നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചിരട്ടപ്പുട്ട്


എല്ലാവർക്കും പ്രണയിയ്ക്കുന്നത് ഇഷ്ടമാണ് പക്ഷെ പ്രണയിയ്ക്കാൻ സമയമില്ല എന്ന പരാതി. ആസ്വദിച്ച് ജീവിയ്ക്കാൻ അതിയായ ആഗ്രഹമുണ്ട് അതിനുള്ള സമയവും കൂടി കിട്ടിയിരുന്നെങ്കിൽ അടിച്ചു പൊളിക്കാമായിരുന്നു എന്നു പറയുന്നവർ ഒത്തിരി. അതുപോലെ തന്നെയാണ് ഭക്ഷണത്തിൻ്റെ കാര്യവും, കഷ്ടപ്പെട്ടു തയ്യാറാക്കാനുള്ള
മനസ്സില്ലെങ്കിലും കൊതി തീരെ കഴിക്കാനുള്ള ഒരു മനസ്സ് എങ്കിലും ഇപ്പോഴും ഉള്ളത് ഭാഗ്യം.
ഒരു പ്രവാസി കൂട്ടുകാരൻ പറഞ്ഞ പോലെ
സമയം ഇല്ലാഞ്ഞിട്ടല്ലേ അല്ലെങ്കിൽ ഞാൻ നളപാചകത്തിലെ നളനായേനേ ഇതിപ്പോൾ ഏഴു മണിക്ക് എഴുന്നേറ്റ് ഏഴരയ്ക്ക് പോകേണ്ടപ്പോൾ എല്ലാത്തിനും കൂടെ എവിടെ സമയം. ഏഴു മണിക്ക് എഴുന്നേൽക്കുന്നത് ആറു മണിക്ക് എഴുന്നേറ്റാൽ എല്ലാം ഉണ്ടാക്കാനും, അതിനേക്കാൾ ആസ്വദിച്ച് കഴിയ്ക്കാനും ഉള്ള സമയം ലഭിയ്ക്കും. ഒരു മണിക്കൂർ കൂടുതൽ ഉറങ്ങിയിട്ട് ഉറക്ക ഭ്രാന്തൻ എന്ന പേരുണ്ടാക്കാം എന്നല്ലാതെ വേറെ എന്തു ഗുണം.
രാവിലെ ആദ്യം ഉണർന്ന് എഴുന്നേൽക്കുന്ന കിളികൾക്കേ ആദ്യത്തെ പുഴുവിനെ കിട്ടുകയുള്ളു എന്നു പറഞ്ഞ എന്നോട് ആ പുഴുവും ആദ്യം എഴുന്നേൽക്കണ്ടേ, അല്ലെങ്കിൽ മൂന്നാമതെ ഉണരുന്ന കിളിയായിട്ട് മൂന്നാമത്തെ പുഴുവിനെയും തിന്ന് കഴിഞ്ഞോളാമേ എന്നാലുമീ ഉപദേശം ഒന്നും വേണ്ടേ എന്ന് പറയുന്ന സ്വന്തം മകളെ ഓർത്ത് ഞാൻ ഒരു ചെറിയ ചിരട്ടപ്പുട്ട് വിശേഷം പറയട്ടെ.
ചിരട്ടപ്പുട്ടും പരിപ്പുകറിയും പിന്നെ സാമ്പാർ വയ്ക്കാനുള്ള ബേസ്മെൻറും ഒരു പത്തിരുപത് മിനിട്ട് കൊണ്ട് തയ്യാറായാൽ പാചകം ഒരു സുഖമല്ലേ. പിന്നീട് ഒരഞ്ചു മിനിട്ട് കൊണ്ട് സ്വാദിഷ്ടമായ ഒരു സാമ്പാറും കൂടി വയ്ക്കാൻ പറ്റുമെങ്കിൽ ആനന്ദലബ്ധിയ്ക്കിനിയെന്തു വേണം. പാചകം വാചകം പോലെ എത്ര അയത്നലളിതം.
ഇത്തിരി അരിപൊടിയും ജീരകവും ചേർത്ത് നന്നായി തിരുമ്മിയെടുത്ത്, ഉപ്പു ചേർത്ത വെള്ളത്തിൽ പുട്ടിൻ്റെ പാകത്തിന് നനച്ചെടുത്ത് ചിരട്ടപ്പുട്ടിൻ്റെ പാത്രത്തിൽ ചിരണ്ടിയ തേങ്ങയിട്ട് പൊടി നിറച്ച് മുകൾ ഭാഗത്തും തേങ്ങ വിതറി വയ്ക്കുക. കുക്കറിൽ പരിപ്പു കഴുകി ഇത്തിരി മഞ്ഞ പൊടിയിട്ട് അടുപ്പത്ത് വയ്ക്കുക, തീ കത്തിയ്ക്കുക തിളച്ചു വരുമ്പോൾ വെയ്റ്റിടാതെ കുക്കറ്റിൻ്റെ മുകളിൽ ചിരട്ടപ്പുട്ട് വച്ച് ആവി കേറ്റുക, വെന്തു വരുമ്പോൾ പുട്ട് മാറ്റി വെയ്റ്റ് ഇടുക. രണ്ട് വിസിൽ വരുമ്പോൾ കുക്കർ ഓഫ് ചെയ്യുക. പുട്ടും വെന്തു, പരിപ്പും വെന്തു.
ഇനി ഏലയ്ക്കാ ഇട്ടൊരു ഒരു സുലൈമാനി ഉണ്ടാക്കി കഴിയുമ്പോഴേയ്ക്കും പരിപ്പിൻ്റെ ആവി പോയിരിക്കും. ചീനച്ചട്ടിയിൽ ഇത്തിരി വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടായി വരുമ്പോൾ
കടുകിട്ട് പൊട്ടിച്ച്, രണ്ട് നീളൻ ഉണക്കമുളകും, കരിവേപ്പിലയും ഇട്ട്, അതിലേയ്ക്ക് വെന്ത പരിപ്പ് പകുതി ഇട്ട് ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്ന് തിളപ്പിച്ചെടുത്താൽ നല്ല കുറുകിയ സ്വാദിഷ്ടമായ പരിപ്പുകറി റെഡി.
നോമ്പുള്ളവർ നോമ്പുകഴിഞ്ഞ് ഉണ്ടാക്കിക്കഴിച്ചാൽ മതി. അപ്പോൾ വേറെ ഉണ്ടാക്കിത്തരാം.
നോമ്പില്ലാത്തവർക്ക് സ്വാഗതം, ഒന്നിച്ചൊരു പിടി പിടിയ്ക്കാം. ഇതെല്ലാം അല്ലേ ജീവിതം. അപ്പോൾ എങ്ങിനെ റെഡിയല്ലേ ചിരട്ടപ്പുട്ട് കഴിയ്ക്കാൻ .

By: PS Anilkumar

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot