Showing posts with label ശ്രീറാം അയ്യർ. Show all posts
Showing posts with label ശ്രീറാം അയ്യർ. Show all posts

വിഷുകൈനീട്ടം

Image may contain: 1 person

അപ്പുവിന്റെ ഒരു വലിയ തറവാട് ആണ്... ഓണവും വിഷുവും ഒക്കെ ആചാരപ്രകാരം അതിന്റെതായ രീതിയിൽ ആഘോഷിക്കുന്ന ഒരു പഴയ തറവാട്. അപ്പുവിന്റെ മുത്തശ്ശിയാണ് തറവാട്ടിലെ ഏറ്റവും മുതിർന്ന അംഗം.. പത്തു തൊണ്ണൂറു വയസായെങ്കിലും ഇപ്പോഴും തറവാട്ടിലെ എല്ലാ ആഘോഷങ്ങളുടെയും കാരണവസ്ഥാനം മുത്തശ്ശിക്കാണ്.. മുത്തശ്ശിയുടെ രീതിയിലാണ് ആഘോഷം എല്ലാം.. എല്ലാവർക്കും മുത്തശ്ശിയോട് നല്ല ബഹുമാനമാണ് .. ആരും മുത്തശ്ശിയെ എതിർത്ത് ഒന്നും പറയില്ല... പറഞ്ഞിട്ടില്ല... ഒരിക്കൽ അത് അപ്പു തെറ്റിച്ചു..
കഴിഞ്ഞ വർഷത്തെ വിഷുവിനു ആണ് അപ്പു അങ്ങനെ ചെയ്തത്...മുത്തശ്ശിക്ക് വിഷമമാകും എന്ന് കരുതി ഒന്നും അല്ല അപ്പു അങ്ങനെ പറഞ്ഞത്.. പക്ഷെ അത് മുത്തശ്ശിയെ വിഷമിപ്പിച്ചു...
മുത്തശ്ശിയാണ് പത്തിരുപത്തിയഞ്ചു വർഷമായി തറവാട്ടിൽ എല്ലാവർക്കും വിഷുക്കൈനീട്ടം നൽകുന്നത് .. വിഷുവിന്റെ അന്ന് രാവിലെ തറവാട്ടിലെ ഓരോരോത്തർക്കായിട്ടു 5 രൂപയുടെ ഒരു തുട്ട് അല്ലെങ്കിൽ നോട്ട് മുത്തശ്ശി വിഷു കൈനീട്ടം നൽകും.. എന്നിട്ടു കൂടെ ഫ്രീ ആയിട്ടു ഒരു ഉപദേശവും..സൂക്ഷിച്ചു ചിലവാക്കണം... ചുമ്മാ സിനിമയൊന്നും കണ്ടു കളയരുത്...എല്ലാ വർഷവും ഇത് തന്നെ ആണ് കൈനീട്ടം കൊടുക്കുമ്പോളുള്ള മുത്തശ്ശിയുടെ സ്റ്റാൻഡേർഡ് ഡയലോഗ് .
കഴിഞ്ഞ വർഷത്തെ വിഷുവിനു കൈനീട്ടം കൊടുത്തപ്പോൾ മോഡുലേഷൻ പോലും ചേഞ്ച് ചെയ്യാതെ സെയിം ഡയലോഗ് മുത്തശ്ശി അപ്പുവിനോട് പറഞ്ഞു .. പക്ഷെ എന്ത് കാരണം കൊണ്ടാണെന്നു അറിയില്ല അപ്പു മുത്തശ്ശിയോട് അപ്പോൾ തിരിച്ചു പറഞ്ഞു ..." മുത്തശ്ശി ഇത് എന്തറിഞ്ഞിട്ട ഈ പറയുന്നത്.. മുത്തശ്ശിയുടെ കാലം ഒന്നും അല്ല ഇത്.. മുത്തശ്ശി തരുന്ന ഈ അഞ്ചു രൂപകൊണ്ട് സിനമ കാണുന്നതു പോയിട്ട് സിനിമ കൊട്ടകയിൽ പാർക്കിങ്ങ് ഫീ കൊടുക്കാൻ പോലും തികയില്ല..” പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് വേണ്ടിയിരുന്നില്ല എന്ന് അപ്പുവിന് തോന്നിയത്... മുത്തശ്ശിയുടെ മുഖം ആകെ വാടി.. സങ്കടം കൊണ്ട് മുത്തശ്ശിയുടെ കണ്ണ് നിറഞ്ഞു.. മുത്തശ്ശി ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു .
ആ സംഭവം നടന്നിട്ടു ഇന്ന് ഒരു വർഷം തികഞ്ഞിരിക്കുന്നു .. വീണ്ടും ഒരു വിഷുപ്പുലരി.. അപ്പുവിന് അന്ന് മുത്തശ്ശിയോട് അങ്ങിനെ പറഞ്ഞതിൽ ഒരുപാടു ദുഃഖം ഉണ്ട്.. അത് കൊണ്ട് തന്നെ ഇന്ന് രാവിലെ മുത്തശ്ശിയുടെ മുറിയിലേക്ക് കൈനീട്ടം വാങ്ങാൻ കയറുമ്പോൾ അപ്പുവിന് ഒരു ചെറിയ ഒരു ചമ്മൽ ഉണ്ടായിരുന്നു.. ഈ വർഷം കൈനീട്ടം വാങ്ങി വന്നവരുടെ ഒക്കെ മുഖത്തു ഒരു സന്തോഷം ഉണ്ട് . എന്താണ് കാര്യം എന്ന് അപ്പുവിന് മനസിലായില്ല.
മുറിയിലേക്ക് കയറി ചെന്നപ്പോൾ ഒരു ചെറിയ പുഞ്ചിരിയുമായി മുത്തശ്ശി ഇരിപ്പുണ്ട്.. അപ്പുവിനെ കണ്ടമാത്രേ മുത്തശ്ശി ചോദിച്ചു..
"എന്താ അപ്പുക്കുട്ടാ ഒരു വിഷമം.. മുന്നത്തെ വർഷം നീ പറഞ്ഞപ്പഴാ മുത്തശ്ശിക്ക് മനസിയിലായതു ഞാൻ തരുന്ന കൈനീട്ടം വളരെ കുറവാണെന്നും നിങ്ങൾക്കൊന്നും യാതൊന്നിനും പ്രയോജനപ്പെടില്ല എന്നും.."
" അത് പിന്നെ മുത്തശ്ശി ... അന്ന് ഞാൻ അറിയാതെ പറ..." അപ്പുക്കുട്ടന്റെ തൊണ്ട ഇടറി...
" അതൊന്നും സാരമില്യ കുട്ട്യേ ... മുത്തശ്ശിയുടെ അറിവില്ലായ്മ കൊണ്ട് പറ്റിയതല്ല.. ഇത്തവണ പക്ഷെ മുത്തശ്ശി എല്ലവർക്കും 100 റുപ്യ വച്ചാണ് കൈനീട്ടം കൊടുക്കുന്നത്... പക്ഷെ അപ്പുക്കുട്ടന് മാത്രം മുത്തശ്ശി കുറച്ചു കൂടുതൽ തരും.. കാരണം അപ്പുകുട്ടനാണല്ലോ മുത്തശ്ശിക്ക് ഈ കാര്യം പറഞ്ഞു മനസിലാക്കി തന്നത്..." ഇത്രയും പറഞ്ഞു ഒരു നോട്ട് മുത്തശ്ശി ചുരുട്ടി എടുത്തു അപ്പുവിന്റെ കയ്യിൽ വച്ച് കൊടുത്തു... എന്നിട്ടു പറഞ്ഞു "അപ്പുക്കുട്ടന് ആയിരം റുപ്യ... സന്തോഷായില്ലേ..."
ഇത്തവണ കണ്ണ് നിറഞ്ഞതു അപ്പുകുട്ടനാണ്.. മുത്തശ്ശിയുടെ സ്നേഹം കണ്ടിട്ടല്ല... മുത്തശ്ശി കൊടുത്ത ആയിരം രൂപയുടെ നിരോധിച്ചു അസാധു ആക്കിയ നോട്ട് കണ്ടു..
കരയണോ ചിരിക്കണോ എന്ന് അറിയാതെ സ്തംഭിച്ചു നിന്ന അപ്പുക്കുട്ടനോട് മുത്തശ്ശി പറഞ്ഞു...... "ആയിരം റുപ്പികയാണ് ... സൂക്ഷിച്ചു ചിലവാക്കണം.. സിനിമയൊന്നും കണ്ടു കളയരുത് "
ശ്രീറാം എസ്

ബഡ്ജറ്റ്



ഞാൻ ഉൾപ്പെടെ അക്കാലത്തു ചെന്നൈയിൽ നിന്ന് സി.എ ക്കു പഠിച്ചിരുന്ന വിദ്യാർത്ഥികളുടെ ബഡ്ജറ്റ് താങ്ങി നിർത്തിയിരുന്നത് ഇൻകം ടാക്സ് ഡിപ്പാർട്ടമെന്റ് ഉം എക്സൈസ് ഡിപ്പാർട്ട്മെന്റ് ഉം ആണ്.. എങ്ങനെ ആണ് എന്നല്ലേ? പറഞ്ഞുതരാം. .
ചെന്നൈയിൽ നുങ്കമ്പാക്കത്തു സി.എ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തൊട്ടടുത്ത കെട്ടിടത്തിലാണ് ഇൻകം ടാക്സ് ഓഫീസും എക്സൈസ് ഓഫീസും. ഇവിടുത്തെ ക്യാന്റീനുകളിൽ ഭക്ഷണം വളരെ വില കുറഞ്ഞ് ആയിട്ടു കിട്ടും.. അതായതു തൊട്ടടുത്ത ഹോട്ടലിൽ 30 - 40 രൂപക്കു കിട്ടുന്ന ഊണ് 12 രൂപക്ക് അവിടെ കിട്ടും.. ഒരു ഏഴോ എട്ടോ രൂപയുണ്ടെങ്കിൽ പ്രാതൽ കഴിക്കാം. പക്ഷെ ഒരു പ്രശ്നം എന്താണെന്നു വച്ചാൽ വളരെ പരിമിതമായ ആൾക്കാർക്കെ ഭക്ഷണം കിട്ടുകയുള്ളു.. ആദ്യം അവിടത്തെ സ്റ്റാഫ് കഴിച്ചു തീരണം അത് കഴിഞ്ഞു മാത്രമേ സ്റ്റുഡന്റ്സിനു ഭക്ഷണ കൂപ്പൺ കൊടുക്കുകയൊള്ളു.. നമ്മൾ ഇത്തിരി വൈകിയാൽ ചിലപ്പോൾ കൂപ്പൺ കിട്ടുകയും ഇല്ല.. അത് കൊണ്ട് സ്റ്റാഫ് കഴിച്ചു തീരുന്ന സമയം തന്നെ നമ്മൾ പോയി ക്യൂ നിൽക്കണം .
ഒരു ദിവസം രാവിലെ അങ്ങനെ സമയം കണക്കാക്കി കഴിക്കാൻ ഇറങ്ങിയപ്പോൾ നല്ല മഴ.. ഒരു രക്ഷയും ഇല്ലാത്ത മഴ ... കുട ഇല്ലാത്തതു കൊണ്ട് മഴ കുറച്ചു കുറയുന്നത് വരെ കാത്തിരുന്നു.. മഴ ചെറുതായി ഒന്ന് കുറഞ്ഞപ്പോൾ ഇറങ്ങി ഓടി ക്യാന്റീനിൽ ചെന്നു.. പക്ഷെ അപ്പോഴേക്കും കൂപ്പൺ തീർന്നിരുന്നു.. എന്നാൽ പിന്നെ അടുത്തുള്ള ഹോട്ടലിൽ പോയി കഴിക്കാം എന്ന് വിചാരിച്ചു ചാറ്റ മഴയും കൊണ്ട് തണുത്തു ഗേറ്റിനു വെളിയിലേക്കു ഇറങ്ങായിപ്പോൾ എന്റെ കൂടെ പഠിക്കുന്ന കശ്യഫ് എന്ന ആന്ധ്രക്കാരൻ വരുന്നത് കണ്ടു.. വെറുതെ മഴയും കൊണ്ട് അവനും അങ്ങോട്ട് പോകണ്ടല്ലോ എന്ന് കരുതി അവനോടു കൂപ്പൺ തീർന്ന വിവരം ഞാൻ പറഞ്ഞു.. അപ്പോൾ അവൻ പറഞ്ഞു അവൻ ഇൻകം ടാക്സ് കാന്റീനിൽ നിന്നല്ല കഴിക്കുന്നത് അതിനു പുറകിൽ ഉള്ള അമ്പലം കാന്റീനിൽ നിന്നാണ് എന്ന്..
ഇൻകം ടാക്സും എക്സൈസും അല്ലാതെ ആ ഭാഗത്തു ഒരു കാന്റീനും കൂടി ഉണ്ട് എന്ന് ഞാൻ അപ്പോഴാണ് അറിഞ്ഞത്.. എന്നാപ്പിന്നെ അങ്ങോട്ടേക്ക് പോയേക്കാം എന്ന് തീരുമാനിച്ചു അവന്റെ കൂടെ പോയി..
പക്ഷെ അവിടെ ചെന്നപ്പോൾ കണ്ടത് ഞാൻ പ്രതീക്ഷിച്ച പോലത്തെ ഒരു കാന്റീൻ അല്ല.. ഇൻകം ടാക്സ് ഓഫീസിനു പുറകിൽ ഉള്ള ഒരു പറമ്പു പോലെ കിടക്കുന്ന സ്ഥലത്തു ഒരു ചെറിയ കെട്ടിടം .. എന്തോ ദേവസ്ഥാനം എന്നാണ് ബോർഡ്.. നമ്മുടെ ദേവസ്വം ബോർഡ് പോലെ എന്തോ ഓഫീസ് ആണെന്ന് എനിക്ക് തോന്നി.. അതിനു പുറകിൽ ഒരു ചെറിയ പറമ്പ്. പറമ്പിന്റെ ഒരു മൂലയിൽ നീല കളർ ടാർപോളിൻ വച്ച് കെട്ടിയ ഒരു ഷെഡ്.. അതിനപ്പുറത്തു അതുപോലെ ടാർപോളിൻ വച്ച് കെട്ടിയ ഒരു ചെറിയ പന്തല് പോലെ ഉള്ള സ്ഥലത്തു ഒന്ന് രണ്ട് അടുപ്പ്.. എനിക്ക് മൊത്തത്തിൽ ഒരു മടുപ്പു തോന്നി ആ സെറ്റ് അപ്പിനോട്.
പിന്നെ രണ്ടും കൽപ്പിച്ചു ഞാൻ അതിനുള്ളിൽ ചെന്നു.. അകത്തു കണ്ടാൽ പേടിയാകുന്നു രണ്ട് കറുത്ത് തടിച്ച സ്ത്രീകളും ഒരു മീശക്കാരൻ അമ്മാവനും ഉണ്ടായിരുന്നു.. ഒരു മൂലയിൽ ടാർപോളിൻ നിന്ന് ചോരുന്ന മഴവെള്ളം ശേഖരിക്കാൻ ചളുങ്ങിയ ഒരു പഴയ അലൂമിനിയം പാത്രം വച്ചിട്ടുണ്ട്... തടികൊണ്ടുള്ള പഴകിയ ഇളകുന്ന രണ്ടു മൂന്ന് നീളൻ മേശകളും പിന്നെ അതിന്റെ ബെഞ്ചുകളും.. അപ്പുറത്തെ അടുക്കള പന്തലിൽ മറ്റൊരു സ്ത്രീ ഇഡ്ഡലി ഉണ്ടാക്കിയ തുണിയിൽ നിന്നും ഇഡ്ഡലി ഒരു പാത്രത്തിലേക്ക് മാറ്റുന്നത് കാണാം..ആ ചേച്ചിയെയും ഇഡ്ഡലിയുടെ തുണിയും കണ്ടപ്പോൾ ഇഡ്ഡലി കഴിക്കാൻ തോന്നിയില്ല.. എനിക്ക് ഇറങ്ങി പോണം എന്നുമുണ്ടായിരുന്നു.
കാഷ്യഫ് നല്ല ഹാപ്പി ആയിട്ടു ഇഡ്ഡലി ഓർഡർ ചെയ്തു.. ഞാൻ ഇഡ്ഡലി അല്ലാതെ എന്തുണ്ട് എന്ന് ചോദിച്ചപ്പോൾ പൊങ്കൽ ഉണ്ടെന്നു മീശക്കാരൻ പറഞ്ഞു .. ഒന്നും വേണ്ട എന്ന് പറഞ്ഞിറങ്ങാനുള്ള ധൈര്യം മീശക്കാരന്റെ ശംബ്ദം കേട്ടപ്പോൾ ഒലിച്ചു പോയി ..എനിക്ക് തീരെ ഇഷ്ടമില്ലാത്ത സാധനമാണെങ്കിലും പൊങ്കൽ ഞാൻ ഓർഡർ ചെയ്തു..
ആ മേശയുടെ പുറത്തു അതിലൊരു സ്ത്രീ വൃത്തിയുള്ള ഒരു തുണി വിരിച്ചു... അതിനു ശേഷം കഴുകി വൃത്തിയാക്കിയ രണ്ടു ഇല ഇട്ടു.. അപ്പോൾ എന്റെ മടുപ്പു ശകലം കുറഞ്ഞു.. പിന്നീട് നല്ല ആവി പാർക്കുന്ന പൊങ്കൽ എന്റെ ഇലയിൽ വിളമ്പി.. മുകളിൽ നല്ല ചൂട് സാമ്പാറും.. സാമ്പാറിന്റെയും പൊങ്കലിന്റെയും കൊതിയൂറുന്ന മണം എനിക്ക് കിട്ടി... അത് വരെ ഉണ്ടായിരുന്ന മടുപ്പു എല്ലാം മാറി.. ഇലയുടെ സൈഡിൽ നല്ല മൊരിഞ്ഞ ചൂട് ഉഴുന്ന് വടയും നല്ല തേങ്ങാ ചമ്മന്തിയും കൂടി വിളമ്പി.. പിന്നെ ഞാൻ ഒന്നും നോക്കിയില്ല.. ഞാൻ അത് കഴിച്ചു .
എനിക്ക് ചുറ്റും ഞാൻ കണ്ട കാഴ്ചകൾ ഞാനപ്പോൾ ഒന്ന് കൂടി നോക്കി.. കൊമ്പൻ മീശക്കാരൻ പുഞ്ചിരിക്കുന്നു.. എന്റെ ഭാവത്തിൽ നിന്ന് ഭക്ഷണം എനിക്ക് ഇഷ്ടപ്പെട്ടു എന്നറിഞ്ഞ ആ സ്ത്രീകളുടെ മുഖത്തിൽ ഇതൊക്കെ എന്ത് എന്ന ഭാവം.. കശ്യഫ് ചുറ്റും നോക്കാതെ ഇഡലിയും സാമ്പാറും തട്ടിവിടുന്നു.. ആ ടാർപോളിൻ ഷെഡിനുള്ളിൽ ചെന്നൈയിൽ വളരെ വിരളമായി മാത്രം കിട്ടുന്ന മഴയുടെ തണുപ്പും ചെറിയ കാറ്റും ..പുറത്തു ചെടികളുടെ പച്ചപ്പും.. അലൂമിനിയം പാത്രത്തിൽ മഴത്തുള്ളികൾ വീഴുന്ന താളവും .. മുന്നിൽ നല്ല ചൂട് പൊങ്കലും സാമ്പാറും വടയും.. ഏതോ കാല്പനിക ലോകത്തെത്തിയ അനുഭൂതിയായിരുന്നു.. അന്നവിടുന്നു ഭക്ഷണം കഴിച്ച ശേഷം പിന്നീടൊരിക്കലും ഞാൻ ഇൻകം ടാക്സ് ക്യാന്റീനിൽ കയറിയിട്ടില്ല..
ശ്രീറാം എസ്

ചിന്തിക്കേണ്ട വിഷയം



ഞാൻ ഏറ്റവും കൂടുതൽ വഴക്കിട്ടിട്ടുള്ളതും പിണങ്ങിയിട്ടുള്ളതും ദേഷ്യപ്പെട്ടിട്ടുള്ളതും അവർ രണ്ടു പേരോട് ആണ്. വിവാഹത്തിന് മുൻപ് വരെ അമ്മ വിവാഹത്തിന് ശേഷം ഭാര്യ. എങ്ങനെ വഴക്കിടാതിരിക്കും. നമുക്ക് ഇഷ്ട്ടമുള്ള ഒരു കാര്യം നമ്മളെ ചെയ്യാൻ അനുവദിക്കില്ല. നമ്മുടെ എല്ലാകാര്യത്തിലും ഇവര് വന്നു തലയിടും. പിന്നെ ചില സുഹൃത്തുക്കൾ വഴി ഞാൻ അറിഞ്ഞു അവരുടെയും അമ്മയും ഭാര്യയും ഇതുപോലെ തന്നെ ആണ് എന്ന്. അപ്പോഴാണ് ഇത് എന്റെ മാത്രം പ്രശനം അല്ല... ആഗോളതലത്തിൽ ആണുങ്ങൾ അനുഭവിക്കുന്ന ഒരു പ്രശ്നം ആണെന്ന് മനസിലായത്.
എന്തു കൊണ്ടാണ് ഇതിങ്ങനെ.. എല്ലാവർക്കും ഒരുപോലെ ഇങ്ങനെ സംഭവിക്കുന്നത്. ചിന്തിക്കേണ്ട വിഷയം ആണ്...
അമ്മയും ആയി എന്തിനൊക്കെയാണ് വഴക്കുണ്ടാകാറ്. ചില ദിവസങ്ങളിൽ ഞാൻ പുറത്തു നിന്നു ഭക്ഷണം കഴിച്ചിട്ടു വരും.. വീട്ടിൽ നിന്നു കഴിക്കാത്തതിന് വഴക്ക്. ഒരു പക്ഷെ.. ഞാൻ ഒരു നിമിഷം കൊണ്ടു വേണ്ട എന്നു പറഞ്ഞ ഭക്ഷണം തയ്യാറാക്കൻ അമ്മ അതിരാവിലെ എണീറ്റിരുന്നിരിക്കണം. ഒരുപാട് സമയം അടുക്കളയിലെ ചൂടിലും പുകയിലും നിന്നിട്ടുണ്ടാവണം. അതു കൊണ്ടായിരിക്കുമോ എന്നോട് വഴക്കിട്ടിരുന്നത്? പിന്നെ കൂട്ടുകാരുടെ ബൈക്ക് എടുത്തു കറങ്ങുന്നതിന്, സെക്കൻഡ് ഷോ സിനിമക്ക് പോകുന്നതിനു, ക്രിക്കറ്റ് കളിക്കാൻ പോകുന്നതിനു. .അതിന്റെ കാരണം അമ്മ പത്രം വായിക്കുമ്പോൾ ആകെ കാണുന്നത് ദുരന്ത വാർത്തകൾ മാത്രമാണ്. പാവത്തിന് പേടിയാണ് എപ്പോഴും എന്റെ സുരക്ഷയെ കുറിച്ചു. കഴിഞ്ഞ ദിവസവും പുറത്തു പോയപ്പോൾ റോഡ് ക്രോസ്സ് ചെയ്യുന്ന സമയത്തു അമ്മ എന്റെ കയ്യിൽ പിടിച്ചു. ഞാൻ നോക്കാതെ ക്രോസ്സ് ചെയ്യുമോ എന്നു ഭയന്നിട്ട്
അങ്ങനെ വഴക്കിട്ടിരുന്ന ഓരോ കാര്യത്തിലും ന്യായീകരിക്കാൻ കഴിയുന്ന സ്വാർത്ഥതയുടെ ഒരു കണിക പോലും ഇല്ലാത്ത കാരണങ്ങൾ അമ്മക്ക് ഉണ്ട് എപ്പോഴും . നല്ല മനുഷ്യരും ചീത്ത മനുഷ്യരും ഉണ്ട് ... നല്ല സ്ത്രീകളും ചീത്ത സ്ത്രീകളും ഉണ്ട്.. എന്നാൽ അമ്മ എപ്പോഴും നല്ലതു മാത്രമേ ഒള്ളൂ..
അടുത്തയാൾ ഭാര്യ. അമ്മ വഴക്കിട്ട കാര്യങ്ങൾക്കു ഒക്കെ ഭാര്യയാണ് ഇന്ന് വഴക്കിടുന്നത്. കാരണങ്ങളും ഇതൊക്കെ തന്നെ.നമുക്ക് ഒരു പനി വരുമ്പോൾ അല്ലെങ്കിൽ ഒരു വിഷമം വരുമ്പോൾ നമ്മളിലും കൂടുതൽ അതു ബാധിക്കുന്നതു നമ്മുടെ ഭാര്യമാരെ ആണ്. അമ്മക്ക് പകരം വയ്ക്കാൻ ആരും ഇല്ല എന്നു പറയാൻ പറ്റില്ല. ഭാര്യ എന്നാൽ അമ്മയെ പോലെ തന്നെയാണ്. വേറൊരു കുടുംബത്തിൽ നിന്നും വന്നു, സ്വന്തം അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും പിരിഞ്ഞു നമുക്ക് വേണ്ടി മാത്രം ജീവിക്കുന്നവരാണ്. പലപ്പോഴും ഞാൻ ഉൾപ്പെടയുള്ള ഭർത്താക്കന്മാർ അതു സൗകര്യം പൂർവ്വം മറക്കാറുണ്ട്. അതു ഓർമിച്ചാൽ ഒരിക്കലും നമ്മൾ അവരെ വേദനിപ്പിക്കില്ല.
എന്നോട് എന്റെ ഭാര്യ ഞാൻ വഴക്കിടുംപോൾ ഇതു പറയാറുണ്ട്. അപ്പോൾ ഞാൻ പറയും എല്ലാ പെണ്ണുങ്ങളും ഇങ്ങനെയൊക്കെ അച്ഛനേയും അമ്മയെയും ഒക്കെ പിരിഞ്ഞു തന്നെ അല്ലെ വിവാഹം കഴിച്ചു ജീവിക്കുന്നത്. അതെന്തിനാണ് വലിയ ആന കാര്യം പോലെ പറയുന്നത് എന്ന്. അവൾ അതിനു മറുപടി ഒന്നും പറഞ്ഞിരുന്നില്ല. പകരം എനിക്കു ഒരു മകളെ തന്നു. അതിനുള്ള ഉത്തരം ഞാൻ തനിയെ മനസിലാക്കി. ആ പിരിവിന്റെ വേദന എത്ര വലുതായിരിക്കും എന്നു ഇപ്പോൾ എനിക്കു ഊഹിക്കാൻ കഴിയുന്നുണ്ട്. എന്നോട് വഴക്കിടാൻ അവകാശമുള്ള മൂന്നാമത്തെ ആളായി അവൾ വളർന്നു വരുന്നു.
ഇതൊക്കെ ഞാൻ ഇവിടെ ഇങ്ങനെ പറഞ്ഞു എന്നു കരുതി ഇനി ഒരിക്കലും ഞാൻ അമ്മയും ഭാര്യയുമായൊന്നും വഴക്കിടില്ല എന്നു വിചാരിക്കണ്ട.. ഇനീം ശക്തമായ വഴക്കുകളും പിണക്കങ്ങളും ഉണ്ടാകും..ഇത്രയും വഴക്കിനു മറ്റൊരു പ്രധാന കാരണമുണ്ട്. നമ്മുടെ ജീവിതത്തിൽ വേറാരും ഇതുപോലെ ഓരോ പ്രാവിശ്യവും വഴക്കിട്ടു കഴിഞ്ഞു വീണ്ടും തിരിച്ചു വരില്ല...എല്ലാം ക്ഷമിച്ചുകൊണ്ടു... മറന്നുകൊണ്ട് വീണ്ടും സ്നേഹിക്കാൻ.. വഴക്കിടാൻ... പിണങ്ങാൻ... അതെന്തുകൊണ്ടാണ് എന്നു മാത്രം മനസിലാക്കാൻ പറ്റുന്നില്ല... കാരണം ഞാൻ വെറും ഒരു ആണ് മാത്രമാണ്..
ശ്രീറാം എസ്

നമ്മുടെ മലയാളം


ഇന്ത്യൻ ഭാഷകളിൽ പഠിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഷ ഏതാണ് എന്നു ഗൂഗിൾ ചേട്ടനോട് ചോദിച്ചാൽ അതു നമ്മുടെ മലയാളം ആണ് എന്നു ഉത്തരം വരും. പക്ഷെ നമ്മൾ ഭൂരിപക്ഷം പേരും ഏറ്റവും എളുപ്പം പഠിച്ച ഭാഷ മലയാളം ആണ് എന്നു വിശ്വസിക്കുന്നവരാണ് . ഞാനും അങ്ങനെ ആണ് വിശ്വസിച്ചിരുന്നത്. കുറച്ചു നാൾ മുൻപ് വരെ.. ഒരു ചെറിയ സംഭവം നടക്കുന്നത് വരെ.. അതു കഴിഞ്ഞപ്പോൾ എനിക്കു മനസിലായി ഗൂഗിള് ചേട്ടൻ പറയുന്നത് സത്യം ആണെന്ന്..
ഞാൻ ചെന്നൈയിൽ പഠിക്കാൻ പോയ സമയം.. ട്രിപ്ലികെനിൽ ഉള്ള അംബിക മാൻഷനിലാണ് എനിക്കു താമസം ശരിയായത് . അവിടെ താമസിക്കുന്നതിൽ 90 % ആൾക്കാരും മലയാളികൾ ആണ്.. അതിൽ ഒരു 80% പേരും CA ക്കു തന്നെയാണ് പഠിക്കുന്നത്.. അവിടെയുള്ള ഒരു മാതിരി പെട്ടവരെല്ലാം സഹപാഠികൾ ആയതുകൊണ്ടാവാം നാട്ടിലെ ഒരു കോളേജ് ഹോസ്റ്റലിന്റെ ഒരു പ്രതീതി ആണ് അവിടെ നിൽക്കുമ്പോൾ.
അവിടെ വച്ചാണ് ഞാൻ നമ്മുടെ ഭാഷയുടെ വിപുലതയും വൈവിധ്യവും ഒക്കെ മനസിലാക്കുന്നത്.. ഓരോ സ്ഥലത്തു നിന്നു വരുന്നവർ ഓരോ രീതിയിൽ ആണ് സംസാരിക്കുന്നത്. തിരുവനന്തപുരംകാരൻ എന്തരെടേ എന്നു പറയുമ്പോൾ ... കുറച്ചു മാറി കൊല്ലംകാരൻ എന്തോന്നെടെ എന്നു പറയുന്നു .. അതു തന്നെ കോട്ടയം കാരനായ ഞാൻ എന്നതാടാ ഇതു എന്നു പറയുന്നു.. തൃശ്ശൂര്കാരൻ ഗഡി എന്തൂട്ടട ഇതു എന്നു പറയുന്നു.. കണ്ണൂരുകാരൻ കീയട്ടെ എന്നു യാത്ര ചോദിക്കുന്നു .
കാസർകോഡ് കാരൻ കീഞ്ഞു പാഞ്ഞു പോകുന്നു... മൊത്തത്തിൽ 50 മലയാളികൾ സംസാരിക്കുന്നതു 50 തരം മലയാളത്തിൽ.
അതൊക്കെ കണ്ടും കേട്ടും അന്തിച്ചിരിക്കുമ്പോഴാണ് എന്റെ മുറി ഷെയർ ചെയ്യാൻ ഒരു സഹമുറിയൻ അങ്ങു മലപ്പുറത്തു നിന്നു വരുന്നത്. ഞങ്ങൾ തമ്മിൽ പരിചയപെട്ടു. പുള്ളി ഒരു മാതിരി മനസിലാകുന്ന രീതിയിൽ തന്നെയാണ് സംസാരിക്കുന്നതു...ചെറിയ ഒരു മലപ്പുറം സ്ലാങ് ഇടക്ക് വരുന്നുണ്ടെങ്കിലും പുള്ളി പറയുന്നതൊക്കെ എനിക്കും ഞാൻ പറയുന്നതൊക്കെ പുള്ളിക്കും മനസ്സിലാവുന്നുണ്ട്. ഒരു മലപ്പുറം കാരൻ എന്റെ മുറിയിൽ ലാൻഡ് ചെയ്തു എന്ന അറിഞ്ഞ എന്റെ അടുത്ത മുറിയിലെ മറ്റൊരു മലപ്പുറംകാരൻ അവനെ പരിചയപ്പെടാൻ എന്റെ മുറിയിൽ എത്തി.. പിന്നെ അവര് തമ്മിൽ ഒരു സംസാരം തുടങ്ങി... നല്ല കിണ്ണൻ മലപ്പുറം ഭാഷയിൽ ..എന്റമ്മോ... അവർ പറയുന്നത് മനസ്സിലാക്കി എടുക്കാൻ ഞാൻ ഇത്തിരി പാട് പെട്ടു.
രണ്ടാമത്തവൻ അവസാനം മുറിയിൽ നിന്നു പോയപ്പോൾ ആണ് എനിക്കൊരിത്തിരി ആശ്വാസം കിട്ടിയത്.. അടുത്ത ദിവസം രാവിലെ ക്ലാസ്സുണ്ട്.. സംസാരിച്ചിരുന്നു നേരം വൈകി അതു കൊണ്ടു അവനോട് ശുഭരാത്രി പാഞ്ഞു ഞാൻ കിടന്നു... അത്രേം നേരം മലപ്പുറംഭാഷയിൽ സംസാരിച്ചു കൊണ്ടിരുന്ന ഹാങ് ഓവർ കൊണ്ടാണെന്നു തോന്നുന്നു അവൻ കിടക്കാൻ നേരത്തു എന്നോട് പറഞ്ഞു "ജ്ജപ്ലനീച്ച".
എന്റമ്മേ അവൻ വല്ല തെറിയും വിളിച്ചതാണോ... അതോ ഈ തേനീച്ചയോ മണിയനീച്ചയോ പോലെ വല്ല ഈച്ചയയെയും കണ്ടിട്ടു അവൻ പറഞ്ഞതാണോ ?? ഞാൻ അവനൊടെ എന്താ പറഞ്ഞത് എന്നു ചോദിച്ചു.. ഇത്തവണ അവൻ ഒന്നുടെ ഉറക്കെ തറപ്പിച്ചു പറഞ്ഞു ജ്ജപ്ലനീച്ച എന്ന് ... ആകെ കെണിഞ്ഞു ..ഒന്നും മനസിലായില്ല ഇനീം ഒന്നുടെ ചോദിക്കാണോ പഹയൻ എന്താ ഉദ്ദേശിക്കുന്നത് എന്ന് ...പിന്നെ രണ്ടും കല്പിച്ചു ഞാൻ അവനോടു ചോദിച്ചു അവൻ എന്താ പറഞ്ഞത്
ഇത്തവണ അവൻ ഇത്തിരി നിർത്തി പറഞ്ഞു.. ജ്ജപ്ല... അനീച്ച". എനിക്കു എൻറെ ക്ഷമ നശിച്ചു .. ഞാൻ അവനോട് ചൂടായി.. " എടാ പുല്ലേ വല്ലതും പറയാൻ ഉണ്ടന്കിൽ മുഖത്തുനോക്കി മലയാളത്തിൽ പറയണം..."
"ജ്ജപ്ലനീച്ച എന്നല്ലേ ഞാൻ ചോദിച്ചൊള്ളൂ.. അതിനു എന്തിനാണ് ഇത്ര ചൂടാകുന്നത്?" അവൻ ചോദിച്ചു. "ജ്ജപ്ലനീച്ച" എന്നു പറഞ്ഞാൽ എന്താണന്ന് എന്നു എനിക്കു മനസ്സിലായില്ല ഞാൻ പറഞ്ഞു. അവൻ ഒരു മിനിറ്റ് മിണ്ടിയില്ല. അതു കഴിഞ്ഞു നിർത്തി..നിർത്തി പറഞ്ഞു.. " ഇജ്ജ് - എപ്പള - എണീച്ച.. "
എനിക്ക് സംഗതി പിടികിട്ടി.. ഇജ്ജ് ( നീ/നിങ്ങൾ) - എപ്പള( എപ്പോഴാണ്) - എണീച്ച ( എഴുന്നേൽക്കുന്നത് / ഉണരുന്നത്) . നിങ്ങൾ രാവിലെ എത്ര മണിക്കാണ് ഉണരുക എന്ന ചോദ്യമാണ് "ജ്ജപ്ലനീച്ച" എന്ന ഒറ്റവാക്കിൽ പഹയൻ ഒതുക്കി കളഞ്ഞത്. നമ്മുടെ മലയാള ഭാഷയുടെ ഒരു കാര്യം... എന്താല്ലേ.... അവനോട് ചൂടായതിനു "അതു വിട്ടുകളയടാ ഉവ്വേ.." എന്നു കോട്ടയം സ്റ്റൈലിൽ ഒരു സോറി പറഞ്ഞിട്ട് ഞാൻ കിടക്കുന്നു..
ശ്രീറാം .എസ്

ഞങ്ങളും യെന്തിരനും കൂടി


ഒരു ദീപാവലി ആഘോഷിക്കാൻ ഞങ്ങളും യെന്തിരനും കൂടി ചെന്നൈ സിറ്റിക്ക് കുറച്ചു അകലെയുള്ള തിരുമഴിശൈ എന്ന ഗ്രാമത്തിലേക്ക് പോയി. യെന്തിരൻ ... അവനെ അങ്ങനെയാണ് ഞങ്ങൾ വിളിച്ചിരുന്നത്.. രജനികാന്തിന്റെ യെന്തിരൻ വരുന്നതിനു കുറച്ചു നാൾ മുൻപാണ് ഈ യെന്തിരൻ ഞങ്ങളുടെ കയ്യിൽ എത്തിപ്പെട്ടത്.. ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാനും അപ്പുവും പിന്നെ രാമനും.
രാവിലെ എണീറ്റ് പുസ്തക കെട്ടുമായി ബസ്സിൽ ഇടിച്ചു കയറി ഇന്സ്ടിട്യൂട്ടിൽ പോകാൻ ഉള്ള ബുദ്ധിമുട്ടു കൊണ്ടാണ് ഒരു സ്കൂട്ടറോ ബൈക്കോ വേണം എന്ന് തോന്നിയത്..പക്ഷെ അതിനുമാത്രം ഉള്ള സാമ്പത്തിക സ്ഥിതി ഇല്ല താനും.അപ്പോഴാണ് രാജേഷിന്റെ കയ്യിൽ ഉള്ള ഒരു ബൈക്കിന്റെ കാര്യം അറിഞ്ഞത്.. രാജേഷിന്റെ പഴയ സഹമുറിയാനായിരുന്ന ശബരി പലപ്പോഴായി കടം വാങ്ങിയതെല്ലാം കൂടി ചേർത്ത് ഏകദേശം 2500 രൂപ രാജേഷിനു കൊടുക്കാൻ ഉണ്ടായിരുന്നു.. ഒടുവിൽ ഒരു നാൾ ശബരി മുറി ഒഴിഞ്ഞപ്പോൾ ഈ വണ്ടിയുടെ അവകാശം കൊടുക്കാനുള്ള കാശിനു പകരമായി തീറെഴുതി കൊടുത്തു.. ബൈക്കോടിക്കാൻ അറിയാത്ത രാജേഷ് പട്ടിയുടെ കയ്യിൽ കിട്ടിയ പൊതിക്കാത്ത മുഴുവൻ തേങ്ങാ പോലെ രണ്ടു രണ്ടര വർഷമായി അതു സൂക്ഷിക്കുകയാണ്
ഒടുവിൽ രാജേഷുമായി സംസാരിച്ചപ്പോൾ അവൻ ആ ശകടം 500 രൂപക്ക് തരാം എന്ന് സമ്മതിച്ചു.. പക്ഷെ വണ്ടിക്കു ബുക്കും പേപ്പറും ഒന്നും ഇല്ല.. വണ്ടിയോടിക്കാൻ ലൈസൻസ് ഇല്ലാത്ത എനിക്ക് അതൊരു വലിയ പ്രശ്നമായി തോന്നിയില്ല...
അങ്ങനെ ഞാനും അപ്പുവും രാമനും കൂടി ബൈക്ക് നിർത്തിയിട്ടിരുന്ന ഷെഡിൽ എത്തി... ഞങ്ങൾക്ക് അവിടെ ബൈക്ക് കാണാൻ സാധിച്ചില്ല.. കണ്ടത് ഒരു കെ.ബി 100 ന്റെ അസ്ഥികൂടം.. സീറ്റ് കീറി പറിഞ്ഞിരിക്കുന്നു
പിന്നെ പലയിടത്തും പെയിന്റ് ഇല്ല... എവിടെയൊക്കെയോ തുരുമ്പിച്ചിട്ടുണ്ട് ..പിന്നെ അവിടെന്നും ഇവിടുന്നും ഒക്കെ.. എന്തൊക്കയോ കേബിളും വയറും ഒക്കെ പൊട്ടി തൂങ്ങി കിടപ്പുണ്ട്..ഒറ്റനോട്ടത്തിൽ കണ്ടാൽ അത് ഒരു ബൈക്ക് ആണെന്ന് പറയില്ല... എന്തിനോ വേണ്ടിയുള്ള ഒരു യന്ത്രം ആണെന്നെ പറയുകയുള്ളൂ...
അപ്പു തന്റെ മാസ്റ്റർ പീസ് ആയ മുഖം ചളിപ്പിക്കുന്ന ഭാവം പുറത്തെടുത്തു.. " അല്ല അഞ്ഞൂറ് രൂപയ്ക്കു വല്യ നഷ്ടം ഇല്ല അല്ലെ?"
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു.. പക്ഷെ രാമന്റെ മുഖത്തു സന്തോഷം.. "നമ്മൾ ഒരു ബൈക്ക് വാങ്ങുന്നുണ്ടെങ്കിൽ ഇത് മതി.. നല്ല കണ്ടിഷനിൽ ഒള്ള പുത്തൻ ബൈക്ക് ഏതു ഊളകൾക്കും ഓടിക്കാം .. പക്ഷെ ഇത് പോലെ ഒന്നോടിക്കണമെങ്കിൽ കഴിവ് വേണം.. നമുക്ക് ഇത് തന്നെ ഉറപ്പിക്കാം" രാമൻ പറഞ്ഞു..
"പക്ഷെ ഇത് ഓടുമോ എന്ന് ആദ്യം നോക്കണ്ടേ?"... അപ്പു ചോദിച്ചു...
"ഏയ് .. അതൊന്നും പേടിക്കണ്ട... വണ്ടി നല്ല ഉഗ്രൻ കണ്ടീഷൻ അല്ലെ.. ഒരിത്തിരി വലിവ് കുറവാണെന്നേ ഒള്ളു.. " രാജേഷ് പറഞ്ഞു..
വലിവ് കുറവാണെങ്കിലും നല്ല ചുമ ഉണ്ടെന്നു അത് സ്റ്റാർട്ട് ചെയ്തപ്പോൾ എനിക്ക് മനസിലായി.. നല്ല കഫ കെട്ടുള്ള ഒരു വൃദ്ധൻ ബീഡി വലിച്ചിട്ടു ചുമക്കുന്ന ശബ്ദത്തിൽ അവൻ സ്റ്റാർട്ട് ആയി... എനിക്ക് തോന്നി ഇത് വെറും ബൈക്ക് അല്ല.. ഞങ്ങൾക്ക് യാത്ര ചെയ്യാൻ ഉള്ള ഒരു യന്ത്രം ആണെന്ന്.. അപ്പോൾ തന്നെ അവനു പേരും ഇട്ടു.. യെന്തിരൻ...
അങ്ങനെ ഞാനും അപ്പുവും രാമനും നല്ല സുഖമായി യെന്തിരനെയും കൊണ്ട് പോലീസിന്റെ കണ്ണിൽ പെടാതെ കറങ്ങി നടന്നു.. രാമൻ പറഞ്ഞത് ശരിയായിരുന്നു.. എന്തിരന്റെ ഓടിക്കാൻ പ്രത്യേക കഴിവ് തന്നെ വേണം .. എന്റെ അറിവിൽ ആ കഴിവ് രാമന് മാത്രമേ ഉണ്ടായിരുന്നുള്ളു.. അത് കൊണ്ട് തന്നെ രാമൻ ആണ് അത് ഇപ്പോഴും ഓടിക്കാറ് .. ഞങ്ങൾ പിൻ സീറ്റിൽ ഇരിക്കാറേ ഒള്ളു.. അവനു ആ വണ്ടിയോടു പ്രത്യേക ഒരു സ്നേഹം ഉണ്ടെന്നു എനിക്ക് തോന്നി.....
അങ്ങനെ ഇരിക്കുമ്പോൾ ദേ വരുന്നു ദീപാവലി.. കൂട്ടത്തിൽ എന്റെ തിരുമഴിശൈയിൽ ഉള്ള അമ്മാവന്റെ ഒരു കോളും .. ഇത്തവണ ദീപാവലി അവിടെ അമ്മാവന്റെ വീട്ടിൽ ആഘോഷിക്കാം എന്ന്.. എന്റെയും അനിയൻ അപ്പുവിന്റെയും കൂടെ രാമനും ക്ഷണം കിട്ടി.
ദീപാവലിയുടെ തലേ ദിവസം ആയതിനാൽ ചെന്നൈയിൽ മുഴുവൻ തിരക്കാണ്.. എവിടെയൊക്കയോ ഇത്രയും നാളും ഒളിച്ചിരുന്ന ആളുകൾ ഒക്കെ ഒരുമിച്ചു പുറത്തു ചാടിയത് പോലെ തോന്നി എനിക്ക്.. എല്ലാ ഇടത്തും തിരക്കോടു തിരക്ക് തന്നെ .. ബസ്സിൽ കയറി പോകുന്നതിനെ കുറിച്ച് ചിന്തിക്കാനേ പറ്റില്ല.. ഒടുവിൽ ഞങ്ങൾ ആ തീരുമാനത്തിൽ എത്തി.. 2 ഉം കല്പിച്ചു യെന്തിരനിൽ ട്രിപ്പിൾ അടിച്ചു പോകുക.. ഈ തിരക്കിനിടക്ക് പോലീസ് കൈകാണിക്കും എന്ന് പേടിക്കണ്ട.. അങ്ങിനെ ഞങ്ങൾ യെന്തിരനിൽ കയറി ഒരു ദീർഘ യാത്രക്ക് തിരിച്ചു..
വഴിയിലെ ബ്ലോക്കും തിരക്കും ഞങ്ങൾ വിചാരിച്ചതിലും ഒരുപാടു കൂടുതൽ ആയിരുന്നു.. പക്ഷെ രാമൻ തന്റെ കഴിവ് ഉപയോഗിച്ച് കിട്ടുന്ന ഇടവഴിയിലൂടെയും റോഡിനു സൈഡിലൂടെ പോകുന്ന പറമ്പിലൂടെയും ചെളിയിലൂടെയും പാറപ്പുറത്തൂടെയും എന്നു വേണ്ട സകല വഴിയിലൂടെയും അതി സാഹസികം ആയി ഓടിച്ചു.. പോകുന്ന വഴിക്കൊക്കെയും യെന്തിരന്റെ ചില ഭാഗങ്ങൾ ഒക്കെ കൊഴിഞ്ഞു പോകുന്നുണ്ടോ എന്നെനിക്കു തോന്നി.. അങ്ങനെ ഒരു വിധം ഞങ്ങൾ തിരു മഴിശൈയിൽ എത്തി..
പിറ്റേ ദിവസം സൂര്യ പ്രകാശത്തിൽ നോക്കിയപ്പഴാണ് യെന്തിരന്റെ ഒരു ഇന്റികേറ്ററും ഒരു ഫൂട്ട് റെസ്റ്റും ഒരു കണ്ണാടിയും പിന്നെ എനിക്ക് പേരറിയാത്ത പല പാർട്സും കഴിഞ്ഞ ദിവസത്തെ സാഹസിക യാത്രയിൽ നഷ്ടപെട്ടു എന്ന്.. യെന്തിരന്റെ പരുവം കണ്ട അമ്മാവൻ തിരിച്ചു അതിൽ പോകണ്ട എന്ന് വഴക്കു പറഞ്ഞെങ്കിലും വണ്ടി പോകുന്ന വഴിയിൽ വർക്ക് ഷോപ്പിൽ കൊടിത്തിട്ടു ബസ്സിൽ പൊക്കോളാം എന്നൊക്കെ പറഞ്ഞു ഞങ്ങൾ യെന്തിരനുമായി തന്നെ തിരിച്ചു പോയി..
പോകുന്ന വഴിക്കു യെന്തിരന്റെ ബാക്കി ഭാഗങ്ങളും അടർന്നു പോകുന്നതിനു ഞങ്ങൾ സാക്ഷിയായി,.. ചെന്നൈ ഏകദേശം എത്താറായപ്പോൾ വണ്ടി ഓടിക്കുന്നിടയിൽ രാമൻ ഇടയ്ക്കിടെ താഴേക്ക് കുനിഞ്ഞു കൈ കൊണ്ട് എന്തോ ചെയ്യുന്നത് കണ്ടു.. എന്താണെന്നു ചോദിച്ചപ്പോൾ ആശാൻ പറയുകയാണ്.. ഞാൻ അത് ഗിയർ മാറുന്നതാണ് എന്ന്.. അപ്പോൾ തന്നെ വണ്ടി അവിടെ നിർത്തി ബസ്സ് കയറിയോ വല്ല ഓട്ടോ പിടിച്ചോ പോകാം എന്ന് ഞാനും അപ്പുവും പറഞ്ഞു.. പക്ഷെ രാമൻ കേട്ടില്ല.. കാരണവൻമാർ ചെയ്ത പുണ്യം കൊണ്ട് ഒരു വിധത്തിൽ തിരിച്ചു ഹോസ്റ്റലിൽ എത്തി..
ഒരു വണ്ടി കേടുവരുന്നതും അപകടത്തിൽ നശിച്ചു പോകുന്നതും ഒക്കെ കണ്ടിട്ടും കേട്ടിട്ടും ഉണ്ട്.. പക്ഷെ അന്ന് ആദ്യമായി ഒരു വണ്ടി തീർന്നു പോകുന്നത് ഞാൻ കണ്ടു..
പിറ്റേ ദിവസം ഭാസ്കരേട്ടന്റെ കടയിൽ ചായ കുടിച്ചുകൊണ്ട് നിൽക്കുമ്പോൾ ആ വണ്ടിയുടെ അവസ്ഥ കണ്ടു 2 പോലീസ് കാർ അത് പെറുക്കി കൊണ്ട് പോകുന്നത് ഞങ്ങൾ കണ്ടു.. ഞങ്ങൾ ഒന്നും മിണ്ടാൻ നിന്നില്ല .. മിണ്ടിയാൽ 500 രൂപയുടെ വണ്ടിക്കു 2000 രൂപ പിഴ അടയ്ക്കേണ്ടി വന്നേനേ .. ഇന്നും ചെന്നൈ സാം ബസാർ പോലീസ് സ്റ്റേഷന് മുൻപിൽ അവകാശികൾ ഇല്ലാതെ അവൻ കിടപ്പുണ്ട്.. ഞങ്ങളുടെ യെന്തിരൻ.. രാമൻ ഇപ്പോഴും ചെന്നൈയിൽ പോകുമ്പോൾ പോലീസ് സ്റ്റേഷന് മുന്നിലൂടെ ഒന്ന് പോവും... യെന്തിരന്റെ ഒന്ന് കാണാൻ വേണ്ടി മാത്രം ..
ശ്രീറാം എസ്

ഒരു പ്രേത കഥ


പ്രേതം... പ്രേതം ഉണ്ടെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?.. നമ്മൾ എല്ലാരും എപ്പോഴെങ്കിലും ഒക്കെ... അല്ലെങ്കിൽ ഒരിക്കലെങ്കിലും പ്രേതത്തെ ഓർത്തു പേടിച്ചിട്ടല്ലേ? ഉണ്ട്... ഇനി അഥവാ ആരെങ്കിലും ഇല്ല എന്ന് പറഞ്ഞാലും ഞാൻ അത് വിശ്വസിക്കില്ല... ഞാനും പേടിച്ചിട്ടുണ്ട്. എനിക്കിതിലോക്കെ കുറച്ചു വിശ്വാസം .. അല്ല വിശ്വാസം അല്ല... പേടി... പേടിയുണ്ട്. കാരണം എനിക്ക് ശരിക്കും ഒരു പ്രേതാനുഭവം ഉണ്ടായിട്ടുണ്ട്... സത്യം.... എനിക്ക് ഈ അനുഭവം ഉണ്ടായതു നമ്മുടെ തലസ്ഥാന നഗരിയായ അനന്തപുരിയിൽ വച്ചാണ്...വ്വോ.. തന്നെടെ... നമ്മടെ തിരോന്തോരത്ത് വച്ച്…
CA യുടെ ആർട്ടിക്കിൾഷിപ്പ് ചെയ്യുന്ന സമയം.. തിരുവനന്തപുരത്ത് ഒരു ക്ലയിന്റ് ഉണ്ടായിരുന്നു.. ആ ക്ലയിന്റിൽ വർക്ക് ചെയ്യാൻ എനിക്ക് വലിയ താത്പര്യം ആയിരുന്നു.. മറ്റൊന്നും കൊണ്ടല്ല..അത് എനിക്ക് സാമ്പത്തികമായി ഗുണം ചെയ്യന്ന ഒരു ക്ലയിന്റ് ആയിരുന്നു. അവിടെ പോകുന്ന ദിവസങ്ങളിൽ താമസത്തിനും ഭക്ഷണത്തിനും മറ്റുമായി 500 RS എന്റെ ഓഫീസിൽ നിന്നും പിന്നെ 750 RS ക്ലയിന്റിന്റെ കൈയ്യിൽ നിന്നും ദിവസേന കിട്ടുമായിരുന്നു. താമസവും ഭക്ഷണവും കഴിഞ്ഞു ബാക്കി വരുന്നത് എനിക്ക് ഒരു എക്സ്ട്രാ വരുമാനം ആയിരുന്നു. അത് കൊണ്ട് തന്നെ താമസത്തിൻറെയും ഭക്ഷണത്തിന്റെയും ചെലവ് മാക്സിമം കുറക്കാൻ ഞാൻ നോക്കാറുണ്ടായിരുന്നു.
അങ്ങിനെ ഒരിക്കൽ ഞാൻ തിരുവനന്തപുരത്ത് ഓഡിറ്റ്നു പോകുകയാണ്. ഞാൻ സ്ഥിരമായി താമസിക്കാറുള്ള സ്ഥലത്തല്ല ഇത്തവണ താമസിക്കാൻ പോകുന്നത് . എന്റെ ഒരു സുഹൃത്ത് വഴി ഒരു കുറഞ്ഞ വാടകക്ക് വേറൊരു ഹോട്ടൽ ... സോറി ഹോട്ടൽ എന്ന് പറയാൻ പറ്റില്ല... ഒരു ലോഡ് ജ് തരപെട്ടിട്ടുണ്ട് .. അത് വഴി എനിക്ക് ഒരു ദിവസം 50 Rs ലാഭം കിട്ടും.രാവിലെ 8.30 ക്ക് തന്നെ ലോഡ്ജിൽ എത്തി ഞാൻ മുറി എടുത്തു. 2 നിലയുള്ള ലോഡ്ജിൽ ആകെ മുറികൾ ഒരു പത്തു ഇരുപതെണ്ണം കാണും.. ഒരു എൽ ഷേപ്പിൽ ആണ് മുറികൾ ഇരിക്കുന്നത്... അതായതു പടികയറി മുകളിലെ നിലയിൽ വന്നാൽ 7 മുറികൾ ഒരു വശത്ത്.. പിന്നെ ഇടതു വശത്തേക്ക് തിരിഞ്ഞാൽ അവിടെ വീണ്ടും ഒരു മൂന്നുനാല് മുറികൾ. അതിൽ 6 മത്തെ മുറിയാണ് എനിക്ക് കിട്ടിയത് .. അതായതു കോർണറിൽ ഉള്ള ഏഴാമത്തെ മുറിക്കു തൊട്ടു മുൻപുള്ള മുറി.
ബാഗ് മുറിയിൽ വച്ചിട്ട് മുറി പൂട്ടി ഞാൻ ജോലിക്ക് പോകാൻ ഇറങ്ങി .. അപ്പോഴാണ് ഞാൻ തൊട്ടടുത്ത മുറിയുടെ വാതിൽ ശ്രദ്ധിച്ചത്... വാതിൽ പൂട്ടിയിരിക്കുകയാണ് ... അത് മാത്രമല്ല ആ വാതിൽ അവസാനമായി പെയിന്റ് അടിച്ചപ്പോൾ ആ പൂട്ടും ചേർത്താണ് പെയിന്റ് അടിച്ചിരിക്കുന്നത്.. ആ പൂട്ട് പെയിന്റ് കൊണ്ട് വാതിലുമായി കൂടിച്ചേർന്നു ഒട്ടിപ്പിടിച്ച്ചിരിക്കുകയാണ്. അത് കൊണ്ട് തന്നെ ആ മുറിയിൽ ആരും ഇല്ലന്നും.. അത് കഴിഞ്ഞ കുറച്ചു കാലമായി തുറന്നിട്ടേ ഇല്ല എന്നും എനിക്ക് മനസ്സിലായി .. പക്ഷെ എന്തുകൊണ്ടാണ് അവർ അതങ്ങനെ സ്ഥിരമായി അടച്ചിട്ടിരിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല.
വൈകിട്ട് ജോലി കഴിഞ്ഞു ഒരു 7 മണിയോട് കൂടി ഞാൻ തിരിച്ചു മുറിയിൽ എത്തി. ഒന്ന് കുളിച്ചു ഫ്രഷ് ആയതിനു ശേഷം ഞാൻ മുറിയിൽ നിന്ന് വെളിയിൽ ഇറങ്ങി. ആദ്യം അത്താഴം ..പിന്നെ ഒരു സെക്കന്റ് ഷോ.. അത് കഴിഞ്ഞു രാത്രി ഒരു മണിയോട് കൂടി തിരിച്ചു ലോഡ്ജിൽ എത്തി. മുകളിലത്തെ നിലയിലേക്ക് കയറുന്ന പടിയിൽ തീരെ വെളിച്ചം ഇല്ല.. മുകളിലത്തെ നിലയിൽ ഞാൻ മാത്രമാണ് താമസക്കാരൻ എന്ന് എനിക്ക് തോന്നി. ഞാൻ എന്റെ മുറിയുടെ അടുത്ത് എത്തിയപ്പോൾ ആണ് അത് ശ്രദ്ധിച്ചത്.. അടഞ്ഞു കിടക്കുന്ന ഏഴാമത്തെ മുറിയുടെ വെന്റിലെറ്ററിൽ നിന്നും ഒരു ചുവന്ന വെളിച്ചം പുറത്തേക്കു വരുന്നു. പിന്നെ ചില ശബ്ദങ്ങളും. ഞാൻ വീണ്ടും അതിന്റെ വാതിലിലേക്ക് ഒന്ന് കൂടി നോക്കി... എല്ലാം പഴയ പോലെ തന്നെ.. അത് പൂട്ടി തന്നയാണ് ഇരിക്കുന്നത്.. ഞാൻ പെട്ടന്ന് തന്നെ എന്റെ മുറി തുറന്നു അകത്തു കയറി വാതിലടച്ചു . എന്റെ മനസ്സിൽ ഒരു വല്ലാത്ത ഒരു തരം പേടി കടന്നു കയറി.. എന്തൊക്കയോ ചില ദുഃസൂചനകൾ. പേടി കളയാൻ ഞാൻ മുറിയിലെ ലൈറ്റും ടി.വി യും ഓൺ ചെയ്തു..കണ്ണുമടച്ചു കിടന്നുറങ്ങാൻ ശ്രമിച്ചു.
എത്രനേരം അങ്ങനെ കിടന്നു എന്നറിയില്ല.. കുറച്ചു നേരം കഴിഞ്ഞു ഞാൻ വീണ്ടും ഞെട്ടി ഉണർന്നു.. ആകെ ഒരു അസ്വസ്തത... വിയർത്തു കുളിച്ചിരിക്കുന്നു. ഞാൻ സമയം നോക്കി.. 2.45. കുറച്ചു ധൈര്യം സംഭരിച്ചു ഞാൻ മുറിക്കു പുറത്തിറങ്ങി.. ഏഴാമത്തെ മുറിയിലേക്ക് നോക്കി.. ചുവപ്പ് വെട്ടം ഇപ്പോൾ വരുന്നില്ല ... ശബ്ദങ്ങളും കേൾക്കുന്നില്ല.. ഭയപ്പെടുത്തുന്ന നിശബ്ദതയും .. കൂറ്റാക്കൂരിരുട്ടും മാത്രം...
പിറ്റേ ദിവസം ഉറക്കം ഉണർന്നപ്പോൾ നേരം വൈകി.. എത്രയും പെട്ടന്ന് ഓഫീസിൽ എത്തണം... ജോലി ഒരു പാട് ഉണ്ട്.. ഇന്ന് വെള്ളിയഴിച്ചയാണ് .. ഇന്ന് തീർന്നില്ലെങ്കിൽ ശനിയും ഞായറും കഴിഞ്ഞു തിങ്കളാഴ്ചയെ പണി തീർക്കാൻ പറ്റുകയുള്ളു .. അത് കൊണ്ട് ഇത്തിരി താമസിച്ചാലും സാരമില്ല ജോലി ഇന്നു തന്നെ തീർക്കണം.. അന്നു ഉച്ച ഭക്ഷണത്തിന് ഇടയ്ക്കു കുശലം പറയുന്ന ഇടയ്ക്കു അവിടുള്ള ഒരു സ്റ്റാഫ് ഞാൻ എവിടയാണ് സ്റ്റേ ചെയ്യുന്നത് എന്ന് ചോദിച്ചു.. ഞാൻ ലോഡ്ജിന്റെ പേര് പറഞ്ഞു.. ആ ദുഷ്ടൻ അപ്പോൾ തന്നെ ഒരു ഞെട്ടിക്കുന്ന വിവരം എന്നോട് പറഞ്ഞു.. ആ ലോഡ്ജിൽ 2 വര്‍ഷം മുൻപ് ഒരാൾ അത്മഹത്യ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾ എന്റെ വെറും തോന്നലാണ് എന്ന് കരുതി മറക്കാൻ ശ്രമിക്കുമ്പോൾ ആണ് ഇങ്ങനെ ഒരു വിവരം ഞാൻ അറിഞ്ഞത്... ഉള്ള ധൈര്യവും അവിടെ തീര്ന്നു.. രണ്ടു ദിവസത്തെ വാടക മുൻകൂർ കൊടുക്കുകയും ചെയ്തു.. ചെക്ക് ഔട്ട് ചെയ്യാനുള്ള സമയവും ഞാൻ തിരിച്ചെത്തുമ്പോൾ കഴിഞ്ഞിരിക്കും. കാലിന്റെ പെരുവിരലിൽ നിന്നും ഒരു ഭയം എന്നിലേക്ക് അരിച്ചു കയറി.
.അന്ന് ജോലി കഴിഞ്ഞു തിരിച്ചു മുറിയിൽ എത്തിയപ്പോൾ വൈകി. എത്രയും പെട്ടന്ന് കിടന്നുറങ്ങണം .. നേരം വെളുക്കാതെ കണ്ണ് തുറക്കരുത്.. ഇടയ്ക്കു ബാത്റൂമിൽ പോകാൻ പോലും എണീകണ്ട എന്ന് തീരുമാനിച്ചു മുറിയിലേക്ക് കയറുമ്പോൾ ഞാൻ ഓട്ടകണ്ണിട്ടു അടുത്ത മുറിയിലേക്ക് നോക്കി.. അത് പൂട്ടി തന്നെ ഇരിക്കുകയാണ്.മുറിയിൽ കയറി പാർസൽ വാങ്ങിയ ഭക്ഷണം കഴിച്ചു ടി.വിയിൽ ഏതോ ഒരു സിനിമയും വച്ച് ഉറങ്ങാൻ കിടന്നു.. പക്ഷെ ഞാൻ എന്ത് നടക്കരുത് എന്ന് ആഗ്രഹിച്ചോ അത് തന്നെ നടന്നു..
രാത്രി ഒരു 12.30 ക്ക് ഞാൻ ഞെട്ടി എണീറ്റു.. ഉറങ്ങാൻ ശ്രമിച്ചിട്ട് കഴിയുന്നില്ല.. ആകെ ഒരു പരവശം.. ഉള്ളിൽ വല്ലാത്ത ഭയം.. മുറിയുടെ ഉത്തരത്തിൽ നിന്നും ചുവരിൽ നിന്നും ഒക്കെ ചില വികൃത രൂപങ്ങൾ ഇറങ്ങി വരുന്നത് പോലെ എനിക്ക് തോന്നി. ഞാൻ കണ്ണടച്ചു അറിയാവുന്ന ദൈവങ്ങളെ ഒക്കെ വിളിച്ചു പ്രാർത്ഥിച്ചു.. അപ്പോൾ എനിക്ക് എവിടുന്നോ കുറച്ചു ധൈര്യം കിട്ടി..ഈ പേടിയെ എങ്ങനെയും കീഴ്പെടുത്തണം.. അതിനു ഞാൻ വെളിയിൽ ഇറങ്ങി നോക്കണം.. ഞാൻ നാമം ജപിച്ചുകൊണ്ട് മുറി തുറന്നു പുറത്തിറങ്ങി. ഏഴാമത്തെ മുറിയിൽ നോക്കി വീണ്ടും ആ ചുവന്ന വെളിച്ചവും അവ്യക്തമായ ചില ശബ്ദങ്ങളും.. ഞാൻ മുറിയിൽ കയറി വാതിലടച്ചു നാമം ജപിച്ചു കണ്ണടച്ച് കിടന്നു ..
പിറ്റേ ദിവസം നേരം വെളുക്കുന്നതിനു മുൻപ് ഞാൻ എണീറ്റ്... എത്രയും പെട്ടന്ന് ഈ നശിച്ച മുറി ഒഴിഞ്ഞു വീടിലേക്ക് പോണം.. വേഗം തന്നെ ഞാൻ കുളിച്ചു റെഡി ആയി.. മുറി പൂട്ടി.. ബാഗുമെടുത്ത് താഴേക്ക് നടന്നു.. അവിശ്വസനീയമായ ആ സംഭവങ്ങളെ കുറിച്ച് ആലോചിച്ചു കൊണ്ട്..ഇല്ല അങ്ങിനെ ഇറങ്ങി പോയാൽ ഒരു സമാധാനവും കിട്ടില്ല ആ മുറി ഒന്നുടെ കാണണം. ഞാൻ തിരിച്ചു നടന്നു.
ഏഴാമത്തെ മുറിയുടെ വാതിലിനുമുന്നിൽ എത്തി. ആ പൂട്ട് ഞാൻ കൈകൊണ്ടു ഞാൻ ഇളക്കാൻ നോക്കി .. പറ്റുന്നില്ല.. അത് ഒട്ടിപ്പിടിചിരിക്കുകയാണ്. ഞാൻ ജനലിലൂടെ അകത്തേക്ക് നോക്കാൻ ശ്രമിച്ചു. ജനൽ അകത്തുനിന്നു അടച്ചിരുന്നതിനാൽ അതും നടന്നില്ല.. ഞാൻ മുന്നോട്ടു നടന്നു ഇടത്തേക്ക് തിരിഞ്ഞു.. ആ ഭാഗത്തെ മുറികളിൽ ആരെങ്കിലും ഉണ്ടോ എന്നറിയാൻ. അപ്പോൾ കണ്ട കാഴ്ച കണ്ടു ഞാൻ തരിച്ചു നിന്നു.
കോർണറിൽ ഉള്ള ആ ഏഴാമത്തെ മുറിക്കു ഈ ഭാഗത്ത് മറ്റൊരു വാതിലുകൂടി ഉണ്ട്.. അത് തുറന്നു കിടക്കുകയാണ്..അകത്തു രണ്ടു ബംഗാളികളും ...
താഴെ റിസപ്ഷനിൽ ചെന്നപോൾ അവിടെ ഉണ്ടായിരുന്ന ആൾ പറഞ്ഞാണ് കാര്യം പിടികിട്ടിയത്. ആ രണ്ടു ബംഗാളികൾ ആ മുറിയിലെ സ്ഥിരതമാസക്കാരന്. രാത്രി ഏതോ ഹോട്ടലിലെ പണി കഴിഞ്ഞു വന്നു മുറിയിലെ ചുവന്ന സീറോവോൾട്ട് ബൾബും ഇട്ടു ഏതോ ബംഗാളി നാടകവും റേഡിയോ യിൽ ഇട്ടു സുഖമായി കിടന്നുറങ്ങുന്നതാണ് ഭയ്യമാരുടെ ദിനചര്യ.. അകത്തു കറങ്ങുന്ന ഫാനിന്റെ യും ക്ലിയർ അല്ലാത്ത ബംഗാളി റേഡിയോ നാടകത്തിന്റെ സൌണ്ടുമാണ് ഞാൻ അവ്യക്തമായി കേട്ടത്.
അത് കേട്ട് ചിരിച്ചു കൊണ്ട് ബാഗും എടുത്തു തിരിഞ്ഞു നടക്കുമ്പോൾ ഞാൻ അയാളോട് പറഞ്ഞു... ഞാൻ വെറുതെ പേടിച്ചു.. ഇവിടെ ഒരാൾ ആത്മഹത്യാ ചെയ്തു എന്നൊക്കയാണ് ഞാൻ കേട്ട കഥകൾ.. അയാൾ അപ്പോൾ പിറകിൽ നിന്ന് ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു... അതൊക്കെ ആളുകള് ചുമ്മാ പറഞ്ഞുണ്ടാക്കുന്നതല്ലേ... "ഞാൻ ആത്മഹത്യാ ചെയ്തതല്ല.. എന്നെ കൊന്നതാണ്... " ഇത് കേട്ട് ഞാൻ തിരിഞ്ഞു നോക്കി.. അപ്പോൾ അയാൾ അവിടെ ഉണ്ടായിരുന്നില്ല.
ശ്രീരാം. എസ്

രജനികാന്ത്


കബാലി സിനിമയുടെ ആദ്യ ഷോയ്ക്കു തന്നെ ടിക്കറ്റ് ഒപ്പിച്ച ആവേശത്തിൽ ഞാൻ മതി മറന്നു സന്തോഷിക്കുബോഴാണ് ഭാര്യ ചോദിച്ചത്.. എന്തു കണ്ടിട്ടാണ് ഇങ്ങേരുടെ സിനിമ കാണാൻ ആൾക്കാരിങ്ങനെ പ്രാന്ത് കാണിക്കുന്നത് എന്നാണ് എനിക്കു മനസിലാകാത്തത് എന്ന്... അതു കേട്ടപ്പോൾ എനിക്കൊരു പഴയ സംഭവം ഓർമ്മ വന്നു.
ഈ ഫൈനൽ പരീക്ഷ കഴിഞ്ഞു റിസൾട്ട് വരുന്നത് വരെ ഉള്ള ഒരു സമയം പൊതുവെ നല്ല ബോറടി ആണ്... ദിവസവും രാവിലെ എണീറ്റു ഇന്നിനി എന്തു ചെയ്യും എന്നു ആലോചിച്ചു തന്നെ ദിവസം തള്ളി നീക്കുന്ന ഒരു സമയം. അങ്ങനെ ഉള്ള ഒരു ദിവസം രാവിലെ പത്രം മറിച്ചു നോക്കുമ്പോൾ ആണ് ഒരു കുഞ്ഞു വാർത്ത അകത്തേതോ ഒരു പേജിന്റെ കോണിൽ കണ്ടത്... “രജനികാന്ത് ആലപ്പുഴയിൽ ..” കുസേലൻ എന്ന സിനിമയുടെ ഷൂട്ടിങ്ങിനു ആണ് പുള്ളി എത്തിയിരിക്കുന്നത്. എന്ന പിന്നെ പതുക്കെ ആലപ്പുഴയ്ക്ക് വിട്ടാലോ... സ്റ്റൈൽ മന്നനെ ഒന്നു കാണാൻ പറ്റിയാലോ.. പക്ഷെ ഷൂട്ടിങ് ആലപ്പുഴയിൽ ആണെന്നെ അറിയൂ.. ആലപ്പുഴയിൽ എവിടെയാണ് ഷൂട്ടിങ്.. അവിടെ ചെന്നാൽ ഷൂട്ടിങ് കാണാൻ ആളുകളെ സമ്മതിക്കുമോ എന്നൊന്നും അറിയില്ല.
ഏതായാലും ഒന്നു ശ്രമിച്ചു നോക്കാൻ തീരുമാനിച്ചു..
ഒറ്റക്കു പോയാൽ മടുപ്പു ആകും.. ആരെങ്കിലും കൂട്ടിനു ഉണ്ടെങ്കിൽ നല്ലതു ആയിരുന്നു.. പക്ഷെ ആരും വരാൻ സാധ്യതയില്ല... "പിന്നെ രജനികാന്ത് .. വേറെ പണിയില്ല..." എന്നു പറയും .. അഥവാ ഇനി ആരെങ്കിലും വരാം എന്നു സമ്മതിച്ചാൽ തന്നെ.. അവിടെ പോയി രജനികാന്തിനെ കാണാൻ പറ്റിയില്ലെങ്കിൽ പിന്നെ നല്ല തെറിയും കേൾക്കും.. പിന്നെ ഒരാളെ ബാക്കി ഒള്ളു.. പ്രശാന്ത്.. പുള്ളിയും എന്നെ പോലെ തന്നെ പണിയൊന്നും ഇല്ലാതെ വീട്ടിൽ ഇരിക്കുകയാണ്..രജനികാന്തിനെ വലിയ ഇഷ്ടവും ആണ്..ബൈക്കും ഉണ്ട്... പ്രശാന്തിനെ വിളിക്കാമെന്ന് തീരുമാനിച്ചു തീരുന്നതിനു മുൻപ് തന്നെ എനിക്കു പ്രശാന്തിന്റെ ഫോൺ വന്നു... എനിക്കു 100% ഉറപ്പായിരുന്നു അവൻ എന്തിനാണ് ഫോൺ ചെയ്തത് എന്നു.. ഫോൺ എടുത്തിട്ടു ഞാൻ ഹലോ പോലും പറഞ്ഞില്ല... ഇത്രേ പറഞ്ഞൊള്ളു..
"അപ്പോൾ പിന്നെ ആലപ്പുഴയ്ക്ക് വിട്ടേക്കാം അല്ലെ?"
അങ്ങേ തലയ്ക്കു നിന്നു മറുപടി.. " അളിയാ ഒരു 15 മിനുറ്റ് .. ഞാൻ നിന്നെ വന്നു പിക്ക് ചെയ്തോളാം "
പ്രശാന്തിന്റെ കൂടെ അവന്റെ അയൽവാസികളായ കാർത്തിയും ചേട്ടൻ രാജ യും ഉണ്ട്.. അങ്ങനെ ഞങ്ങൾ നാലുപേർ 2 ബൈക്കിലായി ആലപ്പുഴയ്ക്ക് തിരിച്ചു.. പോകുന്ന വഴിക്കു ഒരു സന്തോഷ വാർത്ത കൂടി പ്രശാന്ത് പറഞ്ഞു.. കാർത്തിയും അവന്റെ ചേട്ടനും കൂടി അവരുടെ തമിഴ്നാട്ടിൽ ഒള്ള ഒരു ബന്ധുവിന്റെ കോൺടാക്ട് വച്ചു ഷൂട്ടിങ് നടക്കുന്ന സ്ഥലം കണ്ടുപിടിച്ചിട്ടുണ്ട്.. സ്ഥലത്തിന്റെ പേര് മാത്രമേ അറിയൂ... എവിടെ ആണ് എന്നറിയില്ല.. അതു കൊണ്ടു നമുക്ക് ചോദിച്ചു ചോദിച്ചു പോകാം എന്ന തീരുമാനത്തിൽ ഞങ്ങൾ മുന്നോട്ടു പോയി..
അങ്ങനെ പലരോടും വഴിയൊക്കെ ചോദിച്ചു കുറച്ചു ബുദ്ധിമുട്ടിയിട്ടു ഒക്കെ ആണെങ്കിലും ഞങ്ങൾ കാർത്തി പറഞ്ഞ സ്ഥലത്തെത്തി.. പക്ഷെ അവിടെ ഷൂട്ടിങ് നടക്കുന്നതിന്റെ ഒരു ലക്ഷണവും കാണാനില്ല .. കാർത്തി പക്ഷെ ഉറപ്പിച്ചു പറഞ്ഞു.. ഈ സ്ഥലത്തു തന്നെയാണ് ഷൂട്ടിങ് എന്നു.. എന്ന പിന്നെ ആരോടേലും ചോദിക്കാം എന്നു കരുതി .. പക്ഷെ ആർകും ഒരു എത്തും പിടിയും ഇല്ല..അവസാനം സോഡാ കുടിക്കാൻ കയറിയ മാടക്കടയിലെ ചേട്ടൻ പറഞ്ഞു.. ഷൂട്ടിങ് ഏതാണ്ട് നടക്കുന്നുണ്ട് പക്ഷെ അതിവിടെ അല്ല.. അതു ആ കാണുന്ന കായലിന്റെ നടുക്കാണ്... ഒരു ബോട്ടിൽ ... അതൊന്നും കാണാൻ പറ്റും എന്നു തോന്നുന്നില്ല.. അല്ലങ്കിൽ പിന്നെ നിങ്ങള് വല്ല ബോട്ടും വാടകക്ക് എടുത്തു അവിടെ പോയി ശ്രമിച്ചു നോക്കണം... വാടകക്ക് ബോട്ടു കിട്ടുന്ന ഒരു കടവിലേക്കുള്ള വഴിയും പുള്ളി പറഞ്ഞു തന്നു.
ഞങ്ങൾ ബോട്ട് വാടകയ്ക്കു കിട്ടുന്ന സ്ഥലത്തു എത്തി. അവിടുന്നു നോക്കിയാൽ ദൂരെ കായലിൽ ഷൂട്ടിങ് നടക്കുന്ന ബോട്ട് കാണാം .. ഒരു അരയന്നതിനെ പോലെ അലങ്കരിച്ച ബോട്ട്. ഞങ്ങൾ ബോട്ടു വാടകയ്ക്കു കൊടുക്കുന്ന കടയിൽ എത്തി.. 20 - 25പേർക്ക് ഇരിക്കാവുന്ന ടുറിസ്റ് ബോട്ട് ആണ്.. 2 മണിക്കൂറാണ് ഏറ്റവും കുറഞ്ഞ സമയം.. 2 മണിക്കൂറിനും 2000 രൂപ ..നാലുപേരുടെയും കൂടെ കയ്യിൽ പെട്രോൾ അടിച്ച ക്യാഷ് കഴിഞ്ഞിട്ടു ബാക്കി ഒരു പത്തിരുന്നൂറു രൂപയെ ഒള്ളു.. ഞങ്ങൾ ബോട്ടിന്റെ ആളോട് കാര്യം പറഞ്ഞു.. ഞങ്ങൾക്ക് 2 മണിക്കൂർ ഒന്നും വേണ്ട.. കൂടിവന്നാൽ ഒരു പത്തിരുപതു മിനുറ്റ്.. ഒന്നു ആ ഷൂട്ടിങ് നടക്കുന്ന ബോട്ടിന്റെ അടുത്തു വരെ പോണം പിന്നെ തിരിച്ചു വരണം അത്രേ ഒള്ളു. ബോട്ടുകാരൻ അവസാനം ഒരു ഡീല് വച്ചു.. 750 രൂപ തരാമെങ്കിൽ ഈ പറഞ്ഞ പോലെ ഷൂട്ടിങ് നടക്കുന്ന ബോട്ടിന്റെ അടുത്തു കൊണ്ടുപോയിട്ട് തിരിച്ചു കൊണ്ടുവരാം.. പക്ഷെ അതിന്റ അടുത്തു നിർത്തുകയൊന്നും ഇല്ല.. അടുത്തു കൂടെ കറക്കി കൊണ്ടുപോയി തിരിച്ചു കൊണ്ടുവരും..
എന്തു ചെയ്യും എന്നറിയാതെ ഇരിക്കുമ്പോഴാണ് പ്രശാന്ത് ഒരു ഐഡിയ പറഞ്ഞത് 20- 25 പേർക്ക് ഇരിക്കാവുന്ന ബോട്ട് അല്ലെ.. നമ്മൾ കുറച്ചു ആൾക്കാരെ കൂടെ പിടിച്ചാൽ നമുക്ക് 750 ഷെയർ ചെയ്തു എടുക്കാം. പക്ഷെ ആളെ കിട്ടണ്ടേ.. അവിടെ ആകെ കണ്ടത് അഞ്ചാറു സായിപ്പിനേയും മദാമ്മയേയും മാത്രമാണ്.. പിന്നെ ഒരു അഞ്ചാറു പേര് കായലിന്റെ കരയിൽ നിന്നു ഷൂട്ടിങ് നടക്കുന്ന ബോട്ടിലേക്ക് നോക്കി നിൽക്കുന്നതും കണ്ടു..അവരോടു ചോദിച്ചു.. അവർക്കു രജനികാന്തിനെയൊന്നും കാണണ്ട.. പക്ഷെ ബോട്ടിൽ നയൻ താരയും ഉണ്ട്.. നയൻതാരയെ ഒന്നു കണ്ടാൽ കൊള്ളാം എന്നുണ്ട്.. പക്ഷെ അതിനു വേണ്ടി കൂടി പോയാൽ ഒരു 20 രൂപ മുടക്കാനേ അവർ തയ്യാറുള്ളൂ.. 20 എങ്കിൽ ഇരുപത്.. അവർ 6 പേരുണ്ട്... അങ്ങനെ 120 രൂപയായി.. ഞങ്ങളുടെ കയ്യിൽ 200 രൂപയുണ്ട്.. ഇനീം ആളെ പിടിക്കണം..
അപ്പോഴാണ് കുറച്ചു മാറി കുറച്ചാളുകൾ പന്തു കളിച്ചുകൊണ്ടിരിക്കുന്നതു കണ്ടത്.. ഞങ്ങൾ ഒന്നു രണ്ടു പേർ പോയി അവരോടു കാര്യം പറഞ്ഞു...അവർക്കു താത്പര്യമില്ല എന്നു പറഞ്ഞു.. അപ്പോഴാണ് ആ നയൻതാര ആരാധകരിൽ ഒരുത്തൻ നയൻതാരയും ഉണ്ടെന്നു അവരോടു പറഞ്ഞു.. അപ്പോൾ അതിൽ ഒരു അഞ്ചാറു പേര് വരാമെന്നു പറഞ്ഞു.. അവർക്കു കമ്പനി ആയി കൂടെ കളിച്ചുകൊണ്ടിരുന്ന ഒന്നുരണ്ടു പേരും മനസില്ല മനസോടെ ഞങ്ങളുടെ കൂടെ കൂടി.. പിന്നെ കുപ്പിയും സോഡയും ആയി കായലോരത്തെ അടിച്ചു പൊളിക്കാൻ വന്ന കുറച്ചു ചേട്ടന്മാരെയും ചുമ്മാ ബീഡിയും വലിച്ചു ചായയും കുടിച്ചു അവിടെ ഇരുന്ന മറ്റുചിലരെയും എല്ലാം ഞങ്ങൾ ക്യാൻവാസ് ചെയ്തു കൊണ്ടുവന്നു... എന്തു പറഞ്ഞു ആണെന്ന് അറിയില്ല.. ഒരുത്തൻ ഒരു സായിപ്പിനേയും മദാമ്മേനയും വരെ ക്യാൻവാസ് ചെയ്തു ബോട്ടിൽ എത്തിച്ചു.. അങ്ങനെ പത്തേഴുന്നൂറു രൂപയൊത്തു.. ബാക്കി ബോട്ടിന്റെ ചേട്ടൻ ഡിസ്കൗണ്ട് തന്നു..അങ്ങിനെ ഞങ്ങൾ നാലു രജനി ഫാൻസും പത്തു പതിനഞ്ചു നയൻതാര ഫാൻസും പിന്നെ ചുമ്മാ കുറച്ചു നിക്ഷ്പക്ഷരും ആയി ബോട്ട് കടവ് വിട്ടു..
ബോട്ട് ഷൂട്ടിങ് നടക്കുന്ന ബോട്ടിന്റെ അടുത്തെത്തി.. അകത്തു നയൻതാര , മമത മോഹൻദാസ് പടത്തിന്റെ സംവിധായകൻ പി. വാസു . കുറച്ചു ഡാൻസർസ് ഒക്കെ ഉണ്ട് ... പിന്നെ ഇത്തിരി മാറി ഒരു കസേരയിൽ കാലിന്മേൽ കാലൊക്കെ ഇട്ടു സാക്ഷാൽ രജനികാന്തും.പുള്ളിയെ കണ്ടപ്പോൾ തന്നെ ആളുകളുടെ മട്ടും ഭാവവും ഒക്കെ മാറി.. ഓ ആ പാണ്ടിയെ ആർക്കു കാണണം .. നയൻതാരയെ കണ്ടാൽ മതി എന്നൊക്കെ പറഞ്ഞു കൊണ്ടിരുന്ന പലരും അണ്ണാ.. തലൈവാ എന്നൊക്കെ വിളിച്ചു തുടങ്ങി.. പുള്ളി ഒന്നു തിരിഞ്ഞു നോക്കാൻ.. പിന്നെ പറ്റിയാൽ ഒന്നു കൈ വീശി കാണിക്കുന്നത് കാണാൻ..പക്ഷെ ആ മനുഷ്യൻ ഞങ്ങളെ ഞെട്ടിച്ചു .ഞങ്ങളുടെ ബോട്ടും ആൾക്കൂട്ടവും കണ്ടപ്പോൾ ഇരുന്നിരുന്ന കസേരയിൽ നിന്നും എന്നേറ്റു അദ്ദേഹം നടന്നു ബോട്ടിന്റെ അറ്റത്തു വന്നു നിന്നു.. എല്ലാരേം ഒന്നു നോക്കി സ്റ്റൈൽ ആയി ചിരിച്ചുകൊണ്ട്.. കൈകൾ രണ്ടും കൂപ്പികൊണ്ട്.. പിന്നെ എല്ലാവർക്കും ഹിസ്റ്റീരിയറ്റിയ പിടിച്ചപോലെ ആയി... ആകെ ആവേശവും ആർപ്പു വിളികളും ഒരു ഉത്സാവാന്തരീക്ഷം.. വല്ലാത്ത ഒരു തരം പോസിറ്റീവ് എനർജി പുള്ളി എല്ലാർക്കും നൽകിയത് പോലെ തോന്നി എനിക്ക്. .. എല്ലാവർക്കും രജനി അണ്ണനെ മതി.. വേറൊരു താരത്തെയും ആരും നോക്കുന്നതുപോലും ഇല്ലായിരുന്നു.. ആ ബോട്ടിൽ അപ്പോൾ ആവേശം കൊണ്ടു ഭ്രാന്ത് പിടിച്ച 23 പേരും .. എന്താണ് സംഭവിക്കുന്നത് എന്നു മനസിലാകാതെ വായും പൊളിച്ചു നിന്നിരുന്ന ഒരു സായിപ്പും മദാമ്മയും മാത്രം.
എന്തുകൊണ്ടാണ് അദ്ദേഹം ഈ നിലയിൽ നില്ക്കുന്നത് എന്നു എനിക്കു അന്ന് മനസിലായി.. ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർതാരത്തിന്റെ വിനയവും പെരുമാറ്റവും കണ്ടു അദ്ഭുതപ്പെട്ട് പോയി ഞാനടക്കം ആ ബോട്ടിൽ ഉണ്ടായിന്ന എല്ലാവരും... അന്ന് രജനികാന്ത് എന്ന താരത്തോട് തോന്നിയിരുന്ന ആരാധനയുടെ ഇരട്ടി ആരാധനയും ബഹുമാനവും തോന്നി രജനികാന്ത് എന്ന മനുഷ്യനോട്.. സിനിമയിൽ ഒരുപാട് സൂപ്പർ താരങ്ങൾ ഉണ്ടായേക്കാം . പക്ഷെ രജനികാന്ത് ഒന്നേയുള്ളു...
ശ്രീറാം.എസ്

ഇരുപതാം നൂറ്റാണ്ടു തീരുന്നതിനു ഒന്നു രണ്ടു വർഷം മുൻപ്.


ഈ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പികമല്ല..ഇതിനു ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലും സാമ്യം തോന്നിയാൽ... അതു യാദൃശ്ചികം അല്ല.. മനപൂർവ്വമാണ്.
കഥ നടക്കുന്നത് ഇരുപതാം നൂറ്റാണ്ടു തീരുന്നതിനു ഒന്നു രണ്ടു വർഷം മുൻപ്.. ഒരു 98 - 99 കാലം.. ഫേസ്ബുക്, ഓർക്കുട്ട് , ഇൻസ്റ്റാഗ്രാം , സോഷ്യൽ മീഡിയ തുടങ്ങിയ വാക്കുകൾ ഒന്നും ജനിച്ചിട്ട് പോലും ഇല്ല.. ഇന്റെർനെറ് , ഈ-മെയ്ൽ എന്നൊക്കെ കേട്ടു തുടങ്ങിയിട്ടേ ഒള്ളു.. ആർക്കും അതിനെ കുറിച്ചൊന്നും വലിയ അറിവില്ല.
നമ്മുടെ കഥയിലെ നായകന് ഒരു 17 വയസു പ്രായം .എല്ലാ ഫ്രണ്ട്ഷിപ് ഗാങ്ങിലും കാണും അമേരിക്ക സ്വപനം കണ്ടു നടക്കുന്ന ഒരാൾ.. നമ്മുടെ നായകൻ ശ്രീമാൻ സുമേഷും അങ്ങനെ ഉള്ള ഒരാളാണ് .. പുള്ളിക്ക് അമേരിക്ക എന്നു പറഞ്ഞാൽ ജീവനാണ്.. ഇംഗ്ലീഷ് പാട്ടുകൾ മാത്രമേ കേൾക്കു..ഹോളിവുഡ് സിനിമകൾ മാത്രമേ കാണൂ.. നമ്മുടെ നാടും നാട്ടാരും ഒന്നും പുള്ളിയുടെ കണ്ണിൽ അത്ര പോരാ... ആകെ ഒരു പുച്ച്ചം ആണ്.. കൈലി യും ഉടുത്തു ടീ ഷർട്ടും ഇട്ടു പുറത്തിറങ്ങി നടക്കുന്ന അച്ഛനെയും.. മലയാളം സീരിയൽ മാത്രം കാണുന്ന അമ്മയെയും ഹോളിവുഡിനെ കുറിച്ചും ഇഗ്ലീഷ് പാട്ടുകാരെ കുറിച്ചൊന്നും അധികം അറിവില്ലാത്ത കൂട്ടുകാരെയും എല്ലാരേം പുച്ച്ചം.. അറിയാതെ വല്ല മലയാള സിനിമയും കാണാൻ വിളിച്ചാൽ പുള്ളി തല്ലാൻ വരും.. മലയാളം സിനിമയൊക്കെ വേസ്റ്റ് ആണ്.. കാണുന്നെകിൽ ഇംഗ്ലീഷ് സിനിമ കാണണം. എന്നാലേ അറിവ് വയ്ക്കു. കാര്യം വീട്ടിലെ ബൾബ് ഫ്യൂസ് ആയാൽ മാറ്റിയിടാൻ പോലും പുള്ളിക്ക് അറിയില്ലെങ്കിലും.. വേണ്ടി വന്നാൽ ഒരു മിസൈൽ ഡിഫ്യൂസ് ചെയ്യാനും , റോക്കറ്റ് വിടാനും , അല്ലെങ്കിൽ അന്യഗ്രഹജീവികൾ വല്ലതും ഭൂമിയിൽ വന്നാൽ ഓടിച്ചു വിടാനും ഒക്കെ ഉള്ള ടെക്നിക് പുള്ളിക്ക് അറിയാം എന്നാണ് ആൾ സ്വയം അവകാശപ്പെടുന്നത്... എല്ലാം ഇംഗ്ലീഷ് സിനിമ കണ്ടു കിട്ടിയ ജ്ഞാനം.. ബൾബ് ഫ്യൂസ് ആയാൽ എങ്ങനെ മാറ്റും എന്നൊന്നും ഇഗ്ലീഷ് സിനിമയിൽ കാണിക്കില്ലലോ .. അതു കൊണ്ടു അതു പോലത്തെ സിംപിൾ കാര്യം ഒന്നും പുള്ളിക്കറിയില്ല.
അങ്ങനെ ഇരിക്കുമ്പോഴാണ് ഇന്റർനെറ്റും ഇ- മെയ്ലും പോലെ പുതിയൊരു സംഭവത്തെ പറ്റി കേൾക്കുന്നത്... ചാറ്റിങ്ങ്... നമ്മൾക്ക് ഒരു പരിചയവും ഇല്ലാത്ത... കണ്ടിട്ടു കൂടെ ഇല്ലാത്ത ആൾക്കാരുമായി പരിചയപ്പെടാം.. സംസാരിക്കാം കൂട്ടുകൂടാം...പെൺകുട്ടികളുമായി പഞ്ചാരയടിക്കാം. വേണെമെങ്കിൽ അമേരിക്കയിൽ ഉള്ള പെൺകുട്ടികളുമായി വരെ സംസാരിക്കാം . ഒരു പ്രശ്നവും ഇല്ല.. സംഗതി നല്ല കിടിലൻ. സുമേഷിനും കൂട്ടുകാർക്കും എല്ലാം ചാറ്റ് ചെയ്യാൻ ഉള്ള ആഗ്രഹം മൊട്ടിട്ടു. പക്ഷെ ഇത്തിരി കാശു മുടക്കണം. ഏതെങ്കിലും ഇന്റർനെറ്റ് കഫെ യിൽ പോയി വേണം ചെയ്യാൻ.. മണിക്കൂറിനു 50 രൂപയൊക്കെ ആണ് ചാർജ്. കാശാണ് പ്രശ്നം.. പക്ഷെ കാശു നോക്കിയിട്ടു കാര്യം ഇല്ല. സംഗതി അമേരിക്കകാരുമായി സംസാരിക്കാൻ ഉള്ള അവസരമാണ്.. ഒടുവിൽ വീട്ടിൽ ഇരുന്ന പഴയ കുറച്ചു പുസ്തകങ്ങളും.. പറമ്പിൽ നിന്നിരുന്ന ഒരു വാഴക്കൊലയും വെട്ടി വിറ്റു ചാറ്റ് ചെയ്യാൻ ഉള്ള കാശു സുമേഷ് ഒപ്പിച്ചു.
ഇനി സ്വന്തമായി ഒരു ഇ മെയ്ൽ ഐഡി ഉണ്ടാക്കണം. പക്ഷെ സുമേഷ് എന്ന പേരിൽ ഉണ്ടാക്കിയാൽ അമേരിക്കക്കാർക്ക് ഒരു താൽപ്പര്യം തോന്നാൻ വഴിയില്ല... വേറൊരു കിടിലൻ പേര് വേണം... ഒടുക്കം ഒരു ഉഗ്രൻ പേര് കണ്ടുപിടിച്ചു...ടോം...അതുമതി.. ഒരു അമേരിക്കൻ സ്റ്റൈൽ ഒക്കെ ഉണ്ട്... അങ്ങനെ ഒരു ഇമെയിൽ ഐഡി ആയി.. ടോം2000@യാഹൂ.കോം
നെറ്റ് കഫെയിൽ ഇരുന്നു ടോം കുറെ കിണഞ്ഞു ശ്രമിച്ചിട്ടും ഒരു അമേരിക്കകാരിയെ പോലും ഓൺലൈൻ ഇൽ കാണാൻ കഴിഞ്ഞില്ല... ഒരു പാട് നേരത്തെ പരിശ്രമത്തിനു ശേഷം ടോം മിന്റെ മെസ്സേജിന് ഒരു മറുപടി വന്നു... ഗ്ലെൻ.. ക്യൂട്ട്ഗേൾ ഗ്ലെൻ @ യാഹൂ.കോം. സുമേഷിന്റെ ആഗ്രഹം പോലെ ഒരു അമേരിക്കകാരി.
ഗ്ലെൻ സ്റ്റേറ്റ്സിലെ ഏതോ ഒരു യൂണിവേസിറ്റിയിലെ വിദ്യാർത്ഥിനി ആണ്. അവൾ സുമേഷിനെ കുറിച്ചു തിരിച്ചു ചോദിച്ചപ്പോൾ അവൻ പറഞ്ഞു... എന്റെ പേര് ടോം... ലണ്ടനിൽ ആണ് ജനിച്ചതും വളർന്നതും. അച്ഛനും അമ്മയ്ക്കും ബിസിനെസ്സ് ലണ്ടനിൽ. ഫാഷൻ ഡിസെയ്നർ ആയ സഹോദരി. നട്ട കുരുക്കാത്ത നുണ വച്ചു കാച്ചുന്നതു കണ്ടു കൂട്ടുകാരൊക്കെ വായും പൊളിച്ചിരുന്നു. കൂട്ടുകാർക്കു അന്ന് ഒരു കാര്യം മനസിലായി, സുമേഷ് അവർ വിചാരിച്ച പോലത്തെ ആളല്ല... എല്ലാവർക്കും മനസിൽ അവനോടു ആരാധന തോന്നിത്തുടങ്ങി.. അന്ന് ചാറ്റിങ് നിർത്തുമ്പോൾ ഗ്ലെൻ ചോദിച്ചു ഇനി ഇപ്പോൾ ഓൺലൈൻ വരും എന്ന്.
അവർ തമ്മിൽ അടുത്ത് പിന്നെ വളരെ പെട്ടന്ന് ആയിരുന്നു. സുമേഷ് കൂടുതൽ സമയവും നെറ്റ് കഫെയിൽ ചിലവഴിച്ചു .. കൂട്ടുകാർ ഒക്കെ വിചാരിച്ചു ഇന്നല്ലെങ്കിൽ നാളെ ഗ്ലെൻ അവന്റെ കള്ളത്തരങ്ങൾ കണ്ടുപിടിക്കും എന്ന്.. പക്ഷെ സുമേഷ് വളരെ സൂക്ഷിച്ചാണ് ചാറ്റ് ചെയ്തോണ്ടിരുന്നത്.. ഗംഗ തെക്കിനിയിൽ കയറുമ്പോൾ നാഗവല്ലി ആയി മാറുന്നത് പോലെ കഫെയിൽ കയറുമ്പോൾ സുമേഷ് ടോം ആയി മാറുമായിരുന്നു..
പിന്നെ ഒരു ദിവസം സുമേഷിന് ഒരു ചെറിയ പണി കിട്ടി.. ഗ്ലെൻ അവനോടു അവന്റെ ഒരു ഫോട്ടോ ചോദിച്ചു. അന്നത്തെ സുമേഷിന്റെ ഒരു ഗ്ലാമർ വച്ചു നോക്കിയാൽ ഒരു കാര്യം ഉറപ്പാണ്..ഫോട്ടോ കണ്ടാൽ പിന്നെ ഈ ജീവിതത്തിൽ അവൾ ഓൺലൈൻ വരില്ല.. അത്രക്ക് മാരക ലുക്ക് ആണ്.. പോരാത്തതിന് ഫോട്ടോ ലണ്ടനിൽ വച്ചു ഉള്ളതെയിരിക്കണമല്ലോ. അതോടെ സുമേഷിന്റെ ചാറ്റിങ് തീർന്നു കിട്ടും എന്ന് എല്ലാരും കരുതി. പക്ഷെ സുമേഷ് അങ്ങനെ ഒന്നും പിടികൊടുക്കാൻ തയ്യാറായിരുന്നില്ല. ഫോട്ടോ അയച്ചു കൊടുക്കാം എന്ന് സുമേഷ് ഏറ്റു.. പകരം ഗ്ലെൻ അവളുടെ ഒരു ഫോട്ടോ അവനും അയച്ചു കൊടുക്കണം . അവളും സമ്മതിച്ചു
അടുത്ത ദിവസം സുമേഷ് അവന്റെ ഏതു ഫോട്ടോ അയച്ചു കൊടുക്കാൻ പോകുന്നത് എന്നറിയാൻ സുമേഷ് എത്തുന്നതിനു മുൻപ് തന്നെ കൂട്ടുകാർ നെറ്റ് കഫെ യിൽ എത്തി.. സുമേഷ് വന്നു ഒരു കള്ളച്ചിരി ചിരിച്ചുകൊണ്ട് അയച്ചു കൊടുക്കാൻ ഉള്ള ഫോട്ടോ ഓപ്പൺ ചെയ്തു കൂട്ടുകാരെ കാണിച്ചു.. പഴയ സൽമാൻഖാന്റെ ഒരു ഫോട്ടോ.. അതോടെ കൂട്ടുകാർക്കു അവനോടുള്ള ആരാധന ഇരട്ടിയായി.. അവന്റെ ബുദ്ധിയിൽ അവർക്കു അസൂയ തോന്നി.
ഫോട്ടോ അയക്കാൻ മെയ്ൽ തുറന്നപ്പോൾ അതിൽ ഗ്ലെന്നിന്റെ മെയ്ൽ ഉണ്ടായിരുന്നു. അവൾ വാക്കു പാലിച്ചിരിക്കുന്നു. സുമേഷ് ആ മെയ്ൽ ഓപ്പൺചെയ്തു.. ഫോട്ടോ ഓപ്പൺ ചെയ്തു. ഫോട്ടോയിൽ നല്ല സുന്ദരിയായി ചിരിച്ചു കൊണ്ടു ദാ നിൽക്കുന്നു നമ്മുടെ ബോളിവുഡ് നടി പ്രീതി സിന്റ. പിന്നെ സുമേഷ് ചാറ്റ് ചെയ്തതായി ആർക്കും അറിവില്ല...
ശ്രീറാം എസ്

ഈ മരം



ഒന്നു രണ്ടു ദിവസങ്ങള്ക്ക് മുൻപാണ് സ്കൂളിൽ കൂടെ പഠിച്ച സുഹൃത്തുക്കളുടെ വാട്സാപ് ഗ്രൂപ്പിൽ ഒരു സന്ദേശം വരുന്നത് . സംഗതി ഒരു ഫോട്ടോ ആണ് . കൂടെ എന്നോട് സുരേഷ് ഗോപി സ്റ്റൈലിൽ ഒരു ചോദ്യവും " ഓര്മ്മയുണ്ടോ ഈ മരം."
ആ ചെറിയ മരം നിന്നിരുന്നത് ഞാൻ പഠിച്ച യു.പി സ്കൂളിന്റെ 5 ബ്ലോക്ക് എന്നറിയപ്പെടുന്ന 5 ആം ക്ലാസ്സിന്റെ മുറ്റത്തായിരുന്നു. ഞാനും ആ മരവും തമ്മിൽ ഒരിക്കലും മറക്കാനാവാത്ത ഒരു ബന്ധം ഉണ്ട് .... ഒരു ആത്മബന്ധം .
ഞാൻ 5 ആം ക്ലാസ്സിൽ പഠിക്കുന്ന സമയം. 20 -22 കൊല്ലങ്ങൾക്ക് മുൻപാണ്. ആ കാലത്ത് എനിക്ക് ഒരു ശീലമുണ്ടായിരുന്നു , വഴിയിൽ കാണുന്ന ചെടിയിലെ ഇലയൊക്കെ പറിച്ചു ഞാൻ വായിൽ ഇടുമായിരുന്നു. ആ ശീലം ഞാൻ എങ്ങിനെ തുടങ്ങിയെന്നോ എപ്പോൾ തുടങ്ങി എന്നോ എനിക്കറിയില്ല. ഞാൻ പോലും അറിയാതെ ഞാൻ അത് സ്ഥിരമായി ചെയ്തു പോന്നു . ആർക്കും ഒരു ഉപദ്രവും ചെയ്യാത്ത ഈ ശീലം എനിക്കൊരു പേരും തന്നു... "പച്ചിലരാമൻ"
അങ്ങനെ കാണുന്ന ഇലകളൊക്കെ പറിച്ചു വായിൽ ഇട്ടു നടന്നിരുന്ന സമയത്ത് ഒരു ദിവസം 5 ബ്ലോക്കിൽ ഒന്നുരണ്ടു പുതിയ ചെടികൾ പ്രത്യക്ഷപെട്ടു . ഉച്ച സമയത്തെ ഇടവേളയ്ക്കു കൈ കഴുകാൻ പൈപ്പിൻ ചുവട്ടിലേക്ക് ഓടുന്ന വഴി ഞാൻ ചെറുതായി ഒന്നു റൂട്ട് മാറ്റി ആ ചെടിയിലൊന്നിന്റെ അടുത്തുകൂടെ പോയി അതിൽ ഒരു ഇല പറിച്ചു വായിലിട്ടു.. എന്നിട്ട് നേരെ പൈപ്പിൻ ചുവടു ലക്ഷ്യമാക്കി പാഞ്ഞു . എവിടെ നിന്നനെന്നറിയില്ല പെട്ടന്ന് നാലഞ്ച് ചേട്ടന്മാർ എന്റെ മുന്നില് ചാടി വീണു എന്നെ വളഞ്ഞു. 6 എ യിലെ ചേട്ടന്മാരാണ്. അവരുടെ മട്ടും നോട്ടവും ഭാവവും കണ്ടപ്പോൾ തന്നെ എന്തോ ഒരു പണികിട്ടി എന്ന് എനിക്ക് മനസിലായി.
അതിലൊരാൾ എൻറെ കയ്യിൽ കയറിപിടിച്ചിട്ടു മറ്റുള്ളവരോട് പറഞ്ഞു "ഇവനെ ഇപ്പോൾ തന്നെ പിടിച്ചു ജോൺസൻ പോൾ സാറിനെ ഏൽപ്പിക്കാം" ജോൺസൻ പോൾ സർ എന്ന് കേട്ടതും എൻറെ ചങ്ക് പിടച്ചു . അതിനു കാരണവുമുണ്ട്.
ജോൺസൻ പോൾ സർ .. 6A യുടെ ക്ലാസ്സ് ടീച്ചർ.. ഞങ്ങളുടെ ക്ലാസ്സിലെ സയൻസ് ടീച്ചർ. സ്കൂളിലെ എൻ. സി. സി യുടെ ചാർജും സാറിനാണ്. സർ ഏതെങ്കിലും കേസില് ആരെയെങ്കിലും പിടിചിട്ടുണ്ടെങ്കിൽ അവന്റെ കാര്യം അന്ന് പോക്കാണ്, സർ നല്ല തല്ലു തല്ലും... നല്ല ആത്മാർത്ഥം ആയിട്ട് തന്നെ തല്ലും. സാറിന്റെ അഭിപ്രായത്തിൽ ഏറ്റവും നന്നായി തല്ലുന്ന അധ്യാപകരെ ആയിരിക്കും കുട്ടികൾ ഏറ്റവും കൂടുതൽ ഓർത്തിരിക്കുക . സർ തല്ലുന്നതു കാണുമ്പോൾ എനിക്ക് തോന്നും അടുത്ത ഒന്നു രണ്ട് ജന്മത്ത് ആരും സാറിനെ മറക്കരുത് എന്ന് സാറിന് എന്തോ വാശി ഉണ്ടെന്ന്.
പിന്നെ സാറിന്റെ കയ്യിൽ ഒരു സ്പെഷ്യൽ വടി ഉണ്ട്. നാട്ടിൽ കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല ചൂരൽ നോക്കി വാങ്ങി അതിൽ കുറച്ചു എണ്ണയൊക്കെ ഇട്ടു... അത് ചൂടാക്കി... പിന്നെയും എന്തൊക്കയോ ചില പ്രക്രിയകൾ ചെയ്തു സർ സൃഷ്ടിച്ചെടുത്ത ഒരു ഉശിരൻ വടി. സാറിന് തല്ലാൻ വേണ്ടി മാത്രം. അത് എൻ.സി.സി റൂമിൽ പൂട്ടി വച്ചിരിക്കുകയാണ്. തല്ലാൻ സമയമാകുമ്പോൾ മാത്രമേ സർ അത് അവിടുന്ന് പുറത്തെടുക്കു. അതിനു ചൂരലിന്റെ നിറമൊക്കെ മാറി ഒരു കറുത്ത് ഇരുണ്ട നിറമാണ് . അതിനു ഒരു വിളിപ്പേരും ഉണ്ട് . "കരിമൂർഖൻ " ജോൺസൻ പോൾ സാറിനെയും കരിമൂര്ഖനെയും പേടിയില്ലാത്ത ഒരു കുഞ്ഞുപോലും ഇല്ലായിരുന്നു ആ സ്കൂളിൽ.
സ്റ്റാഫ് റൂമിൽ ചെന്നപ്പോൾ സർ ഉച്ചഭക്ഷണം കഴിക്കാൻ ഉള്ള തയ്യാറെടുപ്പിലായിരുന്നു. ചേട്ടന്മാർ എന്നെയും കൊണ്ട് സാറിന്റെ മുന്നില്ലെത്തി. എല്ലാരുടെയും മുഖത്ത് എന്തോ മഹാകാര്യം ചെയ്തതിന്റെ ഒരു സംതൃപ്തി ഉണ്ടായിരുന്നു . അവരുടെ നേതാവാണെന്ന് തോന്നിച്ച ഒരു ചേട്ടൻ സാറിനോട് പറഞ്ഞു " സാറെ ഇവൻ നമ്മുടെ ചെടിയിലെ ഇല പറിച്ചു കളഞ്ഞു. ഞങ്ങൾ അവനെ കയ്യോടെ പൊക്കി." സാറെന്നെ ഒന്ന് സൂക്ഷിച്ചു നോക്കി... ഞാൻ കരച്ചിലിന്റെ വക്കിലെത്തി... " ഇവൻ 5a യിലെ അല്ലെ... ആ ഇവരുടെ ക്ലാസ്സിൽ ഞാൻ ചെടിയുടെ കാര്യം ഇതുവരെ പറഞ്ഞിട്ടില്ല." സാർ പറഞ്ഞു. .. എന്നെ പിടിച്ച ചേട്ടന്മാരുടെ മുഖത്ത് ഒരു നിരാശ അപ്പോൾ ഞാൻ കണ്ടു. അതിനു ശേഷം സർ തന്നെ കാര്യങ്ങൾ എനിക്ക് വിശദീകരിച്ചു തന്നു. സർ മുൻകൈ എടുത്തു സാറിന്റെ ക്ലാസ്സിലെ കുറച്ചു കുട്ടികൾ ചേർന്ന് സ്കൂളിന്റെ പരിസരങ്ങളിൽ കുറച്ചു വൃക്ഷതൈകൾ വച്ച് പിടിപ്പിച്ചിട്ടുണ്ട്. ഓരോ തൈക്കും രണ്ടോ മൂന്നോ സംരക്ഷകരെയും നിയമിച്ചിട്ടുണ്ട്. ചെടിക്ക് വെള്ളം ഒഴിക്കുക, മറ്റു കുട്ടികൾ വന്നു ചെടി നശിപ്പിക്കാതെ നോക്കുക എന്നുള്ളതൊക്കെ അവരുടെ ഉത്തരവാദിത്വം ആണ് . "ഇതൊന്നും അറിയാതെയാണ് നീ ഇത് ചെയ്തത് എന്നുള്ള കാരണം കൊണ്ട് ഞാൻ കരിമൂർഖനെ വെളിയിൽ എടുക്കുന്നില്ല" എന്ന് പറഞ്ഞു സർ തന്റെ ചോറുപാത്രം എടുത്തു. ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിൽ ഞാൻ ക്ലാസ്സിലേക്ക് ഓടി .. പക്ഷെ..... എന്റെ ഞാൻ പോലും അറിയാതെ ചെയ്തിരുന്ന ആ ശീലം എന്നെ വീണ്ടും കുടുക്കി... ക്ലാസ്സിലേക്ക് ഓടുന്ന വഴിയിൽ അതെ ചെടിയിൽ നിന്ന് വീണ്ടും ഞാൻ ഒരു ഇല പറിച്ചു...
പിന്നീട് എന്താണ് സംഭവിച്ചത് എന്ന് ഊഹിക്കാമല്ലോ. കരിമൂർഖൻ ഉണ്ടാക്കിയ രണ്ടു പാടുകൾ എന്റെ കാലിൽ ഒരാഴ്ച ഉണ്ടായിരുന്നു . അത് മാത്രമായിരുന്നില്ല ശിക്ഷ.. അന്ന് മുതൽ ആ ചെടിയുടെ സംരക്ഷകൻ ഞാൻ ആണ്. അതിന്റെ പൂർണ ഉത്തരവാദിത്വം എനിക്ക് മാത്രം ആണ്.. കൂടുകാർ എല്ലാം ഇടവേളകളിൽ കളിയ്ക്കാൻ പോകുമ്പോൾ ഞാൻ മാത്രം ചെടിക്ക് വെള്ളം ഒഴിക്കാനും കാവലിരിക്കാനും പോയി. അന്നൊക്കെ സാറിനോട് നല്ല ദേഷ്യവും തോന്നി.
എന്നാൽ ഇന്ന് ഇതിനെ ഒരു മരമായി കാണുമ്പോൾ മനസിന് ഒരു സന്തോഷം തോന്നുന്നു... അഭിമാനം തോന്നുന്നു... അതിലുപരിയായി ജോൺസൻ പോൾ സാറിനെ പോയികണ്ടു ഒരു നന്ദി പറയാൻ തോന്നുന്നു. മരം ഒരു വരം എന്ന് പറഞ്ഞു മാത്രം പഠിപ്പിക്കാതെ അതിനെ സംരക്ഷിക്കാൻ കൂടെ പഠിപ്പിച്ച ജോൺസൻ പോൾ സർ ... ഗുരുക്കന്മാർ നമുക്ക് തരുന്ന ചെറിയ ചെറിയ ശിക്ഷകളിലൂടെ അല്ല ... അതുവഴി അവർ നമ്മെ പഠിപ്പിക്കുന്ന നന്മകളുടെ വലിയ പാഠങ്ങളിലൂടെ ആണ് അവരെ നമ്മൾ എന്നും ഓർത്തിരിക്കുന്നത്. അന്ന് സർ പറഞ്ഞിരുന്നതിന്റെ അർത്ഥവും അത് തന്നെ ആയിരുന്നിരിക്കണം .
മരമില്ലാത്തതിനാൽ നാട്ടിൽ ചൂട് കൂടുതൽ ആണ് ...മഴപെയ്യുന്നില്ല ..എന്ന് ഫെസ്ബൂക്കിൽ പൊസ്റ്റിട്ടു മഴക്കായി കാത്തിരിക്കുന്നവരെ അല്ല .. ജോൺസൻ പോൾ സാറിനെ പോലെ ഓരോ കുട്ടിയേയും ചെറുപ്പത്തിൽ തന്നെ പ്രകൃതിയെ സ്നേഹിക്കാനും ബഹുമാനിക്കാനും സംരക്ഷിക്കാനും പഠിപ്പിക്കുന്ന അധ്യാപകരെയും രക്ഷിതകളെയും ആണ് നമുക്ക് ഇന്ന് ആവിശ്യം. ഈ കുറിപ്പ് ഇന്ന് ഇവിടെ എഴുതി അവസിനിപ്പിക്കുമ്പോൾ ഞാനും ഒരു തീരുമാനമെടുത്തിട്ടുണ്ട് . എന്റെ മകളെയും ഞാൻ ഇത് പറഞ്ഞു പഠിപ്പിക്കും. ഈ കുറിപ്പും ഒരുനാൾ അവൾക്കു വായിക്കാൻ കൊടുക്കും . ഒരു തലമുറയിലേക്കും കൂടി ഈ അറിവ് പകർന്നു കൊടുക്കുക എന്നെത് തന്നെയാവും എനിക്ക് എൻറ്റെ പ്രിയ അധ്യപകനോട് നന്ദി കാണിക്കാൻ ഉള്ള ഏറ്റവും ഉചിതമായ രീതി...

ശ്രീരാം.എസ്

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo