Slider

മെറ്റമൊർഫസസ്

0

"താൻ മദ്യപിക്കാറുണ്ടോ?" ആമുഖമൊന്നുമില്ലാതെ അവളുടെ കണ്ണുകളിലേയ്ക്കു നോക്കി ജയകൃഷ്ണൻ അതു ചോദിച്ചപ്പോൾ റസ്റ്ററണ്ടിലെ ശീതീകരിച്ച ഫാമിലി റൂമിലിരുന്ന് അഞ്ജന വിയർത്തു. അസ്വസ്ഥതയോടെ മുഖം താഴ്ത്തുമ്പോൾ എങ്ങനെയാണിയാൾ തന്റെ ഉള്ളു തുരന്നെടുക്കുന്നതെന്ന് അമ്പരപ്പോടെ അവളോർത്തു.
അത്യാവശ്യമായി സബ്മിറ്റു ചെയ്യേണ്ട ഒരു പ്രോജക്ട് ഡ്രാഫ്റ്റ് ചെയ്തു തീർക്കാനായി അൽപം ലേറ്റായി ഓഫീസിലിരിക്കേണ്ടി വന്ന ഒരു വൈകുന്നേരത്തിലാണ് മുമ്പിതുപോലെ ജയൻ അവളെ ഞെട്ടിച്ചു കളഞ്ഞത്. രണ്ടു കപ്പ് ചായയുമായി അവൾക്കരികിലെത്തി ഒന്നവൾക്ക് നൽകിക്കൊണ്ട് അയാൾ അഞ്ജനയ്ക്കെതിരെയിരുന്നു.
സീനിയർ ഓഫീസറെന്നതിന്റെ ബഹുമാനം നൽകാറുള്ളപ്പോഴും കേട്ടറിഞ്ഞ ചില കഥകൾ എപ്പോഴും അയാളിൽ നിന്നൽപം അകലം പാലിക്കാൻ അവളെ പ്രേരിപ്പിച്ചിരുന്നു. തന്റെ മുഖത്തു തന്നെയാണ് അയാൾ നോട്ടമുറപ്പിച്ചിരിക്കുന്നതെന്നു തോന്നിയപ്പോൾ മോണിറ്ററിൽ നിന്നും കണ്ണെടുത്ത് അയാളെ നോക്കി ഒന്നു ചിരിക്കാൻ ശ്രമിച്ചപ്പോഴാണ് അയാളതു പറഞ്ഞത്., "ഈ വലിയ കണ്ണുകൾ നിറയെ വേദനയാണല്ലോ" എന്ന്.
തീർത്തും അവിശ്വസനീയമായിരുന്നു അത്. രൂപത്തിലും ഭാവത്തിലും ജോലിയോടുള്ള ആത്മാർത്ഥതയിലും സഹപ്രവർത്തകരോടുള്ള ഇടപെടലിലും ഓഫീസിലെ ഏറ്റവും സ്മാർട്ടായ സ്റ്റാഫ് എന്ന പേര് അവൾ എല്ലായ്പ്പോഴും നില നിർത്തിയിരുന്നു. ശരത് പോലുമറിയാതെ, പുറത്തേയ്ക്കു തൂവാനനുവദിക്കാതെ. ഉള്ളിന്റെയുള്ളിൽ താൻ ഒളിപ്പിച്ചു വെച്ച വിഷാദങ്ങൾ അയാളെങ്ങനെ കണ്ടെടുത്തു എന്നവൾ പരിഭ്രമിച്ചു.
അവിവാഹിതനെങ്കിലും അയാൾക്ക് ചില ബന്ധങ്ങളുണ്ടെന്നും വല്ലാതെ അടുപ്പിക്കേണ്ടെന്നും ഒരിക്കൽ ചെവിയിൽ പറഞ്ഞത് തൊട്ടടുത്ത സീറ്റിലെ നയനയാണ്. ഇളം നീല ഡെനിം ഷർട്ടും ജീൻസുമിട്ട് അതീവ സുന്ദരനായാണ് അയാൾ അന്നെത്തിയിരുന്നത്. അയാൾ ചാർജെടുത്ത ശേഷം നയനയുൾപ്പെടെയുള്ള യുവതികൾക്കിടയിൽ ഒരു കിടമത്സരം നടക്കുന്നുണ്ടെന്നറിയാമായിരുന്നതിനാൽ അഞ്ജന അതിനു വേണ്ടത്ര ഗൗരവം നൽകിയിരുന്നില്ല.
അന്നയാളുടെ മുന്നിൽ നിന്നും ചിരിച്ചൊഴിവായെങ്കിലും വീണ്ടുമിതാ മറ്റൊരു ചോദ്യവുമായി അയാൾ തന്റെ സ്വകാര്യതകളിലേക്ക് കടന്നു വന്നിരിക്കുന്നു.
ഓഫീസ് വിട്ട് പുറത്തേക്കിറങ്ങി നീളൻ നടപ്പാതയിൽ വീണു കിടക്കുന്ന മഞ്ഞരളിപ്പൂക്കളെ നോവിക്കാതെ മെല്ലെ നടക്കുമ്പോഴാണ് അരികെ കാർ കൊണ്ടു നിർത്തി അൽപം അധികാര ഭാവത്തോടെ കയറാൻ പറഞ്ഞത്. അയാളെ അനുസരിച്ചത് അബദ്ധമായോ എന്ന് ഇപ്പോൾ അവൾക്കു തോന്നി. മറ്റുള്ളവർക്കു മുമ്പിൽ ഏറെ ചാതുരിയോടെ ചിരിച്ചു സംസാരിക്കാറുള്ള അവൾക്ക് അയാളുടെ മുന്നിൽ വച്ച് വായ് തുറക്കാൻ പോലും ഭയം തോന്നി.
"ജീവിതം പല പരീക്ഷണങ്ങളും നമുക്കു മുന്നിൽ തുറന്നു വെയ്ക്കും" അഞ്ജനയുടെ മൗനത്തെ മുറിച്ച് ജയൻ പറഞ്ഞു. "ചില താൽക്കാലിക രക്ഷപ്പെടലുകൾ നമ്മുടെ കണ്ണുകെട്ടിക്കളയും. വലിയ പരാജയത്തിലേയ്ക്ക് തള്ളിവീഴ്ത്താനുള്ള കാലത്തിന്റെ കളിയാണത്. "
വെയ്റ്റർ മുന്നിൽ കൊണ്ടു വെച്ച മിൽക്ക് ഷെയ്ക്ക് അൽപാൽപമായി വലിച്ചു കുടിക്കുമ്പോൾ അവളുടെ കണ്ണുകൾ മുന്നിലെ ചുമരിൽ വെച്ച വലിയ പെയിന്റിങ്ങിലായിരുന്നു.
കാൻവാസിന്റെ ധവളിമയിലേയ്ക്ക് ലയിച്ചു ചേരുന്ന നീലയുടെ നിറഭേദങ്ങൾ. അനന്തതയിലെവിടെയോ ഒന്നു ചേരുന്ന ആകാശവും കടലും. കാറ്റിൻ പ്രവേഗത്തെ, വിടർത്തി വലിച്ചുകെട്ടിയ പായ്കൾക്കുള്ളിലൊതുക്കി തിരമാലകളെ കീറി മുറിച്ചു നീങ്ങുന്ന കപ്പലും കടും നീല നിറങ്ങളിൽ തെളിഞ്ഞു നിന്നു. പായ്കൾ ചേർത്തു കെട്ടിയ നീളൻ കമ്പിനു മുകളിൽ അകലെ ചക്രവാളത്തിലേയ്ക്കു നോക്കി അക്ഷോഭ്യയായിരിക്കുന്ന കറുത്ത പക്ഷിയെ വരച്ചു ചേർക്കുമ്പോൾ ആ ചിത്രകാരന്റെ മനസ്സിൽ പ്രക്ഷുബ്ധമായ ഒരു കടലിളകിയിരുന്നിരിക്കാം എന്നവൾ സങ്കൽപിച്ചു.
വാഷ് റൂമിനു നേരെ നടക്കുമ്പോൾ പൊട്ടിവീണതുപോലെയാണ് ശ്വേത അഞ്ജനയുടെ മുന്നിലെത്തിയത്. ശരതിന്റെ പേഴ്സണൽ അസിസ്റ്റന്റായ മോഡേൺ സുന്ദരി. തന്നെ ചെത്തിയൊതുക്കി ശ്വേതയാക്കി മാറ്റുകയാണ് ശരതിന്റെ ലക്ഷ്യമെന്ന് അഞ്ജനയ്ക്കു പലപ്പോഴും തോന്നിയിട്ടുണ്ട്.
ഹാഫ്സ്കർട്ടും ഹൈഹീൽസുമിട്ട് താളത്തിൽ നടന്ന് അടുത്തു വന്നപ്പോൾ പരിചിതമായൊരു ഗന്ധം അഞ്ജനയെ പൊതിഞ്ഞു. ഒരു ഞെട്ടലോടെ അവളാദ്യം തിരഞ്ഞത് ജയനെയാണ്. ക്യാഷ് കൗണ്ടറിനരികെ നിന്ന് അയാൾ ആരോടോ ഫോണിൽ സംസാരിക്കുകയാണെന്നു കണ്ടപ്പോൾ അവൾക്ക് ആശ്വാസം തോന്നി. തന്റെയുള്ളിൽ നിന്ന് ഇനിയുമൊരു രഹസ്യം കൂടി അയാൾ കണ്ടെടുക്കുന്നത് അവൾക്ക് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു.
മുഖം കഴുകി, ജയനൊപ്പമെത്തി, പുറത്തേയ്ക്കു നടക്കുമ്പോൾ മുമ്പു പറഞ്ഞു നിർത്തിയതിന്റെ തുടർച്ചയെന്നോണം, റസ്റ്ററണ്ടിനു മുന്നിലെ, ചെത്തിയൊരുക്കിയ പൂന്തോട്ടത്തിൽ തെന്നിപ്പറക്കുന്ന ചെറുമഞ്ഞശലഭത്തെ നോക്കി അയാൾ പറഞ്ഞു, "ചില പുഴുക്കൾ പുഴുക്കളായിത്തന്നെ ഒടുങ്ങുമ്പോൾ മറ്റു ചിലത് ശലഭങ്ങളാകുന്നു.. "
പറഞ്ഞതിന്റെ സാംഗത്യം മനസ്സിലായില്ലെങ്കിലും അഞ്ജന വെറുതെ മൂളി.അയാളോട് യാത്ര പറഞ്ഞ് തന്റെ ഫ്ലാറ്റ് ലക്ഷ്യമാക്കി നടക്കുമ്പോൾ അവളാ വാക്യം മനസ്സിലുരുവിട്ടു നോക്കി.
അയാൾ എത്ര മാന്യനായിക്കോട്ടെ, തന്റെ ജീവിതത്തിലേയ്ക്കുള്ള കടന്നുകയറ്റം അവൾക്ക് ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല. ചില കാര്യങ്ങളെക്കുറിച്ച് സമൂഹത്തിനെപ്പോഴും പക്ഷപാതപരമായ മുൻവിധികളുണ്ടെന്നവൾക്ക് തോന്നി.
സുലഭമായി മദ്യമൊഴുകുന്ന ഈ നാട്ടിൽ അതുപയോഗിക്കാത്ത പുരുഷൻമാർ തുലോം കുറവെങ്കിലും അതേക്കുറിച്ചു പരസ്യമായി പറയുന്നതോ മറ്റുള്ളവർ അറിയുന്നതോ മഹാപരാധമായാണ് ഇന്നും ആളുകൾ കാണുന്നത്. മദ്യപിക്കുന്ന സ്ത്രീകളുടെ കാര്യം അവർക്കു ചിന്തിക്കാൻ പോലും വയ്യ. നാശത്തിലേയ്ക്കുള്ള വഴിയെന്ന് ഒറ്റയടിക്കങ്ങു പറഞ്ഞു കളയും.
തെരുവുകാഴ്ചകളിലേയ്ക്ക് മിഴിയയച്ച് അവൾ മെല്ലെ നടന്നു. അച്ഛനമ്മമാർക്കൊപ്പം തുള്ളി നടക്കുന്ന കുഞ്ഞുങ്ങൾ, കൂട്ടിയിട്ട വസ്ത്രങ്ങൾക്കും പച്ചക്കറികൾക്കും ചെരിപ്പുകൾക്കും മുമ്പിൽ കൂട്ടം കൂടി കലമ്പുന്ന വഴി യാത്രികർ, ഇരുട്ടും മുമ്പ് വീടണയാനായി ഓടിപ്പിടഞ്ഞകലുന്നവർ, തട്ടുകടകളിലെ കൊതിപ്പിക്കുന്ന ഗന്ധത്തിനു ചുറ്റും നിരന്നാർക്കുന്ന യുവത്വങ്ങൾ,.. മുന്നിൽ കൂട്ടിയിട്ട ചെരിപ്പുകളിലേയ്ക്ക് കൂനിക്കൂടിയിരുന്ന് ജീവിതം തുന്നിക്കെട്ടുന്ന ചെരിപ്പുകുത്തിയും ഇരുളണയും മുമ്പ് പണി തീർക്കാനുള്ള ധൃതിയിലാണ്. ആളുകൾ ജീവിതം ആസ്വദിക്കുന്നതും അനുഭവിക്കുന്നതും തെരുവിലാണെന്നവൾക്കു തോന്നാറുണ്ട്.
മറ്റുള്ളവർ ചോദിക്കുമ്പോൾ വ്യായാമമെന്നു പറയാറുണ്ടെങ്കിലും ഇരമ്പി നീങ്ങുന്ന സാധാരണ ജീവിതം കൊതി തീരെ കാണാനാണ് അവൾ ഫ്ലാറ്റിൽ നിന്നും ഒന്നരക്കിലോമീറ്റർ അകലെയുള്ള തന്റെ ജോലി സ്ഥലത്തേയ്ക്കും തിരിച്ചും നടന്നു യാത്ര ചെയ്യുന്നത്.
ലിഫ്റ്റൊഴിവാക്കി അഞ്ചാമത്തെ നിലയിലുള്ള തങ്ങളുടെ അപ്പാർട്മെൻറിലേയ്ക്കുള്ള പടികൾ കയറുമ്പോൾ അവളുടെ കാലുകൾ പോലെ തന്നെ മനസ്സും തളർന്നുതുടങ്ങിയിരുന്നു. വാതിൽ തുറന്ന് അകത്തേയ്ക്കു കടക്കുമ്പോൾ അന്യഗ്രഹത്തിലെന്ന പോലെ നിശ്ശബ്ദത തളം കെട്ടി നിന്ന വിശാലമായ അകത്തളങ്ങൾ അവളെ ഭയപ്പെടുത്തി. വേഷങ്ങളഴിച്ചു വെച്ച് മേൽകഴുകി നഗരത്തിരക്കിലേയ്ക്കു തുറക്കുന്ന ജനാലപ്പടിയിൽ പുറത്തേയ്ക്കു മിഴിനട്ടിരിക്കുമ്പോൾ ഒറ്റമുളന്തണ്ടിൽ ഒറ്റയ്ക്കിരിക്കുന്ന ഒരു കറുത്ത പക്ഷിയാണ് താനെന്നവൾക്ക് തോന്നി.
രണ്ടു ദിവസമായി ശരത് ഒഫീഷ്യൽ ടൂറിലാണ്. അയാൾക്കായി ഭക്ഷണം കരുതിവെയ്ക്കേണ്ട ആവശ്യമില്ലാത്തതിനാൽ രാത്രിയിലെ ഭക്ഷണം അവളും ചില പഴങ്ങളിലൊതുക്കും. കുട്ടിക്കാലത്തെ വലിയ വേദനയായിരുന്ന വിശപ്പ് ഇപ്പോൾ ഏകാന്തതയ്ക്കു വഴി മാറിയിരിക്കുന്നു എന്നോർത്തപ്പോൾ അഞ്ജനയ്ക്കു മദ്യപിക്കണമെന്നു തോന്നി.
ഫ്രിഡ്ജ് തുറന്ന് ഒരു ഡ്രിങ്ക് ഫിക്സ് ചെയ്തെടുത്ത് അവൾ വീണ്ടും ജനലരികിലെത്തി. അനാഥാലയത്തിലെ അഴുക്കു പിടിച്ച ചുമരുകൾക്കിടയിൽ, വയറു നിറയെ ഭക്ഷണവും പാകമായ വസ്ത്രങ്ങളും കൊതിച്ചു തള്ളി നീക്കിയ ബാല്യത്തെയോർത്തു കൊണ്ട് അവൾ ആദ്യത്തെ സിപ്പെടുത്തു.
പിറന്നയുടൻ കഴുത്തുഞെരിച്ചു കൊല്ലാതെ , ഓടയിലേയ്ക്കു വലിച്ചെറിയാതെ, രണ്ടാനച്ഛന്റെ ക്രൂരതകൾക്കു വിട്ടുകൊടുക്കാതെ,... ഒരു കീറത്തുണിയിൽ പൊതിഞ്ഞ് പള്ളിമുറ്റത്തു തന്നെ കിടത്തി ഇരുളിലേയ്ക്കു മറഞ്ഞ അമ്മയുടെ അവ്യക്തമായ നിഴലോർമകളിൽ അവളുടെ ഹൃദയം കൃതജ്ഞതാനിർഭരമായി.
ബി ടെക് ചെയ്തു കൊണ്ടിരിക്കേ ഇഷ്ടമുള്ള കളിപ്പാട്ടത്തിനു വാശി പിടിച്ചെന്നോണം അച്ഛനമ്മമാർക്കൊപ്പം ഓർഫനേജിലെത്തിയ പൊടിമീശക്കാരൻ പയ്യനിലേയ്ക്ക് ഓർമകളെത്തിയപ്പോൾ അവൾ ഗ്ലാസ് വീണ്ടും ചുണ്ടോടു ചേർത്തു.
സാഹചര്യങ്ങളോടു പടവെട്ടി നല്ല മാർക്കോടെ എഞ്ചിനീയറിങ്ങ് പ്രവേശനം നേടിയ സുന്ദരിയായ അനാഥപ്പെൺകുട്ടിയെ ഒരു വലിയ വീട്ടിലെ പയ്യൻ സ്വന്തമാക്കാനാഗ്രഹിച്ചതും സ്റ്റേറ്റ്സിൽ സെറ്റിൽഡായ രക്ഷിതാക്കൾ അതിനെ പിന്തുണച്ചതും മാധ്യമങ്ങൾക്ക് വലിയ വാർത്തയായിരുന്നു. ആ ഉദാരതയുടെ തെളിവുകൾ ലാമിനേറ്റ് ചെയ്യപ്പെട്ട് പ്രദർശനത്തിനു വെച്ച ഷോക്കേസിലേയ്ക്ക് അവൾ കണ്ണോടിച്ചു.
വിവാഹത്തിന്റെ ആദ്യ നാളുകളിലെ ശരതിനെ ഓർത്തപ്പോൾ അഞ്ജനയുടെ മനസ്സിലേയ്ക്ക് ജയകൃഷ്ണൻ കടന്നു വന്നു. കണ്ണുകളിൽ നിറയെ കാരുണ്യം, സ്നേഹം, കരുതൽ... സമൂഹത്തിന്റെ പുറമ്പോക്കിലേയ്ക്കൊതുങ്ങിപ്പോകേണ്ടവൾ എത്തിച്ചേർന്ന സ്വപ്നസമാനമായ സാഹചര്യങ്ങൾ..
അച്ഛനുമമ്മയും മകനും ചേർന്നിരിന്നുള്ള മദ്യപാനം അരോചകമായി തോന്നിയെങ്കിലും പതിയെ അവൾ കൂടി അതിന്റെ ഭാഗമായി മാറുകയായിരുന്നു. അവരുടെ സോഷ്യൽ സ്റ്റാറ്റസിനും ശരതിന്റെ വാശികൾക്കും ഒപ്പമെത്താനായി അങ്ങനെ പരിചയമില്ലാത്ത പലതും പഠിച്ചെടുക്കേണ്ടതായി വന്നു. അനാഥക്കല്യാണത്തിന്റെ ആരവങ്ങളടങ്ങും മുമ്പേ ശരതിന്റെ അച്ഛനമ്മമാർ തിരിച്ചു പറന്നു. അവരവരുടെ ജീവിതങ്ങളിലേക്ക് ....
ഒരു നെടുവീർപ്പോടെ അഞ്ജന മൂന്നാമതും ഒരിറക്കു ദ്രാവകം കുടിച്ചിറക്കി. " ഇല്ല ...സ്വാർത്ഥമായ പെരുമാറ്റങ്ങൾക്ക് ശരതിനെ എങ്ങനെ കുറ്റപ്പെടുത്തും. അനാഥാലയത്തിൽ വളർന്നവൾക്ക് പട്ടിണി പങ്കുവെയ്ക്കാനാണെങ്കിൽ പോലും സഹ ജന്മങ്ങൾ ഒരുപാടുണ്ടായിരുന്നു. അവനോ...ആരുമില്ല...! ബോർഡിങ്ങിലേയ്ക്കു പറന്നെത്തുന്ന പണവും അതുകൊണ്ടു നേടിയെടുക്കാവുന്ന ആഢംബരങ്ങളുമല്ലാതെ...." അത്രയുമോർത്തപ്പോഴേയ്ക്കും അഞ്ജനയുടെ കണ്ണുകൾ സജലങ്ങളായി. ഗ്ലാസ്സിൽ ബാക്കിയായത് വാഷ്ബേസിനിൽ ഒഴിച്ചു കളഞ്ഞ് അവൾ വീണ്ടും ജനൽപ്പടിയിൽ വന്നിരുന്നു.
റോഡിലൊഴുകുന്ന വാഹനങ്ങൾക്കിടയിൽ നിന്ന് ശരതിന്റെ തിളങ്ങുന്ന ചുവപ്പു സ്വിഫ്റ്റ് കണ്ണിൽ തടഞ്ഞപ്പോൾ അഞ്ജന വാതിൽ തുറന്ന് ബാൽക്കണിയിലേക്കിറങ്ങി നിന്നു. ഗേയ്റ്റിനു പുറത്തു കാർ നിർത്തി കൂടെയിരുന്നയാളോട് കൈ വീശി എന്തോ പറഞ്ഞ് ധൃതിയിൽ നടന്നു വന്ന ശരത് സെക്കന്റുകൾക്കുള്ളിൽ മുറിയിലെത്തിയതു കണ്ട് അഞ്ജന അതിശയപ്പെട്ടു പോയി.
കയ്യിലെ സ്യൂട്ട് കേസിൽ നിന്നും മുഷിഞ്ഞ വസ്ത്രങ്ങളെടുത്തു പുറത്തേയ്ക്കിട്ട്, വാർഡ്റോബ് തുറന്ന് ഇസ്തിരിയിട്ടു വെച്ച ഷർട്ടും മറ്റും അതിലേയ്ക്കെടുത്തു വയ്ക്കുന്നതു കണ്ട് അഞ്ജന അടുത്തേയ്ക്കു ചെന്ന് അവനെ ചോദ്യഭാവത്തിൽ നോക്കി.
"സോറി ഡിയർ " അവനവളെ അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ചപ്പോൾ അവന്റെ ഗന്ധം ആദ്യമായി അവളെ മടുപ്പിച്ചു. " ഒരു അർജന്റ് മീറ്റിങ്ങ്. രണ്ടു ദിവസത്തെ... " അവളെ വിടാതെ തന്നെ വേർപെടുത്തി നിർത്തി മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി അഭിനന്ദിക്കുന്ന മട്ടിൽ അവൻ പറഞ്ഞു. "... ആന്റ് യൂ ഫൗണ്ട് എ ഫ്രണ്ട്...! ശ്വേത നോസ് ഹിം... ഗ്രേറ്റ്... എൻജോയ് ബേബ്...." അവളെ വീണ്ടും ചേർത്തണച്ച് അവൻ പിൻകഴുത്തിൽ ചുംബിച്ചപ്പോൾ ദേഹമാകെ പുഴുക്കൾ നുരയ്ക്കുന്നതു പോലെ അവൾക്കു തോന്നി.
അവൻ പുറത്തേക്കിറങ്ങും മുമ്പേ അവൾ ബാത്റൂമിൽ കയറി ഡോറടച്ചു. നേരത്തെ കഴിച്ചതെല്ലാം ഇരട്ടിയിലധികമായി പുറത്തേയ്ക്കൊഴുകി.
തളർന്നു ബെഡിലേയ്ക്കു വീണ് പുതപ്പിൽ തന്നെ ചുറ്റിപ്പുതച്ചെടുക്കുമ്പോഴേയ്ക്കും അവളുടെ കണ്ണുകൾ അടഞ്ഞു പോയിരുന്നു. മനോഹരമായൊരു സ്വപ്നത്തിന്റെ പടവുകൾ കയറി അവളെത്തുമ്പോൾ ഒരു തുണ്ടു ഭൂമിയിൽ അഞ്ജനയിരുന്ന് മണ്ണൊരുക്കുകയായിരുന്നു. നോക്കി നോക്കിനിൽക്കെ അവിടെ നൂറായിരം ചെടികൾ തളിർത്തു വളരുകയും അവയിൽ അനേകം പുഷ്പങ്ങൾ പൂത്തു വിടരുകയും ചെയ്തു. എവിടെ നിന്നെല്ലാമോ ഇഴഞ്ഞെത്തിയ പുഴുക്കൾ അവൾക്കു ചുറ്റിനും നിരക്കുകയും അവളുടെ കരസ്പർശമേറ്റ മാത്രയിൽ ചിറകു മുളയ്ക്കപ്പെട്ട അവ പൂക്കളിൽ തത്തിപ്പറക്കുകയും ചെയ്യുന്നതു കണ്ട് അവൾ വിസ്മയം പൂണ്ടു നിന്നു. തൊട്ടടുത്ത നിമിഷത്തിൽ അവളുടെ ഇരു ചുമലുകളിലുമായി വലിയ വർണച്ചിറകുകൾ മുളപൊട്ടാൻ തുടങ്ങി.
..... Surya Manu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo