നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

***** ജേക്കബ് തരകൻ മകൻ ഏലിയാസ് തരകൻ ***** (ഭാഗം ഒൻപത് )

***** ജേക്കബ് തരകൻ മകൻ ഏലിയാസ് തരകൻ *****
(ഭാഗം ഒൻപത് )
ഒരു കാലത്ത് തങ്ങളുടെ സ്വന്തമായിരുന്ന സ്ഥലങ്ങളിൽ പലപല പേരുകളിൽ ചെറുതും, വലുതുമായ കെട്ടിടങ്ങൾ. പലതിലും പലതരം കച്ചവട സ്ഥാപനങ്ങൾ.ശനിയാഴ്ചയായത് കൊണ്ട് പ്രധാനപ്പെട്ട എല്ലാ സ്ഥാപനങ്ങളും തിരക്കിൽ നിറഞ്ഞിരിക്കുന്നു . അല്പം കൂടി മുന്നോട്ട് ചെന്നപ്പോൾ നാലുനിലയിൽ നിൽക്കുന്ന 'ഏലിയാസ് മേഡേൺ സിൽക്ക് ആന്റ് സാരീസ്' എന്ന രാമപുരത്തെ പ്രധാനപ്പെട്ട വസ്ത്രവ്യാപാര സ്ഥാപനം, അതിനടുത്തു തന്നെ 'ഏലിയാസ് ഗോൾഡ് സൂക്ക് 'ജുവലറിയും. ടൗണിന്റെ മദ്ധ്യഭാഗത്തായി തലയുയർത്തി നിൽക്കുന്ന ' തരകൻസ് ഹോട്ടൽ ബാർ ആന്റ് റസ്‌റ്റോറണ്ടും,ഏലിയാസ് ഫൈനാൻസിയേഴ്സും, ഏലിയാസ് സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലും.ഉച്ചയൂണിന് തരകൻസ് ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചവൻ തന്റെ ഹോട്ടൽ മുറിയിൽ തിരിച്ചെത്തി വിശ്രമിച്ചു.വൈകുന്നേരമായപ്പോൾ 'ഏലിയാസ് തിയേറ്ററിൽ' പോയി പുതിയ സിനിമ കണ്ടു. പിറ്റേന്ന് രാവിലെ പള്ളിയിൽ കുർബ്ബാനയ്ക്ക് പോയി. രണ്ട് കാര്യങ്ങൾക്കാണവൻ പള്ളിയിൽ പോയത് തന്റെ കുടുംബത്തിലെ ആരെയെങ്കിലും കാണാൻ സാധിക്കുമെന്നും 'അമ്മയുടെ കുഴിമാടത്തിൽ വീണ്ടും പ്രാർത്ഥിക്കുവാൻ വേണ്ടിയും. നേരത്തെ പള്ളിയിലെത്തി ആനവാതിലിന്റെ അടുത്ത് കാത്തുനിന്നു.രാവിലെ ഏഴരയ്ക്കായിരുന്നു കുർബ്ബാന.പരിചയമുള്ള മുഖങ്ങൾ തിരഞ്ഞവൻ കുർബാനയ്ക്കു വരുന്നവരെ ശ്രദ്ധിച്ചു കൊണ്ടിരുന്നു. പെൺകുട്ടികൾക്കിടയിൽ തന്റെ പെങ്ങളെ തിരഞ്ഞു. പഴയ മുഖം മനസ്സിൽ ഉണ്ടായിരുന്നു. അവന്റെ അപരിചിതത്വം മനസ്സിലാക്കിയ പള്ളിവികാരി അടുത്തേക്കു വന്നു ചോദിച്ചു.
" കുറേ നേരമായല്ലോ.... നിങ്ങൾ ഇവിടെ നിന്നു പള്ളിയിൽ വരുന്ന ആൾക്കാരെത്തന്നെ നോക്കി നിൽക്കുന്നത്..? തന്റെ ആരെങ്കിലും വരാനുണ്ടോ...? പേരെന്താണ്..? ആരുടെ മകനാണ് നിങ്ങൾ....? ഈ ഇടവകയിലുള്ള ആളല്ലല്ലോ....?ഏത് ഇടവകയിലെയാണ് ...? "
ചോദ്യങ്ങളുടെ പെരുമഴയായിരുന്നു. മുഖമുയർത്തി അച്ചനെ നോക്കി അവന്റെ കണ്ണുകളുടെ ആജ്ഞ ശക്തിക്കു മുമ്പിൽ അച്ചൻ പതറിപോയി. ഒന്നും പറയാതെ അച്ചൻ മദ്ബഹയിലേക്കു പോയി. ഒരിച്ചിരി കഴിഞ്ഞപ്പോൾ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത് മോഡലിലെ ഒരു വെളുത്ത മെർസിഡെസ് ബെൻസ് കാർ പള്ളിമുറ്റത്തു വന്നു. അതിൽ നിന്നും ഒരു സുന്ദരിയായ യുവതി ഇറങ്ങി ഒപ്പം ഒരല്പം പ്രായംചെന്ന സ്ത്രീയും. ഏലിയാസ് കാറിലേക്ക് നോക്കി മുൻഭാഗത്തെ സീറ്റിൽ നിന്നും മദ്ധ്യവയസ് പിന്നിട്ട ഒരാളും ഇറങ്ങി ഹൃദയമിഡിവിന് വേഗത കൂടി. കാറിന്റെ മുൻപിലെ ഗ്ലാസിൽ എഴുതിയിരിക്കുന്നതവൻ വായിച്ചു..' വെട്ടുകാട്ടിൽ തരകൻ' ആ മുഖത്തേക്കുസൂക്ഷിച്ചു നോക്കി പഴയതിനേക്കാൾ അല്പം കഷണ്ടി കയറിയിട്ടുണ്ടെങ്കിലും മുഖത്തെ ഗാംഭീര്യത്തിന് ഒരു കുറവും വന്നിട്ടില്ല. പഴയതുപോലെ മടക്കിത്തേച്ച നീളൻ സിൽക്ക് ജൂബയും, മുണ്ടും,എച്ച് എം റ്റി വാച്ചും, അല്പം കുടവയറും, കഴുത്തിലെ പിരിയൻ സ്വർണ്ണമാലയും ഇതെല്ലാം ഇപ്പോഴുമുണ്ടെനവൻ കണ്ടു. പള്ളിയിലേക്കു കയറിയ തരകനെ കണ്ട് എല്ലാവരും അല്പം ബഹുമാനത്തോടെ കുശലം പറയാൻ അടുത്തു ചെല്ലുന്നതവൻ കണ്ടു. വണ്ടിയിൽ നിന്നിറങ്ങിയ യുവതിയ്ക്ക് ജൂബായുടെ പോക്കറ്റിൽ നിന്നും നൂറു രൂപായുടെ നോട്ടുകൾ എടുത്തു കൊടുത്തുകൊണ്ടയാൾ പറഞ്ഞു
" ജാനമ്മയ്ക്കും കൊടുത്തേര് നേർച്ചയിടാൻ.....!"
മുന്നോട്ടു നടന്ന അയാൾ കുമ്പസാര കൂടിന്റെ അടുത്തുള്ള കസേരയ്ക്കരുകിലായി മുട്ടുകുത്തി നെറ്റിയിൽ കുരിശ്ശുവരച്ച ശേഷം കസേരയിൽ ഇരുന്നു കണ്ണടച്ച് പ്രാർത്ഥിച്ചു.ഏലിയാസും അയാളുടെ അടുത്തായി മുട്ടുകുത്തിനിന്നുകൊണ്ട് നെറ്റിയിൽ കുരിശ്ശുവരച്ച ശേഷം കസേരയോട് ചേർന്നിരുന്നു. നാസദ്വാരങ്ങളിലേക്ക് കുട്ടിക്കൂറ പൗഡറിന്റെ മണം ഇരച്ചു കയറി.അവനപ്പോൾ താൻ ഒരു ജില്ലകളക്ടറാണെന്ന കാര്യം മറന്നു ഒരു ചെറിയ കുട്ടിയായി മാറി. ആ നറുമണം മൂക്കിലേക്കാഞ്ഞു വലിച്ചു കയറ്റി. പണ്ടും ചാച്ചൻ ഈ പൗഡർ മാത്രമാണ് ഉപയോഗിച്ചിരുന്നതെന്നവൻ ഓർത്തു .ആ ഒർമ്മയിൽ പരിസരം മറന്നു പള്ളിയിൽ കുർബ്ബാന തുടങ്ങിയത് പോലും വിസ്മരിച്ചു പോയി. കണ്ണു തുറന്നു നോക്കുമ്പോൾ അച്ചന്റെ പ്രാർത്ഥനകൾക്കൊപ്പം വിശ്വാസികളുടെ പ്രാർത്ഥനയും മുഴങ്ങുന്നു. മുന്നിൽ നില്ക്കുന്നവർ ഇവനേതു ലോകത്തെ സ്വപ്നജീവിയെന്ന മട്ടിൽ ഇടംകണ്ണിട്ടവനെ ശ്രദ്ധിക്കുന്നതും കണ്ടു.അവന്റെ കണ്ണുകൾ സ്ത്രീകളുടെ ഇടയിൽ നിൽക്കുന്ന തന്റെ പെങ്ങളുടെ നേരേയായിരുന്നു. അവന്റെയും തരകന്റെയും മുഖസാദൃശ്യം കണ്ട പലരും നെറ്റി ചുളിച്ചു.കുർബ്ബാന സ്വീകരണത്തിനായ് വരിവരിയായി പോകുമ്പോഴും തരകന്റെ പുറകിലായി നിന്നു.കുർബ്ബാനയുടെ ആശീർവാദം സ്വീകരിക്കാൻ നിൽക്കാതെ പുറത്തു കടന്നു സെമിത്തേരിയിലേക്കുപോയി. അമ്മയുടെ കല്ലറയിൽ തിരികത്തിച്ചു പ്രാർത്ഥിച്ചു. അല്പനേരമവിടെ ചിലവഴിച്ചതിന് ശേഷം അവിടെ നിന്നും പള്ളിയുടെ ഗ്രോട്ടയുടെ അടുത്തേക്കുപോയി.കുർബ്ബാന കഴിഞ്ഞ ശേഷം വികാരിയച്ചനെ കണ്ടു സംസാരിക്കാൻ അദ്ദേഹത്തിന്റെ പള്ളിമേടയിലെ ഓഫിസിലേക്കു പോകുമ്പോഴാണ് എതിരെ വന്ന പ്രമാണികളിലൊരാൾ തരകനോട് ചോദിച്ചത്
" തരകച്ചായന്റെ പുറപ്പെട്ടു പോയ മോനെത്തിയല്ലേ....? നിങ്ങളൊരുമിച്ചു നില്ക്കുന്നതും, കുർബ്ബാന സ്വീകരണത്തിന് പോകുന്നതും കണ്ടല്ലോ എന്നാ വന്നത്....? മിടുക്കനാട്ടോ.... തരകനേ പോലെ നല്ല തലയെടുപ്പാട്ടോ...''
തരകൻ പെട്ടന്നു നിന്നു എന്നിട്ടു പറഞ്ഞു
" എന്തോന്നാടോ.... കൂവേ... ഇന്നലെത്തെ കെട്ടു വിട്ടില്ലേടോ.... കറിയാച്ചോ.....?"
"അപ്പോൾ നിങ്ങടുത്തു നിന്നത് നിങ്ങടെ മോനല്ലിയോ...? തന്റെ പണ്ടത്തെക്കോലം അതേപടി പകർത്തി വച്ചിരുന്നത് കണ്ടപ്പോത്തോന്നീതാടോ... ഇനി തനിക്കെങ്ങാനും വല്ല തെറ്റുപറ്റിയോടോ.. ജേക്കപ്പേ...?"
എന്നു പറഞ്ഞു കറിയാച്ചൻ ഇളകിച്ചിരിച്ചു.അതു കേൾക്കാൻ നിൽക്കാതെ ജേക്കബ് തരകൻ തിരിഞ്ഞ് പള്ളിയിലേക്കോടി.. തന്റെ അടുത്തു നിന്ന ചെറുപ്പക്കാരനെ താൻ ശ്രദ്ധിച്ചില്ലല്ലോ എന്ന കുറ്റബോധത്താൽ അയാൾക്കാദ്യമായി വിഷമം തോന്നി. പള്ളിയുടെ മുന്നിലേക്കോടി വരുന്ന ഭർത്താവിനെക്കണ്ട് ജാനമ്മയും മകളും അയാളുടെ അടുത്തേക്കു ചെന്നു.
"ഡീ.... പള്ളീ കുർബ്ബാനക്കെന്റടുത്തു നിന്ന ചെറക്കനെ നീകണ്ടാരുന്നോ...?"
അയാളവരോട് ചോദിച്ചു.
" ഓ.... പിന്നേ പള്ളീവരുന്നത് കണ്ടവമ്മാരെയൊക്കെ നോക്കനല്ലേ.....? അതാ പണിയിപ്പം..... നിന്റപ്പന് എന്തോന്നിന്റെ കേടാ.... നീ വാടി പെണ്ണേ...!"
അവർ മകളോട് പറഞ്ഞിട്ട് കാറിനടുത്തേക്കു നടന്നു.പെട്ടന്നു തരകൻ സെമിത്തേരിയിലേക്കോടി അയാളുടെ വെപ്രാളവും, മട്ടും ഭാവവും കണ്ട് കാറിൽ കയറാതെ അവരും തരകൻ പോയ ഭാഗത്തേക്കുവേഗത്തിൽ നടന്നു അല്ല ഓടി എന്നു പറയുന്നതാണ് ശരി. ഇത്രയും പരവശനായി തരകനെ അവർ കണ്ടത് ഏലിയാസ് ഒളിച്ചു പോയതിന്റെ കുറച്ചു ദിവസങ്ങളിലായിരുന്നു. എന്തോ സംഭവിച്ചിരിക്കുന്നുവെന്നവർക്കു മനസ്സിലായി. വേവലാതിപൂണ്ടവരും തരകനാെപ്പമെത്താനാേടി. തരകൻ നേരേ തന്റെ ആദ്യ ഭാര്യയുടെ കല്ലറയുടെ അടുത്തെത്തിയിരുന്നു അവിടെ കണ്ട കാഴ്ച അയാളുടെ ഹൃദയം തകർത്തു. അവിടെ കത്തിക്കൊണ്ടിരിക്കുന്ന മെഴുകുതിരികളും, റീത്തും, പൂമാലകളും കിടക്കുന്നത് കണ്ടു. ചെറിയ തളർച്ചയോടെ അയാൾ അടുത്തുള്ള ഒരു കല്ലറയുടെ മുകളിലേക്കിരുന്നു സെമിത്തേരിയുടെ അങ്ങിങ്ങുള്ള കല്ലറകളിൽ മരിച്ചവരുടെ ബന്ധുക്കൾ തിരി കത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതു കാണാമായിരുന്നു. സെമിത്തേരിയുടെ വാതിലിനടുത്ത കല്ലറയിൽ പ്രാർത്ഥിച്ചിരുന്നവരുടെ അടുത്ത് ചെന്നയാൾ ചോദിച്ചു
"അങ്ങേ മൂലയിലുള്ള കല്ലറയിൽ തിരി കത്തിച്ചു പ്രാർത്ഥിച്ചോണ്ടിരുന്ന ചെറുക്കനെ കണ്ടാരുന്നോ... എങ്ങോട്ടാ പോയേന്നു കണ്ടാരുന്നോ....?"
തരകനെ അറിയുന്നവർ തെല്ലത്ഭുതത്തോടെ അയാളെ നോക്കിപ്പറഞ്ഞു
" ഞങ്ങളു വരുമ്പോ ഒരാളവിടുന്നു പോണതു കണ്ടാരുന്നല്ലോ ഇപ്പോ കൊറെനേരായല്ലോ... എന്തോന്നാ... തരകൻ സാറെ... എന്താ കാര്യം"
ഒന്നുമില്ലെന്നു പറഞ്ഞു കൊണ്ടയാൾ ആദ്യഭാര്യയുടെ കല്ലറയ്ക്കരികിലേക്ക് ചെന്നു. കുറെ നാളുകളായി ഇങ്ങോട്ടു വന്നിട്ട് അതിൽ ആൾക്കു ഭയങ്കര നിരാശ തോന്നി. കല്ലറയ്ക്കു മുകളിൽ കത്തിക്കൊണ്ടിരിക്കുന്ന തിരികളും അലങ്കരിച്ച പൂക്കളും റീത്തും കണ്ടയാൾ പൊട്ടിക്കരഞ്ഞു. ജാനമ്മയും മകളും കാര്യമറിയാതെ പരസ്പരം നോക്കി നിന്നു.പുറത്തു നിന്നും സെമിത്തേരിയിലേക്കെത്തിയ ചെറുകാറ്റിൽ കല്ലറയ്ക്കു മുകളിൽ കത്തിക്കൊണ്ടിരുന്ന ചില മെഴുകുതിരികൾ അണഞ്ഞു... (തുടർച്ച)
ബെന്നി ടി ജെ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot