
കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ എനിക്കൊരു ഉശിരൻ കൂട്ടുകാരനെ കിട്ടി. 1975 മോഡൽ പഴയൊരു റോയൽ എൻഫീൽഡ് ബുള്ളറ്റ്. ഇവനെ ഞാൻ മോഹിച്ച് വാങ്ങിയതൊന്നുമല്ല തലയിൽ ആയിപ്പോയതാണ്. ആ കഥ പിന്നീട് പറയാം.. ബുള്ളറ്റിന്റെ തലയെടുപ്പും ആകാര വടിവും ഇഷ്ടമില്ലാത്തവർ കുറവായിരിക്കും.. എനിക്കും ഇഷ്ടമായിരുന്നു.. എന്നാൽ ഓടിക്കണമെന്നോ സ്വന്തമാക്കണമെന്നോ വലിയ ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല.
പഴയ ബുള്ളറ്റ് ഓടിച്ചവർക്കറിയാം ഗിയറും ബ്രേക്കും നേരെ തിരിഞ്ഞിട്ടാണ്.. ന്യൂട്രലിനായി പ്രത്യേകം ഗിയറുണ്ട്. സ്റ്റാർട്ട് ചെയ്യണമെങ്കിൽ ആമ്പിയർ ഒക്കെ ശരിയാക്കി വേണം കിക്ക് ചെയാൻ. ഇതൊന്നും ശീലമല്ലാത്തത് കൊണ്ട് ആദ്യ ദിവസങ്ങളിൽ ഇവനെ കൊണ്ട് നടക്കാൻ ശരിക്കും കഷ്ടപ്പെട്ടു.
ചവിട്ടി ചവിട്ടി..കിക്കർ ഊരി താഴെ വീണതും കയറ്റം കയറുമ്പോൾ അറിയാതെ ന്യൂട്രലായി പിറകോട്ട് ഉരുണ്ട് വീഴാൻ പോയതും ലൈറ്റ് സ്വിച്ച് കേടായി രാത്രി മൊബൈൽ ഫ്ലാഷ് അടിച്ച് പോരേണ്ടി വന്നതുമൊക്കെ ചില കദന കഥകൾ മാത്രമാണ്. ബ്രേക്കാണെന്ന് കരുതി ഗിയറും.. ഗിയറാണെന്ന് കരുതി ബ്രേക്കും ചവിട്ടി ഞാൻ ഒരു പരുവമായി. ബുള്ളറ്റ് ഓടിച്ച് വിയർത്ത് കുളിച്ച് വന്ന് മട മടാ വെള്ളം കുടിക്കുമ്പോൾ വീട്ടുകാർ അത്ഭുതത്തോടെ നോക്കും.
അങ്ങനെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ എനിക്കൊരു വലിയ തിരിച്ചറിവുണ്ടായി.. ഈ പഴയ ബുള്ളറ്റ്,ജീപ്പ് ഒക്കെ ഓടിക്കണമെങ്കിൽ വെറുതേ ബലം പിടിച്ചിട്ട് കാര്യമില്ല. ഞങ്ങടെ ഭാഷേൽ പറഞ്ഞാൽ എല്ലാം ഒരു ഞേക്കാണ്.. ആ ഞേക്ക് കിട്ടിയപ്പോൾ എല്ലാ പ്രശ്നവും മാറി. ആമ്പിയർ അഡ്ജസ്റ്റ് ചെയ്ത് പതിയെ കിക്ക് ചെയ്യുമ്പോൾ എഞ്ചിൻ സ്റ്റാർട്ട് ആവുന്ന ഒരു ശബ്ദമുണ്ട്.. ഹൊ.. കുളിര് കോരും... പിന്നെ കൂളായിട്ടങ്ങ് പട.. പട.. ശബ്ദത്തിൽ ഓടിച്ച് പോവുമ്പോൾ എല്ലാവരും നമ്മളെ നോക്കുന്നത് പോലെ ചുമ്മാ തോന്നും.. മുലകുടി മാറാത്ത പീറ പിള്ളേർ വരെ സാധാരണ ബൈക്കിൽ ചീറിപ്പായുമ്പോൾ അങ്ങനെ നിസാരമായിട്ട് ആർക്കും ഇവനെ ഓടിക്കാൻ പറ്റില്ല എന്നതാണ് വലിയ കാര്യം.. ഒരു പാട് ഘടാകടിയൻ പഴയ ബുള്ളറ്റ് പ്രേമികളെ പരിചയപ്പെടാനും പറ്റി.
അറിയും തോറും ബുള്ളറ്റിനെ കൂടുതൽ ഇഷ്ടമാവുകയായിരുന്നു. ഇടക്ക് ഇത്തയുടെ ആക്ടീവ ഒക്കെ ഓടിച്ചപ്പോൾ പുച്ഛം തോന്നി.. അതൊക്കെ ഒരു വണ്ടിയാണോ.. ഇങ്ങനെ രാജകീയമായി വിലസുന്ന സമയത്തൊക്കെ നമ്മുടെ ആളോട് എന്നും ചാറ്റിംഗ് ഉണ്ട്.ഒരിക്കൽ ചോദിച്ചു.. ഇക്കയുടെ ബൈക്ക് ഏതാണെന്ന്.. റോയൽ എൻഫീൽഡ് ബുള്ളറ്റ് എന്ന് ഞാൻ ഗമയിലങ്ങ് തട്ടി വിട്ടു.
അങ്ങനെയിരിക്കെയാണ് വേറൊരിടത്ത് പോവും വഴി അവളും കൂട്ടുകാരികളും എന്റെ നാട്ടിൽ വരുന്നുണ്ടെന്ന് പറഞ്ഞത്.കൂട്ടുകാരികളെ നൈസായി ബീച്ചിലോ മറ്റോ തട്ടി ബൈക്കിൽ കറങ്ങാനൊക്കെ ഭയങ്കര പ്ലാനിംഗ് ഞങ്ങൾ നടത്തി. അന്ന് അവളെ കൂട്ടാൻ പോവുമ്പോൾ ബുള്ളറ്റിന്റെ ടാങ്കിൽ പതുക്കെ തട്ടി ഞാൻ പറഞ്ഞു.. മോനേ... ഇന്നത്തെ റൈഡ് കലക്കണം.. അവൻ അനുസരണയോടെ പതുക്കെ ഒന്ന് മുരണ്ടു..
കൂട്ടുകാരികളെ വിദഗ്ദമായി ഒഴിവാക്കി ഞങ്ങൾ ബൈക്കെടുക്കാൻ പാർക്കിംഗ് ലോട്ട് നടക്കുകയാണ്.. നേരിട്ട് കാണുന്ന സന്തോഷത്തിലാണ് രണ്ട് പേരും..പ്രണയ സുന്ദര സുരഭില നിമിഷങ്ങൾ..ബുള്ളറ്റ് എടുത്ത് സ്റ്റാർട്ട് ചെയ്യുമ്പോൾ അവൾ വല്ലാത്ത ഭാവത്തിൽ നോക്കി നിൽപുണ്ട്.. ഞാൻ അൽപം ഗമയിൽ കയറിക്കോളാൻ പറഞ്ഞപ്പോൾ ആൾ ചോദിക്കാ.. ഈ തുക്കട ജാംബവാൻ ബൈക്കാണോ ഇക്കയുടേതെന്ന്....... ഇതും പറഞ്ഞ് പിന്നെ കളിയാക്കി കൊന്നെങ്കിലും ആ നേരത്ത് എനിക്ക് ശരിക്കും 1983 സിനിമേലെ രമേശനായ നിവിൻ പോളിടെ ഭാവമായിരുന്നു... സച്ചിന്റെ ഫോട്ടോ കണ്ട് ഇതാരാണെന്ന് നായിക ചോദിക്കുന്നില്ലേ... അതന്നെ സീൻ..
:-D

- യൂനുസ് മുഹമ്മദ്.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക