നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്മൃതി വിന്യാസങ്ങൾ - Part 1

Image may contain: outdoor and nature
Part 1:-
(Final Part will be published in one hour)
വിശാലമായൊരു ഹാൾ!
ഏറ്റവും ചുരുങ്ങിയത് 30 അടി നീളം വരും. ആൻഡ്രേ കണക്കു കൂട്ടി. വീതി കുറവായതു കൊണ്ട് ഒരു നെടു നീളൻ കോറിഡോർ പോലെ തോന്നിച്ചു ആ മുറി. അതിന്റെ ഏറ്റവും അറ്റത്താണ് ഡോക്ടർ ഇരിക്കുന്നത്.
ഡോ. ഇവാൻ സ്റ്റീവൻസൺ.
തൂവെള്ള ഭിത്തിയിൽ അങ്ങിങ്ങായി പടർന്നു കയറുന്ന വള്ളിച്ചെടികൾ കാണാമായിരുന്നു. ഇരു വശത്തും തറയിൽ, നീളത്തിൽ ഒരു പ്ലാന്റർ ബോക്സ് ഉണ്ട്. അതിൽ നിന്നാണ് ഈ ചെടികൾ ഉയർന്നു വന്നിരിക്കുന്നത്. അതിനുള്ളിൽ നിന്നു പുറപ്പെടുന്ന ഇളം പച്ച പ്രകാശം ഭിത്തിയിലേക്ക് അരിച്ചു കയറുന്നത് മനോഹരമായൊരു കാഴ്ച്ചയായിരുന്നു. ആ പ്രകാശം തീവ്രമാകുന്നതിനനുസരിച്ച് ഭിത്തിയിലെ ചെടികളുടെ നിഴലുകൾക്ക് നീളം കൂടി വരും. നോക്കി നിൽക്കെ ആ ചെടികൾ ഭിത്തിയിലൂടെ പടർന്നു കയറുന്ന തരം ഒരു എഫക്റ്റ്. ആൻഡ്രെ ആ കാഴ്ച്ച കണ്ടതും, നടത്തം പതിയെയാക്കി.
ചെടികളുടെ നിര അവസാനിച്ചതും, ഇടതു വശത്തായി, നീളം കൂടിയ ഒരു സോഫ കാണായി. വളരെ വിലപിടിച്ചതാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാക്കാം. വെളുത്ത തൂവലുകളുടെ ചിത്രം ആലേഖനം ചെയ്തിരുന്ന അതിന്റെ പ്രതലത്തിൽ ആരെയും ആകർഷിക്കുന്ന വിധത്തിൽ മനോഹരമായി അടുക്കി വെച്ച മൂന്നു നാലു തലയിണകളുണ്ടായിരുന്നു.
ഡോക്ടർ സ്റ്റീവൻസൺ, തന്റെ പ്രശസ്തമായ ഹിപ്നോ തെറാപ്പി സെഷനുകൾക്കു വേണ്ടി ഉപയോഗിക്കുന്നതാകണം ആ സോഫ.
“Good morning Mr. Andre! The Doctor will see you now!”
തൊട്ടു മുൻപിൽ ഒരു പെൺകുട്ടി പ്രത്യക്ഷപ്പെട്ടത് പെട്ടെന്നായിരുന്നു. ശുഭ്ര വസ്ത്ര ധാരിയായ - അതീവ സുന്ദരിയായൊരു ഗ്രീക്ക് പെൺകുട്ടി .
“താങ്ക്സ്!” ശബ്ദം താഴ്ത്തി മന്ത്രിച്ചു കൊണ്ട് അയാൾ തന്റെ നടത്ത വേഗത കൂട്ടി.
മുറിയുടെ അറ്റത്ത്, ചെരിഞ്ഞു വീണു കിടക്കുന്ന ‘7’ എന്ന അക്കത്തെ അനുസ്മരിപ്പിക്കുന്ന വിധം അത്യാധുനീകമായി രൂപകല്പ്പന ചെയ്തിരുന്ന ഒരു തൂവെള്ള മേശക്കപ്പുറം അദ്ദേഹമിരുന്നിരുന്നു.
ഡോ. ഇവാൻ സ്റ്റീവൻസൺ!
“അതി മനോഹരമായിരിക്കുന്നു താങ്കളുടെ ഓഫീസ്!” ആൻഡ്രെ ഹസ്തദാനത്തിനായി കൈ നീട്ടി. “ഞാൻ ആൻഡ്രേ! ആൻഡ്രെ സ്കഗ്നോവിച്ച്.”
ഡോക്ടറുടെ കട്ടിക്കണ്ണടക്കു പുറകിൽ, തിളങ്ങുന്ന കൃഷ്ണമണിയിൽ തന്റെ പ്രതിബിംബം കണ്ടു അയാൾ.
“ഏവിയോഫോബിയ! അല്ലേ ?” ആൻഡ്രേ കസേരയിൽ ഇരുന്നപ്പോഴേക്കും ഡോക്ടർ ചോദ്യങ്ങൾ ആരംഭിച്ചിരുന്നു. “വിമാനങ്ങളോടുള്ള ഭയം.”
“നോ... എനിക്ക് വിമാനങ്ങളെ ഭയമില്ല. On the contrary, I am quite fascinated by the technology. എനിക്ക് ഭയം, വിമാനത്തിൽ യാത്ര ചെയ്യാനാണ്.” ആൻഡ്രേ തിരുത്തി.
“അതു തന്നെയാണ് ഞാൻ ഉദ്ദേശിച്ചത് മിസ്റ്റർ ആൻഡ്രെ.” ഡോക്ടർ ചിരിച്ചു. “എത്ര കാലമായി ഇതു തുടങ്ങിയിട്ട് ?”
“തുടക്കം...” അയാൾ ചിന്തിച്ചു. “തുടങ്ങിയതെപ്പോഴാണെന്നറിയില്ല ഡോക്ടർ. ജന്മനാ ഉണ്ടായിരുന്നിരിക്കണം. കാരണം ഞാൻ എന്റെ ജീവിതത്തിൽ ആകെ ഒരിക്കലേ പ്ലെയിനിൽ കയറിയിട്ടുള്ളൂ. അത് കഴിഞ്ഞ മാസമാണ്. അപ്പോഴാണ് ഈ പ്രശ്നം മനസ്സിലായത്. വിമാനത്തിനുള്ളിൽ കയറിക്കഴിഞ്ഞാൽ ഒരു വല്ലാത്ത ഭയം എന്നെ കീഴ്പ്പെടുത്തുന്നു.”
“സാധാരണ ഇങ്ങനെ സംഭവിക്കുന്നത് ചെറുപ്പത്തിലോ മറ്റോ ഉണ്ടായ എന്തെങ്കിലും എക്സ്പീരിയൻസുകൾ മൂലമാകാം. അതാണ് ഞാൻ ചോദിക്കാൻ കാരണം.”
“എന്റെ കേസിൽ ഒരിക്കലും അങ്ങനെയാകാൻ വഴിയില്ല ഡോക്ടർ. ഞാൻ മുഴുവൻ പറയാം.” അയാൾ ഒന്നിളകിയിരുന്നു “ഞാൻ ഓർഫനേജിലാണ് വളർന്നത്. പാരന്റ്സിനെപ്പറ്റി യാതൊന്നും അറിയില്ല ഇന്നു വരെ. ഓർഫനേജ് വിട്ടതിനു ശേഷം പഠനത്തിൽ അധികം ശ്രദ്ധിക്കാനായില്ല. എത്രയും പെട്ടെന്ന് വിശപ്പടക്കാനായി ഒരു തൊഴിൽ ആയിരുന്നു ലക്ഷ്യം. അങ്ങനെ പതിനെട്ടാമത്തെ വയസ്സിൽ ഒരു ഫോട്ടോഗ്രാഫറുടെ അസിസ്റ്റന്റ് ആയി ജോലി തുടങ്ങിയതാണ് . അതിനു ശേഷം ആ മേഖലയിൽ തന്നെ തുടർന്നു. ഈ കഴിഞ്ഞ വർഷമാണ് സ്വന്തമായി ഒരു അഡ്വർടൈസിങ്ങ് ഏജൻസി തുടങ്ങാനായത്. ഇന്നു വരെ ഒരിക്കൽ പോലും ഒരു വിദേശയാത്ര ചെയ്യേണ്ട ആവശ്യമെനിക്കുണ്ടായിട്ടില്ല. കഴിഞ്ഞ മാസമാണ് ജീവിതത്തിലാദ്യമായി ഞാൻ മലേഷ്യക്ക് തിരിച്ചത്.
വിമാനത്തിൽ കയറി ഇരിക്കുന്നതു വരെ യാതൊരു പ്രശ്നവുമുണ്ടായില്ല.പുതിയ ഒരു അനുഭവമായതുകൊണ്ടുള്ള എക്സൈറ്റ്മെന്റ് മാത്രം. “ആൻഡ്രേ സംസാരം നിർത്തി. അയാളുടെ മുഖഭാവത്തിൽ പെട്ടെന്നുണ്ടായ മാറ്റം ഡോക്ടറുടെ ശ്രദ്ധയാകർഷിച്ചെന്നു വ്യക്തം.
“ഇതു പോലെ വിശദമായി തന്നെ തുടർന്നോളൂ സുഹൃത്തേ.” അദ്ദേഹം പുഞ്ചിരിയോടെ പ്രോൽസാഹിപ്പിച്ചു.
“എല്ലാം വളരെ ഭംഗിയായി, ശാന്തമായി മുൻപോട്ടു പോകുകയായിരുന്നു. അപ്പോഴാണ്...” അയാൾ കണ്ണുകളിറുക്കി അടച്ചു. “അപ്പോഴാണ് ആ നാശം പിടിച്ച ശബ്ദം കേട്ടത്. ആ ബെൽ ശബ്ദം!”
ഡോക്ടർ കൗതുകത്തോടെ തല ചെരിച്ചുകൊണ്ട് കസേരയുടെ വശങ്ങളിലെ കൈപ്പിടികളിൽ അമരുന്ന അയാളുടെ വിരലുകൾ ശ്രദ്ധിച്ചു. പിടുത്തം മുറുകും തോറും രക്തച്ചവി മായുന്ന ആ വിരലുകൾ ...
“ക്യാപ്റ്റൻ സീറ്റ് ബെൽട്ട് വാർണിങ്ങ് തന്നതാണ്. തലക്കു മുകളിൽ ഓറഞ്ചു നിറത്തിൽ ഒരു ലൈറ്റും തെളിഞ്ഞു. അതോടെ എനിക്ക് അസ്വസ്ഥത ആരംഭിച്ചു. എനിക്കു ചുറ്റും എല്ലാവരും സീറ്റ്ബെൽട്ട് ധരിക്കുന്നതിന്റെ ക്ലിക്ക് ശബ്ദം കേൾക്കാമായിരുന്നു.
പെട്ടെന്ന് എന്റെ കയ്യും കാലും മരവിച്ചു പോകുന്നതു പോലെ തോന്നി. ആരോ എന്നെ ഒരു വലിയ കയറു കൊണ്ട് ആ സീറ്റിലേക്ക് വരിഞ്ഞു മുറുക്കി കെട്ടുന്നതു പോലെ... എന്റെ വാരിയെല്ലുകൾ ഞെരിഞ്ഞമർന്നു. ശ്വാസം കഴിക്കാനാകാതെ ഞാൻ പിടഞ്ഞു. അപ്പോഴേക്കും...”
ആൻഡ്രേയുടെ കണ്ണുകൾ തുറിച്ചു വന്നു.
“ആൻഡ്രേ റിലാക്സ് ... അല്പ്പം വെള്ളം കുടിക്കൂ. ” ഡോക്ടർ എഴുന്നേറ്റ് തന്റെ സൈഡ് ടേബിളിൽ നിന്നും ഒരു ഫ്ലാസ്ക് എടുത്ത് ഒരു ഗ്ലാസ്സിലേക്ക് വെള്ളം പകർന്ന് അയാൾക്കു മുൻപിൽ വെച്ചു. ആ റിലാക്സ് എന്ന വാക്ക് അയാളിലുണ്ടാക്കിയ മാറ്റം ചെറുതായിരുന്നില്ല. ആ മുറിയുടെ പ്രത്യേകതയാണോ, അതോ ഡോക്ടറുടെ സ്വരത്തിന്റെ സവിശേഷതയാണോ ആ വാക്ക് പലയാവർത്തി തന്റെ തലക്കുള്ളിൽ പ്രതിദ്ധ്വനിക്കുന്നതു പോലെ തോന്നി ആൻഡ്രേക്ക്.
“അപ്പോഴേക്കും വിമാനം അനങ്ങിത്തുടങ്ങിയിരുന്നു...” ആൻഡ്രേ ആ ഗ്ലാസ്സിലേക്ക് ഒന്നു നോക്കിയതു കൂടിയില്ല. “ഒരു പെൺകുട്ടി എന്റെ സീറ്റിനു തൊട്ടു മുൻപിൽ വന്നു നിന്ന് സുരക്ഷാ കൃമീകരണങ്ങൾ വിവരിക്കാൻ തുടങ്ങി. സീറ്റ് ബെൽട്ട് ധരിക്കുന്നതും, ഓക്സിജൻ മാസ്കുകൾ ഉപയോഗിക്കുന്നതും, ദൗർഭാഗ്യവശാൽ വിമാനം താഴെ കടലിലെങ്ങാൻ വീണാൽ... ലൈഫ് ജാക്കറ്റ് ധരിക്കുന്നതുമെല്ലാം അവർ വിശദീകരിച്ചു.
അതോടെ എന്റെ സകല നിയന്ത്രണവും നഷ്ടമായി. എന്റെ ശരീരത്തിനുള്ളിൽ നിന്നും, ശരീരമാസകലം കൂർത്ത മുള്ളുകൾ കൊണ്ട് മൂടിയ ഒരു ഭയാനക സത്വം അള്ളിപ്പിടിച്ച് പുറത്തേക്കിറങ്ങാനൊരുങ്ങുകയാണെന്നു തോന്നിയെനിക്ക്. വയറിനുള്ളിൽ നിന്ന്... നെഞ്ചിലേക്ക്... അവിടെ നിന്ന് തൊണ്ടക്കുള്ളിലൂടെ...
ഞാൻ ഉറക്കെ അലറി! എത്രയും പെട്ടെന്ന് ആ മരണക്കെണിയിൽ നിന്ന് രക്ഷപ്പെടാനുള്ള പരാക്രമം! ഞാൻ ഇരുന്നിടത്തു നിന്നും ചാടിയെഴുന്നേറ്റ് ആദ്യം കണ്ട എക്സിറ്റ് ലൈറ്റിനെ ലക്ഷ്യമാക്കി ഓടാനാരംഭിച്ചു.
വിമാനത്തിൽ ആ സമയത്തുണ്ടായിരുന്ന എയർ മാർഷൽ ഞാൻ എന്തോ തീവ്രവാദിയാണെന്ന് തെറ്റിദ്ധരിച്ചിരിക്കണം. ടേസർ ഗണ്ണു കൊണ്ട് എന്നെ കീഴ്പ്പെടുത്തി, കയ്യും കാലുമെല്ലാം ബന്ധിച്ചു കഴിഞ്ഞപ്പോഴേക്കും ഞാൻ ബോധരഹിതനായിരുന്നിരിക്കണം. പിന്നീടു നടന്നതൊന്നും എനിക്കോർമ്മയില്ല.
ബോധം വരുമ്പോൾ ഞാൻ Intorrogation റൂമിലായിരുന്നു. ഒന്നര ദിവസത്തോളം അവരെന്നെ ചോദ്യം ചെയ്തു.‘ഏവിയോഫോബിയ’ എന്നൊരു മാനസീക അസ്വാസ്ഥ്യമാണിതെന്ന് അവരാണ് പറഞ്ഞു തന്നത്. അപൂർവ്വമായി ചിലരിൽ കാണപ്പെടുന്ന അതി വിചിത്രമായ ഒരു തരം ഭയം.
ഒടുവിൽ അപകടകാരിയല്ലെന്നു സ്ഥിരീകരിച്ചപ്പോൾ മാത്രമാണ് അവരെന്നെ റിലീസ് ചെയ്തത്. “
ഡോക്ടർ സാവധാനം തന്റെ സീറ്റിലേക്കിരുന്നു.
“എല്ലാം പറഞ്ഞു കഴിഞ്ഞോ ആൻഡ്രേ ?” ഡോക്ടറുടെ മുഖത്തെ ശാന്തതയുടെ പ്രഭാവത്തിൽ തന്റെ സകല പ്രശ്നങ്ങളും അലിഞ്ഞില്ലാതെയാകുന്നത് അയാളറിഞ്ഞു.
“കഴിഞ്ഞു ഡോക്ടർ.”
“മറ്റെന്തെങ്കിലും ഭയമുണ്ടോ ഇതു പോലെ ?”
“Claustrophobia ഉണ്ട് ഡോക്ടർ. ഇടുങ്ങിയ സ്ഥലങ്ങൾ, ഗുഹകൾ ഒക്കെ എനിക്ക് ബുദ്ധിമുട്ടാണ്. എം. ആർ. ഐ. സ്കാനിങ്ങ് പോലുള്ള കാര്യങ്ങൾ എനിക്കൊരിക്കലും സ്വബോധത്തോടെ ചെയ്യാനാകില്ല. പക്ഷേ അതൊന്നും എനിക്കു വിഷയമല്ല. എന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആവശ്യം വിമാന യാത്രയാണ്. ഈ ഭയമാണ് എനിക്ക് മാറേണ്ടത്.”
“ഓക്കേ! ഞാൻ ഒരു കാര്യം തുറന്നു പറയാൻ പോകുകയാണ്.വിഷമിക്കരുത്.” ഡോക്ടറുടെ മുഖത്ത് പുഞ്ചിരിയോടൊപ്പം നിസ്സഹായതയും കൂട്ടിവായിക്കാമായിരുന്നു.
“ എനിക്കൊരു പക്ഷേ താങ്കളെ സഹായിക്കാൻ കഴിഞ്ഞില്ല എന്നു വരും. താങ്കൾക്ക് വേണ്ടത് Exposure Therapy ആണ്. അതിനു വേണ്ട സൗകര്യങ്ങൾ ഇവിടെയില്ല. പക്ഷേ അത്തരം ഒരു സ്ഥാപനത്തിന്റെ അഡ്രസ്സ് ഞാൻ തരാം. അവിടെ അവർ താങ്കളെ ഒരു വിമാനത്തിന്റെ ഫിസിക്കൽ മോഡലിനുള്ളിലിരുത്തി ഒരു Flight Simulation നടത്തും. താങ്കൾക്ക് ആ മുറിക്കുള്ളിലിരുന്നുകൊണ്ടു തന്നെ ഒരു വിമാനയാത്ര അനുഭവിക്കാനാകും. അത് പല വട്ടം ആവർത്തിച്ചു കഴിയുമ്പോൾ-” ആൻഡ്രേ പെട്ടെന്ന് കയ്യുയർത്തി ഡോക്ടറെ തടഞ്ഞു.
“ഞാൻ അതു ചെയ്തിരുന്നു ഡോക്ടർ!” ആൻഡ്രേയുടെ സ്വരത്തിൽ നിരാശ പ്രകടമായിരുന്നു.
“എക്സ്ക്യൂസ് മീ ?”
“താങ്കൾ ഈ പറഞ്ഞ exposure Therapy ഞാൻ ചെയ്തു നോക്കിയിരുന്നു. വെറുതേ കുറേ പണം നഷ്ടപ്പെടുത്തിയതല്ലാതെ പ്രയോജനമൊന്നുമുണ്ടായില്ല. സത്യം പറഞ്ഞാൽ അവരാണ് എന്നെ താങ്കൾക്കടുത്തേക്ക് റെഫർ ചെയ്തത്.“
”ഓക്കേ! പ്ലാൻ ബി.“ ഡോക്ടർ ചിരിച്ചു. ”ഫോബിയകൾ പൊതുവേ, Anti-anxiety മരുന്നുകൾ കൊണ്ട് ഒരു പരിധി വരെ നിയന്ത്രണത്തിലാക്കാവുന്നതാണ്. പക്ഷേ താങ്കളുടെ കേസ് അങ്ങനെ ചികിൽസിക്കാൻ എനിക്ക് താല്പ്പര്യമില്ല. പലരിലും പല തരത്തിലാണ് ഈ മരുന്നുകൾ പ്രവർത്തിക്കുക. ഒരു പക്ഷേ മിഡ് എയറിൽ വെച്ച് മരുന്നിന്റെ പ്രവർത്തനം നിലച്ചാൽ...അപകടമാണ്. എനിക്കതു ചെയ്യാൻ ബുദ്ധിമുട്ടുണ്ട്.“
”ഹിപ്നോ തെറാപ്പി കൊണ്ട് പ്രയോജനമില്ലേ ? താങ്കൾ അതിൽ വിദഗ്ധനാണെന്നു കേട്ടിട്ടുണ്ട്.“
”അതും പ്രയോജനമില്ല സുഹൃത്തേ.“ ഡോക്ടറുടെ ചിരി വിടർന്നു. ”മുൻപെപ്പോഴെങ്കിലും വിമാന യാത്രയുമായി ബന്ധപ്പെട്ട് താങ്കൾക്കുണ്ടായ എന്തെങ്കിലും ദുരനുഭവങ്ങൾ കണ്ടെത്തി അതിനെ അഡ്രസ്സ് ചെയ്യുകയാണ് ഹിപ്നോ തെറാപ്പിയിലൂടെ ചെയ്യുന്നത്. പക്ഷേ, താങ്കളുടെ ജീവിത കഥ കേട്ടിട്ട് അങ്ങനെ ഒരു ബാക്ക്ഗ്രൗണ്ട് ഉണ്ടെന്നു തോന്നുന്നില്ല.“
”ചുരുക്കി പറഞ്ഞാൽ...പ്ലാൻ ബി എന്നൊന്നില്ല. “
ഡോക്ടർ ചുണ്ടുകൾ ചേർത്തു പിടിച്ച് ആലോചനയിലാണ്ടു.
“താങ്ക് യൂ ഡോക്ടർ! “ആൻഡ്രേ എഴുന്നേറ്റു.” തുറന്നു പറഞ്ഞതിന് നന്ദി. സൈക്കിയാട്രിസ്റ്റുകൾ ഇങ്ങനെ ഒരു ഇരയെ കിട്ടിയാൽ ഹിപ്നോ തെറാപ്പി എന്ന പേരിൽ മാസങ്ങളോളം രോഗിയെ പിഴിയുന്ന ഈ നാട്ടിൽ, ആത്മാർത്ഥമായി, ഉള്ള കാര്യം ഉള്ളതു പോലെ പറഞ്ഞതിന് നന്ദി! ഞാൻ കൂടുതൽ താങ്കളെ ബുദ്ധിമുട്ടിക്കുന്നില്ല.”
ആൻഡ്രേ തിരിഞ്ഞ് നടന്ന് ഏതാണ്ട് പത്തടി ദൂരത്തെത്തിക്കാണും. പുറകിൽ നിന്ന് ഒരു വിളി കേട്ട് ഞെട്ടി തിരിഞ്ഞു നോക്കി.
ഡോക്ടർക്കു പുറകിലായി, അല്പ്പം മുൻപ് തന്നെ കടന്നു പോയ ആ ഗ്രീക്ക് പെൺകുട്ടി നില്ക്കുന്നുണ്ടായിരുന്നു. അവളാണ് തന്നെ വിളിച്ചത്.
“നിങ്ങൾ...” അയാൾ അമ്പരപ്പോടെ തിരിഞ്ഞു നടന്നു. “നിങ്ങളിപ്പോൾ ആ വാതിലിലൂടെ പുറത്തേക്ക് പോകുന്നത് ഞാൻ കണ്ടതാണ്.” അയാൾ വിരൽ കൊണ്ട് പുറകിലേക്ക് ആംഗ്യം കാട്ടി.
“ഒരു വാതിൽ അടയുമ്പോൾ മറ്റൊന്നു തുറക്കും എന്നാണല്ലോ.” ആ പെൺകുട്ടി കുലുങ്ങിച്ചിരിച്ചു.
“ആൻഡ്രേ...” ഡോക്ടർ എഴുന്നേറ്റ് നടന്ന് മേശക്കിപ്പുറം വന്നു. “ഞാൻ പറഞ്ഞു തീരും മുൻപേ നിങ്ങൾ എഴുന്നേറ്റു നടന്നു. പ്ലാൻ ബി എന്നൊന്നുണ്ട്. പക്ഷേ അതൊരു...” ഡോക്ടറുടെ ചുണ്ടോളമെത്തിയ വാക്കുകൾ പുറത്തേക്കു വരാനുള്ള മടിയോടു കൂടി പിൻവാങ്ങിയതായി തോന്നി.
“പറയു ഡോക്ടർ...” ആൻഡ്രേ അയാളോടടുത്തു.
“പരീക്ഷണമാണത്. ഒരു Experimental Therapy. താങ്കൾക്ക് താല്പ്പര്യമുണ്ടെങ്കിൽ മാത്രം നമുക്കതു ചെയ്യാം. പക്ഷേ... ഒരു കാര്യം പൂർണ്ണമായും മനസ്സിലാക്കണം. ഇത് മെഡിക്കൽ സയൻസ് അംഗീകരിച്ചിട്ടുള്ള ഒരു രീതിയല്ല. ഏറെ വിവാദ വിഷയമായ ഒന്നാണ്. പക്ഷേ അല്പ്പം സമയമെടുത്ത് എല്ലാം ശ്രദ്ധിച്ച് കേട്ട് താങ്കൾ ഒരു തീരുമാനമെടുക്കൂ. ഒരു പക്ഷേ നമുക്ക് താങ്കളുടെ ഈ ഭയത്തിന്റെ അടിവേരിളക്കാനായേക്കും.”
“പറയൂ...എനിക്ക് താല്പ്പര്യമുണ്ട്.” ആൻഡ്രേ വീണ്ടും കസേരയിലേക്കിരുന്നു.
“ഈ തെറാപ്പിയുടെ പേര് Past Life Regression എന്നാണ്.”
“ഓ നോ!!” ആൻഡ്രേ പെട്ടെന്നു തന്നെ ചാടിയെഴുന്നേറ്റു. “പുനർജന്മം. അല്ലേ ? സോറി. എനിക്കതിൽ വിശ്വാസമില്ല.”
“ഇരിക്കൂ സുഹൃത്തേ.” അദ്ദേഹം അയാളെ വീണ്ടും പിടിച്ച് ആ കസേരയിലേക്കു തന്നെ ഇരുത്തി. “പുനർജന്മമല്ല അതിനേക്കാൾ ഇന്ററസ്റ്റിങ്ങ് ആയ മറ്റൊരു തിയറി ഞാൻ പറഞ്ഞു തരാം. എന്തായാലും താങ്കൾ ഒരു മണിക്കൂർ സെഷനു വേണ്ടി പൈസ അടച്ചു കഴിഞ്ഞതല്ലേ ? ഇതിപ്പോൾ 20 മിനിറ്റ് പോലുമായിട്ടില്ല. അല്പ്പം ക്ഷമയോടെ ഇതൊന്നു കേട്ടു നോക്കൂ.”
“എന്റെ കഴിഞ്ഞ ജന്മത്തിൽ ഞാൻ ഒരു വിമാനപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. ഈ ജന്മത്തിലും ആ ഭയം എന്നെ പിൻതുടരുന്നു എന്നൊക്കെയാണ് താങ്കൾ പറയാൻ പോകുന്നതെങ്കിൽ...”
ഡോക്ടർ അയാളെ സംസാരിക്കുന്നതിൽ നിന്നും വിലക്കിക്കൊണ്ട് ആ പെൺകുട്ടിയെ നോക്കി.
അപ്പോഴാണ് അയാളത് ശ്രദ്ധിച്ചത്. ആ പെൺകുട്ടിയുടെ കയ്യിൽ ഒരു പ്ലേറ്റുണ്ടായിരുന്നു. ഒരു തൂവെള്ള സെറാമിക്ക് പ്ലേറ്റ്. ഇടതു കയ്യിൽ അതു പിടിച്ച് വലതു കയ്യിൽ മറ്റെന്തോ ഉയർത്തി അതിനു മുകളിൽ പിടിച്ചിരിക്കുകയാണവൾ. ഡോക്ടർ കണ്ണു കൊണ്ട് ആംഗ്യം കാണിച്ചപ്പോൾ അവൾ മുൻപോട്ടു വന്നു.
അപ്പോളാണ് അവളുടെ വലതു കയ്യിലെന്താണെന്ന് വ്യക്തമായി അയാൾ കണ്ടത്.
ഒരു തേനീച്ചക്കൂട്.
അതിന്റെ ഷഡ്ഭുജാകൃതിയിലുള്ള നൂറുകണക്കിന് അറകളിൽ നിന്ന് തേൻ നിറഞ്ഞു തുളുമ്പി ഇടതു കയ്യിലെ പ്ലേറ്റിലേക്ക് വീണു കൊണ്ടിരിക്കുന്നു.
“What is this ?" അയാൾക്കൊന്നും മനസ്സിലായില്ല.
”ഞാൻ താങ്കൾക്ക് ഒരത്ഭുതം കാണിച്ചു തരാം“ ഡോക്ടർ മുൻപോട്ടാഞ്ഞ് ആ പെൺകുട്ടിയുടെ കയ്യിൽ നിന്നും ആ പ്ലേറ്റ് വാങ്ങി അയാൾക്കഭിമുഖമായി നിന്നു. പെൺകുട്ടിയാകട്ടെ, തിടുക്കത്തിൽ മേശപ്പുറത്തു നിന്നും, കുറേ ടിഷ്യൂ പേപ്പറുകൾ വലിച്ചെടുത്ത് മുറി വിട്ടു പോയി.
”താങ്കൾ ആ തേനറകൾ ശ്രദ്ധിച്ചിരുന്നോ ?“ മേശപ്പുറത്തു നിന്നും നേരത്തേ അയാൾക്കു വേണ്ടി ഒഴിച്ചു വെച്ച ആ വെള്ളം കയ്യിലെടുത്തു കൊണ്ടാണ് ഡോക്ടർ അതു ചോദിച്ചത്.
ആൻഡ്രേ, എന്താണ് സംഭവിക്കുന്നതെന്നറിയാതെ തല പതിയെ ഇരു വശത്തേക്കും വെട്ടിച്ചു. എല്ലാം വളരെ വിചിത്രമായി തോന്നി അയാൾക്ക്.
”ഇനി ഇതു ശ്രദ്ധിക്കൂ“ ഡോക്ടർ ആ പ്ലേറ്റിലേക്ക് കുറച്ചു വെള്ളമൊഴിച്ചു.
പ്ലേറ്റിലെ തേൻ, പൂർണ്ണമായും, വെള്ളത്തിനടിയിലായതിനു ശേഷം അദ്ദേഹം പതിയെ ആ പ്ലേറ്റ് മുൻപോട്ടും പുറകോട്ടും ഇളക്കാനാരംഭിച്ചു. ആൻഡ്രേയുടെ നോട്ടം മുഴുവൻ ആ പ്ലേറ്റിലെ തേനിലായിരുന്നു.
അതി വിചിത്രമായ ഒരു കാഴ്ച്ചയാണ് അയാൾ കണ്ടത്.
(To be Continued…) 
Written by Alex JohnImage may contain: Alex John, smiling, indoor

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot