Slider

ബാല്യകാല ഓർമ്മകൾ ( ചെറുകഥ)

0
Image may contain: 1 person

ചെറുപ്പകാലമാണ്. പഠിക്കുന്നത് എട്ടിലോ ഒമ്പതിലോ?.വ്യക്തതയില്ല.
പൈങ്കിളി വാരികകളോട് വലിയ താൽപര്യമുണ്ടായിരുന്നു.
ടിവി യും സീരിയലുകളൊന്നും വ്യാപകമായിട്ടില്ലാത്ത കാലം.
ഏറെക്കുറെ ആളുകളും നേരമ്പോക്കിന് വായനയെ ആയിരുന്നു ആശ്രയിച്ചിരുന്നത്. മംഗളം മനോരമ ആഴ്ചപ്പതിപ്പുകളോടായിരുന്നു അന്ന് കൂടുതൽ പേർക്കും താൽപര്യം.
തുടർനോവലുകൾ മസ്തിഷ്കത്തെ വല്ലാതെ മഥിച്ചിരുന്നു. അതു കൊണ്ട് തന്നെ സ്ഥിരമായി വാരികകൾ ഇറങ്ങാറുള്ള ദിവസം അങ്ങാടിയിൽ പോയി കാത്തിരിക്കും.
വേറെ ആരെങ്കിലും തന്നതായിരിക്കും പൈസ. അതു കൊണ്ട് ഞാൻ വായിക്കുന്നതിന് മുമ്പെ ഉടമസ്ഥക്ക് കൊടുക്കൽ ഒരു മര്യാദയാണല്ലൊ.
ഉടമസ്ഥ അയൽവാസികളിൽ ആരെങ്കിലുമായിരിക്കും. ഉടമസ്ഥക്ക് കൊടുക്കുകയും വേണം എനിക്ക് വായിക്കുകയും വേണം എന്ന ഒരവസ്ഥ സംജാതമായപ്പോഴാണ് വാരികയും വാങ്ങി ഞാൻ ആശുപത്രിയുടെ പണി തീരാത്ത ഡോക്ടർക്ക് താമസിക്കാനുള്ള കെട്ടിടത്തിനുള്ളിൽ കയറിയത്.
വൈകുന്നേരം അഞ്ച് മണി കഴിഞ്ഞിട്ടുണ്ടാകും. വായനയിൽ മുഴുകിയതിനാൽ സമയം പോയതും പെരുമഴ പെയ്തതും ഒന്നും അറിഞ്ഞില്ല.
മദ്രസയിൽ ദഫ്മൽസരത്തിന് കുട്ടികൾ പ്രാക്ടീസ് ചെയ്യുന്നത് കാണാൻ പോവുകയാണെന്നാണ് വീട്ടിൽ പറഞ്ഞത്. അതു കൊണ്ട് വരാൻ വൈകുമെന്നും. വെള്ള തുണിയും ഷർട്ടും തന്നെയായിരുന്നു അണിഞ്ഞിരുന്നതും.
പ്രധാനപ്പെട്ട തുടർനോവലുകൾ വായിച്ചു തീർന്നപ്പോഴും മഴ തിമിർത്തു പെയ്യുക തന്നെയായിരുന്നു. കുറെ നേരം അനങ്ങാതിരുന്നത് കൊണ്ടായിരിക്കാം ഉറക്കം വരുന്നത് പോലെ തോന്നി.
മെയിൻ കെട്ടിടത്തിന് പിറകിലെ ക്വാർട്ടേസിലായിരുന്നു തൃശൂർക്കാരായ ആശുപത്രി കെട്ടിട നിർമ്മാണ തൊഴിലാളികൾ താമസിച്ചിരുന്നത്.
കോർട്ടേഴ്സിന്റെ കിഴക്ക് ഭാഗത്ത് കശുമാവ് നിറഞ്ഞു നിൽക്കുന്ന ഒരു ഉയർന്ന പ്രദേശമാണ്.
പച്ച പകൽ പോലും ഒറ്റക്ക് പോകാൻ ഭയപ്പെടുന്ന സ്ഥലം. അന്ന് കക്കൂസില്ലാത്തവർ കാര്യം നടത്താൻ ഉപയോഗിച്ചിരുന്ന സ്ഥലം.
അതു കൊണ്ട് തന്നെ അന്യ പ്രദേശത്തുകാരായ തൊഴിലാളികൾ അവസരം മുതലെടുക്കാതിരിക്കാൻ ആ പറമ്പ് പ്രേതബാധയുള്ള സ്ഥലമായി തൊഴിലാളികളെ ബോദ്ധ്യപ്പെടുത്തിയിരുന്നു.
പഴയ ചുടലക്കാടാണെന്നും അതിനാൽ പ്രേതങ്ങളെ ശ്രദ്ധിക്കണമെന്നും മുന്നറയിപ്പുകൊടുക്കുകയും ചെയ്തിരുന്നു.
ജോലി സമയം കഴിഞ്ഞാൽ പ്രധാന കെട്ടിടത്തിന്റെ വരാന്തയിൽ ചീട്ട് കളിക്കലാണ് തൊഴിലാളികളുടെ ഹോബി.
നല്ല മഴയുള്ളതിനാൽ ഞാൻ നിൽക്കുന്ന കെട്ടിടത്തിലേക്ക് വരാൻ സാദ്ധ്യതയില്ല. അതു കൊണ്ട് തന്നെ ഇരുന്ന് മടുത്ത ഞാൻ തൊഴിലാളികൾ ഉച്ചറസ്റ്റിന് ഉപയോഗിക്കുന്ന പായ വിരിച്ച് അവിടെ കിടന്നു -
എപ്പോഴാണ് ഉണർന്നത് എന്നറിയില്ല. രാത്രിയേറെയായിരിക്കുന്നു എന്ന യാഥാർത്ഥ്യം മനസ്സിലായിക്കഴിഞ്ഞപ്പോഴേക്കും ഉള്ളിൽ ഭയം ഉടലെടുക്കാൻ തുടങ്ങിയിരുന്നു.
ആശുപത്രിയുടെ പ്രധാന ബിൽഡിംഗിൽ തൊഴിലാളികൾ വട്ടമിട്ടിരിക്കുന്നുണ്ട്.
ചീട്ടുകളിക്കുകയാണെന്ന് എനിക്ക് വേഗം മനസിലായി. ഇവരുടെ കണ്ണിൽ പെടാതെ വീട്ടിലെത്താൻ കഴിയില്ല.എന്നാൽ വീട്ടിലെത്തുകയും വേണമല്ലൊ. മഴ കുറഞ്ഞിട്ടുണ്ട് എങ്കിലും നേരിയ ചാറ്റൽ മഴ ഉണ്ട്.ഞാൻ തുണിയഴിച്ച് തലയിലൂടെ ഇട്ടു. എന്നിട്ട് മെല്ലെ വീട്ടിലേക്ക് നടന്നു. പ്രധാന കെട്ടിടത്തിന്റെ മുന്നിൽ തൂക്കിയ ബൾബിന്റെ പ്രകാശം എന്റെ നടത്തത്തിന് ഒരു സഹായമായിരുന്നു.
പിറ്റെ ദിവസം രാവിലെ ഒരു വാർത്ത കേട്ടു ആശുപത്രി പറമ്പിൽ തൊഴിലാളികൾ പ്രേതത്തെ കണ്ടത്രെ. ഒരു വെളുത്ത സാരി ചുറ്റിയ സ്ത്രീ അതിലൂടെ നടന്ന് പോയത്രെ.
അത് കേട്ടപ്പോൾ ഞാനാകെ ഭയന്ന് പോയി.കാരണം പത്ത് മണിക്കാണ് ഞാനവിടെ നിന്നും പോരുന്നത്.
പ്രേതത്തെ അവർ കണ്ടിട്ടുള്ളത് സത്യമാണെങ്കിൽ പ്രേതം എന്നെയും കണ്ടിട്ടുണ്ടാകുമല്ലൊ. ഞാനാകെ ഭയവിഹ്വലനായി. ഏതായാലും നിജസ്ഥിതി അന്വോ ഷിക്കാൻ വേണ്ടി ഞാൻ തൊഴിലാളികളുടെ അടുത്ത് പോയി.
സത്യമായും അവർ കണ്ടു എന്ന് പറയുകയും പ്രേതം മന്ദം മന്ദം നടന്നു പോയ വഴി കാണിച്ചു തരികയും ചെയ്തു.
പിന്നെയാണ് എനിക്കോർമ്മ വന്നത് ആ സമയം ആ സ്ഥലത്തു കൂടെ നടന്നിരുന്നത് ഞാനായിരുന്നല്ലൊ എന്ന്.
തലയിലൂടെ വെള്ളത്തുണി ഉടുത്ത എന്നെ കണ്ടപ്പോൾ അവർ പ്രേതമായി തെറ്റിദ്ധരിച്ചു.
കശുമാവിൻ കാട്ടിലെ പ്രേതസാന്നിദ്ധ്യം അവരെ ആശങ്കപ്പെടുത്തിയിരുന്നല്ലൊ.
ഏതായാലും രോഗി ഇച്ഛിച്ചതും പാല് വൈദ്യൻ കൽപിച്ചതും പാല് എന്ന് പറയുന്നത് പോലെയായി.
കാരണം അന്നൊക്കെ മഴ തുടങ്ങിയാൽ തോർന്നു കിട്ടാൻ പാടായിരുന്നു. അതു കൊണ്ട് തന്നെ കളിക്കാൻ ഒരു മാർഗ്ഗവും ഇല്ലാതെ ഞങ്ങൾ കുട്ടികൾ കള്ളനും പോലീസും കളിക്കുമ്പഴാ ആശുപത്രി പറമ്പിൽ പ്രേതത്തെകണ്ടത്.
ഞങ്ങൾ വേനൽക്കാലത്ത് കളിച്ചിരുന്നത് അങ്ങാടിക്ക് പിറകിലെ വിശാലവും മനോഹരവുമായ പറമ്പിലായിരുന്നു.
അന്ന് വലിയ ആളുകൾ കൊയ്തൊഴിഞ്ഞ പാടങ്ങളിലേക്കിറങ്ങും.
വർഷക്കാലമായാൽ വലിയവർ പറമ്പിലേക്ക് കയറി വരുന്നതിനാൽ ഞങ്ങൾക്ക് കളിക്കാൻ സ്ഥലമില്ലാതാകും. അപ്പോൾ ഞങ്ങൾ ആശ്രയിച്ചിരുന്നത് ആശുപത്രി പറമ്പായിരുന്നു.
ആ ആശുപത്രി പറമ്പും ഞങ്ങളിൽ നിന്ന് നഷ്ടപ്പെടുത്തിയ തൊഴിലാളികളെ ഓടിക്കാൻ തക്കം പാർത്തു നിൽക്കുമ്പഴാ പ്രേതത്തിന്റെ വരവ്.
പിന്നെ പറയേണ്ടല്ലോ പൂരം.. ആ വർഷക്കാലം ഞങ്ങൾ ആടിത്തിമിർത്തത് പ്രേതങ്ങളുടെ ആ കെട്ടിടങ്ങളിലായിരുന്നു.
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo