Slider

വീടിന്റെ വിളക്കു

0

അലാറം അടിക്കുന്ന ശബ്ദം ചെവി തുളച്ചു കയറിയപ്പോൾ വളരെ ബദ്ധപ്പെട്ടു അവൾ എഴുന്നേറ്റു.സമയം അഞ്ചുമണിയായിരിക്കുന്നു, ഇന്നലെ രാത്രിയിൽ തുടങ്ങിയ മഴയാണ് ഇപ്പോളും തോർന്നിട്ടില്ല. മഴയത്തു പുതച്ചു മൂടി അങ്ങനെ കിടക്കുവാൻ ബഹുരസമാണ്. തൊട്ടടുത്ത് പുതപ്പിനുള്ളിൽ സുഖമായിട്ടുറങ്ങുന്ന അപ്പുവിനെയും ഉണ്ണിയേയും അവളൊന്നു നോക്കി അവളുടെ ഇരട്ട സന്താനങ്ങൾ, അവരോടു ചേർന്ന് കയ്യ് തലയിണയാക്കി ഉടുമുണ്ടുകൊണ്ടു ഒട്ടാകെ മൂടിപ്പുതച്ചു ചെരിഞ്ഞുകിടന്നു ഉറങ്ങുകയാണ് അവളുടെ ഭർത്താവ്. ഉറക്കം വിട്ടൊഴിയാതെ കണ്ണുകൾ അടഞ്ഞു വരുവാണ്. ഇനിയും ഇങ്ങനെ ഇരുന്നാൽ ഒരു ജോലിയും നടക്കില്ല. അവൾ പതിയെ എഴുന്നേറ്റു. മുഖമൊന്നു കഴുകുവാൻ പൈപ്പ് തുറന്നപ്പോൾ ആരോ ഐസ്‌കട്ട കൊണ്ടിട്ടത് പോലെ വെള്ളം തണുത്തുറഞ്ഞിരിക്കുന്നു. മുഖം കഴുകലും പല്ലു തേപ്പും എങ്ങനെയോ കഴിച്ചു കൂട്ടി അവൾ അടുക്കളയിലേക്കു നടന്നു.
തലേന്ന് രാത്രിയിലത്തെ എച്ചിൽ പാത്രങ്ങളാണ് അവളെ അടുക്കളയിലേക്കു സ്വാഗതം ചെയ്തത്. നാശം ഇനി ഇതൊക്കെ തേച്ചു കഴുകിയെടുക്കണല്ലോ ആരോടെന്നില്ലാതെ അവൾ പറഞ്ഞു. എല്ലാ ദിവസവും അന്നന്നുള്ള പാത്രങ്ങൾ കഴുകി അടുക്കളയും തുടച്ചിട്ടേ അവൾ ഉറങ്ങുവാൻ പോവുകയുള്ളു. എന്തായാലും താൻ തന്നെ ഇതൊക്കെ ചെയ്യണം രാത്രി എല്ലാം ഒതുക്കി വെച്ച പിറ്റേന്ന് അത്രേം ജോലി കുറഞ്ഞു കിട്ടുല്ലോ അതാണ് അവളുടെ ചിന്ത. തലേന്ന് ആ രീതികൾക്ക് വിഘ്നം സംഭവിച്ചു. കൂട്ടാന് നുറുക്കുമ്പോൾ മനോരാജ്യം കണ്ടിരുന്നതിന്റെ ഫലം കയ്യിൽ നാലൊന്നാംതരം മുറിവൊന്നുണ്ടായി. ചോര ചീന്തിയൊഴുകി പഴയൊരു തുണിക്കഷണവും ചുറ്റി എങ്ങനെയൊക്കെയോ അവൾ കഞ്ഞിയും കറിയും വെച്ചു. ഭർത്താവിനോട് പറഞ്ഞപ്പോൾ തെളിഞ്ഞ നിസ്സംഗതയോടെ അയാൾ പറഞ്ഞു " അടുക്കളേൽ പണിയുമ്പോ അങ്ങനൊക്കെയാ". അവൾക്കു ഭൂമിയിലെ സകലമാന സാധനങ്ങളോടും ദേഷ്യം വന്നു. വയ്യാത്ത കയ്യും വെച്ചു പണിയെടുക്കണല്ലോ.
പാത്രങ്ങളൊക്കെ വല്ല വിധേനെയും മോറി അവൾ കാപ്പിക്ക് വെള്ളം വെച്ചു. വെള്ളം തിളച്ചു തുടങ്ങിയിരിക്കുന്നു കാപ്പിപ്പൊടിയിട്ട് ഇളക്കിവാങ്ങി. മട്ട് അടിയാൻ കാത്തുനിൽക്കാതെ ഗ്ലാസ്സിലേക്കു പകർന്നു ഒരിറക്ക് കുടിച്ചു. മനസ്സിൽ ഒരു രൂപം തെളിഞ്ഞു വരുകയാണ് നിലത്തു കുന്തിച്ചിരുന്നു അടുപ്പിലെ പുകയോട് മല്ലിടുന്ന മെലിഞ്ഞു കൊലുന്നനെയുള്ളൊരു രൂപം അവളുടെ അമ്മച്ചി
ഉദയസൂര്യൻ ആകാശത്തിന് ചുവപ്പുതളിക്കുന്നതിനു മുൻപ് തന്നെ തന്റെ 'അമ്മചി എഴുന്നേൽക്കുമായിരുന്നു. കഞ്ഞിവെച്ചൊരുക്കി കലത്തിൽ പകർന്നു മൂടിവെച്ചു ഭർത്താവിന്റെയും മകളുടെയും തന്റെയും വിഴുപ്പു തുണികളും പേറി അടുത്തുള്ള നാട്ടുകുളക്കടവിൽ ചെല്ലും സോപിൻകായകൊണ്ട് തുണികളെല്ലാം അലക്കി വെളുപ്പിച്ചു ഉണങ്ങുവാനായി വിരിച്ചു തിരികെ വീട്ടിൽ ചെല്ലുമ്പോളും താൻ സുഖനിദ്രയിലായിരിക്കും. ചെറു ചൂടുള്ള കാപ്പിയും കൊണ്ട് അമ്മച്ചി തന്നെ വിളിച്ചുണർത്തുന്നത് വരെ അതേ കിടപ്പു കിടക്കും. അപ്പൻ ഒരു കൂലി വേലക്കാരനായിരുന്നു കിട്ടുന്ന കാശു മുക്കാലും കള്ളുകുടിച്ചു തീർത്തിട്ട് ബാക്കി വല്ലതുമെണ്ടെങ്കിൽ അത് അമ്മച്ചിയുടെ കയ്യിൽ കൊടുക്കും. പിന്നെയുള്ള എല്ലാ ചിലവുകളും അമ്മച്ചിയുടെ ബാധ്യതകൾ ആണ്. അതെങ്ങനെ നടക്കുന്നു എന്ന് ഞാനോ അപ്പനോ അറിയാറുണ്ടായിരുന്നില്ല. താൻ സ്കൂളിലേക്കും അപ്പൻ പണിക്കും പോയിക്കഴിഞ്ഞാൽ അടുക്കളയൊതുക്കി മൺവെട്ടിയെടുത്തു അമ്മച്ചി പുറത്തേക്കിറങ്ങും. കൊതിയും കിളച്ചും പുല്ലു പറിച്ചും അമ്മച്ചി പരിപാലിക്കുന്ന ആ ചെറിയ തോട്ടത്തിൽ വിയർത്തൊലിച്ചു ചത്ത് പണിയെടുക്കും. തോട്ടത്തിൽ വിളഞ്ഞ മരച്ചീനിയും പയറും പടവലവുമൊക്കെ കറികളായി മുന്നിൽ വരുമ്പോൾ അതുംകൂടി വയറുനിറച്ചു ചോറുണ്ണും എന്നല്ലാതെ താനോ അപ്പനോ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാറില്ലായിരുന്നു. ഇതിനിടയ്ക്ക് 'അമ്മ വല്ലതും കഴിക്കുന്നുണ്ടായിരുന്നോ ആരുമൊന്നും ചോദിക്കാറുണ്ടായിരുന്നില്ല.
ഒരിക്കൽ പോലും അമ്മച്ചി ആരോടും പരാതി പറഞ്ഞിരുന്നില്ല. അവസാനകാലം വരെ വീടിനുവേണ്ടി മാത്രം ജീവിച്ചു. "നമുക്കിഷ്ടമുള്ളവർക്കു വേണ്ടി ഇച്ചിരി കഷ്ടപ്പെടുന്നതേ സുഖമുള്ളൊരു കാര്യമാ". നിറം മങ്ങിയ പിഞ്ഞി തുടങ്ങിയ സാരിയുമുടുത്തു വീടിന്റെ വിളക്കുപോലെ കത്തി ജ്വലിച്ചു നിന്ന അമ്മച്ചിയുടെ മുഖം അവളുടെ മനസ്സിൽ തെളിഞ്ഞു വന്നു.
അവൾ പതുക്കെ എഴുന്നേറ്റു. ഇനി ചിന്തകളുമായി ചടഞ്ഞുകൂടിയാൽ പറ്റില്ല. അടുക്കളയിലേക്കു നടക്കുന്നതിനിടെ അമ്മച്ചിയുടെ വാക്കുകൾ അവളുടെ ചെവിയിൽ മുഴങ്ങുന്നുണ്ടായിരുന്നു
" നമുക്കിഷ്ടമുള്ളവർക്കു വേണ്ടി ഇച്ചിരി കഷ്ടപ്പെടുന്നത് സുഖമുള്ളൊരു കാര്യമാ"
അടുക്കളയിൽ സഹായത്തിനെത്തിയില്ലെങ്കിലും സ്നേഹമുള്ള വാക്കുകളുമായി ഇടയ്ക്കെങ്കിലും തന്റെ ഭർത്താവ് അരികിലുള്ളത് ഏതൊരു സ്ത്രീയ്ക്കും ഒരു ഉത്തേജനമാണു .

Anjali Kini
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo