Slider

ബോംബ്‌ !

0
Image may contain: 1 person, smiling, beard and eyeglasses


പണിക്കത്തി അഥവാ പണിക്കരുടെ കത്തി!

**********
ഞങ്ങളുടെ നാട്ടിലേക്ക് മരുമകനായെത്തിയ ഒരു ചേട്ടനുണ്ടായിരുന്നു. തയ്യലായിരുന്നു ഈ ഭൂലോകത്തില്‍ അദ്ദേഹ ത്തിനറിയാമായിരുന്ന ഏക പണി.
ഞങ്ങളുടെ നാട്ടില്‍ ഒട്ടനേകം പാരമ്പര്യ തയ്യല്‍ക്കാര്‍ ഉണ്ടായിരുന്നതിനാല്‍ അദ്ദേഹത്തിന് യാതൊരു സ്കോപ്പും ഉണ്ടായിരുന്നില്ല. അത് കൊണ്ട് അദ്ദേഹം വാചകമടിയില്‍ സ്പെഷ്യലൈസ് ചെയ്തു! വാചകത്തിന്റെ ഒരേയൊരു പ്രശ്നം ഇദ്ദേഹത്തിന്റെ ശബ്ദം ആയിരുന്നു. നല്ല കെ എസ് ചിത്ര ടോണിലായിരുന്നു സംസാരം.
പണ്ടൊരു ബോബനും മോളിയിലെ ഉപ്പായിമാപ്ല പറയുന്ന പോലെ..ഇങ്ങനെ വെറുതെ കിടന്നുറങ്ങി ബോറടിയ്ക്കുമ്പോള്‍ ഞാന്‍ പോയി റെസ്റ്റ് എടുക്കും എന്ന മട്ടില്‍ ബാക്കിയുള്ള സമയം ഭാര്യവീട്ടില്‍ വെറുതെ ഇരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ വിനോദം.
അന്ന വിചാരം മുന്ന വിചാരം എന്നാണല്ലോ...
കുറച്ചു നാള്‍ ഇങ്ങനെ പോയപ്പോ ഇദ്ദേഹത്തിന്റെ ഭാര്യ അപകടം മണത്തു.
അല്ലറ ചില്ലറ ചിട്ടികളും ലോണുകളും കടങ്ങളുമോക്കെയായി ഒരു പലചരക്ക് കട തട്ടിക്കൂട്ടി ഇങ്ങേരെ അവിടെ ഇരുത്തി.
അരി, പല വ്യഞ്ജനങ്ങള്‍ തുടങ്ങിയ സാധനങ്ങള്‍ കൂടാതെ ഒരു മിനി സൂപ്പര്‍ മാര്‍ക്കറ്റിനു വേണ്ട എല്ലാ സാധനങ്ങളും കടയില്‍ ഉണ്ടായിരുന്നു.
ആകെ പ്രശ്നം ആളുകള്‍ വരുന്നില്ല എന്ന് മാത്രമായിരുന്നു.
വല്ലപ്പോഴും വരുന്ന ആളുകളാകട്ടെ ഇദ്ദേഹത്തിന്റെ ലാത്തിയടി കേള്‍ക്കാന്‍ വേണ്ടി മാത്രം വരുന്നവരോ അല്ലെങ്കില്‍ അബദ്ധത്തിനു വഴി തെറ്റി വന്നവരോ ആയിരുന്നു.
വാചകമടിയുടെ ഗ്രേഡ് കൂടിയപ്പോള്‍ നാട്ടുകാര്‍ പുള്ളിയ്ക്കൊരു പേരുമിട്ടു. ബോംബ്‌!.
ഒരിക്കല്‍ ബോംബിന്റെ കടയില്‍ അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ചെന്ന ഒരു വല്യമ്മ ബോംബിനോട് ചോദിച്ചു.
"ഒരു കിലോ പഞ്ചസാര "
ഉടനെ വന്നു മറുപടി.
"പഞ്ചസാര ഇല്ല. ടൌണില്‍ പോയി കൊണ്ട് വന്നിട്ട് വേണം. ഒരു ബക്കറ്റ് കൊണ്ടോക്കോ...ഇന്നലെ ടൌണില്‍ നിന്ന് കൊണ്ടു വന്നതാ..."
ബോംബിന്റെ ശബ്ദത്തെ ഞങ്ങളുടെ നാട്ടിലെ മിക്കയാളുകളും രഹസ്യമായും പരസ്യമായും കളിയാക്കാറുണ്ടായിരുന്നു.
ഒരിക്കല്‍ കടയില്‍ നിന്നും ഒരു സോഡാ കുടിച്ചതിനു ശേഷം ഒരുത്തന്‍ ആരോപിച്ചു.
"ഇതിനൊരു ഗ്യാസും ഇല്ലല്ലോ..."
ബോംബ്‌ പറഞ്ഞു.
"ശരിയാ..ഇപ്പഴത്തെ സോഡായൊക്കെ എന്നതാ...പണ്ടൊക്കെയായിരുന്നു സോഡാ...പൊട്ടിച്ചാ..ടിഷ്...ന്നു കേക്കും! "
കെ എസ് ചിത്ര ശബ്ദത്തിന്റെ മാധുര്യം കാരണം ടിഷ് എന്ന ശബ്ദത്തിന് ധാരാളം കൈയടി കിട്ടി!
കട തുടങ്ങി കുറച്ച് ആയപ്പോഴേക്കും കത്തി കേള്‍ക്കുന്നവരുടെയും രാവിലെ പത്രം വായിച്ചു വെടി പറയുന്നവരുടെയും ഒരു ചെറിയ ടീം കടയില്‍ രൂപപ്പെട്ടു. നാടിലെ ഒട്ടുമിക്കവാറും എല്ലാ കാര്യങ്ങളും ഞങ്ങള്‍ ഡിസ്കസ് ചെയ്ത ശേഷമാണ് നടപ്പാകുന്നത് എന്ന മട്ടിലായി ടീമിന്റെ മട്ടും മാതിരിയും.
ഒരു ദിവസത്തെ ഒരു ഡിസ്കഷന്‍ ഇങ്ങനെയായിരുന്നു.
"നമ്മുടെ അജി ഒരു പുതിയ കാര്‍ ഓടിച്ചു നടക്കുന്ന കണ്ടല്ലോ.."
"അതവന്റെ കൂട്ടുകാരന്റെയാ.. ആ ക്രഷര്‍ നടത്തുന്ന പോളിന്റെ.."
"ആരടെയായാലെന്താ...ഉഗ്രന്‍ കാറാ..."
"ഓഡിയാ..."
"ഓഡിയോ...അതെന്നതാ..."
"അതൊരു ഫോറിന്‍ കാറാ...പുതിയതായി വന്നതാ ഇന്ത്യേല്."
ഇത്രയുമായപ്പോഴേക്കും ബോംബ്‌ ഇടപെട്ടു.
"ആര് പറഞ്ഞു ഓഡി പുതിയതായി വന്നതാണെന്ന്? കാറ് ചെലപ്പം പുതിയതായിരിക്കും പക്ഷെ ആ കമ്പനി ആദ്യമേ ഇന്ത്യയിലുണ്ടായിരുന്നു."
"ആണോ? കാറല്ലാതെ പിന്നെ എന്താ ഇന്ത്യേലോണ്ടായിരുന്നെ?"
ഒന്ന് മുരടനക്കി കഴുത്തൊക്കെ രണ്ടു സൈഡിലേക്കും വെട്ടിച്ച് ആര്‍ക്കുമറിയാതിരുന്ന ആ രഹസ്യം ബോംബ്‌ പുറത്ത് വിട്ടു.
"വള്ളം!
ഈ ആറന്‍മൊളേലൊക്കെ വള്ളം കളിയ്ക്കെറക്കണ ഓഡി വള്ളം പിന്നെ ആരെറക്കിയതാന്നാ വിചാരം?"

By Rajeev Panicker
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo