നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇറക്കമില്ലാത്ത കയറ്റങ്ങൾ..

....Image may contain: 1 person, sunglasses and closeup
പതിവുപോലെ ജോലിക്ക് പോകാനിറങ്ങിയ ഒരു പകലിന്റെ തുടക്കത്തിൽ തുടയിലൊരു പെരുപ്പ്.
ഒന്നു ഞെളിപിരിക്കൊണ്ട് പാന്റിന്റെ പോക്കേറ്റിൽക്കിടന്ന ഫോണെടുത്തു.
മൊബൈൽ കമ്പനിക്കാരുടെ ഓഫർ പാക്കേജ് കേട്ട് കേട്ട് മടുത്തപ്പോൾ ആണ് അരികിൽ.... നീ... ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ..... എന്ന പാട്ട് മാറ്റി വൈബ്രേഷൻ മാത്രമാക്കിയത്.
അല്ലെങ്കിൽ രാത്രിയിൽ ഉറങ്ങാൻ സമ്മതിക്കില്ലെന്നേ.....
എന്തായാലും ഫോണെടുത്ത് നോക്കിയപ്പോൾ കൂട്ടുകാരൻ അയൂബിന്റെ പേരാണ് സ്ക്രീനിൽ കണ്ടത്.
അളിയാ... ഒരു ബാഡ്നൂസ് ഉണ്ട്....
അത് പറയാനാണോടാ നീ ഈ രാവിലെ വിളിച്ചത്....?
ഞങ്ങൾ തമ്മിൽ എടാ പോടാ ബന്ധമാണേ...
ഞങ്ങൾ രണ്ടല്ല മൂന്ന് പേർ.
പ്രകാശ്, അയൂബ്, ജോസ് ഡാനിയൽ
ത്രിമൂർത്തികൾ എന്നാണ് മറ്റു കൂട്ടുകാർ ഞങ്ങളേ വിളിക്കുന്നത്.
തിരുവനന്തപുരത്തു നിന്നും അബുദാബിക്ക് പറന്ന ഇത്തിഹാദിന്റെ ഒരു ഫ്ലൈറ്റിലാണ് ഞങ്ങളുടെ പരിചയം തുടങ്ങിയത്.
അതും ഒരു കൊടുക്കവാങ്ങലിലൂടെ.
കള്ള് കുടിക്കുന്നത് ഹറാമാണെന്ന് കരുതുന്ന അയൂബാണ് നടു സീറ്റിൽ ഇടവും വലവും ജോസും ഞാനും.
കള്ള് വണ്ടി തള്ളുന്ന പെങ്കൊച്ചിനേക്കണ്ടപ്പം ആദ്യം അയൂബിനോട് ചോദിച്ചത് ഞാനാ
കഴിക്കുമോന്ന്....
അയൂബ് ഇല്ലെന്ന് തലയാട്ടി
അതിങ്ങ് വാങ്ങിത്തരുമോ എന്ന ചോദ്യത്തിന് അവനൊന്നു ചിരിച്ചു.
ചരിഞ്ഞ് ചെവിയിൽ കാര്യം പറഞ്ഞ് ഞങ്ങളിരുവരും നേരേയിരുന്നപ്പോൾ
ജോസ് അയൂബിന്റെ ചെവിയിലേക്ക് ചാഞ്ഞു.
കഴിക്കുമോ.....?
ഇല്ലെന്ന് തലയാട്ടിയ അയൂബിനോട് എന്നാപ്പിന്നെ ഇങ്ങ് വാങ്ങിത്തരുമോ എന്ന ചോദ്യം അവനും ആവർത്തിച്ചു.
ധർമ്മസങ്കടത്തിലായ ആയൂബ് എനിക്ക് നേരേ വിരൽ ചൂണ്ടിപ്പറഞ്ഞു
അദ്ധേഹം ബുക്ക് ചെയ്ത് കഴിഞ്ഞു എന്ന്. ജോസ് എനിക്ക് നേരേനോക്കി ഒരു വളിച്ച ചിരി പാസാക്കി.
രണ്ട് കിട്ടും ഒന്ന് അയാൾക്കും ഒന്ന് എനിക്കും ആയിക്കൂടെ എന്നായി ജോസ്.
അതിനും അയൂബ് തലകുലുക്കി.
ആ പരിചയമാണ് കഴിഞ്ഞ പത്ത് വർഷമായി തുടരുന്നത്.
എന്താടാ ബാഡ്ന്യൂസ് ...? നിന്റെ അമ്മായിഅപ്പൻ തട്ടിപ്പോയോ....?
അതോ ഇനി സമീറ അരുടെ എങ്കിലും കൂടെ കടന്നു കളഞ്ഞോ....?
നീ... കളികളയെടാ പുല്ലേ.... അളിയാ നമ്മുടെ ജോസ് പോയെടാ.......
ജോസ് പോയന്നോ....? അവനെവിടെപ്പോകാൻ...? നാട്ടിൽപ്പോയോ പന്നി പറയാതെ... കഴിഞ്ഞ ആഴ്ച്ച എന്റെ റൂമിൽ വന്ന് എന്റെ ഒരു നെപ്പോളിയനേംകൊണ്ട് പോയോനാ......
ടാ..... അവൻ ആത്മഹത്യ ചെയ്തു....
പോടാ കോപ്പേ..... ഇന്നെന്താ ഏപ്രിൽ ഒന്നാണോ..?
അല്ലളിയാ.... സത്യമാണ് ഞാനവന്റെ റൂമിന്റെ മുന്നിലുണ്ട് ഫാനിൽ തൂങ്ങിയാടുന്ന നമ്മുടെ പ്രീയ ചങ്ങാതിയെ ഞാൻ കണ്ടളിയാ..
ഒന്നും പറയാതെ ഞാൻ ഫോൺ കട്ടു ചെയ്തു.
പറയാനെനിക്ക് ഒന്നുമില്ലായിരുന്നു.
ഉള്ളത് പറയാൻ നാവ് പൊന്തിയതുമില്ല.
കിട്ടിയ വണ്ടിയിൽ ജോസിന്റെ മുറിക്ക് മുന്നിലെത്തുമ്പോൾ അയൂബ് വന്ന് കയ്യിൽ പിടിച്ചിട്ട് ജനലിലേയ്ക്ക് വിരൽ ചൂണ്ടി.
വേണ്ടാ....എനിക്ക് കാണേണ്ടാ ആ പന്നേനേ......
അവനെന്തിനാടാ ഇത് ചെയ്തത്...? അതിന് മാത്രം എന്ത് പ്രശ്നം ആണെടാ അവന്റെ ജീവിതത്തിൽ ഉണ്ടായത്....? നാട്ടിൽ ഇഷ്ടം പോലെ വകയുണ്ട് ഭാര്യ ലിസി വർഷങ്ങളായി കാനഡയിൽ നേഴ്സ് ആണ് പിന്നെ കുട്ടികളില്ല എന്നൊരു ദു:ഖമല്ലേ അവനുണ്ടായിരുന്നുള്ളു.....? അതിന് ഇതാണോ പേംവഴി..... പന്നച്ചെറുക്കൻ.
അളിയാ അവന് ചില ഫാമിലി പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാ അറിയാൻ കഴിഞ്ഞത്. നമ്മളോട് അവൻ ഒന്നും പറയാതിരുന്നതാ.
അയൂബ് പറഞ്ഞ കാര്യത്തിൽ സത്യമുണ്ടെന്നെനിക്ക് മനസ്സിലായത് ലിസിയേ കാനഡയിലേക്ക് വിവരം പറയാൻ വിളിച്ചപ്പോൾ ആണ്.
എന്താ വേണ്ടതെന്ന് കൂട്ടുകാർ അങ്ങ് തീരുമാനിച്ചാൽ മതി എനിക്ക് ലീവൊന്നും കിട്ടുകേലാ.... ആ വക്കുകൾ അവരുടെ ബന്ധത്തിലെ വിള്ളൽ എത്രത്തോളം ഉണ്ടായിരുന്നെന്ന് മനസ്സിലാക്കാൻ എന്നേ ഉപകരിച്ചു.
അന്നെനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല ജോസായിരുന്നു തല മുഴുവൻ. എന്തുണ്ടായിട്ടെന്താ അവസാനം ഉടുമുണ്ടിൽ ജീവിതം അവസാനിപ്പിക്കേണ്ടി വന്നില്ലേ പ്രീയ ചങ്ങാതി നിനക്ക്...?
അങ്ങനെ ഒരു പ്രവാസി കൂടി നീറിയൊടുങ്ങി.
ഞാനും ഒരു പ്രവാസിയല്ലേ.. എന്ന ചിന്ത എന്നിൽ ഭയം ജനിപ്പിച്ചു.
എനിക്കെന്ത്.... വലിയ പ്രശ്നങ്ങൾ ഒന്നുമില്ലാത്ത ജീവിതമല്ലേ എന്റെത്..
ഭാര്യ, രണ്ട് മക്കൾ, അമ്മ, അച്ഛൻ എല്ലാവരും സ്നേഹസമ്പന്നർ പിന്നെ എനിക്കെന്താ പ്രശ്നം.
എങ്കിലും വിളിക്കുമ്പോൾ പോയല്ലേ പറ്റു..? അത് വിളിക്കുമ്പോൾ അല്ലേ അപ്പോ നോക്കാം. എങ്കിലും ആ ഒരു പേടി എന്നേ വിട്ടകന്നില്ല..
തിരിഞ്ഞും മറിഞ്ഞും കിടന്നു. അന്ന് രാത്രി ഞാനൊരു തീരുമാനമെടുത്തു.
ഞാൻ പ്രവാസം മതിയാക്കുകയാണ്. മതി 26 വർഷമായി പല രാജ്യങ്ങളിലായി.
എന്തുണ്ട് കയ്യിൽ....? ഒന്നുമില്ല ഇനി തുടർന്നാലും ഒന്നും ഉണ്ടാവാനും പോന്നില്ല.
എന്നാലിനി ഉറ്റവരേയും ഉടയവരേയും കണ്ട്കേട്ട് ഉള്ളതും കാച്ചിക്കുറുക്കിക്കഴിച്ച് നാട്ടിലെങ്ങാനം അങ്ങ് കൂടാം.
നേരം വെളുത്തപ്പോൾ ആദ്യം വിവരം അയൂബിനേ അറിയിച്ചു.
ഉചിതമായ തീരുമാനമാണ് അളിയാ അത്. ഞാനും അതേക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു.
മുറിയിൽ ഇരുന്ന് കമ്പനിക്ക് കൊടുക്കാൻ ഒരു റിസൈൻ ലെറ്റർ തയ്യാറാക്കി ഡേറ്റും ഒപ്പും ഇടാതെ മാറ്റിവച്ചു.
വൈകിട്ട് അവളോടുകൂടി ഒന്നാലോചിച്ചിട്ട് ഇത് കൊടുക്കാം എന്ന് കരുതി.
അവൾക്ക് സന്തോഷമാവും എപ്പോഴും അവളാണല്ലോ പറയാറ് നിങ്ങളിങ്ങ് പോര് മനുഷ്യാ നമുക്ക് ഉള്ളതുകൊണ്ട് കഴിഞ്ഞുകൂടാം എന്ന്.
അപ്പോൾ താനായിരുന്നു ചോദിക്കുന്നത് എന്തുണ്ട് കഴിഞ്ഞുകൂടാനായി എന്ന്..?
അപ്പോൾ അവൾ പറയും സ്നേഹമുണ്ടല്ലോ നമ്മുടെ കയ്യിൽ എന്ന്.
സ്നേഹം ഉണ്ടാൽ വയറ് നിറയില്ലല്ലോ..? ഉവ്വോ....?
സ്നേഹം കൊണ്ട് കുട്ടികളെ പഠിപ്പിക്കാനും വിവാഹം കഴിപ്പിക്കാനും പറ്റില്ലല്ലോ...? സ്നേഹം കൊണ്ട് പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാനാകില്ലല്ലോ..?
സ്നേഹം കൊണ്ട് ചിലപ്പോൾ നിന്നേ മാത്രം സന്തോഷിപ്പിക്കാനായേക്കാം.
അതും കുറച്ചു കഴിയുമ്പോൾ നീയും പറയും മുണ്ടു മുറുക്കി ഉടുത്തുള്ള സ്നേഹം മടുത്തു എന്ന്..
അപ്പോൾ അവൾ പറയും ഇല്ല എനിക്കൊരിക്കലും നിങ്ങടെ സ്നേഹം മടുക്കില്ല എന്ന്.
എന്തായാലും വൈകിട്ട് വിളിക്കുമ്പോൾ ഞാൻ കാര്യം പറയാൻ തീരുമാനിച്ചു. സംസാരിച്ച് തുടങ്ങിയപ്പോൾ വീട്ടുകാര്യവും, നാട്ടുകാര്യവും, കുട്ടികളുടെ കളിയും ചിരിയും ഒക്കെ തമാശകലർത്തി അവൾ പറഞ്ഞു കൊണ്ടിരുന്നു.
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ഞാനത് പറഞ്ഞു.
ഡീ..... ഞാൻ പ്രവാസം മതിയാക്കാൻ തീരുമാനിച്ചു.
ഒരു നിമിഷത്തേക്ക് മറുഭാഗത്ത് അനക്കമൊന്നും കേൾക്കാതായപ്പോൾ ഞാൻ കരുതി ഫോൺ കട്ടായിപ്പോയി എന്ന്. ഞാൻ ഫോണിന്റെ സക്രീനിൽ നോക്കി ഇല്ല കട്ടായിട്ടില്ല അവൾ ലൈനിൽത്തന്നെയുണ്ട്. പിന്നെക്കേട്ടത്
നെടുവീർപ്പിന്റെ പതിഞ്ഞ ഒരു സ്വരമായിരുന്നു.എന്ത് പറ്റിയേട്ടാ....? എന്നൊരു ചോദ്യവും.
ഒന്നും പറ്റിയില്ലെടി.....മടുത്തു മാനസികമായും ശാരീരികമായും .
ആലോചിച്ചപ്പോൾ പേടിയാകുന്നു ജനിച്ചിട്ട് 47 വർഷം ആകുന്നു ഈ 47 വർഷം ഞാൻ എനിക്കായി സമ്പാദിച്ചത് 200- 300 പ്രഷറും, 375 കൊളസ്ട്രോളും, 400 ഷുഗറും, ഒരു പൈൽസും, 5 കിഡ്ണിസ്റ്റോണും, ഒരു ഫാറ്റീലിവറും, 3 ബ്ലോക്കും, രണ്ട് ടെന്നീസ് എൽമ്പോയുമാണ്.
ഇനിയും ഞാനിവിടെനിന്നാൽ ഇതിന്റെ എണ്ണം കൂടുകയല്ലാതെ മറ്റൊരു കാര്യവുമില്ല. ഇപ്പോൾ ആകെ കഴിക്കാൻ പറ്റുന്നത് ഉപ്പില്ലാത്ത ഗോതമ്പ് കഞ്ഞിയും മധുരമില്ലാത്ത കട്ടൻ ചായയും മാത്രം. നാളെ ചിലപ്പോൾ അതുകൂടി കഴിക്കാനാകാതെ വരും. വയ്യടീ.....
അത് ഞാൻ തീരുമാനിച്ചു.
നീ വീട്ടിൽ എല്ലാവരുമായി ഒന്നാലോചിച്ച് നാളെ ഒരു അഭിപ്രായം പറയുക നാളെ ഞാൻ വിളിക്കാം. വീണ്ടും ഒരു നെടുവീർപ്പിന്റെ ശബ്ദം അതിത്തിരി ഉയർന്ന ശബ്ദമായി എനിക്ക് തോന്നി. പിറ്റേന്ന് ഞാൻ വിളിച്ചു വീട്ടുകാര്യമില്ല നാട്ടുകാര്യമില്ല ചിരിയില്ല തമാശയില്ലാ തുടക്കം തന്നെ നെടുവീർപ്പുകൾ...
എന്തായി.... കാര്യങ്ങൾ ഞാൻ റിസൈൻ ലറ്റർ കൊടുത്തില്ല നിങ്ങളുടെ ഒക്കെ തീരുമാനം കൂടി അറിഞ്ഞിട്ട് മതി എന്ന് കരുതി.
എട്ടാ..... ഞാൻ എന്ത് പറയാനാണ് ഏട്ടൻ പറയുന്നതല്ലേ ഞാൻ അനുസരിച്ചിട്ടുള്ളു ഇതുവരെ ഇനിയങ്ങോട്ടും അങ്ങനെതന്നെ.
ഇപ്പോഴും ഞാൻ പറയുന്നു ഏട്ടൻ വരുന്നതിൽ എനിക്ക് സന്തോഷമേയുള്ളു പക്ഷേ......
ഏട്ടൻ നല്ലതുപോലെ ആലോചിച്ചാണോ ഇങ്ങനെ ഒരു തീരുമാനമെടുത്തത്...?
എന്തൊക്കെ പ്രശ്നങ്ങൾക്ക് നടുവിലാണ് ഏട്ടനെന്ന് ആലോചിച്ചിട്ടുണ്ടോ....?
മൂത്ത മകളുടെ വിവാഹആവശ്യത്തിന്
എടുത്ത ലോൺ അടച്ച്തീർക്കേണ്ടേ..?
MBA - യ്ക്ക് ചേർത്ത ഇളയ മകളുടെ പഠിപ്പ് പൂർത്തിയാക്കേണ്ടേ...?
വർഷത്തിൽ നാല് L I C അടയ്ക്കേണ്ടേ..?
അച്ഛന്റെ തിമിരം ബാധിച്ച കണ്ണ് ഓപ്പറേഷൻ ചെയ്യേണ്ടേ...?
അമ്മയ്ക്ക് മാസം 3500 രൂപയുടെ മരുന്നുകൾ വേണം. മൂത്ത മകളുടെ പ്രസവം ഉടനേ വരുന്നു. ഇളയവൾക്ക് ഒരു തരി പൊന്നില്ല. ചീര വളരുംപോലെയാ പെൺകുട്ടികൾ വളരുന്നത് ഇപ്പോഴേ ഓരോരുത്തര് ചോദിക്കാൻ തുടങ്ങി കെട്ടിക്കുമോന്ന്..?
പിന്നെ വീട്ടിലെ ചിലവും നാട്ടിലെ ചിലവും വേറേ.
ഫോൺ ബില്ല്, കറണ്ട് ബില്ല്, ഗ്യാസ് ബില്ല്, KSFE-ലെ ചിട്ടി, കുടുംബശ്രീയിലെ ലോണ്, പണയത്തിലിരിക്കുന്ന എന്റെ വലിയമാല, പത്രം, പാല്, കേമ്പിള് എന്ന് വേണ്ടാ ഉപ്പുതൊട്ട് കർപ്പൂരം വരെ വാങ്ങിയെങ്കിലല്ലേ ഉള്ളു ഏട്ടാ...?
പിന്നെ നാട്ടുകാര്യങ്ങൾക്ക് വേറേ...
അമ്പലപ്പിരുവ്, പള്ളിപ്പെരുനാള്, കല്യാണം, പാല്കാച്ച്, 28 കെട്ട് എന്ന് വേണ്ട എന്തിനാണ് ഏട്ടാ കാശ് വേണ്ടാത്തത്..? വീട്ടിൽ പറഞ്ഞപ്പോൾ മൂത്ത മകൾ പറയുന്നു എനിക്ക് ഒരു ജോലി കിട്ടുന്നവരെയെങ്കിലും അച്ഛനോട് അവിടെ നിൽക്കാൻ പറയമ്മേ എന്ന്.
ഇളയവൾ പറഞ്ഞു എന്റെ പഠിപ്പ് കഴിയുംവരെ അച്ഛനവിടെ നിൽക്കട്ടെ എന്ന്. നിങ്ങടച്ഛൻ പറയുന്നു അവനിങ്ങ് വന്നാൽ അഞ്ചാറ് വയറ് എങ്ങനെ കഴിയുമെന്ന്.
നിങ്ങടമ്മ മാത്രം പറഞ്ഞു....
20 വയസ്സു മുതൽ എന്റെ കുഞ്ഞ് ആ പൊടിമണലിൽ പൂണ്ട് കിടക്കാൻ തുടങ്ങിയതാ ജീവിതം എന്തെന്ന് അവനറിഞ്ഞിട്ടില്ല.
അവനുണ്ടാക്കിയ വീട്ടിൽ അവനെന്നും ഒരു വിരുന്നുകാരനായിരുന്നു അവന്റെ മക്കൾക്ക് അവനൊരു കളിപ്പാട്ടം നൽകുന്ന മാമനായിരുന്നു. എന്തിന്... നിന്നേപ്പോലും അവൻ കൊതി തിരെ ഒന്നു കണ്ടിട്ടുണ്ടോ...?ഈ അടുക്കളയിൽ എത്ര ദിവസം അവനിഷ്ടമുള്ള ആഹാരം ഒരുക്കിയിട്ടുണ്ട്...?
ഇതൊന്നും നിങ്ങളാരും ഓർത്തില്ലേലും പല രാത്രികളിലും ഞാനിതൊക്കെ ആലോചിച്ച് കണ്ണ് നനയിച്ചിട്ടുണ്ട് .മതി ഇനി അവനിങ്ങ് പോരട്ടെ ഒന്നുമില്ലെങ്കിൽ ഈ വയസ്സുകാലത്ത് എന്റെ കുഞ്ഞിനേ കണ്ടോണ്ട് എനിക്ക് കണ്ണടയ്ക്കാമല്ലോ എന്ന്.
അവർക്ക് അങ്ങനൊക്കെപ്പറയാം ഏറിയാൽ ഇനി എത്ര കാലം കൂടി..?
ബാക്കിയെല്ലാം ഏട്ടന്റെ ഇഷ്ടം ഞാനിതൊക്കെയൊന്ന് ഓർമ്മിപ്പിച്ചു എന്നേ ഉള്ളു കേട്ടോ ഏട്ടൻ വരുന്നതിൽ എനിക്ക് സന്തോഷമാ......
ഞാൻ ഫോൺ കട്ട് ചെയ്തു.....
അതേ ഭാര്യേ..... ഞാൻ വരുന്നതിൽ നീ എത്ര സന്തോഷവതിയാണെന്ന് നിന്റെ വാക്കുകളിൽ നിന്നും എനിക്ക് മനസ്സിലായി നിന്റെ കണക്കുകളിൽ നിന്നും നിന്റെ ഓർമ്മപ്പെടുത്തലുകളിൽ നിന്നും എനിക്ക് മനസ്സിലായി.
മേശപ്പുറത്തിരിക്കുന്ന റിസൈൻ ലെറ്ററിൽ ഞാൻ ഒപ്പിടേണ്ട ഭാഗത്ത് "ഇല്ല സമയമായില്ല" എന്നൊരൊപ്പ് ഞാൻ അവ്യക്തമായി കണ്ടു
തീയ്യതി എഴുതേണ്ട ഭാഗത്ത് ഒരു ചോദ്യശ്ചിന്നവും......?????
തിരികെ.... ഇനി .....എന്ന്.......???
നൂറനാട് ജയപ്രകാശ്......

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot