നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ദി ഗ്രേറ്റ്ഡിറ്റക്ടർ .

നിരഞ്ജൻ ബുള്ളറ്റിന്റെ ആക്സിലേറ്റർ പതിയേക്കുറച്ചു ... വണ്ടി ഗേറ്റിന് സമീപം നിശ്ചലമായതോടെ ഇറങ്ങി ഗേറ്റ് തുറന്ന് വണ്ടി തള്ളി ഉള്ളിൽക്കടന്നശേഷം ഗേറ്റടച്ചു.ചുറ്റും നിറഞ്ഞ നിശ്ശബ്ദത. വണ്ടി സ്റ്റാർട്ട് ചെയ്ത് വീടിന്റെ പോർച്ചിനു സമീപം നിർത്തി .. പോർച്ചിൽ പോലിസ് വാഹനം ബൊലേറോ കിടപ്പുണ്ട് .എ സി പി തനിക്കു വേണ്ടി കാത്തു നിൽക്കുകയാവും .
നിരഞ്ജൻ കോളിങ്ങ് ബെല്ലമർത്തി ..
"താനെവിടെയാടോ .... എനിക്കിന്ന് ഒരു കോൺഫറൻസുമുണ്ട് .. പെട്ടന്നു വാ .."
എ സി പി ഡേവിഡ് ജോൺ വാതിൽ തുറന്നതും നിരഞ്ജനെ നോക്കി അസ്വസ്ഥതയോടെ പറഞ്ഞു ...
അകത്തെ സോഫാ സെറ്റിയിലിരുന്ന് ധൃതിയിൽ സൈഡ് ബാഗിൽ നിന്നും ഫോട്ടോകൾ എടുത്ത് എ സി പി ക്കു നൽകുമ്പോൾ നിരഞ്ജെന്റെ നെറ്റിയിൽ വിയർപ്പുതുള്ളികൾ നില തെറ്റി വീഴാനൊരുങ്ങുന്നുണ്ടായിരുന്നു .
സർ, ഇക്കഴിഞ്ഞ ഒരാഴ്ചയായി ഞാൻ ഇതിനു പിന്നാലെ നടക്കുന്നു .. സെക്കന്റുകളുടെ വ്യത്യാസത്തിൽ അതിൽ ചില ഫോട്ടോയിൽ മാത്രം ഒരു രൂപം ദൃശ്യമാകുന്നു... തൊട്ടടുത്ത നിമിഷമെടുത്ത ഫോട്ടോയിലും ഇല്ല . ... ഒരസ്വാഭാവികത ഉള്ളതിനാലാണ് സാറിനെ ബന്ധപ്പെട്ടത് .. ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം
എ സി പി ആ ഫോട്ടോകൾ ശ്രദ്ധിച്ചുനോക്കി . ഒരാൽത്തറയും കുളവും ...
ചില ഫോട്ടോയിൽ മാത്രം ആൽമരത്തിൽ ഒരു സ്ത്രീരൂപം തൂങ്ങി നിൽക്കുന്നു .. മുഖം വ്യക്തമല്ല. .. ഒലിച്ചിറങ്ങിയ രക്തമാവാം അവളുടെ വെള്ള വസ്ത്രത്തെ ചുവപ്പിച്ചത്.
"സർ ഒരു പത്തു മിനുട്ട് എനിക്ക് തരാമോ ..?"
എ സി പി കൈയ്യിലെ വാച്ചിൽ നോക്കി .. ശേഷം നിരഞ്ജന്റെ മുഖത്തേക്കും ... ഒന്നുരണ്ട് കേസിൽ വളരെ നിർണ്ണായക സഹായങ്ങൾ ചെയ്ത ഒരു ഫ്രീലാൻസ് ഫോട്ടോ ഗ്രാഫറാണ് ...
"ശരി താൻ പറയൂ ...."
ഇത് കാളിയാർ മഠം...പ്രതാപവും സമ്പത്തും കൊണ്ട് പുകൾപെറ്റ തറവാട് ... പത്തേക്കറോളം വരുന്ന വിശാലമായ പറമ്പിലെ ക്ഷേത്രക്കുളവും ആൽത്തറയുമാണ് ഫോട്ടോയിൽ സാറ് കാണുന്നത് . ആ ക്ഷേത്രത്തിലെ പൂജാരി എന്റെ ക്ലാസ്മേറ്റാണ് ...പുള്ളിയിലൂടെയാണ് ഞാൻ അവിടെയെത്തുന്നതും ഈ ദൃശ്യം കാണുന്നതും ... പക്ഷെ സമീപവാസികൾ ഇപ്പോഴും ഇത് വിശ്വസിക്കുന്നില്ല. .. തറവാട്ടിൽ ഇപ്പോൾ താമസം ദേവദത്തനും വിഷ്ണുപ്രിയയുമാണ് .
ഇതിൽ സാറിന് എന്തെങ്കിലും ചെയ്യാനുണ്ടാവുമോ എന്നറിയില്ല ... പക്ഷെ ഞാൻ ശരിക്കും ത്രില്ലിലാണ് ... ഒരു പക്ഷെ ഇതൊരു സൂപ്പർ നാച്ചുറൽ പവറായിരിക്കാം ...അങ്ങിനെയെങ്കിൽ ഇനി പലതും അവിടെ നടക്കാനിടയുണ്ട് ... "
"ഒക്കെ ... നിരഞ്ജൻ ... ഞാൻ നോക്കാം .. എന്തെങ്കിലും ഇൻഫർമേഷൻസ് ഉണ്ടെങ്കിൽ പറയൂ ..."
ബൊലേറോയും ബുള്ളറ്റും റോഡിൽ ഇരു വഴിപിരിഞ്ഞെങ്കിലും ഡേവിഡ് ജോൺ അസ്വസ്ഥനായിരുന്നു ... കോൺഫ്രൻസിന്റെ തിരക്കുകൾക്കിടയിലും ആ രൂപം പലപ്പോഴും അയാളുടെ ചിന്തകളെ അലോസരപ്പെടുത്തിയിരുന്നു.
രാത്രിയിൽ ആ ഫോട്ടോകൾ അയാൾ വീണ്ടും സൂക്ഷ്മമായി പരിശോധിച്ചു കുറിപ്പു തയ്യാറാക്കി ... അത് തന്റെ പേഴ്സണൽ ഫയലിൽ സൂക്ഷിച്ചു ...
............. ............... ............. ..............
ഇരച്ചെത്തിയ പോലീസ് ജീപ്പിൽ നിന്നും
സി ഐ അനിരുദ്ധൻ ചാടിയിറങ്ങി ... കുളത്തിനു ചുറ്റും കൂടിയിരിക്കുന്ന കണ്ണുകൾ അയാളിലേക്കു തിരിഞ്ഞു.
ഇൻക്വസ്റ്റ് തയ്യാറാക്കുന്ന എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് ടീം അയാളെ സല്യൂട്ട് ചെയ്തു ...
"സർ, ഈ തറവാട്ടിലെ ദേവദത്തൻ എന്നയാളാണ് മരിച്ചത് .. കുളത്തിന്റെ നടുവിലായിട്ടായിരുന്നു ബോഡി കിടന്നത് , ഇവിടുത്തെ കറവക്കാരനാണ് ആദ്യം കണ്ടത്.. ദേവദത്തനെ കൂടാതെ ഭാര്യ മാത്രമാണ് ഇവിടെ താമസം ."
എസ്.ഐ ബോഡി പോസ്റ്റ്മോർട്ടത്തിന് അയച്ച ശേഷം സി.ഐയുടെ കൂടെ കളിയാർ മഠത്തിലേക്ക് ചെന്നു.
തളർന്നു കിടക്കുന്ന വിഷ്ണുപ്രിയയെ ഒന്നു നോക്കിയ ശേഷം നിരാശയോടെ അവർ നാട്ടുകാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു മടങ്ങി .
............. .......... ........... ............. ............
കാലത്ത് നിർത്താതെയുള്ള ഫോൺ റിങ്ങിൽ ഡേവിഡ് ജോൺ ഞെട്ടിയുണർന്നു . ഡി ജി പി യുടെ കോൾ ..!
"ഗുഡ് മോർണിങ്ങ് സാർ ..."
"അത്ര ഗുഡ് അല്ലെടോ .. തന്നെയൊന്നു കാണണം .വെരി അർജന്റ് ....ഷാർപ്പ് ടെൻ അറ്റ് ഓഫീസ് ..."
"ഓക്കെ സാർ ..."
എന്തു മാരണമാവോ ... ഡേവിഡ് ഫോൺ കട്ട് ചെയ്ത് പിറുപിറുത്തു ...
........... .............. ................ ...................
കോൺഫ്രൻസ് റൂമിലെ എ സി നന്നായി വിയർപ്പൊഴുക്കുന്നുണ്ടായിരുന്നു .. ഡി ജി പി തന്റെ സീറ്റിൽ ഒന്നു കൂടി അമർന്നിരുന്നു.
"സീ മിസ്റ്റർ ഡേവിഡ് ...ഇത്
ഹോം മിനിസ്റ്റർക്ക് വളരെ വേണ്ടപെട്ട ഒരു കുടുംബമാണ് ..
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിയാണ് മരണമെങ്കിലും ഒരു തുള്ളി വെള്ളവും അകത്ത് കടന്നിട്ടില്ല. ... കുളത്തിൽ വീണ് മരിച്ചതാണെങ്കിൽ വെള്ളം കുടിക്കില്ലേ. ...? അനിരുദ്ധനും ടീമും നടത്തിയ അന്വേഷണത്തിൽ സംശയം നീളുന്നത് ഒരു യക്ഷിയിലേക്കാണ് ... അത്തരം ഭാവനാസൃഷ്ടികൾ കോടതി വിശ്വസിക്കില്ലല്ലോ .... യൂ ക്യാൻ ഡൂ സംതിങ്ങ് ബെറ്റർ ... പ്രഷർ ഈസ് അറ്റ് ഇറ്റ്സ് ടോപ്പ് ..."
"ശ്രമിക്കാം സാർ ..."
റൂമിന്റെ വാതിൽ തുറന്ന് മൂന്നു പേരും പുറത്തിറങ്ങി ... ഡേവിഡ് ജോൺ നിരഞ്ജന്റ് നമ്പർ ഡയൽ ചെയ്തു.
"താനെവിടെയുണ്ട് ... "
"കോടമ്പാക്കത്താണ് സാർ, കുറച്ചു ദിവസമായി ഇവിടെ ഒരു ഫിലിമിന്റെ സ്റ്റിൽ വർക്കിലാണ് ... "
"താനന്ന് തന്ന ഫോട്ടോയില്ലേ .... അവൾ പണി പറ്റിച്ചു ... ദത്തൻ ഈസ് നോ മോർ .."
"മൈ ഗോഡ്... ഞാൻ രണ്ടു ദിവസം കഴിഞ്ഞ് തിരിച്ചു വരും ...വന്നിട്ടു കാണാം സാർ ."
ഡേവിഡ് ജോണിന്റെ ബൊലേറോ കാളിയാർ മഠത്തിൽ കിതച്ചു നിന്നു ...
"കഴിഞ്ഞ വെള്ളിയാഴ്ച ഞങ്ങൾ അത്താഴം കഴിച്ച് ഉറങ്ങാൻ കിടന്നു .. അസാധാരണമായ രീതിയിൽ പട്ടികളുടെ ശബ്ദം കേട്ടിരുന്നു .. തൊഴുത്തിൽ പശുക്കളുടെ മുരൾച്ചയും ... ചില ചൊവ്വ, വെള്ളി ദിവസങ്ങളിൽ കേൾക്കാറുണ്ടെങ്കിലും അന്നെന്തോ ഒരു പന്തികേട് തോന്നിയിരുന്നു... കാലത്ത് എഴുന്നേൽക്കുമ്പോൾ ദത്തേട്ടൻ മുറിയിൽ ഉണ്ടായിരുന്നില്ല ... അന്വേഷിച്ച് നടക്കുന്നതിനിടയിലാണ് കറവക്കാരൻ കാര്യം വന്നു പറഞ്ഞ് ..." വിഷ്ണുപ്രിയ തന്റെ നേര്യതിന്റെ തുമ്പു കൊണ്ട് മുഖം പൊത്തി കരച്ചിലടക്കി ..
"പണ്ട് ദത്തൻ തമ്പ്രാന്റെ അച്ഛന്റെ ഒരു പണിക്കാരിപ്പെണ്ണിന്റെ തലതല്ലിപ്പൊളിച്ചിരുന്നു ... അവൾ മരിക്കുമ്പോൾ ഗർഭിണിയായിരുന്നു ... ചിലപ്പോൾ അവളുടെ പ്രേതമാവാം ... പലരും കണ്ടതായി പറയുന്നുണ്ട് പക്ഷെ ഞാൻ കണ്ടിട്ടില്ല സാർ ..." കറവക്കാരന്റെ വാക്കുകൾ എ സി പി യെ അത്ര സ്വാധീനിച്ചിരുന്നില്ല. ... ശാന്തിക്കാരൻ തിരുമേനിയെ കൂടി കണ്ടേക്കാമെന്ന് കരുതി ക്ഷേത്രത്തിന് തൊട്ടുള്ള ഒറ്റമുറി വീടിന്റെ കതകിൽ മൃദുവായി തട്ടി ...
" ഞാൻ വന്നിട്ട് അധികമായിട്ടില്ല .
ഇവിടെ ചൊവ്വാഴ്ച മാത്രമാണ് പൂജയുള്ളത് ... ഞാൻ തിങ്കളാഴ്ച വൈകീട്ട് വന്ന് ബുധൻ തിരിക്കാറാണ് പതിവ് ..."
എ സി പി ഒന്നിരുത്തി മൂളി ...
"നിരഞ്ജൻ താങ്കളുടെ ക്ലാസ്മേറ്റാണല്ലേ ..?"
"അതേ ... ഒന്നു മുതൽ 5 വരെ ഒരുമിച്ചാണ് പഠിച്ചത് അതിനു ശേഷം ഈയടുത്താണ് കണ്ടത് ... ഇവിടെ ആൽമരത്തിൽ ഒരു യക്ഷിയുടെ സാന്നിദ്ധ്യം പോലെ ... അന്നവൻ വന്ന് കുറേ ഫോട്ടോയൊക്കെ എടുത്തിരുന്നു ..."
ആ ആൽമരം ചെറുകാറ്റിൽ ഒന്നിളകി ...
അതിന്റെ ഒരു കൊമ്പിൽ എന്തോ ഭാരം തൂങ്ങിയ പോലെ താഴ്ന്നുലഞ്ഞു ... കുളത്തിൽ അലകൾ ഉടലെടുത്തു
.............. ........... ................
എ സി പി ഡേവിഡ് ജോൺ ഫിലിംഡിറക്ടർ അലകസ് കുന്നത്തിന്റെ നമ്പറിൽ വീഡിയോ കോളിന് ശ്രമിച്ചു കൊണ്ടേയിരുന്നു ... നാലാമത്തെ ശ്രമത്തിൽ സ്ക്രീനിൽ അലക്സ് തെളിഞ്ഞു ...
"ഹലോ മിസ്റ്റർ ഐ പി എസ് ... കുറേ നാളായല്ലോ ..."
"അച്ചായൻ തിരക്കിലാണോ ..."
"ഏയ് ... ചുമ്മാ ഇരിപ്പാ .. പടം ഒരെണ്ണം തട്ടിക്കൂട്ടാനുള്ള പ്ലാനിലാ .. എഴുതി തീർന്നിട്ടില്ല ... "
"എനിക്കൊരു ഹെൽപ്പ് വേണം .. ഞാൻ ഒരു ഫോട്ടോ വാട്ട്സ്ആപ്പ് ഇടാം ... കുറച്ച് ഡീറ്റെയിൽസ് വേണം ... വേറാരും അറിയണ്ട ... ".
"ഡൺ " .. കോൾ കട്ടായി ...
ഇടയ്ക്ക് ഡി ജി പി യുടെ മിസ്സ്ഡ് കോൾ...!
"സർ... ഇല്ല സാർ ... ഒരു നാലേ നാലു ദിവസം ... ഐ വിൽ ബി ദേർ ... "
ഡി ജി പി യോട് അങ്ങിനെ പറഞ്ഞെങ്കിലും അന്വേഷണം എവിടേയുമെത്താത്തതിന്റെ പരിഭ്രമം എ സി പി യുടെ മുഖത്ത് കാണാമായിരുന്നു.
..... ......... ............ ............ ......................
നാലു ദിവസങ്ങൾക്കു ശേഷം ഡി ജി പി യുടെ കോൺഫറൻസ് റൂം ...
"സർ ... ഈ കേസിൽ ചില കാര്യങ്ങൾ നമ്മുടെ യുക്തിക്കും അപ്പുറം ചിന്തിക്കേണ്ടതാണ്. ഈയൊരു മുഖവുരയില്ലാതെ ഈ കേസ് തെളിയില്ല. ... ഇതിൽ ഇതിനോടകം രണ്ട് പേരെ അറസ്റ്റു ചെയ്തിറ്റുണ്ട് ... " എ സി പി യുടെ വാക്കുകൾ ഡി ജി പി യുടെ നെറ്റിയിൽ ചുളിവുകൾ തീർത്തു ...
"ഒക്കെ... പറയൂ ...താങ്കളെ എനിക്ക് വിശ്വാസമാണ് മിസ്റ്റർ ഡേവിഡ് "
"താങ്ക് യൂ സർ ... ദത്തന്റെ മരണം ആകസ്മികമല്ല. ... വെൽ പ്ലാൻഡ് മർഡർ ആണ്.... സാറിന്റെ മുന്നിലുള്ള ഫോട്ടോസ് നോക്കാം .... വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്ന ആൽമരത്തിലെ യക്ഷി .... നാട്ടുകാരോ വീട്ടുകാരോ ശരിക്കും ആ ദൃശ്യം ഇതു വരെ കണ്ടിട്ടില്ല ... ആകെ കണ്ടത് ഫോട്ടോ എടുത്ത നിരഞ്ജനും പിന്നെ ക്ഷേത്രത്തിലെ പൂജാരിയും മാത്രം ... പക്ഷെ നാട്ടുകാരിലും വീട്ടുകാരിലും ആ യക്ഷിയുടെ സാന്നിധ്യം പതിഞ്ഞിരിക്കുന്നു ... "
"വാട്ട് യൂ മീൻ മിസ്റ്റർ എ സി പി ... "
"അതേ സാർ ... ഞാൻ പറഞ്ഞില്ലേ ഒരു വെൽ പ്ലാൻഡ് അറ്റംപ്റ്റ് ... എല്ലാവരിലും ഒരു യക്ഷിയുടെ സാന്നിധ്യം ഉറപ്പിക്കുക ... മീ ആൾസോ ..."
"ഫോർ വാട്ട് ...? "
"ആ ഒരു ഭീതി എല്ലാവരിലും വന്നാൽ മരണം തീർച്ചയായും യക്ഷിയുടെ പ്രതികാരം ആവുമെന്ന് എല്ലാവരും വിശ്വസിക്കും ... "
"നിങ്ങളെ എന്തിന് ബോധ്യപെടുത്തണം ... "
അവിടെയാണ് അയാളുടെ കൂർമ്മ ബുദ്ധി ഒളിഞ്ഞിരിക്കുന്നത് .... മരണശേഷം ആർക്കെങ്കിലും യക്ഷിയല്ല എന്നൊരു സംശയം വന്നാൽ ഉയർന്ന ഉദ്യോഗസ്ഥനെന്ന നിലയിൽ എന്റെ അഭിപ്രായം മാനിക്കപെടും ... അതിനായി ആദ്യം എനിക്ക് ഫോട്ടോകൾ തന്നു ...
"അപ്പോൾ നിങ്ങൾ പറഞ്ഞു വരുന്നത് ...? "
"അതേ സാർ ,... നിരഞ്ജൻ എന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ആ ഫോട്ടോകൾ എനിക്ക് തന്ന അന്നു തന്നെ അതിൽ ചില പൊരുത്തക്കേടുകൾ ഞാൻ ശ്രദ്ധിച്ചിരുന്നു ... അത് ക്ലിയർ ചെയ്യാനായി ഞാൻ ആ ഫോട്ടോസ് നമ്മുടെ എക്സ്പേർട്ട്സിനെ ഏൽപ്പിച്ചു. ... സംശയിച്ച പോലെ തന്നെ യക്ഷിയുള്ള ഫോട്ടോയും ഇല്ലാത്തതും രണ്ട് വ്യത്യസ്ത കാലങ്ങളിൽ ... ഐ മീൻ.. മാസങ്ങളുടെ വ്യത്യാസത്തിൽ എടുത്തതാണെന്ന് കണ്ടെത്തി ... "
"അപ്പോൾ ... നിരഞ്ജൻ ...!"
"അയാളെ വിശദമായി ചോദ്യം ചെയ്തതിലൂടെ ഒരു കാര്യം മനസ്സിലായി ... ക്യാമറയിലൂടെ പുള്ളി ഈ ദൃശ്യം കണ്ടിട്ടില്ല .. പക്ഷെ അയാളെടുത്ത ഫോട്ടോയിൽ ആ രൂപമുണ്ട് ... പിന്നെ ഈ രൂപം കണ്ടു എന്ന് പറയുന്ന പൂജാരി സൂര്യോദയത്തിന് മുൻപ് കുളിക്കുമ്പോൾ വെള്ളത്തിൽ ചോരയുടെ ഗന്ധം ഉണ്ടായിരുന്നു എന്നും മുകളിൽ ഒരു രൂപം കണ്ടതായി തോന്നി എന്നും പറഞ്ഞു.
വീണ്ടും കാര്യങ്ങൾ യക്ഷിയിലേക്ക് തന്നെ നീങ്ങാൻ തുടങ്ങി ... "
"മിസ്റ്റർ ഡേവിഡ് ... വാട്ട് ഈസ് ദിസ് ... കം ടു ദ പോയിന്റ് ..."
"ഷുവർ സർ .... നമ്മൾക്ക് ഏറ്റവും അടുപ്പമുള്ള സഹപാഠികൾ മിക്കവരും കോളജ്, അല്ലെങ്കിൽ ആഫ്റ്റർ ഒരു സെവൻത്തിനു ശേഷമൊക്കെയുള്ളതാവും ... ആം ഐ കറക്റ്റ് സാർ ...? "
"അതെ ... ആൾമോസ്റ്റ് "
"ഇവിടെ അഞ്ചു വരെ പഠിച്ച ഒരു സഹപാഠിയെ വർഷങ്ങൾക്കു ശേഷം തേടി കണ്ടെത്തുന്നു... മനഃപൂർവ്വം അയാളുമായി അടുക്കുന്നു ... ആ ഒരു മൊഴി ഒരു ലിങ്കായിരുന്നു ... "
"വാട്ട് യൂ മീൻ ...? "
" പറയാം സാർ ..."
വാട്ടർബോട്ടിൽ വായിലേക്ക് കമഴ്ത്തിയ ഡേവിഡിന്റെ മുഖത്തേക്ക് ഡി ജി പി സാകൂതം നോക്കി നിന്നു ... തൂവാലയാൽ മുഖം തുടച്ച് എ സി പി തുടർന്നു
"നിരഞ്ജനും പൂജാരിയും വർഷങ്ങൾക്കു ശേഷം കണ്ടു മുട്ടാനുണ്ടായ സാഹചര്യം അന്വേഷിച്ച് ഞാൻ ചെന്നത്തിയത് കാക്കനാട് ഇൻഫോപാർക്കിലായിരുന്നു .. ലീഡിങ്ങ് ഐ ടി കമ്പനിയിൽ സോഫ്റ്റ് വേർ എഞ്ചിനീറായ രഘുറാമിൽ..."
"പട്ടരിൽ പൊട്ടനില്ല എന്ന് പറയുന്ന പോലെ പേരുകേട്ട താഴെ തൃക്കോവിൽ മനയിലെ ഇളമുറക്കാരൻ .. എണ്ണം പറഞ്ഞ ഐ ടി വിദഗ്ധൻ ... മൂന്നു മാസങ്ങൾക്കു മുന്നേ ജോലി രാജിവെച്ച് മുങ്ങിയ അയാളെക്കുറിച്ച് അവിടെയുള്ളവർക്ക് കൂടുതലൊന്നും അറിയില്ല ... ആകെ അറിയുന്നത് വിഷ്ണുപ്രിയ എന്ന അയാളുടെ കാമുകിയെക്കുറിച്ച് മാത്രം .. "
"വിഷ്ണുപ്രിയ ഈ കൊല്ലപ്പെട്ട ദേവദത്തന്റെ ഭാര്യയല്ലേ ...? " ഡി ജി പി യുടെ മുഖം വിവർണ്ണമായി ...
"അതേ സർ ... ദ സെയിം വിഷ്ണുപ്രിയ ... വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ഇഷ്ടപ്പെട്ടവനെ മറക്കേണ്ടി വന്നവൾ ... പക്ഷെ വിവാഹത്തിനു ശേഷവും പതിയേ അവരുടെ ബന്ധം തുടർന്നു ... രഘുറാം അങ്ങിനെയാണ് കളിയാർ മഠത്തിലെ പൂജാരിയായി എത്തുന്നത് ...!"
"പക്ഷെ ഡേവിഡ് ...പലതും ലിങ്കാവുന്നില്ലല്ലോ ... ഇതാണോ താൻ മുഖവുരയിൽ സൂചിപ്പിച്ചത് ..."
"ഞാൻ അതിലേക്ക് വരാം സാർ ...
രഘുറാം കൃത്യമായ പ്ലാനിങ്ങോടെയാണ് കാര്യങ്ങൾ നീക്കിയത് ... അയാൾ അവിടെ വന്ന സമയത്ത് അവിടെ ഒരു ചെറിയ ഷൂട്ടു നടന്നിരുന്നു ... എതോ ഒരു അപ്കമിങ്ങ് ഹൊറാർ ഫിലിമിന്റെ പോസ്റ്റർ ഷൂട്ട്... അന്ന് രഘുറാമും അതിന്റെ കുറച്ച് സ്റ്റിൽസ് എടുത്തിരുന്നു. ആ ചിത്രമാണ്
സാർ കാണുന്ന യക്ഷിയുടെ ചിത്രം ... ഏതൊരു കേസിലും ദൈവത്തിന്റെ കൈ എന്നൊന്നുണ്ടാവുമല്ലോ സാർ .... രഘു റാമിന്റെ നിർഭാഗ്യമോ എന്റെ ഭാഗ്യമോ എന്നറിയില്ല ... നിരഞ്ജൻ അന്ന് ആ ഫോട്ടോ കൈമാറിയപ്പോൾ മുതൽ ഞാൻ കൺഫ്യൂസ്ഡ് ആയിരുന്നു ... മുൻപ് ഇതേ ചിത്രം എവിടെയോ ഞാൻ കണ്ട പോലെ ...അങ്ങിനെയാണ് ഞാൻ പ്രശസ്ത സംവിധായകനും അതിലുപരി എണ്ണം പറഞ്ഞ പോസ്റ്റർ ഡിസൈനറുമായ അലക്സ് കുന്നത്തിനെ ബന്ധപ്പെടുന്നത് ... പുള്ളിയുടെ എഫ് ബി പേജിൽ ഈ ചിത്രം കണ്ടതായി ഞാനോർത്തിരുന്നു ...
അതേ സാർ ... അലക്സ് അച്ചായൻ എന്നു ഞാൻ വിളിക്കുന്ന പുള്ളിയുടെ പോസ്റ്റർ ഡിസൈനിങ്ങിനു വേണ്ടി ചെയ്ത ഫോട്ടോ യാണത് ."
"അപ്പോൾ നിരഞ്ജൻ...?"
അയാളൊരു ടൂൾ മാത്രമായിരുന്നു സാർ ... ഞാൻ മുൻപ് അന്വേഷിച്ച നാടോടി സ്ത്രീയുടെ മർഡർ കേസിൽ പുള്ളി എടുത്ത സ്റ്റിൽസ് ആണ് കേസ് തെളിയിക്കാൻ സഹായിച്ചത് ... അന്ന് അത് പത്രങ്ങളിൽ ചർച്ചയായിരുന്നു ... അതു കണ്ട രഘുറാം അയാളെത്തേടി കണ്ടെത്തുകയായിരുന്നു ... തുടർന്നാണ് യക്ഷിയുടെ കഥ ഉണ്ടാവുന്നത് ... ഫോട്ടോഗ്രാഫിക് ക്രെയിസ് ആയ നിരഞ്ജൻ യക്ഷിയുടെ ഫോട്ടോയ്ക്കായി അവിടെ ചെല്ലുന്നു ... അതിനിടയിൽ സോഫ്റ്റ് വേർ
വിദഗ്ദ്ധനായ രഘുറാം ബ്ലൂടൂത്ത് വഴി അയാളുടെ ക്യാമറയിൽ അയാൾ ക്ലിക്ക് ചെയ്യുന്ന അതേ ഫ്രാക്ഷൻ ഓഫ് സെക്കന്റിൽ ഈ യക്ഷിച്ചിത്രം ലോഡ് ചെയ്യുന്നു .... നിരഞ്ജൻ പോലുമറിയാതെ അങ്ങിനെ അയാൾ യക്ഷിയുടെ ചിത്രം എടുക്കുന്നു ... തുടർന്ന് സ്വാഭാവികമായും അടുപ്പമുള്ള എന്റെ കൈവശം അത് എത്തിക്കുന്നു ... അതോടെ രഘു റാമിന്റെ ഒന്നാം ഘട്ടം പൂർണ്ണമാവുന്നു .
"എന്നിട്ട് ....!"
"മാസങ്ങളുടെ വ്യത്യാസം ആൽമരച്ചില്ലകളുടെ വളർച്ചയിൽ ദൃശ്യമായ താണ് സാർ ഇതിലെ യഥാർത്ഥ ലൂപ്പ് ഹോൾ ..! നമ്മുടെ എക്സ്പേർട്ട്സ് അത് കൃത്യമായി കണ്ടെത്തി ... "
"രഘു റാമിന്റ ഓപ്പറേഷന്റെ രണ്ടാം ഘട്ടം എന്തായിരുന്നു...?"
"യക്ഷിയുടെ ശല്യം അയാൾ പരമാവധി നാട്ടുകാരെ ബോധിപ്പിച്ചു ... അങ്ങിനെ ഒരു വെള്ളിയാഴ്ച അയാൾ വിഷ്ണുപ്രിയയുടെ മൗനാനുവാദത്തോടെ ദേവദത്തനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുന്നു ... തുടർന്ന് ബോഡി കുളത്തിൽ കൊണ്ടിട്ടു .. അന്വേഷണം പതിയേ വഴിമുട്ടുമെന്ന് അയാളൂഹിച്ചു ..കാളിയാർ മഠത്തിന്റെ സ്വത്ത് മുഴുവനും ഏക അവകാശിയായ വിഷ്ണുപ്രിയയിൽ വന്നു ചേരുമെന്നും കാലാന്തരത്തിൽ ക്ഷേത്രം പൂജാരിയായ അയാൾ കാളിയാർ മഠത്തിന്റെയും വിഷ്ണുപ്രിയയുടേയും അവകാശി ആവുമെന്നും വ്യാമോഹിച്ചു. ....!
അയാളും വിഷ്ണുപ്രിയയും നമ്മുടെ കസ്റ്റഡിയിലുണ്ട് .നിരഞ്ജൻ മാപ്പു സാക്ഷിയും ... "
ഗുഡ് മിസ്റ്റർ ഡേവിഡ് ജോൺ ... യു ആർ പ്രൗഡ് ഓഫ് ഔർ എൻറയർ പോലീസ് ഫോഴ്സ് ....
അന്ന് രാത്രി കാളിയാർ മഠത്തിലെ ശ്രീകോവിൽനട താനേതുറന്നു ... നിറദീപപ്രഭയിൽ ആൽമരം തിളങ്ങി ... ഒഴുകിവന്ന തെക്കൻകാറ്റിൽ ചില്ലകൾ ആടിയുലഞ്ഞു. ... കുളത്തിലേക്ക് നീണ്ട കൊമ്പിൽ ഒരു വെളുത്ത രൂപം തൂങ്ങിയാടി ... രക്തത്തുള്ളികൾ കുളത്തിൽ അലയൊളികൾ തീർത്തു ... !
അവസാനിച്ചു
✍️ശ്രീധർ.ആർ.എൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot