മാത്രമല്ല, അറുപതു വയസ്സായ മുത്തശ്ശിമാരെ മുതല്‍ സ്കൂളില്‍ പഠിക്കുന്ന പിഞ്ചു കുഞ്ഞുങ്ങളെ വരെ മൃഗീയമായി പിച്ചി ചീന്തിയ മനുഷ്യന്റെ മുഖമുള്ള പല പേപ്പട്ടികൾക്കും ആ വക്കീല്‍ ഒരു രക്ഷകനായിരുന്നു. അയാള്‍ക്ക് അതൊരു ഹരമായിരുന്നു.
പൊന്നുചാമി ജയിൽ മോചിതനായ രാത്രി വക്കീലിന് വേണ്ടി അയാള്‍ ഗംഭീര പാര്‍ട്ടി തന്നെ ഒരുക്കി. വക്കീലിന്റെ വീടിന് പുറത്ത് മിനി ബാര്‍ തന്നെ ഒരുക്കി അവര്‍. താന്‍ ചെയ്ത് വീര ശൂര പരാക്രമണങ്ങളെ പറ്റി പറഞ്ഞ് അയാള്‍ പൊട്ടിച്ചിരിച്ചു, കൂടെ വക്കീലും. അവരുടെ സംസാരം വീട്ടിനകത്തുള്ള ഭാര്യയും അഞ്ചു വയസ്സുകാരി മകളും കേട്ടുനിന്നു.
പാര്‍ട്ടി അവസാനിച്ചപ്പോൾ ഏകദേശം നേരം വെളുത്തിരുന്നു. പൊന്നുചാമിയെ കെട്ടിപ്പിടിച്ച് ഒരു ഉമ്മയും കൊടുത്ത് യാത്രയാക്കി വക്കീല്‍ ആടിയാടി വീട്ടില്‍ കയറി. അപ്പോഴും ഭാര്യ ഉറങ്ങാതെ കാത്തിരിക്കുന്നുണ്ടായിരുന്നു. മകള്‍ നല്ല ഉറക്കമാണ്
" എന്തിനാ വക്കീലേ, ഇങ്ങനെയുള്ള ദൈവത്തിന് നിരക്കാത്ത കാര്യങ്ങള്‍ ചെയ്യുന്നത്. ആ രമ്യയുടെ വീട്ടുകാരെ കുറിച്ച് ഒന്ന് ആലോചിച്ചു നോക്കിയേ..? അവര്‍ക്ക് നീതി ലഭിക്കേണ്ടേ..? ഇവനെപോലുള്ള കഴുകന്‍മാരെ രക്ഷിക്കുന്നതിനു പകരം അങ്ങനെയുള്ള പാവങ്ങൾക്ക് വേണ്ടി വാദിച്ചൂടേ"
" എടീ, ആ പാവങ്ങൾക്ക് വേണ്ടി വാദിച്ചാൽ എനിക്കാരാ ലക്ഷങ്ങള്‍ പ്രതിഫലമായി തരിക..? ഇത്രയും പ്രശസ്തി എവിടുന്നാ കിട്ടുക..? പെണ്‍കുട്ടികളുടെ മാനം കാക്കേണ്ടത് അവര്‍ തന്നെയാണ്, അല്ലാതെ കോടതിയിലിരിക്കുന്ന വക്കീലൻമാരല്ല. പൊന്നുചാമി ഇനിയും പീഡിപ്പിക്കും അവന് വേണ്ടി ഞാന്‍ ഇനീം വാദിക്കും. നീ നിന്റെ പണി നോക്കി പോടീ"
ഇത്രയും പറഞ്ഞ് അയാള്‍ ബെഡിലേക്ക് വീണു.
പൊന്നുചാമിയുടെ കേസോടു കൂടി വക്കീല്‍ കൂടുതല്‍ പ്രശസ്തനായി. പെറ്റമ്മയെ പീഡിപ്പിച്ച മകന്‍ മുതല്‍ ജന്മം നല്‍കി മകളെ വലിച്ചു കീറിയ അച്ഛന്‍മാർവരെ അയാളുടെ ഓഫീസിന് മുന്നില്‍ നീണ്ട നിരയായി നിന്നു. ആഡംഭര വാഹനങ്ങളും, കോടികള്‍ വിലമതിക്കുന്ന വില്ലകളും അയാള്‍ വാങ്ങിക്കൂട്ടി.
ഓഫീസിലെ തിരക്കിനിടയിൽ ഒരുദിവസം വൈകുന്നേരം ഭാര്യയുടെ നിറുത്താതെയുള്ള ഫോണ്‍ വിളി കാരണം മനസ്സില്ലാ മനസ്സോടെ അയാള്‍ ഫോണെടുത്തു
" വക്കീലേ, സ്കൂള്‍ വിട്ട് മോൾ ഇതുവരെ എത്തിയില്ല. എനിക്കെന്തോ പേടി തോന്നുന്നു"
" അവള് എവിടെ പോവാനാ..? ഇപ്പോ വരും"
ഇത്രയും പറഞ്ഞ് വക്കീല്‍ ഫോണ്‍ കട്ട് ചെയ്തു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ വീണ്ടും ഭാര്യയുടെ കോള്‍
" മോൾ എത്തിയോടീ..?"
മറുതലക്കൽ പൊട്ടികരഞ്ഞുകൊണ്ട് ഭാര്യ
" ഇല്ല, എന്റെ മോൾ..."
ഉടന്‍ തന്നെ കാറെടുത്ത് വക്കീല്‍ വീട്ടിലേക്ക് പോയി. വക്കീലിനെ കണ്ടതും ഭാര്യ ഓടിവന്ന് കെട്ടിപ്പിടിച്ചു. സമയം രാത്രി ആയിരിക്കുന്നു. വക്കീലിന് ആകെ പരിഭ്രാന്തിയായി. അയാള്‍ ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു.
അർദ്ധരാത്രി പോലീസ് സ്റ്റേഷനില്‍ നിന്നും വക്കീലിന് കോള്‍ വന്നു. മോളുടെ സ്കൂളിനോട് ചേര്‍ന്നുള്ള റെയില്‍വേ ട്രാക്കിൽ എത്താന്‍ പറഞ്ഞു.
അവിടെ അയാള്‍ കണ്ട കാഴ്ച!!! താൻ ജന്മം നല്‍കിയ തന്റെ പൊന്നു മോൾ ഒരു ചാക്കിനാൽ മൂടപ്പെട്ട് കിടക്കുന്നു. മൃഗീയമായി, പൈശാചികമായി പീഡിപ്പിച്ച് കൊന്നു തള്ളിയ തന്റെ മകളുടെ മുന്നില്‍ മുട്ടുകുത്തിയിരുന്ന് അയാള്‍ ഒരു ഭ്രാന്തനെപോലെ അലറിക്കരഞ്ഞു.
രണ്ടു ദിവസങ്ങൾക്ക് ശേഷം തന്റെ മകളുടെ ഘാതകനായ പൊന്നുചാമിയെ പോലീസ് അറസ്റ്റ് ചെയ്യുന്ന ദൃശ്യം തകർന്ന നെഞ്ചോടെ ടിവിയില്‍ കാണുമ്പോള്‍, മകളുടെ രണ്ട് കൂട്ടുകാരികള്‍ അയാളുടെ അടുത്ത് വന്നു. തങ്ങളുടെ കയ്യില്‍ ചുരുട്ടി വെച്ചിരുന്ന കുറച്ച് നാണയതുട്ടുകൾ അയാള്‍ക്ക് നേരെ നീട്ടി
" ന്നാ അങ്കിളേ മേടിച്ചോ, അങ്കിളിനെ കുറിച്ച് മോള് എപ്പോഴും പറയാറുണ്ട്. കാശിനും പ്രശസ്തിക്കും വേണ്ടി എന്തും ചെയ്യുമെന്ന്. അങ്കിള് ഈ കാശ് മേടിക്കണം എന്നിട്ട് സ്വന്തം മകളെ കൊന്നവന് വേണ്ടി കോടതിയില്‍ വാദിക്കണം. ഞങ്ങള്‍ തന്ന കാശ് കുറവാണെങ്കിലും, പ്രശസ്തി കൂടും അങ്കിളിന്"
ഇത്രയും പറഞ്ഞ് തങ്ങളുടെ കയ്യിലുള്ള നാണയതുട്ടുകൾ അയാളുടെ മുന്നിലുള്ള ടേബിളിൽ വെച്ച് അവര്‍ നടന്നു നീങ്ങി.
സിനാസ് സിനു
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo