Slider

വംശി

0
Image may contain: 1 person, tree and outdoor

ഇന്ന് വംശിയുടെ ചിലവാണ്...
അവന് പ്രൊമോഷൻ കിട്ടിയിരിക്കുന്നു.
നഗരപ്രാന്തത്തിലെ പ്രശസ്തമായ ചിക്കൻ കോർണറിൽ ഒരു ഫുൾ കോഴിയും ചപ്പാത്തിയും ഓർഡർ ചെയ്ത് ഞങ്ങൾ മേശക്ക് ചുറ്റും ഇരുന്നു.
ഞങ്ങൾ നാല് പേരുണ്ടായിരുന്നു.
അവ്നി പഞ്ചാബിലെ സിഖ് കുടുംബത്തിൽ നിന്നാണ്. ഇവിടെ ബാങ്ക് ജോലിക്കാരി. ഹോസ്റ്റൽ വാസി.
തിരുവല്ലാക്കാരി ഷെറിനും നാഗർകോവിൽ സ്വദേശി വംശി ദാസും ഞാനും.
ഷെറിൻ ടീച്ചർ ആണ്.
വംശി ഇൻഫോപാർക്കിൽ എഞ്ചിനീയർ.
ഇതിലൊന്നും പെടാത്ത ഞാൻ അപ്പന്റെ ബിസിനസും നോക്കി നടക്കുന്ന ഒരു പാവം.
ഒരു ഹർത്താൽ ദിനമാണ് ഞങ്ങളെ ഒന്നിച്ച് ചേർത്തത്.
ഒരു വര്ഷം മുൻപ് തുടങ്ങിയ സൗഹൃദം വല്ലപ്പോഴുമുള്ള കൂടിക്കാഴ്ചകളിൽ കൂടിയും ഫോണിൽ കൂടിയും നിലനിർത്താനാകുന്നുവെന്നത് ഞങ്ങൾക്ക് തന്നെ അത്ഭുതമാണ്......
ഇംഗ്ലീഷും ഹിന്ദിയും മലയാളവും ചേർന്ന അവ്നിയുടെ ഭാഷയെ കളിയാക്കുന്നത് സാധാരണ എന്റെ പ്രിയ വിനോദമാണ്.
പക്ഷെ ഇന്ന്
ഞാൻ കള്ളനാണ്....
എനിക്കിന്ന് അവളുടെ കണ്ണുകളിൽ നോക്കാൻ സാധിച്ചിട്ടില്ല.
കൂടുതൽ ചിന്തിക്കാൻ വെയിറ്റർ അനുവദിച്ചില്ല.
ഭക്ഷണം നിരന്നു.
വംശി ദാസ് വംശം കൊണ്ട് ബ്രാഹ്മണനാണെങ്കിലും ഭക്ഷണത്തിന് മുൻപിൽ തനി കാട്ടാളനാണ്. അവ്നി ചിക്കൻ കഴിക്കില്ല. ചപ്പാത്തിയും സലാഡും ഒരു ഗ്ലാസ് പാലും അതാണവളുടെ ശീലം.
സന്ധ്യ ചുവപ്പ് വിതറി പൂത്ത് നിൽക്കുന്നുണ്ടായിരുന്നു.
കോട്ടയം എന്ന കൊച്ചു നഗരം മുഴുവൻ അലഞ്ഞ് തിരിഞ്ഞാണ് ഇവിടെ വന്നു കയറിയത്. എസി ഉണ്ടായിട്ടും വിയർക്കുന്നുണ്ട്.
വെയ്റ്ററോട് ആംഗ്യ ഭാഷയിൽ
ഫാനിടാൻ ഷെറിൻ പറഞ്ഞു.
കാറ്റ് കുളിർ വീശിത്തുടങ്ങി... അതിവേഗം നല്ല കാറ്റായി...
ഷർട്ടിന്റെ കോളർ പുറകിലേക്ക് വലിച്ചിട്ട് ഞാൻ ചാരിയിരുന്നതും ഒന്നിന് പുറകെ ഒന്നായി ചപ്പാത്തികൾ പറന്ന് നിലത്തു വീണു.
ഞങ്ങൾ പരസ്പരമൊന്ന് നോക്കി പൊട്ടിച്ചിരിച്ചു.
അവനിയുടെ മുഖത്ത് ഗൗരവം തന്നെ ആയിരുന്നു. ഞാൻ അവളുടെ മുഖത്ത് നോക്കിയതേയില്ല.
വല്ലാതെ വിളറിപ്പോയ വെയ്റ്റർ ഫാനിന്റെ സ്പീഡ് കുറച്ചു. വേഗം തന്നെ വേറെ ചപ്പാത്തി കൊണ്ടുവന്നു.
പല തവണ എന്റെയും അവ്നിയുടെയും കണ്ണുകൾ ഉടക്കിയെങ്കിലും ഞാൻ വിദഗ്ധമായി ഒഴിഞ്ഞു മാറി.
പലതും സംസാരിച്ച് രണ്ട് മണിക്കൂർ പോയത് അറിഞ്ഞില്ല.
വീണ്ടും കാണാമെന്ന് പറഞ്ഞ് പരസ്പരം കൈ കൊടുത്തപ്പോഴാണ് കവിളടച്ച് അവ്നി എനിക്കിട്ടൊന്ന് പൊട്ടിച്ചത്.....
ഷെറിനും വംശിയും ഞെട്ടിയപ്പോൾ എന്റെ കണ്ണിൽ നിന്ന് ഞാൻ പോലുമറിയാതെ കണ്ണീർ ഒഴുകി.
ഒന്നും മിണ്ടാതെ തല കുനിച്ച് മുന്നോട്ട് നടന്നപ്പോൾ എനിക്കറിയാമായിരുന്നു ആ അടി അമർജിത് നു ഉള്ളതാണെന്ന്.
വംശിയും ഷെറിനും പിന്നിൽ നിന്ന് വിളിക്കുന്നുണ്ടായിരുന്നു.
തിരുനക്കര അമ്പലത്തിന്റെ മുന്നിലെത്തിയപ്പോൾ കന്യാകുമാരിയിലെ പേരറിയാത്ത ഒരമ്പലം ഓർമ്മകളിൽ നൊമ്പരമുണർത്തി.
അതിന് മുന്നിലാണ് നീളൻ പാവാടയും നിറയെ കണ്ണാടി പിടിപ്പിച്ച ഉടുപ്പുമിട്ട വെളുത്ത് മെലിഞ്ഞ അമർജിത്തിനെ ഞാൻ ആദ്യമായി കണ്ടത്;ആറ് മാസം മുൻപ്.
വംശിയും മറ്റൊരു സുഹൃത്തും ഒപ്പമുണ്ടായിരുന്നു.
അവളുടെ പ്രകാശം മങ്ങിയ മിഴികൾ എന്നെ കണ്ടതേയില്ല.
അത് നിറഞ്ഞിട്ടുണ്ടെന്ന് എനിക്ക് തോന്നി.
എനിക്കെന്തോ അവളുടെ പിന്നാലെ പോകാനാണ് തോന്നിയത്.
ഉള്ളിൽ ഉണ്ടായിരുന്ന ബിയറും കൂടെയുണ്ടായിരുന്ന കൂട്ടുകാരുടെ സപ്പോർട്ടും കൂടിയായപ്പോൾ മറ്റൊന്നിനെ കുറിച്ചും ആലോചിച്ചില്ല.
കടൽ തീരത്ത് അവൾ അസ്തമയം കണ്ടപ്പോൾ അവളുടെ തുടുത്ത കവിളിലും അപ്പോഴും നിറഞ്ഞു നിന്ന കണ്ണിലുമാണ് ഞാൻ അസ്തമയം കണ്ടത്.
വിവേകാന്ദ കേന്ദ്രയിലെ അവളുടെ മുറിക്കരികിൽ തന്നെ റൂമെടുത്തപ്പോഴും അവളിലേക്ക് ഒരു വഴി എന്റെ മുന്നിലുണ്ടായിരുന്നില്ല.
ഒരു കള്ളനെപ്പോലെ എന്റെ കണ്ണുകൾ അവളുടെ മുറിയിലെ ലൈറ്റ് അണയും വരെ പിന്നാലെയുണ്ടായിരുന്നു.
ഉറങ്ങാൻ തോന്നിയില്ല.
താഴെയിറങ്ങി....
പേരറിയാത്തൊരു മരത്തിന് താഴെ സിമന്റ് ബഞ്ചിൽ ഒരു സിഗരറ്റും പുകച്ച് ചാരിയിരുന്നപ്പോൾ അവളുടെ മുഖമല്ലാതെ പേര് പോലും അറിയില്ലല്ലോ എന്ന് ഞാൻ ഓർത്തില്ല.
സ്വപ്നത്തിൽ കാലിലേക്ക് ഒരു വലിയ തിരമാല വന്ന് ചിതറിയപ്പോഴാണ് എപ്പോഴോ വീണുപോയ ഉറക്കത്തിൽ നിന്ന് ഞാൻ ഞെട്ടിയുണർന്നത്.
ഒരു പാദസര കിലുക്കം കേൾക്കുന്നത് പോലെ തോന്നിയാണ് ചുറ്റുപാടും നോക്കിയത്. നേർത്ത നിലാവിൽ നടന്ന് പോകുന്ന സ്ത്രീ രൂപം കടലിന് നേർക്കാണ് പോകുന്നതെന്ന് തോന്നിയപ്പോൾ ഒന്നുമാലോചിക്കാതെ പുറകെ പോയി.
മുന്നിൽ കയറി തടഞ്ഞ് നിർത്തിയപ്പോഴാണ് അത് അവളാണെന്ന് മനസ്സിലായത്.
ഒരുവാക്ക് പോലും ചോദിക്കാതെ കൈ പിടിച്ച് വലിച്ച് നിലത്തിരുത്തി.
കുറെയധികം സമയം ഒരു വാക്കു പോലും മിണ്ടാതെ മുട്ടുകക്ക് മീതേ തല ചായ്ച് അവളിരുന്നു. നിറഞ്ഞൊഴുകുന്ന മിഴികൾ നേരിയ വെളിച്ചത്തിൽ എനിക്ക് കാണാമായിരുന്നു.
പിന്നെയവൾ പറഞ്ഞത് വിശ്വസിക്കാൻ പ്രയാസം തോന്നിയ കഥയാണ്.
അല്ലെങ്കിലും ചില സമയത്ത് ജീവിതം അങ്ങനെയൊക്കെയാണ്.
അല്ലെങ്കിൽ പിന്നെ ഏതോ ഒരു ജ്യോത്സ്യന്റെ വാക്ക് കേട്ട് അപ്പനെക്കാൾ പ്രായമുള്ള ഒരാളുമായി കല്യാണമുറപ്പിച്ചപ്പോൾ അനിയത്തി ജോലി ചെയ്യുന്ന നാട്ടിലേക്ക് രായ്ക്ക് രാമാനം വണ്ടി കേറുമോ ?
അവൾ പറഞ്ഞ കരുനാഗപ്പള്ളി എന്ന പേര് തെറ്റി കന്യാകുമാരിയിൽ കിടന്ന് ചുറ്റിക്കറങ്ങുമോ ?
ആത്മഹത്യക്കിറങ്ങി എന്റെ മുന്നിൽ വന്ന് പെടുമോ ??
ഇതാണ് ചില നേരത്ത് ബുദ്ധി കൂടിയാലും കുഴപ്പമാണെന്ന് തോന്നുന്നത്......
ആരും ട്രെയ്‌സ് ചെയ്യാതിരിക്കാൻ മൊബൈൽ വീട്ടിൽ വച്ചു. പക്ഷെ അനിയത്തിയുടെ നമ്പർ എടുക്കാൻ മറന്നു.....
എനിക്ക് ചിരിക്കാനാണ് തോന്നിയത്.....
ചിരിക്കുകയും ചെയ്തു.
അവളെന്നെ എരിയുന്ന ഒരു നോട്ടം നോക്കി.
എനിക്കെന്തോ അവളുടെ നീണ്ട മൂക്കിൻ തുമ്പിൽ വേദനിപ്പിക്കും വിധം കടിക്കാനാണ് തോന്നിയത്....
എന്റെ തോന്നലിനെ ഒരു മജീഷ്യനെപ്പോലെ മറച്ചു പിടിച്ച് ഞാൻ അവളുടെ അനിയത്തിയുടെ വിവരങ്ങൾ തിരക്കി.
എനിക്ക് വിശ്വസിക്കാനാവുന്നില്ലായിരുന്നു.
അവ്നിയുടെ ചേച്ചി...
അവ്നി പലപ്പോഴും ചേച്ചിയെ കുറിച്ച് പറഞ്ഞിട്ടുണ്ട്.
അമർജിത്......
പിന്നെ ഞങ്ങൾ ഒരുപാട് സംസാരിച്ചു.....
എനിക്ക് അവ്നിയെ അറിയാമെന്ന് പറഞ്ഞപ്പോൾ അവൾ പരിഭ്രമിച്ചു.
പക്ഷെ, എനിക്ക് ഒടുക്കത്തെ കോൺഫിഡൻസ് ആയിരുന്നു.
വംശിയോടും ജോർജിനോടും അപ്പൻ വിളിച്ചുവെന്ന് പറഞ്ഞ് നേരം പുലരും മുൻപ് അമർജിത്തിനെയും കൂട്ടി ഞാൻ നേരെ കോഴിക്കോടിന് പോയി.
കോളേജിൽ ഒപ്പം പഠിച്ച വീണയുടെ 'അമ്മ നടത്തുന്ന ഹോസ്റ്റലിൽ അവളെ ചേർത്ത് നാട്ടിലെത്തി.
കാമുകനൊപ്പം അവൾ ഒളിച്ചോടിയെന്നു വിശ്വസിച്ച വീട്ടുകാർ ജ്യോത്സ്യന്റെ വാക്ക് കേട്ട് അവളെ അന്വേഷിച്ചതേയില്ല.
അവ്നി പലപ്പോഴും ചേച്ചിയെക്കുറിച്ച് ആശങ്ക പങ്കുവച്ചു.
ഇന്നലെ ഞാൻ അവ്നിയെ വിളിച്ചു. ചേച്ചിയെ കുറിച്ച് പറഞ്ഞ് അവ്നി കരഞ്ഞു.
ഇനിയും ഒന്നും ഒളിക്കേണ്ടതില്ലെന്ന് എനിക്ക് തോന്നി. ഞാൻ മുഴുവൻ പറഞ്ഞു തീരും വരെ അവ്നി ശബ്ദിച്ചില്ല.
ഒന്നും പറയാതെ ഫോൺ കട്ട് ചെയ്യുകയും ചെയ്തു.
ഇന്ന് അവളോട് സന്ധി ചെയ്യാനാണ് ഞാൻ എത്തിയത് തന്നെ. പക്ഷെ......
മൊബൈൽ ശബ്ദിച്ചപ്പോൾ ഞാനെടുത്തു.
വംശിയാണ്.
എവിടെയാണെന്ന് മാത്രേ അവൻ ചോദിച്ചുള്ളൂ.
പത്തു മിനിറ്റിനുള്ളിൽ മൂന്നും കൂടി മുന്നിലെത്തി.
അവ്നിയുടെ കണ്ണുകൾ കലങ്ങിയിരുന്നു.
ഷെറിന്റെയും വംശിയുടെയും കണ്ണുകളിൽ ഞാൻ അത്ഭുതം കണ്ടു.
അവ് നി എല്ലാം പറഞ്ഞിട്ടുണ്ടാവണം.
എന്റെ കൈകൾ കൂട്ടിപ്പിടിച്ച് ഭയ്യാ എന്നവൾ വിളിച്ചപ്പോൾ എന്റെ ഹൃദയത്തിലെന്തോ നിറഞ്ഞ് തൂവി.
കണ്ണിലും.......
പഞ്ചാബി യും ഇംഗ്ലിഷും മലയാളവും കലർന്ന ഭാഷയിൽ കരഞ്ഞുകൊണ്ട് അവ് നി എന്തൊക്കെയോ പറഞ്ഞു.
എനീക്കതിന്റെ അർത്ഥം പൂർണ്ണമായി മനസ്സിലായില്ല. പക്ഷേ ആശയo നന്നായി മനസ്സിലാവുകയും ചെയ്തു .
രണ്ടു പേരിൽ നിന്നുമായി അവരുടെ പരസ്പര സ്നേഹം ഞാൻ മനസ്സിലാക്കിയതാണ്.
ഒരാഴ്ചക്ക് ശേഷമാണ് ഞങ്ങൾ കോഴിക്കോടിന് പോയത് . അമർജിത് രൂപത്തിൽഒരു മലയാളിപ്പെണ്ണായി മാറിയിരിക്കുന്നു .
രണ്ടു പേരുടേയും കണ്ണീരിന്റെയും കണ്ടുമുട്ടലിന്റെയും കെട്ടിപ്പിടിക്കലിന്റെയും നടുവിൽ നമുക്കെന്ത് കാര്യം'
പൊന്നുരുക്കുന്നിടത്ത പൂച്ചയാകാതെ ഞാൻ മാറി നിന്നു.
നെഞ്ചിൽ എന്തൊക്കെയോ നിറഞ്ഞ് തുളുമ്പുന്നുണ്ടായിരുന്നു.
പത്രമല്ലാതെ മറ്റൊന്നും വായിക്കാത്ത എനിക്ക് യാദൃശ്ചികതയിൽ ഒരു വിശ്വാസവും ഉണ്ടായിരുന്നില്ല'.
കഥകളിലെയും സിനിമയിലെയും നാടകീയതയെ അങ്ങേയറ്റം കളിയാക്കിയിരുന്ന ഞാൻ എന്റെ ജീവിതം എവിടെക്ക് ഒഴുകുന്നതെന്നറിയാതെ പകച്ചു നിന്നു.
ആശങ്ക പറഞ്ഞപ്പോൾ ഷെറിൻ പറയുവാണ് മനോരമയോട് പറയാം അവർ റൂട്ട് മാപ്പ് വരച്ചു തരുമെന്ന്.. ...
പെരുവഴിയിലായിപ്പോയി അല്ലെങ്കിൽ ഈ മൊതലിനെയെടുത്ത് കിണറ്റിലി ട്ടേനെ.
ടെൻഷൻ കൊണ്ട് ഞാൻ നഖം കാര്യമായി തിന്നുന്നത് കണ്ട് വംശീ എന്നെ ആശ്വസിപ്പിച്ചു'
,, എല്ലാ മേ നല്ല പടിയാ മുടിഞ്ചിടിച്ച് ഇന്നും എതുക്ക് ടെൻഷൻ?''
,, എടാ പാണ്ടീ ഞങ്ങടെ നാട്ടിലൊരു ചൊല്ലുണ്ട് ഒരു മൂച്ചിന് കിണറ്റിൽ ചാടിയാൽ പത്തു മൂച്ചിന് തിരിച്ചു കേറാൻ പറ്റില്ലെന്ന്...... ഞാനിപ്പോ ഏതാണ്ട് ആ അവസ്ഥേലാ,,
സാധാരണ പാണ്ടീ എന്നു വിളിച്ചാൽ അവനെന്റെ അപ്പന് വിളിക്കാറാണ് പതിവ്.
ഇന്നതുണ്ടായില്ല.
അവനെന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി '
"ഇവിടെ ഒരു പരിധി വരെ എല്ലാം ഓക്കേ......
പക്ഷേ നിനക്കെന്റെ അപ്പനെ അറിയില്ലല്ലോ?
വെട്ടൊന്ന് തുണ്ടം രണ്ട് അതാ കണക്ക്.....
ഞാൻ ഒരു പെണ്ണിനെ കടത്തിക്കൊണ്ട് വരുന്നു.....
രഹസ്യമായി താമസിപ്പിക്കുന്നു.
അതും പഞ്ചാബി ....
അമ്മച്ചിയും ഇച്ചായനും കൂടി എന്നെ വലിച്ച് കീറി അടുപ്പിൽ വയ്ക്കും."
വംശി ഉച്ചത്തിൽ ചിരിച്ചു.
"അപ്പോ ഇത് വന്ത് പടത്തോടെ ക്ലൈ മാക്സ് അല്ലയേ........ ടൈറ്റിൽസ് താൻ ഓടിയിട്ടിരുക്ക്....... സ്റ്റാർട്ട് ഇപ്പടീന്നാ പടം വന്ത് സൂപ്പറാരുക്കും......
ആൾ ദ ബെസ്റ്റ് മച്ചാ........ ഇന്നാടെ ടൈം ബെസ്റ്റ് ടൈം"
ആശങ്കയുടെ നൂൽപlലത്തിന് നടുവിൽ അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാതെ ഞാൻ നിന്നു.
ലജ്ജ കലർന്ന ചിരിയോടെ അമർജിത് എന്റെ നേർക്ക് നടന്ന് വരുന്നുണ്ടായിരുന്നു.
തുടരും
Dr ശാലിനി ck
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo