Slider

പ്രേമേച്ചി

0
Image may contain: 1 person, closeup and outdoor

രണ്ട് അനിയന്മാരെയും, ഒരനിയത്തിയേയും ചേർത്ത് പിടിച്ച് കരഞ്ഞ് കലങ്ങിയ കണ്ണുമായി പ്രേമേച്ചി ഒരു കൊച്ച് വെളുപ്പാൻ കാലത്ത് ഞങ്ങൾ താമസിക്കുന്ന തറവാട്ട് വീട്ടിലേക്ക് വന്ന കഥ അമ്മ പറഞ്ഞ് തന്നത് ഓർമ്മയുണ്ട്.
വല്യഛനും കുടുംബവും തറവാട് വീടിന് അര കിലോമീറ്റർ മാറിയാണ് താമസം. അന്ന് രാത്രിയിൽ എന്തോ കശപിശയുണ്ടായി വെളുപ്പിന് 4 വയസ്സ് മാത്രം പ്രായമുള്ള നാലാമത്തെ മകനേയും കൂട്ടി സ്വന്തം വീട്ടിലേക്ക് പിണങ്ങി പോയി.നേരം പുലർന്നപ്പോൾ മദ്യാസക്തിയിൽ മറ്റു മക്കളോട് " നിങ്ങളും പോയ്ക്കോ എവിടേക്കെങ്കിലും ", എന്ന് പറഞ്ഞപ്പോൾ അവർക്ക് പോകാൻ ആകെ ഉണ്ടായിരുന്നത് തറവാട് വീട് മാത്രമായിരുന്നു.
അങ്ങനെ തറവാട്ട് വീട്ടിൽ ഞങ്ങൾ മൂന്നും നാലും ചേർന്ന് 7 മക്കളായി. ഏറ്റവും മൂത്തത് സീമേച്ചിയായിരുന്നു. ചെറുപ്പത്തിൽ തന്നെ നല്ല നിശ്ചയദാർഡ്യവും, വാശിയും ആരേയും കൂസാത്ത പ്രകൃതവുമായിരുന്നു.അതു കൊണ്ട് തന്നെ ഞങ്ങൾക്കെല്ലാം പ്രേമേച്ചിയെ വല്ലാത്ത പേടിയുണ്ട്. എന്നാൽ ശാസിക്കുന്നതിനോടൊപ്പം സ്നേഹിക്കാനുമറിയാം ചേച്ചിക്ക്.
നന്നായി പഠിക്കുമായിരുന്ന ചേച്ചി കുടുബത്തിലെ എന്നല്ല ആ പ്രദേശത്തെ തന്നെ ആദ്യത്തെ MA ബിരുദധാരിയായിരുന്നു. എട്ടും പത്തും കിലോമീറ്ററുകൾ നടന്ന് ചിമ്മിണി വെളിച്ചത്തിൽ പഠിച്ച് മിടുക്കിയായി വളർന്നു.മുഖത്ത വലിയ ഫ്രെയിമുള്ള കണ്ണടയും, ചുവന്ന ബ്ലൗസ്സും, പുള്ളികൾ ഉള്ള നീളൻപാവാടയും ഉടുത്ത് കയ്യിൽ ഒരു കെട്ട് പുസ്തകവും, ഉച്ചയ്ക്കുള്ള ഭക്ഷണ പൊതിയുമായി പോകുന്ന പ്രേമേച്ചിയുടെ ചിത്രം ഇപ്പോഴും മനസ്സിൽ മായാതെയുണ്ട്. കോളേജ് വിട്ട് വന്ന് കുട്ടുകാരികളായ, പുഷ്പമാരുടെയും, റാണിയുടെയും കഥകൾ എന്റെ അമ്മയോട് പറയുന്നത് കേൾക്കാറുണ്ട്.
പ്രേമേച്ചിയുടെ വിവാഹം കുറച്ച് വടക്കുള്ള ഒരു സ്ക്കൂൾ മാഷുമായി ഉറപ്പിച്ചു.അന്ന് തൊട്ട് വല്യമ്മയുടെ വീട്ടുകാർ കലിപ്പിലായി.അവർ ഞങ്ങളുടെ അടുത്ത ബന്ധുക്കൾ ആണ്. അവരോടൊന്നും പറയാത്തത് അവർക്ക് ഇഷ്ട്ടപ്പെട്ടില്ല. അതിന് കാരണവും ഉണ്ട്. വരന്റെ വീട്ടുകാരോട് 'അമ്മയില്ല.' എന്നാണ് പറഞ്ഞ് വച്ചത്. കല്യാണദിവസം അവർ രണ്ട് മൂന്ന് വാഹനങ്ങളിൽ കല്യാണം കൂടാൻ വന്നെങ്കിലും അവർക്ക് അമ്പലം മാറിപ്പോയതിനാൽ വലിയൊരു വഴക്ക് ഒഴിവായി.
അമ്മ ഇടയ്ക്കിടെ ചോദിക്കും
" മോളെ അമ്മയെ തിരികെ വിളിച്ചു കൊണ്ടുവന്നുടേന്ന്... "
അപ്പോഴേക്കെ പ്രേമേച്ചിയുടെ മുഖത്ത് ഒരു തരം അറപ്പാണ് കാണാറ്.
" എളയമ്മേ നാലു മക്കളെ കളഞ്ഞ് പോയതാണ്, അമ്മ എന്ന സാധനം. ഇതു വരെ തിരിഞ്ഞു നോക്കിയോ.?. എന്റെ ജീവിതത്തിൽ അങ്ങനെ ഒരു വാക്കില്ല എളയമ്മേ.."അങ്ങനെയാണ് പ്രേമേച്ചി.
പലപ്പോഴായി വല്യമ്മയെ തിരിച്ചുവിളിക്കാൻ പല ബന്ധുക്കളും ശ്രമിച്ചപ്പോഴേല്ലാം വല്യച്ചൻ പറഞ്ഞത്
'' പ്രേമ പറയട്ടേ" എന്നാണ്. ഒട്ടുമിക്ക ആൾക്കാരും അനുകൂല നിലപാട് എടുത്തപ്പോഴും പ്രേമേച്ചിയുടെ ഒരിക്കലും ഉണങ്ങാത്ത മുറിവിനെ മറികടക്കാൻ അവർക്കൊന്നുമായില്ല.പ്രേമേച്ചി കരയുന്നത് ഞാനിതുവരെ കണ്ടിട്ടില്ല.
വേക്കഷന് നാട്ടിൽ പോകുമ്പോഴോക്കെ ഒരു ദിവസം പ്രേമേച്ചിയുടെ വീടിനായി മാറ്റിവെക്കും. അവരുടെ കൈ പുണ്യം ആവോളം ആസ്വദിച്ചേ ഞാൻ മടങ്ങാറുള്ളൂ. ഒരു പക്ഷെ എനിക്ക് ഏറ്റവും ബഹുമാനവും, കുറച്ച് അല്ല കുറച്ചല്ല നല്ല പേടിയുള്ള ഒരേ ഒരാൾ പ്രേമേച്ചിയാണ്.
പ്രേമേച്ചിക്കുള്ള ആകെയുള്ള സങ്കടം ഒരു സർക്കാർ ജോലി ആയിരുന്നു. MA കഴിഞ്ഞ് ബിഎഡ് ഒക്കെ എടുത്തിട്ടും അന്നത്തെ കാലത്ത് ഒരു ജോലി കിട്ടിയില്ല. ഇപ്പോൾ പ്രശസ്തമായ ഒരു മാനേജ്മെന്റ് സ്ക്കൂളിൽ അധ്യാപികയാണ്. ഭർത്താവ് ഹെഡ്മാസ്റ്ററായി റിട്ടയർ ചെയ്തു. ഇപ്പോൾ ഒരു പ്രൈവറ്റ് സ്ക്കൂളിന്റെ പ്രിൻസിപ്പൽ ആണ്. സ്വസ്തം അവരുടെ ജീവതം.

By: James Vinod TK
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo