രചന : അജ്മല്‍ സികെ
വൈദ്യര്‍ സഹസ്ര നാമം ചൊല്ലാന്‍ പറഞ്ഞത് ഓര്‍ക്കുന്നുണ്ട്... ചൊല്ലാനാവാതെ താന്‍ വൈദ്യര്‍ക്ക് നേരെ തല ഉയര്‍ത്തി നോക്കിയതും ഓര്‍മ്മയിലുണ്ട്.... പിന്നെ എപ്പോഴാണ് താനാ കളരിപ്പുരവിട്ടോടിയത്... ഓര്‍മ്മയുടെ ഇടനാഴികളിലെപ്പോഴോ കണ്ണിലിരുട്ട് കയറുന്നതും.... ഭ്രാന്ത് പൂക്കുന്നതും.. മറവിയുടെ ആഴങ്ങളിലേക്ക് നിലംപൊത്തുന്നതും..... പിന്നീടെപ്പോഴോ...ശക്തമായ തലവേദനയോടെ ഓര്‍മ്മകളിലേക്ക് തിരിച്ചെത്തുന്നതും എല്ലാം ഇപ്പോള്‍ പതിവായിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ തനിക്കെന്താണ് സംഭവിക്കുന്നത്. മാനസിക നില തെറ്റി താനൊരു മുഴു ഭ്രാന്തനാവുകയാണോ... അതോ വല്ല ബാധയും തന്റെ ശരീരത്തില്‍ താമസമാരംഭിച്ചോ.... എന്തു തന്നെ ആയാലും തനിക്കതിന് ഉത്തരം കിട്ടിയേ പറ്റു.
പെട്ടെന്നാണ് ഒരു മിന്നായം പോലെ ബലിക്കല്ലും നാഗങ്ങളും ആ തുരുത്തും എല്ലാം അവന്റെ ഓര്‍മ്മയില്‍ തെളിഞ്ഞു വന്നത്. ഈ അനിഷ്ട സംഭവങ്ങളുടെ എല്ലാം തുടക്കം അവിടെ നിന്നായിരുന്നു. അവിടെ നിന്ന് മടങ്ങിയതിന് ശേഷമാണ് തന്നിലീ മാറ്റങ്ങളൊക്കെ പ്രകടമായിരിക്കുന്നത്... അവിടെ വെച്ച് തനിക്കെന്തോ സംഭവിച്ചിട്ടുണ്ട്. .. അതെന്താണെന്ന് കണ്ടെത്തിയാല്‍ തനിക്ക് ഒരു പക്ഷെ ഈ പരീക്ഷണങ്ങളില്‍ നിന്ന് രക്ഷ ലഭിക്കും അവന്‍ മനസ്സില്‍ കണക്ക് കൂട്ടി. ഒരിക്കല്‍ കൂടി ആ തുരുത്തില്‍ പോകണം.. അവിടെ പതിയിരിക്കുന്ന രഹസ്യം എന്താണെന്നറിയണം... പക്ഷെ വീണ്ടും അവിടേക്ക് ഒറ്റക്കൊരു യാത്ര... അത് ആത്മഹത്യക്ക് സമാനമാണ്... ഭീതിയുടെ കിരണങ്ങള്‍ അവനില്‍ മുളയെടുത്തു... പക്ഷെ ഇങ്ങനെ നരകയാതന അനുഭവിക്കുന്നതിലും ഭേതം അവിടെ ചെന്ന് ധീരമായ് വിധിയെ നേരിടുന്നത് തന്നെ... ആരെയെങ്കിലും ഒന്നു കൂടെ കൂട്ടാമെന്നു വെച്ചാല്‍ എന്തു പറഞ്ഞാണ് കൂടെ കൊണ്ട് പോവുക..... ഇനി കൂട്ടാളിയുടെ ജീവന് എന്തെങ്കിലും സംഭവിച്ചാലും താന്‍ തന്നെ മറുപടി പറയേണ്ടേ.... ഇങ്ങനെ ഒരുപാട് ചോദ്യങ്ങളും മറുചോദ്യങ്ങളുമായി സംഘര്‍ഷ ഭരിതനായ് അവന്റെ ചിന്താ മണ്ഡലം പുകഞ്ഞു കൊണ്ടേയിരുന്നു... ഒടുക്കം അവനുറപ്പിച്ചു... ഒറ്റക്കെങ്കില്‍ ഒറ്റക്ക് ഈ രാത്രി ഒന്നു കടന്നു കിട്ടട്ടെ... അവിടേക്ക് തനിക്ക് പോയേ പറ്റു.
ഇരുട്ട് മുറ്റിയ വഴികളിലൂടെ ഇല്ലത്തേക്ക് വേഗത്തില്‍ നടന്നു മഹി. ചെരുപ്പ് ധരിക്കാതെ കാലുകളിലേക്ക് മുള്ളും കല്ലും കുത്തിക്കയറി വേദനിക്കുന്നുണ്ടായിരുന്നു. വല്ലാതെ ദാഹവും വിശപ്പും ശരീരത്തെ തളര്‍ത്തിയിരുന്നു. 2 ദിവസമായി താന്‍ വല്ലതും കഴിച്ചിട്ട്... ഏത് സമയവും ചിന്തകളില്‍ മുഴുകിയിരിക്കെ വിശപ്പും ദാഹവും വരെ മറന്നിരിക്കുകയായിരുന്നു. പരിസരത്തെവിടെയെങ്കിലും എന്തെങ്കിലും ഭക്ഷിക്കാന്‍ ലഭിച്ചിരുന്നുവെങ്കിലെന്ന് അവന്‍ അതിയായാഗ്രഹിച്ചു. പെട്ടെന്ന് അടുത്ത കുറ്റിക്കാട്ടില്‍ നിന്ന് കരിയിലകള്‍ മെതിക്കുന്ന ശബ്ദം കേട്ട് മഹിയുടെ കാലുകള്‍ നിശ്ചലമായി. ഇനിയിവിടെ എന്തു പരീക്ഷണമാണീശ്വരാ എന്നെ കാത്തിരിക്കുന്നത്.. മഹി മനസ്സിലോര്‍ത്തു.
ആരാ അവിടെ മറഞ്ഞിരിക്കുന്നത്? അവനുച്ചത്തില്‍ ചോദിച്ചു.
ഒരു ഭീകര സത്വത്തെയൊ രൂപത്തെയോ പ്രതീക്ഷിച്ച മഹിയുടെ മുമ്പിലേക്ക് കുറ്റിക്കാടിനിടയിലൂടെ അത് പുറത്ത് വന്നു. ഒരു കാട്ടു പൂച്ച. ദേഹം നിറയെ രോമങ്ങളും ചെമ്പിച്ച ചെവികളുമായി യാതൊരു കൂസലുമില്ലാതെ അവന് മുമ്പില്‍ ഞെളിഞ്ഞു നിന്നു. അതിന്റെ നിപ്പും ഭാവവും കണ്ടപ്പോള്‍ അവന് ചിരി വന്നു. ചെറിയ ശബ്ദങ്ങള്‍ പോലെ തന്നെ വല്ലാതെ ഇപ്പോള്‍ ഭയപ്പെടുത്തുന്നു. പൂച്ചയെ മറികടന്ന് പോകുമ്പോള്‍ വീണ്ടും അവന് കലശലായ ദാഹം പിടിമുറുക്കുന്നതായി തോന്നി... ദാഹം തീര്‍ക്കാതെ ഇനിയൊരടി മുന്നോട്ട് വെക്കാന്‍ സാധിക്കില്ലെന്നത് പോലെ അവന്‍ തളര്‍ന്നു തറയിലേക്ക് ഇരുന്നു. അവന്‍ പിറകിലേക്ക് നോക്കി ആ പൂച്ച തന്നെയും നോക്കി തല്‍സ്ഥാനത്ത് തന്നെ നില്‍പ്പുണ്ട്. എന്തിനോടോ ഉള്ള വല്ലാത്തൊരഭിനിവേശം അവന്റെ സിരകളില്‍ പടര്‍ന്നു കയറി. അതിശയകരമായ വേഗത്തില്‍ അവനാ പൂച്ചയുടെ ദേഹത്തേക്ക് ചാടി വീണു. ക്ഷണം നേരം കൊണ്ട് തന്നെ ഒന്നു കുതറാന്‍ പോലും ആകാത്ത തരത്തില്‍ ആ പുച്ചയെ നിലത്തേക്ക് കൈകള്‍കൊണ്ട് ബന്ധിപ്പിച്ചിരുന്നു. പിന്നെ ഭയം കൊണ്ട് പിടഞ്ഞ് കൊണ്ടിരിക്കുന്ന അതിന്റെ കഴുത്തിലെ ഞരമ്പുകളില്‍ ഭ്രാന്തമായി അവന്‍ പല്ലുകളാഴ്ത്തി... പൂച്ച പ്രാണ ഭയത്തോടെ വികൃതമായ ശബ്ദങ്ങള്‍ പുറപ്പെടുവിച്ചു... പക്ഷെ യാതൊരു ദയയുമില്ലാതെ അവന്‍ ചുട്‌ചോര കുടിച്ച് ദാഹം ശമിപ്പിക്കുന്ന തിരക്കിലായിരുന്നു... പതിയെ പൂച്ചയുടെ പിടച്ചിലവസാനിച്ച് അത് നിശ്ചലമായി .. താല്‍ക്കാലികമായി അവന്റെ ദാഹവും ശമിച്ചു.
പിന്നെ ഒന്നും സംഭവിച്ചിട്ടില്ലാത്ത വണ്ണം അവന്‍ വീണ്ടും എഴുന്നേറ്റ് ഇല്ലത്തേക്ക് നടത്തം പുനരാരംഭിച്ചു.
...................
ഉമ്മറത്തെ ചാരു പടിയില്‍ ഉറക്കമിളച്ച് മഹിയുടെ വരവും കാത്ത് ആധിയോടെ കാത്തിരിക്കുകയായിരുന്നു ദത്തന്‍ തിരുമേനി.. നേരം പുലരാനായിരിക്കുന്നു.... ഇനിയെന്തൊക്കെ കാട്ടിക്കൂട്ടിയാണാവോ അവന്‍ മടങ്ങി വരുന്നത്..... ദൂരെ നിന്ന് എതോ ആള്‍രൂപം നടന്നു വരുന്നത് നിലാവെളിച്ചത്തില്‍ ദത്തന്‍ കണ്ടു.... ആകാരവടിവ് കൊണ്ടും നടത്തത്തിന്റെ ശൈലി കൊണ്ടും അത് മഹി തന്നെയാണെന്ന് ദത്തനുറപ്പിച്ചു... അല്ലെങ്കിലും ഈ പാതിരാവില്‍ മഹിയല്ലാതെ വേറെയാറ് പുറത്തിറങ്ങി നടക്കും. മഹി പടിപ്പുറക്കടുത്തെത്താറായപ്പോള്‍ അകാരണമായ ഒരു ഭയം ദത്തനെ പിടികൂടി.... അവന് നേരെ നിന്ന് സംസാരിക്കാനും എന്തിന് അവന്റെ കണ്ണുകളിലെ തീക്ഷണതയെ നേരിടാന്‍ പോലും താന്‍ അശക്തനാണിപ്പോള്‍... വല്ല്യ തിരുമേനി ഇവിടെ ഉണ്ടായിരുന്നെങ്കില്‍ ഇതിനെന്തിങ്കിലും പ്രതിവിധി കണ്ടേനേ... എന്തോ വലിയ തീര്‍ത്ഥാടനത്തിലാണ് തിരുമേനി... എന്നു വരുമെന്ന് യാതൊരു പിടിയുമില്ല. പക്ഷെ ഇതിപ്പോള്‍ താന്‍ തനിച്ചെന്തു ചെയ്യാന്‍..... തുറന്നു വെച്ച പടിപ്പുരവാതിലിലൂടെ കുനിഞ്ഞ ശിരസ്സുമായി മഹി കടന്നു വരുന്നത് കണ്ടപ്പോള്‍ വേഗം ചാരുകസേരയിലേക്് ചാരി കിടന്നു ദത്തന്‍. പാതി കണ്ണുകള്‍ തുറന്ന് അവന്റെ ചലനങ്ങള്‍ വീക്ഷിച്ചു.. വെറും ഒറ്റമുണ്ട് മാത്രമെടുത്ത് അലക്ഷ്യമായ കണ്ണുകളോടെ ഉറക്കാത്ത ചുവടുകളോടെ മഹി ഉമ്മറത്തേക്ക് കടന്നിരുന്നു... അവന്റെ മുഖത്ത് ഒരു തരം പൈശാചിക ഭാവം തളം കെട്ടി നില്‍ക്കുന്നത് പോലെ.... അപ്പോഴാണ് ദത്തന്‍ അത് കണ്ടത് അവന്റെ ചണ്ടുകളില്‍ ഉണങ്ങാതെ കിടക്കുന്ന കട്ടച്ചോര....
മഹി അകത്തേക്ക് കടന്ന് പോയി കൂറേ സമയം പിന്നിട്ടിട്ടും... ചലിക്കാന്‍ പോലുമാവാതെ ദത്തന്‍ ആ ചാരു കസേരയില്‍ തരിച്ചിരുന്നു പോയി. മനസ്സില്‍ നിന്ന് ചോരയില്‍ കുളിച്ച അവന്റെ ചുണ്ടുകളും പല്ലുകളും മാഞ്ഞു പോകുന്നില്ല... ഒരല്‍പം സമയം കൂടി അയ്യാളവിടെ തന്നെ ചിന്താഗമനായിരുന്നു... പിന്നെ എന്തോ ആലോചിച്ചുറപ്പിച്ചത് പോലെ തറവാട്ടിന് താഴെ നിലവറയിലേക്ക് ഇറങ്ങി ചെന്നു... മാറാല പിടിച്ച് കിടന്നിരുന്ന ആ നിലവറക്കുള്ളില്‍ നിന്ന് പൊടിപിടിച്ച് കിടന്നിരുന്ന ഒരു പെട്ടി ഇരുട്ടില്‍ നിന്ന് റാന്തല്‍ വെളിച്ചത്തില്‍ പ്രയാസപ്പെട്ട് കണ്ടെത്തി... പെട്ടിത്തുറന്ന് ഘനമുള്ള 4 ചങ്ങലകള്‍ പുറത്തെടുത്തു ... കൂട്ടത്തില്‍ ഇരട്ടത്താഴിട്ട പൂട്ടും... പിന്നെ അത് കൈകളില്‍ പേറി നിലവറക്ക് വെളിയിലേക്ക് വന്നു. ഒരു വയസ്സന് താങ്ങാവുന്നതിലേറെ ഭാരം ഉണ്ടായിരുന്നു ചങ്ങലകള്‍ക്കോരോന്നിനും....
പിന്നെ പേടിയോടെ പതിയെ മഹിയുടെ കിടപ്പറയിലേക്കൊന്നെത്തി നോക്കി . ഒന്നുമറിയാതെ അവന്‍ നല്ല ഉറക്കത്തിലാണ് . ഒറ്റമുണ്ട് മാറ്റി വേറെ വസ്ത്രം ധരിച്ചിട്ടുണ്ട് . ചുണ്ടിലും മറ്റും പറ്റിപ്പിടിച്ചിരുന്ന ചോരക്കറകള്‍ കാണ്മാനില്ല. ധൈര്യം സംഭരിച്ച് ചങ്ങലകളുമായി ശബ്ദമുണ്ടാക്കാതെ അവനരികിലേക്ക് ചുവടു വെച്ചു ആ വയസ്സന്‍. മലര്‍ന്നു കിടക്കുന്ന അവന്റെ കൈകളും കാലുകളും ചങ്ങലകളാല്‍ സമയമെടുത്ത് ബന്ധിപ്പിച്ച്... കട്ടില്‍ കാലുമായ് ഇരട്ടത്താഴിട്ട് പൂട്ടിയപ്പോഴാണ് ദത്തന് അല്‍പ്പം ആശ്വാസമായത് ... ഇനി അവന് ഒന്നനങ്ങാന്‍ പോലും ആകില്ല... ഇനി വൈകിക്കൂടാ..... എല്ലാം അവസാനിപ്പിക്കണം.... ദത്തന്‍ മനസ്സിലുറപ്പിച്ചു... വല്ല്യ തിരുമേനി വരും വരെ കാത്തിരിക്കാന്‍ നേരമില്ല... ഇനിയുമൊരുപാട് അനിഷ്ടസംഭവങ്ങള്‍ക്ക് സാക്ഷിയാകാന്‍ ഈ വയസ്സനാവുകില്ല... മുണ്ടിന് പിറകില്‍ മറച്ചു വെച്ചിരുന്ന രാക്കി മിനുക്കിയ ആ ഉളി അയ്യാള്‍ പുറത്തെടുത്തു... പിന്നെ പതിയെ അവന്റെ ഇടനെഞ്ച് ലക്ഷ്യമാക്കി വായുവിലേക്കുയര്‍ത്തി... ഒരു ഗര്‍ജ്ജനം കേട്ടാണ് ദത്തന്‍ കട്ടിലിന്റെ തലക്കലേക്ക് നോക്കിയത് .... പുറത്തെ പൊടുന്നനെയെന്നോണം മഴ ഇരമ്പി ആര്‍ത്തു പെയ്തു.. ജാലകത്തിലൂടെ ഇടിമിന്നല്‍ വെളിച്ചം അരിച്ചെത്തിയപ്പോള്‍ അയ്യാള്‍ കണ്ടു അവിടെ ഒരു രൂപം........ കാളയുടെ വലിപ്പവും ചെന്നായയുടെ മുഖവുമായി ഒരു ഭീകര സത്വം അത് ജ്വലിക്കുന്ന കണ്ണുകളോട് ദത്തന് നേരെ ചീറി..... അയ്യാളുടെ കൈകളില്‍ നിന്ന് ഉളി നിലത്തേക്ക് വീണു പോയി. ഭയന്നു വിറച്ച് ദത്തന്‍ കണ്ണുകള്‍ ഇറുക്കെയടച്ചു... വീണ്ടും കണ്ണ് തുറന്ന് നോക്കുമ്പോള്‍ അവിടെയെവിടെയും ആ ജന്തുവിനെ കാണ്മാനില്ല.. അയ്യാള്‍ നിലത്ത് വീണ ഉളിയും കൈയ്യിലെടുത്ത്... ആ കിടപ്പറക്ക് വെളിയിലേക്ക് അര്‍ദ്ധപ്രാണനോടെ കുതിച്ചു... അവയുടെ വാതില്‍ ശക്തിയോടെ പുറത്ത് നിന്ന അടച്ച് സാക്ഷയിട്ട് ഇരട്ടത്താഴിട്ട് പൂട്ടിയിട്ടും... ദത്തന്റെ ശ്വസം നേരെ ആയിരുന്നില്ല... പരവശനായി അയ്യാള്‍ നങ്ങേലി അമ്മൂമയുടെ അടുത്തേക്ക് ഓടി. അപ്പോഴും ഇതൊന്നുമറിയാതെ എന്തൊക്കെയോ സ്വപ്‌നങ്ങളില്‍ വിരാചിച്ച് സുഖസുഷുപ്തിയിലായിരുന്നു മഹി.
തുടരും
അടുത്ത അദ്ധ്യായം നാളെ ഇതേ സമയം നല്ലെഴുത്ത് പേജിൽ or Check this link - എല്ലാ ഭാഗവും വായിക്കാൻ https://www.nallezhuth.com/search/label/Aghora
അടുത്ത അദ്ധ്യായം നാളെ ഇതേ സമയം നല്ലെഴുത്ത് പേജിൽ or Check this link - എല്ലാ ഭാഗവും വായിക്കാൻ https://www.nallezhuth.com/search/label/Aghora
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക