നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബലി കാക്കകൾ...


ബലി കാക്കകൾ...
ജനലിനോട് ചേർത്തിയിട്ടിരിക്കുന്ന കട്ടിലിൽ ഇരുന്നു കൊണ്ട് ഞാൻ പുറത്തേക്ക് നോക്കിയിരുന്നു.. പുറത്ത് മഴ കോരിച്ചൊരിയുന്നു. നല്ല പനിപിടിച്ചു.... ശരീരം മുഴുവൻ സഹിക്ക വയ്യാത്ത വേദന...! വയറൽ ഫീവർ..., ഡോക്ടർ വിധിയെഴുതി. കമ്പിളിപ്പുതപ്പിന്റെ ചൂടിനു പോലും തന്റെ ശരീരത്തിന്റെ വിറയലിനെ പിടിച്ചു നിർത്താനാകുന്നില്ല. തൊണ്ട വരളുന്നു..... കുറച്ച് ചൂടുവെള്ളം കിട്ടിയിരുന്നെങ്കിൽ.....! ആരേയും കാണാനില്ല..., എല്ലാരും തിരക്കിലാണെന്ന് തോന്നുന്നു. ജനലിലൂടെ നോക്കിയിരുന്നപ്പോൾ അടുത്തുള്ള മരച്ചില്ലയിൽ രണ്ട് കാക്കകൾ വന്നിരുന്ന് കലപില കൂട്ടുന്നത് കണ്ടു. ഇടക്ക് തല ചരിച്ച് അവ എന്നെ നോക്കുന്ന പോലെ. പിന്നെ കൊക്കുരമ്മി സ്നേഹം പ്രകടിപ്പിക്കുന്നു. അധികം താമസിയാതെ മൂന്നാമതൊരു കാക്ക കൂടി ആ ചില്ലയിൽ സ്ഥാനം പിടിച്ചു. മൂന്നും ശബ്ദമുണ്ടാക്കുന്നുണ്ട്..., ഇടക്ക് തല ചരിച്ച് അങ്ങോട്ടുമിങ്ങോട്ടും നോക്കുന്നുണ്ട്..., എന്തോ പ്രതീക്ഷിക്കുന്ന പോലെ.
ഇന്ന് കർക്കിടക വാവ്....
ഇന്ന് തന്നേയാണ് അമ്മയുടേയും ചേച്ചമ്മയുടേയും ശ്രാദ്ധം..! എന്റെ മനസ്സു പറയുന്നു..., ആ കാക്കകൾ അച്ഛന്റേയും, അമ്മയുടേയും ചേച്ചമ്മയുടേയും ആത്മാക്കൾ തന്നേയാണെന്ന്...! ഇടക്ക് അവ എന്നെ നോക്കി..., പിന്നെ തമ്മിൽത്തമ്മിൽ എന്തൊക്കേയോ പറയുന്ന പോലെ തോന്നി...
അവരുടെ സംഭാഷണം ഇങ്ങനേയാകാം......
" എന്തു പറ്റിയാവോ.... ന്റെ കുട്ടിക്ക്..! തീരെ വയ്യന്ന് തോന്നുണു... പുതച്ചു കിടക്കണ കണ്ടോ ഏട്ത്യേ..." അമ്മക്കാക്ക...
"പാവം..., ന്റെ കുട്ടീ..., ഇത്തവണ അവൾക്ക് ശ്രാദ്ധമൂട്ടാൻ യോഗല്യ.." അച്ഛൻ കാക്ക...
"മ്മടെ കുട്ടിക്കും പ്രായായി... ല്ലേ.. തങ്കേ...? അവൾടെ മുടി നോക്ക്..., ഒക്കെ നരച്ചിരിക്ക്ണു..., മുഖത്ത് എന്തൊരു ക്ഷീണാന്ന് നോക്ക്..... കുട്ടിക്ക് തീരെ വയ്യാന്ന് തോന്ന്ണു " ചേച്ചമ്മ കാക്ക....
പുറത്ത് ശബ്ദം കേട്ടപ്പോൾ ഞാൻ ജനലിലൂടെ എത്തിനോക്കി. വല്യേച്ചീം, ഓപ്പേം, കുഞ്ഞേച്ചീo,ദേവീം, അനിയനും കുളിച്ച് ഈറനുടുത്ത് ബലിയിടാൻ തയ്യാറായി നിൽക്കുന്നു. മുറ്റത്ത് ഒരിടം ചാണകം മെഴുകി തയ്യാറാക്കി വെച്ചിട്ടുണ്ട്. കുഞ്ഞുണ്ണി ഇളയത് അവർക്കെല്ലാമുള്ള ഇലകളും കിണ്ടിയിൽ വെള്ളവും ഒക്കെ തയ്യാറാക്കി മുറ്റത്ത് കൊണ്ടുവന്നു വെച്ചു.
"എല്ലാരും കിണ്ടിയിൽ നിന്നും കുറച്ച് വെള്ളമെടുത്ത് ദേഹത്ത് തളിച്ച് ബലിയിടാനായി ഇരിക്കാ.. ", ഇളയത് പറഞ്ഞു. ഇളയതിന്റെ കാർമ്മികത്വത്തിൽ ബലികർമ്മങ്ങൾ ആരംഭിച്ചു.....
"ആദ്യം പൂവെടുത്ത് മൂന്നു നീരുകൊടുക്കാ.."
"ഇനി ചന്ദനം കൊണ്ട് മൂന്നു നീരുകൊടുക്കാ.. "
"എള്ളെടുത്ത് മൂന്നു നീരു കൊടുക്കാ.."
"ഇനി എള്ളുo പൂവും ചന്ദനോം കൂട്ടി മൂന്ന് നീരു കൊടുക്കാ.."
ഇളയതിന്റെ വാക്കുകൾ വ്യക്തമായി കേൾക്കാമായിരുന്നു.., ഞാനും മനസ്സാലെ എന്റെ പിതൃക്കൾക്ക് ബലിയിടുകയായിരുന്നു..! കണ്ണുകൾ എന്റെ പിടിവിട്ടൊഴുകുകയായിരുന്നു... എന്റെ പാപങ്ങൾ ഞാനൊന്നു കഴുകിക്കളഞ്ഞോട്ടെ....!
"മരിച്ചുപോയ പിതൃക്കളെ മനസ്സിൽ ധ്യാനിച്ച്, ആ ചോറെടുത്ത്, ഇലയുടെ തലക്കൽ വെള്ളംകൂട്ടി തൂവുക.. "
"ഇനി നമസ്കരിച്ച ശേഷം, എണീറ്റ് നിന്ന്, കിണ്ടിയിൽ നിന്നും അല്പo വെള്ളമെടുത്ത് മൂന്നു വട്ടം ആകാശത്തേക്ക് തളിച്ച്.., മാറി നിന്ന് കൈ കൊട്ടി പിതൃക്കളെ ആവാഹിക്കുക.."
ഇളയത് പറഞ്ഞപോലെ എല്ലാവരും കൈ കൊട്ടുന്ന ശബ്ദം കേട്ടു. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു...
ആ മരച്ചില്ലയിൽ ഇരുന്നിരുന്ന കാക്കകൾ ഒന്നൊന്നായ് പറന്നുവന്ന് ബലിച്ചോറ് കൊത്തിത്തിന്നാൻ തുടങ്ങി...
അതെ...., അമ്മയും അച്ഛനും ചേച്ചമ്മയും...,മക്കളുടെ കയ്യിൽ നിന്നും ഒരുരുള ചോറ് കഴിച്ച് സംതൃപ്തിയോടെ വീണ്ടും ആ മരച്ചില്ലയിൽ വന്നിരുന്നു. അവ എന്നെ നോക്കുകയാണോ...! എന്നേയും കൊണ്ടു പോകൂ.. അമ്മേ.... എന്ന് പറയണമെന്ന് തോന്നി...! കണ്ണുനീർ ധാരയായ് ഒഴുകിക്കൊണ്ടിരുന്നു....! എന്റെ കണ്ണുകളിൽ ഇരുട്ട് പടരുന്നപോലെ...! അവരെന്നെ കൂട്ടിക്കൊണ്ടു പോകാൻ വന്നതാണോ.....? തൊണ്ട വരളുന്നു... ചങ്ക് പൊട്ടിപ്പോകും പോലെ... ശബ്ദം പൊന്തുന്നില്ല...., താനറിയാതെത്തന്നെ ആ പുതപ്പിനുള്ളിലേക്ക് ചുരുണ്ട് കട്ടിലിലേക്ക് ചരിഞ്ഞു... നിദ്ര..., അഗാധമായ നിദ്ര... ഒരു നനുത്ത കൈ തന്നെ തഴുകി ഉറക്കുംപോലെ...! ഞാനൊരു അപ്പൂപ്പൻ താടി പോലെ മേലോട്ട് ഉയർന്നുയർന്ന് പോകുന്നു... എന്റെ രണ്ടു കൈകളിലും ആരോ മുറിക്കിപ്പിടിച്ച് എന്നെ മേലോട്ട് കൊണ്ടു പോകുന്നപോലെ....
..... ............ * * * *.................
Ambika Menon
23/07/17

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot