Slider

അഘോര - ഹൊറർ നോവൽ - ഭാഗം : 5

0


രചന : അജ്മല്‍ സികെ
കുളിക്കാന്‍ പോയ മഹിയെ കുറേ കഴിഞ്ഞും കാണാതായപ്പോള്‍ വൈദ്യര്‍ക്ക് ആകെ ഒരു പരവേശം.
'കുങ്കാ നീയാ കുളം വരെ ഒന്നു പോയ് നോക്കൂ... മഹിക്കുഞ്ഞിതു വരെ വന്നില്ലല്ലോ..'
മരുന്നരക്കല്‍ മതിയാക്കി കുങ്കന്‍ പതിയെ കുളക്കരയിലേക്ക് നടന്നു.
ഇതേ സമയം കുളത്തിനടിയില്‍ വെള്ളത്തിന്റെ ഉപരിതലത്തിലേക്ക് ഉയരാനായ് കൈകളിട്ടടിക്കുകയായിരുന്നു മഹി. പക്ഷെ തന്റെ കാലുകളാരോ പിടിച്ചു വലിക്കും പോലെ..... ആഴങ്ങളിലേക്ക് ആണ്ടു പോയിക്കോണ്ടിരുന്നു. വെള്ളത്തിനടിയിലെ കൂരാകൂരിരുട്ടിനിടയില്‍ നക്ഷത്രം പോലെ എന്തോ തിളങ്ങുന്നത് അപ്പോഴാണ് അവന്റെ ശ്രദ്ധയില്‍ പെട്ടത്. കാന്തം പോലെ ആ വെളിച്ചം തന്നെ അതിലേക്ക് വലിച്ചടിപ്പുക്കുന്നുണ്ടെന്ന് അവന് തോന്നി. എന്തോ ഒരുള്‍പ്രേരണയില്‍ അവന്‍ ആ വെളിച്ചത്തിലേക്ക് ഉളിയിട്ടു. പതിയെ പായലുകള്‍ക്കും കുളത്തിനടിയിലെ ചെറു ചെടികള്‍ക്കുമിടയില്‍ നിന്ന് അവനത് കൈയ്യിലെടുത്തു. വളഞ്ഞ് കുയലുപോലുള്ള ഒരു ശംഖ.് അത് അവന്റെ കൈകളിലിരുന്ന് വെട്ടിത്തിളങ്ങി. കൗതുകത്തോടെ അവനത് തിരിച്ചും മറിച്ചും വീക്ഷിച്ചു. ശംഖിന്റെ ഇരു വശങ്ങളിലും അര്‍ദ്ധ വൃത്താകൃതിയില്‍ എന്തൊക്കെയോ കൊത്തി വെച്ചിരിക്കുന്നു..... ഈ ശംഖ് താന്‍ മുമ്പെവിടെയോ കണ്ടിട്ടുള്ളത് പോലെ, എന്തോ ഒരാത്മ ബന്ധം തനിക്കതുമായിട്ടുള്ളത് പോലെ. അല്‍പ്പ സമയത്തേക്ക് കുളത്തിന്റെ ആഴങ്ങളിലാണ് താനുള്ളത് എന്നത് പോലും അവന്‍ വിസ്മരിച്ചു പോയി. പെട്ടെന്ന് ആ ശംഖിന്റെ പ്രകാശം അണഞ്ഞു വീണ്ടും അവന് ചുറ്റും അന്തകാരം നിറഞ്ഞു. താന്‍ വെള്ളത്തിനടിയില്‍ പെട്ടിട്ട് സമയം ഒരുപാട് പിന്നിട്ടിരിക്കുന്നുവെന്നത് അവനപ്പോഴാണ് ഓര്‍ക്കുന്നത്. ശ്വാസം പോലുമെടുക്കാതെ എറെ സമയമായി താനീ കുളത്തിനടിയല്‍ എത്തിപ്പെട്ടിട്ട്. എന്നിട്ടും താനിപ്പോഴും ജീവനോടെയുണ്ടെന്നുള്ളത് അവന് അവിശ്വസനീയമായി തോന്നി. കാലിലെ ഭാരം ഒഴിഞ്ഞു പോയത് പോലെ... അവന്‍ ജല ഉപരിതലത്തിലേക്ക് നീന്തി ഉയര്‍ന്നു.
........
വൈദ്യരുടെ ആജ്ഞ പ്രകാരം കുളത്തിനരികില്‍ എത്തിയ കുങ്കന്‍ മഹിയെ അവിടെയൊന്നടങ്കം തിരഞ്ഞെങ്കിലും പരിസരത്തെവിടെയും തിരുമേനിയെ കണ്ടില്ല. പെട്ടെന്നാണ്... ജലത്തിന്റെ അടിയില്‍ നിന്ന് അസ്വാഭാവികമെന്നോണം ഒരു വെളിച്ചം ഉയര്‍ന്നത്. നിമിഷങ്ങള്‍ക്കകം തന്നെ ആവെളിച്ചം മറഞ്ഞു... ഒരല്‍പ്പ സമയം അവന്‍ വീണ്ടും വെള്ളത്തിലേക്കുറ്റു നോക്കി കാത്തിരുന്നു.... ഓര്‍ക്കാപ്പുറത്ത് വെള്ളത്തിനടിയില്‍ നിന്ന് പൂര്‍ണ്ണ നഗ്നമായ ഒരു രൂപം ഉയര്‍ന്നു വന്നു. ഭയപ്പാടോടെ കുങ്കന്‍ പിറകിലേക്കാഞ്ഞു പോയി. ചന്ദ്രനും നിലാവും എവിടെയോ പോയ് മറഞ്ഞിരുന്നു. കാറ്റത്തോ മറ്റോ അണഞ്ഞു പോയ റാന്തല്‍ വിളക്ക് പരിസരം നിറയെ കനത്ത അന്തകാരം വിതറിയിരുന്നു. അതു കൊണ്ട് തന്നെ ആ രൂപം ആരാണെന്ന് കുങ്കന് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിച്ചില്ല. ആ കൈകളില്‍ എന്തോ തിളക്കം കണ്ട് അവനതിലേക്ക് ആധിയോടെ നോക്കി. അത് ഒരു ശംഖ് ആയിരുന്നു. പടിക്കെട്ടിന്റെ മുകളില്‍ കയറി നിന്ന് ആ രൂപം ദ്വിഗന്തം മുയങ്ങും കണക്കെ ഉച്ചത്തില്‍ ശംഖൂതി... നാലു ദിക്കുകളിലും ആ മുഴക്കം പ്രതിധ്വിച്ചു. ആ ശബ്ദത്തിന്റെ തീക്ഷണതയില്‍ കുങ്കന്‍ അവന്റെ കാതുകള്‍ പൊത്തി. അപ്പോഴേക്ക് ഒരു വിധം അവന്‍ റാന്തല്‍ തെളിയിച്ചിരുന്നു. ആ അരണ്ട വെളിച്ചത്തില്‍ കുങ്കന്‍ തിരിച്ചറിഞ്ഞു ആ രൂപത്തിനുടമ മഹിയാണെന്ന്.
.......................
കളരിപ്പുരക്കകത്ത് നിന്ന് വൈദ്യരും കേട്ടിരുന്നു ആ ശംഖു നാദം. എന്തോ പടപ്പുറപ്പാടു പോലെ ഉച്ചത്തില്‍ രണ്ടാവര്‍ത്തി അത് അനന്തരീക്ഷത്തില്‍ മുഴങ്ങി ഒടുങ്ങി. അല്‍പം സമയത്തിന് ശേഷം നനഞ്ഞു കുളിച്ച് പൂര്‍ണ്ണ നഗ്നനായി യാന്ത്രികമായ ചുവട് വെപ്പുകളോടെ മഹി കളരിപ്പുരക്കകത്തേക്ക് കയറി വന്നു. പിറകില്‍ പേടിച്ചരണ്ട മുഖവുമായി കുങ്കനുമുണ്ടായിരുന്നു.
' എന്താ കുട്ടിയിത്... ഹയ്... എന്തൊക്കെയാ നീയീ കാട്ടി കൂട്ടുന്നത്..'
വൈദ്യര്‍ മൂക്കു ചുളിച്ചു കൊണ്ട് മഹിയോട് ചോദിച്ചു. കളരിപ്പുരക്കകത്ത് കയറിയപ്പോള്‍ സുബോധം വന്നത് പോലെ മഹി ചുറ്റിലും നോക്കി. താന്‍ നഗ്നനാണെന്ന് തിരിച്ചറിഞ്ഞ നിമിഷം അവന്‍ ആകെ ചൂളി തൊട്ടടുത്ത തൂണിന് പിറകിലൊളിച്ചു. കുളത്തിലേക്ക് വീഴും വരെ താന്‍ വസ്ത്രധാരിയായിരുന്നു. പിന്നീടെപ്പോഴാണ് വസ്ത്രങ്ങള്‍ തനിക്ക് നഷ്ടപ്പെട്ടത്. മറവിയുടെ നൂല്‍പ്പാലത്തില്‍ അവനത് മാത്രം ഓര്‍ത്തെടുക്കാന്‍ സാധിച്ചില്ല. വൈദ്യര്‍ തന്റെ മേല്‍മുണ്ടെടുത്ത് മഹിക്ക് എറിഞ്ഞ് കൊടുത്തു. മുണ്ട് കൊണ്ട് നഗ്നത മറച്ച് മഹി തൂണിന്റെ മറവില്‍ നിന്ന് വെളിയിലേക്ക് വന്നു. വൈദ്യരുടെ മുഖത്ത് നോക്കാന്‍ പോലും അവന് നാണമായി. അത്്ഭുതമെന്നോണം ശരീരത്തില്‍ ഉണ്ടായിരുന്ന മുറിവുകള്‍ എല്ലാം മാഞ്ഞു പോയിരിക്കുന്നു. വലതു കൈത്തണ്ടയിലെ മുറിപ്പാടൊഴിച്ച് ബാക്കിയെല്ലാം പാടുകള്‍ പോലും അവശേഷിക്കാതെ അപ്രത്യക്ഷമായിരിക്കുന്നു. അസാധാരണമായതെന്തോ അവനില്‍ സംഭവിച്ചിട്ടുണ്ടെന്ന വൈദ്യര്‍ മനസ്സിലുറപ്പിച്ചു. അപ്പോഴാണ് വൈദ്യര്‍ അവന്റെ കൈകളിലെ ശംഖ് ശ്രദ്ധിച്ചത്.
കുട്ടി ഇത് നിനക്കെവിടുന്ന് കിട്ടി?
' അത് കുളിക്കാനിറങ്ങിയപ്പോള്‍ കുളത്തിനടിയില്‍ നിന്ന് കിട്ടിയതാ'
വൈദ്യര്‍ അവിശ്വസനീയതയോടെ അവന്റെ മറുപടി കേട്ടു നിന്നു. പണ്ട് ആ കുളത്തിന് പകരം 30 കോല്‍ ആഴമുള്ള വലിയ ഒരു കിണറായിരുന്നു. പിന്നീട് വാസ്തു ശാസ്ത്രപ്രകാരം മനയുടെ വടക്കു ഭാഗത്ത് കിണര്‍ അനുവദനീയമല്ലെന്ന് തിരുവമ്പാട്ട് ആചാരി വിധിച്ചപ്പോള്‍ അത് മണ്ണിട്ട് മൂടാന്‍ തീരുമാനിച്ചതായിരുന്നു. ഏത് വേനല്‍കാലത്തും വറ്റാത്ത നല്ല തെളിനീരുറവ ആയത് കൊണ്ട് അത് മണ്ണിട്ട് മൂടി നശിപ്പിക്കാന്‍ മനയിലെ കാരണവന്മാര്‍ക്ക് ഒട്ടും ഇഷ്ടമില്ലായിരുന്നു. ആ സമയത്താണ് മഹിയുടെ വല്ല്യ തിരുമേനി അതിന് പ്രതിവിധി നിര്‍ദ്ദേശിച്ചത്. കിണറല്ലേ നിശിദ്ധമായുള്ളു. നമുക്ക് വാസ്തു പ്രകാരം അത് ഒരു കുളമായി മാറ്റിക്കുഴിക്കാം. അങ്ങനെ 5 കോണോട് കൂടി നല്ല വലിപ്പമുള്ള കുളമായി ആ കിണറ് പരിണമിച്ചു. ആ കുളത്തിന്റെ 30 കോല്‍ ആഴമുള്ള അടിത്തട്ടില്‍ നിന്നാണ് മഹിക്ക് ഈ ശംഖ് കിട്ടിയതെന്നു പറയുന്നത്. എങ്ങനെ വിശ്വസിക്കാനാവും.
ആ ശംഘിലേക്ക് സൂക്ഷിച്ച് നോക്കിയപ്പോള്‍ എന്തൊക്കെയോ വരച്ച് കൊത്തി വെച്ചിരിക്കുന്നു. താന്‍ പഠിച്ച പ്രമാണങ്ങളിലും വേദങ്ങളിലും ഗ്രന്ഥങ്ങളിലും ഒന്നും കാണാത്ത ഏതോ ലിപികളില്‍ എന്തോ എഴുതിയിരിക്കുന്നു. വൈദ്യര്‍ ശംഖിലേക്ക് ദീര്‍ഘ നേരം ഉറ്റു നോക്കുന്നത് ശ്രദ്ധയില്‍ പെട്ടത് കൊണ്ടാവും മഹി വേഗം അത് പിറകിലേക്ക് മറച്ചു വെച്ചു.
' മഹിക്കുഞ്ഞ് ഈ കളത്തിലേക്കിരിക്കു. കുഞ്ഞിന്റെ കൈകൡ ഒരു രക്ഷാ കവചം കെട്ടണം.... '
വൈദ്യര്‍ ഗൗരവത്തില്‍ മഹിയോട് പറഞ്ഞു.
മഹി ഒട്ടും മടിച്ച് നില്‍ക്കാതെ ആ കളത്തിലേക്ക് കയറിയിരുന്നു. നേരത്തെ ജപിച്ച് വെച്ച മന്ത്ര ചരട് പൂജാ മുറിയില്‍ ചെന്ന് പ്രാര്‍ത്ഥനയോടെ വൈദ്യര്‍ രണ്ട് കൈകൊണ്ടും തൊട്ടു വണങ്ങി എടുത്തു. തിരികെ കളരിപ്പുരക്കകത്ത് എത്തിയപ്പോള്‍ മഹി ധ്യാന നിര്‍ഭരനായി കണ്ണടച്ച് കളത്തിനകത്തിരിപ്പുണ്ടായിരുന്നു.
' കുഞ്ഞേ സഹസ്രനാമങ്ങള്‍ ജപിച്ച് വലത് കൈ നീട്ടു'
വൈദ്യരുടെ വാക്കുകള്‍ കേട്ട് നാമം ജപിക്കാന്‍ ശ്രമിച്ചിട്ട് മഹിക്ക് മന്ത്രങ്ങളും നാമങ്ങളുമൊന്നും ഓര്‍മ്മയുടെ ഏഴയലത്തു പോലും വരുന്നുണ്ടായിരുന്നില്ല.. നിസ്സഹാായാവസ്ഥയില്‍ അവന്‍ വൈദ്യരുടെ മുഖത്തേക്ക് കണ്ണു തുറന്ന് നോക്കി. അപ്പോഴേക്ക് വൈദ്യര്‍ അവന്റെ കൈകളില്‍ മന്ത്ര ചരട് വിധിപ്രകാരം രണ്ട്് കെട്ടും കെട്ടിയിരുന്നു. മൂന്നാമത്തെ കെട്ട് കെട്ടാന്‍ തുടങ്ങുമ്പോഴാണ് അത് സംഭവിച്ചത്. മഹിയുടെ ശരീരമാകെ വിയര്‍ക്കാനും വിറക്കാനും തുടങ്ങി. അവന്റെ മുഖത്തെ സൗമ്യതക്ക് പകരം ഭയാനകമായ ഭാവം പ്രകടമായി... കൊളുത്തി വെച്ച നിലവിളക്ക് നിലത്തേക്ക് ശക്തിയോടെ പതിച്ച് തിരി അണഞ്ഞു പോയി. ഒടുക്കം കൈകളില്‍ കെട്ടിയ മന്ത്ര ചരട് ആരോ തീകൊടുത്തത് പോലെ കത്തിക്കരിഞ്ഞ് ചാമ്പലായ് തറയിലേക്ക് വീണു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ വൈദ്യര്‍ അവന്റെ മുഖത്തേക്ക് നോക്കി അവന്റെ കണ്ണുകള്‍ വെള്ളാരം കല്ലുകള്‍ പോലെ തിളങ്ങുന്നു... കൃഷ്ണ മണി മുകളിലോട്ട് മറിഞ്ഞ് പൈശാചിക ഭാവത്തോടെ മഹി ആടിയുറഞ്ഞു... ശംഖ് എടുത്ത് ഉച്ചത്തില്‍ ഊതി ആക്രോശത്തോടെ ശക്തമായ കാല്‍വെപ്പുകളോടെ കളരിപ്പുര ചവിട്ടിക്കുലുക്കി അവന്‍ പുറത്തേക്ക് ഓടി.
തുടരും

അടുത്ത  അദ്ധ്യായം നാളെ ഇതേ സമയം നല്ലെഴുത്ത് പേജിൽ  or Check this link - എല്ലാ ഭാഗവും വായിക്കാൻ https://www.nallezhuth.com/search/label/Aghora
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo