Slider

നെബീസത്താത്തേം കല്യാണാലോചനേം

0


നെബീസാമ്മക്ക് ഒരു ഷോപ്പുണ്ട്.. ലേഡീസ് സ്റ്റോർ. ഞാനും മൃദുവും അവിടുത്തെ നിത്യ സന്ദർശകരാണ്... മൂന്ന് വർഷമൊക്കെ ആയപ്പോഴേക്കും നെബീസുമ്മക്ക് നല്ല പരിചയമായി ഞങ്ങളെ. കഴിക്കാൻ പോകുമ്പോഴെക്കെ ഞങ്ങളെയാണ് ഇത്തിരി നേരമൊക്കെ അവിടെ പിടിച്ചിരുത്തുക.
എന്നോട് പറയും മൂവായിരത്തി അഞ്ഞൂറ് രൂപേം ചിലവും ഭക്ഷണോം തരാ... ജ്ജ് ന്റെ കൂടെ ഇബടെ നിക്കുവാണേലെന്ന്....
എബടെ... നുമ്മക്കുണ്ടോ വല്ല ഏനക്കേടും...
അത്യാവശ്യം എനിക്കു ജീവിക്കാൻ ഉള്ളത് നല്ല രീതിയിൽ ജോലി ചെയ്ത് ഉണ്ടാക്കുന്നുണ്ട്പിന്നെ റെസ്റ്റുണ്ട്..മനസിന് സന്തോഷവും. .. അതിനി ഷോപ്പിലെ ജോലി ചെയ്ത് കളയാൻ പറ്റുമോന്ന് ഞാനും മനസ്സിൽ പറയും...
റൂമിലാണെങ്കിൽ സ്വന്തം റ്റീവിയും ഡീവിഡിയും...സ്വയം കുക്കിങ്ങായോണ്ട് നല്ല ടേസ്റ്റിന് ഫുഡ്ഡും.
അപ്പോഴാണ് മൃദുവിന് കല്യാണം.
സത്യത്തിൽ കുടുങ്ങിയത് പോലായി.ഇനി തനിയെ. .. ഓർക്കാനുംകൂടി വയ്യേ...
രണ്ടു പേരും ഒരുറൂമില് സന്തോഷമായി വരുവായിരുന്നൂല്ലോന്നോർത്തപ്പോ വിഷമമായി.
വിവരമറിഞ്ഞ്
നെബീസത്താത്തയും താടിക്കു കൈകൊടുത്തിരിപ്പായി.
ഒന്നൂടി ചോദിച്ചു... നീയ് വരുന്നുണ്ടോ എന്റെ കൂടെ...
ഇല്ല താത്ത...അതു ശരിയാവുല്ല..എനിക്ക് ഒരുപാട് നേരം നിൽക്കാൻ വയ്യ..നടുവേദനിക്കും...
പിന്നെ എന്തുചെയ്യും. ..അവരു രണ്ടു പേരും കൂലങ്കഷമായ ചിന്തയിലാണ്...
എന്നെ തനിച്ചാക്കി പോകാനുള്ള വിഷമം അവൾക്കും .. വേറെ
എങ്ങോട്ടും വിടില്ല ഞാൻ എന്തേലും വഴി കാണുമെന്നു താത്തയും...
ഒടുവിൽ മൃദു ചോദിച്ചു
നിനക്ക് റിസൈൻചെയ്തു വീട്ടിൽ പോയി നിന്നു കൂടെ...
യ്യോ തനിയെ നിൽക്കാം എവിടെയും. പക്ഷേ വീട്ടിൽ. ....
എന്നെ കൊന്നാലും പോവൂല്ല...
എന്താ പോയാൽ അവൾ ചൊടിക്കുന്നു....
പോയാലെന്താന്നോ..
നല്ല അടി വരും. ഓരോ ദിവസവും. നീ വാങ്ങിക്കുവോ ഞാൻ തിരിച്ചു ചോദിച്ചു.
രണ്ടു പേരും പകച്ചു പണ്ടാരവടങ്ങിപ്പോയി
അങ്ങനെ ഞാനാ കഥ പറഞ്ഞു. ...
കുന്നിൻ ചെരുവിലെ മഴ കാണാൻ കട്ടിൽ വാതിൽക്കലേക്ക് നീക്കിയിടുന്ന ഞാൻ. .എനിക്ക് രണ്ടെണ്ണം തന്ന് അത് മൂലക്കൊതുക്കിയിടുന്ന കൊച്ചേട്ടൻ...
പൂരത്തിനും പെരുന്നാളിനും പോകുമ്പോൾ പരിപാടിക്ക് സ്റ്റേജീലേക്ക് നോക്കി നിൽക്കുന്ന ഞാൻ, മാറി നിന്ന് എന്നെയും അടുത്ത് നിക്കുന്നവരെയും വീക്ഷിക്കുന്ന വല്യേട്ടൻ..
ആരെങ്കിലും തോണ്ടീന്ന് തോന്നിയാൽ പടക്കം പൊട്ടുന്ന അടിയുടെ ശബ്ദം. .
ഇത്തിരി താമസിച്ചു പോയാൽ എവിടാരുന്നൂന്ന് ചോദിച്ചു ചീത്തവിളിക്കുന്ന കുഞ്ഞേട്ടായി... കൂട്ടുകാരനെ പോലുമടുപ്പിക്കാത്ത ഒരു വീട്. ..
കൂട്ടുകാരികൾ വരാൻ മടിക്കുന്ന വീട്..
ഞാനില്ല... ക്രിക്കറ്റും ഫുട്ബോളും കളിക്കാൻ ആ വീട്ടിലേക്ക് ഞാനില്ല ... കിട്ടുന്ന നേരം കഴുതയും ലേലവും സെറ്റും കളിക്കാൻ ഞാനില്ലയിനി.. കളിയിൽ തോറ്റാലും ജയിച്ചാലും കിട്ടും കിഴുക്ക്.
ഒടുവിൽ ഒരു തീരുമാനമായി.
ഇവളെ ഞാനെവിടേമയക്കൂല.എനിക്ക് വേണം എന്റെ കുട്ടിയെ..താത്ത കണ്ണുകൾ തുടക്കുകയാണ്...പാവം കരഞ്ഞുപോയി.
എന്റെ ഒരു കുട്ടിയുണ്ട് ക്രിസ്റ്റി.
അവന് ഞങ്ങൾ ഒരു കുട്ടിയെ തേടുന്നുണ്ട്.ആദ്യം കണ്ടപ്പോഴേ നിന്നെ ഞാൻ വിചാരിച്ചിരുന്നു... നീ അവനുചേരും.
യ്യോ ഞാൻ വീണ്ടും ഞെട്ടി. ഇച്ചായൻമാർ...
അതൊന്നും പേടിക്കണ്ട.ക്രിസ്റ്റി നിന്നെ നന്നായി നോക്കും.ഇതിന്റെ പേരിൽ എന്തുവന്നാലും ഞങ്ങൾ ബാക്കി ഏറ്റു...
ഞാൻ മൃദുവിനെ നോക്കി. ആ കണ്ണുകളിൽ
ഏതോ കാർന്നോത്തീടെ ഭാവം.
അറക്കാൻ പോകുന്ന ഒരാടിന്റെ മുഖം ഞാൻ മുന്നിൽ കണ്ടു.
ഇത്രക്കു വേണോ...
കല്യാണം അല്ലേ പതിയെ മതീല്ലോ...
പോരാ വേഗം വേണം.അന്നെ ഒരിടത്താക്കീട്ടേയുള്ളൂ ഇനീ...
താത്ത തീരുമാനിച്ചുറപ്പിച്ചിരിക്കുന്നു.
ഈശ്വരാ കൈവിട്ടു പോയല്ലോ..
ഒടുവിൽ താത്തയും മൃദുവും ക്രിസ്റ്റിയെ വിളിക്കുന്നു. .സംസാരിക്കുന്നു.തീരുമാനങ്ങൾ എടുക്കുന്നു...
നമ്മുടെ ജീവിതത്തിൽസ്നേഹം കൊണ്ട് മറ്റുള്ളവർ തീരുമാനങ്ങൾ എടുക്കുമെന്നും എടുത്തുചാടുമെന്നും ഞാനാദ്യമായി മനസ്സിലാക്കിയത് അന്നാണ്.
പാലായിൽ പള്ളിയുടെ മുന്നിൽ വെച്ച് കാണാമെന്ന ഉറപ്പിൽ അവരുടെ വാക്കിന് ക്രിസ്റ്റി സമ്മതമറിയിച്ചു.
അവരുരണ്ടും ഭയങ്കര ഹാപ്പിയിലാണ്...
വേറെ ഒന്നും ആലോചിക്കുന്നില്ല...
ഞാൻ പതിയെ ചോദിച്ചു. ..സ്വർണ്ണം പണം ഒന്നും വേണ്ടായോ...
നീ മിണ്ടാതിരി .അവന് നല്ല ഒരു പെൺകുട്ടിയെ മതീന്നാ പറഞ്ഞിരിക്കുന്നെ.സൗന്ദര്യം ഒന്നും അവൻ നോക്കില്ല...കറുത്തതാണോ വെളുത്തതാണോ, ഒന്നും അവൻ നോക്കില്ല.. ഞാൻ പറയുന്നത് ആണ് അവൻ കേൾക്കുക.അത്രയ്ക്ക് ഇഷ്ടമാ അവന് എന്നെ. എനിക്ക് നിന്നെ ഇഷ്ടമായീന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.
ഓക്കെ. വരുന്ന പോലെ വരട്ടെ. കാണാം.
ഞാനും അൽപം ക്രേസിയായി...
പണ്ടേ പാവമാണ് ഞാൻ,
അങ്ങനെ എല്ലാവരും പറയും.അതിന്റെ കാരണം നമ്മുടെ ഹൃദയം മറ്റൊരാൾ കാണുന്നില്ലല്ലോ. എന്റെ പാവം പിടിച്ച മുഖത്തൂന്ന് മനസ്സിൽ എന്താണന്ന് ദൈവം പോലും കണ്ടു പിടിക്കൂല്ല അന്നും ഇന്നും. ഹാഹ.ഒടുവിൽ ആ ദിവസം വന്നെത്തി.
ഞാനൊരുങ്ങി.വീട്ടിൽ എന്റെ ഒരുക്കം കണ്ടു അമ്മ ചോദിക്കുന്നുണ്ട്... ഉം എന്നാ...എങ്ങോട്ടാ.
ഓ പള്ളിയിലേക്ക്. ഒരുകൂട് മെഴുകുതിരി കത്തിച്ചു വരാ.മ്മേ
ഉം...പെട്ടെന്ന് വരണം. എനിക്ക് മേല അവൻമാരുടെ വായീന്ന് കേൾക്കാൻ.
ഓ..വരാം.
മൃദു പള്ളിയുടെ മുന്നിൽ കാത്തു നിൽക്കുന്നു. എന്റെ മൊബൈലിൽ ആയിരം വട്ടം വിളിച്ചിട്ടുമുണ്ട്... താത്തയുടെ വിളി വന്നോണ്ടേയിരിക്കുന്നു...
അവളു ദേഷ്യപ്പെട്ടു..നിനക്ക് കുറച്ചു നേരത്തേ ഇറങ്ങിക്കൂടേ... എത്ര നേരമായി നിൽക്കുന്നു.
ഞാൻ മിണ്ടാതെ പള്ളിയിലേക്ക് നോക്കി അവിടെ നിന്നു പ്രാർത്ഥിച്ചു... കർത്താവേ കാത്തോണേന്ന്...
ന്നാലും ക്രിസ്റ്റിയെ കാണാൻ എങ്ങനെ ആയിരിക്കും അതായിരുന്നു മനസ്സിൽ.
എന്റെ വരനെക്കുറിച്ച് എനിക്കുള്ള സ്വപ്നം ഇതാണ്.
എന്നെക്കാൾ ഇത്തിരി കൂടി കറുത്തിട്ടാവണം.കഴുത്തിൽ ഒരു സ്വർണ്ണ മാല നിർബന്ധം. ഇതാണ് ഇതു മാത്രമാണ് എന്റെ ആകെ ഡിമാന്റ്.
അതാ വരുന്നു... നമ്മുടെ ആള്.ഞാൻ റെഡിയായി... ഒരു ചെറിയ ബൈക്കില് നല്ല സ്റ്റൈലില് വന്നു നിന്നു. ഞങ്ങളുടെ മുന്നിൽ. .. എന്റെ നെഞ്ചില് പെരുമ്പറയും ശംഖും. .. ഞാൻ വേഗന്നു തിരിഞ്ഞു നിന്നു...
മൃദുവെന്റെ കയ്യിൽ ഞുള്ളി..
ടീ നോക്ക് നോക്ക്...
അവളെന്റെ കയ്യിൽ പിടിച്ചു വലിച്ചു നേരെ നിർത്തി.
അപ്പോ എനിക്ക് ഒന്നു മനസിലായി.അവളുടെ കൈ തണുത്ത്മരച്ചിരിക്കുന്നു.
പേടിച്ചാലാണ് എന്റെ കൈ തണുക്കുക... അവൾക്കും പേടിയായീന്ന്...തോന്നുന്നു.
ഞാൻ വിറച്ചുവിറച്ച് നോക്കി.
ഒരു വെളുത്ത ചെക്കൻ.
മുഖത്തൊക്കെ ചെറിയ ചെറിയ ചുണങ്ങുകൾ.
കഴുത്തിലുമുണ്ട്...
ഞാൻ മനസ്സിൽ ആ പാട്ടു ഓർത്തു... """മാറത്തു മാൻപുള്ളി പാൽചുണങ്ങും....:::"""
ഓഹ് എനിക്ക് പിന്നെ എന്താണ്ടായേന്ന് ഓർക്കാൻകൂടി വയ്യ.
നീ എന്താന്നുവെച്ചാ സംസാരിക്ക്... മൃദു മാറിനിന്നു...
ഓ എന്തു സംസാരിക്കാൻ. ..
എനിക്കൊന്നും പറയാനില്ല...
ഒടുവിൽ ഞാൻ തന്നെ ചോദിച്ചു
എത്ര വയസുണ്ട്...
ഇരുപത്തിനാല്...
ഉം.
നീ കറുത്തിട്ടാണല്ലോ...
ആ. അതേ ഇഷ്ടായില്ലേ..?. ആയി.പക്ഷേ !!!
എന്തു പക്ഷേ...
എനിക്ക് "ആ" കുട്ടിയെ കണ്ടതേ ഇഷ്ടായി
ങേ... ?
മൃദൂനെയോ..?
ആ.ശരിക്കും..
എന്റെ തല കറങ്ങിത്തുടങ്ങി....
ചിരിയും വരുന്നു. ..കണ്ണും കലങ്ങി. ..
നീ എനിക്കു വേണ്ടി അവളോട് ഒന്നു സംസാരിക്കുവോ ...?
തീർച്ചയായും.
ഞാനും ചിരിച്ചു.
നല്ല ഭംഗിയുണ്ട് .ഓഹ് നയൻതാരയെപ്പോലെ.
ശരിയാണ്. മൃദുവിനെ കണ്ടാൽ നയൻസിനെക്കാൾ ഭംഗിയാണ് അന്ന്.
അവളെ നോക്കിയുള്ള ഞങ്ങളുടെ രണ്ടു പേരുടെയും ചിരികണ്ട് അവളും മാറി നിന്നടത്തു നിന്ന് ചിരിച്ചു.
എല്ലാം ശരിയായ പോലെ...
അതേയ്... നിനക്കെന്നോട് ഇത്തിരി എങ്കിലും സ്നേഹം ഉണ്ടെങ്കിൽ ഇത് ശരിയാക്കി തരണം.ക്രിസ്റ്റി പറയുകയാണ്...
ഉം.ഞാൻ അവളോട് പറയാം.
എന്നാൽ ഞാൻ പോട്ടേ... നമ്മൾ നല്ല കൂട്ടുകാരായി ഇരിക്കാം കേട്ടോ. അവൻ പറഞ്ഞു
ഞാൻ ബൈ പറഞ്ഞു. അവൻ ബൈക്കിൽ കയറി രണ്ടു പേർക്കും റ്റാറ്റയും തന്ന് മടിയോടെ യാത്രയായി...
പാവം മൃദു...
വീണ്ടും എന്റെ കയ്യിൽ ഒന്നു ഞുള്ളി. ഞാൻ ചോദിച്ചു. ..എങ്ങനെയുണ്ട് ചെക്കൻ...
""*ടീ സൂപ്പറല്ലേ..എനിക്കിഷ്ടായി...*"""
ചുണങ്ങുണ്ടു മൃദൂ...
അതുസാരല്ല...മരുന്ന് തേച്ചാമാറും...
അപ്പോ ഇഷ്ടായീന്നോ...?
അതേ ഇഷ്ടായീ...
ദേ വരുന്നു ക്രിസ്റ്റീടെ കോൾ...
ആ മൃദൂ നിനക്കു ഒരു കോളുണ്ട് ദാ ക്രിസ്റ്റി.
പാവം.വിവരം പറയാൻ വിളിക്കുവാരിക്കുമെന്നു കരുതി ചാടി വേഗന്ന് ഫോൺ വാങ്ങിച്ചു...
ഞാൻ മനപ്പൂർവം അവളുടെ മുഖത്ത് നോക്കീല്ല...
അവനെന്താ അവളോട് സംസാരിച്ചേന്ന് ഇന്നുമറിയില്ല....
എക്സ്പ്രഷൻ എന്തോ പോയ എന്തിനെയോ പോലെ...അല്ല .കിളിപോയപോലെ....ഒക്കെ. ശ്വാസം എടുക്കുന്നുണ്ടോ ഇല്ലേ... ഞാൻ സംശയിച്ചു.
എങ്കിലും ഞാൻ പതിയെ അവളോട് ചോദിച്ചു. .....
നിനക്ക് നിന്റെ കല്യാണംമാറ്റി ക്രിസ്റ്റിയെ കെട്ടാൻ സമ്മതമാണോന്ന്....
പിന്നെ എനിക്ക് ഒന്നും ഓർമ്മയില്ല..
അവൾ എന്നെയും ക്രിസ്റ്റിയേം താത്തയേം ഒരുപോലെ ചീത്തവിളിച്ചു.
കിതപ്പോടെ പറഞ്ഞു നിർത്തിയത് ഇങ്ങനെയാരുന്നു...
$#@അവനും അവന്റെ ഒരു ഒണക്കച്ചുണങ്ങും.മേലിലിനി എന്നോടവന്റെ കാര്യം മിണ്ടിപ്പോകരുതെന്ന്...$#@#
സ്തംഭിച്ചു നിന്ന ഞാൻ അറിയാതെ ചിരിച്ചുപോയി...
കൂടെ അവളും. അതൊരു പൊട്ടിച്ചിരിയായി.
പിന്നെയുള്ള ദിവസങ്ങളിൽ ആയിരം മെസേജ്. ലവ് യൂ മൃദൂ..ലവ് യൂ മൃദൂ ന്നും പറഞ്ഞ്. ..
താത്തയുടെ കാര്യം ആണ് കഷ്ടത്തിലായത് .എന്നെ നോക്കാനും അവളെ നോക്കാനും വിഷമം.കൂടെ അവന്റെ ശല്യം. താത്ത എങ്ങനേലും ആ കുട്ടിയെ എനിക്ക് കല്യാണം കഴിക്കാൻ ശരിയാക്കിതരണമെന്ന്...
ഞങ്ങൾ ഫോൺ ഓഫ് ചെയ്ത് വെച്ചു.
മൃദുവില്ലാതെ ഷോപ്പിൽ ചെല്ലുമ്പോ ഒരീസം താത്ത ചോദിക്കുവാ...
""അവളുടെ വീട്ടിൽ പറഞ്ഞാ ഇതു നടത്തി തരുവോ... ആ ചെക്കനെനിക്കൊരു സമാധാനം തരുന്നില്ലന്ന്..."".
""ഞാൻ പറയുന്നെന്തോ അതാണ് അവൻ കേൾക്കുക"" എന്നു പറഞ്ഞ ഒരശരീരി എവിടെയോ കേട്ടു.. പിന്നെ അതു സ്വയം ലജ്ജിച്ച് എങ്ങോട്ടോ ഓടിപ്പോയി. .
അന്നു തീർന്നതാ തിരുമേനീ താത്തയും ഞങ്ങളുമായുള്ള ബന്ധം.
ഇപ്പോൾ മൃദു നാട്ടിലിരുന്ന് ഇതു വായിച്ചു ഓർമ്മകൾ അയവിറക്കുന്നുണ്ടാവും...
ന്നാലും. ...
ഈ കല്യാണാലോചനയൊന്നും സ്വയം പറ്റൂല്ലന്നേ... പ്രേമം പോലൊന്നുമല്ലന്നേ വേലിതന്നെ വിളവ് തിന്നും .. അല്ല... വേലിയേ ഇരുന്ന പാമ്പിനെ എടുത്ത്. ..ആ അങ്ങനെ എന്തരോ...
ലിൻസി അരുൺ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo