°°°°°°°°°°°°°°°°°°°°°°°°°°°°°°°
അഞ്ചു മണിക്കു ശേഷം ഞാൻ ബാഹുബലിയെയും കൂട്ടുകാരികളെയും കൂടു തുറന്നു വിടും. കോഴികളാണ്...
കൂട് അത്യാവശ്യം വലുതാണ്. ഉയരത്തിലുമാണ്. പകലൊക്കെ പട്ടികൾ റോന്തുചുറ്റി നടക്കാറുള്ളതു കാരണം ബാഹു വിന് പുറത്തിറങ്ങണമെന്നില്ല. പക്ഷേ ദേവസേനയോ അവന്തികയോ ലോലയോ അന്തമില്ലാതെ പുറത്തേയ്ക്ക് പറന്നിറങ്ങും.പിന്നെ ബാഹുവിന് നിൽപ്പുറയ്ക്കില്ല. പിന്നാലെ പറന്നു ചെന്ന് തലയ്ക്ക് മേടും.
വലിയ കരുതലാണ് കൂട്ടുകാരികളോട്. മനുഷ്യരെപ്പോലെയല്ല. പണ്ടെങ്ങനെയായിരുന്നോ... ഇപ്പഴും അതുപോലെ. ആൾവെയ്സ് കെയറിങ് ഏന്റ് റൊമാന്റിക്. അക്കാര്യത്തിലവനോട് ബഹുമാനം തോന്നും. സത്യം പറഞ്ഞാൽ ചിലയാളുകളെ കോഴി എന്നു വിളിക്കുന്നത് ശരിയല്ല. മനുഷ്യർക്കൊരിക്കലും കോഴിയാവാൻ കഴിയില്ല.
എന്തെങ്കിലുമൊരു ജീവിയെ വളർത്തിയേ പറ്റൂ എന്ന് മക്കൾ വാശി പിടിച്ചപ്പോഴാണ് പത്തു കോഴിയെ വാങ്ങിയത്. ജീവികളോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണ് ഭർത്താവ് ഒന്നിനെയും വളർത്താൻ താൽപര്യപ്പെടാത്തത്. മിണ്ടാപ്രാണികളെ കൂട്ടിലിട്ടു വളർത്തുന്നതും വേണ്ടത്ര ശ്രദ്ധിക്കാതിരിക്കുന്നതും ഇഷ്ടമല്ല.
ഒടുവിൽ എന്റെ സ്വന്തം റിസ്കിലാണ് കൂടൊരുക്കിയതും അവയെ കൊണ്ടുവന്നതും. എന്റെ അമ്മ കൂടെ നിന്നു മാർഗനിർദ്ദേശങ്ങൾ തന്നു.
രാവിലെ ജോലിക്കു പോകും മുമ്പേ വെള്ളവും തീറ്റയും കൊടുക്കണം. തിരിച്ചു വന്നാൽ കൂടു തുറന്നു വിടും. കൂടെ നിന്നു നോക്കിയില്ലെങ്കിൽ പട്ടി പിടിക്കും. കുറച്ചു ദിവസം മക്കൾ കൂടെ നിന്നു. പിന്നത്തെ കാര്യം തഥൈവ. ആദ്യത്തെ ആവേശം കഴിഞ്ഞാൽ അവരെന്റെ മാത്രം ബാധ്യതയാവുമെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് ഏറ്റെടുത്തത് എന്നതുകൊണ്ട് ക്ഷമിച്ചു. അല്ലാതെന്തു ചെയ്യാൻ...
കുറച്ചു വലുതായപ്പോൾ എന്താ ബഹളം !! രാവിലെ കൂട്ടിൽ ഇടിയും ചവിട്ടും കരച്ചിലും... ഒന്നും പറയണ്ട. ഇത്തിരി വൈകി എണീക്കുന്ന എനിക്ക് കിടക്കപ്പൊറുതിയില്ലാതായപ്പോൾ നാലെണ്ണത്തിനെ വിറ്റു. മുട്ടയിട്ടു തുടങ്ങിയ മൂന്നു പിടയും ഒരു പൂവനും മറ്റൊരു കൂട്ടിലേയ്ക്കു പോയി.
കൂടു തുറക്കുമ്പോഴേയ്ക്കും പുറത്തേയ്ക്കു ചാടാൻ ഏറെ വെപ്രാളം കാട്ടിയിരുന്ന മിസ് ബോൾട്ട് ഇത്തിരി വലിപ്പം കുറവായ കാരണം ആ കൂട്ടത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. അവരെത്തപ്പെട്ട കൂട് തീരെ ചെറുതാണെന്നും അവരെ പുറത്തു വിടാറില്ലെന്നും പിന്നീടവരെ സന്ദർശിക്കാൻ പോയ മക്കൾ പറഞ്ഞു. ഞാൻ പിന്നെ ആ വഴിക്കു പോയിട്ടില്ല.
അറയ്ക്കൽ അബുവിനൊരു വാട്ടം കണ്ടപ്പോൾ അതിനെ ഇറച്ചിയാക്കുന്നതാവും മറ്റുള്ളവയുടെ കൂടി ആരോഗ്യത്തിനു നല്ലതെന്ന അമ്മയുടെ അഭിപ്രായം നടപ്പിലാക്കപ്പെട്ടു. സഞ്ചിയിലാക്കി കടയിൽ കൊടുത്ത് ഡ്രെസ് ചെയ്യിച്ചു കൊണ്ടുവന്നത് ഞാൻ തന്നെയാണ്. കറി വെച്ചു. പക്ഷേ ഇളയവൻ കറി കൂട്ടിയില്ല. കാലിനു വയ്യാതെ തത്തിത്തത്തി നടന്നിരുന്ന നെയ്മറും ദയാവധത്തിനിരയാക്കപ്പെട്ടു. ആ കറി, മുഴുവൻ ചെലവാകാതെ ബാക്കിയായി.
ഇനിയുള്ള നാലു പേരാണ് ഇപ്പോൾ കൂട്ടിൽ കിടക്കുന്നത്. ഇതിനിടെ ഒരു പൂച്ചയും വന്നു കൂടി. ഓരോ ദിവസവും അവയോടുള്ള അടുപ്പം കൂടി വരുമ്പോൾ സത്യത്തിൽ ടെൻഷനാണ്. അനിവാര്യമായ വേദനകൾ വഴിയിൽ കാത്തു നിൽക്കുന്നു.
ദിവസേന രണ്ടോ മൂന്നോ മുട്ട കിട്ടിയിരുന്നത് ഇപ്പോൾ ഒന്നു കിട്ടിയാലായി എന്നായിട്ടുണ്ട്. ഇവയെ ഒഴിവാക്കി കുറച്ചു കോഴിക്കുഞ്ഞുങ്ങളെ വാങ്ങുന്നതാവും നല്ലതെന്ന് അമ്മ ഈയിടെ വന്നപ്പോൾ പറഞ്ഞു. ആർക്കെങ്കിലും കൊടുക്കുക തന്നെ വേണ്ടി വരും. പാവം ബാഹു..! അങ്ങനെ വന്നാൽ അവനും നിസ്സഹായനായിപ്പോകും...
മുന്നിലെ പാത്രത്തിൽ കത്തിക്കു മുന്നിൽ മീനുകൾ കണ്ണു മിഴിച്ചു കിടക്കുന്നു. പൂച്ചയ്ക്കു വേണ്ടിയാണ് ദിവസവും മീൻ വാങ്ങുന്നത്. അവയും ജീവനാണെന്ന് പലപ്പോഴും മറന്നു പോകുന്നു.
ശ്ശെ .. കൈ മുറിഞ്ഞല്ലോ ... സാരമില്ല... ഇപ്പോൾ കുറച്ചാശ്വാസം തോന്നുന്നുണ്ട്.
.... Surya Manu
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക