Slider

പുങ്ക്......

0

Image may contain: നൂറനാട് ജയപ്രകാശ്, sky, sunglasses, outdoor and closeup
ഈ.... പുങ്കത്തരം എന്നു പറഞ്ഞാൽ എന്താണെന്നറിയാമോ....?
ചില മനുഷ്യരിൽ മാത്രം കണ്ടു വരുന്ന അപൂർവ്വമായ ഒരു രോഗാവസ്ഥയാണ് പുങ്ക്...
ഒരിത്തിരി കൂടുതൽ മലയളികൾക്കിടയിലാണെന്നത് ഒരു നഗ്നസത്യവുമാണ്.
കയ്യിലതിനുള്ള പാങ്ങില്ലേലും അവർക്കുള്ളതിനേക്കാൾ നല്ലത് നമുക്ക് വേണം എന്ന തോന്നൽ,,,
വീട്ടിലെ അടുപ്പിൽ പൂച്ച പെറ്റുകിടക്കുവാണേലും മറ്റുള്ളവർ കേൾക്കെ എനിക്കാനയുണ്ട് ചേനയുണ്ട് എന്നൊക്കെപ്പറയുക,,,
പുതുതായി എന്ത് ധരിച്ചാലും അതിനിയിപ്പം ഒരു കളസമായാലും അത് നാല് പേരേ കാണിക്കാനായി മുണ്ടുയർത്തിയുടുത്ത് നടക്കുക ,,,,
തുടങ്ങിയവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ.
ചിലരുടെ ഈ പുങ്കത്തരം എനിക്കൊരു ആറ് മാസത്തേ കഞ്ഞി കുടിക്കാനുള്ള വഴിയൊരുക്കിയിട്ടുണ്ട് എന്നുള്ളത് ഞങ്ങടെ നാട്ടിൽ പരസ്യമായ ഒരു രഹസ്യമാണ്.
സ്വദേശിവൽക്കരണം കാരണം വിദേശിയായ എന്റെ പണി തെറിച്ച കാലം.
മുഖത്ത് മൂകത തേച്ച്പിടിപ്പിച്ച വീട്ട്കാരുടെയും, ചുണ്ടിലൊരു വളിച്ച ചിരി വച്ച്പിടിപ്പിച്ച നാട്ടുകാരുടെയും ഇടയിൽ ഇനിയൊരു പണി കിട്ടും വരെ വിർപ്പുമുട്ടി കഴിയുന്ന ഞാൻ ബാലേട്ടന്റെ ചായക്കടയിൽ പോയി അഞ്ച് രൂപാ മുടക്കി ഒരു ചായ കുടിക്കുന്നത് ചായയുടെ ഗുണം കൊണ്ടൊന്നുമല്ല പിന്നെയോ...?
കാലത്ത് ഒരു ചൂടുവെള്ളോം കുടിക്കാം പത്രത്തിലെ വിദേശ
തൊഴിലവസരങ്ങളിൽ എനിക്ക് പറ്റിയ തെന്തെങ്കിലുമുണ്ടോന്ന് നോക്കുകയും ചെയ്യാം എന്ന രണ്ടുദ്ധേശത്തോടാണ്.
പത്രത്തിൽ കണ്ട ഒരു പരസ്യം ഞാനുറക്കെ വായിച്ചു.
വെച്ചൂർ പശുവിനേ വിൽക്കാനുണ്ട്
വില അമ്പതിനായിരം രൂപാ, ഒൻപത് മാസം ശർഭം, രണ്ടാം പ്രസവം.
ഒരു കറുത്ത പശുവിന്റെ ചിത്രവുമുണ്ട്.
വെച്ചൂർ പശുവാണെങ്കിൽ അത് ലാഭമാണല്ലോ പ്രകാശേ......
വെച്ചൂർ പശുക്കളെ ആ വിലയ്ക്കൊന്നും കിട്ടൂല.....
കൂട്ടത്തിലെ കാരണവരായ മാധവേട്ടൻ വക കമണ്ട്.
അതെന്താ.... മാതേരേ.. ആ പശുവിന് ഇത്രേം വില....?
നാട്ടിലാരോടും ഒരിക്കലും ചിരിച്ചിട്ടില്ലാത്തതും എന്നാൽ സഹധർമ്മിണി ലിസി കാനഡയിൽ പോയപ്പോൾ ആദ്യമയച്ചുകൊടുത്ത പൈസയിൽ വെള്ളമടിച്ചേച്ച് സർവ്വേക്കലിൽ കടിച്ചപ്പോൾ പറിഞ്ഞുപോയ മുന്നിലേ രണ്ട് പല്ലിന്റെ സ്ഥാനത്ത് സ്വർണ്ണപ്പല്ല് വയ്ച്ചപ്പോൾ മുതൽ ഒരിക്കലും ചിരിയടക്കാത്തതുമായ ജോസിന്റേതാണ് ചോദ്യം.
അതറിയില്ലേ ജോസേ....? വെച്ചൂർ പശൂന്റെ പാലാ ഏറ്റവും കൂടുതൽ ഔഷധ ഗുണമുള്ള പാല്.
ലിറ്ററിന് സാധാരണ പാലിന് പത്ത് രൂപയാണെങ്കി ഇതിന് മുപ്പത് രൂപയാ.
അല്ല.... അതിനതിന്റെ ഗുണോമുണ്ട്....
മാധവൻ ചേട്ടൻ മറുപിടി പറഞ്ഞു.
നമ്മുടെ ഈയിടയിലെങ്ങും ഈ പശുക്കളില്ലേ മാതേരേ....?
ജോസ് സംശയം മനസ്സിൽ വച്ചില്ല.
ഇല്ല ജോസേ ഇവിടടുത്തെങ്ങും ഉള്ളതായി അറിവില്ല.
മാതേര് പറഞ്ഞു നിർത്തി.
എവിടോട്ടെങ്കിലും പണി തരപ്പെട്ടാൽ പോകാനുള്ള ചിലവിനായി ആരുമറിയാതെ ഒരു അമ്പതിനായിരം രൂപാ ഞാൻ കരുതിയിട്ടുള്ള എന്റെ ബുദ്ധിയിൽ ഒരു വിത്ത് മുളച്ചു.
വാങ്ങി ഒരാറുമാസം കറവയെടുത്ത് പാല് വിറ്റാലോ....? ആറ് മാസത്തേ ചിലവും നടക്കും അടുത്ത ചനപിടിപ്പിച്ച് വിറ്റാൽ മുതലും കയ്യിലിരിക്കും ഒരു കുട്ടീം കിട്ടും.
പശൂനേ വാങ്ങിയാ..... പാല് വാങ്ങാനാളില്ലേൽ നമ്മളെന്ത് ചെയ്യും മാധവേട്ടാ...? അല്ലേൽ എനിക്കൊരു നോട്ടമുണ്ടായിരുന്നു.
ഞാനൊരു നമ്പരിട്ടു.
നീ.... പശൂനേ വാങ്ങീര് പ്രകാശേ..... രണ്ട് ലിറ്ററ് പാല് ഞാൻ വാങ്ങും അതിപ്പം എത്ര കാശായാലും ഉറപ്പ്.
ഇന്നാളിലും ലിസി വിളിച്ചപ്പം പറഞ്ഞതാ മക്കക്ക് നാടൻ പശൂന്റെ പാലേ വാങ്ങിക്കൊടുക്കാവേന്ന്...
ജോസ് ആദ്യ ഓർഡർ ഉറപ്പ് തന്നു.
ഒരു ലിറ്റർ ഞാനും വാങ്ങിക്കോളാം പ്രകാശണ്ണാ..
ഖത്തറീന്ന് അച്ഛനായതിന്റെ തെളിവ് കാണാൻ ഓടിയെത്തിയ കിളിയൻ മധു തന്റെ കയ്യിൽ കിടന്ന ബ്രേസ്ലറ്റ് കുലുക്കിക്കൊണ്ട് പറഞ്ഞു.
ഖത്തറിലോട്ട് പോകുന്നേന് മുന്നേ മധൂന്റെ കയ്യേൽ കെട്ടിയിരുന്ന വിവിധ വർണ്ണങ്ങളുള്ള ചരടഴിച്ച് കൂട്ടിക്കെട്ടിയാൽ ഒരു പട്ടം പറപ്പിക്കാമായിരുന്നു..
ഇപ്പം മറ്റുള്ളവരുടെ കയ്യേൽ ചരട് കണ്ടാൽ മധു തന്റെ ബ്രേസ്ലറ്റ് ഒന്ന് കുലുക്കിയിടും.
നല്ല ഔഷധ ഗുണമുള്ള പാലാണേൽ എനിക്കും വേണം ഇത്തിരി.
പട്ടാളത്തീന്ന് അവധിക്ക് വന്ന ഉണ്ണിയും പാലിന് ഓർഡർ തന്നു.
അങ്ങനെ ഞാൻ വെച്ചൂർ പശൂനേ വാങ്ങാൻ തന്നെ തീരുമാനിച്ചു.
എന്തായാലും വേണ്ടില്ല വെച്ചൂർ പശു വീട്ടിൽ വന്ന് ഏഴാം നാൾ പെറ്റു.
പേറ് കഴിഞ്ഞ് മൂന്നാം നാൾ ഞാനൊരു വലിയ സ്റ്റീൽ കലവും ഒരിത്തിരി വെളിച്ചെണ്ണമയവുമായി വെച്ചൂർ പശൂന്റെ മൂട്ടിലെത്തി.
സമയം നാല് മണി. ദൂരെ നിന്ന് സുന്ദരാമ്മാളിന്റെ ഉണർത്തുപാട്ടും പള്ളിയിലെ ബാങ്ക് വിളിയും കൂടി ഇടകലർന്ന് ഒരു പാശ്ഛാത്യ സംഗീതം പോലെ ചെവിയിലേയ്ക്ക് ഒഴുകിക്കൊണ്ടിരുന്നു.
വെള്ളം കുടഞ്ഞ് കൈ മുലക്കാമ്പിലോട്ട് തൊട്ടതും പശു നാല്കാലും പറിച്ച് ഒരു ചാട്ടം.
മൂന്നാലുവട്ടമായപ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു പണി പാളിയോന്ന്.
വെളിച്ചെണ്ണയിൽ കൈ മുക്കി മൃദുവായി മുലക്കാമ്പിൽ തടവിയപ്പോൾ അവൾ അനങ്ങിയില്ല.
അപ്പോഴാ ഞാനെന്റെ കൈയ്യിലോട്ട് ഒന്ന് നോക്കിയത് ഇരുമ്പ് പിടിച്ച് തഴമ്പിച്ച് പാറ പോലിരിക്കുന്ന കൈത്തലം.
വീട്ടിലവളത് പലവട്ടം പറഞ്ഞിരിക്കുന്നു
പശുവിനത് പറയാനറിയില്ലല്ലോ അതു കൊണ്ട് അവള് ചാടി അത്രതന്നെ.
ഒരു വിധത്തിൽ മയപ്പെടുത്തി കറവയാരംഭിച്ചു. ഒരു നാഴൂരിപ്പാല് കറന്നു കാണും.....
ഹച്ചീ......... തൊഴുത്തിന്റെ വാതിലിൽ വീട്ടിലവളുടെ അമിട്ട് പൊട്ടുംമ്പോലൊരു തുമ്മൽ.....
ഔഷധഗുണമുള്ള നാഴൂരിപ്പാല് എരുത്തിലിലെ പച്ചച്ചാണകത്തിന് മുകളിൽ നിരന്നൊഴുകി.
എന്തോ പറയാനാ തുമ്മൽ വന്നാൽ തുമ്മാതിരിക്കാനൊക്കുമോ...? എന്നാലും ഈ നാശത്തിനേ ഇപ്പോ ആരാ ഇങ്ങോട്ട് ക്ഷണിച്ചത് കിടന്നുറങ്ങുന്നത് കണ്ടേച്ചാണല്ലോ ഞാനിങ്ങോട്ട് പോന്നത്.
കാല് പൊക്കി നെഞ്ചത്ത് വെയ്ക്കാൻ നോക്കിയപ്പം തന്നേ കണ്ടു കാണില്ല അതാരിക്കും ഇപ്പോ ഇങ്ങോട്ട് കെട്ടിയെടുത്തത്.
ഇത്രയും മനസ്സിൽ പറഞ്ഞ് ഞാനെണീറ്റു.
ദൈവമേ ആറ് ലിറ്ററിന്റെ ആവശ്യക്കാരുള്ളതാ ഇനിയിപ്പം ഞാനവരോട് എന്ത് പറയും.
ഒന്നും ആലോചിച്ചില്ല കിണറ്റീന്നൊരുതൊട്ടി വെള്ളം കോരി അടുപ്പത്ത് വച്ച് ചൂടാക്കി ആറാൻ വച്ചു.
കുവൈറ്റിൽ നിന്ന് വന്നപ്പം രണ്ടരക്കിലോയുടെ നാല് ടിൻ പാൽപ്പൊടി കൊണ്ടുവന്നാരുന്നു.
അത് അവിടുത്തേ ഗവർമെന്റ് അവിടുത്തേ പാവങ്ങൾക്ക് ഫ്രീയായി കൊടുക്കുന്ന ഒന്നാന്തരം പാൽപ്പൊടിയാ. അതവര് വിദേശികൾക്ക് വിൽക്കും അങ്ങനെ മറ്റൊന്നും കൊണ്ടുവരാനില്ലാഞ്ഞപ്പം ഇതാ ഞാൻ കൊണ്ടുവന്നത്.
ഞാനതിൽ കുറച്ചെടുത്ത് ആറിയ വെള്ളത്തിലോട്ട് കുടഞ്ഞിട്ട് കലക്കി അരിച്ച് നോക്കിയപ്പം തരിയുണ്ട്.
ഒന്നും ആലോചിച്ചില്ല മിക്സിയിലോട്ടിട്ട് നാലടി.... ഒരു പാത്രത്തിലാക്കി ഇന്നലെ വാങ്ങിയ അളവു പാത്രവുമെടുത്ത് തിണ്ണയ്ക്ക് ആറ് ലിറ്ററിന്റെ അവകാശികളെയും കാത്തിരുന്നു.
ആറ് മണിയായപ്പം മുറ്റത്തൊരാൾക്കുട്ടം... എന്റെ കയ്യിലാണെങ്കി ഔഷധ ഗുണമുള്ള വെച്ചൂർ പശൂമ്പാല് അഞ്ച് ലിറ്റർ മുറ്റത്ത് എട്ടു ലിറ്ററിന്റെ ആവശ്യക്കാരും.
ഉള്ളത് തുല്യമായി വീതിച്ച് എല്ലാർക്കും നൽകി ഇന്ന് കറവ തുടക്കമല്ലേ നാളെ കൂടുതൽ കാണുമെന്നായി ഞാൻ.
അങ്ങനെ വെച്ചൂർ പശുവിന്റെ ഔഷധ ഗുണപ്പാലുമായി ആളുകൾ പിരിയുമ്പോൾ പിറകീന്ന് വീട്ടിലവളുടെ കമണ്ട്.
ഇതൊക്കെ മേളിലിരുന്നോണ്ടൊരുത്തൻ കാണുന്നുണ്ടേന്ന്.
ആരാ....ചത്തുപോയ നിന്റെ തന്ത വാസുവോ മോളിലിരുന്ന് കാണാൻ..? കിട്ടിയ പാല് എരുത്തിലിൽ കഴുവേറ്റിച്ചിട്ട് അവളുടെ വർത്താനം കേട്ടില്ലിയോ....
അവൾക്കൊരു ഡോസും കൊടുത്ത് ഞാൻ പതിവുപോലെ ബാലേട്ടന്റെ ചായക്കടയിലെ എന്റെ ഇരിപ്പിടത്തിൽ ഉപവിഷ്ടനായി.
പാലിന്റെ ഗുണവിശേഷങ്ങൾ ആരെങ്കിലും പറയുമോന്നറിയാൻ പതിവിലും ഇത്തിരികൂടി ഇരുന്നു കടയിൽ.
ജോസച്ചായൻ സ്വർണ്ണച്ചിരിയുമായി അതുവഴി വന്നപ്പോൾ മാധവേട്ടൻ തിരക്കി.
എന്താ ജോസേ.... ഔഷധപ്പാല് എങ്ങനെയുണ്ട്..?
ഓ.... അത് അപ്പോഴേ കാച്ചി പിള്ളേർക്ക് കൊടുത്തില്ലേ മാതേരേ... നമുക്കിതൊക്കെ കുടിക്കാനെവിടാ യോഗം...?
ഇവിടെ വെച്ചൂർ പശൂന്റെ ഔഷധപ്പാല് കണ്ടവരും ആരുമില്ല കുടിച്ചവരുമാരുമില്ല പിന്നെ ഞാനെന്തിനാ പേടിക്കണെ....? ഞാൻ പരിപാടിയുമായി മുന്നോട്ട് നീങ്ങി.
കുവൈറ്റിലേ ഒരു കൂട്ടുകാരൻ മുഖാന്തരം അടുത്ത നാല് ടിൻ പൊടിയും ഉടനേ വരുത്തിച്ചു.
വെച്ചൂർ പശുവിന്റെ ഔഷധ ഗുണമുളള പാലിന് പത്ത് ലിറ്റർ വരെ ആവശ്യക്കാരായി.
മുക്കി മൂളിക്കറന്നാൽ ഒറിജിനൽ പാല് കിട്ടുന്നത് വെറും ഇടങ്ങഴി . അതാണെങ്കിൽ ഞാനെന്റെ പിള്ളേർക്ക് തിളപ്പിച്ച് കൊടുക്കും.
ഒരുമാസം കഴിഞ്ഞപ്പോൾ പാലിന്റെ ഗുണഗണങ്ങൾ പുറത്തു വന്നു.
കുടിച്ച കുട്ടികളൊക്കെ ഒന്ന് കൊഴുക്കാൻ തുടങ്ങി.
അത് പിന്നെ നല്ല വിറ്റാമിനുകൾ ചേർത്ത് അറബിപ്പുള്ളാരെ കനപ്പിക്കാൻ കൊടുക്കുന്ന പാലലല്ലിയോ ഈ പിള്ളേർ കുടിക്കുന്നത്.
രണ്ട് മാസം കൊണ്ട് മൂന്നാല് കിലോ തൂക്കം കൂടി പിള്ളേർക്ക്. ആവശ്യക്കാരും ധാരാളമായി.
ഒറിജിനൽ ഔഷധപ്പാല് കുടിച്ച എന്റെ പിള്ളേർ രണ്ടു കിലോ കുറഞ്ഞതല്ലാതെ നൂറ് ഗ്രാം നന്നായില്ല.
അത് കണ്ട ചായക്കടക്കാരൻ ബാലേട്ടൻ പറഞ്ഞത്...
എടാ പ്രകാശേ ഔഷധപ്പാല് എല്ലാം വിറ്റ് നീ കാശാക്കാതെ ഒരിത്തിരീച്ചേ നിന്റെ പിള്ളേർക്കൂടെ കൊടുക്കെടാന്ന്.
മനസ്സിൽ ഞാനൊന്നു ചിരിച്ചു.....
പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ... ആരോ പറഞ്ഞ് കേട്ടത് ഓർമ്മ വന്നപ്പോൾ ഞാൻ തീരുമാനിച്ചു വേണ്ടാ.. പിടിക്കാനുള്ള അവസരം ഉണ്ടാക്കണ്ടാ...
ആറ് മാസത്തേ കറവയെടുത്തേച്ച് കറവ വറ്റീന്നും പറഞ്ഞ് ഞാനാ പരുപാടിയങ്ങ് നിർത്തി.
വെച്ചൂർ പശുവിനേയും കൊടുത്ത് കാശാക്കി വാങ്ങിയതീന്നും ഒരു ഇരുപതിനായിരം കുറച്ച്...
ആന്നേരം വീട്ടിലവളാ പറഞ്ഞത് ഒരിടത്തൂന്ന് കിട്ടിയപ്പം ഒരിടത്തൂന്ന് പോയില്ലേന്ന്.... ഇതാ പറഞ്ഞത് മോളിലൊരുത്തൻ എല്ലാം കണ്ടോണ്ടിരിപ്പുണ്ടെന്ന്.
വെച്ചൂർ പശു പെറുന്നത് ക്ടാക്കുട്ടിയാണേൽ വളത്താമെന്ന് കരുതിയിട്ടോ അത് പെറ്റതൊരു മൂരിക്കുട്ടിയേ.....
വീട്ടിലവള് പറഞ്ഞതിലും കാര്യമുണ്ടെന്ന് മനസ്സിൽ പറഞ്ഞോണ്ട് ഞാനാലോചിച്ചു.
എന്നാലും ഈ ആൾക്കാർക്ക് ഗുണമുള്ളതാണെന്നും പറഞ്ഞ് എന്ത് കൊടുത്താലും വിലയുള്ളതാണെന്ന് പറഞ്ഞാലും കുഴപ്പമില്ല വാങ്ങിക്കോളും.
അതിപ്പം ജോസ് രണ്ട് ലിറ്ററ് വാങ്ങി അതിയാന്റെ പിള്ളാർക്ക് കൊടുത്തപ്പം ആഹാ.... എന്റെ പിള്ളേർക്കെന്താ കൈയ്ക്കുമോ എന്നും പറഞ്ഞ് കാശില്ലേലും മറ്റൊരു പുങ്കനും വാങ്ങി രണ്ട് ലിറ്ററ്..
അവിടെ ഗുണമോ വിലയോ അല്ല നോക്കിയത് അവന്റെ മുന്നിൽ ഞാൻ കൊച്ചാകരുതെന്ന വാശി മാത്രം.. ഈ വാശിയാ.... ചിലരൊക്കെ ഗുണം പിടിക്കാതെ കിടക്കുന്നത് ഈ ഞാനുൾപ്പെടെ....
എന്തിനധികം പറയുന്നു മന്ത്രവാദത്തിന്റെയും, ആഭിചാരത്തിന്റെയും പേരിൽ കൂട്ടക്കൊല നടക്കുന്ന ഈ കേരളത്തിൽ ഇതല്ല ഇതിനപ്പുറവും നടക്കും....
കാലമേ..... നീ.... സാക്ഷി.....
നൂറനാട് ജയപ്രകാശ്......
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo