Slider

ഇങ്ങനെയും ചില ജനമങ്ങൾ

0
"ഉമ്മാ... വല്ലിത്ത ഇരിക്കുമ്പോൾ... ഞാൻ...
എനിക്ക് ആലോചിക്കാൻ കൂടി വയ്യ..."
" മോളേ... നീ ഒന്ന് പറീണത് കേൾക്ക് ...അവരിപ്പോ ഇങ്ങെത്തും..."
"അവരെത്തിയാൽ..അത്പോലെ തിരിച്ചു പൊയ്ക്കോളും... എനിക്ക് വയ്യ... കെട്ടി ഒരുങ്ങി അവരുടെ മുന്നിൽ പോയി നിൽക്കാൻ.."
"ഫൗസീ... എന്നെയോർത്ത് നീ നിന്റെ ഭാവി ഇല്ലാണ്ടാക്കരുത്... എന്നെ മനസ്സിലാക്കുന്ന ഒരാൾ ഒരുദിവസം വരും... അത് വരെ നീയെന്തിനാ കാത്തിരിക്കുന്നേ...?? മോള് ചെല്ല്... നിന്റെ വല്ലിത്തയല്ലേ പറീണത്..?"
ഇത്തയുടെ നിർബന്ധത്തിന് വഴങ്ങി നസ്സില്ലാ മനസ്സോടെ ഫൗസിയ അവർക്കുമുമ്പിൽ അണിഞ്ഞൊരുങ്ങി നിന്നെങ്കിലും അവൾ തന്നേ കാണാൻ വന്നവനെ ശ്രദ്ധിച്ചതേയില്ല... ഇതും നടക്കാൻ പോകാത്തൊരു കാര്യമാണ്...പിന്നെന്തിന് താനയാളെ കാണണം...?
പക്ഷേ അയാൾക്ക് അവളേ നന്നായി ബോധിച്ചു...ആ ഓമനത്തം നിറഞ്ഞ മുഖവും ഉണ്ടക്കണ്ണുകളും കണ്ടാൽ ആർക്കാണ് ഇഷ്ടപ്പെടാതിരിക്കുക...
അയാൾക്ക് കുട്ടിയോടൊന്ന് സംസാരിക്കണം എന്ന് പറഞ്ഞത് കൊണ്ടാണ്...അദ്ദേഹത്തോടൊപ്പം അസർമുല്ലപ്പൂക്കളാൽ അതിര് തീർത്ത മുറ്റത്തേക്കിറങ്ങിയത്....അവിടെ നിന്നാൽ വീട്ടുകാർക്ക് അവരെ കാണാമായിരുന്നു...
രണ്ട് പേരും പരസ്പരം ഒന്നും മിണ്ടാതെ രണ്ടു ദിശകളിലേക്ക് നോക്കി നിന്നപ്പോൾ
തങ്ങൾക്കിടയിൽ കളിയാടിയ മൗനത്തെ ഭേദിച്ച് കൊണ്ട് അദ്ദേഹം തന്നെയാണ് സംസാരിച്ച് തുടങ്ങിയത്....
"ഇയാളെന്താ ഒന്നും മിണ്ടാത്തത്... ?"
തന്റെ കാൽ വിരലുകളോട് കിന്നാരം പറയുന്ന അസർമുല്ലപ്പൂക്കളെ ഇമവെട്ടാതെ നോക്കി നിൽക്കുന്ന അവളുടെ മറുപടി പക്ഷേ അയാൾക്ക് കേൾക്കാനായില്ല...
മറുപടി മൗനമായപ്പോൾ അയാൾ വീണ്ടും അവളോട് ചോദിച്ചു..
"തനിക്ക് എന്നെ ഇഷ്ടമായോ...അതോ ഇഷ്ടമാവാത്തത് കൊണ്ടാണോ ഒന്നും മിണ്ടാത്തത്..?"
അവൾ എന്ത് പറയണം എന്നറിയാതെ നിന്ന് വിയർത്തു... ഈ കൂടിക്കാഴ്ച ഒരിക്കലും താൻ പ്രതീക്ഷിച്ചതല്ല... എങ്കിലും ... പുഞ്ചിരിക്കുമ്പോൾ കവിളുകളിൽ നുണക്കുഴികൾ വിരിയുന്ന ആ
വെള്ളാരം കണ്ണുകാരനെ ഇഷ്ടമായില്ല എന്ന് പറയാൻ അവൾക്കായില്ല... അവൾ അവന്റെ മുഖത്ത്നോക്കി മൗനമായി പുഞ്ചിരിച്ചു...
"തന്റെ ഈ മൗനം ഞാൻ സമ്മതമായി കണ്ടോട്ടെ...? "
ഇനിയും താൻ മിണ്ടാതിരുന്നാൽ ഒരുപക്ഷേ... എല്ലാം കൈവിട്ട് പോകും.. അത് കൊണ്ട് തന്നെ എല്ലാം ഇദ്ദേഹത്തോട് തുറന്ന് പറഞ്ഞ് ഇതിൽ നിന്നും പിന്മാറുന്നതാണ് ബുദ്ധി എന്ന് അവൾക്ക് തോന്നിയത് കൊണ്ട്
മടിച്ചു മടിച്ചാണെങ്കിലും അവൾ സംസാരിച്ച് തുടങ്ങി...
"നിങ്ങളെപ്പോലെ സുന്ദരനും സുമുഖനുമായ ഒരു ചെറുപ്പക്കാരന്റെ മുഖത്ത് നോക്കി ഇഷ്ടമായില്ല എന്ന് പറയാൻ എനിക്കാകില്ല...
മാത്രമല്ല എന്നെപ്പോലൊരു പെൺ കുട്ടിക്ക് സ്വപ്നം പോലും കാണാൻ കഴിയാത്തൊരു ബന്ധവും....
പക്ഷേ... നിങ്ങൾ ഈ വിവാഹത്തിൽ നിന്നും പിന്മാറണം... എന്നെ ഇഷ്ടപ്പെട്ടില്ല എന്ന് വീട്ട്കാരോട് പറയണം..."
"ഞാനെന്തിന് കള്ളം പറയണം...??? തനിക്കീ വിവാഹത്തിന് ഇഷ്ടമല്ലെങ്കിൽ അത് പറഞ്ഞാൽ പോരേ..?"
" ഞാൻ അത് പറഞ്ഞത് കൊണ്ട് പ്രത്യേകിച്ച് ഗുണമുണ്ടെന്ന് തോന്നുന്നില്ല..."
"ശരി എങ്കിൽ ഞാൻ പറയാം... പക്ഷേ എന്താണ് താൻ ഈ വിവാഹം നടക്കരുതെന്ന് പറയാൻ കാരണമെന്ന് എനിക്കറിയണം..."
" ഒരുപക്ഷേ... എന്റെ സംസാരം നിങ്ങളെ ബോറടിപ്പിച്ചേക്കാം... എങ്കിലും ഞാൻ പറയാം... "
അവൾ പതിയെ അവന് മുന്നിൽ മനസ്സ് തുറന്നു...
"ചുമട്ട് തൊഴിലാളിയായ ഉപ്പയും ഉമ്മയും നാല് പെൺമക്കളുമടങ്ങുന്നതായിരുന്നു ഞങ്ങളുടെ കുടുമ്പം... പട്ടിണി എന്തെന്ന് അറിയാതെയാണ് ഉപ്പ ഞങ്ങളെ വളർത്തിയത്... അൽഹംദു ലില്ലാഹ് സന്തോഷത്തോടെ കഴിഞ്ഞിരുന്ന നാളുകൾ... അങ്ങിനെയിരിക്കുമ്പോഴാണ് വല്ലിത്താക്ക് ഒരു വിവാഹാലോചന വന്നത്... എല്ലാം കൊണ്ടും അനുയോജ്യമായ ബന്ധമായത് കൊണ്ട് ഉപ്പ അവർക്ക് വാക്ക് കൊടുത്തു... പറഞ്ഞുറപ്പിച്ച സ്ത്രീധനം കൊടുക്കാനായി ഉപ്പ രാപ്പകലില്ലാതെ അദ്ധ്വാനിച്ചു... വളരെ ക്ഷീണിച്ചവശനായപ്പോഴും ഉപ്പാന്റെ കണ്ണുകളിൽ പ്രതീക്ഷയുടെ പൊൻവെട്ടം തിളങ്ങി നിന്നിരുന്നു...
കല്ല്യാണ ദിവസം അടുത്തു തുടങ്ങി... ഒരു മാസം തികച്ചില്ല... വീട്ടിൽ ആദ്യമായി നടക്കാൻ പോകുന്ന ഒരു ഫംഗ്ഷൻ ആയത് കൊണ്ട് തന്നെ എല്ലാവരും നല്ല സന്തോഷത്തിലായിരുന്നു...
എന്നാൽ ആ സന്തോഷങ്ങൾക്ക് പടച്ചോന്റെ കിത്താബിൽ കുറിച്ചിട്ട ആയുസ്സ് വളരെ കുറവായിരുന്നെന്ന് അറിഞ്ഞത് വളരെ വേദനയോടെയായിരുന്നു... കൂട്ടുകാരിയുടെ വീട്ടിലേക്ക് കല്ല്യാണം വിളിക്കാനായി പോയതായിരുന്നു ഇത്ത.... അവളെ പിന്നീട് കാണുന്നത്... മെഡിക്കൽ കോളേജിലെ ഐ സീ യു വിന്റെ ചില്ല് വാതിലിന്റെ പഴുതിലൂടെയായിരുന്നു... റോഡ് മുറിച്ചു കടക്കും നേരം ഒരു കാറ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നെന്ന് ഇത്തയെ ആശുപത്രിയിലെത്തിച്ചവരിൽ ആരോ പറയുന്നത് കേട്ടു...
ആശുപത്രി വിട്ട് വീട്ടിലെത്തിയപ്പോഴേക്കും ഇത്താക്ക് നഷ്ടപ്പെട്ടത് തന്റെ ജീവിതം തന്നെയായിരുന്നു... ഒരു കൈയും ഒരു കാലും നഷ്ടപ്പെട്ടവളെ തന്റെ ജീവിതത്തിലേക്ക് കൂട്ടിയിട്ട് മെച്ചമൊന്നും ഇല്ലെന്ന് മനസ്സിലായത് കൊണ്ടാകാം പറഞ്ഞുറപ്പിച്ച വിവാഹത്തിൽ നിന്നും അവർ പിന്മാറിയത്... വിവാഹം കഴിഞ്ഞിട്ടാണ് ഇങ്ങനൊരു അപകടം സംഭവിക്കന്നതെങ്കിൽ അവർ എന്റെ ഇത്തയെ ഉപേക്ഷിക്കുമായിരുന്നോ..?
ആ ഒരു സംഭവത്തോടു കൂടി ഉപ്പ വല്ലാതെ തളർന്നു... ഞങ്ങൾ മക്കൾ എന്ന് വെച്ചാൽ ജീവനായിരുന്നു ഉപ്പാക്ക്... ഉമ്മയുടെ സ്ഥിതിയും മോശമായിരുന്നില്ല... എങ്കിലും അന്നേരം ഉപ്പാക്കൊരു താങ്ങായി നിൽക്കാൻ ഉമ്മാക്ക് മാത്രമേ കഴിഞ്ഞുള്ളൂ...
ദിവസങ്ങൾ കഴിഞ്ഞു പോയിക്കൊണ്ടിരുന്നു...
ഉപ്പ ജോലിക്ക് പോയിത്തുടങ്ങി... ഇത്ത ജീവിത്തിലേക്ക് പതിയേ തിരിച്ചു വരാൻ തുടങ്ങിയെങ്കിലും... അവളുടെ മുഖത്ത് സദാ തത്തിക്കളിച്ചിരുന്ന ചിരി മാഞ്ഞു... ഒരു പക്ഷേ അവളുടെ ദുഃഖങ്ങളായിരിക്കും പിന്നീട് അവൾ എഴുതുന്ന ഓരോ വരികളിലും തെളിഞ്ഞു നിന്നത്..
അവളുടെ ഒരു കാലിന്റെ സ്ഥാനത്ത് എന്റെ ഈ രണ്ട് കാലുകളുണ്ടായിരുന്നു അവൾക്ക് വേണ്ടി നടക്കാൻ... അവളുടെ ഒരു കൈക്ക് പകരമായി എന്റെ രണ്ട് കൈകളുണ്ടായിരുന്നു... എന്തിനും ഏതിനും ഇത്തായുടെ കൂടെത്തന്നെയുണ്ടായിരുന്നു ഞാൻ...
വർഷങ്ങൾ പലത് കഴിഞ്ഞു... വല്ലിത്ത ഇരിക്കെ മറ്റു രണ്ടു ഇത്തമാരുടെയും വിവാഹം കഴിഞ്ഞു... എല്ലാവരും വലിയ സന്തോഷത്തിലായിരുന്നെങ്കിലും എന്റെ മനസ്സ് മാത്രം മരവിച്ചിരുന്നു... വല്ലിത്തയെ ഓർത്ത് മനസ്സ് നീറി... അവളും കൊതിച്ചതായിരുന്നില്ലേ... ഒരു കുടുബജീവിതം..? അവൾക്കുമുണ്ടായിരുന്നില്ലേ ഒരായിരം നിറമുള്ള സ്വപ്നങ്ങൾ..?
അന്ന് ഞാൻ തീരുമാനിച്ചതാ ഇത്തയുടെ ജീവിതത്തിലേക്ക് ഒരാൾ കടന്നു വരാതെ... ഞാൻ മറ്റാരുടെയും കൂടെ പോകില്ല എന്ന്...
കാലം തന്റെ പ്രതിനിധികളെ കൃത്യ സമയത്ത് തന്നെ പറഞ്ഞയച്ചുകൊണ്ടിരുന്നു... വർഷവും ഗ്രീഷ്മവും വസന്തവുമെല്ലാം മാറി മാറി വന്നു...
പക്ഷേ കാലം ഞങ്ങൾക്കായി കാത്ത് വെച്ചത് ഒരിക്കലും താങ്ങാനാവാത്ത പ്രഹരമായിരുന്നു...
ജോലിക്ക് പോയ ഉപ്പ ചുമടെടുത്ത് പോകുമ്പോൾ കുഴഞ്ഞ് വീണ് ആശുപത്രിയിലായി... രണ്ടാഴ്ച്ചയോളം മരുന്ന് മണക്കുന്ന ആശുപത്രി വരാന്തകളിൽ ഉരുകിത്തീരുമ്പോൾ.... വിധി തന്റെ ക്രൂരഭാവം മുഴുവനും ആടിത്തിമിർത്തത് ഞങ്ങളുടെ നെഞ്ചകത്തായിരുന്നു... ആ ഒരു അവസ്ഥയിൽ തിരിച്ച് വന്ന് ഞങ്ങൾക്ക് ഒരു ശല്യമാവേണ്ട എന്ന് കരുതിയിട്ടായിരിക്കണം... ഉപ്പ ഞങ്ങളെ തനിച്ചാക്കി പോയത്... ഉപ്പ പോയതോടു കൂടി ഞങ്ങൾ ശരിക്കും തനിച്ചായി.. ആദ്യനാളുകളിലെ വീട്ടിലെ സ്ഥിരം സന്ദർശകരുടെ എണ്ണം നാളുകൾ കഴിയും തോറും കുറഞ്ഞ് വന്നു...
വരുമാനം നിന്നതോട് കൂടി വീട്ടിലെ അടുപ്പ് പുകയാത്ത ദിവസങ്ങൾ വരെയുണ്ടായി...
വിശപ്പിന്റെ രുചിയറിഞ്ഞ നാളുകൾ...
കര കാണാ സങ്കടക്കടലിന്റെ നടുവിൽ നിന്നും... സർവ്വ ശക്തിയുമെടുത്ത് തുഴഞ്ഞു...പലപ്പോഴും... ശരീരവും കൈകളും തളർന്നുവെങ്കിലും ഒടുവിൽ ആത്മവിശ്വാസം ഒന്ന് കൊണ്ട് മാത്രം കരയുടെ പച്ചപ്പ് കൺമുന്നിൽ തെളിഞ്ഞ് കാണാൻ തുടങ്ങിയപ്പോഴേക്കും ക്രോധഭാവം പൂണ്ട തിരമാല കണക്കെ ആർത്തിരമ്പി വന്ന വിധി സങ്കടക്കടലിന്റെ കരകാണാ കയത്തിലേക്ക് വീണ്ടും ഞങ്ങളെ തള്ളി വിട്ടു... കൈകാലുകൾ ഒന്നനക്കാൻ പോലും കഴിയാതെ തളർന്ന നിമിഷം...ഇനി ഒരിക്കലും കരകാണില്ലെന്ന് ഉറപ്പിച്ചു..ചുറ്റും അറ്റമില്ലാതെ പരന്നു കിടക്കുന്ന ജലനിരപ്പാണെങ്കിലും തൊണ്ട നനക്കാൻ ഒരു തുള്ളി ദാഹം ജലം കൊതിച്ച് ആഴിക്കടിയിലേക്ക് പിടഞ്ഞ് പിടഞ്ഞ് താണ് പോയിക്കൊണ്ടിരുന്നു...
സൃഷ്ടാവിന്റെ അതിരില്ലാത്ത കാരുണ്യം
ഒന്ന് കൊണ്ട് മാത്രമാണ് ഞാനിന്ന് നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്... "
അത് പറയുമ്പോൾ അവളുടെ കണ്ണുകളിൽ നിന്നും കണ്ണു നീർ കവിളിലേക്കരിച്ചിറങ്ങിയിരുന്നു...
"ഹേയ്... എന്താ ഇത്.. കരയാണോ..? തന്നെ സങ്കടപ്പെടുത്താൻ വേണ്ടിയായിരുന്നില്ല... ഞാൻ..."
അദ്ദേഹം വാക്കുകൾക്ക് വേണ്ടി പരതി...
"അത് സാരമില്ല...
പിന്നെ...എനിക്ക് വേണ്ടി നിങ്ങൾ ഈ വിവാഹത്തിൽ നിന്നും പിന്മാറണം... ഇത്താക്കൊരു ജീവിതം കിട്ടിയിട്ട് മതി... എനിക്കൊരു വിവാഹ ജീവിതം... ഇതെന്റെ അപേക്ഷയാണ്..."
"ശരി... ഞാൻ പറയാം... ഇപ്പോൾ തന്നെ പറയാം... ഫൗസിയെ ഇനി മറ്റാരുടെ മുമ്പിലും ഇത് പോലെ അണിയിച്ച് നിർത്തരുതെന്ന്...
.....................
ഞാൻ കാത്തിരിക്കാം... തന്റെ ഇത്തായെ മനസ്സിലാക്കുന്ന ഒരാൾ വരുന്നത് വരെ... "
അദ്ദേഹത്തിന്റെ ആ ഉറച്ച തീരുമാനത്തിന് എതിരായി അവൾക്കൊന്നും പറയാനുണ്ടായിരുന്നില്ല...
മാസങ്ങൾ കഴിഞ്ഞു... ഫൗസിയുടെ ആഗ്രഹം പോലെ അവളുടെ ഇത്തയെ മനസ്സിലാക്കാൻ കഴിയുന്ന ഒരാളെത്തി... അല്ല അവൾക്ക് കൊടുത്ത വാക്ക് പാലിക്കാൻ... അവൻ തന്നെ കൊണ്ട് വരികയായിരുന്നു ഒരാളെ...
വലിയ ആർഭാഢങ്ങളൊന്നുമില്ലാതെ തന്നെ ഇരുവരുടെയും വിവാഹം ഒരു പന്തലിൽ വെച്ച് തന്നെ നടന്നു... വർഷങ്ങൾക്ക് മുമ്പ് മാഞ്ഞു പോയ പുഞ്ചിരി വല്ലിത്തയുടെ ചുണ്ടിൽ തത്തിക്കളിച്ചപ്പോൾ... ഫൗസിയുടെ നയനങ്ങൾ സന്തോഷം കൊണ്ട് നിറഞ്ഞ് തുളുമ്പി....
രാവിന് പുറകേ ഒരു പകലുണ്ടെന്ന പോലെ പിന്നീടുള്ള നാളുകൾ സന്തോഷത്തിന്റെ നാളുകളായിരുന്നു...
എന്നാൽ... ആ കുടുംബത്തിന്റെ സന്തോഷങ്ങൾക്ക് പടച്ചോന്റെ കിത്താബിൽ ആയുസ്സ് എന്നും കുറവായിരുന്നു...
മക്കളെല്ലാം സുരക്ഷിതരായെന്ന വിശ്വാസം കൊണ്ടാകാം റബ്ബിന്റെ അലംഘനീയമാം വിധിയെ ഇരുകൈയും നീട്ടി സ്വീകരിച്ച്... ആ ഉമ്മ തന്റെ പ്രിയതമന്റെ വഴിയേ നടന്നു നീങ്ങിയത്....
ടി കെ എസ്...🖋
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo