നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആ പെൺകുട്ടി

Portrait of Young Woman in Winter
വേനലവധി ആഘോഷമാക്കി തറവാട് എന്റെ കൊട്ടാരമാക്കി കഴിയുമ്പോളാണ് അമ്മായിയുടെ കൂടെ ആ പെൺകുട്ടി വിഷു ആഘോഷിക്കാൻ എത്തിയത്....
അമ്മായിയുടെ സ്വന്തക്കാരിയാണ്.... എന്നെപോലെ പതിനേഴുകാരി...
തലമുടി പൊക്കിക്കെട്ടി കണ്ണുകൾ കറുപ്പിച്ചെഴുതി നീണ്ടമൂക്കും വെളുത്ത നിറവും ഒക്കെയുള്ള സുന്ദരി..... അന്നുമുതൽ അമ്മ എന്നോട് അവളെ കണ്ടുപഠിക്കാൻ പറഞ്ഞു.....
അതു എന്നെ ഒരു കുശുമ്പിയാക്കി....
"ഇനിയെങ്കിലും തലയിൽ ഇച്ചിരി എണ്ണ വച്ചു കുളിക്കാൻ പറ ഇവളോട്.... കൊച്ചേട്ടാ... " അമ്മായി എന്റെ പാറിപ്പറന്ന ചെമ്പിച്ച മുടിയും അതേ നിറമുള്ള കണ്ണും നോക്കി അച്ഛനോട് പറഞ്ഞു.....
എന്റെ മുറി കുറച്ചു ദിവസം അവൾക്കു കൂടി കൊടുക്കാൻ പറഞ്ഞതിനെ ഞാൻ വാതിൽ വലിച്ചടച്ചു എതിർത്തു...
അന്നുമുതൽ പുതിയ പേരും അമ്മയുടെ വക എത്തി 'നിഷേധി'...
ഓരോ നിമിഷവും അവൾ എന്നിൽ ദേഷ്യം ഉണ്ടാക്കുന്ന ഒരു ശല്യമായി....
അവളെക്കാൾ സൗന്ദര്യം ഉണ്ടെന്നു കാണിക്കാൻ കണ്ണാടിക്കു മുന്നിൽ കുറെ സമയം ചെലവിടുകയും കണ്ണു വാലിട്ടെഴുതുകയും അവസാനം കണ്ണാടി തല്ലി പൊട്ടിച്ചു അലറുകയും ചെയ്ത ഒരു സാഹചര്യം ഉണ്ടാവുകയും ചെയ്തു.....
അവൾ അടുക്കളയിൽ ലീലയെ സഹായിക്കും.... പേരമ്മയോടൊപ്പം പശുവിനു വെള്ളം കൊടുക്കും.....തന്നെ പോലെ ദേഷ്യക്കാരിയല്ല... എപ്പോഴും പുഞ്ചിരി... എന്റെ അച്ഛാച്ചനെയും അവൾ വശത്താക്കി...
മൊത്തത്തിൽ അവിടെ ആരും എന്നെ ശ്രദ്ധിക്കാതെയായി....
പക്ഷെ ആ സങ്കടമൊക്കെ ലൈബ്രറിയിലെ ഹരിദാസ് എന്റെ കയ്യിൽ പുതിയ പുസ്തകങ്ങൾ തരുമ്പോൾ അലിഞ്ഞുപോയിരുന്നു ......
ഹരി നന്നായി പടം വരയ്ക്കും... ലൈബ്രറിയിൽ വരുന്ന പുസ്തകങ്ങളിൽ ഏറ്റവും മികച്ചത് എനിക്കായി മാറ്റിവയ്ക്കുകയും ചെയ്യും....
ഒരുപക്ഷെ ഈ പെൺകുട്ടി വരുന്നതിനു മുന്നേ ഞാൻ കണ്ണാടി നോക്കുന്നതും മുടിചീകുന്നതും ലൈബ്രറിയിൽ പോകുമ്പോൾ മാത്രമായിരുന്നു....
ഹരി എന്റെ ഉള്ളംക്കയ്യിൽ ഒരു ചിത്രശലഭം വരച്ചതിനു ശേഷമാണ് ഞാൻ അർദ്ധരാത്രിയിൽ എഴുന്നേറ്റു അക്കരെയുള്ള തേവരു സ്വർണതേരിൽ മലയിൽ എവിടെയോ ഉള്ള ദേവിയുടെ അടുത്തേക്ക് പോകുന്നത് കാണാൻ ജനൽ തുറന്നു നോക്കുന്നത് പതിവാക്കിയതു.. അതു കണ്ടില്ലെങ്കിലും കുറെ നക്ഷത്രങ്ങളെ കാണുകയും ചുണ്ടിൽ അറിയാതെ ഒരു മൂളിപാട്ടു വരികയും ചെയ്തിരുന്നു....
ഒരു രാവിലെ വഴക്കിട്ടു ചായകുടിയ്ക്കാതെ വഴിയിലേക്കു നോക്കിയിരിക്കുമ്പോഴാണ് ഹരിദാസ് പടികയറി വന്നത്.... പെട്ടെന്ന് ഒരു പൂക്കാലം വന്നതുപോലെ...
അയാളുടെ കയ്യിൽ കുറെ പുസ്തകങ്ങളും പിന്നെ അയാൾ വരച്ച വരച്ച ഒരു ചിത്രവും ഉണ്ടായിരുന്നു.... രണ്ടു ദിവസമായി പനിപിടിച്ചിരിക്കുന്ന തന്നെ കാണുകയും കൂടിയാവാം ഉദ്ദേശം.. അതു തന്നിൽ ഒരു പുഞ്ചിരിയുണ്ടാക്കി...
"എങ്ങനെയുണ്ട് പനി.... " അയാൾ ചിരിച്ചു.....
"ആ കുറഞ്ഞു ".....അതു പറയുമ്പോൾ ഹൃദയം നിറഞ്ഞിരുന്നു..... അയാൾ കൊണ്ടു വന്ന പുസ്തകങ്ങളും പടവും നോക്കിയിരിക്കുംപോഴാണ് ആ പെണ്ണ് ഇറങ്ങി വന്നത്....
ഹരിയുടെ കണ്ണുകൾ അങ്ങോട്ട് ചായുന്നതും അവ കൂടുതൽ തിളക്കത്തോടെ പ്രകാശം ചൊരിയുന്നതും ഒരു തളർച്ചയോടെയാണ് കണ്ടത്.. അവൾ അടുത്തു വന്ന് ആ പുസ്തകങ്ങൾ പരിശോധിക്കുകയും അയാൾ വരച്ച ചിത്രത്തെ കണ്ടു അത്ഭുതപെടുകയും ചെയ്തു....
ആ സമയം ഞാൻ ലോകത്തെ ഏറ്റവും വലിയ ദേഷ്യക്കാരിയായി മാറിപ്പോയി.....
എനിക്ക് ആ സമയം മുതൽ ഹരിദാസ് ലൈബ്രറിയിൽ നിൽക്കുന്ന വെറും ഒരു ജോലിക്കാരൻ ആവുകയും അയാളുടെ ചിത്രങ്ങൾ ഞാൻ കണ്ടതിൽ വച്ചു ഏറ്റവും മോശമാവുകയും ചെയ്തു....
ഞാൻ അവരെ അവഗണിച്ചു അകത്തു പോയി വലിയ ഒച്ചയിൽ ലീലയോട് ദേഷ്യപെടുകയും വാതിൽ വലിച്ചടയ്ക്കുകയും ചെയ്തു...
രണ്ടു ദിവസം കഴിഞ്ഞു വാശിപിടിച്ചു എന്റെ അവധിക്കാലം ഉപേക്ഷിച്ചു ഞാൻ അവിടം വിട്ടു പോയി .....
ഇത്രയും ദേഷ്യമുള്ള എന്നെ കെട്ടിച്ചു വിട്ടാൽ ആ വീട്ടിലെ ആളുകൾ തല്ലികൊന്നു പുഴയിൽ കളയുമെന്നു ഇറങ്ങാൻ നേരം അമ്മായി അച്ഛനെ ഓര്മിപ്പിക്കാൻ മറന്നില്ല.....
പിന്നീട് ആ പെൺകുട്ടിയെ ദാസ് വിവാഹം കഴിച്ചെന്നും വിവാഹം കഴിഞ്ഞു അവളുടെ നാടായ വെള്ളതൂവലിൽ വീടുമേടിച്ചു പോയെന്നും കേട്ടപ്പോൾ പുച്ഛവും ചിരിയുമാണ് വന്നത്...
കാരണം ഒരു പച്ചപരിഷ്കാരിയായ തന്നെക്കാളും എന്തുകൊണ്ടും ഹരിക്കു ചേരുന്നത് ആ പെൺകുട്ടിയാണ് എന്ന് തോന്നാൻ തക്ക വണ്ണം ഞാൻ അഹങ്കാരിയായി മാറിയിരുന്നു അപ്പോഴേക്കും....
ഞാൻ വാശിയോടെ സൗന്ദര്യം ശ്രദ്ധിക്കുകയും പഠിച്ചു ദാസിനോ അവൾക്കോ ദൂരെനിന്നു നോക്കാൻ പോലും അർഹതയില്ലാത്ത വിധം വലിയ നിലയിൽ ആയെന്നു സ്വയം സന്തോഷിക്കുകയും ചെയ്തു
എന്തായാലും പിന്നെ വെള്ളതൂവലിൽ താമസിക്കുന്ന അമ്മായിടെ വീട്ടിൽ പോകാൻ ഞാൻ ഇഷ്ടപ്പെട്ടില്ല...
വർഷങ്ങൾ കഴിഞ്ഞു വിവാഹിതയും അമ്മയും ആയ ഞാൻ ഒരു വിനോദസഞ്ചാരം പോലെ വെള്ളതൂവലിൽ എത്തിയപ്പോൾ ....മനസ്സിൽ ആ പെൺകുട്ടിയും അയാളും വന്നു നിറഞ്ഞു....
ആകാംഷ അടക്കാൻ വയ്യാതായപ്പോഴാണ് അവരെ കുറിച്ചു അന്വേഷിച്ചതു....
അവർ അടുത്തു തന്നെയാണ് താമസം എന്നറിഞ്ഞിപ്പോൾ ഒന്നു കാണണം എന്നായി..... അതിൽ വെള്ളതൂവലിൽ താൻ ഒരു തോട്ടം വാങ്ങിയതും തന്റെ നേട്ടങ്ങളെ കുറിച്ചും അവരെ അറിയിക്കുക എന്ന ഒരു ദുരുദ്ദേശവും ഉണ്ടായിരുന്നു.....
അവൾ വൃക്കരോഗം വന്നു കിടപ്പിലാണെന്ന് അമ്മായി പറഞ്ഞിട്ടും എന്തോ വലിയ സഹതാപമൊന്നും തോന്നിയില്ല....
മനസ്സിൽ അപ്പോഴും ഒരു ചിത്രശലഭം ചിറകൊടിഞ്ഞനിലയിൽ ഉണ്ടായിരുന്നു....
അങ്ങോട്ട് പോകാൻ നേരം ഏറ്റവും കടുത്ത നിറമുള്ള സാരിയാണ് ഉടുത്തത്... വയലറ്റു നിറത്തിൽ നിറയെ പൂക്കളുള്ള കോട്ടൺ... എന്നെ കാണുമ്പോൾ അവളുടെ ആ കറുത്തകണ്ണിൽ അസൂയയും ഹരിദാസിന്റെ കണ്ണിൽ നഷ്ടബോധവും കാണണമെന്നു എനിക്ക് ആഗ്രഹമുണ്ടായിരുന്നു... കൂടാതെ എന്റെ കണ്ണുകൾ ഞാൻ കൂടുതൽ കറുപ്പിക്കുകയും ചുണ്ടുകൾ ഒന്നു പയ്യെ ചുമപ്പിക്കുകയും ചെയ്തു....
ഒരു പകുതി ഓടിട്ട വീടായിരുന്നു അതു.... മുറ്റത്ത് മുഴുവൻ കമ്മൽപൂക്കളും ബോൾസും.....
അല്ലെങ്കിലും ഹരി നേരത്തെ വീട്ടിൽ ചെടികൾ വളർത്തിയിരുന്നു....
അതു അനുകരിച്ചു തറവാട്ടിൽ ഞാൻ ഒരു റോസ് നടുകയും അതിനെ പിന്നീട് അതിനെ പറിച്ചെറിയുകയും ചെയ്തിരുന്നു.....
വീട്ടിനകത്തുനിന്നും ഒരു വയസ്സായ സ്ത്രീ ഇറങ്ങിവന്നു.... ഒറ്റ നോട്ടത്തിൽത്തന്നെ മനസ്സിലായി.... ദാസിന്റെ അമ്മ....
അവർക്ക്‌അമ്മായിയെ മനസ്സിലായെങ്കിലും എന്റെ മുഖം പിടികിട്ടിയില്ല....
"ഇത് അറിയില്ലേ... കൊച്ചേട്ടന്റെ മോളാ.... ദാസിന്റെ ഒപ്പം നേരത്തെ അവിടെ വന്നിട്ടുണ്ട്.... പണ്ട് വലിയ കൂട്ടല്ലാരുന്നോ... " അമ്മായി എന്നെ പരിചയപ്പെടുത്തി....
"ആ ഇപ്പൊ പിടികിട്ടി.... ആളാകെ മാറിയല്ലോ.... ഇച്ചിരി തടിച്ചിട്ടുണ്ട്.... കേറിവാ.... ദാസ് അകത്തുണ്ട് " അവർ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു....
ഹരിദാസ് കുളിക്കുകയായിരുന്നു....
" എങ്ങനെയുണ്ട് അവൾക്കു " അമ്മായി അകത്തേക്ക് നോക്കി ചോദിച്ചു..
"ഓ.... അതെങ്ങും ഭേദാവൂലാ.... വെറുതെ... എന്റെ കൊച്ചു മടുത്തു... " അവർ തോർത്ത്‌ കൊണ്ടു മുഖംതുടച്ചു...
"കിഡ്നി മാറ്റിവയ്ക്കാനൊക്കെ പോയതാ.... അതിലൊന്നും കാര്യല്ലത്രേ... വേറെ ചീത്ത സൂക്കേടാ... കരളിലേക്കും പടർന്നു.... ഇനി ഒന്നും ചെയ്യാനില്ല.... " .. അവർ മുറ്റത്തു കളിക്കുന്ന അവളുടെ പെൺകുഞ്ഞിനെ നോക്കി.....
എനിക്ക് അന്ന് ആദ്യമായി അവളെ ഒന്നു കാണണം എന്നു തോന്നി....ഒരു പക്ഷെ ഞാൻ ഹരിയെക്കാളും അവളെയായിരുന്നു കാണാൻ ആഗ്രഹിച്ചിരുന്നതു...
കുളികഴിഞ്ഞു ദാസ് ഇറങ്ങി വന്നു.....
പ്രതീക്ഷിക്കാതെ കണ്ടതിനാലാവണം കുറെ നേരം മിണ്ടിയില്ല....
പിന്നെയാണ് വിശേഷം ചോദിച്ചത്....
ഹരിദാസിന് ഒരു മാറ്റവും കണ്ടില്ല... മുഖത്തു അവളുടെ അസുഖത്തിൽ ഒരു നിരാശയും ഉള്ളതായി തോന്നിയില്ല....
"നീ എപ്പോഴെങ്കിലും എനിക്ക് ഒരു കാർഡെങ്കിലും അയക്കുമെന്ന് വിചാരിച്ചിരുന്നു " ഹരി പരിഭവിച്ചു....
മറുപടിയായി ചിരിക്കുക മാത്രം ചെയ്തു...
ദാസിന്റെ അമ്മ അവളെ കാണാൻ ഞങ്ങളെ ആ മുറിയിലേക്ക് കൊണ്ടുപോയി....
എന്റെ മനസ്സിൽ ആ കറുത്ത കണ്ണുകൾ തെളിഞ്ഞു... എനിക്ക് കിട്ടേണ്ട സ്നേഹം ഒരു നിമിഷം കൊണ്ടു തട്ടിയെടുത്തവൾ......
പക്ഷെ ആ കിടക്കയിൽ കണ്ട എന്റെ എതിരാളിയെ കണ്ടു ഞാൻ പകച്ചുപോയി....
നീരു വന്നു വീർത്ത ദേഹം..... എന്തൊക്കെയോ പുലമ്പുന്നുണ്ട്..... ഞങ്ങളെ കണ്ടതും ആ രൂപം നിലവിളിച്ചു.... എന്നെയോ അമ്മായിയെയോ അവൾ ശ്രദ്ധിച്ചതേയില്ല..... അവളുടെ നോട്ടം മുഴുവൻ ദാസിലായിരുന്നു.... അതു കണ്ടപ്പോൾ അയാൾ ആ മുറിയിൽ വന്നിട്ട് ദിവസങ്ങളായ പോലെ തോന്നി....
"ചേട്ടാ.... എനിക്ക് വയ്യ.... പൊട്ടിപ്പോകും പോലെ.... ഒരു പ്രാവശ്യം കൂടി.... ഒറ്റ പ്രാവശ്യം കൂടി മതി...." അവൾ അയാളോട് യാചിച്ചു....
ആ യാചന... എന്തിനാണത്.... മനസ്സിലായേ ഇല്ല....
തിരിച്ചിറങ്ങുമ്പോൾ അതു ചോദിച്ചപ്പോൾ കിട്ടിയ ഉത്തരം എന്നെ ഞെട്ടിച്ചു...
അവളെ ഒരിക്കൽ കൂടി ആശുപത്രിയിൽ കൊണ്ടുപോയി ഡയാലിസിസ് ചെയ്യണം... അതിനു വേണ്ടി.... അവൾക്കു ശരീരം വീർത്തു ശ്വാസം കിട്ടുന്നില്ലത്രേ.... ....
ഹരിയുടെ കണ്ണിൽ അതു പറയുമ്പോൾ ആ പ്രകാശം.... അന്ന് അവളെ ആദ്യം കണ്ടപ്പോൾ ഉണ്ടായതു... ഞാൻ കണ്ടില്ല...എന്നെ നോക്കിനിന്ന അയാളുടെ ആ കണ്ണുകളെ ഞാൻ അറപ്പോടെ നോക്കി.....
തിരിച്ചു പോകുമ്പോൾ നടക്കുകയല്ലായിരുന്നു.... ഓടുകയായിരുന്നു.... എത്രത്തോളം ദൂരെ പോകാമോ അത്രത്തോളം ദൂരേയ്ക്ക്......

By: Chithra 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot