Slider

നമ്മുടെ മലയാളം

0

ഇന്ത്യൻ ഭാഷകളിൽ പഠിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഷ ഏതാണ് എന്നു ഗൂഗിൾ ചേട്ടനോട് ചോദിച്ചാൽ അതു നമ്മുടെ മലയാളം ആണ് എന്നു ഉത്തരം വരും. പക്ഷെ നമ്മൾ ഭൂരിപക്ഷം പേരും ഏറ്റവും എളുപ്പം പഠിച്ച ഭാഷ മലയാളം ആണ് എന്നു വിശ്വസിക്കുന്നവരാണ് . ഞാനും അങ്ങനെ ആണ് വിശ്വസിച്ചിരുന്നത്. കുറച്ചു നാൾ മുൻപ് വരെ.. ഒരു ചെറിയ സംഭവം നടക്കുന്നത് വരെ.. അതു കഴിഞ്ഞപ്പോൾ എനിക്കു മനസിലായി ഗൂഗിള് ചേട്ടൻ പറയുന്നത് സത്യം ആണെന്ന്..
ഞാൻ ചെന്നൈയിൽ പഠിക്കാൻ പോയ സമയം.. ട്രിപ്ലികെനിൽ ഉള്ള അംബിക മാൻഷനിലാണ് എനിക്കു താമസം ശരിയായത് . അവിടെ താമസിക്കുന്നതിൽ 90 % ആൾക്കാരും മലയാളികൾ ആണ്.. അതിൽ ഒരു 80% പേരും CA ക്കു തന്നെയാണ് പഠിക്കുന്നത്.. അവിടെയുള്ള ഒരു മാതിരി പെട്ടവരെല്ലാം സഹപാഠികൾ ആയതുകൊണ്ടാവാം നാട്ടിലെ ഒരു കോളേജ് ഹോസ്റ്റലിന്റെ ഒരു പ്രതീതി ആണ് അവിടെ നിൽക്കുമ്പോൾ.
അവിടെ വച്ചാണ് ഞാൻ നമ്മുടെ ഭാഷയുടെ വിപുലതയും വൈവിധ്യവും ഒക്കെ മനസിലാക്കുന്നത്.. ഓരോ സ്ഥലത്തു നിന്നു വരുന്നവർ ഓരോ രീതിയിൽ ആണ് സംസാരിക്കുന്നത്. തിരുവനന്തപുരംകാരൻ എന്തരെടേ എന്നു പറയുമ്പോൾ ... കുറച്ചു മാറി കൊല്ലംകാരൻ എന്തോന്നെടെ എന്നു പറയുന്നു .. അതു തന്നെ കോട്ടയം കാരനായ ഞാൻ എന്നതാടാ ഇതു എന്നു പറയുന്നു.. തൃശ്ശൂര്കാരൻ ഗഡി എന്തൂട്ടട ഇതു എന്നു പറയുന്നു.. കണ്ണൂരുകാരൻ കീയട്ടെ എന്നു യാത്ര ചോദിക്കുന്നു .
കാസർകോഡ് കാരൻ കീഞ്ഞു പാഞ്ഞു പോകുന്നു... മൊത്തത്തിൽ 50 മലയാളികൾ സംസാരിക്കുന്നതു 50 തരം മലയാളത്തിൽ.
അതൊക്കെ കണ്ടും കേട്ടും അന്തിച്ചിരിക്കുമ്പോഴാണ് എന്റെ മുറി ഷെയർ ചെയ്യാൻ ഒരു സഹമുറിയൻ അങ്ങു മലപ്പുറത്തു നിന്നു വരുന്നത്. ഞങ്ങൾ തമ്മിൽ പരിചയപെട്ടു. പുള്ളി ഒരു മാതിരി മനസിലാകുന്ന രീതിയിൽ തന്നെയാണ് സംസാരിക്കുന്നതു...ചെറിയ ഒരു മലപ്പുറം സ്ലാങ് ഇടക്ക് വരുന്നുണ്ടെങ്കിലും പുള്ളി പറയുന്നതൊക്കെ എനിക്കും ഞാൻ പറയുന്നതൊക്കെ പുള്ളിക്കും മനസ്സിലാവുന്നുണ്ട്. ഒരു മലപ്പുറം കാരൻ എന്റെ മുറിയിൽ ലാൻഡ് ചെയ്തു എന്ന അറിഞ്ഞ എന്റെ അടുത്ത മുറിയിലെ മറ്റൊരു മലപ്പുറംകാരൻ അവനെ പരിചയപ്പെടാൻ എന്റെ മുറിയിൽ എത്തി.. പിന്നെ അവര് തമ്മിൽ ഒരു സംസാരം തുടങ്ങി... നല്ല കിണ്ണൻ മലപ്പുറം ഭാഷയിൽ ..എന്റമ്മോ... അവർ പറയുന്നത് മനസ്സിലാക്കി എടുക്കാൻ ഞാൻ ഇത്തിരി പാട് പെട്ടു.
രണ്ടാമത്തവൻ അവസാനം മുറിയിൽ നിന്നു പോയപ്പോൾ ആണ് എനിക്കൊരിത്തിരി ആശ്വാസം കിട്ടിയത്.. അടുത്ത ദിവസം രാവിലെ ക്ലാസ്സുണ്ട്.. സംസാരിച്ചിരുന്നു നേരം വൈകി അതു കൊണ്ടു അവനോട് ശുഭരാത്രി പാഞ്ഞു ഞാൻ കിടന്നു... അത്രേം നേരം മലപ്പുറംഭാഷയിൽ സംസാരിച്ചു കൊണ്ടിരുന്ന ഹാങ് ഓവർ കൊണ്ടാണെന്നു തോന്നുന്നു അവൻ കിടക്കാൻ നേരത്തു എന്നോട് പറഞ്ഞു "ജ്ജപ്ലനീച്ച".
എന്റമ്മേ അവൻ വല്ല തെറിയും വിളിച്ചതാണോ... അതോ ഈ തേനീച്ചയോ മണിയനീച്ചയോ പോലെ വല്ല ഈച്ചയയെയും കണ്ടിട്ടു അവൻ പറഞ്ഞതാണോ ?? ഞാൻ അവനൊടെ എന്താ പറഞ്ഞത് എന്നു ചോദിച്ചു.. ഇത്തവണ അവൻ ഒന്നുടെ ഉറക്കെ തറപ്പിച്ചു പറഞ്ഞു ജ്ജപ്ലനീച്ച എന്ന് ... ആകെ കെണിഞ്ഞു ..ഒന്നും മനസിലായില്ല ഇനീം ഒന്നുടെ ചോദിക്കാണോ പഹയൻ എന്താ ഉദ്ദേശിക്കുന്നത് എന്ന് ...പിന്നെ രണ്ടും കല്പിച്ചു ഞാൻ അവനോടു ചോദിച്ചു അവൻ എന്താ പറഞ്ഞത്
ഇത്തവണ അവൻ ഇത്തിരി നിർത്തി പറഞ്ഞു.. ജ്ജപ്ല... അനീച്ച". എനിക്കു എൻറെ ക്ഷമ നശിച്ചു .. ഞാൻ അവനോട് ചൂടായി.. " എടാ പുല്ലേ വല്ലതും പറയാൻ ഉണ്ടന്കിൽ മുഖത്തുനോക്കി മലയാളത്തിൽ പറയണം..."
"ജ്ജപ്ലനീച്ച എന്നല്ലേ ഞാൻ ചോദിച്ചൊള്ളൂ.. അതിനു എന്തിനാണ് ഇത്ര ചൂടാകുന്നത്?" അവൻ ചോദിച്ചു. "ജ്ജപ്ലനീച്ച" എന്നു പറഞ്ഞാൽ എന്താണന്ന് എന്നു എനിക്കു മനസ്സിലായില്ല ഞാൻ പറഞ്ഞു. അവൻ ഒരു മിനിറ്റ് മിണ്ടിയില്ല. അതു കഴിഞ്ഞു നിർത്തി..നിർത്തി പറഞ്ഞു.. " ഇജ്ജ് - എപ്പള - എണീച്ച.. "
എനിക്ക് സംഗതി പിടികിട്ടി.. ഇജ്ജ് ( നീ/നിങ്ങൾ) - എപ്പള( എപ്പോഴാണ്) - എണീച്ച ( എഴുന്നേൽക്കുന്നത് / ഉണരുന്നത്) . നിങ്ങൾ രാവിലെ എത്ര മണിക്കാണ് ഉണരുക എന്ന ചോദ്യമാണ് "ജ്ജപ്ലനീച്ച" എന്ന ഒറ്റവാക്കിൽ പഹയൻ ഒതുക്കി കളഞ്ഞത്. നമ്മുടെ മലയാള ഭാഷയുടെ ഒരു കാര്യം... എന്താല്ലേ.... അവനോട് ചൂടായതിനു "അതു വിട്ടുകളയടാ ഉവ്വേ.." എന്നു കോട്ടയം സ്റ്റൈലിൽ ഒരു സോറി പറഞ്ഞിട്ട് ഞാൻ കിടക്കുന്നു..
ശ്രീറാം .എസ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo