
ഡിസംബർ 31, 2016 ... സമയം വൈകിട്ട് ഏകദേശം നാല് മണിയൊക്കെ ആയപ്പോഴാണ് ആ മെസേജ് ഫോണിൽ വന്നത്.ന്യൂയർ ആഘോഷിക്കാൻ ബുർജ് അൽ അറബ് ഹോട്ടലിൽ എത്തണമെന്നായിരുന്നു അത്. അമ്പരപ്പാണ് തോന്നിയത്.. മെസേജ് വന്ന നമ്പർ കൗതുകകരമായിരുന്നു 2017 എന്നതായിരുന്നു അത്!
കൗതുകത്തിനാണെങ്കിലും ഒന്ന് പോയി നോക്കാൻ തന്നെ തീരുമാനിച്ചു. അങ്കലാപ്പോടെയാണ് കയറിച്ചെന്നത്. കാര്യം പറഞ്ഞപ്പോൾ റിസപ്ഷനിലിരുന്ന ചുവന്ന ഗൗണിട്ട സുന്ദരി മനോഹരമായി പുഞ്ചിരിച്ച് കൊണ്ട് കാത്തിരിക്കാൻ അറിയിച്ചു.. അൽപം കഴിഞ്ഞപ്പോൾ കറുത്ത സ്യൂട്ട് ധരിച്ച യന്ത്ര മനുഷനെ പോലെ ഒരാൾ വന്നു. യൂ ഹാവ് മെസേജ് ? ഒരു വികാരവുമില്ലാതെ അയാൾ എന്നെ നോക്കി... ഞാൻ ഫോൺ കാണിച്ച് കൊടുത്തു. പിന്തുടരാൻ ആംഗ്യം കാണിച്ച് അയാൾ നടന്നു.
ലിഫ്റ്റ് കയറി ഏറ്റവും മുകൾ നിലയിലെത്തി കാണും.. മനോഹരമായ ഒരു മുറിയിൽ എന്നെയാക്കി അയാൾ എങ്ങോട്ടോ പോയി.. ഞാൻ നോക്കിയപ്പോൾ കടലിനഭിമുഖമായ വലിയ ജനാലക്കടുത്ത് വെള്ള വസ്ത്രം ധരിച്ച ഒരാൾ ഇരിക്കുന്നു. തിരിഞ്ഞ് നോക്കാതെ തന്നെ അദ്ദേഹം എന്നെ പേരെടുത്ത് വിളിച്ച് സ്വാഗതം ചെയ്തു. പകച്ച് നിന്ന എനിക്ക് നേരെ മുഖം തിരിച്ചപ്പോൾ എന്താ ഒരു മൊഞ്ച്.പൂർണ്ണ ചന്ദ്രനെ പോലെ.. വിഭവ സമൃദ്ധമായ ഭക്ഷണത്തിന് ശേഷം അദ്ദേഹം എന്നെയും കൂട്ടി ബുർജ് അൽ അറബിനെറ മുകളിലെത്തി. അപ്പോഴേക്കും 12 AM ആവാനായിരുന്നു .. പിന്നെ മൂപ്പർ എന്റ കയ്യും പിടിച്ച് ഒറ്റപ്പറക്കലായിരുന്നു..
അങ്ങനെ ബുർജ് ഖലീഫേലെ വെടിക്കെട്ടും... അറ്റ്ലാന്റിസിലെ വെടിക്കെട്ടും ... തൊട്ട് താഴെ ബുർജ് അൽ അറബിലെ വെടിക്കെട്ടും ആകാശത്തൂന്ന് കൺകുളിർക്കെ ഞാനങ്ങ് കണ്ടു. എല്ലാം കഴിഞ്ഞപ്പോഴാണ് പറയുന്നത് മൂപ്പർ ഒരു വലിയ ജിന്നാണെന്നും എല്ലാ കൊല്ലോം ഒരു മനുഷ്യനെ ഇങ്ങനെ ഭാഗ്യവാനായി തിരഞ്ഞെടുക്കുമെന്നും.. അത് മാത്രമല്ല എന്റെ ഏറ്റവും വലിയ ഒരാഗ്രവും മൂപ്പർ സാധിച്ച് തരുമത്രെ...
ആകാശത്ത് പറന്ന് കൊണ്ട് അന്തവും കുന്തവുമില്ലാതെ കുറെ ഞാനങ്ങ് ആലോചിച്ചു... അവസാനം തലയിൽ ബൾബ് കത്തി.. ജിന്നിനെ നോക്കി ഒരു കാച്ചങ്ങ് കാച്ചി... ഇങ്ങൾടെ ശക്തിയൊക്കെ എനിക്ക് കിട്ടണം...! ജിന്ന് എന്നെ രൂക്ഷമായൊന്ന് നോക്കി... അറബീൽ എന്തൊക്കോ പറഞ്ഞു... അതെനിക്ക് മനസ്സിലായില്ല... എന്നിട്ടാ ദുഷ്ടൻ ആകാശത്ത് വെച്ച് എന്റെ കൈവിട്ട് പറന്ന് കളഞ്ഞു.. പോണ പോക്കിൽ നീയൊന്നും ഒരിക്കലും നന്നാവൂല ടാ എന്ന് പച്ച മലയാളത്തിൽ പറയുന്നുണ്ടായിരുന്നു...
ജിന്ന് കൈവിട്ടതോടെ ഒരു പിടുത്തോം ഇല്ലാണ്ട് താഴോട്ടൊരു പോക്കാണ്..പടച്ചോനെ.... ഇങ്ങൾ കാത്തോളിന്ന് പറഞ്ഞ്... നോക്കിയപ്പോൾ കട്ടിലിൽ നിന്ന് താഴെ വീണ് കിടക്കുകയാണ്. ഫോൺ എടുത്ത് നോക്കിയപ്പോൾ 2016 ഡിസംബർ 31 ആയിട്ടെ ഉള്ളൂ...
അന്നത്തോടെ ഒരു കാര്യം മനസ്സിലായി... നമ്മൾക്ക് എത്രയൊക്കെ ഭാഗ്യം ലഭിച്ചാലും ഇനിയും കിട്ടാനുള്ള ആർത്തി കൂടത്തേ ഉള്ളൂ.. സഹായിക്കുന്നവന് പാര വെക്കുന്ന പരിപാടി എന്ന് നിർത്തുന്നോ അന്ന് ഗുണം പിടിക്കും..പ്രശസ്ത ഉട്ടോപ്യൻ കവി ഷിയലി പൂച്ചക്കുലാലി പറഞ്ഞ പോലെ..
"സ്ലീഗു ലീ ഷ്യാ പാര.. സീ യാ ല ഹീ ഗുണം കട്ടപ്പൊഹ ലീ... "
ന്താ ലെ.....
By: Younus Muhammed
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക