നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചന്ദനംപെറ്റ പെണ്ണ് - Part 6


"ഓ.. ഇവിടെ വന്ന് ഓരോന്നും കണ്ടപ്പോൾ ഞാനൊരു തമാശ പറഞ്ഞതാ... ലക്ഷ്മിയമ്മേ നിങ്ങളത് കാര്യമാക്കണ്ട..."
"മോളേ.... നിനക്കെന്റെ മകളാകാനാെള്ള പ്രായമേയൊള്ളു... ജീവിതമെന്തെന്ന് നീ ഇനിയും പടിക്കണം പക്ഷേ ഈ ലക്ഷ്മിയമ്മ ജീവിതമൊരുപാടു കണ്ടതാ ആ എന്റടുത്തു വേണോ ഈ ഒളിച്ചുകളി കൊറച്ചെക്കെ മോളേക്കുറിച്ച് എനിക്കറ്യാം."
പരിചയപ്പെട്ട അന്നു മുതൽ ഒരേ ഓഫീസിൽ മൂന്നു വർഷമായി ജോലി ചെയ്യുന്നു. ഇത്രയും നാളുകൾക്കിടയിൽ ആദ്യമായിട്ടാണല്ലോ ലക്ഷ്മിയമ്മ തന്നെ മോളേ എന്നു വിളിക്കുന്നത്. ബത്തേരി താലൂക്കാഫീസിൽ താൻ ജോലിക്കെത്തിയ ആദ്യത്തെ ദിവസം ലക്ഷ്മിയമ്മ തന്നെ സാറെന്നു വിളിച്ചപ്പോൾ താൻ പറഞ്ഞതാണ് അവരോട് എന്നെ സാറെന്നു വിളിക്കാതെ പേരുവിളിച്ചാ മതിയെന്ന് അപ്പോൾ അവർ പറഞ്ഞത്
" കൊറേ വർഷായി ഞാൻ സർവ്വീസിൽ കേറീട്ട് അന്നു മൊതല് വിളിച്ചു തൊടങ്ങീതാ എന്റെ മേലുദ്യോഗസ്ഥരെ സാറേന്ന് വിളിക്കാൻ ഇനിയത് മാറ്റാനൊക്കൂല തലെക്ക് മോളിലിരിക്കുന്നോരെ ബഹുമാനിക്കുന്നില്ലെന്ന പരാതീം ഒണ്ടാകൂല പണ്ടൊരു ഗുമസ്തൻ ഞാനങ്ങേരെ സാറേന്നു വിളിക്കുന്നില്ലെന്ന് താലൂക്കോപ്പിസറോട്
പരാതി പർഞ്ഞതാ അന്നുതൊട്ടിന്നു വരെ ഈ വിളിമൊടക്കീട്ടില്ല"
ആ ലക്ഷിയമ്മയാണ് തന്നെ ഇപ്പോൾ മോളേന്നു വിളിച്ചത്.
നടത്തം നിറുത്തിയട്ട് ശ്രീജ അവരെ നോക്കി ചോദിച്ചു.
"ആട്ടേ... ലക്ഷ്മിയമ്മയ്ക്ക് എന്നേക്കുറിച്ചെന്തർയാം..പറ ഞാനൊന്നു കേക്കട്ടേ "
"എനിക്കധികമൊന്നുമറിയില്ല മോളേ.
പക്ഷേ...ഇത്ര മാത്രമേ അറ്യോളൂ.."
പറഞ്ഞു നിറുത്തിയിട്ട് അവർ ഒരു നിമിഷം അവളുടെ മുഖത്തേയ്ക്കു നോക്കി.
"എന്താ ലക്ഷ്മിയമ്മേ... നിറുത്തിക്കളഞ്ഞത് എന്തായാലും പറഞ്ഞോളൂട്ടോ പറ്ഞ്ഞൂന്നു കര്തി എനിക്കൊര് പെണക്കാേല്ലാട്ടോ.."
"അല്ലേ... മോളെന്റെ മേലുദ്യോഗത്തിലൊള്ളതാണ് അങ്ങ്നെയൊള്ളോര് എന്നോട് കാട്ടുന്നപോലൊന്നും കുഞ്ഞൊരിക്കലും പെരുമാറീട്ടില്ല അതിന്റെ നന്ദീം സ്നേഹോം എന്നുമെനിക്കൊണ്ട് പക്ഷേ ഇപ്പോ ഞാനെന്തെങ്കിലും പറഞ്ഞാല് അത് മനസ്സി വെച്ചോണ്ടെന്നോട് പെരുമാറൂലാന്ന് ഒറപ്പു തന്നാൽ ഞാമ്പറയാം എനിക്കെന്താണ് മോളേക്കുറിച്ചറിയുന്നതെന്ന് "
"അയ്യോ... ഈ ലക്ഷ്മിയമ്മേക്കൊണ്ട് ഞാൻ തോറ്റൂ എന്തായാലും പറഞ്ഞോ ധൈര്യമായിപ്പറഞ്ഞോ എനിക്കൊരു വെഷമോമില്ല ഇപ്പോ നമ്മളുതമ്മിലെങ്ങനാണോ അങ്ങനെ തന്നെയാവൂ മുമ്പോട്ടും.. അതുപോരേ.. സത്യം"
അവൾ ലക്ഷ്മിയമ്മയുടെ രണ്ടു കൈയ്കളും കൂട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.ആ പെരുമാറ്റം കണ്ടപ്പോൾ അവളൊരു ശാഠ്യക്കാരിയായ കൗമാരക്കാരിയാണെന്നു തോന്നി. അവളുടെ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കിക്കൊണ്ട് അവർ വിളിച്ചു.
" ചന്ദനം പെറ്റ പെണ്ണേ.."
പെട്ടന്ന് ഒരു നിമിഷം കൊണ്ട് ശ്രീജയുടെ മുഖത്തെ ചിരി മാഞ്ഞു ഷോക്കേറ്റപോലേ ഒന്നു പിടഞ്ഞു നിന്നയിടത്തു നിന്നും അനങ്ങാനാവാതെ സ്തംഭിച്ചു നിന്നു. നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ട് അവൾ ചോദിച്ചു.
"എങ്ങനറിഞ്ഞു ലക്ഷ്മിയമ്മേ... ആരാ പറഞ്ഞത് ഞാൻ ചന്ദനം പെറ്റ പെണ്ണാണെന്ന്?"
"എല്ലാം ഞാനറിഞ്ഞൂന്നു കൂട്ടിക്കോളൂ വേറേ ആരുമല്ല എന്നോട് പറഞ്ഞത് അതിനർഹതപ്പെട്ടവരിൽ നിന്നാ ഞാനതറിഞ്ഞത് "
" ആരാ ലക്ഷ്മിയമ്മേ..ആരാന്നു പറ അച്ഛനും അമ്മയുമാണോ എന്നെക്കുറിച്ച് നിങ്ങളോട് പറഞ്ഞേ..വേറെന്തെങ്കിലും പറഞ്ഞോ?"
അവർ പറഞ്ഞതു കേട്ട് ശ്രീജയ്ക്കു വിശ്വാസം വന്നില്ല അവളുടെ വെപ്രാളം കണ്ടു പുഞ്ചിരിച്ചുകൊണ്ട് അവളുടെ തോളത്ത് സ്നേപൂർവ്വം തലോടി തന്നോട് ചേർത്തു നിറുത്തിക്കൊണ്ടു പറഞ്ഞു:
" അവരാരുമല്ല മോളേ എന്നോടു പറഞ്ഞത് "
അവർ തന്റെ ക്ഷമയെ പരീക്ഷിക്കുവാണെന്ന് തോന്നിയെങ്കിലും അതു പുറത്തു കാട്ടാതെ ശ്രീജ ചോദിച്ചു.
" അച്ഛനും അമ്മയും അല്ലെങ്കിപ്പിന്നെ ഏട്ടൻമാരാരിക്കുമോ? ഏയ് ഒരിക്കലും അവർ പറയില്ല അങ്ങനെ സംഭവിക്കെണമെങ്കി കാക്കമലന്നു പറക്കണം പിന്നെയേട്ടത്തി യേതായാലും അതു പറയാൻ ഇങ്ങോട്ടു വരത്തില്ലെന്നൊറപ്പാ പിന്നെയാരാ...?പറ ലക്ഷ്മിയമ്മേ ...എനിക്കു ദേഷ്യം വരുന്നൊണ്ടുട്ടോ.."
"ഇവരാരുമല്ല മോളേ അത് നീ പ്രതീക്ഷിക്കാത്തവരാ ഒരിക്കൽപ്പോലും നേരിൽ കാണാത്ത നീ നിന്റെ മനസ്സിപ്പോലും ചിന്തിക്കാത്തവർ അവരിൽ നിന്നാണ് ഞാനതറിഞ്ഞത്.നിന്നെയറിയുന്ന എന്നാൽ നീ ഒരിക്കൽപ്പോലും അറിയാത്ത നിന്റെ വേണ്ടപ്പെട്ടവരാണ് അവർ"
"ഞാനറിയാത്ത എന്റെ വേണ്ടപ്പെട്ടവരോ അങ്ങനെയൊന്നുണ്ടോ ഞാനറിയാത്തവർ? ഞാനറിയാത്ത എന്നെ അറിയുന്ന ബന്ധക്കാരും സ്വന്തക്കാരുമുണ്ടോ ലക്ഷ്മിയമ്മേ എനിക്കീ ലോകത്ത്?"
അവളുടെ ചോദ്യം കേട്ടപ്പോൾ അവളോടെന്ത് മറുപടി പറയണമെന്നറിയാതെ മിണ്ടാതെ നിന്നു.എന്നിട്ട് ആ കണ്ണുകളിൽ നോക്കി പറഞ്ഞു.
" ഉണ്ട് അതാണ് സത്യം"
"ഇത്രയുംകാലം ഇല്ലാതിരുന്നവർ ഇപ്പോഴെങ്ങനെയാണൊണ്ടായത്? ഒണ്ടെങ്കിത്തന്നെ എനിക്കു വെറുപ്പാണവരോട് പരമ പുച്ഛം ജീവിതത്തിലിത്രയും കാലം ഞാനെങ്ങനായിരുന്നോ അങ്ങനെ തന്നെ ജീവിച്ചാ മതി പുതിയ ഏച്ചുകെട്ടല് ഇനി വേണ്ടേ വേണ്ടാ "
സ്വതേ ശാന്തസ്വഭാവക്കാരിയായ അവളിൽ പെട്ടന്ന് ഇരച്ചെത്തിയ കോപംകണ്ട് അവർ തെല്ലൊന്ന് നിശബ്ദയായി.
"നിങ്ങക്കറ്യോ... ഈ ലോകത്തിൽ എനിക്കാെള്ള ബന്ധുക്കാരും കുടുംബോം എന്റെ അച്ഛനും അമ്മയും ഏച്ചിയും ഏട്ടന്മാരുമാണ് എന്റെയീ ജീവിതത്തിന്റെ ആയൂസ് മുഴുവൻ അവർക്കവകാശപ്പെട്ടതാണ് അവർക്കു മാത്രം. അവരെ മറന്നുള്ള മറ്റൊരു ജീവിതത്തേക്കുറിച്ച് വേറൊരു കുടുംബത്തേക്കുറിച്ച് എന്റെ മരണംവരെ എനിക്ക് ചിന്തിക്കാൻ കഴിയില്ല തമാശയ്ക്കുപ്പോലും "
അവളുടെ കണ്ഠമിടറി ശബ്ദം മുറിഞ്ഞൂ.
"അതെക്കെയെനിക്ക് നീ പറയാതെ തന്നെ അറിയാല്ലോ? അങ്ങനേ പാടുള്ളൂ ഇല്ലെങ്കി ഈശ്വരനെന്നാെരു ശക്തി ഈ പ്രപഞ്ചത്തിലൊണ്ടോ?"
ലക്ഷ്മിയമ്മ അവളെ ആശ്വസിപ്പിച്ചു.
"നിങ്ങക്കറ്യോ... ഒർമ്മവെച്ച നാളുമുതല് ഞാൻ കേക്കുന്നതാ ഈ വിളി ചന്ദനം പെറ്റ പെണ്ണെന്ന്
അതു കേട്ടിട്ട് അന്നെനിക്കൊട്ടും സങ്കടം തോന്നീട്ടില്ല. ആ വിളിയുടെ അർത്ഥം അന്നെനിക്ക് മനസ്സിലാകത്തില്ലായിരുന്നു കുഞ്ഞല്ലേ എങ്ങനെ മനസ്സിലാകും?സ്ക്കൂളിപ്പോകുമ്പോൾ എന്നെനോക്കി വഴിയരുകിൽ നിന്നും പലരും വിളിക്കുന്നതും കേട്ടിട്ടുണ്ട് പക്ഷേ കൊറച്ചു വളർന്നു തിരിച്ചറിവായിക്കഴിഞ്ഞും എന്നെയിങ്ങനെ വിളിക്കുന്നത് കേട്ടപ്പോഴാണ് അതിന്റെ കാരണമറിഞ്ഞത് .ഞാനാറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ദിവസം വൈകുന്നേരം സ്ക്കൂളുവിട്ട് റോഡിലെത്തിയപ്പോൾ പെട്ടന്നു മഴ പെയ്യാൻതൊടങ്ങി നല്ല മഴ മഴക്കാലമല്ലാത്തോണ്ട് രാവിലെ വരുമ്പോൾ കൊടയെടുത്തിരുന്നില്ല തിരിച്ചു സ്ക്കൂളിലേക്കാടാതെ അടുത്തുള്ള രാജപ്പൻ ചേട്ടന്റെ ചായക്കടേല് കേറിനിന്നു ഞാനും കൂട്ടുകാരും അവടെ ചായ കുടിച്ചോണ്ടിരുന്ന എന്നെയറിയുന്ന ഏതോ ഒരാള് ചോദിച്ചു.
"എന്താ ചന്ദനം പെറ്റ പെണ്ണേ കൊടയൊന്നും വാങ്ങിത്തന്നില്ലേ നിന്റെയച്ഛൻ ബാർബർ നാണൂ.."
അതു കേട്ട രാജപ്പൻചേട്ടന്റെ ഭാര്യ പാർവ്വതിച്ചേച്ചി എന്നെനോക്കി പറഞ്ഞു.
" അതിന് ഇവള് അയാടെ സ്വന്തം മോളല്ലല്ലോ വളർത്തുമോളല്ലേ? ഏതോ ഒരുത്തി പെഴച്ചു പെറ്റിട്ട് വലിച്ചെറിഞ്ഞിട്ടുപോയപ്പോളല്ലേ ഇവളെ നാണുവേട്ടനു കിട്ടീത് എവിടുന്നു കിട്ട്യാലുമെന്ത സ്വന്തം മക്കളേക്കാലും കാര്യത്തിലാട്ടോ അവരിവളെ വളർത്തുന്നേ അപ്പോ ഒന്നല്ല ഒമ്പതു കൊട മേടിച്ചുകൊടുക്കൂലോ നാണുവേട്ടൻ. എന്തായാലും
ആ ലക്ഷ്മിയേടത്തിനെ സമ്മതിക്കണം. കമാന്നൊരക്ഷരം പറയാണ്ടല്ലേ ഈ കൊച്ചിനെ രണ്ടു കൈയ്യും നീട്ടി വാങ്ങീത് എന്റെ കെട്ട്യോനാരുന്നെങ്കിൽ ഞാൻ സമ്മതിക്കൂല അന്നുതൊട്ടിന്നുവരെ ഇതിനോടൊരു തിരിച്ചു വെത്യാസോം അവര് കാട്ടീട്ടില്ല"
അന്നതുകേട്ടപ്പോഴാണ് ലക്ഷ്മിയമ്മേ എന്റെ കുഞ്ഞുഹൃദയം ആദ്യമായി പൊട്ടിത്തകർന്നത്. അവർ പറഞ്ഞതുകേട്ടപ്പോൾ എന്റെ കൂട്ടുകാരെല്ലാം ആദ്യം കാണുന്നതുപോലേ എന്നെ പരിഹാസത്തോടെ നോക്കി ചിരിച്ചത് ഞാനിന്നും മറന്നിട്ടില്ല. ഇല്ല ആ ദിവസം ജീവിതത്തിലൊരിക്കലും ഞാൻ മറക്കില്ല."
"ഏതായാലും ഈ കൊച്ച് ഭാഗ്യോംകൊണ്ടാണ് നാണൂന്റെ വീട്ടിച്ചെന്നു കേറീത് അയാൾക്കിപ്പോ നല്ല സമയമല്ലേ? അഞ്ചുലെക്ഷല്ലേ ലോട്ടറിയടിച്ചത് കുടിച്ച് തെറീം പറഞ്ഞു നടന്ന അയാളിപ്പോ പണക്കാരനായി കുടീം നിറുത്തി. എല്ലാം ഇവടെ ഭാഗ്യാന്നാ ബൈരക്കുപ്പക്കാര് പറയുന്നേ."
അതുങ്കൂടി കേട്ടപ്പോൾ എനിക്കു സങ്കടം സഹിച്ചില്ല പിന്നെ ഞാനവിടെ നിന്നില്ല. പൊട്ടിക്കരയാൻ തോന്നിയപ്പോൾ പുസ്തകപ്പെട്ടീം തൂക്കിപ്പിടിച്ച് മഴയത്തേക്കിറങ്ങിയോടി. തോണിക്കടവിലെത്തീട്ടാ നിന്നേ. അക്കരെ കടവിൽ കൊടേം പിടിച്ച് എന്നെ കാത്തുനില്ക്കുന്ന അമ്മയെ കണ്ടപ്പോൾ എനിക്കു സങ്കടം സഹിക്കാൻ കഴിഞ്ഞില്ല തോണിയിലിരുന്നു ഞാൻ പൊട്ടിക്കരഞ്ഞു. അക്കരെയെത്തി തോണിയിറങ്ങിയതും ഓടിച്ചെന്നു അമ്മയെ കെട്ടിപ്പിടിച്ച് ഏങ്ങലടിച്ചു. എന്റെ സങ്കടം കണ്ടപ്പോൾ കാര്യമായതെന്തോ സംഭവിച്ചെന്ന് അമ്മയ്ക്കു മനസ്സിലായി
"എന്നാ മോളേ പറ്റ്യേ നീയെവിടെങ്കിലും തട്ടി വീണോ.? അമ്മേന്റെ പൊന്നൂട്ട്യെന്തിനാ മഴനഞ്ഞു വന്നേ ഏതേലും കടത്തിണ്ണേല് കേറിനിന്നിട്ട് മഴ മാറീട്ടു പോന്നാമത്യാരുന്നില്ലേ വല്ല പനീം പിടിക്കില്ലേ?"
സ്നേഹത്തോടെ വഴക്കു പറഞ്ഞിട്ട് ബ്ലൗസിനു മുകളിലൂടെ മാറുമറച്ചിരുന്ന തോർത്തെടുത്ത് തല തുവർത്തി തന്നപ്പോൾ എന്റെ ഏങ്ങലടി കരച്ചിലായിമാറി. കരയുന്നതിന്റെ കാര്യം തിരക്കിയ അമ്മയോട് വിക്കി വിക്കി സംഭവം പറഞ്ഞപ്പോൾ നനഞ്ഞു കുതിർന്ന എന്നെ വാരിയെടുത്ത് തോളിൽ കിടത്തി അമ്മ നേരേ പെട്ടിയും തൂക്കിപ്പിടിച്ച് കടയിലേക്കുചെന്നു അച്ഛനോട് വിവരം പറഞ്ഞു. ദേഷ്യം പിടച്ച അച്ഛൻ അപ്പോൾത്തന്നെ കടയടച്ച് വല്യേട്ടനേംങ്കൂട്ടി രാജപ്പൻചേട്ടന്റെ കടേച്ചെന്നു വഴക്കൊണ്ടാക്കി അവരെ വിളിക്കാത്ത ചീത്തേം തെറിയുമില്ല അവസാനം പാർവ്വതിച്ചേച്ചീം രാജപ്പൻ ചേട്ടനും മാപ്പു പറഞ്ഞിട്ടാണ് അവരടങ്ങീത്.അങ്ങനെയാണ് ഞാൻ ആദ്യമായി എന്നെ തിരിച്ചറിഞ്ഞത് പക്ഷേ ഒരിക്കൽപ്പോലും എനിക്ക് ആ വീട്ടിൽ നിന്നും തരം തിരിവു കിട്ടിയിട്ടില്ല എല്ലാവരും എന്നെ സ്നേഹിക്കാനും ലാളിക്കാനും മത്സരിച്ചു രമേച്ചീനെ കല്യാണം കഴിച്ച് രണ്ടു മക്കളുണ്ടായിരുന്നു വല്യേട്ടനന്ന്. അവരും സ്വന്തം മക്കളേക്കാൾ കൂടുതൽ എന്നെയായിരുന്നു സ്നേഹിച്ചത്. പക്ഷേ പാർവ്വതിച്ചേച്ചി അന്നുതന്ന ആ മുറിവ് എന്റെ ജന്മരഹസ്യം ഞാൻ അനാഥയാണെന്ന വലിയ സത്യം എന്റെ ഹൃദയത്തിൽ ആരുമറിയാതെ വളർന്നുകൊണ്ടിരുന്നു. ഇന്നും അതെന്റെ ഉള്ളിൽ വ്രണമായിത്തന്നെ നില്ക്കുന്നുണ്ട്. പിന്നേം ഒരുപാടുതവണ ചന്ദനം പെറ്റ പെണ്ണന്ന വിളി കേട്ടിട്ടുണ്ട് ഓരോ തവണ കേൾക്കുമ്പോഴും ആ വ്രണം പൊട്ടി രക്തമൊലിക്കാറുണ്ട് ലക്ഷ്മിയമ്മേ "
അച്ഛനും അമ്മയ്ക്കും ചേട്ടനും എന്നോടുള്ള സ്നേഹത്തിന്റെ ആഴമറിഞ്ഞതും ആ രാത്രിയിലാണ്. അന്ന് മഴ നനഞ്ഞതുകൊണ്ട് രാത്രിയിലെനിക്ക് പനി പിടിച്ചു. എന്റെ ഞരക്കവും മൂളലും കേട്ടു ഭയന്ന അച്ഛനും അമ്മയും ചേട്ടനെ വിളിച്ചുണർത്തി കൂടെക്കൂട്ടിക്കൊണ്ട് ഒരു ചൂട്ടും കത്തിച്ച് പിടിച്ച് എന്നെ തോളിലെടുത്ത് ആ രാത്രിയിൽ ഞങ്ങടെ കുളിക്കടവായ തേന്മാൻ കടവിലെ അരയ്ക്കൊപ്പം വെള്ളത്തിലൂടെ നടന്ന് പൊഴയ്ക്കര കടന്ന് മൂന്നു കിലോമീറ്റർ അകലെയുള്ള മുപ്പത്തിമൂന്നിൽ പ്രാഥമിക ചികിത്സ കിട്ടുന്ന സ്ഥലമുണ്ട് ഒരു നേഴ്സ് കാർത്ത്യാനി ചേച്ചി പെരിക്കല്ലൂർ കടവിലെ മിക്കവരും പനിയും തലവേദനയും വരുമ്പോ ഓടിച്ചെല്ലുന്നത് ആ ചേച്ചീന്റെ അടുത്താണ് എന്നേങ്കൊണ്ട് ചെന്നപ്പോൾ കാർത്ത്യാനിച്ചേച്ചി അവിടെയില്ല ഏതോ ബന്ധുക്കാരെ കാണാൻ പോയേക്ക്വാ രണ്ടു ദെവസം കഴിഞ്ഞേ വരുവോളത്രേ.. പിന്നെ മുപ്പത്തിമൂന്നിൽ തന്നെ പേരിന് രണ്ട് ക്ലിനിക്കുകളുണ്ട് ഒരു ഹോമിയോപ്പതിയും അലോപ്പതിയും പട്ടാണിക്കുപ്പ് പാതിരി മൂന്നു പാലം അവിടെയൊക്കെയുള്ളവർ അന്ന് എന്തേലും അസുഖം വന്നാൽ ചികിത്സ തേടിവരുന്നത് ഹോമിയോ ഡോക്ടർ സാമുവലിന്റേം അലേപ്പതിക്കാരൻ അബ്രാഹം ഡോക്ടറിന്റെയും അടുത്താണ്. വൈകുന്നേര മാകുമ്പോൾ ക്ലിനിക്ക് അടച്ച് അബ്രാഹം ഡോക്ടർ പട്ടാണിക്കുപ്പിലെ വീട്ടിലേക്കു പോകും പക്ഷേ സാമുവൽ ഡോക്ടർ ക്ലിനിക്കിൽ തന്നെയാണ് കിടക്കുന്നത് അസുഖം വന്നവർ ഏതു പാതിരാത്രിക്കു വന്നാലും സാമുവൽ ഡോക്ടർ അവരെ ചികത്സിക്കാൻ സന്മനസ്സു കാണിക്കും എന്നെ കൊണ്ടുപോയതും ആ സാമുവൽ ഡോക്ടറിന്റെടുത്താണ് പരിശോദിച്ച ശേഷം ശേഷം ഡോക്ടർ പറഞ്ഞു "നാണു വേട്ടോ കൊച്ചിന് പനി വളരെ കൂടുതലാണ് വേഗം മാനന്തവാടിക്കോ പുല്പള്ളിക്കോ കൊണ്ടക്കോ അല്ലേ നമ്മടെ മരക്കടവിലെ സെന്റ് കാതറൈൻസിൽ കൊണ്ടക്കോ പൈസ ഇച്ചിരി കൂടിയാലും അവടെത്തെ ഡോക്ടർ ബ്രിജിത്താസിസ്റ്റർ നല്ല കൈപ്പുണ്യമുള്ള ഡോക്ടറ... ആന്റിബയോട്ടിക്ക് കഴിച്ചാൽ എളുപ്പം കൊറയും എന്നാൽ വേഗം മരക്കടവിന് വിട്ടോ സ്ക്കൂളിന്റെ അതിലൂടെ പൊക്കോ ഭൂതാനം കുന്നിറങ്ങിയാൽ മരക്കടവെത്താം."
എന്നേയും തോളിലെടുത്ത് തിരിച്ചു പെരിക്കല്ലൂർ സ്ക്കൂളിന്റെ അടുത്തൂടെയൊള്ള ഭൂതാനം കുന്നിറങ്ങി നടക്കുമ്പോൾ ചൂട്ടും വീശി മുമ്പിൽ നടന്ന അമ്മ ഓരോ ചുവടുവയ്ക്കുകുമ്പോഴും എനിക്കു വേണ്ടി പ്രാർത്ഥിക്കുന്നത് കേൾക്കാമായിരുന്നു. ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ഞാൻ അത്രയും ദേവൻമാരുടേം ദേവിമാരുടേം അമ്പലങ്ങളുടെയും പേരുകൾ കേൾക്കുന്നത് ഓരോ അമ്പലങ്ങളിലെ ദൈവങ്ങൾക്കും പ്രത്യേകം നേർച്ചകൾ എന്റെ ആരോഗ്യത്തിനും പനി കുറയാനും ഓരോ നേർച്ചകളും നേരുമ്പോൾ അച്ഛൻ പറയും
"ലക്ഷ്മ്യേ ഒരു പനിക്കിത്രോം നേർച്ച്യോ? ചുമ്മാ നേർന്നാ മാത്രം പോരാട്ടോ ആർക്കെക്കെ എന്തെക്കെ നേർന്നതെന്ന് ഓർമ്മ വേണം അതെല്ലാം പാലിച്ചില്ലെങ്കിൽ ദോഷം എന്റെ മോക്കാ അതോണ്ട് ഇനി വല്ലാണ്ട് നേരണ്ട വേണ്ടാട്ടോ നിറ്ത്ത്യേക്ക് നെന്റെ നേർച്ച നേരല് "
പക്ഷേ അമ്മ നിറുത്തിയില്ല. രണ്ടു മൂന്നു കിലോമീറ്റർ ദൂരമുണ്ടായിരുന്നു മരക്കടവിലേക്ക്
അത്രയും ദൂരം അച്ഛനും വല്യേട്ടനും മാറി മാറിയാണ് എന്നെ തോളിലേറ്റിയത്. നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിസ്റ്ററിന്റെ മേശേലെന്നെ കിടത്തീട്ട് ..
"എന്റെ പൊന്നൂട്ട്യെ ഒരു കൊഴപ്പോമില്ലാതെ ഞങ്ങക്ക് തിരിച്ചു തരണമെന്റസിസ്റ്ററേന്നു.. "
പറഞ്ഞ് അലമുറയിട്ടു കരഞ്ഞ എന്റെ അമ്മയെ ഈ ജീവിതത്തിൽ എങ്ങനെ മറക്കാൻ കഴിയും?
അങ്ങനെ മറക്കാൻ പറ്റാത്ത ഒരുപാടു സംഭവങ്ങളുണ്ട് ഈ ജീവിതകാലം മുഴവനിരുന്നു പറഞ്ഞാലും തീരില്ല അവരുടെ സ്നേഹത്തിന്റെ കഥകൾ.
അവൾ ഓർമ്മകളുടെ ഭാണ്ഡക്കെട്ടഴിച്ചിട്ടപ്പോൾ
ശ്രീജയുടെ ജീവിത കഥ ഒരു വല്ലാത്ത സംഭവം തന്നെയാണെന്ന് അവർക്കു തോന്നി ഒപ്പം നാണുവേട്ടന്റെ കുടുംബത്തിനോടുള്ള ബഹുമാനവും
"ഞാനെന്നുമോർക്കാറൊണ്ട് ലക്ഷ്മിയമ്മേ.. സത്യത്തിൽ ഞാനല്ലേ ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി? എന്നെ ജീവനു തുല്യം സ്നേഹിക്കുന്ന മാതാപിതാക്കളും സഹോദരങ്ങളും. ഈ കാലിലൊരു മുള്ള് കൊണ്ടാൽപ്പോലും എനിക്കല്ല അവർക്കാണ് വേദനിക്കുന്നത് കറിക്കരിയുമ്പോൾ എന്റെ വിരലിലെ തൊലിപൊട്ടി ഒരു തുള്ളി ചോര പൊടിഞ്ഞാൽപ്പോലും സങ്കടപ്പെട്ട് കരയുന്ന അമ്മ ചോറുവാരിത്തരുന്ന അച്ഛനും ഏട്ടന്മാരും ഒരാള് എന്തേലും വാങ്ങിത്തന്നാൽ അടുത്ത ദിവസം മറ്റുള്ള രണ്ടുപേരും വേറെന്തെങ്കിലുംവാങ്ങിത്തരും അവർ തമ്മിൽ മത്സരമാണ് ഇങ്ങനെയൊരു ജീവിതം ആർക്കാണ്ടുള്ളത്.? എന്നും ജോലിക്കു രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ വല്യേട്ടനും അച്ഛനും എന്നോട് കൈനീട്ടം വാങ്ങിച്ചിട്ടാണ് പോകുന്നേ ഞാൻ കൊടുത്താൽ അത് പൊലിക്കുമത്രേ എനിക്കു പേടിയാണ് ഈ സ്നേഹം കാണുമ്പോൾ. ദൂരെ എവിടെയ്ക്കെങ്കിലും യാത്ര പോകുമ്പോൾ ഞാൻ പലപ്പോഴും തിരയാറുണ്ട് ലക്ഷ്മിയമ്മേ എന്റെ മുഖഛായയുള്ള ആരെയെങ്കിലും കാണാൻ, അമ്മയുടെ പ്രായമുള്ള സ്ത്രീകൾ അടുത്തു വരുമ്പോൾ ഞാൻ സൂക്ഷിച്ചു നോക്കും അവർക്കെന്റെ രൂപവുമായി സാമ്യമുണ്ടോ എന്ന് അത് വെറുതെയാണെന്നറിയാം എങ്കിലും ഞാൻ വിശ്വസിക്കുന്നുണ്ട് എന്നെങ്കിലും എന്റെ മുന്നിൽ അങ്ങനെയൊരു സ്ത്രീ വരുമെന്ന് അപ്പോൾ എനിക്കവരോട് നന്ദി പറയണം ജനിച്ച സമയത്ത് എന്നെ കൊല്ലാതെ ഉപേക്ഷിച്ചതിന് അതുകൊണ്ടല്ലേ എനിക്ക് എന്റെ ലക്ഷ്മിയമ്മേടേം അച്ഛന്റേം മകളായ പൊന്നൂട്ടിയായിത്തീരാൻ കഴിഞ്ഞത് എന്റെ ഏട്ടന്മാരുടേം ശ്രീദേവിയേച്ചീന്റേം കുഞ്ഞനുജത്തിയാകാൻ കഴിഞ്ഞത് ചന്ദനം പെറ്റ പെണ്ണാകാൻ കഴിഞ്ഞത് അതുകൊണ്ട് എനിക്ക് അവരോട് ദേഷ്യമില്ല ലക്ഷ്മിയമ്മേ പിന്നെ നിങ്ങളോട് പറഞ്ഞത് ആരായിരുന്നാലും എനിക്കു വിഷമമില്ല അവർ ആരാണെന്നു നിങ്ങളെന്നോട് പറഞ്ഞില്ലെങ്കിലും വിഷമമില്ല"
അതു കേട്ടപ്പോൾ ലക്ഷ്മിയമ്മയ്ക്കു സന്തോഷമായി തീർച്ചയായും താനുദ്ദേശിച്ചതു നടക്കും എല്ലാം ഭംഗിയായി അവസാനിക്കും ഏതായാലും കുറച്ചു കൂടി കാത്തിരിക്കാം അവർ മനസ്സിലങ്ങനെ തീരുമാനിച്ചുറപ്പിച്ചു.
(തുടരും) 
***അടുത്ത ഭാഗം നാളെ - ഇവിടെ, ഇതേസമയം*** 

വായിക്കാത്ത ഭാഗങ്ങൾ ഇവിടെ തിരയുക-  https://www.nallezhuth.com/search/label/ChandanamPettaPennu
ബെന്നി ടി ജെ  
Image may contain: 1 person, beard and closeup

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot