Slider

പൊന്നാനിപ്പുഴയോരം" (കഥ)

0


===========================
പട്ടയിൽ കടവിൽ അറമുഖേട്ടന്റെ *മാൽപ്പുരയുടെ വരാന്തയിലെ അരച്ചുമരിൽ ബോട്ട് കാത്തിരിക്കുന്ന യാത്രക്കാർ. ചുമട്ടുകാരായ ബീരാനും അപ്പുക്കുട്ടനും മാൽപ്പുരയിൽ നിന്ന് കയറ് കെട്ടുകൾ കെട്ടുവള്ളത്തിലേക്ക് കയറ്റുന്നു. കളകളം പാടി മന്ദം മന്ദം പടിഞ്ഞാറോട്ടൊഴുകുന്ന സുന്ദരിയായ പൊന്നാനിപ്പുഴ. കുഞ്ഞോളങ്ങളെ തഴുകി പടിഞ്ഞാറ് നിന്ന് വീശിയെത്തുന്ന മന്ദമാരുതന് വല്ലാത്ത കുളിർമ്മ. മീൻപിടുത്തക്കാരുടെ തോണികൾ പുഴയിൽ അങ്ങിങ്ങായി കാണാം. പുഴക്കരയിൽ സൊറ പറഞ്ഞിരിക്കുന്ന ചെറുപ്പക്കാർ. ചിലർ വട്ടം കൂടിയിരുന്ന് പനങ്കുരു കളിയിൽ മുഴുകിയിരിക്കുന്നു. തെല്ലകലെ ചകിരി തല്ലുന്ന സ്ത്രീകൾ. തൊട്ടപ്പുറത്ത് പെണ്ണുങ്ങൾ റാട്ടിൽ കയറ് പിരിച്ചുകൊണ്ടിരിക്കുന്നു. പുഴയിലേക്ക് ചാഞ്ഞു നിൽക്കുന്ന തെങ്ങുകളിൽ ചാരി നിന്ന് കൊണ്ട് ചില കുട്ടികൾ ചൂണ്ടയിടുന്നുണ്ട്. അങ്ങേ കരയിൽ താറാവിൻ കൂട്ടം നീന്തിത്തുടിക്കുന്നു. അവയെ ആട്ടിക്കൊണ്ട് താറാവുകാരൻ കൊതുമ്പു വള്ളത്തിൽ തുഴഞ്ഞു നീങ്ങുന്നു. വേലിയിറക്കമായതിനാൽ കരയോട് ചേർന്ന്, ചെറിയ വല കൊണ്ട് ചെമ്മീൻ കുഞ്ഞുങ്ങളെ അരിച്ചെടുക്കുന്നുണ്ട് ചില സ്ത്രീകൾ.
ചൂടിക്കയർ കൊണ്ട് ഒരറ്റം അരയിലും മറ്റേയറ്റം അലുമിനിയം കുടത്തിന്റെ കഴുത്തിലും ബന്ധിച്ച്, കഴുത്തോളം വെള്ളത്തിൽ മുങ്ങി, അരിച്ചു കിട്ടുന്ന ചെമ്മീൻ കുഞ്ഞുങ്ങളെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കുടത്തിൽ അവർ നിക്ഷേപിക്കുന്നു. ബോട്ട് ജെട്ടിയുടെ അടുത്തായി നാണിയമ്മയുടെ ചായക്കട.
പൊന്നാനിയിലേക്കുള്ള "ഇസ്മായിൽ" ബോട്ട് കടവിലെത്തി. 
"നാണിയമ്മേ വേഗം കൊണ്ടരീൻ ചായ" 
ഇസ്മായിൽ ബോട്ടിലെ സ്രാങ്ക് ഷാജഹാൻ വിളിച്ചു പറഞ്ഞു. 
ബോട്ടുകാർക്കെല്ലാം ഓരോ ട്രിപ്പിലും പട്ടയിൽ കടവിലെത്തുമ്പോൾ നാണിയമ്മയുടെ ചായ കിട്ടണം. നാണിയമ്മയുടെ കൈപ്പുണ്യമുള്ള ചായക്ക് വല്ലാത്തൊരു രുചിയാണെന്ന്‌ ബോട്ടുകാർ മാത്രമല്ല നാട്ടുകാരും പറയാറുണ്ട്.
മരപ്പലക കൊണ്ട് കെട്ടിയുണ്ടാക്കിയ മേശപ്പുറത്ത് വച്ചിട്ടുള്ള വട്ടപ്പാത്രത്തിലെ വെള്ളത്തിലിട്ട്‌ നാണിയമ്മ രണ്ട്‌ ഗ്ലാസ്സുകൾ കഴുകിയെടുത്തു. സമോവറിൽ വെള്ളം തിളച്ചുകൊണ്ടിരിക്കുന്നു. തകരപ്പാട്ടയിൽ ചായ കൂട്ടി ഗ്ലാസ്സുകളിലൊഴിച്ച് ബോട്ടിലേക്ക് കൊണ്ട്ചെന്ന് കൊടുത്തു. നുരയും പതയും നിറഞ്ഞ, ആവിപറക്കുന്ന, എരുമപ്പാലൊഴിച്ച കട്ടിയുള്ള ചായ.
"സാജിദാക്കും കുട്ടിക്കും സുകം ല്ലേ മോനെ?"
മുൻപത്തെ ട്രിപ്പിൽ കൊടുത്ത ചായയുടെ ഗ്ലാസ്സുകൾ തിരികെ വാങ്ങവേ നാണിയമ്മ ചോദിച്ചു.
"സുകാണ് നാണിയമ്മെ...നാണിയമ്മന്റെ കാര്യം അവള് എപ്പളും പറയലിണ്ട്" ഷാജഹാന്റെ മറുപടി.
ഗ്ലാസ്സുകളുമായി പീടികയിലേക്ക് നടക്കുമ്പോൾ നാണിയമ്മ ഓർത്തു:-
എല്ലാ ദിവസവും ഉച്ചയാകുമ്പോൾ ചോറ്റുപാത്രവുമായി കടവത്ത് വന്നു നിൽക്കാറുണ്ടായിരുന്ന സാജിദയെ - പട്ടയിൽ കടവിനടുത്ത് പുഴക്കരയിലെ പോക്കറിന്റെ വീട്ടിൽ നിന്നാണ് ഇസ്മായിൽ ബോട്ടിലെ സ്രാങ്ക് ഷാജഹാന് ഉച്ചയൂണ് ഏർപ്പാടാക്കിയിട്ടുള്ളത്. തിരൂരിലേക്കുള്ള യാത്രാ മദ്ധ്യേ ഉച്ചയോടടുത്ത സമയത്ത് ഇസ്മായിൽ ബോട്ട് പട്ടയിൽ കടവിലെത്തും. അതിന് മുമ്പേ കയ്യിൽ ചോറ്റുപാത്രവുമായി പോക്കറിന്റെ മകൾ സാജിദ കടവത്ത് വന്നു കാത്തുനിൽപ്പുണ്ടാകും. ചോറ് കൊടുക്കുമ്പോൾ തലേന്ന് കൊടുത്ത പാത്രം തിരികെ വാങ്ങും. എല്ലാ മാസവും ഒന്നാം തിയ്യതി രാവിലെ ഇസ്മായിൽ ബോട്ട് പട്ടയിൽ കടവിലെത്തുമ്പോൾ പോക്കർ കാത്ത് നിൽക്കുന്നുണ്ടാകും, ഷാജഹാന്റെ പക്കൽനിന്ന് ചോറിന്റെ പൈസ വാങ്ങാൻ. 
ഒരു ദിവസം തിരികെ കിട്ടിയ ചോറ്റുപാത്രം കഴുകാനായി തുറന്നപ്പോൾ അതിനകത്ത് നാലായി മടക്കിയ ഒരു കടലാസ് കഷ്ണം കാണപ്പെട്ടു. സാജിദ അത് നിവർത്തി നോക്കി. അതൊരു പ്രേമലേഖനമായിരുന്നു. 
"ഇന്റെ സാജിദാ, അന്നെ ഇൻക്ക് വല്യ ഇശ്ടാ, ജ്ജ് ഒന്ന് സമ്മതം മൂളിയാ മതി, അന്റെ ഇപ്പാനോട് ഞാൻ ചോയിച്ചോളാം, അന്നെ ഇൻക്ക് കെട്ടിച്ച് തര്വോന്ന്. മറുപടി എഴുതണം....സ്നേഹത്തോടെ... ഷാജഹാൻ"
കത്ത് വായിച്ച സാജിദ വല്ലാത്തൊരു മാനസികാവസ്ഥയിലായി. ആരും കാണാതെ അവൾ തലയണക്കുള്ളിൽ ആ കത്ത് ഒളിപ്പിച്ച് വച്ചു. മറുപടി എഴുതണോ വേണ്ടയോ, എഴുത്തുകയാണെങ്കിൽ തന്നെ എന്താ എഴുതുക. ഒന്നും അവൾക്ക് അറിയില്ല. പിറ്റേന്ന് ഷാജഹാൻ മറുപടി പ്രതീക്ഷിച്ചു. കാണാതായപ്പോൾ അതിനടുത്ത ദിവസം അയാൾ വീണ്ടും എഴുതി. 
"ഇന്നെ ഇശ്ടല്ല്യാഞ്ഞിട്ടാണോ മറുപടി എഴുതാഞ്ഞത്? ഇശ്ടം ഇണ്ടെങ്കിലും ഇല്ലെങ്കിലും അറിയിക്കണം, ഞാൻ കാത്തിരിക്കും" ഷാജഹാനെ ആദ്യമായി കണ്ട നാൾ മുതൽ അവളുടെ മനസ്സിലും ചെറിയൊരു മോഹം തുടങ്ങിയിരുന്നു. ഇരുനിറമാണെങ്കിലും കാണാൻ സുന്ദരൻ, ഒത്ത ശരീരം. വെള്ളാരം കല്ല് പോലെയുള്ള അയാളുടെ കണ്ണുകളാണ് അവളെ ഏറെ ആകർഷിച്ചത്. ചോറ്റുപാത്രം കൈമാറുമ്പോൾ അവളുടെ നോട്ടം എപ്പോഴും അയാളുടെ കണ്ണുകളിലേക്കായിരുന്നു. ഇഷ്ടമാണ് നൂറ് വട്ടം എന്ന് എഴുതണമെന്നുണ്ട്. പക്ഷേ ഉപ്പ സമ്മതിക്കില്ല, അതാണ് അവളുടെ പേടി. ഏറെ നേരം ആലോചിച്ചു. അവസാനം രണ്ടും കൽപ്പിച്ച് അവൾ എഴുതി.
"ഇൻക്ക് ഇങ്ങളെ ഇശ്ടാ, ഇന്റെ ഇപ്പ സമ്മയിക്കൂല, ഇപ്പാനെ ഇൻക്ക് പേടിയാ, ഞാനെന്താ ചെയ്യാ?"
കത്ത് മടക്കി അവൾ ചോറ്റുപാത്രത്തിൽ മുകളിലത്തെ തട്ടിൽ പപ്പടത്തിനടിയിൽ വച്ചു.
അവിടന്നങ്ങോട്ട്, കഴുകാനായി ചോറ്റുപാത്രം തുറക്കാൻ സാജിദയ്ക്കും പപ്പടത്തട്ട് തുറക്കാൻ ഷാജഹാനും തിടുക്കമായി. തരളഹൃദയരായ അവർക്കിടയിൽ പാത്രം കഴുകലും പപ്പടത്തട്ട് തുറക്കലുമായ പ്രക്രിയ അനുസ്യൂതം തുടർന്നുകൊണ്ടേയിരുന്നു. 
ചോറുമായി കടവത്ത് വന്ന് കാത്തുനിൽക്കുമ്പോൾ സാജിദ നാണിയമ്മയുമായി കൂടുതൽ അടുപ്പത്തിലായി. ഷാജഹാനുമായുള്ള ഇഷ്ടത്തെ പറ്റി അവൾ നാണിയമ്മയോട് മാത്രം പറഞ്ഞു. കണ്ടു, ഇഷ്ടപ്പെട്ടു എന്നല്ലാതെ ഷാജഹാന്റെ സ്വഭാവത്തെ പറ്റി അവൾക്ക് ആശങ്കയുണ്ടായിരുന്നു. മീൻ പിടുത്തക്കാരായ ചില ആളുകൾ മുഖേന നാണിയമ്മ ഷാജഹാനെ പറ്റി അന്വേഷിച്ചു. നല്ല അഭിപ്രായമാണ് അവർക്ക് കിട്ടിയത്. സാജിദക്ക് സമാധാനമായി. ഷാജഹാൻ നാണിയമ്മയോട് തന്നെ സാജിദയെ പറ്റിയും അന്വേഷിച്ച് മനസ്സിലാക്കിയിരുന്നു.
ഒരു ദിവസം രാവിലെ ഇസ്മായിൽ ബോട്ടിൽ ഷാജഹാൻ പട്ടയിൽ കടവിൽ വന്നിറങ്ങി. നാണിയമ്മയെ കണ്ട ശേഷം അയാൾ നേരെ പോക്കറിന്റെ വീട്ടിലേക്ക് ചെന്നു.
"ഞങ്ങള് തമ്മില് ഇശ്ടത്തിലാ, സാജിദാനെ ഇൻക്ക് കെട്ടിച്ച് തരണം"
മുഖവുരയില്ലാതെ ഷാജഹാൻ പോക്കറിനോട് കാര്യം അവതരിപ്പിച്ചു. 
"പറ്റൂലാ, അവളെ കല്യാണം ഞാൻ മുമ്പേ തീരുമാനിച്ചതാ"
അതായിരുന്നു പോക്കറിന്റെ മറുപടി.
"അയിന് ഓൾക്ക് ആ കാര്യം ഇശ്ട്ടല്ലല്ലോ" ഷാജഹാൻ പറഞ്ഞു.
"പെങ്കുട്ട്യോളെ സമ്മതം ചോയിച്ചിട്ടാ കാര്യം തീരുമാനിക്കല്?...അവര്ക്ക് ഞാൻ വാക്ക് കൊടുത്തതാ"
"സാജിദ അയിന് സമ്മയിക്കൂല"
"അന്റെ പൂതി നടക്കൂല മോനെ...ജ്ജ് പ്പം പോ"
പോക്കറിന്റെ സഹോദരിയുടെ മകൻ നസീറിനെ കൊണ്ട് സാജിദയെ കല്യാണം കഴിപ്പിക്കാം എന്ന് സഹോദരിക്കും അളിയനും പോക്കർ വാക്കു കൊടുത്തിട്ടുള്ളതാണ്. 
പക്ഷേ സാജിദക്ക് ആ ബന്ധം ഇഷ്ടമല്ല, കാരണം നസീറിന്റെ സ്വഭാവം അത്ര ശരിയല്ല എന്ന് അവൾക്കറിയാം. കള്ള് കുടിയും അൽപ്പസ്വൽപ്പം വേണ്ടാത്തരങ്ങളും ഉള്ള വ്യക്തിയാണ് നസീർ. അക്കാര്യം കുറച്ചൊക്കെ പോക്കറിനും അറിയാം. കല്യാണം കഴിഞ്ഞാൽ അതെല്ലാം മാറിക്കൊള്ളും എന്നാണ് പോക്കറിന്റെ അഭിപ്രായം. 
സാജിദയെ കല്യാണം ആലോചിച്ച് വന്ന അന്ന് തൊട്ട് ഷാജഹാന്റെ ഉച്ചയൂണ് മുടങ്ങി. 
"ഓൻക്ക് ഇഞ്ഞ് ഇവ്ട്ന്ന് ചോറും കൊടുക്കണ്ട, ഓള് ഈ പെരവിട്ട് ഇഞ്ഞ് പോറത്തും പോണ്ട" അതായിരുന്നു പോക്കറിന്റെ കൽപ്പന. 
ഒരു ദിവസം ഉച്ചയ്ക്ക് കഞ്ഞി കുടിക്കാൻ നേരത്ത് സാജിദയെ വീട്ടിൽ കാണുന്നില്ല. നാല് പാടും തിരഞ്ഞു, ഫലമുണ്ടായില്ല. അവസാനം പോക്കർ പട്ടയിൽ കടവിലെത്തി. 
"സാജിദാനെ കണ്ടീർന്നോ നാണിയമ്മേ?" അയാൾ ചോദിച്ചു.
"ഞാൻ കണ്ടീലല്ലോ" നാണിയമ്മയുടെ മറുപടി.
"സാജിദ ഇസ്മായിൽ ബോട്ടിൽ കേറി പോണത് കണ്ടു"
പുഴക്കരയിൽ പനങ്കുരു കളിച്ചുകൊണ്ടിരുന്ന സുബ്രുവാണ് അത് പറഞ്ഞത്. പോക്കറിന് കാര്യം മനസ്സിലായി. ഒന്നും മിണ്ടാതെ അയാൾ വീട്ടിലേക്ക് മടങ്ങി. സാജിദ പോയ കാര്യം നാണിയമ്മക്ക് അറിയാമായിരുന്നു. പോക്കറിനെ പേടിച്ച് അവർ പറയാതിരുന്നതാണ്. നാണിയമ്മയോട് സമ്മതം ചോദിച്ചാണ് അവൾ ഷാജഹാന്റെ കൂടെ ഇസ്മായിൽ ബോട്ടിൽ കയറി പോയത്. മാലയോഗം ഇല്ലാതെ പോയ നാണിയമ്മക്ക് സാജിദയും ഷാജഹാനും ഒന്നിക്കുന്നതിൽ വലിയ ആനന്ദമായിരുന്നു. പ്രായപൂർത്തിയായ സാജിദയുടെ സമ്മതത്തോടെ ഷാജഹാന്റെ നാട്ടിലെ പള്ളിയിലെ ഖാസി അവരുടെ നിക്കാഹ് നടത്തിക്കൊടുത്തു.
"ഒരുമ്പെട്ടോള്...ഇൻക്ക് ഞ്ഞ് അങ്ങനൊരു മോളില്ല...കുടുംബത്തിന് ചീത്തപ്പേര് കേൾപ്പിച്ചോള്...ഓളെ ഞാനിഞ്ഞ് ഈ പെരേ കേട്ടൂല..പടച്ചോനെ, അളിയനോട് ഞാനെന്താ സമാദാനം പറയാ...നാട്ടുകാരെ മോത്ത് ഞാനിഞ്ഞ് എങ്ങനേ നോക്കാ..ഞ്ഞും രണ്ട് പെങ്കുട്യോള് ള്ളതാണല്ലോ ന്റെ റബ്ബേ"......പോക്കർ പിറുപിറുത്ത് കൊണ്ട് കോലായിൽ ഇരുന്നു. കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി സാജിദയുടെ ഉമ്മഅടുക്കളയിലും.
നാളുകൾ കുറെ കഴിഞ്ഞു. ഷാജഹാനും സാജിദയും കൂടി ഒരു ദിവസം പോക്കറിന്റെ വീട്ടിൽ വന്നു. 
"എറങ്ങി പൊയ്ക്കോ ഇവ്ട്ന്ന്, ഇൻക്ക് അന്നെ കാണണ്ട"
പോക്കർ അവരെ ആട്ടി പുറത്താക്കി.
സാജിദ പ്രസവിച്ചു എന്നറിഞ്ഞപ്പോൾ ഭാര്യ പോക്കറിനോട് ചോദിച്ചു - "ഞമ്മളൊന്ന് പോയി അവളേം കുട്ടീനേം കാണാ, എല്ലങ്കി അവരെ
ഇങ്ങട്ട് വിളിച്ചോണ്ട് വരാ?"
"മുണ്ടാതെ ഒരു പാത്ത് ഇരുന്നോ ജ്ജ്, ഓളെ ഞാനിഞ്ഞ് ഈ പെരേ കേറ്റൂലാ..അങ്ങട്ട് പോയി കാണൂംല്യ...ഇൻക്ക് ഞ്ഞ് അങ്ങനൊര് മോളുംല്യ". മാനക്കേട് ഉണ്ടാക്കിയ മകളുമായുള്ള എല്ലാ ബന്ധങ്ങളും അയാൾ എന്നേ ഉപേക്ഷിച്ച് കഴിഞ്ഞിരുന്നു. 
"നാണിയമ്മേ ചായ"....'പൈലറ്റ്' ബോട്ടിലെ സ്രാങ്ക് കൃഷ്‌ണൻ കുട്ടി വിളിച്ച് പറഞ്ഞു.
ഓർമ്മയുടെ ഓളങ്ങളിൽ തത്തിക്കളിക്കുകയായിരുന്നു നാണിയമ്മയുടെ മനസ്സ്. തിരൂരിലേക്കുള്ള പൈലറ്റ് ബോട്ട് കടവിലണഞ്ഞത് അവർ അറിഞ്ഞതേയില്ല. 
"ദാ...പ്പം കൊണ്ടെരാം മോനെ"
ഇറയത്ത് തല തട്ടാതിരിക്കാൻ കുനിഞ്ഞ് കൊണ്ട് നാണിയമ്മ തിടുക്കത്തിൽ ചായപ്പീടികയിലേക്ക് കയറി.
..............................................................................................
മാൽപ്പുര = കയറുൽപ്പന്നങ്ങൾ സൂക്ഷിക്കുന്ന ഷെഡ് 
.........തൊട്ടിയിൽ.............
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo