Slider

മഴക്കാലമേഘങ്ങൾ

0
Image may contain: Giri B Warrier, closeup and outdoor
*************
കഥ | ഗിരി ബി. വാരിയർ
“The monsoon is set to enter the state today evening and anticipating heavy rains and thunderstorm…”
നല്ല വെയിൽ ഉള്ളതിനാൽ അയയിൽ ഉണങ്ങാനിട്ട തുണികൾ മറിച്ചിട്ട് മാവിന്റെ ചുവട്ടിലെ സിമന്റ് തറയിൽ വന്നിരുന്നപ്പോഴാണ് അവിടെ മടക്കി വെച്ചിരുന്ന ഇംഗ്ലീഷ് പത്രത്തിലെ വാർത്ത ശ്രദ്ധയിൽ പെട്ടത്. അയൽപക്കത്തെ ആൽഫ്രഡ് അങ്കിൾ ദിവസവും ഇംഗ്ലീഷ് പത്രം വായിക്കാൻ വരും. ഈ മാവിനടിയിലിരുന്നാണ് പത്രവായന. ഇടയിൽ ഒരു ചായയും അദ്ദേഹത്തിന്റെ അവകാശമാണ്.
പത്രവാർത്ത എത്ര സത്യമാവുമെന്നറിയില്ല. പോക്കുവെയിലിന്റെ ചൂട് കണ്ടിട്ട് അടുത്തെങ്ങും മഴ പെയ്യുമെന്ന് തോന്നുന്നില്ല. ഇന്നല്ലെങ്കിൽ നാളെ കാലവർഷം തുടങ്ങും, വീണ്ടുമൊരു പെരുമഴക്കാലം.
മരത്തണലിൽ കുറച്ചു നേരം കണ്ണടച്ച് തറയിൽ ഇരുന്നു. ചിന്തകൾ കാടുകയറി.
അന്ന് അമ്മയുടെ ആഗ്രഹം പറയുമ്പോഴും പുറത്ത് മഴ തിമർത്തു പെയ്യുന്നുണ്ടായിരുന്നു. അമ്മയ്ക്ക് മഴക്കാലം ഒട്ടും ഇഷ്ടമല്ലായിരുന്നു കാരണം ഒരു മഴക്കാലത്തിലാണ് അച്ഛൻ ഞങ്ങളെ വിട്ടുപിരിഞ്ഞത്.
എനിക്ക് ജോലികിട്ടാൻ അമ്മ ഗുരുവായൂർ അമ്പലത്തിൽ ഒരു വഴിപാട് നേർന്നിരുന്നു. അത് കഴിക്കാനായിട്ടാണ് ആ വർഷം ഞങ്ങൾ ഒരുമിച്ച് നാട്ടിലേക്ക് വരുന്നത്. അതും പന്ത്രണ്ട് വർഷങ്ങൾക്കു ശേഷം.
ഗുരുവായൂരിൽനിന്നും മടങ്ങി വന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് അമ്മ തളർന്നുവീണതു്. ബ്രെയിൻ ഹെമൊറേജ് ആയിരുന്നു. മൂന്നാം ദിവസം പാതി ബോധം തിരിച്ചുകിട്ടിയെങ്കിലും എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാമെന്ന അവസ്ഥയായിരുന്നു. അമ്മ ഒരു ആഗ്രഹം ഏറെ പ്രയാസപ്പെട്ടാണ് പറഞ്ഞൊപ്പിച്ചത്. എന്റെ കഴുത്തിൽ താലി അണിഞ്ഞു കാണണം.
എന്റെ സ്വപ്നങ്ങൾ ക്ഷണനേരം കൊണ്ട് തകർന്നടിഞ്ഞു. പ്രൊബേഷൻ കഴിഞ്ഞ്
വിദേശത്തുപോകാൻ കഴിയുമായിരുന്ന ഒരു ജോലി കിട്ടിയ ഉടനെ വിവാഹം എനിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത ഒരു കാര്യമായിരുന്നു.
കൂഞ്ഞുനാൾതൊട്ടു് അടുത്തടുത്ത ഫ്ലാറ്റുകളിൽ താമസിച്ചിരുന്ന ഞാനും രാഹുലും എന്നും നല്ല കൂട്ടുകാരായിരുന്നു. മറാഠികളായിരുന്ന അവരുടെ കുടുംബവുമായി അമ്മക്കും നല്ല അടുപ്പമായിരുന്നു. എന്നേക്കാൾ രണ്ടു വയസ്സിന്റെ മൂപ്പുണ്ടായിരുന്നു രാഹുലിന്. സ്കൂളിൽ നിന്ന് വരുമ്പോൾ എന്റെ ബാഗ്കൂടി തോളത്തിട്ട് കയ്യും പിടിച്ചാണ് രാഹുൽ നടക്കുക. എന്നെ അത്രക്കിഷ്ടായിരുന്നു. സ്‌കൂൾ കഴിഞ്ഞ് കോളേജിൽ എത്തിയപ്പോഴും രാഹുൽ പഠിച്ചിരുന്ന അതേ കോളേജിൽ തന്നെയാണ് ഞാനും അഡ്മിഷൻ എടുത്തത്.
ഡിഗ്രി കഴിഞ്ഞു രാഹുൽ രണ്ടുവർഷത്തെ ബിരുദാനന്തര പഠനത്തിന് അമേരിക്കയിൽ പോയി പിന്നീട് അവിടെ തന്നെ ജോലിയാവുകയായിരുന്നു.
ഞാനും രാഹുലും തമ്മിൽ ഇഷ്ടത്തിലാണെന്ന് അമ്മയോട് പറയാൻ എത്രയോ തവണ ഒരുങ്ങിയതാണ്. ആദ്യത്തെ അവധിക്കു വരുമ്പോൾ സിനിമാ സ്റ്റൈലിൽ പെണ്ണ് ചോദിയ്ക്കണം എന്ന രാഹുലിന്റെ കുസൃതിക്ക് ഇത്ര വലിയൊരു വില കൊടുക്കേണ്ടി വരുമെന്ന് കരുതിയില്ല
ഇങ്ങിനെ ഒരു മോഹം ഉണ്ടെന്നറിയിച്ചിരുന്നെങ്കിൽ രണ്ടാമതൊന്ന് ചിന്തിക്കപോലും ചെയ്യാതെ അമ്മ സമ്മതിക്കുമായിരുന്നു.
അമ്മാമന്റെ മകൻ സന്തോഷേട്ടനെ വർഷങ്ങൾക്ക് ശേഷം വീണ്ടും കാണുന്നത് അമ്മ കുഴഞ്ഞുവീഴുന്ന അന്നാണ്. എല്ലാ വർഷവും വഴിപാടുകൾ ചെയ്യാൻ നാലോ അഞ്ചോ ദിവസത്തേക്ക് അമ്മ നാട്ടിൽ വരുമ്പോൾ അമ്മയെ അമ്പലങ്ങളിൽ കൊണ്ടുപോകുന്നതും മറ്റും സന്തോഷേട്ടൻ ആയിരുന്നു. അമ്മ കുഴഞ്ഞുവീണതുമുതൽ ആശുപത്രിയിലെത്തിച്ചതും, പിന്നെ ഓടിനടന്ന് എല്ലാ കാര്യങ്ങളും നോക്കിയതും സന്തോഷേട്ടനായിരുന്നു.
പെട്ടെന്നൊരു വിവാഹം നടത്തുക എന്നത് ബുദ്ധിമുട്ടായിട്ടു കൂടി, അമ്മയുടെ ആഗ്രഹം നടത്തിക്കൊടുക്കാൻ തന്നെ അമ്മാമൻ തീരുമാനിച്ചു. സന്തോഷിന്റെ കാര്യമായിരുന്നെങ്കിൽ നമുക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരില്ലായിരുന്നു. ഇതിപ്പോൾ എങ്ങിന്യാ?, എവിടുന്നാ ഇവൾക്ക് ഒരു നല്ല പയ്യനെ ഇത്ര പെട്ടെന്ന് കിട്ടുക. അവള് ബോംബെല് പഠിച്ചുവളർന്ന കുട്ട്യല്ലേ .. എന്നൊക്കെ അമ്മാമൻ അമ്മായിയോട് പറയുന്നത് കേട്ടിരുന്നു.
പക്ഷെ അർദ്ധബോധാവസ്ഥയിലും അമ്മയുടെ ചുണ്ടിൽ നിന്നും ഇടമുറിഞ്ഞ വാക്കുകളിൽ ഉതിർന്നുവീണതും സന്തോഷേട്ടന്റെ പേരായിരുന്നു.
സത്യത്തിൽ ആദ്യം ദേഷ്യം തന്നെയായിരുന്നു തോന്നിയത്. പക്ഷെ അച്ഛനെ കണ്ടതായി പോലും ഓർമ്മയില്ല, കഴിഞ്ഞ ഇരുപത്തിരണ്ടു വർഷമായി എന്റെ ഓരോ ഇഷ്ടങ്ങളും അനിഷ്ടങ്ങളും നോക്കി ജീവിച്ച അമ്മയുടെ ആഗ്രഹം കേട്ടപ്പോൾ മറുത്തൊന്നും പറയാൻ തോന്നിയില്ല.
“മോളെ, നിന്റെ അമ്മയുടെ ആഗ്രഹമല്ലേ. നമ്മൾ നാലുപേരും ഒഴികെ മറ്റാരും അറിയുകയും ഇല്ല. ഒരു ചടങ്ങായി കണ്ടാൽ മതി" അമ്മായി പറഞ്ഞു.
വൈകീട്ടുതന്നെ തറവാട്ടമ്പലത്തിൽ പൂജിച്ച് മഞ്ഞച്ചരടിൽ കോർത്ത താലിയും കൊണ്ട് അമ്മാമൻ ഹോസ്പിറ്റലിൽ എത്തി. അമ്മാമന്റെയും അമ്മായിയുടെയും സാന്നിദ്ധ്യത്തിൽ അമ്മയുടെ മുൻപിൽ സന്തോഷേട്ടൻ എന്റെ കഴുത്തിൽ താലി ചാർത്തി. അത്യാഹിതവിഭാഗത്തിലെ ഓക്സിജൻ സിലിണ്ടറുകളും, മാസ്കും, കാര്ഡിയാക് മോണിറ്ററും ഇസിജി മെഷിൻ തുടങ്ങിയവയെ എല്ലാം സാക്ഷി നിർത്തിയായിരുന്നു വിവാഹം, .
അർദ്ധബോധാവസ്ഥയിലും അമ്മയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു. അന്ന് രാത്രി ഉണ്ടായ ഒരു ഹ്ര്യദയസ്‌തംഭനത്തെ അതിജീവിക്കാൻ അമ്മയ്ക്കായില്ല.
മരണാനന്തരചടങ്ങുകളും അടിയന്തിരവും എല്ലാം കഴിഞ്ഞു. ഒരു മകന്റെ സ്ഥാനത്ത് നിന്ന് സന്തോഷേട്ടൻ എല്ലാ കർമ്മങ്ങളും ചെയ്തു.
അടുത്ത ദിവസം കാലത്ത് സന്തോഷേട്ടൻ ഞാൻ ഇരുന്നിരുന്ന തട്ടിൻപുറത്തെ മുറിയിലേക്ക് വന്നു.
ദൂരത്താണ് സന്തോഷേട്ടൻ നിന്നിരുന്നതെങ്കിലും ശരീരത്തിൽ നിന്നും വിയർപ്പിന്റെയും മണ്ണിന്റെയും ചാണകത്തിന്റെയും ഇടകലർന്നുള്ള മണം എനിക്ക് അറപ്പുളവാക്കുന്നുണ്ടായിരുന്നു.
എന്റെ മുഖത്തെ ഭാവം വായിച്ചറിഞ്ഞ പോലെ സന്തോഷേട്ടൻ സംസാരിക്കാൻ തുടങ്ങി.
“പണ്ട് ഞാൻ കുട്ടിയായിരിക്കുമ്പോൾ അച്ഛനായിരുന്നു ക്യഷിയൊക്കെ നടത്തിയിരുന്നത്. അത് കണ്ടാണ് ക്യഷിയിൽ എനിക്ക് താല്പര്യം ഉണ്ടായത്. ഒരിക്കൽ കുലച്ച വാഴകൾക്ക് താങ്ങ് കൊടുക്കുമ്പോൾ ഞാൻ അച്ഛനോട് ചോദിച്ചിരുന്നു എന്തിനാണ് ഈ താങ്ങ് കൊടുക്കുന്നതെന്ന്. അന്ന് അച്ഛൻ പറഞ്ഞു തന്നു, ആ കുലയുടെ ഭാരം താങ്ങാനും, പിന്നെ കാറ്റും മഴയും ഉണ്ടായാൽ ഒടിഞ്ഞുവീഴാതിരിക്കാനും മറ്റും ആണ് ഈ താങ്ങ് കൊടുക്കുന്നതെന്ന്.
ഞാൻ പ്രിയയുടെ കഴുത്തിൽ കെട്ടിയ താലിയെ അങ്ങിനെ ഒരു താങ്ങായി മാത്രം കണ്ടാൽ മതി. ആ താലി ഒരിക്കലും നിന്റെ ജീവിതം നിയന്ത്രിക്കാൻ ഉള്ളതാവരുത്. നിനക്ക് നിന്റെ സ്വപ്ങ്ങൾ ഉണ്ട്. അമ്മ മരിച്ചു എന്ന് കരുതി നിന്റെ ജീവിതം നശിപ്പിക്കരുത്. നിന്റെ അമ്മയുടെ നാൽപത്തിയൊന്ന് വരെ ആ താലി അതവിടെ കിടന്നോട്ടെ.. അത് കഴിഞ്ഞാൽ നിനക്കത് ഊരിക്കളയാം.”
ഞാൻ ഒന്നും പറയാനാവാതെ ഇരുന്നു. ഒരു തീരുമാനം എടുക്കാൻ എനിക്കാവുന്നില്ലായിരുന്നു. അമ്മയുടെ കുറവ് എന്നെ അലട്ടാതിരിക്കാൻ അമ്മാമനും അമ്മായിയും പരമാവധി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഈ പരിസ്ഥിതികളിൽ നിന്നും ഒരു മാറ്റം അനിവാര്യമായിരുന്നു.
ഒരു ദിവസം ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ഇരിക്കുമ്പോൾ ഞാൻ അമ്മാമനോടും അമ്മായിയോടും സന്തോഷേട്ടനോടും എനിക്ക് മുംബൈയിലേക്ക് തിരിച്ചു പോകാൻ ആഗ്രഹുണ്ടെന്ന് പറഞ്ഞു.
"അവിടെ നീ ഒറ്റയ്‌ക്ക്?.. " അമ്മാമൻ ആണ് ചോദിച്ചത്.
"ഞാൻ അവിടെ ജനിച്ചുവളർന്ന സ്ഥലമല്ലേ, അമ്മയില്ലെന്നല്ലേ ഉള്ളു. വീടു് അവിടെത്തന്നെ ഉണ്ടല്ലോ.." ഞാൻ ന്യായീകരിക്കാൻ ശ്രമിച്ചു.
"നിനക്ക് ഒരു മാറ്റം ആവശ്യമാണെങ്കിൽ ഞാൻ എതിരൊന്നും പറയുന്നില്ല്യ. എന്താ വേണ്ടതെങ്കിൽ സന്തോഷ് ചെയ്തു തരും. വേണമെങ്കിൽ കുറച്ചുദിവസം അമ്മായി നിന്റെ കൂടെ വരും." ഒരു മാറ്റം ആവശ്യമാണെന്ന് അമ്മാമനും തോന്നിയെന്ന് തോന്നുന്നു.
"വേണ്ട അമ്മാമ, വേണമെങ്കിൽ ഞാൻ പറയാം.."
അമ്മാമനും അമ്മായിയും ഡൈനിങ്ങ് മുറിയിൽ നിന്നും പോയപ്പോൾ സന്തോഷേട്ടൻ പറഞ്ഞു.
"ഞാനും നിന്റെ കൂടെ വരാം." സന്തോഷേട്ടൻ പറഞ്ഞു.
"വേണ്ട, ബുദ്ധിമുട്ടാവില്ലേ, ഇവിടെ ക്യഷിയും കാര്യങ്ങളും ഒക്കെ ഉള്ളതല്ലേ.."
"അത് സാരല്ല്യ , എന്നെ നീ ഒരു സുഹൃത്തായി മാത്രം കണ്ടാൽ മതി..നീ ഒന്ന് സെറ്റിൽ ആയാൽ ഞാൻ തിരികെ പോരും’.."
കേരളത്തിന് പുറത്ത്‌ ഒരു സ്ഥലവും കാണാത്ത ഒരാളെ കൂടെ കൊണ്ടുപോയിട്ട്‌ യാതൊരു ഗുണവുമില്ല, പോരാത്തതിനു ഭാഷയും അറിയില്ല. എന്തുകൊണ്ടോ മറുത്തൊന്നും പറയാൻ തോന്നിയില്ല. രണ്ട് ദിവസങ്ങൾക്ക് ശേഷം ഞാനും സന്തോഷേട്ടനും വിമാനമാർഗ്ഗം മുംബൈയിൽ എത്തി.
അമ്മായി കൊടുത്തയച്ച കുറെ സാധനങ്ങൾ ബാഗിൽ ഉണ്ടായിരുന്നു. അന്ദേരിയിലെ അപാർട്മെന്റ് കോംപ്ലെക്സിന്റെ ഗേറ്റിൽ വെച്ചുതന്നെ പരിചയക്കാർ ചുറ്റും കൂടാൻ തുടങ്ങി. അമ്മയുടെ മരണം അവിടെ അറിഞ്ഞിരുന്നു.
നാലാം നിലയിലെ ഫ്‌ളാറ്റിന്റെ മുൻപിൽ ലിഫ്റ്റിൽ വന്നിറങ്ങുമ്പോൾ രാഹുൽ അവിടെ എന്നെയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു. തികച്ചും അപ്രതീക്ഷിതമായ ഒരു കൂടിക്കാഴ്ചയായിരുന്നു അത്‌. രാഹുലിനെ കണ്ടപ്പോൾ എനിക്ക് സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഞാൻ രാഹുലിനെ കെട്ടിപ്പിടിച്ചു കരഞ്ഞു. അത്രയും ദിവസം അടക്കി വെച്ചിരുന്ന ദുഃഖം അണപൊട്ടിയൊഴുകുകയായിരുന്നു. എന്റെ പുറത്ത് മെല്ലെ തട്ടി സാന്ത്വനിപ്പിക്കാൻ രാഹുൽ ശ്രമിക്കുന്നുണ്ടായിരുന്നു.
തൊട്ടടുത്ത ബ്ലോക്കിലെ കുമാർ അങ്കിൾ വീടിന്റെ താക്കോൽ കൊണ്ടുവന്ന് മെയിൻ ഡോർ തുറന്നു. എല്ലാം കണ്ട് നിന്നിരുന്ന സന്തോഷ്, ബാഗ് എടുത്ത് കുമാർ അങ്കിളിന്റെ കൂടെ ഫ്ലാറ്റിനകത്തേക്ക് കടന്നു.
താനിപ്പോൾ പഴയ പ്രിയയല്ല. ഒരാളുടെ ഭാര്യയാണ്. ഭർത്താവിന്റെ മുൻപിൽ വെച്ചാണ് ഞാൻ മറ്റൊരാളെ പുണരുന്നത്. പെട്ടെന്നാണ് മനസ്സിൽ ഒരു ഇടിമിന്നൽ പോലെ ആ ചിന്ത കടന്നുവന്നത്.
രാഹുലിനെ പതുക്കെ തള്ളി മാറ്റി ഞാനും അകത്തേക്ക് കടന്നു. രാഹുലും പിറകെ അകത്തേക്ക് വന്നു.
'ഇത് സന്തോഷ്'... ഞാൻ പരിചയപ്പെടുത്താൻ തുടങ്ങിയ വേളയിൽ താൻ പ്രിയയുടെ കസിൻ ബ്രദർ ആണെന്ന് പറഞ്ഞ് അദ്ദേഹം സ്വയം പരിചയപ്പെടുത്തി.
അന്ന് രാത്രിയിലേക്കുള്ള ഭക്ഷണം കുമാർ അങ്കിൾ വീട്ടിൽ നിന്നും കൊണ്ടുവരാമെന്ന് പറഞ്ഞു.
കുമാർ അങ്കിൾ പോയശേഷം സന്തോഷേട്ടൻ അടുക്കളയിൽ കയറി പരിശോധന നടത്തി. ആരോടൊക്കെയോ ചോദിച്ചറിഞ്ഞ് തൊട്ടടുത്തുള്ള സൂപ്പർ മാർക്കറ്റിൽ പോയി വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങിക്കൊണ്ടുവന്നു.
വിളക്കുവെക്കുന്ന സ്റ്റാന്റിനോട് ചേർന്ന് അമ്മയുടെ ഒരു ഫോട്ടോ ആണിയടിച്ചു തൂക്കി. അതിനടിയിൽ ഒരു ചെറിയ സ്റ്റാന്റും അതിൽ ഒരു വിളക്കും വെച്ചു. നാട്ടിൽ നിന്നും വരുമ്പോൾ സന്തോഷേട്ടൻ ഇതെല്ലം കൊണ്ടുവന്നിരുന്നത് ഞാൻ അറിഞ്ഞതേ ഇല്ലായിരുന്നു.
"ദിവസം തുടങ്ങുന്നത് ഒരു തിരി കത്തിച്ചുവെച്ച് അമ്മയുടെ അനുഗ്രഹം വാങ്ങിയിട്ടാവണം.."
രാത്രി കുമാർ അങ്കിൾ ഭക്ഷണം കൊണ്ടുവന്നുതന്നു. തിരികെ ഇറങ്ങാൻ നേരത്ത് എന്റെ അടുത്ത് വന്ന് സ്വകാര്യമായി പറഞ്ഞു.
"കൂടെ വന്നിരിക്കുന്നത് ബന്ധു ആണെന്നല്ലേ പറഞ്ഞത്, നീ ഒറ്റയ്ക്കല്ലേ , അയാളെ ഞാൻ വീട്ടിലേക്ക് കൊണ്ടുപോകാം.."
"വേണ്ട അങ്കിൾ, അദ്ദേഹം ഇവിടെ കിടന്നോട്ടെ.. എനിക്കങ്ങനെ പേടിയില്ല.." എന്തോ, അദ്ദേഹം എന്റെ ഭർത്താവാണെന്ന് മാത്രം പറയാൻ മനസ്സ് സമ്മതിച്ചില്ല.
അടുത്ത ദിവസം മുതൽ ഞാൻ ജോലിക്ക് പോകാൻ തുടങ്ങി. പകൽ സമയം സന്തോഷേട്ടൻ എന്താണ് ചെയ്യുന്നതെന്ന് ഞാൻ അന്വേഷിച്ചില്ല.
ഞങ്ങൾ തമ്മിൽ വളരെ കുറച്ചുമാത്രമാണ് സംസാരിച്ചത്. ഒരിക്കൽ പോലും എന്റെ മുറിയിൽ കടന്നുവരാനോ എന്റെ സ്വകാര്യതയിൽ കൈകടത്താനോ സന്തോഷേട്ടൻ തുനിഞ്ഞില്ല. രണ്ടുദിവസങ്ങൾക്ക് ശേഷം രാത്രി എന്തോ കാര്യത്തിന് കിടപ്പുമുറിയിൽ നിന്നും പുറത്ത് വന്നപ്പോഴാണ്, സ്വീകരണമുറിയിലെ സോഫയിൽ ഫാനിന്റെ അടിയിൽ കിടന്നുറങ്ങുന്ന സന്തോഷേട്ടനെ കണ്ടത്. അദ്ദേഹത്തിന് കിടക്കാൻ ഒരു കിടക്ക കൊടുക്കാൻ പോലുമുള്ള സാമാന്യമര്യാദ കാണിച്ചില്ല എന്നത് അപ്പോഴാണ് ഞാൻ ഓർത്തത്.
വൈകീട്ട് ജോലി കഴിഞ്ഞെത്തുമ്പോഴേക്കും സന്തോഷേട്ടൻ വീടൊക്കെ തൂത്ത് വാരി നിലം തുടച്ച് വ്യത്തിയാക്കി, രാത്രിക്കുള്ള അത്താഴം വരെ ഒരുക്കി വെച്ചിട്ടുണ്ടാവാറുണ്ട്.
എന്തിനാണ് ഇതൊക്കെ ചെയ്യുന്നത് എന്ന ചോദ്യത്തിന് വളരെ ചുരുങ്ങിയ വാക്കുകളിൽ സന്തോഷേട്ടൻ പറഞ്ഞു,
"നീ ഒന്ന് സെറ്റിൽ ആയാൽ ഞാൻ പോകും, പിന്നെ നീ ഒറ്റയ്ക്കല്ലേ.. ഞാൻ ഉള്ളപ്പോൾ വെറുതെ എന്തിനാ പുറത്തുനിന്നും ഭക്ഷണം കഴിക്കുന്നത്. എനിക്കാണെങ്കിൽ വേറെ പണിയൊന്നും ഇല്ലതാനും"
രാഹുൽ ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ട്, പക്ഷെ ഞാൻ നിയന്ത്രണം പോകാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്.
ഒരു ദിവസം രാഹുലിനോട് സന്തോഷേട്ടൻ സംസാരിക്കുമ്പോഴാണ് എനിക്ക് മനസ്സിലായത് അദ്ദേഹം അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രി എടുത്ത് ഓർഗാനിക് ഫാർമിംഗിൽ ബിരുദാനന്തരബിരുദവും എടുത്ത ശേഷമാണ് ക്യഷിപ്പണിക്ക് ഇറങ്ങിയതെന്ന്.
രാഹുൽ വന്നാൽ എന്തെങ്കിലും കാരണം പറഞ്ഞ് സന്തോഷേട്ടൻ വീടിനുപുറത്ത് പോകുന്നത് വൈകിയാണെങ്കിലും ഞാൻ ശ്രദ്ധിച്ചു. എന്തോ, എന്നിൽ അത് വേദനയുണ്ടാക്കാൻ തുടങ്ങിയിരുന്നു.
ഒരാഴ്ച കഴിഞ്ഞ് ഒരു ദിവസം ഞാൻ ഓഫീസിൽ നിന്നും വന്ന സമയം സന്തോഷേട്ടൻ എന്നോട് അടുത്ത ദിവസം സൗകര്യം പോലെ ഒന്ന് കൂടെ വരണം എന്ന് പറഞ്ഞു. എങ്ങോട്ടാണെന്നൊന്നും ചോദിച്ചില്ല. എന്തോ, അങ്ങിനെയൊരു ചോദ്യത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നിയില്ല.
എന്നെ അദ്ദേഹം കൊണ്ടുപോയത് അമ്മയുടെ അക്കൗണ്ടുകൾ ഉള്ള ബാങ്കുകളിലേക്കാണ്. ആദ്യമായിട്ടാണ് ഞാൻ ബാങ്കിൽ പോകുന്നത്, ഇത്രയും കാലം എല്ലാം നോക്കിനടത്തിയിരുന്നത് അമ്മയായിരുന്നു. എല്ലാ കാര്യങ്ങളും എത്ര വ്യത്തിയായി സന്തോഷേട്ടൻ ചെയ്തിരിക്കുന്നു. ഇംഗ്ലീഷിൽ സംസാരിച്ച് അദ്ദേഹം എല്ലാ കാര്യങ്ങളും ശരിയാക്കി.
ബാങ്കുകളിലെ പണികൾ തീർത്തശേഷം പിന്നെ പോയത് അമ്മ ജോലി ചെയ്തിരുന്ന ഓഫീസിലാണ്. എങ്ങിനെയാണ് സന്തോഷേട്ടന് അമ്മയുടെ ഓഫീസിലേക്കുള്ള വഴി മനസ്സിലായത്, എന്നെല്ലാം ആലോചിച്ചപ്പോൾ വല്ലാത്ത അതിശയം തോന്നി. അമ്മയുടെ സുഹൃത്ത് പറഞ്ഞാണറിഞ്ഞത് സന്തോഷേട്ടൻ ഇതിന് മുൻപും അവിടെ പേപ്പറുകൾ ശരിയാക്കാൻ പോയിരുന്നു എന്നറിഞ്ഞത്.
അമ്മയുടെ കൂടെ ജോലി ചെയ്തിരുന്നവർ ഓരോരുത്തരായി വന്ന് അനുശോചനം അറിയിച്ചു. ഇറങ്ങുന്നതിന് മുൻപ് ജനറൽ മാനേജർ ഇരുപത് ലക്ഷത്തോളം രൂപയുടെ ഫുൾ & ഫൈനൽ സെറ്റിൽമെന്റ് ചെക്ക് തന്നു. അമ്മയുടെ പി എഫ് അക്കൌണ്ട് അവസാനിപ്പിക്കാനുള്ള എല്ലാ രേഖകളും ഒപ്പുവെച്ച്‌ കൊടുത്തു, ബാങ്ക് വിവരങ്ങൾ എഴുതിയതിനാൽ എല്ലാം നേരിട്ട് ബാങ്കിൽ വന്നുചേരും.
അന്ന് വൈകീട്ട് അത്താഴം കഴിക്കുമ്പോൾ സന്തോഷേട്ടൻ പറഞ്ഞു
"ഞാൻ രണ്ടു ദിവസം കഴിഞ്ഞു തിരിച്ചു പോയാലോ എന്ന് ചിന്തിക്കുകയാണ്. എന്തായാലും ഞാൻ വന്ന പണിയൊക്കെ കഴിഞ്ഞൂലോ, പിന്നെ നീയ്യും സെറ്റിൽ ആയി. ഇവിടെ കുമാർ അങ്കിളും തൊട്ടടുത്ത് രാഹുലിന്റെ അമ്മയും മറ്റും ഉണ്ടല്ലോ "
മറുത്തൊന്നും പറഞ്ഞില്ല. സന്തോഷേട്ടൻ തന്നെ ഓൺലൈനിൽ നാട്ടിലേക്ക് പോവാനുള്ള ട്രെയിൻടിക്കറ്റ് ബുക്ക് ചെയ്തു.
ശനിയാഴ്ച മുതൽ ആകാശം മേഘാവ്യതമാകാൻ തുടങ്ങിയിരുന്നു.
ഞായറാഴ്ച വൈകീട്ട് ആയിരുന്നു ട്രെയിൻ. ശനിയാഴ്ച രാത്രി തുടങ്ങിയ കനത്ത മഴ ഇടമുറിയാതെ പെയ്യുന്നുണ്ടായിരുന്നു. ഇത് തുടർന്നാൽ നാളെയാവുമ്പോഴേക്കും പുറത്ത് റോഡിൽ വെള്ളം കയറും. മുംബൈയിൽ മൺസൂൺ കേരളത്തിലെ പോലെ ആസ്വദിക്കാന് കഴിയുന്ന ഒന്നല്ല, റോഡിലും ട്രാക്കിലും മറ്റും വെള്ളം കയറി ജീവിതം ദുസ്സഹമാവുന്ന ദിനങ്ങൾ. സാധാരണ ജനങ്ങളുടെ ജീവിതം തന്നെ ട്രാക്കിൽ നിന്നും മാറിപ്പോകുന്ന ദിനങ്ങൾ. നാളെ മുതൽ ഈ വീട്ടിൽ, ഈ നാട്ടിൽ ഒറ്റയ്ക്ക് ... മനസ്സിലെന്തോ വല്ലാത്ത ഭാരം തോന്നി.
കുളിയൊക്കെ കഴിഞ്ഞു പോകാൻ തയ്യാറായിരിക്കുമ്പോഴാണ്‌ രാഹുൽ വീട്ടിലേക്ക് വന്നത്. അപ്പോഴേക്കും കുമാർ അങ്കിളും സന്തോഷേട്ടനെ യാത്രയാക്കാൻ എത്തി.
കുറച്ചുനേരം മുംബൈ മഴയെപ്പറ്റിയും അമേരിക്കയിലെ മഴയെപ്പറ്റിയും എല്ലാം സംസാരിച്ച ശേഷം രാഹുൽ വന്ന കാര്യം പറഞ്ഞു.
"സന്തോഷ്, ഐ വിഷ് ടു മാരി പ്രിയ. ഐ വാണ്ടഡ് ടു ആസ്‌ക് ഹെർ മദർ.. ബട്ട് ഇറ്റ് വാസ് ടൂ ലേറ്റ്.. ഹു കാൻ ഗിവ് മി പെർമിഷൻ ടു മാരി ഹേർ"
കുറച്ചുനേരം എന്തോ ചിന്തിച്ച ശേഷം സന്തോഷേട്ടൻ പറഞ്ഞു,
"സീ രാഹുൽ, ഐ ആം ഒൺലി എ കെയർ ടേക്കർ. ഐ വിൽ ടോക്ക് റ്റു മൈ ഫാദർ ഹു ഈസ് പ്രിയാസ് അങ്കിൾ, എബൌട്ട് ദിസ്.. ഹി വിൽ ഡിസൈഡ്."
"ഓക്കേ. ഐ വിൽ വെയിറ്റ് ഫോർ ഹിസ് ഡിസിഷൻ..."
കുറച്ചുനേരം ഇരുന്ന ശേഷം രാഹുൽ യാത്ര പറഞ്ഞു പോയി.
പെട്ടിയെടുത്ത് ഇറങ്ങാൻ നേരം സന്തോഷേട്ടൻ പറഞ്ഞു..
"പ്രിയ, നിങ്ങൾ രണ്ടുപേരുമാണ് ചേരേണ്ടത്. ഞാൻ ഒരു നാട്ടുമ്പുറത്തുകാരൻ. .ജസ്റ്റ് എ കെയർ ടേക്കർ ഹസ്ബൻഡ്. അച്ഛനോടും അമ്മയോടും ഞാൻ സംസാരിച്ചോളാം.. "
അത്രയും പറഞ്ഞു എന്റെ മറുപടിക്ക് കാത്തുനിൽക്കാതെ സന്തോഷേട്ടൻ പെട്ടിയുമെടുത്ത് വാതിലിനടുത്തേക്ക് നടക്കാൻ തുടങ്ങി.. അപ്പോഴും പുറത്ത് മഴ ആർത്തുലച്ച് ചെയ്യുന്നുണ്ടായിരുന്നു. .
"പ്രിയേ... ഈ പട്ടാപകൽ സ്വപ്ന ലോകത്താണല്ലോ.. എത്ര നേരായി ഞാൻ വിളിക്കാൻ തുടങ്ങീട്ട് എന്നറിയോ. നല്ല മഴ വരുന്നുണ്ട്, അയയിൽ ഇട്ട തുണിയെല്ലാം മടക്കിവെച്ചോളൂ"
പിന്നിൽ നിന്നും സംഗീതേച്ചി വന്നപ്പോൾ ആണ് ചിന്തകളിൽ നിന്നും പുറത്ത് വന്നത്.
“ എന്റെ പഴയ കെയർ ടേക്കർ ഭർത്താവിനെപ്പറ്റി ഓർക്കുകയായിരുന്നു”. ഞാൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു
"എന്നാലും എന്റെ പ്രിയേ.. ഇത്രയും നല്ല ഒരു അമേരിക്കക്കാരൻ ഭർത്താവിനെ കിട്ടാനിരുന്നത് ഉപേക്ഷിച്ച് ഇങ്ങിനെ ഒരു കാട്ടുമാക്കന്റെ കൂടെ ഈ നാട്ടിൻപുറത്ത് വരേണ്ട വല്ല കാര്യോം ഉണ്ടായിരുന്നോ, അവനെന്റെ അനുജനാണ്, എന്നാലും..". ചേച്ചിയും വിടാനുള്ള മട്ടില്ല.
"എന്റെ ഏച്ചി, ഏത് അമേരിക്കയിൽ പോയാലും എന്റെ കെയർ ടേക്കർ ഭർത്താവ് തരുന്ന സ്നേഹം തരാൻ ആർക്കും പറ്റില്ല.. " ചേച്ചി ചിരിച്ചുകൊണ്ട് വീടിനകത്തേക്ക് കയറിപ്പോയി.
അന്ന് മുംബൈയിൽ നിന്നും സന്തോഷേട്ടൻ തിരികെ പോരാൻ നേരം വാതിൽക്കൽ വെച്ച് അദ്ദേഹം കെട്ടിയ മഞ്ഞച്ചരട് അഴിച്ച് ഏതെങ്കിലും അമ്പലത്തിന്റെ ഭണ്ഡാരത്തിൽ നിക്ഷേപിക്കാനായി പറഞ്ഞു. അപ്പോഴാണ് എനിക്ക് മനസ്സിലായത് ഈ മഞ്ഞച്ചരടിൽ കോർത്തിരിക്കുന്ന താലി തരുന്ന സംരക്ഷണവും, നാട്ടിൻപുറത്തിന്റെ നിഷ്കളങ്കവും ആത്മാർത്ഥവുമായ സ്നേഹവുമില്ലാതെ എന്റെ ജീവിതം സെറ്റിൽ ആവില്ലെന്ന്.
അന്നാദ്യമായി സന്തോഷേട്ടന്റെ മാറിൽ തലചായ്ച്ച് കരഞ്ഞപ്പോൾ, അദ്ദേത്തിന്റെ ബലിഷ്ഠമായ കൈകൾക്കുള്ളിൽ വല്ലാത്തൊരു സുരക്ഷിതത്വം അനുഭവപ്പെട്ടു.
ഇപ്പോൾ വൈകുന്നേരങ്ങൾ ആവാനുള്ള കാത്തിരിപ്പാണ്. പാടത്തും പറമ്പിലും പണികഴിഞ്ഞു വിയർപ്പിൽ കുളിച്ച് മുറ്റത്തേക്ക് കയറിവരുന്ന സന്തോഷേട്ടനേയും കാത്തുള്ള ഇരിപ്പ്. മണ്ണിന്റെയും, വളത്തിന്റെയും വിയർപ്പിന്റെയും ചാണകത്തിന്റെയും ഇടകലർന്ന ആ ഗന്ധം ഇന്ന് എന്നെ മത്തുപിടിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. അവ ഒരു ലഹരിയായി, സിരകളിലേക്ക് പടർന്നുകയറാനുള്ള കാത്തിരിപ്പ്... ഈ കാത്തിരിപ്പിലുള്ള ഉന്മാദം അമേരിക്കയിലും ബോംബെയിലും കിട്ടില്ല.
അപ്പോൾ കാലവർഷത്തിന്റെ വരവറിയിച്ചുകൊണ്ട് ദൂരെ മാനത്ത് കാർമേഘങ്ങൾ ഉരുണ്ടുകയറാൻ തുടങ്ങിയിരുന്നു, തട്ടിൻപുറത്തെ മുറിയിൽ കേടായ ട്യൂബ് ലൈറ്റ് മിന്നുന്നതിനെ ഓർമ്മിപ്പിക്കും പോലെ, മേഘങ്ങൾക്ക് പിറകിൽ ഇടിമിന്നലിന്റെ വെളിച്ചം മിന്നിമായുന്നുണ്ടായിരുന്നു..
ഗിരി ബി. വാരിയർ
06 മെയ്, 2019
© Copyright protected.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo