Slider

അവള്‍

0

സെനറ്റ് ഹാളിലെ നിശ്ശബ്ദതയേയും ആകാംക്ഷയേയും കീറി മുറിക്കുന്ന അവാര്‍ഡ് ജേതാവിന്റെ മറുപടി പ്രസംഗം. ഒരു സ്ത്രീ വിരുദ്ധ നോവലിനു സാഹിത്യ അക്കാഡമി അവാര്‍ഡ് നല്‍കിയ നടപടിയെ പരസ്യമായി ചോദ്യം ചെയ്ത സ്ത്രീ സംഘടനകള്‍ക്ക് ചാട്ടുളിപോലുള്ള മറുപടി. പ്രാസംഗികനേയും സദസ്സിനേയും സ്തംഭിപ്പിച്ചു കൊണ്ട് അവള്‍ വായ പൊത്തി പിടിച്ച് ഏങ്ങലടിച്ച് പുറത്തേക്കോടി.
അവള്‍,കാറിലെ സ്റ്റീയറിങ്ങ് വീലില്‍ മുഖമമര്‍ത്തി കുറേ നേരം തേങ്ങി കരഞ്ഞപ്പോള്‍ തെല്ലൊരാശ്വാസം. കാര്‍ കേരള യൂണിവേര്‍സിറ്റി ഗേറ്റ് കടന്ന് നിയമ സഭക്ക് മുന്നിലെ സിഗ്നലില്‍ പച്ച ലൈറ്റ് കാത്ത് കിടന്നു. ഇവിടന്ന് വലത്തേക്ക് പോയാല്‍ മാസ്കോറ്റ് ഹോട്ടലില്‍ അദ്ദേഹത്തെ വെയിറ്റ് ചെയ്യാം, അവാര്‍ഡും നേടി ഒരു ജേതാവിനെ പോലെ വരുന്ന അദ്ദേഹത്തിനു മുന്നില്‍ ഒരിക്കല്‍ കൂടി, ഒരവസരം കൂടി. നേരെ പോയാല്‍ പട്ടത്തുള്ള തന്റെ ഫ്ലാറ്റിലെത്താം.
അവള്‍ സിഗ്നലിലേക്ക് നോക്കി, ഇരുപത്തി ആറ് സെക്കന്‍ഡ് ബാക്കി. അതിനുള്ളില്‍ ഇടതോ വലതോ എന്നു തീരുമാനിക്കണം. അതെ, ഇരുപത്താറു വര്‍ഷം പിന്നിലോട്ട്- തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അല്പം ക്രൂരമായ റാഗിങ്ങിനു വിധേയരാകുന്ന സമയം. പബ്ലിക് ടോയിലറ്റിലെ ക്ലോസറ്റിലിട്ട നനഞ്ഞ പേപ്പര്‍ കൈകൊണ്ട് എടുക്കാനുള്ള ആക്രോശം പിന്നില്‍ നിന്നും മുഴങ്ങുന്ന വേളയില്‍ ഒരു രക്ഷകനെ പോലെ അവിടെ എത്തിയ നീണ്ടു മെലിഞ്ഞ ഒരു സീനിയര്‍ വിദ്യാര്‍ത്ഥി. കണ്ണുകള്‍ കൊണ്ടുള്ള നന്ദി പ്രകടനം പിന്നെ ആരാധനയിലേക്ക് കടന്നു. നല്ലൊരു പ്രാസംഗികനുമപ്പുറം ഇടത് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ബുദ്ധി ജീവി, ആനുകാലികങ്ങളില്‍ എഴുതുന്നവന്‍, നല്ലൊരു നേതാവ്. ആതുരസേവനമല്ല സാമൂഹിക സേവനമാണു തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞ് കാമ്പസ് വിട്ടവന്‍. അപ്പോഴേക്കും, അപക്വമായ മനസ്സിന്റെ ചാപല്യം - പ്രണയം തലക്ക് പിടിച്ചിരുന്നു.
അഞ്ചു വര്‍ഷം കഴിഞ്ഞ് കോളേജില്‍ നിന്നും പുറത്തിറങ്ങി സ്വപ്നംകണ്ട ജീവിതത്തിലേക്ക് പ്രവേശിച്ചു. പക്ഷെ, അവിടേ ആദ്യത്തെ കണ്ണികള്‍ അറ്റു, ജന്മം തന്നവര്‍. പാരമ്പര്യത്തിന്റെയും രാജപരമ്പരയുടെയും പുതു നാമ്പുകള്‍ വഴിതെറ്റി പോകുന്നുവെന്നാരോപിച്ചു, കൊട്ടാരവാതിലുകള്‍ പിന്നിലടഞ്ഞ് എന്നന്നേക്കുമായി.
പിന്നെ ജിവിതത്തിലേക്ക് കരടുകള്‍ മാത്രമയിരുന്നു. ആതുരസേവനവും സാമൂഹിക സേവനവും പൊരുത്തപ്പെട്ടിരുന്നില്ല. സാമൂഹിക സേവനത്തിന്റെ അരക്ഷിതാവസ്ഥ, ഭാവിയെക്കുറിച്ചുള്ള സുരക്ഷിതമില്ലായ്മ ഒപ്പം സ്വന്തം പാളയത്തില്‍ നിന്നും ഏറ്റു വാങ്ങേണ്ടി വന്ന തിരിച്ചടികള്‍, ഒരു സാധാരണ പുരുഷ മേല്‍ക്കോയ്മ തകര്‍ന്നുവെന്ന തോന്നല്‍ അതൊരു വലിയ വിള്ളലാണു സമ്മാനിച്ചത്. മറ്റ് വഴികളുണ്ടായിരുന്നില്ല, അസ്വസ്ഥതകള്‍ നിറച്ച് ജീവിതം അഭിനയിക്കുന്നതിനേക്കാള്‍ നല്ലത് രണ്ടു വഴിക്ക് പിരിയുന്നതാണ് നല്ലതെന്ന അഭിപ്രായം ആദ്യം പറഞ്ഞത് അവള്‍ തന്നെയാണു- പക്ഷെ വ്യാഖ്യാനിക്കപ്പെട്ടത് മറ്റൊരു രീതിയിലായിരുന്നുവെങ്കിലും. പുതുമകള്‍ തേടി, അല്ലെങ്കില്‍ അവനിലെ കുറവുകളാല്‍ ഉപേക്ഷിക്കപ്പെടുന്നു എന്നു വിശ്വസിക്കാന്‍ അവനു തക്കതായ കാരണങ്ങള്‍ വീണു കിട്ടി. വാശി ആയിരുന്നു, അതിനാല്‍ മറുപടികള്‍ നല്‍കിയില്ല, പ്രൊഫഷണലിസത്തിനുമപ്പുറം ആരുമായും ഒന്നുമില്ലെന്ന് വാദിക്കാന്‍ തുനിഞ്ഞില്ല. പക്ഷെ, അവന്റെ മനസ്സില്‍ കനലെരിഞ്ഞ് തുടങ്ങിയിരുന്നു, പകയുടെ. ആ പക ഇപ്പോഴും കെട്ടണഞ്ഞിട്ടില്ല. ചാരം മൂടി കിടക്കുകയാണു.
ആദ്യത്തെ പച്ച ലൈറ്റ് വീണത് നേരെ പോകാനായിരുന്നു . യാന്ത്രികമായി ചിന്തകളുടെ അകമ്പടിയില്‍ കാര്‍ ആ വഴിക്ക് നീങ്ങി.
ഫ്ലാറ്റിലെത്തി സോഫായിലേക്ക് വീഴുകായിരുന്നു അവള്‍. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും ഒരു മദയാനയെപോലെ അയാള്‍ പകയോടേ കൊല വിളി നടത്തുന്നു. "ദേവ ദാസി", ഈ വര്‍ഷത്തെ സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയ നോവല്‍. അത് നോവലാണൊ അതൊ എന്റെ ജീവചരിത്രമൊ. പേരൊ ജോലിയൊ പോലും അയാള്‍ മാറ്റിയില്ല. ഒരിക്കല്‍ അയാളൂടെ എല്ലാമെല്ലായിരുന്നിട്ടും ഒരു വേശ്യയെ പോലെ ചിത്രീകരിക്കാന്‍ എങ്ങനെ കഴിഞ്ഞു. സെനറ്റ് ഹാളിലെ നിറഞ്ഞ സദസ്സില്‍ നിന്നു ഞാനൊരു വേശ്യ അല്ല എന്ന് വിളിച്ചു കൂവണമെന്നുണ്ടായിരുന്നു. അതിനു വേണ്ടിയാണു അവിടെ പോയത് തന്നെ. പക്ഷെ ആ തീക്ഷണമായ കണ്ണുകള്‍ക്ക് മുന്നില്‍, ആ ശബ്ദ ഗാംഭീര്യത്തിനു മുന്നില്‍ എന്റെ ശബ്ദം പൊങ്ങിയില്ല. ഓടി രക്ഷപ്പെടുകയല്ലാതെ മറ്റു വഴികളൂണ്ടായിരുന്നില്ല.
നിര്‍ത്താതെയുള്ള കോളിങ്ങ് ബെല്‍ ശബ്ദം കേട്ടു ഉണര്‍ന്നു, സോഫായില്‍ നിന്ന് എഴുന്നേറ്റു. ഡോര്‍ തുറന്നപ്പോള്‍ പുറത്ത്, തൊട്ടടുത്ത ഫ്ലാറ്റിലെ സഹ പ്രവര്‍ത്തക കയ്യില്‍ ന്യൂസ് പേപ്പറുമായി നില്‍ക്കുന്നു. ഒന്നാം പേജിലെ വാര്‍ത്ത ഒറ്റ തവണയെ വായിച്ചുള്ളു - സാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാവ് ഹോട്ടം മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍". പിന്നെ കണ്ണില്‍ ഇരുട്ട് കയറി, മനസ്സിലും.
മാസ്കോറ്റ് ഹോട്ടലിലെ മുന്നൂറ്റി രണ്ടാം നമ്പര്‍ മുറിക്ക് ചുറ്റും അപ്പോഴേക്കും പോലീസ് ബാര്‍ക്കോഡ് തീര്‍ത്തു. ചാനലുകള്‍ പുറത്ത് ഒ വി വാനുമായി കാഴ്ചകളൊപ്പിയെടുക്കാന്‍ കാത്തു നിന്നു.
( അശോക് വാമദേവന്‍)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo