Slider

സമ്പാദ്യം

0
Image may contain: 1 person, smiling
നാല്പതു കഴിഞ്ഞ വയസ്സിലൊരു വിവാഹമോ...
കേട്ട പാടെ കെട്ടിച്ചു വിട്ട അനിയത്തിമാരുടെ മുഖം ചുളിയുന്നത് ഞാൻ കണ്ടിരുന്നു..
അനിയന് മാത്രം സന്തോഷമായിരുന്നു കാരണം ഏട്ടനിരിക്കുമ്പോ അവനു കെട്ടാനാവാത്തതിന്റെ പരാതികൾ തെല്ലൊന്നുമല്ല അവനെന്നോട് പറഞ്ഞിട്ടുള്ളത്..
ആ പരാതികൾക്ക് ഇതോടെ അന്ത്യമാകുകയാണ്..
കതിർ മണ്ഡപത്തിലേക്ക് കയറുമ്പോൾ നര വീണ എന്നെ കണ്ട പലരുടെയും ഉള്ളിലെ ഒരു ചോദ്യം ഇത്ര കാലം ഞാനെന്താ കെട്ടാൻ വൈകിയതെന്നതായിരുന്നു..
വീട്ടിലെല്ലാവർക്കുമറിയുന്ന കാര്യമാണത്..
വാത്സല്യം സിനിമ പോലെ തന്നെയാണെന്ന് പറയാം..
അച്ഛൻ നിസ്സാഹായവസ്ഥയിലാക്കി കിടപ്പിലായപ്പോൾ..
അച്ഛന്റെ തിരിച്ചു വരവുകൾ കാത്തു നിന്നപ്പോൾ...
കെട്ടിക്കാൻ രണ്ട് പെങ്ങന്മാർ വീട്ടിൽ പുര നിറഞ്ഞു നിന്നപ്പോൾ
അവരെയെല്ലാം കെട്ടിച്ചു വിട്ടിട്ടേ കെട്ടൂ എന്നൊരു തീരുമാനം പല ഏട്ടൻമാരെപ്പോലെ ഞാനുമെടുത്തു..
അവരെ കെട്ടിച്ചു വിട്ടിട്ടും എന്റെ തീരുമാനം മാറ്റാനായില്ല..
കെട്ടിച്ചു കൊടുത്ത അളിയന്മാരാണേൽ തീരെ ക്ഷമയില്ലാത്തവരായിരുന്നു
ഒന്നിന് പിറകെ ഒന്നായി പെങ്ങന്മാരുടെ പ്രസവങ്ങൾക്കായി വീട് സാക്ഷ്യം വഹിച്ചു കൊണ്ടിരുന്നു..
അങ്ങനെ കാലങ്ങൾ പിന്നെയും കടന്നു പോയി.. അതിനിടക്കാണ് ചോർന്നു തുടങ്ങിയ വീടൊന്നു പുതുക്കി പണിതത്..
ഇപ്പോ ഏതാണ്ട് എല്ലാം കഴിഞ്ഞപ്പോളാണ് അമ്മ എന്റെ തല നരച്ച കഥ പറയാൻ തുടങ്ങിയത്..
അമ്മക്ക് എന്റെ കല്യാണം കഴിഞ്ഞു കാണണമെന്ന മോഹം തോന്നിയത്..
എനിക്കും തോന്നി ഇനിയൊരു തുണയൊക്കൊ ആവാമെന്ന്..
അച്ഛന്റെ സ്ഥാനത്ത് നിന്ന് എല്ലാം ചെയ്യുന്ന അമ്മവാൻ കണ്ടെത്തിയത് ഒരു രണ്ടാം കെട്ടുകാരിയേയും..
ഈ പ്രായത്തിലിതൊക്കൊ കിട്ടു എന്നമ്മാവന്റെ വാക്കുകളും പെണ്ണിനെ കുറിച്ചുള്ള വർണ്ണനകളും കേട്ടറിഞ്ഞപ്പോൾ എതിരഭിപ്രായം എനിക്കുമുണ്ടായില്ല കെട്ടാൻ തന്നെ തീരുമാനിച്ചു..
അല്ലേലും ഈ പ്രായത്തിൽ കെട്ടാൻ പോകുന്ന പെണ്ണിനെ കുറിച്ച് ഇനിയെന്ത് സങ്കൽപ്പങ്ങൾ..
എല്ലാം ഓട്ടവീഴ്ത്തി കാലം കടന്നു പോയില്ലേ..
നരവീണ ജീവിതത്തിന്റെ ഇടനാഴിയിലേക്ക് അവളെ ഞാൻ താലി കെട്ടി കൊണ്ട് വന്നു..
വലതു കാലെടുത്തു വന്നവളോടുമൊത്ത് വർഷം രണ്ട് കടന്നു പോയി..
അനിയനും ഒരുവളുമായി ജീവിതം പങ്കിട്ടു തുടങ്ങി...
നല്ലൊരു ബന്ധം തന്നെ അവനു കിട്ടിയതിൽ സന്തോഷം ഏറെയായിരുന്നു എനിക്കും..
ഞാൻ കെട്ടിക്കൊണ്ട് വന്നവളിലെ പ്രതീക്ഷകളിലേക്ക് ജീവിതം കുറച്ചു തിരിച്ചു വിട്ടപ്പോഴാണ് ഏട്ടനായ ഞാൻ വീട്ടിൽ കർക്കശക്കാരനായും.. അധികാരം പിടിച്ചു വെക്കുന്നവനായും... സ്വന്തം കാര്യം നോക്കുന്നവനുമൊക്കെയായി മാറിയത്..
അമ്മയുടെ മൗനങ്ങൾ കൂടി ആയപ്പോൾ എന്റെ ചുവടുകൾ പതറിയിരുന്നു..
പല ചടങ്ങുകളിലും കർക്കശക്കാരനായ ഏട്ടന്റെ സാന്നിധ്യം പലരും ആഗ്രഹിക്കാതെയായി..
പെങ്ങന്മാരുടെയും അനിയന്റെയും ഏട്ടാ എന്ന വിളികൾക്കെല്ലാം അവർക്കോരോ ആവശ്യങ്ങളുണ്ടായിരുന്നു..
ഇപ്പോഴവർക്ക് ആവശ്യങ്ങളില്ല ഏട്ടാ എന്ന വിളികളില്ല..
അങ്ങിനെയാണ് വീടും പറമ്പുമെല്ലാം അളന്നു ഭാഗം വെക്കാൻ ഞാൻ അമ്മയോട് പറഞ്ഞത്..
എല്ലാവർക്കും സമാസമം വീതിച്ച് അമ്മ നീതി കാണിക്കാൻ ശ്രമിച്ചെങ്കിലും..
മുൻഭാഗത്തുള്ള സ്ഥലത്തിന് വേണ്ടി അളിയന്മാരും പെങ്ങന്മാരും അമ്മയോട് കയർത്തു സംസാരിച്ചു
അതു കണ്ടപാടെ എന്റെ നിയന്ത്രണം വിട്ടതാണ് ഞാൻ സംയമനം പാലിച്ചു..
അങ്ങനെയാണ് എതിരഭിപ്രായം എനിക്കുണ്ടാവില്ല എന്നറിഞ്ഞ് അമ്മ വീടിനു പിറകു വശത്തുള്ള സ്ഥലം എന്റെ പേരിൽ എഴുതി നൽകിയത്..
അനിയന് നാട്ടുനടപ്പ് പോലെ തറവാടു വീടും സ്ഥലവും നൽകി..
ഒരു പരാതിയില്ലാതെ പേരിലാക്കികിട്ടിയ സ്ഥലത്ത് കെട്ടിയവളുടെ ഉള്ള തരി പൊന്നു വിറ്റും ലോണെടുത്തും ഒരു വീട് പണിതു..
ഇന്ന് വീടുമാറ്റമാണ്
തറവാട്ടു മുറ്റത്ത് ഞാൻ ഒഴുക്കിയ വിയർപ്പുകൾ ആരോടും പറയാതെ ഞാനപ്പോഴും സൂക്ഷിച്ചിരുന്നു..
എന്റെ യൗവ്വനം... എന്റെ സ്വപ്നങ്ങൾ.. എന്റെ പാതി ജീവിതം... ഞാൻ ബലിയര്‍പ്പിച്ചതെല്ലാം..
തറവാട്ടു വീട്ടിൽ നിന്ന് എത്ര നിമിഷം കൊണ്ടാണ് പെങ്ങന്മാരും അനിയനും എല്ലാവരും പറിച്ചെറിഞ്ഞത്..
പാലുകാച്ചി സ്വന്തം വീട്ടിലേക്ക് കയറുമ്പോൾ എന്റെ മാത്രം സ്വപ്നങ്ങളുടെ ഭാര ചുമട് എന്റെ തോളിലുണ്ടായിരുന്നു..
കൂടെ കൈ കോർത്ത് പരാതിയില്ലാതെ കണ്ണുകൾ നിറച്ച് ഒരു പെണ്ണും..
നാല്പതാം വയസ്സിലെ സമ്പാദ്യമായി കിട്ടിയവളിൽ ഞാനെന്റെ സങ്കടമെല്ലാം ഇറക്കി വെച്ചു..
അവളിൽ നിന്ന് മാത്രമാണ് ഒന്നും പ്രതീക്ഷിക്കാതെയുള്ള ഏട്ടാ എന്ന വിളി എനിക്ക് ഇപ്പോൾ കേൾക്കാനാവുന്നത്...
സ്റ്റോറി ഓഫ്-
എ കെ സി അലി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo