Slider

മേബിൾ മരിയയുടെ ഒരു പ്രവൃത്തി ദിനം” (കഥ )

0


മേബിൾ, പതിനൊന്നു മണിക്ക് ഞങ്ങൾ അങ്കിളുമായെത്തും.. മറക്കാതെ വന്നേക്കണേ..”.
“ശരി മമ്മ” ബിസ്ക്കറ്റ് ചായയിൽ മുക്കി കഴിക്കുന്നതിനിടയിൽ മേബിൾ മറുപടി കൊടുത്തു.
ഒരാഴ്ചത്തെ നൈറ്റ് ഡ്യൂട്ടിയും ഓഫും കഴിഞ്ഞു വീണ്ടും ഡ്യൂട്ടിയിൽ കയറുകയാണ്. “സി” വാർഡിൽ തന്നെയാവും ഡ്യൂട്ടി. അമ്പതു രോഗികളുള്ള വാർഡിൽ മിക്കവാറും രണ്ടു പേരെ ഡ്യൂട്ടിക്ക് ഉണ്ടാവൂ. പതിനൊന്നു മണിക്ക് മമ്മയെ കാണുന്ന കാര്യം സംശയമാണ്.. പറഞ്ഞാൽ മമ്മ ദേഷ്യപ്പെടും . ഡ്യൂട്ടിയിൽ കയറിയാൽ ഭക്ഷണം കഴിക്കാൻ പോലും ചിലപ്പോൾ നേരം കിട്ടില്ല. അതോർത്തു മേബിൾ, കവറിൽ നിന്നും ഒരു ബിസ്ക്കറ്റ് കൂടെയെടുത്തു കഴിച്ചു..
യാത്ര പറഞ്ഞു അവളിറങ്ങി. പത്തു മിനിട്ടു നടന്നാൽ ആശുപത്രിയിലെത്താം .നാന്നൂറ് കിടക്കകളുള്ള വലിയ ഒരാശുപത്രിയിലാണ് അവൾ നഴ്സിംഗ് പഠിച്ചതും പിന്നെ ജോലിക്കു ചേർന്നതും.
യൂണിഫോം മാറി മുടി പൊക്കി കെട്ടി വെച്ച്, സ്റ്റാഫ് റൂമിലെ ചെറിയ കണ്ണാടിക്കു മുന്നിൽ നിന്നപ്പോൾ നഴ്സിംഗ് യൂണിഫോമിൽ ഏറെ സുന്ദരിയെന്നവൾക്കു തോന്നി.. സത്യ പ്രതിജ്ഞ എടുത്ത ദിനം പെട്ടെന്നവൾ ഓർമിച്ചു..”I will do all in my power to elevate the standard of my profession”.
ഈശോയുടെ കൃപകൊണ്ട് മൂന്ന് വർഷമായി എല്ലാം ഭംഗിയായി പോവുന്നു. “ഈശോയെ കാത്തു കൊള്ളണേ ..നിന്റെ കൈകളെന്നിൽ പ്രവൃത്തിക്കണമേ “കണ്ണടച്ച് പ്രാര്ഥിച്ചതിനു ശേഷം മേബിൾ വാർഡിലേക്ക് നടന്നു..
മേബിൾ ചെല്ലുമ്പോൾ നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു ഡ്യൂട്ടിയിലുണ്ടായിരുന്നവർ അവളെ കാത്തു നിൽക്കുന്നു. അവർ ഹാൻഡ് ഓവർ ചെയ്യുമ്പോൾ നാൻസി നീരസത്തോടെ പറഞ്ഞു- “മേബി, നമ്മുടെ അപ്പച്ചനെ ഡ്രസ്സ് ചെയ്തില്ല കേട്ടോ.. രാത്രി മുഴുവൻ വേദന കൊണ്ട് കരച്ചിലായിരുന്നു . സ്വൈര്യം തന്നിട്ടില്ല .പിന്നെ സെഡേഷൻ കൊടുത്തു . ഡ്രസ്സ് ചെയ്യാൻ ചെന്നപ്പോൾനല്ലയുറക്കം.. നോക്കണേ.."
ഒന്നാം നമ്പർ വാർഡിൽ കിടക്കുന്ന വർഗിസ് എന്ന വർക്കി അപ്പച്ചന് ഷുഗർ കൂടി കാലിലെ മുറിവ് പഴുത്തതാണ്. എപ്പോൾ വേണമെങ്കിലും കാല് നഷ്ടമാവും. അപ്പച്ചന്റെ കരച്ചിൽ കേൾക്കുമ്പോൾ ചിലപ്പോൾ തോന്നും ഡോക്ടർ എന്തിന് ഈ പാവത്തിനെ വേദനിക്കാൻ കിടത്തിയിരിക്കുന്നുവെന്ന് ...
മേബിൾ ഡ്രസിങ് ട്രേയുമായി ചെല്ലുമ്പോൾ അപ്പച്ചൻ ഉറക്കമാണ്. അവളെ കണ്ടതും കൂട്ടിരിക്കുന്ന അമ്മച്ചി പറഞ്ഞു-“ ഉണർത്തല്ലേ പൊന്നു മോളെ.. രാത്രി മുഴുവൻ വേദന ആയിരുന്നു... ഉണരുമ്പോൾ ഞാൻ മോളെ വന്നു വിളിക്കാം...”
അപ്പച്ചന്റെ ഉറക്കം കണ്ടപ്പോൾ അവൾക്കു മറിച്ചു പറയാൻ തോന്നിയില്ല. ഡോക്ടർ റൗണ്ട്സിനു വരുന്നതിനു മുന്നേ ഡ്രസ്സ് ചെയ്യാം .. മേബിൾ ട്രേ തിരിച്ചു കൊണ്ട് പോയി..
വാർഡിൽ കൂടുതൽ പനിക്കാരാണ് ... അപ്പച്ചന്റെ അടുത്ത് കിടക്കുന്ന പതിനഞ്ചുകാരന്റെ അടുത്തേക്ക് അവൾ നീങ്ങി.. തെർമോ മീറ്റർ വെച്ച് നോക്കി, temperature ചാർട്ടിൽ കുറിച്ചിട്ടു...
അപ്പോഴേക്കും അവൾക്കു സഹായത്തിനുള്ള നഴ്സിംഗ് വിദ്യാർത്ഥി വന്നു.
ചെറിയ നിർദേശങ്ങൾ അവൾക്കു നൽകി മേബിൾ ഡ്യൂട്ടി റൂമിലേക്ക് പോയി. ഡോക്ടർ വരുന്ന സമയമായി.... എല്ലാ രോഗികളുടെയും ചാർട്ടുകൾ കൃത്യമായി എടുത്തു നോക്കി വെക്കണം.....
ഡ്യൂട്ടി റൂമിന്റെ ജാലകത്തിലൂടെ ചെറിയ മഴ ചാറ്റൽ.. വെള്ളം തെറിച്ചു വീഴാൻ തുടങ്ങിയപ്പോൾ അവൾ ജനാല അടച്ചു.. അവിടെ നിന്നാൽ അപ്പുറത്തെ റോഡ് സൈഡിലുള്ള ചെറിയ തുന്നൽ കട കാണാം. അവിടെയിരുന്ന് തയ്ക്കുന്ന മമ്മയെയും.. പക്ഷെ ഇന്ന് മമ്മ താമസിക്കും. മമ്മയുടെ ഒരേ ഒരു സഹോദരന്റെ നാലാമത്തെ കീമോ നടക്കുന്നു. ആന്റിക്ക് സഹായത്തിനു കൂടെ മമ്മ വരും. കീമോ കഴിയുമ്പോൾ അങ്കിൾ വല്ലാതെ ഛർദിക്കും ..പിന്നെ ക്ഷീണം.. കഴിഞ്ഞ തവണ കുട്ടികളുടെ വാർഡിൽ ആയിരുന്നതിനാൽ പോവാൻ കഴിഞ്ഞു .ഇന്നിനിയെങ്ങിനെ ആണോ ? മേബിൾ വാച്ചിൽ സമയം നോക്കി.. ഒമ്പതര....
തിയേറ്ററിൽ നിന്നുള്ള ഫോൺ വന്നപ്പോൾ മേബിൾ പത്താം നമ്പർ രോഗിയുടെ അടുത്തേക്ക് നടന്നു. വാർഡിൽ അയാളുടെ ഓപ്പറേഷൻ മാത്രമേ ഉള്ളു...തീയേറ്ററിലേക്ക് അയാളെ മാറ്റാൻ വീൽ ചെയറുമായി വാർഡ് ബോയ്സ് വന്നപ്പോൾ മേബിൾ ചാർട്ടുമായികൂടെ ചെന്നു ..
ഇരവി എന്ന ആ മനുഷ്യന് അത്യാവശ്യം ആരോഗ്യമൊക്കെയുണ്ട്. എങ്കിലും എന്തിനുമേ തിനും നഴ്സ് തന്നെ വേണം.. അവരൊന്നു തൊട്ടാലേ അയാൾ കിടക്കയിൽ നിന്നും അനങ്ങൂ .. ചിലരങ്ങിനെ ആണ്... അത് കണ്ടില്ല കേട്ടില്ലെന്നു വെച്ച് പോവുക തന്നെ.. എല്ലാം സഹിക്കാം. ചില സമയത്തു അറിയാത്ത മട്ടിൽ അയാൾ മുണ്ടു മാറ്റിയിടുന്നത് കാണുമ്പോൾ പെരുവിരൽ തൊട്ടു പെരുത്ത് കയറുന്നതു.... അല്ലെങ്കിലും കുറച്ചു പ്രായമായവർക്കാണ് ഇക്കാലത്തു ഇളക്കം കൂടുതൽ .
അഞ്ചാം നിലയിലെ തിയേറ്ററിൽ രോഗിയെ ഷിഫ്റ്റ് ചെയ്തു വന്നപ്പോഴേക്കും ഡോക്ടറെത്തി കഴിഞ്ഞു...
അപ്പച്ചന്റെ ബെഡിലേക്കു നടക്കുമ്പോൾ അപ്പച്ചൻ ഉറക്കം തന്നെ.. “ഭയങ്കര വേദനയാണ് ഡോക്ടറെ “അമ്മച്ചി കരച്ചിൽ തുടങ്ങി..
ഡോക്ടറുടെ നിർദേശ പ്രകാരം മേബിൾ ഡ്രസിങ് അഴിച്ചു തുടങ്ങിയപ്പോൾ അപ്പച്ചൻ ഉണർന്നു.ഉണർന്ന വഴിയേ വലിയ വായിൽ കരച്ചിലും തുടങ്ങി..
അപ്പച്ചനെ ഡ്രസ്സ് ചെയ്യാത്ത വകയിൽ അവൾക്കു ഡോക്ടറുടെ ശകാരവും കിട്ടി... ഗ്ലൗസിട്ട കൈകകൾ വെച്ച് ഒരു ദയവുമില്ലാതെ കാലിൽ അമർത്തുന്നത് കണ്ടപ്പോൾ മേബിൾ മുഖം തിരിച്ചു..പാവം അമ്മച്ചി.. കൈ വെച്ച് അപ്പച്ചന്റെ വായ മൂടി പിടിച്ചിരിക്കുന്നു
കഴിഞ്ഞ ദിവസം അപ്പച്ചൻ കരഞ്ഞപ്പോൾ ഡോക്ടർ വഴക്കു പറഞ്ഞത് അമ്മച്ചിയെയാണ്
..“റൗണ്ടസ് കഴിഞ്ഞു വന്നു ഡ്രസ്സ് ചെയ്യാം അമ്മച്ചി” മേബിൾ ഡോക്ടറോടൊപ്പം അടുത്ത ബെഡിലേക്കു നടന്നു..
ഏറ്റവുമൊടുവിലെ ബെഡിൽ കാൻസർ രോഗിയായ പ്രഭ ചേട്ടനാണ്....കുറച്ചു ദിവസമായി അത്യാസന്ന നിലയിൽ കിടക്കുന്നു... ഇനി ഒന്നും ചെയ്യാനില്ലയെന്ന നിലപാടിലാണ് ഡോക്ടർ.. വീട്ടിൽ കൊണ്ടുപൊയ്ക്കൊള്ളാൻ പറഞ്ഞതുമാണ്.
ചേട്ടന് മുപ്പത്തിയേഴു വയസേ ഉള്ളു..
അപകടത്തിൽ പപ്പ മരിക്കുമ്പോൾ പപ്പക്കും ആ പ്രായം തന്നെ.. ചേട്ടന്റെ മൂത്ത മകന് അന്നത്തെ കുഞ്ഞു മേബിളിന്റെ പ്രായം.,. പത്തു വയസു.. ചേട്ടന്റെ കുഞ്ഞുങ്ങളെ കാണുമ്പോൾ മേബിളിന് വിഷമം വരും.. ഇനി ഏതെല്ലാം അവസ്ഥയിലൂടെ കടന്നു പോവേണ്ടവരാണ്.. ആരുണ്ടാവും അവർക്കു തുണയായി?.ചേട്ടന്റെ ഭാര്യയെ കാണുമ്പോൾ മമ്മയുടെ കുഴിഞ്ഞ കണ്ണുകൾ ഓര്മ വരും..
മേബിൾന്റെ കണ്ണുകൾ ഈറനായി..
ഡോക്ടർ പോയി കഴിഞ്ഞപ്പോൾ ഡിസ്ചാർജ് ചെയ്ത രോഗികളുടെ ചാർട്ടുകൾ റെഡി ആക്കികൊണ്ടിരിക്കുമ്പോൾ വാർഡ് ബോയ് പുതിയ അഡ്മിഷനുമായി വന്നു . അതിനിടയിലാണ് കീമോ വാർഡിലെ സിസ്റ്ററിന്റെ വിളി വന്നതു.. മമ്മയുടെ അടുത്തേക്ക് പോവണമെന്ന് കരുതിയപ്പോഴാണ് അപ്പച്ചന്റെ തുറന്നു കിടക്കുന്ന ഡ്രസ്സിങ്ങിന്റ കാര്യമോർമ്മ വന്നു..അത് കഴിയുമ്പോഴേക്കും ഒന്നര മണിക്കൂർ കഴിയും
അപ്പച്ചനെ പിടിക്കാൻ സഹായത്തിന് വാർഡ് ബോയിയെ വിളിച്ചു ബെഡിനടുത്തേക്കു നടക്കുമ്പോൾ മേബിൾ ഓർത്തു . വൈകിട്ട് 'മമ്മ കൊല്ലും . "വീട്ടുകാരെ നോക്കാതെ നീ നാട്ടുകാരെ ശുശ്രുഷിച്ചു നടന്നോ.. നക്കാ പിച്ച കാശിനു "എന്ന സ്ഥിരം പല്ലവിയുമു ണ്ടാവും.. ആ നക്കാ പിച്ച കൊണ്ട് ലോൺ അടക്കമുള്ള എന്തെല്ലാം കാര്യങ്ങൾനടക്കുന്നുവെന്ന് മമ്മ പലപ്പോഴും മറക്കും..
ഡ്രസ്സ് ചെയ്യുമ്പോൾ അപ്പച്ചന്റെ നിലവിളി മൊത്തം വാർഡിനെയും കുലുക്കി മറിച്ചു .മാസ്കിട്ടു മൂടിയിട്ടും ദുർഗന്ധം മൂക്കിലേക്ക് അരിച്ചു കയറി.. മേബിൾ അറിയാതെ മുഖം ചുളിച്ചു.
പുറത്തേക്കു നടന്നപ്പോൾ വരാന്തയിൽ നിന്ന അമ്മച്ചി കണ്ണ് തുടക്കുന്നു. “ഇതിലും നല്ലതു കാല് മുറിക്കുന്നതാ.. അല്ലെ മോളെ..? “അമ്മച്ചി ചോദിച്ചു.
“അമ്മച്ചി പ്രാർത്ഥിക്കു ..ഈശോയില്ലേ കൂടെ.. “-അവരുടെ തോളിൽ തട്ടി മേബിൾ പറഞ്ഞു.
പലപ്പോഴും മേബിളിന് തോന്നും രോഗിയുടെ കൂടെ നിൽക്കുന്നവർക്കാണ് ശ്രദ്ധയും പ്രാർത്ഥനയും വേണ്ടതെന്നു..
ആളുകൾ വാർഡിലേക്ക് ഇരച്ചു കയറാൻ തുടങ്ങിയപ്പോൾ മേബിൾ വാച്ചിൽ നോക്കി. സമയം പന്ത്രണ്ടു. സന്ദർശക സമയമാണ്... പെട്ടെന്നാണ് ബെഡ്ഡ് നമ്പർ എട്ടിൽ ബൈ സ്റ്റാൻഡേർ ഓടി വന്നത്. “സിസ്റ്റർ ഓടി വന്നേ.. ചേട്ടന് എന്തോ വാലായ്മ !”
മേബിൾ റൂമിലേക്ക് ഓടി. അവിടെ നിറയെ സന്ദശകർ .. അവരെ പുറത്താക്കി നോക്കുമ്പോൾ രോഗി വല്ലാതെ വിയർക്കുന്നു. നെഞ്ചും തടവുന്നുണ്ട് .അറ്റാക്ക് ആവും .അവൾ വേഗം സി പി ർ കൊടുത്തു തുടങ്ങി. കൂടെയുള്ള കുട്ടിയോട് ഡോക്ടറെ വിളിക്കാൻ പറഞ്ഞു..
ഡോക്ടർ വന്നു ഉടനെ തന്നെ അയാളെ ഐ സി യു വിലേ ക്ക് മാറ്റാനുള്ള ഒരുക്കങ്ങൾ തുടങ്ങി.. മടങ്ങി പോവുമ്പോൾ “Sister You did a good job”- എന്ന് പുഞ്ചിരിയോടെ പറഞ്ഞു. വല്ലപ്പോഴും കിട്ടുന്ന അഭിനന്ദനത്തിൽ സന്തോഷിക്കാനുള്ള സമയമില്ലാതെ ഐ സി യു വി ലേക്ക് വിളിച്ചു വേണ്ട നിർദ്ദേശങ്ങൾ നല്കുകയായിരുന്നു മേബിൾ ..
രോഗിയെ അവിടെ വിട്ടു തിരിച്ചു വന്നപ്പോഴേക്കും ഊണ് കഴിക്കാനുള്ള സമയമായി. താൻ രാവിലെ മുതൽ മൂന്ന് ബിസ്‌ക്കറ്റിലാണ് നിൽക്കുന്നതെന്നോർത്തപ്പോൾ മേബിളിന് തളർച്ച തോന്നി. ഡ്യൂട്ടിയിലുള്ള “കുട്ടി സിസ്റ്ററോട്” പറഞ്ഞു അവൾ ഊണ് കഴിക്കാൻ പോയി.. ലഞ്ച് ബോക്സ് തുറന്നപ്പോൾ മോര് കാച്ചിയതിന്റെയും അച്ചാറിന്റെയും മണം വിശപ്പ് കൂട്ടി.. വായിലേക്ക് ഉരുള വെച്ചതും “സിസ്റ്റർ” എന്ന വിളി കേട്ടു
കൈ കഴുകി അവളോടോപ്പം പ്രഭ ചേട്ടന്റബെഡിനടുത്തേക്കു മേബിൾ ഓടി. പൾസ്
നോക്കിയപ്പോൾ .. ചേട്ടൻ പോയിരിക്കുന്നു. മരണം ഡോക്ടർ തന്നെ ഒഫീഷ്യലി ഡിക്ലയർ ചെയ്യണം.മേബിൾ ഡോക്ടറെ വിളിക്കാൻ ഡ്യൂട്ടി റൂമിലേക്ക് പാഞ്ഞു. “എന്താ മോളെ” എന്ന് ചോദിച്ചു പിന്നാലെ വന്ന ചേച്ചിയോട് “ഒന്നുമില്ല ചേച്ചി” എന്ന് പറയാൻ മറന്നില്ല..
ഡോക്ടർ വിവരം പറഞ്ഞതും ചേച്ചിയുടെ പൊട്ടിക്കരച്ചിൽ .. കൂടെ നിൽക്കുന്നവരെ പുറത്താക്കി കിടക്കരികെ സ്ക്രീൻ വെച്ച് മറച്ചു, വാർഡ് ബോയിയെ വിളിച്ചു, മേബിൾ അടുത്ത നടപടികൾ തുടങ്ങി..
മരണ വാർത്തയറിഞ്ഞു മറ്റു രോഗികളും ബന്ധുക്കളുമെല്ലാം ചുറ്റും കൂടിയിട്ടുണ്ട്.എല്ലാ മുഖങ്ങളിലും ആശങ്ക.മരണം വരുമ്പോൾ മാത്രം മനുഷ്യർ ഒരുപോലെയാണ്...
ശവം മോർച്ചറിയിൽ വെക്കണോ... വീട്ടിൽ കൊണ്ട് പോവാൻ ആംബുലൻസ് വേണോ.. തുടങ്ങി നൂറു കാര്യങ്ങൾ.. കരഞ്ഞു നിൽക്കുന്ന ബന്ധുക്കളിൽ ആരോടാണ് ഇതെല്ലാം ചോദിച്ചു മനസിലാക്കേണ്ടത് എന്ന വീർപ്പു മുട്ടൽ .
എത്ര മരണം കണ്ടാലും മുഖമൊന്നെ ഉള്ളു.. ദുഃഖത്തിന്റെ..
ചേട്ടന്റെ അനിയൻ പുറത്താണെന്നും അതിനാൽ മോർച്ചറിയിൽ ശവം വെക്കണമെന്നും തീരുമാനമായി.. വെള്ള പുതപ്പിട്ടു മൂടിയ ശവത്തിനോടൊപ്പം നടന്നു നീങ്ങുന്ന ചേച്ചിയെ കണ്ടപ്പോൾ അവൾക്കു വീണ്ടും മമ്മയെ ഓര്മ വന്നു...
മോർച്ചറിയിലേക്ക് ബോഡി മാറ്റുമ്പോൾ ചേച്ചിയുടെ കരച്ചിലുച്ചത്തിലായി. മൂന്ന് മാസമായി അവർ ആ വാർഡിൽ.. അതിനാൽ തന്നെ ഉടലെടുത്ത ബന്ധം കൊണ്ട് മേബിൾ
അവരുടെ കൈയിൽ പിടിച്ചു ആശ്വസിപ്പിക്കാൻ ശ്രമിച്ചു.. “അധികം വേദനിക്കാതെ ചേട്ടൻ പോട്ടെ ചേച്ചി...”
വീണ്ടും പൊട്ടിക്കരച്ചിലിനു കാതോർക്കാതെ തിരിഞ്ഞു നടക്കവേ അവൾ പോക്കറ്റിൽ നിന്നും കർചീഫ് എടുത്തു കണ്ണ് തുടച്ചു...
പത്തു വയസിൽ അനാഥമായ മേബിൾ, അവളുടെ അനിയത്തി, അനിയൻ, മമ്മ ..കണ്ണ് നിറഞ്ഞതു അവർക്കു കൂടി വേണ്ടിയാണെന്ന് അവൾക്കു മനസിലായി..
തിരിച്ചെത്തിയപ്പോഴേക്കും നാല് മണി .വീണ്ടും സന്ദർശക സമയം.... സന്ദർശക സമയത്തു വാർഡിൽ ഒന്നും ചെയ്യാനില്ല.ചാർട്ടിൽ എഴുതാനുള്ളത് എഴുതി തീർക്കാം.. മരണം എപ്പോഴും മേബിളിനെ അസ്വസ്ഥയാക്കും.. അതുകൊണ്ടു തന്നെ ഉന്മേഷം നഷ്ടപ്പെട്ടു അവൾ ജോലി തുടങ്ങി.
“സിസ്റ്റർ” എന്ന വിളി കേട്ട് തലയുയർത്തി നോക്കിയപ്പോൾ രണ്ടു ദിവസം മുന്നേ പ്രസവ മുറിയിലെ നൈറ്റ് ഷിഫ്റ്റിൽ ഡ്യൂട്ടി ചെയ്തപ്പോൾ ഉണ്ടായിരുന്ന ചേച്ചിയുടെ ഭർത്താവു. പെൺകുട്ടി ഉണ്ടായി യെന്ന് പറഞ്ഞു അയാൾ മിട്ടായി കൊടുത്തു. അഭിനന്ദനങ്ങൾ അറിയിച്ചു . കഴിഞ്ഞ തവണ ആരോ കൊടുത്ത മിട്ടായി വായിലിട്ടു നിൽക്കുമ്പോഴാണ് നഴ്സിംഗ് സൂപ്പർവൈസർ അത് വഴി വന്നത്.ഡ്യൂട്ടി സമയത്തു മിട്ടായി കഴിക്കുന്നതിന് പൊതിരെ അന്ന് കിട്ടി. ആ ഓർമയിൽ മേബിൾ മിട്ടായി വാങ്ങി മേശയിൽ വെച്ചു. സന്തോഷവും സങ്കടവും കണ്ടു നിൽക്കാമെന്നല്ലാതെ അതിൽ പങ്കു എടുക്കാൻ അനുവാദമില്ല.
“സിസ്റ്ററെ കാണണമെന്നു അവൾ പറഞ്ഞു. കുട്ടിയെ കാണണ്ടേ? വരണേ സിസ്റ്ററെ” അയാൾ മടങ്ങി
അവൾ ഭിത്തിയിൽ തറച്ച ഈശോയുടെ തിരു ഹൃദയ രൂപത്തിലേക്ക് നോക്കി. “തമ്പുരാനെ ഒരു മരണത്തിനു പകരം ഒരു ജനനം.. നിന്റെ പ്രവൃത്തികൾ വിസ്മയാതീതമാണ് ...”
നൈറ്റ് ഡ്യൂട്ടിക്കാരെത്തിയപ്പോൾ മേബിൾ പോവാൻ തയ്യാറായി. മേശ വലിപ്പു തുറന്നു ലോക്കറിന്റെ താക്കോൽ കൂട്ടമെടുക്കുമ്പോൾ സിമിയുടെ വിവാഹ ക്ഷണക്കത്ത്.. .ബി എസ് സി നഴ്‌സായ അവളെ വിവാഹം കഴിക്കുന്നത് പ്ലസ് ടു കഴിഞ്ഞു ഗൾഫിൽ ജോലിയുള്ള ഡ്രൈവർ. പഠിപ്പും നല്ല ജോലിയുമുള്ള പുരുഷന്മാർക്ക് നഴ്സിനെ വേണ്ട. അല്ലെങ്കിൽ അവൾക്കു ഗൾഫിൽ ജോലി വേണം.. നഴ്സിന് വിവാഹ കമ്പോളത്തിൽ മാർക്കറ്റു വളരെ കുറവാണെന്നാലോചിച്ചു മേബിൾ നടന്നു..
താഴേക്ക് പോവുമ്പോളാണ് ആ ചേച്ചിയെയും കുഞ്ഞിനേയും കണ്ടേക്കാമെന്നു കരുതി .
അവൾ ചെല്ലുമ്പോൾ ചേച്ചി ചിരിച്ചു കൊണ്ട് എഴുനേൽക്കാൻ ശ്രമിച്ചു.
"ആ നല്ല ആള്! രണ്ടു ദിവസം മുന്നേ വേദന കൊണ്ട് എന്നെ വട്ടം ചുറ്റിച്ചത് മറന്നല്ലോ ?"
അത് കേട്ടപ്പോൾ ചേച്ചിയുടെ മുഖം നാണം കൊണ്ട് ചുവന്നു. അവർ നീട്ടിയ ലഡു എടുക്കാൻ മേബിൾ മടിച്ചു. “യൂണിഫോമിൽ ഞങ്ങൾക്ക് ഇതു പാടില്ല..”
പൂപോലെ സുന്ദരമായ മുഖവുമായി കിടക്കുന്ന കുഞ്ഞിനെ അവൾ കോരിയെടുത്തു. “നിങ്ങൾ സിസ്റ്റർമാർക്കു കുട്ടികളെയെടുക്കാൻ നല്ലവശമാണ് . കുട്ടിയെയെടുക്കാൻ എനിക്ക് പേടിയാ “
“അതൊക്കെ പതുക്കെ ശരിയാവും” മേബിൾ കുഞ്ഞിനെ തിരിച്ചു കിടത്തി..
സന്തോഷം പ്രസരിക്കുന്ന മുഖങ്ങൾ കണ്ടപ്പോൾ മേബിളിന് ഉത്സാഹം തോന്നി .അവൾ പ്രഭ ചേട്ടനെ മറന്നു..
സ്റ്റാഫ് റൂമിൽ തിരിച്ചെത്തി മുഖം കഴുകി ചുരിദാറിടുമ്പോൾ അവൾ നന്നേ ക്ഷീണിച്ചു. ഒരു ചായയെങ്കിലും കുടിച്ചില്ലെങ്കിൽ വീട് വരെയെത്തില്ല.
ക്യാന്റീനിൽ ചായ കുടിച്ചിരിക്കുമ്പോൾ ബാഗിൽ നിന്നും മൊബൈലെടുത്തു. അനുവിന്റെ മെസ്സേജ് ഉണ്ട് . അനു അവളുടെ സഹപാഠിയും ഉറ്റ മിത്രവുമാണ് .ഇപ്പോൾ അമേരിക്കയിൽ ജോലി ചെയ്യുന്നു. സി വി ആശുപത്രിയിൽ കൊടുത്തിട്ടുണ്ടെന്നും അവർ ഏതു സമയത്തും സ്കൈപ്പിലൂടെ ഇന്റർവ്യൂവിനു വിളിക്കുമെന്നും കണ്ടു, മേബിളിന്റെ മുഖം തെളിഞ്ഞു. അല്ലെങ്കിൽ തന്നെ നായയെപ്പോലെ സ്വന്തം നാട്ടിൽ പണിയെടുത്തു തളർന്നു. ആർക്കാണ് വിലയുള്ളത് ?ചോർന്നൊലിക്കുന്ന വീടും വളർന്നു വരുന്ന സഹോദരങ്ങളും ദിവസം തോറും ജീവിതത്തെ കുറിച്ചുള്ള ആശങ്കകൾ കൂട്ടുകയാണ് .
“എടാ ..ഈ ചരക്കു കൊള്ളാം.. അല്ലെ ?”
“ശേ ..പതുക്കെ ഇതു വാർഡിലെ സിസ്റ്ററാണ്..”
പിന്നിൽ നിന്നും വന്ന കമെന്റുകൾ കേട്ട് തിരിഞ്ഞു നോക്കാനോ മറുപടി കൊടുക്കാനോ മേബിളിന് ശക്തി ഉണ്ടായിരുന്നില്ല. അവൾ എഴുന്നേറ്റു .
പുറത്തിറങ്ങിയപ്പോൾ നല്ല മഴ . കുട നിവർത്തി, ആശുപത്രി മുറ്റത്തെ മാതാവിന്റെ ഗ്രോട്ടോക്കു മുന്നിൽ പതിവുപോലെ കൈ കൂപ്പി നിന്നു മേബിൾ പ്രാർത്ഥിച്ചു.. “പരിശുദ്ധ അമ്മേ കാത്തു കൊള്ളണേ ..” അടഞ്ഞ കണ്ണുകൾക്ക് മുന്നിലേക്ക് വീണ്ടും കടന്നു വന്നു.. വെള്ള പുതപ്പിച്ച രൂപം!
വീട്ടിലെത്തിയതും മമ്മ പറഞ്ഞു തുടങ്ങി.. “വീട്ടുകാര്യം നോക്കാൻ നിനക്ക് പണ്ടേ സമയമില്ലലോ? ”
മറുപടി കൊടുക്കാതെ മേബിൾ കട്ടിലിലേക്ക് തളർന്നു വീണു. അവൾക്കു ആശ്വാസത്തിനെന്ന വണ്ണം അപ്പോഴും മേൽക്കൂര ചോർന്നൊലിക്കുന്നുണ്ടായിരുന്നു ** Sanee John.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo