Slider

അംബാ മിൽസ് - Part 14

0

“റോബിൻ സ്റ്റെയർകേസ് ഇറങ്ങി എന്റെ പിറകെ ഓടിവരുന്നത് എനിക്ക് കാണാമായിരുന്നു.ഞാൻ തിരികെ ഹോസ്റ്റലിലേക്ക് പോയില്ല.നേരെ പോയത് മിനി മിസിന്റെ അടുത്തേക്കായിരുന്നു.മിസ്സിന്റെ വീട്ടിലേക്ക് പോവുന്ന വഴി ഫോട്ടോ ബൂത്തിന്റെ അടുത്ത്  ഉദയൻ നിൽക്കുന്നത് കണ്ടു.എന്റെ മുഖം   കണ്ടതും അവർക്കെന്തോ പന്തികേട് തോന്നി. ” ദേവി പറഞ്ഞു.
"അവരോ?ആരാ ഈ 'അവർ'?ഉദയന്റെ കൂടെ വേറെ ആരെങ്കിലും അവിടെ ഉണ്ടായിരുന്നോ?"ലിസമ്മ ചോദിച്ചു.
പെട്ടെന്ന് അബദ്ധം പറ്റിയത് പോലെ ദേവി  അലക്സിനെ നോക്കി.
"അത്..ഉദയനും  കൂടെ കടയിലെ തന്നെ ഒരു സ്റ്റാഫും.."ദേവി ലിസമ്മയുടെ മുഖത്ത് നോക്കാതെ പറഞ്ഞു.ലിസമ്മ അവളെ സംശയത്തോടെ നോക്കി നിന്നു.
അന്ന് രാഖിയുടെ മരണശേഷം മിനി മിസ്സിന്റെ വീട്ടിലേക്കു പോവുന്ന വഴി ഫോട്ടോ ബൂത്തിൽ ഉദയന്റെ കൂടെ ശിവയേയും താൻ  കണ്ടുവെന്ന് അലക്സിന്റെ നിർദേശം അനുസരിച്ച് ദേവി  മനപ്പൂർവം മറച്ചുവെച്ചു.
”ആദ്യം ഞാൻ വിചാരിച്ചത് ഉദയനും ഇതിൽ പങ്കുണ്ടാവുമെന്നാണ്.പക്ഷെ  ഗിരിധർ സാർ അംബാ മിൽസിലേക്ക് വരുന്നുണ്ടെന്ന്  എങ്ങനെയോ ഇൻഫർമേഷൻ കിട്ടിയത് അനുസരിച്ച് പിന്നീട് കണ്ടുമുട്ടാം എന്ന ധാരണയിൽ രാഖിയെ അവിടുന്ന് പറഞ്ഞ് വിട്ട് ഉദയനും അവിടെ നിന്ന് തിരിച്ച് കടയിലേക്ക് പോയി .. ഗിരിധറും  കൂട്ടരും എന്തിന് വേണ്ടി ആണ് അവിടെ  ഒത്തുകൂടുന്നതെന്ന് ഉദയന്  അറിയില്ലായിരുന്നു അയാൾ അത് തിരക്കാനും പോയില്ല.ഞാൻ  മിനി മിസ്സിന്റെ വീട്ടിൽ എത്തി . രാഖി കൊല്ലപ്പെട്ടതും പക്ഷെ അത് ഉദയന്റെ കൈകൊണ്ട് ആയിരുന്നില്ല എന്നതും   അവരെ അറിയിച്ചു.അവിടെ നടന്ന കാര്യങ്ങൾ എല്ലാം മിസ്സിനെ  പറഞ്ഞ് കേൾപ്പിച്ചു.സ്വന്തം ഭർത്താവ് കണ്മുൻപിൽ  കിടന്ന് പിടയുന്ന വീഡിയോ ഞാൻ അവരെ കാണിച്ചതും അവർ അലറിവിളിച്ചു.പിന്നീട് സത്യരാജ് സാർ പറഞ്ഞ ആ തെളിവ്,മുരുഗന്റെ  ഫോൺ ,റോബിൻ ഓർഫനേജ് തീ വെയ്ക്കുന്ന വീഡിയോ മുരുഗൻ അയാളുടെ ഫോണിൽ ഷൂട്ട് ചെയ്തിരുന്നത് സത്യരാജ് സാർ  എവിടെ ആണ് വെച്ചിരിക്കുന്നത് എന്ന് എനിക്ക് കണ്ടെത്തണമായിരുന്നു. ആ അവസ്ഥയിൽ മിനി മിസ്സിനോട് ഒന്നും ചോദിച്ചിട്ട് കാര്യമില്ലെന്ന് എനിക്ക് മനസ്സിലായി.സാറിന്റെ ഓഫീസ് റൂമിൽ ഒരു ലോക്കർ കണ്ടു. ലോക്കറിൽ അതുണ്ടാവുമെന്ന് ഊഹിച്ചു.പക്ഷെ നമ്പർലോക്ക് ആയിരുന്നതിനാൽ അത് തുറക്കാൻ എനിക്കറിയില്ലായിരുന്നു.മിനി മിസ് ആ വീഡിയോ കണ്ടതിന്റെ ഷോക്കിൽ ആയിരുന്നത്കൊണ്ട് എന്റെ ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകുന്നുണ്ടായിരുന്നില്ല.പക്ഷെ ആ വീഡിയോ അവിടെ ഇരിക്കുന്നത് മിസ്സിന്റെ കുഞ്ഞിനേയും അപകടത്തിലാക്കുമെന്ന് ഞാൻ പറഞ്ഞപ്പോൾ അവർ  സ്വബോധത്തിലേക്ക് തിരികെ വന്നു.ലോക്കർ ഓപ്പൺ ചെയ്ത്  തന്നു.അവിടെ മുരുഗന്റെ  ഫോൺ ഉണ്ടായിരുന്നു.അതിൽ ആ വിഡിയോയും! അവർ പെട്ടെന്ന് തന്നെ ആ ഫോൺ വീട്ടിൽ നിന്നും എടുത്ത് റൂമിൽ തന്നെ അധികം ആരും ശ്രദ്ധിക്കാത്ത ഒരു  സ്ഥലത്തേക്ക് മാറ്റി.ഞാൻ അന്ന് അവർക്ക് കൂട്ടായി അവിടെ തന്നെ കിടന്നു.എനിക്കും തിരികെ ഹോസ്റ്റലിലേക്ക് പോവാൻ ഭയമായിരുന്നു.പക്ഷെ പിറ്റേന്ന് വെളുപ്പിനെ വാതിൽ തുറന്നതും അവിടെ എന്നെയും കാത്ത്  റോബിൻ ഉണ്ടായിരുന്നു.സംസാരിക്കാൻ കൂട്ടാക്കാതെ  നിന്നപ്പോൾ മിനി മിസ്സിന്റെ മോളെ കൈയിലെടുത്ത് ഭീഷണിപ്പെടുത്തി.
ആ വീട് മുഴുവൻ റോബിൻ സത്യരാജ് പറഞ്ഞ തെളിവിനായി പരതി നടന്നു.അങ്ങനെ ഒരു ഫോണോ വീഡിയോയോ  ഉള്ളതായി സത്യരാജ് സാർ തന്നോട് പറഞ്ഞിട്ടില്ല എന്ന്  മിനി  മിസ് പറഞ്ഞത് റോബിൻ വിശ്വസിച്ചു.
രാഖിയുടെ കൂടെ വന്ന പെണ്ണിനെ കൊന്നിട്ട്  വരാൻ ആയിരുന്നു  ജോസഫ് തരകനും ഗിരിധറും  റോബിനെ  പറഞ്ഞ് വിട്ടത് .പക്ഷെ ആരോരുമറിയാതെ താൻ  മനസ്സിൽ കൊണ്ടുനടക്കുന്ന പെണ്ണിനെ കൊല്ലാൻ  റോബിന് കഴിയുമായിരുന്നില്ല!"പറഞ്ഞതും ദേവി റോബിനെ  നോക്കി.റോബിൻ വാക്കുകൾ നഷ്ടപ്പെട്ടവനെ പോലെ വിദൂരതയിലേക്ക്  നോക്കി ഇരിക്കുകയായിരുന്നു.അവിടെ നടക്കുന്നതൊന്നും അവൻ അറിയുന്നുണ്ടായിരുന്നില്ല..
"തന്നെപോലെ തന്നെ വളരെ ചെറുപ്പത്തിലേ അനാഥ ആയി മാറി  മറ്റൊരാളുടെ കാരുണ്യത്തിൽ കഴിയേണ്ടി വന്ന എന്നോട് റോബിന് പ്രണയമായിരുന്നു എന്ന് പണ്ട് രാഖി പറഞ്ഞ് എനിക്കറിയാമായിരുന്നു.അലക്സ് ഒരിക്കൽ അവളോട് ചോദിച്ചിരുന്നു ഞാൻ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടോ എന്ന്.അത് ഈ റോബിന് വേണ്ടിയായിരുന്നു എന്ന് അലക്സ് പറഞ്ഞത് രാഖി പിന്നീട് എന്നോട്  പറഞ്ഞു.താൻ സ്നേഹിക്കുന്ന പെണ്ണിനെ ഇല്ലാതാക്കാൻ റോബിന് മനസ്സ് വന്നില്ല...ഈ ഒരു കാര്യത്തിൽ മാത്രം റോബിൻ എന്ന നിങ്ങളുടെ വളർത്ത് നായ  നിങ്ങളുടെ വാക്ക് ധിക്കരിച്ചു ജോസഫ്  സാർ!"ദേവി ജോസഫിനോട് പറഞ്ഞു.
അയാൾ റോബിനെ  നോക്കി പല്ലുകടിച്ചു.
"റോബിൻ തന്റെ ഇൻഫ്ലുവെൻസ് വെച്ച് എനിക്ക് ഒരു പുതിയ ഐഡന്റിറ്റി നൽകി എന്നെ വിദേശത്തേക്ക് പറഞ്ഞ് അയച്ചു.എന്നെ കൊന്നു കളഞ്ഞെന്ന് നിങ്ങളോട് കള്ളം പറഞ്ഞു.സത്യങ്ങൾ പുറത്ത് പറഞ്ഞാൽ മിനി മിസിന്റെ കുഞ്ഞിനെ കൊന്ന് കളയുമെന്ന് പറഞ്ഞ് അവരെ ഭീഷണിപ്പെടുത്തി.അതുപോലെ ഞാൻ നാട്ടിലേക്ക് തിരികെ വന്നാൽ അല്ലെങ്കിൽ നാട്ടിലുള്ള ആരെങ്കിലുമായി കോണ്ടാക്ട് ചെയ്യാൻ  ശ്രമിച്ചാൽ എനിക്ക് വേണ്ടപ്പെട്ടവരെ ഇല്ലാതാക്കുമെന്ന് എന്നെയും ഭീഷണിപ്പെടുത്തി.ഗത്യന്തരമില്ലാതെ എനിക്ക് റോബിൻ പറയുന്നത് അനുസരിക്കേണ്ടി വന്നു.അങ്ങനെ ആണ് രാഖി മരിച്ച അന്ന് എന്നെ കാണാതാവുന്നതും  പിന്നീട് ഞാൻ മെക്സിക്കോയിൽ എത്തി മരിയ എലീന ആയി മാറിയതും!"
"നിങ്ങളൊക്കെ മനുഷ്യർ തന്നെ ആണോ ?എന്തെല്ലാം പാതകങ്ങളാ നിങ്ങൾ ചെയ്ത്  കൂട്ടിയത്?എത്ര പേരുടെ ജീവിതങ്ങളാ  നിങ്ങൾ കാരണം ഇല്ലാതായത്? എന്റെ കഴുത്തിൽ മിന്ന്  ചാർത്തി ഇത്ര നാളും  എന്റെ കൂടെ കഴിഞ്ഞ നിങ്ങൾ ഒരു മനുഷ്യ മൃഗം ആണെന്ന് തിരിച്ചറിയാൻ ഞാൻ വൈകിപ്പോയല്ലോ മാതാവേ! "ലിസമ്മ ജോസഫിനെ നോക്കി തലയിൽ കൈവെച്ച് പ്രാകി.
ജോസഫ് അലക്സിനെ നോക്കി.അവൻ ലിസമ്മയെ   കെട്ടിപ്പിടിച്ച്  ഇരിക്കുകയാണ്.
"മോനെ.."അയാൾ അലാസ്‌കിനെ തൊടാൻ കൈകൾ നീട്ടി.
"തൊട്ടുപോകരുതെന്നേ!" അലക്സ് വെറുപ്പോടെ അയാളെ നോക്കി.ജോസഫ്  കരഞ്ഞുപോയി.
" സംസാരിച്ച് തുടങ്ങിയപ്പോ ഞാൻ ആദ്യം വിളിച്ചത് പപ്പാ എന്നാ..നിങ്ങൾ  കഴിഞ്ഞേ എനിക്ക് ഈ ലോകത്തിൽ എന്തുമുണ്ടായിരുന്നുള്ളു..പക്ഷെ എന്റെ കൂടെ ചിരിച്ച് കളിച്ച് നടന്നവർ തന്നെയാണ് എന്റെ പതനത്തിന് കാരണക്കാർ എന്ന് മനസ്സിലാക്കിയ നിമിഷം ഉണ്ടല്ലോ! നിങ്ങളെ കൊല്ലാനല്ല ചത്തുകളയാനാ എനിക്ക് തോന്നിയത്! "അലക്സ് കണ്ണീരിനിടയിൽ പറഞ്ഞു.എന്നിട്ട് റോബിനെ നോക്കി.
"കൂടെ നിന്നിട്ട് എന്നെ ചതിച്ച് കളഞ്ഞല്ലോടാ നീ.."അലക്സ് തേങ്ങി.
റോബിൻ ഒരു മരപ്പാവ കണക്കെ ഇരുന്നതേ ഉള്ളു..
"നിനക്ക് പറ്റിയത് ഒരു നിമിഷത്തെ കൈയബദ്ധമാവാം.പക്ഷെ എനിക്ക് നഷ്ട്ടപ്പെട്ടത് ഞാൻ എന്റെ ജീവനേക്കാളേറെ സ്നേഹിച്ച എന്റെ പെങ്ങളെയാ..അലക്സ് ചോദിച്ചത് പോലെ അവളെ ജീവിക്കാൻ അനുവദിച്ച് കൂടായിരുന്നോ?"രാഗേഷ്  കണ്ണീരോടെ റോബിനെ നോക്കി  പറഞ്ഞു.
"ഞാൻ ചെയ്തത് തെറ്റാണെന്ന് ഞാൻ ഇന്നും വിശ്വസിക്കുന്നില്ല.എന്റെ ജീവിതം ജോസഫ് തരകൻ  എന്ന  ഈ മനുഷ്യന്റെ ദാനമാണ്..അദ്ദേഹം പറയുന്നതിനപ്പുറം എനിക്കൊന്നുമില്ല..പക്ഷെ എനിക്ക് നിന്നെ നോവിക്കാൻ ആവുമായിരുന്നില്ല ദേവി.."റോബിൻ ദേവിയെ ഒന്ന് നോക്കി.ദേവി അവനെ വെറുപ്പോടെ നോക്കി.
"അന്ന് രാഖിയുടെയും ദേവിയുടെയും സ്ഥാനത്ത്  ഈ നിൽക്കുന്ന അലക്‌സോ അല്ലെങ്കിൽ ശിവയോ ആയിരുന്നുവെങ്കിൽ അവരെയും കൊല്ലാൻ  നിങ്ങൾ ഉത്തരവിടുമായിരുന്നോ?"രാഗേഷ് കത്തുന്ന കണ്ണുകളോടെ  ജോസഫിനെയും ഗിരിധറിനെയും നോക്കി ചോദിച്ചു.
അവർ ആരുടേയും മുഖത്ത് നോക്കിയില്ല.
"റവന്യു മിനിസ്റ്റർക്ക്  ഒന്നും പറയാൻ ഉണ്ടാവില്ല അല്ലെ.."രാഗേഷ് ഗിരിധറിനെ നോക്കി പല്ലിറുമ്മി! ഗിരിധർ ഒന്നും മിണ്ടാതെ പകച്ച് നിൽക്കുകയാണ്..
"സ്വന്തം ലാഭത്തിന് വേണ്ടി കുറെ കുരുന്നുകളെയും എന്റെ പെങ്ങളെയും ഒക്കെ പരലോകത്തേക്ക് അയച്ചില്ലേ..?മനുഷ്യക്കുരുതികൾ ഇനിയുമുണ്ടോ?"രാഗേഷ് വെറുപ്പോടെ ചോദിച്ചു.
"നിങ്ങളെ കൊണ്ടുപോവാനുള്ളവർ  ഇപ്പൊ ഇങ്ങ് എത്തും..അവിടുന്ന് തമിഴ് നാട് പൊലീസിന് കൈമാറും..ഇനി മുഖ്യ മന്ത്രി കസേരയൊക്കെ അങ്ങ് ജയിലിലേക്ക് കൊടുത്ത് വിട്ടേക്കാം.."ദേവി ഗിരിധറിനെ  നോക്കി പരിഹസിച്ചു.
ലിസമ്മ ഒന്നും മിണ്ടാതെ അകത്തേക്ക് കയറിപ്പോയി.
ജോസഫ്  അവരുടെ പിന്നാലെ ചെന്നു.
ലിസമ്മ അവരുടെ മുറിയിലെ കട്ടിലിൽ ഇരിക്കുകായാണ്..
"ലിസമ്മേ.."ജോസഫ്  അവരുടെ മുറിയിലേക്ക് കയറാൻ തുടങ്ങിയതും ലിസമ്മ വിലക്കി.
"അരുത്! എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ അവിടെ നിന്നുകൊണ്ട് പറഞ്ഞാൽ മതി.."ലിസമ്മ അയാളുടെ  മുഖത്ത് നോക്കാതെ പറഞ്ഞു.
"അറിയാതെ പറ്റിയ ഒരു അബദ്ധം ആയി കണക്കാക്കി പൊറുത്ത് തന്നുകൂടെ?ഒന്നുമില്ലെങ്കിലും ഞാൻ നിന്റെ കഴുത്തിൽ മിന്ന് കെട്ടിയവനല്ലയോടി.."ജോസഫ് കെഞ്ചി.
"ക്ഷമിച്ച് തരണമെന്നോ?നിങ്ങള് ഒരു മനുഷ്യൻ ആണോ?നിങ്ങള് ചെയ്ത തെറ്റിന്റെ ആഴം നിങ്ങൾക്ക് മനസ്സിലാവുന്നുണ്ടോ?നിങ്ങളുടെ കൂട്ടുകാരന് ജയിക്കാൻ വേണ്ടി ഒന്നുമറിയാത്ത കുറച്ച് കുഞ്ഞുങ്ങളെ നിഷ്കരുണം കൊന്നുതള്ളിയത് ഞാൻ ക്ഷമിച്ച് തരണമെന്നോ? നടക്കത്തില്ല. എന്റെ മരണം വരെ നിങ്ങളോട് ഞാൻ ക്ഷമിക്കത്തില്ല.ഇനി ഇതിന്റെ ബലത്തിൽ ആണ് നിങ്ങൾ  എന്റെ സിമ്പതി പ്രതീക്ഷിക്കുന്നതെങ്കിൽ ദാ അതും ഇതോടെ തീർന്നു!"പറഞ്ഞതും ലിസമ്മ തന്റെ കഴുത്തിൽ കിടന്ന മിന്ന് പൊട്ടിച്ച് വലിച്ചെറിഞ്ഞു!
"ലിസമ്മേ!" ജോസഫ്  ദേഷ്യം കൊണ്ട് അലറി!
" ശബ്‌ദിച്ചു  പോകരുത്!"അലക്സ് അങ്ങോട്ടേക്ക് ഉറഞ്ഞുതുള്ളി വന്നു.
"ഇത്രയും നാളും  പപ്പ എന്ന് വിളിച്ച നാവ് കൊണ്ട് വേറെ പലതും വിളിപ്പിക്കരുത്..സ്വന്തം ലാഭത്തിന് വേണ്ടി മനുഷ്യക്കുരുതികൾ നടത്തിയപ്പോൾ ഓർക്കണമായിരുന്നു തനിക്കും ഒരു കുടുംബം ഉണ്ടെന്ന്..എത്ര മൂടിവെച്ചാലും എന്നെങ്കിലും സത്യങ്ങൾ എല്ലാം വെളിച്ചത്ത് വരുമെന്ന്..എന്റെ മമ്മി പറഞ്ഞത് കേട്ടല്ലോ..ഇനി എന്റെ മമ്മിക്ക് ഇങ്ങനൊരു കെട്ടിയോനെ വേണ്ട.എനിക്കിങ്ങനെ ഒരു അപ്പനേം വേണ്ട.തീർന്നു!എല്ലാ ബന്ധങ്ങളും ഈ നിമിഷം തീർന്നു.ഉറ്റ സുഹൃത്തിനേം വിളിച്ച് വീടിന്റെ വെളിയിലേക്ക് ഇറങ്ങി നിന്നോണം..ഈ വീട്ടിൽ പൊലീസുകാരെ കേറ്റാൻ  ഞാൻ സമ്മതിക്കുകേല.."അലക്സ് പറഞ്ഞത് കേട്ട് ജോസഫ് വിതുമ്പിക്കൊണ്ട് അവരെ നോക്കി.പിന്നെ ഒന്നും മിണ്ടാതെ തിരികെ ഹാളിലേക്ക് നടന്നു.ലിസമ്മയെ  റൂമിലിരുത്തിയിട്ട് അലക്‌സും അയാളുടെ പിറകെ നടക്കാൻ തുടങ്ങിയതും ലിസമ്മ അവന്റെ കൈയിൽ കയറി പിടിച്ചു.അലക്സ് ചോദ്യഭാവത്തിൽ അവരെ നോക്കി.
"അന്ന് ഉദയൻ ഒറ്റയ്ക്കായിരുന്നില്ല അല്ലെ രാഖിക്കായി വല വിരിച്ചത്?"ലിസമ്മയുടെ ചോദ്യം കേട്ട് അലക്സ് ഒരു നിമിഷം ഒന്നും മിണ്ടിയില്ല.
"ഉദയന്റെ കാര്യം പറയുമ്പോ ദേവി നിന്നെ ഇടയ്ക്കിടെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു.ശിവ..അവനായിരുന്നു അല്ലെ ഉദയന്റെ കൂടെ?"ലിസമ്മ ചോദിച്ചു..അലക്സ് അവരെ അത്ഭുതത്തോടെ നോക്കി.പതിയെ അവരുടെ അടുത്ത് ചെന്ന് ഇരുന്നു.
" അതെ മമ്മി..ഗിരിധർ എന്തോ ആവശ്യത്തിന്  അംബാ മിൽസിലേക്ക് ചെല്ലുന്നുണ്ടെന്ന് ശിവയ്ക്ക് ഇൻഫർമേഷൻ കിട്ടി.ശിവ ഉദയനെ അറിയിച്ചു.തങ്ങളെ അവിടെ വെച്ച് ഗിരിധർ   കണ്ടാൽ പ്രശ്നമാകുമെന്ന് കരുതി  ഉദയനും ശിവയും  അവരുടെ പ്ലാൻ മാറ്റി.പിന്നെ ഒരു ദിവസം മീറ്റ് ചെയ്യാം എന്ന് പറഞ്ഞ് അവർ രാഖിയെ പറഞ്ഞുവിട്ടു.പെട്ടെന്ന് തന്നെ  അവരും അവിടെ നിന്ന് തിരികെ ബൂത്തിലേക്ക് പോയി.പിന്നീടാണ് ഞാൻ കൊടുത്ത ബ്രേസ്‌ലെറ്റ് അന്വേഷിച്ച് രാഖിയും ദേവിയും വീണ്ടും അംബാ മിൽസിലേക്ക് തിരികെ പോയതും അവിടെ വെച്ച് പപ്പയെയും ഗിരിധറിനെയും  റോബിനെയും കണ്ടതും എന്റെ രാഖി കൊല്ലപ്പെട്ടതും.ദേവി അത് കണ്ട് ഭയന്ന് മിനി മിസ്സിന്റെ വീട്ടിലേക്ക് പോവുന്ന വഴി ഫോട്ടോ ബൂത്തിനടുത്ത് വെച്ച് ഉദയന്റെ കൂടെ ശിവയേയും കണ്ടിരുന്നു. അംബാ മിൽസിൽ എന്താണ് സംഭവിച്ചതെന്ന് ഉദയനും ശിവയ്ക്കും അറിയില്ലായിരുന്നു. രാഖിയുടെ മരണവും ദേവിയുടെ തിരോധാനവും എല്ലാം ആയപ്പോ ഉദയൻ ഫോട്ടോസ് പുറത്ത് വിടുമോ എന്ന് ഭയന്ന്  രാഖി ആത്മഹത്യ ചെയ്തതാവാമെന്നും  മരിക്കുന്നതിന് മുൻപ് രാഖി ദേവിയോടെല്ലാം പറഞ്ഞിട്ടുണ്ടാവുമെന്നും തങ്ങളെ  ഭയന്നാവാം  ദേവി നാടുവിട്ടതെന്നും ശിവയും ഉദയനും തെറ്റിദ്ധരിച്ചു.."അലക്സ് പറഞ്ഞു.
"എന്നിട്ട് ശിവ എവിടെ?"ലിസമ്മ ചോദിച്ചു.
അലക്സ് അവരെ നോക്കി ഒന്ന് ചിരിച്ചു.അവന്റെ കണ്ണുകളിലെ പകയുടെ തിളക്കം ലിസമ്മ വേദനയോടെ നോക്കി ഇരുന്നു.
"ലിസമ്മോ വെളിയിൽ പോലീസ്!"സാറാമ്മ അന്താളിപ്പോടെ വന്ന് പറഞ്ഞു.
"മമ്മി ഇവിടെ ഇരുന്നാ മതി..ചേട്ടത്തി മമ്മീടെ കൂടെ നിക്കണം."അലക്സ് സാറാമ്മയോട് പറഞ്ഞിട്ട് ഹാളിലേക്ക് നടന്നു.അപ്പോഴേക്കും പോലീസ് റോബിനെയും ഗിരിധറിനെയും  കൈയാമം വെച്ചിരുന്നു. .
"എന്റെ ശിവയെ ഒന്ന് വിളിച്ച് തരാമോ?പോവുന്നതിന് മുൻപ് അവന്റെ ശബ്ദം ഒന്ന് കേൾക്കാനാ.."ഗിരിധർ അലക്സിനോട് പറഞ്ഞു.ദേവിയും രാഗേഷും റോബിനും അലക്സിനെ ഒന്ന് നോക്കി.
"തൽക്കാലം ചെല്ല്..ഞാൻ പറഞ്ഞേക്കാം മോനോട്.."അലക്സ് പറഞ്ഞു..
തന്റെ വിയർപ്പും അധ്വാനവും കൊണ്ട് പണിത മാളിയേക്കൽ തറവാടിന്റെ പടികൾ അവസാനമായി ചവിട്ടി ഒഴുകിവന്ന കണ്ണുനീർ തുടച്ച് കൊണ്ട് ജോസഫ് തരകനും പിന്നാലെ റോബിനും ഗിരിധറും  ഇറങ്ങി.പോലീസ് അവരെ  മൂന്നുപേരെയും ജീപ്പിൽ കയറ്റി..******

രാഗേഷിന്റെ  വീട്ടിൽ ഹാളിലെ സോഫയിൽ ഇരിക്കുകയായിരുന്നു സുധയും അവരുടെ മകൾ ചിന്നുവും.
ദേവി അവരുടെ തൊട്ടടുത്ത് തന്നെ നിൽപ്പുണ്ട്.
"രാഗേഷ് സാർ  വന്ന് ഞങ്ങളെ സാറിന്റെ ഒരു ഫ്രണ്ടിന്റെ വീട്ടിൽ താമസിപ്പിച്ചേക്കുവായിരുന്നു..എനിക്കൊട്ടും ഇഷ്ടമുണ്ടായിട്ടല്ല.പിന്നെ സാർ വന്ന് പറയുമ്പോ എങ്ങനെയാ പറ്റില്ലാന്ന് പറയുന്നത്.. "സുധ നീരസത്തോടെ പറഞ്ഞു.
ചിന്നു ഒന്നും മിണ്ടാതെ വീടിന്റെ  ഭംഗി ആസ്വദിച്ച് ഇരുന്നു. മുതിർന്ന ഒരു പെൺകുട്ടി ആണെങ്കിലും ചിന്നുവിന് കൊച്ചുകുട്ടികളുടെ സ്വഭാവം ആണ്.അവൾക്ക് മാനസിക വൈകല്യം ഉണ്ട്.
"ദേവിച്ചേച്ചി..ഇനി പോവുമ്പോ എന്നെ കൂടി കൊണ്ടുപോവുവോ?"ചിന്നു ചോദിച്ചു.
ദേവി ഒന്നും മിണ്ടാതെ അവളുടെ മുടിയിൽ തലോടി..
"ഇവളെ ഡോക്ടറെ കാണിക്കുന്നുണ്ടോ?"ദേവി ചോദിച്ചു.
"ഓഹ് പിന്നെ നീ അവിടെ അട്ടിയടിക്കി വെച്ചിട്ടല്ലേ പോയത്  എടുത്ത് മറിക്കാൻ.."സുധ ശബ്ദം താഴ്ത്തി ദേഷ്യപ്പെട്ടു.അകത്ത് നിന്നും രാഗേഷ് വരുന്നത് കണ്ട് അവർ പെട്ടെന്ന് നിശബ്ദയായി.രാഗേഷ് തന്റെ കൈയിലിരുന്ന ചെക്ക് ബുക്കിൽ നിന്നും ഒരു ചെക് ലീഫ് എടുത്ത് ഒരു എമൗണ്ട്  എഴുതി ഒപ്പിട്ട് സുധയുടെ  കൈയിൽ വെച്ച് കൊടുത്തു.
"എന്നാ ഞങ്ങൾ ഇറങ്ങട്ടെ സാറേ.."സുധ രാഗേഷിനെ നോക്കി വിനയത്തോടെ ചിരിച്ചിട്ട് ചിന്നുവിന്റെ കൈയിൽ പിടിച്ചു.
"ഞാൻ ചേച്ചീടെ കൂടെ നിന്നോളാം..അമ്മ പൊക്കോ.."ചിന്നു ചിണുങ്ങി.
"ചിണുങ്ങാതെ നടക്ക് കൊച്ചെ.."സുധ ചിന്നുവിന്റെ കൈയിൽ ഒരടി വെച്ച് കൊടുത്തു.
അത് കണ്ട് ദേവിയുടെ കണ്ണുകൾ നിറഞ്ഞു.
"അവളെ നോവിക്കാതെ.."ദേവി വേദനയോടെ  പറഞ്ഞു.സുധ അത് കേൾക്കാത്ത ഭാവത്തിൽ ചിന്നുവിന് ഒരടി കൂടി കൊടുത്ത് അവളെയും  വലിച്ച് വെളിയിൽ ഇറങ്ങി.രാഗേഷ് സിറ്റ് ഔട്ടിൽ നിന്നതേ ഉള്ളു.അവിടെ ടേബിളിൽ മടക്കി വെച്ച പത്രം നിവർത്തി ഒന്ന് കൂടി ആ ന്യൂസ് വായിച്ചു.
"തമിഴ് നാട്ടിൽ പൂട്ടി കിടന്ന അംബാ മിൽസിൽ രണ്ട് മൃദദേഹങ്ങൾ കണ്ടെത്തി.പെരുമ്പാമ്പിന്റെ  ആക്രമണത്തിൽ അസ്ഥികൾ  തകർന്നായിരുന്നു  മരണം സംഭവിച്ചത്... "തിരികെ ആ പത്രം മടക്കി ടേബിളിലേക്ക് വലിച്ചെറിയുമ്പോൾ അവന്റെ ചുണ്ടുകളിൽ ക്രൂരമായ ഒരു ചിരി ഉണ്ടായിരുന്നു..
ദേവി സുധയുടെ കൂടെ  വെളിയിലേക്കിറങ്ങി ചെന്നു.
"ഇത്ര നാളും  കാണാതായപ്പോ ചത്തെന്നാ വിചാരിച്ചത്.രാഗേഷ് സാർ വന്ന് പറഞ്ഞപ്പഴാ നീ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞത് .സ്വത്തിന്റെ അവകാശോം പറഞ്ഞോണ്ട് അങ്ങോട്ട് വന്നേക്കരുത് കേട്ടല്ലോ..ഞാനും എന്റെ കൊച്ചും എങ്ങനെയെങ്കിലും ജീവിച്ച് പൊക്കോട്ടെ.."സുധ ഈർഷ്യയോടെ പറഞ്ഞിട്ട് അവിടെ നിന്നിറങ്ങി.ദേവി നിറഞ്ഞുവന്ന കണ്ണുകൾ തുടച്ച് അവർ പോവുന്നതും നോക്കി നിന്നു..അപ്പോഴാണ് ഗേറ്റിൽ അവരുടെ സംസാരം ശ്രദ്ധിച്ച് കൊണ്ട് നിൽക്കുന്ന അലക്സിനെ കണ്ടത്!
തുടരും.......
Click here to read all published parts -
https://www.nallezhuth.com/search/label/AmbaMills

By: Anjana Ravi USA
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo