Slider

ബാലവേല

0

ഇന്ന് സ്കൂളിലെ എൻ്റെ അവസാന ദിവസം ആണ്. അടുത്ത ദിവസം മുതൽ എനിക്ക് കൂടെ കളിക്കാൻ കൂട്ടുകാരില്ല. പഠിക്കാത്തതിന് വഴക്ക് പറയാൻ ടീച്ചർമാരില്ല. അങ്ങനെ ഞാൻ ആറാം ക്ലാസിൽ പഠനം അവസാനിപ്പിച്ചു.
എൻ്റെ പേര് അപ്പു. അച്ഛനില്ല അമ്മയും അനിയത്തിയും മാത്രം. അമ്മയ്ക്ക് അസുഖം കൂടിയതിനാൽ പണിക്കു പോകാൻ കഴിയില്ല അതാണ് പഠിത്തം നിർത്തി ഞാൻ ജോലിക്ക് പോകാൻ തുടങ്ങുന്നത്.
ഞങ്ങളുടെ വീടിന്റെ അടുത്തുള്ള സന്തോഷേട്ടൻ്റെ ഹോട്ടലിൽ ജോലിക്ക് കയറാൻ സന്തോഷേട്ടൻ പറഞ്ഞു. അടുക്കളയിൽ സഹായിക്കുക, ആളുകൾക്ക് ഭക്ഷണം കൊടുക്കുക പിന്നീട് മേശ വൃത്തിയാക്കുക. അതാണ് എൻ്റെ ജോലി. ശമ്പളം മൂവായിരം രൂപയും ഞങ്ങൾക്കുള്ള ആഹാരവും.
അങ്ങനെ ഞാൻ ജോലി തുടങ്ങി. എനിക്ക് ആ ജോലി വളരെ ഇഷ്ടപ്പെട്ടു. ചില ആളുകൾ സന്തോഷത്തോടെ ടിപ്പും തന്നു.
ചില ആളുകൾ വഴക്കും പറയും. അങ്ങനെ അമ്മയുടെ ചികിത്സയും അനിയത്തിയുടെ പഠിത്തവും നല്ല രീതിയിൽ നടന്നു.
ഒരു ദിവസം കുറെ പഴയ പുസ്തകങ്ങളും ആയിട്ടാണ് സന്തോഷേട്ടൻ എത്തിയത്. അതെല്ലാം എനിക്ക് തന്നിട്ട് പറഞ്ഞു രാത്രി നീ ജോലി ഒന്നും ചെയ്യണ്ട ഇരുന്നു പഠിച്ചോണം. ഞാൻ നിനക്ക് പരീക്ഷ എഴുതാനുള്ള എല്ലാ സൗകര്യങ്ങളും ശരിയാക്കിയിട്ടുണ്ട്. മര്യാദക്ക് ഇരുന്നു പഠിക്കണം. അതു കേട്ടപ്പോൾ എനിക്ക് നഷ്ടപ്പെട്ട എൻ്റെ അച്ഛൻ തിരിച്ചു വന്നു എന്ന് തോന്നിപ്പോയി. കരഞ്ഞു കൊണ്ട് ഞാൻ ചേട്ടനെ കെട്ടിപ്പിടിച്ചു.
അങ്ങനെ മാസങ്ങൾ കടന്നു പോയി. പെട്ടെന്ന് ആണ് അത് സംഭവിച്ചത്. ഞാൻ അടുക്കളയിൽ പാത്രം കഴുകി കൊണ്ടിരുന്നപ്പോൾ കുറെ ആളുകൾ ഹോട്ടലിൽ കയറി വന്നു. എന്ന വിളിച്ച് പേര് ചോദിച്ചു. എന്നിട്ട് വലിച്ച് ജീപ്പിൽ കയറ്റി. കൂടെ വന്ന പോലീസുകാർ സന്തോഷേട്ടൻ്റെ ഷർട്ടിൽ കുത്തി പിടിച്ച് എന്തൊക്കെയോ സംസാരിച്ചു. എന്നിട്ട് വലിച്ചു പോലീസ് ജീപ്പിൽ കയറ്റി. എനിക്ക് ഒന്നും മനസ്സിലായില്ല. ഇതെല്ലാം കണ്ടു കൊണ്ട് ചുറ്റും ഓടിക്കൂടിയ നാട്ടുകാരും തിരിഞ്ഞു നോക്കിയില്ല.
ഞങ്ങളെ കൊണ്ട് പോയത് ഒരു ജഡ്ജിയുടെ അടുത്താണ്. അപ്പോഴാണ് എനിക്ക് കാര്യം മനസ്സിലാകുന്നത്. പ്രായപൂർത്തിയാകാത്ത എന്നെ ജോലിക്ക് നിർത്തിയതിനാണ് സന്തോഷേട്ടനെ പോലീസ് പിടിച്ചത്. അതുകഴിഞ്ഞ് എന്നെ അവർ എന്റെ വീട്ടിൽ കൊണ്ടാക്കി. സന്തോഷേട്ടനെ ജയിലിലേക്കും.
പിറ്റേന്ന് മുതൽ വേറെ ജോലി അന്വേഷണം തുടങ്ങി. പക്ഷേ ആരും ഒരു ജോലി തന്നില്ല. എല്ലാവർക്കും പേടിയായിരുന്നു. സന്തോഷേട്ടൻ്റെ അവസ്ഥ തങ്ങൾക്കും വരുമെന്ന് കരുതി ആരും എന്നെ ജോലിക്ക് നിർത്തിയില്ല.
അടുത്തത് എന്താ ചെയ്യേണ്ടത് എന്ന് ഒരു ബോധവുമില്ലായിരുന്നു. ആരും സഹായത്തിന് എത്തിയില്ല. ജോലി കളഞ്ഞ ആളുകൾ ജോലി കളയാൻ കാണിച്ച ഊർജവും ഉത്സാഹവും ഒരു സഹായം ചെയ്യാൻ കാണിച്ചില്ല. അവരാരും ചോദിച്ചില്ല എന്തിനാണ് ജോലിക്ക് പോകുന്നത് എന്ന്. അവരാരും തന്നില്ല ഒരു നേരത്തെ ഭക്ഷണത്തിന് ഉള്ള കാശ് .
അപ്പോൾ എനിക്ക് മനസ്സിലായി ഒരു ജോലി ചെയ്തു കുടുംബം നോക്കാൻ ആളുകൾ സമ്മതിക്കില്ല. ഭിക്ഷാടനം അല്ലാതെ വേറെ വഴിയില്ല. അങ്ങനെ ഞാനും അമ്മയും അനിയത്തിയും തെരുവിലേക്ക് ഇറങ്ങി. ആകെ ഒരു സ്വപ്നം ഉണ്ടായിരുന്നുള്ളു എൻ്റെ അനിയത്തിയെ പഠിപ്പിച്ചു വലിയ നിലയിൽ എത്തിക്കണം.
പക്ഷേ അവൾ ഇപ്പോൾ ഒരു പിച്ചക്കാരിയാണ്. ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി മറ്റുള്ളവരുടെ മുന്നിൽ ഇരക്കുന്ന പിച്ചക്കാരി.
"" പാവപ്പെട്ടവർക്ക് സ്വപ്നം കാണാൻ ഉള്ള അവകാശം ഇല്ലല്ലോ ഈ ലോകത്ത് ""....

By: 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo