നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചന്ദനംപെറ്റ പെണ്ണ് - Part 3


പെരിക്കല്ലൂരിൽ കബനിപ്പുഴയുടെ അക്കരെ കേരളവുമായി അതിർത്തി പങ്കിടുന്ന കർണാടകത്തിന്റെ മൈസൂർ ജില്ലയിലെ ബൈരക്കുപ്പ എന്ന ഗ്രാമത്തിലാണ് അവളുടെ വീട്
അവിടെ ബാർബർഷോപ്പ് നടത്തുന്നു ശ്രീജയുടെ അച്ഛൻ നാണുവാശാൻ എന്ന ബാർബർ നാണു. അദ്ദേഹത്തിന് ശ്രീജയടക്കം അഞ്ചുമക്കൾ രണ്ടു പെണ്ണും മൂന്ന് ആണും.നാണുവേട്ടനെപ്പോലേ ആൺമക്കൾ മൂന്നുപേരും കുലത്തൊഴിൽ ചെയ്യുന്നു. മൂത്ത മകൻ ശശീന്ദ്രൻ പെരിക്കല്ലൂരിലെ മുപ്പത്തിമൂന്നിൽ നന്ദന ഹെയർ സ്റ്റെെൽസ് നടത്തുന്നു.ഭാര്യ രമ രണ്ടു മക്കളുണ്ട് നന്ദകിഷോറും നന്ദനയും ഇവർ നാണുവേട്ടന്റെകൂടെ തറവാട്ടിലാണ് താമസിക്കുന്നത്.രണ്ടാമത്തേത് മകൾ ശ്രീദേവി അവളെ മാനന്തവാടിയിലേക്കാണ് വിവാഹം കഴിപ്പിച്ചയച്ചിരിക്കുന്നത്. ഭർത്താവ് ഗോപനും ഡിഗ്രിക്കു പഠിക്കുന്ന ഇരട്ടകളായ രണ്ടാണ്മക്കളുമടങ്ങുന്ന കുടുംബത്തിൽ സംതൃപ്ത ജീവിതം നയിക്കുന്നു. മൂന്നാമത്തെ മകൻ ചന്ദ്രകുമാർ കുടുംബസമ്മേതം പുല്പള്ളിക്കടുത്തുള്ള കാപ്പിസെറ്റിൽ താമസിക്കുന്നു. ഭാര്യ പാർവ്വതി കാപ്പിസെറ്റിൽ തന്നെ അംഗൻവാടി ടീച്ചറാണ്. ഇവർക്ക് രണ്ടാൺ മക്കൾ ശിവപ്രസാദും, വിഷ്ണുനാഥും രണ്ടുപേരും പുല്പള്ളി വിജയ സ്ക്കൂളിൽ ആറാം തരത്തിലും നാലാം തരത്തിലും പഠിക്കുന്നു ചന്ദ്രകുമാർ പുല്പള്ളി ടൗണിൽ ആനപ്പാറ റോഡിൽ നൂതൻ ജെൻസ് പാർലർ ആൻഡ് ഹെയർകട്ടിംഗ്സ് നടത്തുന്നു. ഇളയവൻ അനിൽകുമാർ കാട്ടിക്കുളത്ത് ശ്രീദേവി ഹെയർ സ്റ്റൈൽസ് എന്ന സ്ഥാപനം നടത്തുന്നു. വിവാഹിതനും രണ്ടു മക്കളുടെ പിതാവുമാണ്. ഭാര്യ സിന്ധുവും മക്കൾ അപർണ്ണ ,അഭിലാഷ് എന്നിവർക്കൊപ്പം കാട്ടിക്കുളത്തു തന്നെയാണ് അനിൽകുമാറിന്റെ സ്ഥിരതാമസം. ഇതിൽ അപർണ്ണ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് മകൻ അഭിലാഷിന് മൂന്ന് വയസ്സാണ് പ്രായം.
തോണി കടന്ന് പുഴയുടെ അക്കരെ എത്തിയപ്പേഴേക്കും അവളെക്കാത്ത് അമ്മ ലക്ഷ്മിയേടത്തി അവിടെ നില്പുണ്ടായിരുന്നു.എന്നും ഇത് പതിവാണ് വൈകുന്നേരം അവൾ ജോലി കഴിഞ്ഞു തിരിച്ചെത്തുന്ന സമയത്ത് അവർ തോണിക്കടവിൽ കാത്തുനില്ക്കും ബൈരക്കുപ്പയിൽനിന്നും കബനിപ്പുഴയുടെ തീരത്തുകൂടിയുള്ള പഴയ മാനന്തവാടി - മൈസൂർ റോഡിൽ മറ്റൊരു അതിർത്തി ഗ്രാമമായ ബാവാലിക്കു പോകുന്ന വഴിയിൽ ബൈരക്കുപ്പയ്ക്കും ഹൊസ ഹള്ളിക്കുമിടയ്ക്കാണ് അവരുടെ വീട്. റോഡിന്റെ രണ്ടു വശവും തഴച്ചു വളർന്നു നട്ടുച്ചയ്ക്കുപോലും വെയിൽ ഇറങ്ങാത്ത നിരയൊത്ത മുളംതുറുവുകൾക്കിടയിലൂടെ ഒരു കിലോമീറ്ററോളം ദൂരം പോയാലെ അവരുടെ വീട്ടിലെത്തുകയുള്ളു സന്ധ്യമയങ്ങിയാൽ പഴുത്ത് വീണ് പൂപ്പൽ പിടിച്ചു കിടക്കുന്ന ഇല്ലിയിലകൾ മിന്നാമിന്നികൾപോലേ തിളങ്ങും എതിരേ വരുന്നവരേപ്പോലും കാണാൻ കഴിയില്ല വരുന്നവർ ഉറക്കെ സംസാരിക്കുകയോ പാട്ടുപാടുകയോ ചെയ്യാറുണ്ട്.പലപ്പോഴും ടോർച്ച് കൈയ്യിൽ കരുതിയാണ് ലക്ഷ്മിയേടത്തി അവളെ കൂട്ടിക്കൊണ്ട് പോകാൻ വരുന്നത്‌.
അവളുടെ കൈയ്യിൽ നിന്നും പച്ചക്കറി സഞ്ചി വാങ്ങിപ്പിടിച്ച് അവർ മുമ്പേ നടന്നു പിറകെ വർത്തമാനം പറഞ്ഞു കൊണ്ട് അവളും.ഇങ്ങനെ വീട്ടിലേക്കു പോകുന്നതിനിടയിലാണ് അവൾ അമ്മയോട് അന്നന്നത്തെ ഓഫീസ് വിശേഷങ്ങളും നാട്ടുവാർത്തകളും പറയുന്നത്.ഇന്നും ആ പതിവു തെറ്റിയില്ല ഇന്നത്തെ സംഭവങ്ങളും അവൾ അമ്മയോടു പറഞ്ഞു.
"അതേതേലും അയ്യോപാവക്കാരാരിക്കും പൊന്നൂട്ട്യേ കരഞ്ഞും നൊരോളിച്ചും എന്തെങ്കിലും കാര്യം നേടാനാരിക്കും അല്ലാതാരെങ്കിലും ഇങ്ങനെയൊക്കെ ചെയ്യ്വോ.. പിന്നെ സർക്കാരാപ്പീസല്ലേ എന്തോരം ജനങ്ങളു വരുന്നെടമാ..ന്റെ മോളതൊന്നുങ്കാര്യാക്കണ്ട. ഇനിയെങ്ങാനും അയാളെ കാണുമ്പോ പറഞ്ഞേക്ക് എന്തേലും പറയാനൊണ്ടെങ്കിൽ നേരിട്ടു പറയാൻ. ഇങ്ങനെ ഒളിച്ചും പാത്തും നോക്കണ്ടെന്ന് പിന്നെയിങ്ങനെ നോക്കാൻ അയാളു വരൂലാ.. ന്റ മോള് കേട്ടല്ലോ."
"ശര്യെന്റെ .സുന്ദരിക്കുട്ട്യേ.. അതു ഞാനിപ്പോത്തന്നെ വിട്ടൂന്നേ... “
സ്നേഹക്കൂടുതൽ വരുമ്പോൾ ശ്രീജയുടെ വിളിയിങ്ങനാണ്.
“എന്തേപ്പാേര് സംശയം... നെന്റെയൊക്കെ പ്രായത്തിലീ ലക്ഷ്മി സുന്ദരി തന്നായിര്ന്നൂട്ടോ പൊന്നും മൊതലും വേണ്ട നെന്റെ മോളെത്തന്നാമതി.. അപ്പുണ്ണ്യേന്നുമ്പറ്ഞ്ഞ് അക്കാലത്തെത്ര ചെറുക്കന്മാര്ടെ അപ്പന്മാര് എനിക്ക് കല്യാണാലോചനേങ്കൊണ്ട് വന്നതാന്നറ്യോന്റെ അച്ഛന്റടുത്ത് പക്ഷേ എന്റെച്ഛൻ അപ്പുണ്ണിക്കിഷ്ടപ്പെട്ടതേ ആ മൊശടൻ ബാർബർ നാണൂന്യാ.. നിന്റെച്ഛനെ.. “
“ചുമ്മാതെന്റെ അച്ഛനെപ്പറയല്ലേ ...ന്റെച്ഛൻ നല്ലൊന്നാന്തരം ആമ്പറ്ന്നോനാ ആടുതോമേനെപ്പോലത്ത എരട്ടച്ചങ്കൻ അല്ലാതെ മൊശടനും കൊശവനും ശിക്കാരി ശംബ്വൊന്ന്മല്ല പറഞ്ഞേക്കാം ഞാൻ..”
“കണ്ടോ. കണ്ടോ. അച്ഛനെപ്പർഞ്ഞപ്പോൾ മോടെ ദേഷ്യങ്കണ്ടില്ലേ.. എന്നാലിതുങ്കോടെ കേട്ടാേ...എന്നെ പെണ്ണുകണ്ടിട്ട് നിന്റെച്ഛനും അമ്മാവനും പോയിക്കഴിഞ്ഞപ്പോ എന്റെച്ഛൻ അമ്മേനോട് പറഞ്ഞതുങ്കൂടെ..”
ലക്ഷ്മിയേടത്തി പറഞ്ഞു തീരുന്നതിനു മുമ്പേ അവൾ ഇടയ്ക്കു കയറി
“അയ്യോ.. വേണ്ടേ.. അത് ഞാന്തന്നെ പറഞ്ഞോളാമേ...
ഓൻ കൊർച്ച് കള്ളുകുടിക്കുന്നോനായാലും നെന്റെ മോളേം അവക്കൊണ്ടാകുന്ന മക്കളേം പട്ടിണിക്കിടാതെ പൊന്നൂപോലേ നോക്കൂടി കാർത്ത്യാനീ... എന്നല്ലേ അമ്മ പറ്യാനിരുന്നേ..? അതേ ഇന്നത്തേതും കൂടിയായിരുന്നേല് ഇക്കാര്യത്തിൽ അമ്മ നൂറു തെകച്ചേനെ അങ്ങനെയിപ്പോ സെഞ്ച്വറിയടിക്കണ്ട… മോളേ..”
“ഓമ്പ്രാട്ടീ... നീയെന്നെ നൂറടിക്കാൻ സമ്മതിക്കൂലല്ലേ..? സുകൃതക്ഷയം അല്ലാതെന്താ പറ്യാനാ... എന്റെ മൂച്ചീം(മാവ്)പൂക്കും. നീ നോക്കിക്കോ...”
ലക്ഷ്മിയേടത്തി അവളെ കൊഞ്ഞനം കുത്തിക്കാണിച്ചു. അതു കണ്ട് ശ്രീജ നടവഴിയാണെന്നത് ഓർക്കാതെ പൊട്ടിച്ചിരിച്ചു. ഒന്നുരണ്ട് നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം ലക്ഷ്മിയേടത്തി അവളെ വിളിച്ചു.
“ ഡീ..പൊന്നൂട്ടീ... ചെലപ്പോ അയാളു വല്ല എടക്കാരനായിരിക്കും... കല്യാണ ബ്രോക്കറേ... നീ പറഞ്ഞ മട്ടും ഭാവോം വേഷോം നോക്ക്യാലങ്ങനാവാനേ തരോള്ളൂ എന്നാപ്പിന്നെ ഇനിയെങ്ങാനും അയാളെക്കണ്ടാല് ഫോൺ നമ്പറ് മേടിച്ചോണ്ടുവാ... നിനക്കു മടിയാണെങ്കിൽ ഞാനാ പ്യൂൺ ലക്ഷ്മിയമ്മയോട് പറയാം...ന്താ... പോരേ?”
“ഓ... പിന്നേ ലക്ഷ്മിയമ്മയ്ക്കിപ്പോ അതല്ലേ പണി..”
തമ്മിൽ സംസാരിച്ചു സംസാരിച്ച് വീടിനടുത്തെത്തിയത് അവരറിഞ്ഞില്ല എങ്കിലും അമ്മയുടെ ആശ്വാസവാക്കുകളിൽ അവളുടെ അന്നത്തെ എല്ലാ പ്രശ്നങ്ങളും തീർന്നിരുന്നു.
പിറ്റേന്നു രാവിലെ പുല്പള്ളി സീതാദേവി ക്ഷേത്രത്തിലെത്തി പൂജയും വഴിപാടുകളും കഴിച്ച്
തൊഴുത് പ്രാർത്ഥിച്ച് അമ്പലത്തിലെ ആൽത്തറയിലിരുന്ന് നിവേദ്യ പാൽപ്പായസം കുടിക്കുകയായിരുന്നു പ്യൂൺ ലക്ഷ്മിയമ്മ, തന്റെ നേർക്ക് നടന്നുവരുന്നവരിൽ അവരുടെ നോട്ടം പതിഞ്ഞു അതിലെന്ന് രാഘവനായിരുന്നു കൂടെയൊരു സ്ത്രീയും അവർ അവരെ നോക്കി ഒന്നു ചിരിച്ച ശേഷം ആൽത്തറച്ചുവട്ടിൽ ‘ചെരിപ്പുകൾ അഴിച്ചു വെച്ചിട്ട് ഒന്നും പറയാതെ അമ്പലത്തിലേക്കു കയറിപ്പോയി.ലക്ഷ്മിയമ്മ തന്റെ പായസം കുടിച്ചു തീർത്ത ശേഷം വീട്ടിലേക്കു പോകാതെ അവർ തൊഴുതു പ്രാർത്ഥിച്ച് പുറത്തേക്കു വരുന്നതും കാത്ത് അവർക്കു തന്നെ കാണാത്ത രീതിയിൽ വഴിപാടുകൾക്ക് ചീട്ടെഴുതുന്ന അമ്പലക്കമ്മിറ്റി ഓഫീസിനടുത്തേക്ക് മാറിനിന്നു. ഇന്ന് അവരോട് കുറച്ച് സംസാരിക്കണം ഇന്നലെ ഓഫീസിൽ വന്നതിന്റെ കാര്യമറിയാലോ? സ്ത്രീ സഹജമായ ഒരു സംശയം. കുറച്ചു കഴിഞ്ഞപ്പോൾ രാഘവനും കൂടെയുള്ള സ്ത്രീയും ആൽത്തറയിലെത്തി തന്നെ കാണാത്തതുകൊണ്ട് അവർ നാലു ചുറ്റും നോക്കുന്നതും നിരാശയോടെ ആൽത്തറയിൽ ഇരിക്കുന്നതും കണ്ടപ്പോൾ ലക്ഷ്മിയമ്മ പതിയെ അവരുടെ അടുത്തേക്ക് ചെന്നു അവരെ കണ്ടപ്പോൾ അവർ എഴുന്നേറ്റ് കൈയ്കൾക്കൂപ്പി നമസ്ക്കാരം പറഞ്ഞു.ലക്ഷ്മിയമ്മ തിരിച്ചു പറഞ്ഞില്ലെങ്കിലും ഒന്നു ചിരിച്ചെന്നു വരുത്തി.
" അല്ല .. ഇനി നിങ്ങളെക്കാണുമ്പോ രണ്ടുവർത്താനം പറയണന്നോർത്തതാ പക്ഷേ കണ്ടത് അമ്പലത്തിവെച്ചായിപ്പോയി അതോണ്ടൊന്നും പറയുന്നില്ല അല്ലെങ്കിലെന്റ വായിലിരിക്കുന്നത് മുഴുവൻ കേട്ടേനേ.. നിങ്ങക്കെന്നാത്തിന്റെ സൂക്കേടാ. ആ പെങ്കൊച്ചിന്റെ പൊറകേ നടക്കാൻ അതെന്നാ ദ്രോഹാ നിങ്ങളോട് ചെയ്തേ അതു പറഞ്ഞിട്ടിന്നു പോയാ മതി"
"എനിക്കറ്യാം എന്നെക്കാണുമ്പോ നിങ്ങളെന്നോടിങ്ങനെ ചോതിക്കൂന്ന്... ഞങ്ങള് നിങ്ങളെ ബുദ്ധിമുട്ടിച്ചെങ്കി സാറെന്നോട് ഷെമിക്കണം വേറൊരു നിവൃത്തീം ഇല്ലാത്തോണ്ട. എനിക്കു പറയാനൊള്ളത് ഞാനെങ്ങനാ സാറിനോട് പറയെണ്ടേന്നോർത്ത് ന്റെ ചങ്കുപൊടിയ്വാ.. അതാ രാവിലെ ഇവളേം കൂട്ടിക്കൊണ്ടീങ്ങോട്ട് വന്നത്. പുല്പള്ളിയമ്മേക്കണ്ട് തൊഴുതു പ്രാർത്ഥിച്ച ശേഷം നിങ്ങളെക്കാണാൻ ഇരുളത്തെ വീട്ടിലേക്ക് വരാനാ ഞങ്ങള് തീരുമാനിച്ചേ തമ്മിക്കണ്ടതേതായാലും നന്നായി നിങ്ങളു വിചാരിച്ചാൽ ഞങ്ങടെ കാര്യം നടക്കും എന്തു വേണങ്കിലും തരാം കാലുപിടിക്കാം പറ്റില്ലെന്നു മാത്രം പറയരുത്"
അയാൾ അവരുടെ കാല്ച്ചുവട്ടിലേക്ക് കുനിഞ്ഞു
" അയ്യോ.. ! എന്താത് നിങ്ങളെന്തായീ കാണിക്കുന്നേ? നിങ്ങളെണീറ്റേ വല്ലോരും കണ്ടാലെന്നാ വിചാരിക്കും എന്താ ഞാൻ ചെയ്യേണ്ടതെന്നാദ്യം പറ"
"ഞാമ്പറയുന്നത് കേക്കാനൊരല്പം കനിവുണ്ടാകണം
ഒത്തിരി സമയമൊന്നും വേണ്ട കൊറച്ച് സമയം തന്നാമതി"
"എന്നാലെരു കാര്യം ചെയ്യാം നമുക്ക് താഴെ അമ്പലക്കൊളത്തിനടുത്തേക്കു പോകാം അവടെയാണെങ്കിലാരും വരത്തില്ല നല്ല കാറ്റും തണലുമൊണ്ട് നിങ്ങളുവാ "
ലക്ഷ്മിയമ്മ ചുറ്റമ്പലത്തിന്റെ പുറത്തുള്ള വഴിയിലൂടെ അമ്പലക്കുളത്തിലേക്ക് നടന്നു പുറകെ അവരും.
വിശാലമായ അമ്പലക്കുളത്തിന്റെ കല്പടവുകളിൽ അവർ ഇരുന്നു. കുളത്തിന്റെ മൂന്നുചുറ്റും കൈതയും തഴയും പടർന്നു പന്തലിച്ചു നില്പുണ്ട് രണ്ടു കുന്നുകൾക്കിടയിലായിരുന്നതുകൊണ്ട് രാവിലെയുള്ള ഇളം വെയിൽ കുളത്തിൽ പതിക്കാറില്ല പായൽ നിറഞ്ഞ കുളത്തിൽ അങ്ങിങ്ങായി താമരമൊട്ടുകൾ നില്ക്കുന്നതുകാണാം. എന്തേ മൊട്ടുകളല്ലാതെ ഒരു താമരപ്പൂവും കുളത്തിൽ കാണാത്തതെന്നു ചിന്തിച്ചപ്പോഴാണ് അക്കാര്യം അമ്പലക്കമ്മിറ്റിയുടെ ബോർഡിൽ എഴുതി വച്ചിരിക്കുന്നത് ലക്ഷ്മിയമ്മയ്ക്ക് ഓർമ്മ വന്നത് ' "അനുവാദമില്ലാതെ ആരും അമ്പലക്കുളത്തിൽ നിന്നും താമരപ്പൂവോ മൊട്ടുകളോ പറിക്കരുത് അങ്ങനെ ചെയ്യുന്നത് ശിക്ഷാർഹമാണ്." അമ്പലക്കുളം ഒരു സ്വകാര്യ വ്യക്തിക്ക് താമര കൃഷി നടത്താൻ ദേവസ്വം ബോർഡ് പാട്ടത്തിനു കൊടുത്തിരിക്കുന്നതാണ്. വിരിയുന്ന മൊട്ടുകൾ അതിരാവിലെതന്നെ അദ്ദേഹത്തിന്റെ ജോലിക്കാർ പറിച്ചെടുക്കും അത് രാവിലെ ആറുമണിക്ക് ബൈരക്കുപ്പയിൽ നിന്നുള്ള ബസ്സിൽ കയറ്റി മൈസൂറിന് അയക്കുമെന്നാണ് പറഞ്ഞു കേൾക്കുന്നത്.കുളത്തിന്റെ അരികിലൂടെയുള്ള റോഡിൽക്കൂടി യാത്രചെയ്താൽ പുല്പള്ളിയിൽ നിന്നും ശശിമല,സീതാമൗണ്ട്, സുരഭിക്കവല എന്നീ സ്ഥലങ്ങളിലേക്ക് എളുപ്പത്തിലെത്താൻ കഴിയും. പണ്ട് തന്റെ ചെറുപ്പത്തിൽ സീതാമൗണ്ടിലുള്ള ലവ -കുശ ക്ഷേത്രത്തിലെ ഉത്സവം കാണാൻ ഈ വഴിക്കായിരുന്നു കാളവണ്ടിയിലൂടെയുള്ള യാത്ര.ഒരു മാത്ര ഇതെല്ലാം ലക്ഷ്മിയമ്മയ്ക്ക് ഓർമ്മവന്നു.
" ശരി ഇനിയേതായാലും സമയം കളയണ്ട നിങ്ങൾ പറഞ്ഞോളൂ.. ഇന്ന് രണ്ടാംശനിയാഴ്ച്ചയല്ലേ അതോണ്ട് മക്കളും മരുമക്കളും കൊച്ചുമക്കളൊക്കെ വീട്ടിലേക്കുവരും അവരെത്തുന്നതിനു മുമ്പ് എനിക്കെത്തണം"
രാഘവനോട് അങ്ങനെ പറഞ്ഞിട്ട് കല്പടവിൽ കിടന്ന ഒരു ചെറിയ പരന്നകല്ലെടുത്ത് ലക്ഷ്മിയമ്മ കുളത്തിലേക്ക് വീശിയെറിഞ്ഞു.വെള്ളത്തിനു മുകളിലൂടെ തവള ചാടുന്നതുപോലേ അത് തെന്നിത്തെറിച്ച് നീങ്ങുന്നതു നോക്കിക്കൊണ്ടവർ മൗനം പൂണ്ടിരിക്കുന്ന രാഘവന്റെ കൂടെയുള്ള സ്ത്രീയെ നോക്കി. അവളുടെ മാറിടം ക്രമാതീതമായി ഉയർന്നു താഴുന്നതു കണ്ടപ്പോൾ അവളോട് എന്തെങ്കിലും ചോദിക്കാൻ അവർക്ക് ഭയം തോന്നി.
ലക്ഷ്മിയമ്മയുടെ സംശയത്തോടെയുള്ള നോട്ടം കണ്ടപ്പോൾ രാഘവൻ പറഞ്ഞു
"ഇതെന്റെ ഭാര്യയാണ് ഗോമതി "
ഏതാനും നിമിഷങ്ങളുടെ ഇടവേളയ്ക്കു ശേഷം അയാൾ സംസാരിക്കാൻ തുടങ്ങി:
"കൊറച്ചു മുമ്പ് നിങ്ങളെന്നോടു ചോദിച്ചില്ലേ ആ പെങ്കൊച്ച് എന്നോടെന്തു ദ്രോഹാചെയ്തേന്ന്..?അതെന്നോടൊന്നും ചെയ്തിട്ടില്ല പക്ഷേ, ഈ ഞാനാ അതിനോട് ഏറ്റവും വലിയ ദ്രോഹം ചെയ്തത് ഈ ലോകത്തിൽ അത്രയ്ക്കും കൊടിയ പാപം ചെയ്ത എന്നേപ്പോലേ വേറൊരു പുരുഷനൊണ്ടാകില്ല അറ്യോ ."
"നിങ്ങളെന്തായീപ്പറയുന്നേ.... ആരെന്തു പാപം ചെയ്ത കാര്യായീപ്പറയുന്നേ? എന്ന്? അതിന് നിങ്ങക്ക് ശ്രീജ സാറിനെ നേരത്തെ അറിയാമോ? എങ്ങനെ?
ലക്ഷ്മിയമ്മയ് ഒന്നും മനസ്സിലായില്ല.
"അറിയാം നല്ല പോലേ അറിയാം ഞാനിനിപ്പറയുന്നത് കേക്കുമ്പോ നിങ്ങളെന്നെ തല്ലും, തല്ലിക്കൊല്ലും അതെങ്ങനാ നിങ്ങളോട് പറയേണ്ടതെന്നെനിക്കറിയില്ല"
" നിങ്ങള് വളച്ചുകെട്ടാണ്ട് കാര്യം പറ എന്താ സമ്പവിച്ചത്?"
"നിങ്ങക്കറ്യോ അവളെന്റെ പെങ്ങടെ മോളാണ് പത്തുമാസം വയറ്റിച്ചൊമന്ന് എന്റെ കൂടപ്പെറപ്പ് നൊന്തു പ്രസവിച്ച കുഞ്ഞ് പാപിയായ ഈ ഞാൻ വലിച്ചെറിഞ്ഞ എന്റെ പെങ്ങടെ മോള് ഞങ്ങടെ ചോര "
പറഞ്ഞു തീർന്നതും അയാൾ കല്പടവിൽ തലയിടിച്ച് പൊട്ടിക്കരഞ്ഞു.
"ങ്ങേ... എന്ത്.. എന്താ നിങ്ങളു പറഞ്ഞേ? ശ്രീജ സാറിനേക്കുറിച്ചു തന്നാണോ യീപ്പറഞ്ഞേ ?"
" അതേ..പരമസത്യം ഈ പുല്പള്ളിയമ്മയാണേ സത്യം"
ഇപ്പോൾ ഞെട്ടിത്തരിച്ചത് ലക്ഷ്മിയമ്മയായിരുന്നു.
ഇരുന്നിടത്തു നിന്നും ചാടിയെണീറ്റു.
പ്രേതത്തെ കണ്ടമാതിരി അവർ രാഘവന്റെ മുഖത്തുനോക്കി.
അമ്പലക്കുളത്തിൽ നിന്നും തണുത്ത കാറ്റ് അവരെ തഴുകിക്കൊണ്ടിരുന്നെങ്കിലും രണ്ടു പേരും വിയർത്തിരുന്നു. ഇനിയെന്താണ് അയാളോട് ചോദിക്കേണ്ടതെന്നറിയാതെ അവർ നിശബദയായി. മൗനങ്ങളുടെ താഴ്വരയിലാണ് താനകപ്പെട്ടതെന്ന് ലക്ഷ്മിയമ്മയ്ക്ക് തോന്നി. പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു വികാരം അവരെ കീഴ്പ്പെടുത്തി. കാല്മുട്ടുകളിലേക്ക് മുഖം താഴ്ത്തി ഏങ്ങലടിച്ചു കരയുന്ന രാഘവനെ ഒന്നു നോക്കി പിന്നെ ഒന്നും പറയാതെ പടവുകൾ കയറി നടന്നകന്നു ഒന്നു തിരിഞ്ഞു നോക്കുകപോലും ചെയ്യാതെ. അപ്പോഴും ഉറക്കെ കരഞ്ഞുകൊണ്ട് രാഘവനും അയാളെ ആശ്വസിപ്പിച്ചുകൊണ്ട് ഗോമതിയും കല്പടവിൽ ഇരിപ്പുണ്ടായിരുന്നു.
(തുടരും) 
***അടുത്ത ഭാഗം നാളെ - ഇവിടെ, ഇതേസമയം*** 

വായിക്കാത്ത ഭാഗങ്ങൾ ഇവിടെ തിരയുക-  https://www.nallezhuth.com/search/label/ChandanamPettaPennu
ബെന്നി ടി ജെ  
Image may contain: 1 person, beard and closeup

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot