Slider

കേലി

0
Image may contain: Neethi Balagopal
പുഴയിലെ അലക്കലും കുളിയും ഒക്കെ കഴിഞ്ഞ് വീട്ടിലെത്തി കതകു തുറക്കാൻ
നേരം അമ്മ മകനോടായി പറഞ്ഞു
"എടാ താക്കോൽ തന്നേ" .
"താക്കോല് എന്റടുത്തില്ല".
"നിന്റെ കൈയീ തന്നില്ലേടാ ?.. കളിക്കല്ലേ ചെക്കാ"
"എനിക്കറിയില്ല .എനിക്കെങ്ങും തന്നില്ല" .
"ഈ ചെക്കനതെവിടെയോ കളഞ്ഞുന്നാ തോന്നണെ .മര്യാദക്കു താക്കോൽ
തന്നോ .ഇല്ലെങ്കി അച്ഛന്റെ കൈയീന്ന് മേടിക്കും നീ .താക്കോലെവിടാ വെച്ചത് ?"
"അത് .. ഞാൻ ട്രൗസറിന്റെ പോക്കറ്റിൽ ഇട്ടാ പുഴയിൽ കുളിക്കാനിറങ്ങിയത് ".
"എടാ ദ്രോഹീ , താക്കോൽ പിന്നെയും കളഞ്ഞോ ? എന്റെ ദൈവമേ ഞാനല്ലാതെ ഇവന്റ' കൈയിൽ താക്കോലേൽപിക്കുമോ ?"
അവനും അതു തന്നെ ഓർത്തത് .അമ്മ എന്തിനാ എന്നെ താക്കോൽ എൽപി ക്കുന്നത്?
അങ്ങനെ എന്തു ചെയ്യണമെന്നറിയാതെ വീട്ടിന്റെ പുറത്തു നിൽക്കുമ്പോ ഒരു
ചോദ്യം
"എന്തു പറ്റീ?.."
നോക്കുമ്പോ കേലിയാണ്. അമ്മയുടെ വലംകൈ ആയി നടക്കുന്ന കണ്ണ , കേ ലി , രാധ ,എന്നീ മൂവരിലൊരാൾ .ജന്മനാ അന്ധനാണ് കേലി.
"ഈ ചെക്കൻ പിന്നെയും താക്കോൽ പുഴയിൽ കൊണ്ടു കളഞ്ഞു .".
"പിന്നെയും അവന്റെ കൈയിൽ തന്നെ താക്കോൽ ഏൽപിച്ചല്ലോ .നന്നായി"
അമ്മ അതു കേൾക്കാത്ത പോലെ കേലിയോടു ചോദിച്ചു
"ഇനിയിപ്പോ എന്താ ചെയ്യ കേലീ?"
"കുളിമുറീടെ വാതിൽ തുറന്നിട്ടുണ്ടോ നീതിയമ്മേ?"
കേലി അമ്മയെ നീതിയമ്മ എന്നാ വിളിക്കുക .കുളിമുറിയുടെ വാതിൽ മുന്നിൽ നിന്നു നോക്കുമ്പോ ചാരിയിട്ടേയുള്ളൂ .അതു കിണറ്റനോടു തൊട്ടാണ് .
കണ്ണിനു കാഴ്ചയുള്ള ജനങ്ങൾ നോക്കി നിൽക്കെ അന്ധനായ കേലി കിണറ്റുകരയിലൂടെ കുളിമുറിയിലേക്കു കയറി .അതിലൂടെ അകത്തു വന്നു മുൻ വശത്തെ വാതിൽ തുറന്നു .എല്ലാരും കൈയടിച്ചു .അപ്പോ കേലി പറഞ്ഞു
"നീതിയമ്മേ ഞാൻ പോയി നോക്കാം .മോൻ കൂടെ വാ ,എവിടെ നിന്നാ കുളിച്ചതെന്നു കാട്ടിത്തന്നാ മതി ".
കുട്ടികളായ നമ്മളെല്ലാം സംഘമായി കേലിയുടെ പിന്നാലെ പുഴയിലേക്ക് നടന്നു .
ഏട്ടൻ കാട്ടിക്കൊടുത്ത സ്ഥലത്ത് കേലിയിറങ്ങി കൈ കൊണ്ടു തപ്പാൻ തുടങ്ങി .
എല്ലാവരെയും അൽഭുതപ്പെടുത്തിക്കൊണ്ട് കേലി കൈ കൊണ്ടു താക്കോൽ തപ്പിയെടുത്തു .സന്തോഷം കൊണ്ട് നമ്മൾ ആർത്തു വിളിച്ചു .
അതായിരുന്നു കേലിയെന്ന മനുഷ്യൻ .കാഴ്ചശക്തി ഇല്ലെങ്കിലും ഉൾക്കാഴ്ച
കൊണ്ട് പ്രകാശം വിതറിയ ഒരു പാവം.
എന്റെ മനസിന്റെ നടുമുറ്റത്ത് പൂത്തുലഞ്ഞു നിൽക്കുന്ന കുറേ നല്ലോർമ്മകൾ.
തെളിനീരിൽ വീണ നിലാവു പോലെ തിളക്കമാർന്ന എന്റെ
ഓർമ്മകൾ ..പാലക്കാട്ടെ പറളി എന്ന സ്ഥലത്ത് ഞാൻ
ചിലവിട്ട അഞ്ചു വർഷങ്ങൾ എനിക്കു നൽകിയ മനോഹരസ്മരണകളിൽ
പ്രധാനി കേലി എന്ന അന്ധനായ മനുഷ്യനാണ് .
കേലി ദിവസവും രാവിലെ വീട്ടിൽ വരും .അമ്മയോടു സംസാരിച്ച് ഭക്ഷണം കഴിച്ച്
അത്യാവശ്യം പറ്റുന്ന രീതിയിൽ സഹായിക്കും .കേലി നമുക്കൊക്കെ കളിക്കൂട്ടുകാരനാണ് .എന്റ പ്രധാന സംശയനിവാരണി ആയിരുന്നു കേലി.
എനിക്കന്ന് നാലു വയസോ മറ്റോ ആണെന്നു തോന്നുന്നു. കേലി വന്നാ
എനിക്കു ഭക്ഷണം വാരിത്തരുന്ന ജോലി പുള്ളിയുടേതാണ്.
ഒരു ദിവസം കേ ലി എനിക്കു ഭക്ഷണം തരുമ്പോ എന്റെ സംശയങ്ങളുടെ ഭാണ്ഡം ഞാൻ കേലിയുടെ മുമ്പിൽ തുറന്നു വെച്ചു. കേലി വായിൽ വച്ചു തന്ന ഉരുള ചോറ് ചവക്കുന്നതിനിടെ ചോദിച്ചു
"കേലിക്ക് അച്ഛനും അമ്മയുമില്ലേ ?.. "
"ഇല്ല മോളേ .അച്ഛനും അമ്മയും ഒക്കെ ഞാൻ കുഞ്ഞായിരുന്നപ്പോഴേ മരിച്ചു
പോയി."
എന്റെ മനസിൽ വിഷാദം ചേക്കേറി. കേലിയുടെ കാഴ്ചയില്ലാത്ത കണ്ണുകളിലേക്കു നോക്കി. എനിക്കു വല്ലാത്ത സങ്കടം വന്നു .
"അച്ഛനും അമ്മയും മരിച്ചപാടെ കേലിക്ക് അവരെ വെള്ളത്തിലിട്ടൂടായിരുന്നോ ?. അപ്പോ ജീവിക്കില്ലേ ?."
"ഹ ഹ അതെന്താ മോളേ അങ്ങിനെ ?"
"അല്ല കേലി ......"
ചവക്കുന്നത് നിർത്തി ഒന്നോർത്തു നോക്കി .. എന്നിട്ടു പറഞ്ഞു
"വെള്ളത്തിൽ ഉള്ള മീനിനൊക്കെ നല്ല ജീവനില്ലേ?.അതു പോലെ അവരും ജീവിക്കില്ലേ ?"
കേലി ചിരിച്ചു ഉറക്കെ ..
"കേട്ടോ നീതിയമ്മേ മോളു പറയുന്നത് ?, അവടെ ബുദ്ധി കണ്ടോ ?"
കേലി അഭിമാനത്തോടെ അമ്മ നിൽക്കുന്ന ഭാഗത്തേക്കു നോക്കിപ്പറഞ്ഞു .
പുഴയിൽ കുളിക്കാനൊക്കെ നമ്മുക്കൊരു രക്ഷയായി എന്നും കൂടെയുണ്ടാവും .
ഒരു ദിവസം കേ ലി പറഞ്ഞു കേലി കല്യാണം കഴിക്കാൻ പോകുക
യാ ണ് .കാഴ്ചയില്ലാത്ത ഒരു പെൺകുട്ടിയെ ആണ് കല്യാണം കഴിക്കുന്നത് .
"കാഴ്ചയില്ലാത്ത പെണ്ണിനെ കല്യാണം കഴിച്ചാ രണ്ടാൾക്കും പരസ്പരം മനസിലാവുലോ നീതിയമ്മേ?. അതല്ലേ നല്ലത് ?"
കേലി ചോദിച്ചു.അമ്മയും അതു ശരി വെച്ചു.
വിവാഹ ശേഷം ഭാര്യയെയും കൂട്ടി വന്ന് കേലി നമ്മളെയൊക്കെ
പരിചയപ്പെടുത്തി .
അതിനു ശേഷം കേലി പുറം പണിക്കൊക്കെ പോവാൻ തുടങ്ങി. എന്നാലും ഇടക്കിടെ നമ്മളെ കാണാനോടി വരും .കുറേ നാളുകൾക്കു ശേഷം ഒരു ദിവസം കേലി അമ്മയോടു പറയുന്നത് കേട്ടു ഭാര്യ ഗർഭിണിയാണെന്ന് സന്തോഷ
മൊക്കെ ഉണ്ടെങ്കിലും കേലിക്ക് ആകെ വിഷമം ആണ് .കുട്ടിക്കും കാഴ്ച ഇല്ലെങ്കിലോ എന്ന്.
'
"അങ്ങിനൊന്നും വരില്ല കേലീ ".എല്ലാവരും സമാധാനിപ്പിച്ചു.. എത്ര വേഗമാണ്
ദിവസങ്ങൾ കടന്നു പോയത് .കേലിയുടെ ആകാംക്ഷയ്ക്ക അറുതി വന്നു കൊണ്ട് കുഞ്ഞ് പിറന്നു. കേലി ഓടി വന്നു വിവരം പറയാൻ.
"നീതിയമ്മേ എനിക്കൊരാൺ കുഞ്ഞു പിറന്നൂട്ടോ .അവനു കണ്ണു കാണാ ട്ടോ .
അവനെന്നെയൊക്കെ കാണും "..
വല്ലാത്ത ആവേശത്തിലായിരുന്നു കേലി.കേലിയുടെ കാഴ്ചയില്ലാത്ത കണ്ണുകളിൽ വല്ലാത്തൊരു തിളക്കം ഞാൻ കണ്ടുവോ ? അതോ എന്റെ തോന്നലായിരുന്നോ ?.
മകന്റെ വളർച്ചയും അവൻ കണ്ട കാര്യങ്ങളും പറയാൻ കേലിക്ക് നൂറു നാവായിരുന്നു .ഇടക്ക് മോനെയും കൂട്ടി വരും നമ്മുടെ കൂടെ കളിക്കാൻ വിടും.
അച്ഛനു കണ്ണൂരിലേക്ക് സ്ഥലം മാറ്റമായപ്പോൾ കേലിയും കണ്ണയും രാധയും
സങ്കടത്തിലായി .കണ്ണൂരിലേക്ക് വണ്ടി വിട്ടപ്പോൾ തിരിഞ്ഞു നോക്കിയ ഞാൻ കണ്ടു എല്ലാരും അവിടെ നിന്നു കരയുന്നത് .
പറളിയോട് വിട പറഞ്ഞപ്പോൾ നമുക്കു നഷ്ടമായത് കളങ്കമില്ലാതെ നമ്മളെ സ്നേഹിച്ചിരുന്ന കുറേ മനസുകളെയാണ് .
നീതി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo