നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ശിവേട്ടന്റെ പാർവ്വതിക്കുട്ടി (കഥ)



മെഡിക്കൽ കോളേജിലെ കാൻസർ വാർഡുകളിലൊന്നായ മുപ്പത്തി ഒൻപതാം നമ്പർ വാർഡിലെ ഇരുപത്തി ഒന്നാം നമ്പർ ബെഡ്ഡിൽ അച്ഛന്റെ അടുത്ത് ഇരിക്കുമ്പോൾ ശിവേട്ടനെയും പാർവ്വതിക്കുട്ടിയെയും കുറിച്ചാണ് ഓർത്തത്...
ശിവേട്ടനെ പരിചയപ്പെട്ടത് കാൻസർ വാർഡുകളായ മുപ്പത്തി ഒൻപതാം വാർഡിന്റെയും നാൽപതാം വാർഡിന്റെയും ഇടയിലുള്ള വരാന്തയിലെ സിമൻറ് ബെഞ്ചിൽ വെച്ചാണ്.
അച്ഛന്റെ രോഗം ശ്വാസകോശാർബുധമാണെന്ന് ഡോകടർമാർ തീർച്ചപ്പെടുത്തിയപ്പോൾ ആദ്യത്തെ ഇഞ്ചക്ഷൻ വെക്കാൻ വേണ്ടി ഇവിടെ അഡ്മിറ്റ് ചെയ്തു. കുറെ സമയം അച്ഛന്റെ അടുത്തിരുന്ന് മുഷിഞ്ഞപ്പോൾ വരാന്തയിലേക്കിറങ്ങി സിമന്റ് ബെഞ്ചിലിരുന്ന് ഏതോ ആഴ്ചപ്പതിപ്പ് മറിച്ചു നോക്കുമ്പോൾ മുപ്പത് മുപ്പത്തിരണ്ട് വയസ്സ് പ്രായം തോന്നിപ്പിക്കുന്ന സുമുഖനായ ഒരു ചെറുപ്പക്കാരൻ അടുത്ത് വന്നിരുന്നു.
"എന്റെ പേര് ശിവദാസൻ... നിങ്ങളുടെ പേര്...?"
അയാൾ എന്നോടായി ചോദിച്ചു.
ആഴ്ചപ്പതിപ്പിൽ നിന്നും മുഖം തിരിച്ച് അയാളുടെ മുഖത്തേക്ക് നോക്കി ഞാൻ പറഞ്ഞു:
"സുരേഷ്.."
"ഇവിടെ നിങ്ങളുടെ ആരാ ഉള്ളത്..?"
വീണ്ടും അയാളുടെ ചോദ്യം
"അച്ഛൻ,..... നിങ്ങളുടെ ആരാ....? " ഞാൻ ചോദിച്ചു.
"അനിയത്തി.. " അയാൾ പറഞ്ഞു
"എന്താ അസുഖം... " ഞാൻ
"കാൻസർ " അയാൾ
"എവിടെയാ അസുഖം...?" ഞാൻ
"ആദ്യം ഇടത്തെ കാൽമുട്ടിനായിരുന്നു ഇപ്പോൾ വലത്തെ കാലിനും... നിങ്ങളുടെ അച്ഛന് എവിടെയാ..?" അയാൾ
"ശ്വാസകോശത്തിന്.. ഭയങ്കര പുകവലിക്കാരനായിരുന്നു... " ഞാൻ
സിമന്റ് ബെഞ്ചിലിരുന്ന് ഞങ്ങൾ ഒരു പാട് സംസാരിച്ചു.കാൻസർ എന്ന രോഗത്തെക്കുറിച്ചും അതിനുള്ള ചികിത്സകളെ കുറിച്ചും അയാളൊരു ഡോക്ടറെ പോലെ സംസാരിച്ചു.
"അനിയത്തിക്ക് അസുഖം വന്നിട്ട് കുറെ കാലം ആയോ...?" ഞാൻ ചോദിച്ചു.
"കാലിന് വേദന വന്നിട്ട് ഒരു വർഷത്തിലതികമായി.. രോഗം കാൻസറാണെന്നറിഞ്ഞിട്ട് രണ്ട് മാസമേ ആയുള്ളൂ... മാസത്തിൽ, അയ്യായിരം രൂപയിലതികം വിലവരുന്ന ഓരോ ഇഞ്ചക്ഷൻ വെക്കണം.. ആറെണ്ണം വേണ്ടിവരുമെന്നാണ് ഡോക്ടർ പറഞ്ഞത്.. " അയാൾ.
"അച്ഛന് എട്ടു മാസം മുമ്പ് നെഞ്ചുവേദനയാണ് തുടങ്ങിയത്.. ഡോക്ടറെ കാണിച്ച് മരുന്ന് കുടിച്ചെങ്കിലും രണ്ട് മാസം കൂടി കഴിഞ്ഞപ്പോഴേക്കും നെഞ്ച് വേദനയും ശ്വാസം മുട്ടും അതികമായി.. സ്ഥിരമായി കാണിക്കുന്ന ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് ഇവിടെ കാണിച്ചതും രോഗമിതാണെന്ന് തിരിച്ചറിഞ്ഞതും.. മാസത്തിൽ അച്ഛനുമുണ്ട് അതേ വിലവരുന്ന ഇഞ്ചക്ഷൻ.. അഞ്ചെണ്ണം വേണം.. ആദ്യത്തേതിനാണ് ഞങ്ങളിപ്പോൾ അഡ്മിറ്റായത്... നിങ്ങൾക്കെത്ര ഇഞ്ചക്ഷൻ കഴിഞ്ഞു....?"
"രണ്ടാമത്തേതിനു വേണ്ടിയാണ്.. നാളെയാണ് ഇഞ്ചക്ഷൻ... ഗ്ലൂക്കോസിൽ ലയിപ്പിച്ചാണ് കയറ്റുക.. നാല് ബോട്ടിൽ ഗ്ലൂക്കോസുണ്ടാവും.. രാവിലെ ഏഴു മണിക്ക് തുടങ്ങിയാൽ രാത്രി ഏഴെട്ട് മണി വരെ തുടരും... പിന്നെ രണ്ട് ദിവസത്തേക്ക് ഒരു ഭക്ഷണവും കഴിക്കാൻ കഴിയില്ല... കഴിച്ചാ അപ്പ ഛർദ്ദിക്കും... " അയാൾ പറഞ്ഞു.
കുറച്ച് സമയം നിശബ്ദമായിരുന്ന ശേഷം
"പാർവ്വതിക്കുട്ടിയുടെ അടുത്ത് പോയി നോക്കട്ടെ.. " എന്ന് പറഞ്ഞ് അയാൾ സിമന്റ് ബെഞ്ചിൽ നിന്നും എഴുന്നേറ്റ് നടന്നു.
പാർവ്വതിക്കുട്ടിയെന്നാണ് അയാളുടെ അനിയത്തിയുടെ പേരെന്ന് എനിക്ക് മനസ്സിലായി.
വരാന്തയിലൂടെ നാൽപതാം വാർഡിന്റെ മുമ്പിലേക്ക് നടന്ന അയാൾ കുറച്ച് മുന്നോട്ട് നടന്ന് തിരികെ വന്നു.
"സുരേഷ്.. വരുന്നോ...? അവളെ ഒന്നു പരിചയപ്പെടാം..." അയാളെന്റെ കൈയ്യിൽ പിടിച്ചു.
ഞാൻ സിമന്റ് ബെഞ്ചിൽ നിന്നും എഴുന്നേറ്റ് അയാളുടെ കൂടെ സ്ത്രീകളുടെ കാൻസർ വാർഡായ നാൽപതാം വാർഡിലേക്ക് നടന്നു.
പതിനേഴാം നമ്പർ ബെഡ്ഡിലായിരുന്നു അയാളുടെ അനിയത്തി കിടന്നിരുന്നത്.
എന്നെയും അയാളെയും കണ്ടപ്പോൾ അവൾ ബെഡ്ഡിൽ എഴുന്നേറ്റിരുന്നു.
"ഇതാരാ... ശിവേട്ടാ..?" അവൾ എന്റെ മുഖത്തേക്ക് നോക്കി അയാളോട് ചോദിച്ചു.
"ഇവിടുന്ന് കിട്ടിയ ഒരു കൂട്ടുകാരൻ... " അയാൾ എന്റെ തോളിൽ തട്ടിയാണ് പറഞ്ഞത്.
അച്ഛന്റെ അടുത്തേക്കും അയാൾ എന്നോടൊപ്പം വന്നു.
പിറ്റേന്ന് ഗ്ലൂക്കോസിൽ ലയിപ്പിച്ച ഇഞ്ചക്ഷൻ മരുന്ന് അച്ഛന്റെ ശരീരത്തിൽ കയറിത്തീരുമ്പോൾ വൈക്കീട്ട് ഏഴ് മണി കഴിഞ്ഞിരുന്നു.
ഞാൻ വരാന്തയിലേക്കിറങ്ങി സിമന്റ് ബെഞ്ചിൽ പോയിരുന്നു.
കുറച്ച് കഴിഞ്ഞപ്പോൾ അയാളും വന്നു.
"മരുന്ന് കയറ്റിക്കഴിഞ്ഞോ...?" ഞാൻ ചോദിച്ചു.
"ഓ... കഴിഞ്ഞു " അയാൾ പറഞ്ഞു.
ഞങ്ങൾ ഒരുമിച്ചാണ് അത്താഴം കഴിക്കാൻ പുറത്ത് ഹോട്ടലിൽ പോയത്.
അടുത്ത ദിവസം അച്ഛനെ ഡിസ്ചാർജ് ചെയ്തപ്പോൾ ഞാൻ നാൽപതാം വാർഡിൽ പോയി അയാളെയും അനിയത്തിയെയും കണ്ടു.
"ഞങ്ങൾ ഡിസ്ചാർജ് ആയി... നിങ്ങളോ..?" ഞാൻ ചോദിച്ചു.
"ഇല്ല.. ഞങ്ങൾ നാളെയേ പോവുകയുള്ളൂ.. " അയാൾ പറഞ്ഞു
"എന്നാ ഞങ്ങള് പോട്ടെ..." ഞാൻ ചോദിച്ചു.
"ഓ.. ശെരി.. നമുക്ക് പിന്നെക്കാണാം..."
അയാൾ വലതു കൈ എന്റെ നേരെ നീട്ടി. ഞാൻ രണ്ട് കൈയ്യാലും ആ കൈയ്യിൽ പിടിച്ചു.
ഞാൻ പാർവ്വതിക്കുട്ടിയെ നോക്കി തലയാട്ടി സമ്മതം പറഞ്ഞ് തിരിച്ച് നടന്നു.
വീട്ടിലെത്തിയപ്പോഴും അയാളെയും സഹോദരിയെയും മറക്കാൻ കഴിഞ്ഞില്ല.
പിന്നീട് രണ്ട് പ്രാവശ്യം അച്ഛനെയും കൊണ്ട് കോളേജിൽ വന്നപ്പോഴും അയാളും സഹോദരിയും ഉണ്ടായിരുന്നു.
ഞാനും അവരും കൂടുതൽ അടുത്തു. എനിക്കയാൾ ശിവേട്ടനായി, പാർവ്വതിക്കുട്ടിയുടെ ശിവേട്ടൻ എന്റെയും ശിവേട്ടനായി.. ശിവേട്ടന്റെ പാർവ്വതിക്കുട്ടി എന്റെയും പാർവ്വതിക്കുട്ടിയായി.
ഈ ഭൂമിയിൽ ശിവേട്ടന് വേണ്ടപ്പെട്ടവളായി പാർവ്വതിക്കുട്ടിയും പാർവ്വതിക്കുട്ടിക്ക് വേണ്ടപ്പെട്ടവനായി ശിവേട്ടനും മാത്രമേയുള്ളൂ.
രണ്ട് വർഷം മുമ്പ് ശിവേട്ടന്റെ വിവാഹം നിശ്ചയിക്കപ്പെട്ടിരുന്നു. വിവാഹത്തിന് പതിനെട്ട് ദിവസം മുമ്പ് അടുത്ത ബന്ധുവിനെ ക്ഷണിക്കാൻ പോയ അച്ഛനും അമ്മയും ഒരു ബസ്സപകടത്തിൽ....
അതിന്റെ ഷോക്കിൽ വിവാഹം തൽക്കാലം വേണ്ടെന്ന് ശിവേട്ടൻ തീരുമാനിച്ചു.പിന്നെ പാർവ്വതിക്കുട്ടിയുടെ അസുഖം വിവാഹം നീണ്ടു പോയി.
നാലാമത്തെ ഇഞ്ചക്ഷനുവേണ്ടിയാണ് ഇന്ന് ഞാൻ അച്ഛനെയും കൊണ്ട് മെഡിക്കൽ കോളേജിലെത്തിയത്. അച്ഛന് ഒരു ഗ്ലാസ് കഞ്ഞി ഒഴിച്ചുകൊടുത്ത് വരാന്തയിലേക്കിറങ്ങിയപ്പോൾ ,പ്രതീക്ഷിച്ചത് പോലെത്തന്നെ സിമന്റ് ബെഞ്ചിൽ ശിവേട്ടനിരിക്കുന്നു.
ഞാനടുത്ത് ചെന്നപ്പോൾ,
"അല്ല.. ഇതാര് സുരേഷോ...? "ശിവേട്ടൻ എന്റെ നേരെ കൈ നീട്ടി.
ഞാനാ കൈയ്യിൽ മെല്ലെ പിടിച്ചു.
സുരേഷ് എപ്പോ വന്നു..?
"ഇപ്പോ.. ഒരു പതിനഞ്ച് മിനിട്ടായതേയുള്ളൂ... "
"അച്ഛന് സുഖംണ്ടോ....?"
"നല്ല മാറ്റമുണ്ട്.... പാർവ്വതിക്കുട്ടിക്കോ...?"
പെട്ടെന്ന് ശിവേട്ടന്റെ മുഖം മങ്ങി.
"തീരെ സുഖമില്ല... ശരീരത്തിലിനി രോഗം ബാധിക്കാത്ത ഒരിടവും ബാക്കിയില്ല... ഒന്നും ചെയ്യാനില്ലെന്നാ ഡോക്ടർമാർ പറയുന്നത്... പിന്നെ.. ഒരു സമാധാനത്തിനു വേണ്ടി മാത്രം ഇവിടെ നിൽക്കുന്നു.... "
ശിവേട്ടന്റെ കണ്ണുകളിൽ നിന്നും തുള്ളികൾ അടർന്നുവീണു.
ഞാൻ ശിവേട്ടനെയും കൂട്ടി പാർവ്വതിക്കുട്ടിയുടെ അടുത്തേക്ക് നടന്നു.
അവളെ കണ്ടതും ഞാൻ അത്ഭുതപ്പെട്ടു പോയി. കഴിഞ്ഞ മാസം വരെ ഞാൻ കണ്ട പാർവ്വതിക്കുട്ടി അല്ലായിരുന്നു അവളപ്പോൾ.
കുട്ടിത്തത്തിന്റെ കുസൃതി ഒളിച്ചുകളിച്ചിരുന്ന ആ കണ്ണുകൾ രണ്ട് കഴികളിലായിരിക്കുന്നു. ആ തുടുത്ത കവിളുകൾ ഒട്ടി ശരീരമാസകലം എല്ലുകൾ പൊന്തി.. നീണ്ട മുടി മഴുവനായും കൊഴിഞ്ഞ്.. പാർവ്വതിക്കുട്ടിയുടെ പ്രേതം മാത്രമായിരുന്നു അവളിപ്പോൾ...
എന്നെ കണ്ടപ്പോൾ ആ കണ്ണുകൾ ഒന്നു വിടർന്നുവോ..?
ബെഡ്ഡിൽ കൈ കൊണ്ട് തട്ടിക്കാണിച്ച് ഇരിക്കാൻ ആംഗ്യം കാണിച്ചു.
ഞാൻ ബെഡ്ഡിൽ ഒരു സൈഡിൽ മെല്ലെ ഇരുന്നു.
പാർവ്വതിക്കുട്ടിയുടെ വിറയാർന്ന ചുണ്ടുകൾ മെല്ലെ ചലിച്ചു ;
"സുരേട്ടാ... ഞാനിന്നലെ രാത്രി ഒരു സ്വപ്നം കണ്ടു... ഞാനെന്റെ അമ്മയുടെയും അച്ഛന്റെയും അടുത്തെത്തിയതായിട്ട്... പക്ഷേ... അവർക്കെന്നോട് ദേഷ്യമായിരുന്നു... ശിവേട്ടനെ തനിച്ചാക്കിച്ചെന്നതിന്... ഇത് വരെ എനിക്ക് പേടിയായിരുന്നു... ഇപ്പോ... ഇപ്പോ... അതില്ല... ശിവേട്ടൻ തനിച്ചല്ല കൂട്ടിന് ഒരനിയനുമുണ്ടെന്ന് പറയാലോ എനിക്കച്ഛനോടും അമ്മയോടും....ല്ലേ.... സുരേട്ടൻ .....ഉണ്ടാവില്ലേ .....?"
ഞാൻ എന്റെ വലതുകൈ പൊക്കി അവളുടെ വലതുകൈയ്യുടെ മേൽ മെല്ലെ വെച്ചു.
ശിവേട്ടന് ഒരനിയനായി എന്നും ഞാനുണ്ടാവും... എന്ന് പറയാനാശിച്ചെങ്കിലും പറഞ്ഞത് ഇങ്ങനെയാണ് :
"ഒന്നും സംഭവിക്കില്ല... പാർവ്വതിക്കുട്ടിക്ക്... ഒന്നും...."
അതു പറയുമ്പോഴേക്കും ഞാൻ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു. ഇനിയും അവിടെ ഇരുന്നാൽ പൊട്ടിക്കരഞ്ഞു പോയേക്കുമെന്ന് ഭയന്ന്
"അച്ഛന്റെ അരികെ പോയി വരാം..." എന്നു പറഞ്ഞ് ബെഡ്ഡിൽ നിന്നും എഴുന്നേറ്റ് ശിവേട്ടന്റെ മുഖത്തേക്ക് പോലും നോക്കാതെ വേഗം വാർഡിന് വെളിയിലേക്ക് നടന്നു.
ഞാൻ മുപ്പത്തി ഒൻപതാം വാർഡിൽ അച്ഛന്റെ അടുത്തെത്തിയതും
"പാർവ്വതിക്കുട്ടീ.... " എന്നുള്ള ശിവേട്ടന്റെ വലിയ വായിലെ വിളിയും കരച്ചിലും കേട്ട് ഓടി നാൽ പതാം വാർഡിൽ എത്തുംമ്പോഴേക്കും ശിവേട്ടന്റെ പാർവ്വതിക്കുട്ടി ശിവേട്ടനെ വിട്ട് ഈ ലോകം വിട്ട് അവളുടെ അച്ഛന്റെയും അമ്മയുടെയും ലോകത്തെത്തിയിരുന്നു.
*******************
ഷാനവാസ്.എൻ, കൊളത്തൂർ.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot