Slider

കാലം

0
Image may contain: ശ്രീജ ജയ്ചന്ദ്രൻ, closeup
___
ചുരിദാറിൻ്റെഷാൾകൊണ്ട് മുഖം അമർത്തിത്തുടച്ച്, തോളിലെ വലിയ സഞ്ചിവലിച്ച് കയറ്റിയിട്ട് ഒന്ന് ഉഷാറായിട്ടാണ് ഞാൻ ആ വലിയ ഇരുനിലവീടിൻ്റെ സിൽവർ പെയിൻ്റടിച്ച ഗേറ്റ് തള്ളിത്തുറന്ന് അകത്തു കടന്നത്.
ഇന്നിവിടെ ഏറ്റവും പുതിയ പ്രോഡക്ടായ മൾട്ടിപ്പർപ്പസ്സ് വെജിറ്റെബിൾ കട്ടറും , ഹോം ജിം ടൂളും വിൽക്കണം.
ഈയാഴ്ചയിലെ ടാർഗറ്റ് തികയ്ക്കണ്ടേ.
ഇല്ലെങ്കിൽ മാനേജർ ജോർജ്ജ്സാറിൻ്റെ ചീത്ത കേൾക്കണം.
കഴിഞ്ഞാഴ്ചയും അയാൾ ചീത്തപറഞ്ഞ് വയറുനിറച്ചു തന്നു.
ഈ വീട്ടിലാരുമില്ലേ.
ഒരു ഒച്ചയും അനക്കവുമില്ലല്ലോ.
"ഹലോ....ആരുമില്ലേ...
ഹലോ..."
നീട്ടി വിളിച്ചു..
ആരുടേയും മറുമൊഴി വന്നില്ലല്ലോ...?
ഇനി എന്നെ കണ്ടപ്പോൾ ,
ഒഴിവാക്കാൻ വേണ്ടി...
ഛെ...ആയിരിക്കില്ല...
സ്വയം സമാധാനിപ്പിച്ചു.
എന്തൊരു ചൂടാണ്.
ഇത്തിരി വെള്ളമെങ്കിലും കിട്ടിയിരുന്നെങ്കിൽ....
അടുക്കളയെവിടെയാണാവോ...
പിന്നാമ്പുറത്തേയ്ക്കൊന്നുപോയ്നോക്കിയാലോ..
നേരെ ആ വലിയ വീടിനെ പ്രദക്ഷിണം വെച്ച് നടന്നു..
അവിടെയെങ്ങും ഒരാളനക്കവുമില്ല.
എവിടെയോ പാത്രങ്ങളുടെ കലമ്പൽ...
ശബ്ദം കേട്ട ഭാഗത്തേക്ക് നടക്കുമ്പോൾ ..
പെട്ടെന്നാണ് അവിടത്തെ ഒരു ജന്നൽ തള്ളിത്തുറന്ന് ഒരു ഭീകരൻ പൂച്ച വട്ടം ചാടിയത്....
കള്ളിപ്പൂച്ച ...
വായിൽ ഒരു മുഴുത്ത മീൻതലയുമുണ്ട്...
ഭാഗ്യവാൻ..(അതോ ഭാഗ്യവതിയോ? )
ഇന്നത്തെക്കാര്യം കുശാലായീല്ലേ....
ഞാനതിനെ തെല്ലസൂയയോടെ നോക്കി.
'സഹോദരാ...ഞാനിവിടെ..കുടിനീര് തിരയുകയാണ്...
കണ്ണിൽ പുകമറയാണ്...
വെയിലിൻ്റെ...വിശപ്പിൻ്റെ...പുകമറ..."
ഞാനതിനോടെൻ്റെ സങ്കടം പറഞ്ഞു.
അവനതുകേൾക്കാൻ നിന്നില്ല...വാൽ പൊക്കിപ്പിടിച്ച് ഒരു ചാട്ടം കൈയ്യാലപ്പുറത്തേയ്ക്ക്...
അടുക്കളവരാന്തയിലെ പൈപ്പിൽനിന്ന് ദാഹമകറ്റുമ്പോൾ...എന്തോ..കണ്ണുകൾ നിറഞ്ഞു വന്നു.
അവിടെ നിന്നിറങ്ങി മുന്നോട്ട് നടക്കുമ്പോൾ
നടു മുറ്റത്തായ് ഒരു സാരി
വീണുകിടക്കുന്നത് കണ്ടു.
ഉണങ്ങാനിട്ടതാവണം.അഴയിൽ നിന്ന്
വീണിരിക്കുകയാണ്.
ചുവപ്പിൽ നിറയെ കറുപ്പ് പൂക്കളുള്ള ആ സാരി തിരിച്ച് അഴയിലേയ്ക്ക് വിരിച്ചിടുമ്പോൾ അതിൽനിന്നും കഞ്ഞിപ്പശയുടെ മണം മൂക്കിലേയ്ക്കടിച്ചു.
ആ നിറത്തിലൊരു സാരി അമ്മ പണ്ട് ഉടുത്തുകണ്ടിട്ടുണ്ട്.
ഇതിന് അമ്മയുടെ മണമുണ്ടോ...
രാസ്നാദിയുടെയും കഞ്ഞിപ്പശയുടേയും അമ്മ മണം...
മനസ്സിലെവിടെയോ ഒരു വിങ്ങൽ...
ചുട്ടുപഴുത്തവെയിലിലേയ്ക്കിറങ്ങി
അടുത്ത ഗേറ്റിലേയ്ക്ക് നടക്കുമ്പോൾ...
പിന്നിൽ ഒരു വിളി കേൾക്കുന്നുണ്ടോയെന്ന് വെറുതെയൊരുതോന്നൽ.
"എന്നോടുള്ള ദേഷ്യം അന്നത്തിൻമേൽ കാട്ടല്ലേ..രാവിലെ കാലിവയറുമായി പോവല്ലേ..വാശി നന്നല്ലട്ടോ പെണ്ണേ...
ഇതു കഴിച്ചിട്ട് പോ..."
അമ്മയുടെ ശബ്ദം...ഇന്നും അതേ തെളിമയോടെ...
വർഷങ്ങൾക്കുപിന്നിലേക്ക് കാതുകൾ കൂർപ്പിച്ചു.
അതുകേൾക്കാത്തമട്ടിൽ
അന്നു നടന്നതുപോലെ ത്തന്നെ ഇന്നും കാലുകൾ നീട്ടിനീട്ടിവെച്ച് വേഗത്തിൽ നടന്നു...
തിരിഞ്ഞൊന്നുനോക്കാതെ..വാശിയോടെ...
എല്ലാം അവഗണിച്ച്...
അവഗണന മരണത്തിനു തുല്യമാണത്രേ...
അമ്മയ്ക്കും വേദനിച്ചിരിക്കും.
കണ്ണുകൾ പെയ്യാൻ തുടങ്ങിയിരിയ്ക്കുന്നു ഇപ്പോൾ....
ചുണ്ടുകൾ വിറച്ചു.. പൊരിവെയിൽ ച്ചൂട് ഉള്ളിലേയ്ക്കെടുത്ത് പിറുപിറുത്തു.
"മനസ്സൊരു മാമഴയായെങ്കിൽ...
ഓർമ്മതൻനാമ്പുകൾ തഴുകിത്തലോടിയിറങ്ങി വരും...
പൊൻകിനാക്കുന്നുകളെ സ്നേഹത്തിൻ തൂമഞ്ഞാൽ പൊതിഞ്ഞുതരും..
അപ്പോഴും...ഈ
കൺപീലികൾ മാമഴയാൽ നിറഞ്ഞ് കവിഞ്ഞൊഴുകും..
ഒഴുകട്ടെയത് ഇടിവെട്ടി പ്പെയ്യട്ടെ...
പെയ്തുതന്നെ തോരട്ടെ...."
_____
ശ്രീജ ജയ്ചന്ദ്രൻ
8/8/18
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo