********************
ഒരർത്ഥത്തിൽ എല്ലാ മനുഷ്യരെയും മൂടി വെച്ച കലങ്ങളോട് ഉപമിക്കാം. ആ കലങ്ങളുടെ ഉള്ളിലുള്ളതാണ് അവരുടെ സ്വഭാവം.
അടുത്തു ചെന്നു തുറന്നു നോക്കിയാലാണ് അറിയാൻ പറ്റുകയുള്ളൂ. എന്നാൽ ചിലതാകട്ടെ അടുത്തു ചെല്ലാതെ തന്നെ ദുർഗന്ധം പുറപ്പെടുവിക്കുന്നതുമുണ്ട്.
വേറെ ചിലതുണ്ട് തുറക്കുമ്പോഴും മണക്കുമ്പോഴും രുചിക്കുമ്പോഴും അരുചിയൊ ദുർഗന്ധമോ തോന്നാത്തത് പക്ഷേ കഴിച്ചാൽ ചിലപ്പോൾ ദേഹാസ്വസ്ഥ്യമോ മരണം വരെയോ സംഭവിക്കാൻ സാധ്യതയുണ്ട്.
ചിലത് വലിയ മണമോ രുചിയോ ഒന്നുമുണ്ടാകില്ല പക്ഷേ ശരീരത്തിന് ഏറെ ഗുണകരമാകും.
ആകർഷകമായ ഗന്ധത്തോടെ ആകർഷിക്കുന്ന വിഭവങ്ങളുണ്ട്. പക്ഷേ അതിൽ പലതിനും മണം മാത്രമേ ഉണ്ടാകൂ ഗുണമൊന്നും ഉണ്ടാകില്ല.
ഇനി വേറെ ചിലത്, ചിലപ്പോൾ മറ്റുള്ളവർ നമ്മളോട് പറയും " അത് കഴിക്കണ്ട ട്ടോ പൊട്ടയാണ് നീ ചിലപ്പോ ഛർദ്ദിക്കും " നമ്മളും ഓർക്കും ' അയ്യേ ... ആർക്ക് വേണം , കൊള്ളില്ലാത്ത സാധനം , എന്റെ പട്ടിക്ക് വേണം , ഞാൻ ആ ഭാഗത്തേക്ക് നോക്കില്ല ' എന്നൊക്കെ പക്ഷേ അതിൽ ചില കലങ്ങൾ പറഞ്ഞത് പോലെ ചീത്ത വിഭവങ്ങൾ ഉള്ളതാവും ചിലതാകട്ടെ വെറും നുണപ്രചരണം മാത്രമാകും.
പിന്നെ എത്ര നല്ല വിഭവം ആയാലും സ്ഥിരമായി കഴിക്കുമ്പോൾ അല്ലെങ്കിൽ ആവശ്യത്തിലും അധികം കഴിക്കുമ്പോൾ അരുചി അനുഭവപ്പെടും.
ചിലതാകട്ടെ പഴകുംതോറും വിഷമാകുന്ന വിഭവവും.
തൊട്ടു കൂട്ടേണ്ട ചില വിഭവങ്ങളുണ്ട്. അത് വലിച്ചുവാരി കഴിച്ചാൽ വലിയ സുഖമൊന്നും ഉണ്ടാകാൻ വഴിയില്ല.
പിന്നെ വേറൊരു പ്രധാന കാര്യം എല്ലാ വിഭവവും നല്ലതാണോ അല്ലയോ എന്നത് കലത്തിന്റെ അടുത്തു പോയി അടപ്പ് തുറന്ന് രുചിച്ചു നോക്കി സ്വയം തീരുമാനിക്കേണ്ടതാണ് എന്നതാണ്.
കാരണം എല്ലാവരുടെയും ഇഷ്ടം വ്യത്യസ്തമാണ് എന്നത് കൊണ്ടു തന്നെ. മറ്റുള്ളവർക്ക് ഇഷ്ടമായത് നമുക്കോ നമുക്ക് ഇഷ്ടമായത് മറ്റുള്ളവർക്കോ ഇഷ്ടമായെന്നു വരില്ല.
വിഭാവസമൃദ്ധമായ സദ്യ ഒരു കലത്തിൽ ഒരുമിച്ചു ഉണ്ടാക്കാൻ സാധിക്കില്ല എന്നതുകൊണ്ട് തന്നെയാണ് ആരിലും എല്ലാ ഗുണഗണങ്ങളും തികഞ്ഞ സ്വഭാവമില്ലാത്തത്.
നമുക്കാവശ്യമുള്ളത് സ്വയം രുചിച്ചു തിരഞ്ഞെടുക്കാൻ സാധിക്കുന്ന ബുഫെ സദ്യ ആണിവിടെയുള്ളത്. വേണം വേണ്ട എന്ന ചിന്താഗതിയോടെ കഴിക്കുന്നതും ഇഷ്ടമില്ലാത്തത് കഴിക്കുന്നതും അവനവന്റെ കുഴപ്പം മാത്രമാണ്.
ഇത് ഈ അരവട്ടന്റെ വെറുമൊരു ഭ്രാന്തൻ ചിന്ത മാത്രം.
ജയ്സൻ ജോർജ്ജ്.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക