Slider

കുഞ്ഞാടുകൾ

0
Image may contain: Saji M Mathews, smiling, selfie and closeup

"ഹാലേലുയ്യ ..... ഹാലേലുയ്യാ..... "
സീയോൻ എന്ന പേരിലറിയപ്പെടുന്ന കുന്നിന് മുകളിലെ സുവിശേഷ ഹാളിൽ നിന്ന് ആയിരക്കണക്കിന് ഭക്ത ജനങ്ങൾ ഒരേ സ്വരത്തിൽ കർത്താവിനെ സ്തുതിക്കുന്ന ശബ്ദം.
റബ്ബർ തോട്ടത്തിൽ ഒരുക്കിയിരുന്ന പാർക്കിങ് ഗ്രൗണ്ടിൽ കാർ നിർത്തി ഇറങ്ങുമ്പോൾ മാത്തൻ തരകന്റെ കാതുകളിൽ ആ ശബ്ദം ഒരു തെന്നൽ പോലെ ഒഴുകിയെത്തി.
വരുന്നവഴി പുതിയതായി വാങ്ങിയ ബൈബിൾ കയ്യിലെടുക്കുമ്പോൾ മാത്തനും മനസ്സിൽ പറഞ്ഞു - "ഹാലേലൂയ്യാ"... ആദ്യമായ് സ്കൂളിൽ പോകുന്ന കുട്ടിയെപ്പോലെ, ഒരൽപം സങ്കോചത്തോടെ സുവിശേഷ ഹാൾ ലക്ഷ്യമാക്കി നടന്നു.
ചുറ്റും റബ്ബർ മരങ്ങൾ നിറഞ്ഞ കുന്നിനു മുകളിലാണ് കുറച്ചു വർഷങ്ങളായി, പി പി ജോണച്ചൻ എന്ന വിഖ്യാത സുവിശേഷ പ്രാസംഗീകൻ നടത്തുന്ന കരിസ്മാറ്റിക് ബൈബിൾ ക്ലാസും രോഗശാന്തി ശുശ്രുഷയും നടന്നുവന്നിരുന്നത്.
ബൈബിൾ വചനങ്ങൾ അനർഗ്ഗളമായ് ഉദ്ധരിച്ചുകൊണ്ടുള്ള ജോണച്ചന്റെ സുവിശേഷ പ്രസംഗം കേട്ട്കൊണ്ട് മാത്തൻ തരകൻ സാവകാശം മല മുകളിലേക്കുള്ള പടികൾ കയറാൻ തുടങ്ങി.
"അതേ..... ഒന്ന് നിന്നേ " .. ..
ആരോ പുറകിൽ നിന്ന് വിളിക്കുന്ന കേട്ട് മാത്തൻതരകൻ തിരിഞ്ഞ് നോക്കി.
ശുഭ്ര വസ്ത്ര ധാരിയായ ഒരു വയോധികൻ വളരെ കഷ്ടപ്പെട്ട് മല കയറി വരുന്നു. അടുത്തെത്തിയപ്പോൾ
അദ്ദേഹം അഭ്യർത്ഥിച്ചു.
"ഒന്ന് കൈയ്യിൽ പിടിക്കാമോ.. നടക്കുമ്പോൾ വേച്ചു പോകുന്നപോലെ".
മാത്തൻതരകൻ സന്തോഷപൂർവ്വം ആ വയോധികൻറെ കൈയ്യിൽ പിടിച്ചു മുന്നോട്ട് നടന്നു..
"എന്റെ പേര് തോമാച്ചൻ, ഇവിടടുത്താ താമസം. മിക്കവാറും ദിവസം വചന പ്രഭാഷണം കേൾക്കാൻ വരാറുണ്ട് , ആട്ടെ മോൻറെ പേരെന്താ...ഇവിടെ മുമ്പ് കണ്ടിട്ടില്ലല്ലോ..ആദ്യമായിട്ടാണോ ഇവിടെ വചനം കേൾക്കാൻ വരുന്നത് ? "
"ഞാൻ മാത്തൻതരകൻ.. പാലായിലാ വീട്.. ആദ്യമായിട്ടാ ഇങ്ങനെ ഒരു യോഗത്തിന് വരുന്നത് "..
കിതപ്പ് കൂടിയപ്പോൾ തോമാച്ചൻ നടപ്പ് നിർത്തി, ഒരു ദീർഘശ്വാസമെടുത്തു. മാത്തൻതരകന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കികൊണ്ട് ചോദിച്ചു..
"എന്താ ഇപ്പൊ.. അല്ല ഇവിടെ വരാനെന്തെങ്കിലും പ്രത്യേകിച്ച് കാരണം ? ...
"ഏയ് ഒന്നുമില്ല.. ഒരു തോന്നൽ.. ഒന്നിവിടെവരെ വരണമെന്ന്.. പ്രത്യേകിച്ചൊന്നും ഉണ്ടായിട്ടല്ല "..
മറുപടിയിൽ തൃപ്തനാകാതെ തോമാച്ചൻ വീണ്ടും ചോദിച്ചു...
"അല്ല എന്തോ ഉണ്ട്...പറയുന്നതിൽ വിരോധമുണ്ടെങ്കിൽ വേണ്ട.."
അവർ വീണ്ടും നടപ്പ് തുടർന്നു.
മാത്തൻതരകൻ മടിച്ചുമടിച്ച് പറയാൻ തുടങ്ങി..
"കുറച്ചു നാളായി വല്ലാത്ത തലവേദന, അങ്ങിനെയാണ് രണ്ടു ദിവസം മുൻപൊരു ഡോക്ടറെ കണ്ട് തലയുടെ സ്കാൻ എടുത്ത് നോക്കിയത് .." തുടർന്ന് പറയാനാകാതെ മാത്തൻതരകൻ തോമാച്ചനെ നോക്കി. കണ്ണുകളിൽ ഈറനണിഞ്ഞത് തൂവാലയെടുത്ത് തുടച്ചു.
'ഇവിടെ വരുന്നവരിൽ ഒട്ടുമിക്കവരും ഇങ്ങനെ എന്തെങ്കിലും പ്രശ്നവുമായി വരുന്നവരാ.. മടിക്കേണ്ട പറഞ്ഞോളൂ.. എല്ലാത്തിനും ദൈവം പരിഹാരം കാണിച്ചു തരും ".. തോമാച്ചൻറെ വാക്കുകൾ കേട്ടപ്പോൾ മാത്തൻതരകൻ തുടർന്നു.
"തലച്ചോറിനുള്ളിൽ ഒരു ട്യൂമർ.. ഓപ്പറേഷൻ ചെയ്താലും അമ്പത് ശതമാനം ചാൻസേ ഉള്ളൂന്ന് ഡോക്ടർ പറഞ്ഞു.."
" വിഷമിക്കണ്ട ... ദൈവം നിങ്ങളെ കാത്തുകൊള്ളും . ആട്ടെ, വീട്ടിലാരൊക്കെയുണ്ട് .."
"ഭാര്യേം രണ്ട് മക്കളും..മൂത്തവൻ എഞ്ചിനീറിങ്ങിന് പഠിക്കുന്നു, രണ്ടാമൻ പത്തിലാ . കാര്യം അത്യാവശ്യം കഴിഞ്ഞുകൂടാനുള്ള ചുറ്റുപാടൊക്കെ ഉണ്ട് ... എങ്കിലും..."
കുന്നിന്മുകളിലെ നിരപ്പായ സ്ഥലത്തെത്തിയപ്പോൾ തോമാച്ചൻ നിന്നു.
"ഇനി ഞാൻ മെല്ലെ നടന്നു വന്നോളാം, മോൻ ചെല്ല്..നന്നായി പ്രാർത്ഥിച്ചോ സൗഖ്യവാനായി തിരികെ പോകാൻ ഇടയാകട്ടെ " .
മാത്തൻതരകൻ പ്രാർത്ഥനാഹാളിന്റെ ഏറ്റവും പുറകിലെ കസേരകളിൽ ഒന്നിൽ ഉപവിഷ്ടനായി, ഗായകസംഘത്തിന്റെ ഭക്തി ഗാനങ്ങൾ ഒരു സ്വർഗീയ അനുഭൂതി പകരുന്നത് പോലെ തോന്നി. മനസ്സിൽ ക്രൂശിത രൂപം ധ്യാനിച്ച് കരളുരുകി പ്രാർത്ഥിച്ചു. കണ്ണുകൾ നിറഞ്ഞൊഴുകി.
വൈകിട്ട് സുവിശേഷക പ്രാസംഗീകൻ
എല്ലാവരോടും അവരവർ ചെയ്ത പാപങ്ങൾ ഓരോന്നും ദൈവ സന്നിധിയിൽ ഏറ്റുപറഞ്ഞ് പാപവിമുക്തി നേടുവാൻ അഭ്യർത്ഥിച്ചു... കുറച്ചു നേരത്തേക്ക് ആ പ്രാർത്ഥനാ ഹാൾ നിശബ്ദമായിരുന്നു. എല്ലാവരും മനസ്സിൽ അവർ ചെയ്ത ഓരോ പാപങ്ങളും ഓർത്തോർത്തെടുത്തു ദൈവത്തിന് മുന്നിൽ ക്ഷമ യാചിച്ചു.
കളവും, വ്യഭിചാരവും, കുതികാൽ വെട്ടും, അഴിമതിയും പോലുള്ള വീര്യം കൂടിയ പാപങ്ങൾക്ക് മുതിർന്നവരും.
സിഗരറ്റ് വലിച്ചതിനും, മദ്യപിച്ചതിനും സെക്സ് വീഡിയോ കണ്ടതിനുമെല്ലാം കൗമാരക്കാരും..
കൂട്ടുക്കാരെ നുള്ളിപ്പറിച്ചതിനും അമ്മയറിയാതെ ചോക്ലേറ്റും അവലോസുണ്ടയും കട്ട് തിന്നതിനും
കൊച്ചു കുട്ടികളും ദൈവത്തോട് മാപ്പിരന്നു..
കൊച്ചുകുട്ടികളുടെ പ്രാർത്ഥനയ്ക്കായിരുന്നു കൂടുതൽ ആത്മാർത്ഥത.
ഏറ്റവും അവസാനം രോഗശാന്തി ശിശ്രൂഷ..
അത്യുച്ചത്തിൽ ഉയർന്ന ഹാലേലൂയ
വിളികൾക്കിടയിൽ പി പി ജോണച്ചൻ എന്ന സുവിശേഷകൻ അന്ന് രോഗവിമുക്തിയേകുവാൻ ദൈവം വെളിപ്പാട് നൽകിയ ആളുകളുടെ പേര് വിളിക്കാൻ തുടങ്ങി.
"പാലായിൽ നിന്ന് വന്നിരിക്കുന്ന മാത്തൻതരകൻ"...... മൂന്നാമത്തേതായി തന്റെ പേര് വിളിക്കുന്നത് ഒരു ഞെട്ടലോടെയാണ് മാത്തൻ തരകൻ കേട്ടത്. വാളന്റിയേഴ്സ് അദ്ദേഹത്തെ സ്റ്റേജിലേക്ക് ആനയിച്ചു.
പി പി ജോണച്ചൻ എന്ന ദൈവത്തിന്റെ പ്രതിപുരുഷൻ മാത്തൻതരകന്റെ തലയിൽ കൈ വെച്ച് സ്വർഗത്തിലേക്ക് നോക്കി പ്രാർത്ഥിച്ചു.
ശേഷം ജനക്കൂട്ടത്തിന് നേരെ നോക്കി പ്രഖ്യാപിച്ചു ...
"ഇതാ …… ഇന്ന് വരെ നേരിൽ കണ്ടിട്ടില്ലാത്ത മാത്തൻതരകൻ എന്ന ഈ കുഞ്ഞാടിന്റെ തലയിലെ ട്യൂമർ അറിയാനും, കർത്താവിന്റെ കൃപയാൽ അത് ഭേദമാക്കാനും ഇടയായിരിക്കുന്നു... ഹാലേലുയ്യ..... "
ജനം ഏറ്റുവിളിച്ചു " ഹാലേലുയ്യ .. ദൈവത്തിന് സ്തോത്രം "
ആയിരക്കണക്കിന് വരുന്ന ഭക്തർക്കിടയിൽ നിന്നും രോഗശാന്തിക്കായി ദൈവം തന്നെ തിരഞ്ഞെടുത്തതിൽ മാത്തൻതരകൻ അത്ഭുതപരതന്ത്രനായി. പരിസരം മറന്ന് ഉറക്കെ കരഞ്ഞുകൊണ്ട് വിളിച്ചു
"ഹാലേലൂയ്യാ ".
സുവിശേഷ യോഗത്തിനു ശേഷം പി പി ജോണച്ചന്റെ പ്രത്യേക ക്ഷണിതാവായി സുവിശേഷ ഹാളിനോടനുബന്ധിച്ചുള്ള അതിഥിമന്ദിരത്തിൽ തങ്ങി. അടുത്ത ദിവസം രാവിലെ യാത്രപറയും മുൻപ്, ഒരു ഭീമമായ തുക ജോണച്ചന്റെ സുവിശേഷ പ്രവർത്തനങ്ങൾക്കുള്ള സംഭാവനയായി നൽകി.
തിരികെ സീയോൻ കുന്നിറങ്ങി പാർക്കിങ് ഗ്രൗണ്ടിലേക്ക് നടക്കുമ്പോൾ കണ്ടു, എതിരെ തോമാച്ചൻ വരുന്നു. സഹായത്തിനായി ഒരാൾ അദ്ദേഹത്തിന്റെ കയ്യിൽ പിടിച്ചിട്ടുണ്ട്.
തോമാച്ചൻ കൂടെ വരുന്ന ആളിനോട് ചോദിക്കുന്നുണ്ട് ...
"ഇവിടെ വരാനെന്തെങ്കിലും പ്രത്യേകിച്ച് കാരണം ?..പറയുന്നതിൽ വിരോധമുണ്ടെങ്കിൽ വേണ്ട…
അന്നത്തെ അത്ഭുത പ്രവർത്തിക്കായി ആ ദൈവദൂതൻ ഒരു കുഞ്ഞാടിനെ കണ്ടെത്തുകയായിരുന്നു....ദൈവത്തിന് സ്തോത്രം.
By Saji M Mathews.
13/08/18.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo